വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിധിനിർണ്ണായകമായ ഒരു ദിവസത്തിന്റെ തുടക്കം

വിധിനിർണ്ണായകമായ ഒരു ദിവസത്തിന്റെ തുടക്കം

അധ്യായം 105

വിധിനിർണ്ണായകമായ ഒരു ദിവസത്തിന്റെ തുടക്കം

തിങ്കളാഴ്‌ച വൈകിട്ട്‌ യെരൂശലേം വിട്ടുപോകുമ്പോൾ യേശു ഒലിവു മലയുടെ കിഴക്കേ ചെരിവിലുളള ബെഥനിയിലേക്ക്‌ മടങ്ങുന്നു. യെരൂശലേമിലെ തന്റെ അന്തിമ ശുശ്രൂഷയുടെ രണ്ടു ദിവസങ്ങൾ പൂർത്തിയായിരിക്കുന്നു. യേശു ആ രാത്രിയും തന്റെ സ്‌നേഹിതനായ ലാസറിനോടൊപ്പം ചെലവഴിക്കുന്നു എന്നതിന്‌ സംശയമില്ല. വെളളിയാഴ്‌ച യെരീഹോവിൽ നിന്നു വന്നശേഷം അവൻ ബെഥനിയിൽ ചെലവഴിച്ച നാലാമത്തെ രാത്രിയാണിത്‌.

ഇപ്പോൾ നീസാൻ 11-ാം തീയതി ചൊവ്വാഴ്‌ച അതിരാവിലെ തന്നെ യേശുവും ശിഷ്യൻമാരും വീണ്ടും യാത്ര ചെയ്യുകയാണ്‌. ഇത്‌ യേശുവിന്റെ ശുശ്രൂഷയിലെ വിധിനിർണ്ണായകമായ ഒരു ദിവസമാണെന്ന്‌ തെളിയുന്നു, ഇന്നോളമുളളതിൽ ഏററം തിരക്കുപിടിച്ച ദിവസം. അത്‌ അവൻ ആലയത്തിൽ പ്രത്യക്ഷപ്പെടുന്ന അവസാനത്തെ ദിവസമാണ്‌. അത്‌ തന്റെ ന്യായവിസ്‌താരത്തിന്റെയും വധത്തിന്റെയും മുമ്പത്തെ പരസ്യ ശുശ്രൂഷയുടെ അവസാന ദിവസവുമാണ്‌.

യേശുവും ശിഷ്യൻമാരും ഒലിവുമല കടന്ന്‌ യെരൂശലേമിലേക്ക്‌ നേരത്തെപോയ വഴിയെ തന്നെയാണ്‌ പോകുന്നത്‌. ബെഥനിയിൽ നിന്നുളള വഴിയിൽ തലേദിവസം രാവിലെ യേശു ശപിച്ച വൃക്ഷം പത്രോസ്‌ ശ്രദ്ധിക്കുന്നു. “ഗുരോ, നോക്കൂ!” അവൻ വിളിച്ചു പറയുന്നു, “നീ ശപിച്ച അത്തിവൃക്ഷം ഉണങ്ങിപ്പോയിരിക്കുന്നു.”

എന്നാൽ യേശു ആ വൃക്ഷം നശിപ്പിച്ചത്‌ എന്തിനാണ്‌? തുടർന്ന്‌ സംസാരിക്കുകയിൽ അത്‌ എന്തിനാണെന്ന്‌ അവൻ സൂചിപ്പിക്കുന്നു: “നിങ്ങൾക്ക്‌ വിശ്വാസമുണ്ടായിരിക്കുകയും നിങ്ങൾ സംശയിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ ഞാൻ അത്തിവൃക്ഷത്തോട്‌ ചെയ്‌തതു മാത്രമല്ല, മറിച്ച്‌, ഈ മലയോട്‌ [അവർ അപ്പോൾ നിൽക്കുന്ന ഒലിവുമല] ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്ന്‌ സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു. വിശ്വാസത്തോടെ നിങ്ങൾ പ്രാർത്ഥനയിൽ ആവശ്യപ്പെടുന്ന ഏതു കാര്യവും നിങ്ങൾക്ക്‌ ലഭിക്കും.”

അതുകൊണ്ട്‌ വൃക്ഷം ഉണങ്ങിപ്പോകാൻ ഇടയാക്കിക്കൊണ്ട്‌ ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച്‌ യേശു തന്റെ ശിഷ്യൻമാരെ ദൃഷ്ടാന്തം സഹിതമുളള ഒരു പാഠം പഠിപ്പിക്കുകയാണ്‌. അവൻ പ്രസ്‌താവിക്കുന്നപ്രകാരം: “നിങ്ങൾ പ്രാർത്ഥനയിൽ ആവശ്യപ്പെടുന്ന എന്തും നിങ്ങൾക്ക്‌ ലഭിച്ചിരിക്കുന്നതായി തന്നെ വിശ്വസിക്കുക അപ്പോൾ നിങ്ങൾക്ക്‌ അവ ലഭിക്കും.” അവർ പഠിക്കേണ്ട എത്ര സുപ്രധാനമായ ഒരു പാഠം, വിശേഷിച്ചും അവർ പെട്ടെന്നു തന്നെ അഭിമുഖീകരിക്കാൻ പോകുന്ന പരിശോധനകളുടെ വീക്ഷണത്തിൽ! എന്നാൽ അത്തിവൃക്ഷം ഉണങ്ങിപ്പോയതും വിശ്വാസത്തിന്റെ ഗുണമേൻമയും തമ്മിൽ മറെറാരു ബന്ധവും കൂടെയുണ്ട്‌.

