വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹമോചനം സംബന്ധിച്ചും കുട്ടികളോടുളള സ്‌നേഹം സംബന്ധിച്ചുമുളള പാഠങ്ങൾ

വിവാഹമോചനം സംബന്ധിച്ചും കുട്ടികളോടുളള സ്‌നേഹം സംബന്ധിച്ചുമുളള പാഠങ്ങൾ

അധ്യായം 95

വിവാഹമോചനം സംബന്ധിച്ചും കുട്ടികളോടുളള സ്‌നേഹം സംബന്ധിച്ചുമുളള പാഠങ്ങൾ

പൊ. യു. 33-ലെ പെസഹാ പെരുന്നാളിൽ സംബന്ധിക്കേണ്ടതിന്‌ യേശുവും അവന്റെ ശിഷ്യൻമാരും യെരൂശമേലമിലേക്ക്‌ യാത്ര ചെയ്യുകയാണ്‌. അവർ യോർദ്ദാൻ നദി കടന്ന്‌ പെരെയ പ്രദേശത്തുകൂടെയുളള വഴിയെ പോകുന്നു. ഏതാനും ആഴ്‌ചകൾക്ക്‌ മുമ്പ്‌ യേശു പെരെയായിലായിരുന്നു. എന്നാൽ അപ്പോൾ അവന്റെ സുഹൃത്തായ ലാസറിന്‌ ദീനം ബാധിച്ചതിനാൽ യേശു യഹൂദ്യയിലേക്ക്‌ വിളിപ്പിക്കപ്പെട്ടു. അന്ന്‌ പെരെയായിലായിരുന്നപ്പോൾ യേശു പരീശൻമാരോട്‌ വിവാഹമോചനത്തെക്കുറിച്ച്‌ സംസാരിച്ചിരുന്നു, ഇപ്പോൾ അവർ വീണ്ടും ആ വിഷയം ചർച്ചക്ക്‌ കൊണ്ടുവരുന്നു.

പരീശൻമാർക്കിടയിൽ തന്നെ വിവാഹമോചനം സംബന്ധിച്ച്‌ വ്യത്യസ്‌ത ആശയഗതിക്കാരായ ആളുകളുണ്ട്‌. “ഒരു സ്‌ത്രീയുടെ ഭാഗത്ത്‌ ദൂഷ്യമായ എന്തെങ്കിലും കണ്ടാൽ” അവളെ ഉപേക്ഷിക്കാമെന്ന്‌ മോശെ പറഞ്ഞു. ഇത്‌ ലൈംഗിക അശുദ്ധിയെ മാത്രമെ പരാമർശിക്കുന്നുളളു എന്ന്‌ ചിലർ വിശ്വസിക്കുന്നു. എന്നാൽ മററു ചിലരാകട്ടെ “ദൂഷ്യമായ എന്തെങ്കിലും” എന്നതിൽ നിസ്സാര തെററുകൾ പോലും ഉൾപ്പെടുന്നു എന്ന്‌ വിശ്വസിക്കുന്നു. അതുകൊണ്ട്‌ യേശുവിനെ പരീക്ഷിക്കാൻവേണ്ടി പരീശൻമാർ ചോദിക്കുന്നു: “ഏതു കാരണം പറഞ്ഞും ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നത്‌ നിയമാനുസൃതമാണോ?” യേശു എന്തു തന്നെ പറഞ്ഞാലും ഒരു ഭിന്നവീക്ഷണമുളള പരീശൻമാരുമായി അഭിപ്രായ ഭിന്നതയുണ്ടാകും എന്ന്‌ അവർക്കറിയാം.

ഏതെങ്കിലും മാനുഷാഭിപ്രായത്തിൽ ആശ്രയിക്കാതെ വിവാഹത്തിന്റെ ആദ്യസംവിധാനത്തെത്തന്നെ പരാമർശിച്ചുകൊണ്ട്‌ യേശു ആ പ്രശ്‌നം വളരെ വിദഗ്‌ദ്ധമായി കൈകാര്യം ചെയ്യുന്നു. “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചുവെന്നും ‘അതുകൊണ്ട്‌ ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിട്ട്‌ തന്റെ ഭാര്യയോട്‌ പററിച്ചേരും, അവർ ഇരുവരും ഒരു ദേഹമായിത്തീരും’ എന്ന്‌ അരുളിച്ചെയ്‌തുവെന്നും വായിച്ചിട്ടില്ലയോ?” എന്ന്‌ അവൻ ചോദിക്കുന്നു. “അതുകൊണ്ട്‌ അവർ മേലാൽ രണ്ടല്ല, ഒരു ജഡമത്രേ. അതുകൊണ്ട്‌ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കാതിരിക്കട്ടെ.”

