വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വഴിയൊരുക്കുന്നവൻ ജനിക്കുന്നു

വഴിയൊരുക്കുന്നവൻ ജനിക്കുന്നു

അധ്യായം 3

വഴിയൊരുക്കുന്നവൻ ജനിക്കുന്നു

എലീശബെത്ത്‌ അവളുടെ ശിശുവിനെ പ്രസവിക്കാനുളള സമയമായിരിക്കുന്നു. കഴിഞ്ഞ മൂന്നു മാസമായി മറിയ അവളോടുകൂടെ പാർക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ മറിയ യാത്ര പറഞ്ഞ്‌ നസറെത്തിലെ തന്റെ ഭവനത്തിലേക്കുളള ദീർഘദൂരം മടങ്ങി പോകാനുളള സമയമായിരിക്കുന്നു. ഏതാണ്ട്‌ ആറു മാസത്തിനുളളിൽ അവൾക്കും ഒരു ശിശു ജനിക്കും.

മറിയ പോയശേഷം താമസിയാതെ തന്നെ എലീശബെത്ത്‌ ശിശുവിനെ പ്രസവിക്കുന്നു. സുഖപ്രസവം നടക്കുകയും എലീശബെത്തും ശിശുവും ആരോഗ്യത്തോടിരിക്കുകയും ചെയ്യുമ്പോൾ എന്തൊരു സന്തോഷമാണ്‌ അവിടെ! എലീശബെത്ത്‌ തന്റെ ശിശുവിനെ അയൽക്കാർക്കും ബന്ധുക്കൾക്കും കാണിച്ചുകൊടുക്കുമ്പോൾ അവരെല്ലാം അവളോടുകൂടെ സന്തോഷിക്കുന്നു.

ദൈവത്തിന്റെ ന്യായപ്രമാണമനുസരിച്ച്‌ ഇസ്രായേലിൽ ഒരു ആൺകുഞ്ഞു ജനിച്ചാൽ എട്ടാം ദിവസം അവനെ പരിച്‌ഛേദന കഴിപ്പിക്കണം. ആ സന്ദർഭത്തിൽ അയൽക്കാരും ബന്ധുക്കളും അവരെ സന്ദർശിക്കുന്നു. കുട്ടിക്ക്‌ അവന്റെ പിതാവായ സെഖര്യാവിന്റെ പേർ ഇടണമെന്ന്‌ അവർ പറയുന്നു. എന്നാൽ എലീശബെത്ത്‌ അതിനോട്‌ യോജിക്കുന്നില്ല. “അല്ല, അങ്ങനെയല്ല! അവൻ യോഹന്നാൻ എന്ന്‌ വിളിക്കപ്പെടണം,” എന്ന്‌ അവൾ പറയുന്നു. കുട്ടിക്ക്‌ ആ പേരു നൽകപ്പെടണം എന്നാണ്‌ ഗബ്രീയേൽ ദൂതൻ പറഞ്ഞത്‌ എന്ന്‌ ഓർമ്മിക്കുക.

എന്നിരുന്നാലും അവരുടെ സുഹൃത്തുക്കൾ എതിർ പറയുന്നു: “ഈ പേരുളള ആരും നിങ്ങളുടെ ബന്ധുക്കൾക്കിടയിൽ ഇല്ലല്ലോ.” പിന്നീട്‌ കുട്ടിക്ക്‌ എന്തു പേർ നൽകാനാണ്‌ ആഗ്രഹിക്കുന്നത്‌ എന്ന്‌ അവർ അവന്റെ പിതാവിനോട്‌ ആംഗ്യം കാട്ടി ചോദിക്കുന്നു. ഒരു എഴുത്തു പലക വാങ്ങി സകലരെയും അതിശയിപ്പിക്കുമാറ്‌ സെഖര്യാവ്‌ എഴുതുന്നു: “അവന്റെ പേർ യോഹന്നാൻ എന്നായിരിക്കണം.”

അതോടെ സെഖര്യാവിന്‌ തന്റെ സംസാരപ്രാപ്‌തി അത്ഭുതകരമായി തിരികെ ലഭിക്കുന്നു. എലീശബെത്തിന്‌ ഒരു കുട്ടി ജനിക്കുമെന്നുളള ദൂതന്റെ പ്രഖ്യാപനം വിശ്വസിക്കാഞ്ഞപ്പോഴാണ്‌ അയാൾക്ക്‌ സംസാരപ്രാപ്‌തി നഷ്ടപ്പെട്ടത്‌ എന്ന്‌ നിങ്ങൾ ഓർക്കുന്നുണ്ടല്ലോ. കൊളളാം, സെഖര്യാവ്‌ സംസാരിക്കുമ്പോൾ അയൽവാസികൾ എല്ലാവരും ആശ്ചര്യപ്പെടുകയും, “ഈ കുട്ടി എന്തായിത്തീരും?” എന്ന്‌ തമ്മിൽ പറയുകയും ചെയ്യുന്നു.