ഇസ്രായേൽ ജനതക്ക്‌ ഈ അത്തിവൃക്ഷത്തെപ്പോലെ തെററിദ്ധരിപ്പിക്കുന്ന ഒരു പ്രത്യക്ഷതയാണ്‌ ഉളളത്‌. ആ ജനത ദൈവവുമായി ഒരു നിയമബന്ധത്തിലാണെങ്കിലും അവന്റെ നിയമങ്ങൾ അനുസരിക്കുന്നതായി പുറമെ കാണപ്പെട്ടേക്കാമെങ്കിലും അത്‌ വിശ്വാസമില്ലാത്തതാണെന്ന്‌, നല്ല ഫലം കായ്‌ക്കാത്തതാണെന്ന്‌ തെളിയിച്ചിരിക്കുന്നു. വിശ്വാസ രാഹിത്യം നിമിത്തം അത്‌ ദൈവത്തിന്റെ സ്വന്തം പുത്രനെ തളളിക്കളഞ്ഞുകൊണ്ടിരിക്കുകയുമാണ്‌! അതുകൊണ്ട്‌ ഫലം കായ്‌ക്കാത്ത അത്തിവൃക്ഷം ഉണങ്ങിപ്പോകാൻ ഇടയാക്കിക്കൊണ്ട്‌ ഈ ഫലം കായ്‌ക്കാത്ത, വിശ്വാസമില്ലാത്ത ജനതയുടെ അന്ത്യം എന്തായിരിക്കുമെന്ന്‌ യേശു വരച്ചു കാട്ടുകയാണ്‌.

യേശുവും ശിഷ്യൻമാരും യെരൂശലേമിൽ പ്രവേശിച്ചിട്ട്‌ ഒട്ടും താമസിയാതെ തന്നെ അവരുടെ പതിവ്‌ അനുസരിച്ച്‌ അവർ ആലയത്തിലേക്ക്‌ പോകുകയും യേശു അവിടെ ഉപദേശിച്ചു തുടങ്ങുകയും ചെയ്യുന്നു. പ്രധാന പുരോഹിതൻമാരും ജനത്തിലെ മൂപ്പൻമാരും തലേദിവസം യേശു നാണയമാററക്കാർക്കെതിരെ സ്വീകരിച്ച നടപടി മനസ്സിൽ വച്ചുകൊണ്ട്‌ അവനെ വെല്ലുവിളിക്കുന്നു: “എന്തധികാരം ഉപയോഗിച്ചാണ്‌ നീ ഈ കാര്യങ്ങൾ ചെയ്യുന്നത്‌? ആരാണ്‌ നിനക്ക്‌ ഈ അധികാരം തന്നത്‌?”

മറുപടിയായി യേശു പറയുന്നു: “ഞാനും നിങ്ങളോട്‌ ഒരു കാര്യം ചോദിക്കാം നിങ്ങൾ എന്നോട്‌ അത്‌ പറയുകയാണെങ്കിൽ എന്തധികാരം കൊണ്ടാണ്‌ ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നത്‌ എന്ന്‌ ഞാനും പറയാം: യോഹന്നാന്റെ സ്‌നാപനം ഏതു ഉറവിൽ നിന്നുളളതായിരുന്നു? സ്വർഗ്ഗത്തിൽ നിന്നോ മനുഷ്യരിൽ നിന്നോ?”

എന്തു മറുപടി പറയണമെന്ന്‌ പുരോഹിതൻമാരും മൂപ്പൻമാരും കൂടിയാലോചിച്ചു തുടങ്ങുന്നു, “‘സ്വർഗ്ഗത്തിൽ നിന്ന്‌’ എന്ന്‌ നാം പറഞ്ഞാൽ ‘നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത്‌ എന്ത്‌’ എന്ന്‌ അവൻ നമ്മോട്‌ ചോദിക്കും. എന്നാൽ ‘മനുഷ്യരിൽ നിന്ന്‌’ എന്ന്‌ നാം പറഞ്ഞാലോ നാം ജനക്കൂട്ടത്തെ ഭയപ്പെടണം, എന്തുകൊണ്ടെന്നാൽ അവരെല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി കണക്കാക്കുന്നു.”

എന്തു മറുപടി പറയണമെന്ന്‌ ആ നേതാക്കൻമാർക്ക്‌ അറിഞ്ഞുകൂടാ. അതുകൊണ്ട്‌, “ഞങ്ങൾക്ക്‌ അറിഞ്ഞുകൂടാ” എന്ന്‌ അവർ യേശുവിനോട്‌ മറുപടി പറയുന്നു.

“ഞാൻ എന്തധികാരംകൊണ്ട്‌ ഇത്‌ ചെയ്യുന്നു എന്ന്‌ ഞാനും നിങ്ങളോട്‌ പറയുന്നില്ല,” എന്ന്‌ യേശുവും മറുപടി കൊടുക്കുന്നു. മത്തായി 21:19-27; മർക്കോസ്‌ 11:19-33; ലൂക്കോസ്‌ 20:1-8.

▪ നീസാൻ 11, ചൊവ്വാഴ്‌ച എന്തു പ്രാധാന്യമാണുളളത്‌?

▪ അത്തിവൃക്ഷം ഉണങ്ങിപ്പോകാൻ ഇടയാക്കുമ്പോൾ യേശു എന്തു പാഠങ്ങൾ പഠിപ്പിക്കുന്നു?

▪ താൻ എന്തധികാരം കൊണ്ട്‌ ഈ കാര്യങ്ങൾ ചെയ്യുന്നു എന്ന്‌ ചോദിച്ചവർക്ക്‌ യേശു മറുപടി നൽകുന്നത്‌ എപ്രകാരമാണ്‌?