ദൈവത്തിന്റെ ആദിമോദ്ദേശ്യം വിവാഹിത ഇണകൾ ഒന്നിച്ചു നിൽക്കുക എന്നതാണെന്നും അല്ലാതെ മോചനം നേടുക എന്നതല്ലെന്നും യേശു പ്രകടമാക്കുന്നു. “അങ്ങനെയെങ്കിൽ ഉപേക്ഷണപത്രം കൊടുത്തിട്ട്‌ അവളെ ഉപേക്ഷിക്കാൻ മോശെ പറഞ്ഞതെന്ത്‌?” എന്ന്‌ പരീശൻമാർ ചോദിക്കുന്നു.

“നിങ്ങളുടെ ഹൃദയകാഠിന്യം പരിഗണിച്ചത്രേ നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാൻ മോശെ അനുവദിച്ചത്‌,” യേശു മറുപടിയായി പറയുന്നു, “എന്നാൽ ആദിയിൽ അങ്ങനെയല്ലായിരുന്നു.” അതെ, ദൈവം ഏദെൻ തോട്ടത്തിൽ വിവാഹത്തിന്റെ യഥാർത്ഥ നിലവാരം പ്രാബല്യത്തിൽ വരുത്തിയപ്പോൾ അവൻ വിവാഹമോചനത്തിനുളള വ്യവസ്ഥയൊന്നും വച്ചില്ല.

യേശു തുടർന്ന്‌ പരീശൻമാരോട്‌ ഇങ്ങനെ പറയുന്നു: “പരസംഗം [പോർണിയ എന്ന ഗ്രീക്ക്‌ പദത്തിൽ നിന്ന്‌] നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ച്‌ മറെറാരുത്തിയെ വിവാഹം ചെയ്യുന്ന ഏതൊരുത്തനും വ്യഭിചാരം ചെയ്യുന്നു എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.” അതുകൊണ്ട്‌ വിവാഹമോചനത്തിന്‌ ദൈവം അംഗീകരിക്കുന്ന ഏക അടിസ്ഥാനം പോർണിയ, ഗുരുതരമായ ലൈംഗിക അധാർമ്മികത, മാത്രമാണെന്ന്‌ അവൻ കാണിച്ചു തരുന്നു.

വിവാഹമോചനത്തിനുളള അടിസ്ഥാനം ഇതു മാത്രമാണെന്നും വിവാഹം നിലനിൽക്കുന്ന ഒരു ബന്ധമായിരിക്കേണ്ടതാണെന്നും തിരിച്ചറിയുമ്പോൾ ഇങ്ങനെ പറയാൻ ശിഷ്യൻമാർ പ്രേരിതരാകുന്നു: “തന്റെ ഭാര്യയെ സംബന്ധിച്ച്‌ ഒരു പുരുഷന്റെ അവസ്ഥ ഇതാണെങ്കിൽ വിവാഹം കഴിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.” വിവാഹത്തെപ്പററി ചിന്തിക്കുന്നവൻ വിവാഹബന്ധത്തിന്റെ സ്ഥിരത ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്‌ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല!

യേശു തുടർന്ന്‌ ഏകാകിത്വത്തെപ്പററി സംസാരിക്കുന്നു. ചില ആൺകുട്ടികൾ ലൈംഗികാവയവങ്ങൾ വികാസം പ്രാപിക്കാത്തതിനാൽ വിവാഹത്തിന്‌ അപ്രാപ്‌തരായി ഷണ്ഡൻമാരായി ജനിക്കുന്നു എന്ന്‌ യേശു വിശദീകരിക്കുന്നു. മററ്‌ ചിലർ മനുഷ്യരാൽ ക്രൂരമായി ലൈംഗികപ്രാപ്‌തി നശിപ്പിക്കപ്പെട്ടതിനാൽ ഷണ്ഡൻമാരാക്കപ്പെടുന്നു. എന്നാൽ ഇനിയും ചിലർ സ്വർഗ്ഗരാജ്യത്തോട്‌ ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌ തങ്ങളെത്തന്നെ കൂടുതലായി ചെലവിടുന്നതിനുവേണ്ടി വിവാഹം കഴിക്കുന്നതിനും ലൈംഗികബന്ധങ്ങൾ ആസ്വദിക്കുന്നതിനുമുളള ആഗ്രഹത്തെ അമർച്ച ചെയ്യുന്നു. “[ഏകാകിത്വത്തിന്‌] ഇടം ഉണ്ടാക്കാൻ കഴിയുന്നവൻ അങ്ങനെ ചെയ്യട്ടെ,” യേശു ഉപസംഹരിക്കുന്നു.

