വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹസദ്യയുടെ ഉപമ

വിവാഹസദ്യയുടെ ഉപമ

അധ്യായം 107

വിവാഹസദ്യയുടെ ഉപമ

രണ്ട്‌ ഉപമകളിലൂടെ യേശു ശാസ്‌ത്രിമാരെയും മുഖ്യ പുരോഹിതൻമാരെയും തുറന്നു കാട്ടിയിരിക്കുന്നു. അവരാകട്ടെ അവനെ കൊന്നു കളയാൻ ആഗ്രഹിക്കുന്നു. എന്നാൽ യേശു അവരെ സംബന്ധിച്ച്‌ സംസാരിക്കുന്നത്‌ നിറുത്തിയിട്ടില്ല. അവൻ തുടർന്ന്‌ അവരോട്‌ മറെറാരു ഉപമ പറയുന്നു:

“സ്വർഗ്ഗരാജ്യം തന്റെ പുത്രനുവേണ്ടി ഒരു വിവാഹ സദ്യ ഒരുക്കിയ ഒരു മനുഷ്യനോട്‌, ഒരു രാജാവിനോട്‌ സദൃശമാകുന്നു. വിവാഹ സദ്യക്ക്‌ ക്ഷണിക്കപ്പെട്ടവരെ വിളിക്കാൻ അയാൾ തന്റെ അടിമകളെ അയച്ചു, എന്നാൽ അവർക്ക്‌ വരുവാൻ മനസ്സില്ലായിരുന്നു.”

തന്റെ പുത്രനായ യേശുക്രിസ്‌തുവിനുവേണ്ടി വിവാഹ സദ്യ ഒരുക്കുന്ന രാജാവ്‌ യഹോവയാം ദൈവമാണ്‌. ഒടുവിൽ 1,44,000 അഭിഷിക്ത അനുഗാമികളടങ്ങുന്ന മണവാട്ടി സ്വർഗ്ഗത്തിൽ യേശുക്രിസ്‌തുവിനോട്‌ ചേരും. രാജാവിന്റെ പ്രജകൾ ഇസ്രായേൽ ജനമാണ്‌. പൊ. യു. മു. 1513ൽ ന്യായപ്രമാണനിയമത്തിൻ കീഴിൽ വരുത്തപ്പെട്ടപ്പോൾ “പുരോഹിതൻമാരുടെ ഒരു രാജ്യ”മായിത്തീരാനുളള അവസരം അവർക്ക്‌ ലഭിച്ചു. അപ്പോൾ അവർക്ക്‌ വിവാഹ സദ്യക്കുളള ക്ഷണം ആദ്യമായി നീട്ടിക്കൊടുക്കപ്പെട്ടു.

എന്നിരുന്നാലും ക്ഷണിക്കപ്പെട്ടവർക്കുളള ആദ്യത്തെ വിളി വന്നത്‌ പൊ. യു. 29-ലെ ശരത്‌കാലത്തു മാത്രമായിരുന്നു. അന്നു യേശുവും അവന്റെ ശിഷ്യൻമാരും (രാജാവിന്റെ അടിമകൾ) അവരുടെ രാജ്യ പ്രസംഗവേല ആരംഭിച്ചു. എന്നാൽ പൊ. യു. 29 മുതൽ പൊ. യു. 33 വരെ അടിമകളാലുളള ഈ വിളി ലഭിച്ച സ്വാഭാവിക ഇസ്രായേല്യർക്ക്‌ വരുവാൻ മനസ്സില്ലായിരുന്നു. അതുകൊണ്ട്‌ യേശു പറയുന്നപ്രകാരം ക്ഷണിക്കപ്പെട്ടവരുടെതായ ഈ ജനതക്ക്‌ ദൈവം ഒരു അവസരം കൂടെ നൽകി:

“ഇപ്രകാരം പറഞ്ഞുകൊണ്ട്‌ അവൻ വീണ്ടും തന്റെ അടിമകളെ അയച്ചു: ‘ക്ഷണിക്കപ്പെട്ടവരോട്‌ ഇങ്ങനെ പറയുവിൻ: “നോക്കൂ! ഞാൻ എന്റെ വിരുന്ന്‌ ഒരുക്കിയിരിക്കുന്നു, എന്റെ കാളകളും കൊഴുപ്പിച്ച മൃഗങ്ങളും കൊല്ലപ്പെട്ടിരിക്കുന്നു. എല്ലാം തയ്യാറായിരിക്കുന്നു. വിവാഹസദ്യക്ക്‌ വരുവിൻ.”’” ക്ഷണിക്കപ്പെട്ടവരുടെ രണ്ടാമത്തേതും അവസാനത്തേതുമായ ഈ വിളി പൊ. യു. 33ലെ പെന്തക്കോസ്‌തിൽ ആരംഭിച്ചു. അന്ന്‌ യേശുവിന്റെ അനുഗാമികളുടെമേൽ പരിശുദ്ധാത്മാവ്‌ പകരപ്പെട്ടു. ഈ വിളി പൊ. യു. 36വരെ തുടർന്നു.

