വാഗ്‌ദത്ത ശിശു
അധ്യായം 6
വാഗ്‌ദത്ത ശിശു
നസറെത്തിലേക്ക് മടങ്ങുന്നതിനു പകരം ജോസഫും മറിയയും ബെത്‌ലഹേമിൽ തന്നെ പാർക്കുന്നു. യേശുവിന് എട്ടു ദിവസം പ്രായമായപ്പോൾ ദൈവം മോശക്കു നൽകിയ നിയമം അനുശാസിക്കുന്നതനുസരിച്ച് അവർ അവനെ പരിച്‌ഛേദന കഴിപ്പിക്കുന്നു. എട്ടു ദിവസം പ്രായമായ ശിശുവിന് പേർ ഇടുന്നതും പ്രത്യക്ഷത്തിൽ അന്നത്തെ രീതിയാണ്. അതുകൊണ്ട് നേരത്തെ ഗബ്രിയേൽ ദൂതൻ നിർദ്ദേശിച്ചതനുസരിച്ച് അവർ അവരുടെ ശിശുവിന് യേശു എന്ന് പേരിടുന്നു.
ഇപ്പോൾ ഒരു മാസത്തിലേറെയായിരിക്കുന്നു, യേശുവിന് 40 ദിവസം പ്രായമായിരിക്കുന്നു. അവന്റെ മാതാപിതാക്കൾ ഇപ്പോൾ അവനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? അവർ പാർക്കുന്നിടത്തു നിന്ന് ഏതാനും കിലോമീററർ അകലെയുളള യെരൂശലേമിലെ ആലയത്തിലേക്ക്. ദൈവം മോശക്ക് നൽകിയ നിയമമനുസരിച്ച് ഒരു മകനെ പ്രസവിച്ചു നാൽപ്പതു ദിവസം കഴിയുമ്പോൾ അവന്റെ അമ്മ ആലയത്തിൽ ചെന്ന് ശുദ്ധീകരണ യാഗം അർപ്പിക്കേണ്ടതുണ്ട്.
അതാണ് മറിയ ചെയ്യുന്നത്. തന്റെ യാഗമായി അവൾ രണ്ട് ചെറു പക്ഷികളെ കൊണ്ടു വരുന്നു. ഇത് അവരുടെ സാമ്പത്തിക നില സംബന്ധിച്ച് ചിലത് വെളിപ്പെടുത്തുന്നു. പക്ഷികളെക്കാൾ വളരെ വിലയുളള ഒരു ആട്ടിൻകുട്ടിയെ അർപ്പിക്കണമെന്ന് മോശയുടെ നിയമം സൂചിപ്പിക്കുന്നു. എന്നാൽ അമ്മക്ക് അതിനുളള കഴിവില്ലെങ്കിൽ രണ്ടു കുറുപ്രാവിനെയൊ പ്രാവിൻ കുഞ്ഞിനെയോ അർപ്പിച്ചാലും മതിയാകുമായിരുന്നു.
ആലയത്തിൽ വച്ച് ഒരു വൃദ്ധൻ യേശുവിനെ കൈയ്യിലെടുക്കുന്നു. അയാളുടെ പേര് ശിമ്യോൻ എന്നാണ്. യഹോവയുടെ വാഗ്‌ദത്ത മശിഹായെ അല്ലെങ്കിൽ അഭിഷിക്തനെ കാണുന്നതുവരെ അയാൾ മരിക്കുകയില്ലെന്ന് ദൈവം അയാൾക്ക് വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു. അന്നേ ദിവസം ആലയത്തിലേക്കു വരുമ്പോൾ പരിശുദ്ധാത്മാവ് അയാളെ ജോസഫും മറിയയും കൊണ്ടുവന്ന ശിശുവിന്റെ അടുക്കലേക്ക് നയിക്കുന്നു.
ശിമ്യോൻ യേശുവിനെ കൈയ്യിലെടുത്ത് ഇപ്രകാരം പറഞ്ഞുകൊണ്ട് ദൈവത്തിന് നന്ദി കൊടുക്കുന്നു: “പരമാധീശകർത്താവെ, ഇപ്പോൾ അങ്ങ് അങ്ങയുടെ വചനപ്രകാരം തന്നെ അടിയനെ സമാധാനത്തിൽ വിട്ടയക്കുന്നു; എന്തുകൊണ്ടെന്നാൽ ജനതകളിൽ നിന്ന് മൂടുപടം നീക്കുവാനുളള പ്രകാശവും അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മഹത്വവുമായി സകല ജനതകളുടെയും മുമ്പാകെ അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷാ മാർഗ്ഗം എന്റെ കണ്ണുകൾ കണ്ടിരിക്കുന്നു.”
ഇതു കേൾക്കുകയിൽ ജോസഫിനും മറിയക്കും വലിയ ആശ്ചര്യം തോന്നുന്നു. പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് മറിയയുടെ പുത്രൻ “ഇസ്രായേലിൽ പലരുടെയും വീഴ്‌ചക്കും വീണ്ടുമുളള എഴുന്നേൽപ്പിനുമായി വയ്‌ക്കപ്പെട്ടിരിക്കുന്നു” എന്നും ദുഃഖം ഒരു മൂർച്ചയുളള വാൾപോലെ അവളുടെ ദേഹിയെ കുത്തിത്തുളയ്‌ക്കുമെന്നും അവളോട് പറയുന്നു.
ഈ സന്ദർഭത്തിൽ ഹന്നാ എന്ന് പേരായി 84 വയസ്സുളള ഒരു പ്രവാചകിയും അവിടെയുണ്ട്. വാസ്‌തവത്തിൽ അവൾ എല്ലായ്‌പ്പോഴും ആലയത്തിൽ തന്നെയാണ്. ആ നാഴികയിൽ അവളുടെ അടുത്തു വന്ന് ദൈവത്തിന് നന്ദി കൊടുക്കാനും ശ്രദ്ധിക്കുന്ന ഏവരോടും യേശുവിനെപ്പററി സംസാരിക്കാനും തുടങ്ങുന്നു.
ആലയത്തിലെ ഈ സംഭവങ്ങളിൽ ജോസഫും മറിയയും എത്രയധികം സന്തോഷിക്കുന്നു! ഈ ശിശു തീർച്ചയായും ദൈവത്താൽ വാഗ്‌ദാനം ചെയ്യപ്പെട്ടവൻ ആണെന്ന് ഇതെല്ലാം അവർക്ക് ഉറപ്പു നൽകുന്നു. ലൂക്കോസ് 2:21-38; ലേവ്യാപുസ്‌തകം 12:1-8.
▪ ഇസ്രായേല്യരുടെ പതിവനുസരിച്ച് ഒരു ആൺകുട്ടിക്ക് പേരിടുന്നത് എപ്പോഴായിരുന്നു?
▪ ഒരു ഇസ്രായേല്യ മാതാവിന്റെ കുട്ടിക്ക് 40 ദിവസം പ്രായമാകുമ്പോൾ അവൾ എന്തു ചെയ്യേണ്ടിയിരുന്നു, ഈ നിബന്ധനയുടെ നിറവേററൽ മറിയയുടെ സാമ്പത്തികാവസ്ഥയെ സംബന്ധിച്ച് എന്തു വെളിപ്പെടുത്തുന്നു?
▪ ആരെല്ലാം യേശുവിനെ തിരിച്ചറിയുന്നു, അവർ അത് എങ്ങനെ പ്രകടമാക്കുന്നു?