ആളുകൾ തങ്ങളുടെ ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തുടങ്ങുന്നു. എന്നാൽ ശിഷ്യൻമാർ ആ കുഞ്ഞുങ്ങളെ ശകാരിച്ച്‌ അവിടെ നിന്ന്‌ പറഞ്ഞയക്കാൻ ശ്രമിക്കുന്നു. അത്‌ യേശുവിനെ അനാവശ്യമായ ശല്യങ്ങളിൽ നിന്ന്‌ ഒഴിവാക്കാനാണ്‌ എന്നതിന്‌ സംശയമില്ല. എന്നാൽ യേശു പറയുന്നു. “ശിശുക്കൾ എന്റെ അടുക്കൽ വരട്ടെ; അവരെ തടയാൻ ശ്രമിക്കേണ്ട, എന്തുകൊണ്ടെന്നാൽ ദൈവരാജ്യം ഇവരെപ്പോലെയുളളവരുടേതാണ്‌. ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ കൈക്കൊളളാത്തവരാരും യാതൊരു പ്രകാരത്തിലും അതിൽ കടക്കുകയില്ല എന്ന്‌ സത്യമായും ഞാൻ നിങ്ങളോട്‌ പറയുന്നു.”

യേശു ഇവിടെ എന്തു നല്ല പാഠങ്ങളാണ്‌ നൽകുന്നത്‌! ദൈവരാജ്യം ലഭിക്കുന്നതിന്‌ നാം ഒരു ശിശുവിന്റെ താഴ്‌മയും പഠിക്കാനുളള മനസ്സൊരുക്കവും അനുകരിക്കണം. എന്നാൽ വിശേഷാൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത്‌ എത്ര പ്രധാനമാണെന്നും യേശുവിന്റെ മാതൃക ദൃഷ്ടാന്തീകരിക്കുന്നു. ശിശുക്കളെ കൈളിൽ എടുക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്‌തുകൊണ്ട്‌ യേശു ഇപ്പോൾ അവരോടുളള അവന്റെ സ്‌നേഹം പ്രകടമാക്കുന്നു. മത്തായി 19:1-15; ആവർത്തനം 24:1; ലൂക്കോസ്‌ 16:18; മർക്കോസ്‌ 10:1-16; ലൂക്കോസ്‌ 18:15-17.

▪ പരീശൻമാർക്ക്‌ വിവാഹമോചനം സംബന്ധിച്ച്‌ എന്തു വ്യത്യസ്‌ത വീക്ഷണങ്ങളാണുളളത്‌, അതുകൊണ്ട്‌ അവർ യേശുവിനെ പരീക്ഷിക്കുന്നത്‌ എങ്ങനെയാണ്‌?

▪ തന്നെ പരീക്ഷിക്കാനുളള പരീശൻമാരുടെ ശ്രമങ്ങളെ യേശു എങ്ങനെ നേരിടുന്നു, വിവാഹമോചനത്തിനുളള ഏക അടിസ്ഥാനം എന്താണെന്നാണ്‌ യേശു പറയുന്നത്‌?

▪ വിവാഹം കഴിക്കുന്നത്‌ നന്നല്ല എന്ന്‌ യേശുവിന്റെ ശിഷ്യൻമാർ പറയുന്നത്‌ എന്തുകൊണ്ടാണ്‌, യേശു എന്ത്‌ ശുപാർശ ചെയ്യുന്നു?

▪ ശിശുക്കളോടുളള ഇടപെടലിലൂടെ യേശു നമ്മെ എന്തു പഠിപ്പിക്കുന്നു?