എന്നിരുന്നാലും ഇസ്രായേല്യരിൽ ബഹുഭൂരിപക്ഷവും ഈ വിളിയും തളളിക്കളഞ്ഞു. യേശു പറയുന്നു: “അവർ ശ്രദ്ധിക്കാതെ ഒരുവൻ തന്റെ വയലിലേക്കും മറെറാരുത്തൻ തന്റെ വ്യാപാരത്തിനും പോയി. എന്നാൽ ശേഷമുളളവരോ അവന്റെ അടിമകളെ പിടിച്ച്‌ അവരോട്‌ നിന്ദ്യമായി പെരുമാറുകയും അവരെ കൊല്ലുകയും ചെയ്‌തു.” “എന്നാൽ,” യേശു തുടരുന്നു, “രാജാവ്‌ കോപിച്ച്‌ തന്റെ സൈന്യത്തെ അയച്ച്‌ ആ കൊലപാതകികളെ നശിപ്പിക്കുകയും അവരുടെ നഗരം തീ വച്ച്‌ ചുട്ടുകളയുകയും ചെയ്‌തു.” പൊ. യു. 70-ൽ യെരൂശലേം റോമാക്കാരാൽ നിലംപരിചാക്കപ്പെടുകയും ആ കൊലപാതകികൾ വധിക്കപ്പെടുകയും ചെയ്‌തപ്പോൾ ഇത്‌ സംഭവിച്ചു.

അതിനിടെ എന്തു സംഭവിച്ചുവെന്ന്‌ യേശു വിശദീകരിക്കുന്നു: “പിന്നീട്‌ രാജാവ്‌ തന്റെ അടിമകളോട്‌ പറഞ്ഞു, ‘വിവാഹ സദ്യ തയ്യാറായിരിക്കുന്നു, എന്നാൽ ക്ഷണിക്കപ്പെട്ടവർ യോഗ്യരായിരുന്നില്ല. അതുകൊണ്ട്‌ നഗരത്തിൽ നിന്ന്‌ പുറത്തേക്കുളള വഴികളിലേക്ക്‌ ചെല്ലുകയും നിങ്ങൾ കണ്ടുമുട്ടുന്നവരെയെല്ലാം സദ്യക്ക്‌ ക്ഷണിക്കുകയും ചെയ്യുവിൻ.’” അടിമകൾ അപ്രകാരം ചെയ്‌തു, “വിവാഹച്ചടങ്ങു നടക്കുന്ന ആ മുറി മേശക്കൽ ചാരിക്കിടക്കുന്നവരെക്കൊണ്ട്‌ നിറഞ്ഞു.”

ക്ഷണിക്കപ്പെട്ടവരുടെ നഗരത്തിന്റെ പുറത്തെ വീഥികളിൽ നിന്ന്‌ അതിഥികളെ കൂട്ടിച്ചേർക്കുന്ന വേല പൊ. യു. 36-ൽ ആരംഭിച്ചു. അങ്ങനെ കൂട്ടിച്ചേർക്കപ്പെട്ട പരിച്‌ഛേദനയേൽക്കാത്ത യഹൂദേതരരിൽ ആദ്യത്തവർ റോമൻ സൈനികോദ്യോഗസ്ഥനായ കൊർന്നേല്യൊസും അവന്റെ കുടുംബവുമായിരുന്നു. ആദ്യത്തെ വിളി നിരസിച്ചവർക്കു പകരക്കാരായിരിക്കാനുളള ഈ യഹൂദേതരരുടെ കൂട്ടിച്ചേർപ്പ്‌ ഈ ഇരുപതാം നൂററാണ്ടുവരെ തുടർന്നിരിക്കുന്നു.