അപ്പോൾ പരിശുദ്ധാത്മാവ്‌ നിറഞ്ഞവനായി സെഖര്യാവ്‌ ഇപ്രകാരം ഉത്‌ഘോഷിക്കുന്നു: “ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്‌ത്തപ്പെടുമാറാകട്ടെ, എന്തുകൊണ്ടെന്നാൽ അവിടുന്ന്‌ തന്റെ ജനത്തിന്റെ നേരെ ശ്രദ്ധ തിരിച്ച്‌ അവർക്ക്‌ രക്ഷ കൈവരുത്തിയിരിക്കുന്നു. അവിടുന്ന്‌ തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കായി രക്ഷയുടെ ഒരു കൊമ്പ്‌ ഉയർത്തിയിരിക്കുന്നു.” ഈ “രക്ഷയുടെ കൊമ്പ്‌” ജനിക്കാനിരുന്ന കർത്താവായ യേശുവാണ്‌. സെഖര്യാവ്‌ പറയുന്നു, അവനിലൂടെ ദൈവം “നാം നമ്മുടെ ശത്രുക്കളുടെ കൈകളിൽ നിന്ന്‌ വിടുവിക്കപ്പെട്ടശേഷം അവന്റെ മുമ്പാകെ നമ്മുടെ ആയുഷ്‌ക്കാലമൊക്കെയും വിശ്വസ്‌തതയോടും നീതിയോടും കൂടെ നിർഭയം വിശുദ്ധ സേവനം അർപ്പിക്കുന്നതിനുളള പദവി നമുക്ക്‌ നൽകും.”

പിന്നീട്‌ തന്റെ പുത്രനായ യോഹന്നാനെക്കുറിച്ച്‌ സെഖര്യാവ്‌ ഇപ്രകാരം മുൻകൂട്ടിപ്പറയുന്നു: “നീയോ പൈതലേ, നീ അത്യുന്നതന്റെ പ്രവാചകനെന്ന്‌ വിളിക്കപ്പെടും. എന്തുകൊണ്ടെന്നാൽ യഹോവയുടെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ തന്റെ ജനത്തിന്‌ പാപമോചനത്തിലൂടെയുളള രക്ഷയുടെ പരിജ്ഞാനം നൽകുവാനുമായി നീ അവിടുത്തെ മുമ്പാകെ നടക്കും. ഇരുളിലും മരണനിഴലിലുമിരിക്കുന്നവർക്ക്‌ പ്രകാശിച്ച്‌ നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ ഐശ്വര്യത്തോടെ നടത്തേണ്ടതിന്‌ ആ ആർദ്ര കരുണയാൽ ഉയരത്തിൽ നിന്ന്‌ ഒരു ഉദയം നമ്മെ സന്ദർശിക്കും.”

ഇതിനോടകം പ്രത്യക്ഷത്തിൽ ഇപ്പോഴും ഒരു അവിവാഹിത സ്‌ത്രീയായ മറിയ നസറെത്തിലെ അവളുടെ ഭവനത്തിൽ എത്തിയിരിക്കുന്നു. അവൾ ഗർഭിണിയാണെന്ന്‌ വ്യക്തമാകുമ്പോൾ അവൾക്ക്‌ എന്തു സംഭവിക്കും? ലൂക്കോസ്‌ 1:56-80; ലേവ്യാപുസ്‌തകം 12:2, 3.

▪ യോഹന്നാന്‌ യേശുവിനെക്കാൾ എന്തു പ്രായക്കൂടുതലുണ്ട്‌?

▪ യോഹന്നാന്‌ എട്ടു ദിവസം പ്രായമുളളപ്പോൾ എന്തെല്ലാം സംഭവിക്കുന്നു?

▪ ദൈവം എങ്ങനെയാണ്‌ തന്റെ ജനത്തിന്റെ പക്കലേക്ക്‌ ശ്രദ്ധ തിരിച്ചിരിക്കുന്നത്‌?

▪ യോഹന്നാൻ എന്തു വേല ചെയ്യുമെന്നാണ്‌ മുൻകൂട്ടിപറയപ്പെട്ടിരിക്കുന്നത്‌?