ഈ ഇരുപതാം നൂററാണ്ടിലാണ്‌ വിവാഹചടങ്ങിനുളള മുറി നിറയുന്നത്‌. അപ്പോൾ സംഭവിക്കുന്നത്‌ എന്തെന്ന്‌ യേശു വിവരിക്കുന്നു: “രാജാവ്‌ തന്റെ അതിഥികളെ കാണാൻ അകത്തു വന്നപ്പോൾ വിവാഹവസ്‌ത്രം ധരിച്ചിട്ടില്ലാത്ത ഒരാളെ അവിടെ കണ്ടെത്തുന്നു. അതുകൊണ്ട്‌ അയാൾ അവനോട്‌ ചോദിക്കുന്നു, ‘ഹേ, മനുഷ്യാ, വിവാഹ വസ്‌ത്രം ധരിക്കാതെ നീ എങ്ങനെ ഇവിടെ കടന്നു വന്നു?’ അവന്‌ മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല. അപ്പോൾ രാജാവ്‌ തന്റെ ദാസൻമാരോട്‌ പറഞ്ഞു, ‘അവന്റെ കൈയ്യും കാലും കെട്ടി അവനെ പുറത്തുളള അന്ധകാരത്തിലേക്ക്‌ എറിഞ്ഞുകളയുക. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടായിരിക്കും.’”

വിവാഹവസ്‌ത്രമില്ലാത്ത മനുഷ്യൻ ക്രൈസ്‌തവലോകത്തിലെ അനുകരണ ക്രിസ്‌ത്യാനികളെ ചിത്രീകരിക്കുന്നു. അവർക്ക്‌ ആത്മീയ ഇസ്രായേലായി അവരെ തിരിച്ചറിയിക്കുന്ന അടയാളമുളളതായി ദൈവം ഒരിക്കലും അംഗീകരിച്ചിട്ടില്ല. ദൈവം അവരെ ഒരിക്കലും രാജ്യാവകാശികൾ എന്ന നിലയിൽ പരിശുദ്ധാത്മാവുകൊണ്ട്‌ അഭിഷേകം ചെയ്‌തിട്ടില്ല. അതുകൊണ്ട്‌ അവർ പുറത്തെ അന്ധകാരത്തിലേക്ക്‌ എറിയപ്പെടുന്നു, അവിടെ അവർ നാശമനുഭവിക്കും.

ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു തന്റെ ഉപമ അവസാനിപ്പിക്കുന്നു: “ക്ഷണിക്കപ്പെട്ടവർ അനേകരാകുന്നു, എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” അതെ, ക്രിസ്‌തുവിന്റെ മണവാട്ടി വർഗ്ഗത്തിൽ അംഗങ്ങളാകുവാൻ ഇസ്രായേൽ ജനതയിൽ നിന്ന്‌ അനേകർ ക്ഷണിക്കപ്പെട്ടു, എന്നാൽ സ്വാഭാവിക ഇസ്രായേല്യരിൽ ചുരുക്കം ചിലരെ തെരഞ്ഞെടുക്കപ്പെട്ടുളളു. സ്വർഗ്ഗീയ പ്രതിഫലം ലഭിക്കുന്ന 1,44,000 അതിഥികളിൽ ഭൂരിപക്ഷം പേരും യഹൂദേതരരാണെന്ന്‌ തെളിയുന്നു. മത്തായി 22:1-14; പുറപ്പാട്‌ 19:1-6; വെളിപ്പാട്‌ 14:1-3.

▪ വിവാഹ സദ്യക്ക്‌ നേരത്തെ തന്നെ ക്ഷണിക്കപ്പെട്ടവർ ആരാണ്‌, അവർക്ക്‌ ഈ ക്ഷണം എന്നാണ്‌ കൊടുക്കപ്പെട്ടത്‌?

▪ ക്ഷണിക്കപ്പെട്ടവർക്കുളള വിളി എപ്പോഴാണ്‌ നടന്നത്‌, അത്‌ നൽകാൻ ഉപയോഗിക്കപ്പെടുന്ന അടിമകൾ ആരാണ്‌?

▪ രണ്ടാമത്തെ വിളി എപ്പോഴാണ്‌ നീട്ടിക്കൊടുക്കപ്പെടുന്നത്‌, പിന്നീട്‌ ആർ ക്ഷണിക്കപ്പെടുന്നു?

▪ വിവാഹ വസ്‌ത്രമില്ലാത്ത മനുഷ്യനാൽ ചിത്രീകരിക്കപ്പെടുന്നത്‌ ആരാണ്‌?

▪ ക്ഷണിക്കപ്പെട്ട അനേകർ ആരാണ്‌, തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലരും?