വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീട്ടുമുററത്തെ തളളിപ്പറയലുകൾ

വീട്ടുമുററത്തെ തളളിപ്പറയലുകൾ

അധ്യായം 120

വീട്ടുമുററത്തെ തളളിപ്പറയലുകൾ

ഗെത്ത്‌ശെമന തോട്ടത്തിൽ വച്ച്‌ മററ്‌ അപ്പൊസ്‌തലൻമാരോടൊപ്പം ഭയന്ന്‌ യേശുവിനെ ഉപേക്ഷിച്ച്‌ ഓടിപ്പോയ ശേഷം പത്രോസും യോഹന്നാനും അവരുടെ ഓട്ടം മതിയാക്കുന്നു. ഒരുപക്ഷേ ഹന്നാവിന്റെ ഭവനത്തിലേക്കുളള മാർഗ്ഗമദ്ധ്യേ അവർ യേശുവിന്റെ ഒപ്പമെത്തുന്നു. ഹന്നാവ്‌ അവനെ പ്രധാനപുരോഹിതനായ കയ്യഫാവിന്റെ വസതിയിലേക്ക്‌ അയക്കുമ്പോൾ പത്രോസും യോഹന്നാനും വിദൂരത്തിൽ അവനെ പിന്തുടരുന്നു. പ്രത്യക്ഷത്തിൽ അവരുടെ ഉളളിൽ സ്വന്തം ജീവനെപ്പററിയുളള ഭയവും തങ്ങളുടെ ഗുരുവിന്‌ എന്തു സംഭവിക്കും എന്നതിനെപ്പററിയുളള ഉൽക്കണ്‌ഠയും തമ്മിൽ ഏററുമുട്ടൽ നടക്കുകയാണ്‌.

കയ്യഫാവിന്റെ വിശാലമായ വസതിയിലെത്തുമ്പോൾ യോഹന്നാനെ പ്രധാനപുരോഹിതനു പരിചയമുളളതുകൊണ്ട്‌ അവന്‌ വീട്ടുമുററത്തേക്ക്‌ പ്രവേശനം ലഭിക്കുന്നു. എന്നാൽ പത്രോസിന്‌ വാതിൽക്കൽ പുറത്തു നിൽക്കേണ്ടിവരുന്നു. എന്നാൽ പെട്ടെന്നുതന്നെ യോഹന്നാൻ മടങ്ങിവന്നു വാതിൽ കാത്തിരുന്ന വേലക്കാരിയോടു സംസാരിക്കുകയും പത്രോസിന്‌ അകത്തുകടക്കാൻ അനുവാദം ലഭിക്കുകയും ചെയ്യുന്നു.

ഇതിനോടകം ശൈത്യം അധികമായതിനാൽ വീട്ടുവേലക്കാരും മഹാപുരോഹിതന്റെ ഉദ്യോഗസ്ഥൻമാരും കൂടെ ഒരു തീ കത്തിച്ചിരിക്കുന്നു. യേശുവിന്റെ വിചാരണയുടെ ഫലമറിയാൻ കാത്തിരിക്കുകയിൽ കുളിർ മാററാൻ വേണ്ടി പത്രോസും തീക്കരുകിൽ അവരോടുകൂടെ ഇരിക്കുന്നു. അവിടെ തീയുടെ തെളിഞ്ഞ പ്രകാശത്തിൽ പത്രോസിനെ അകത്തു കടക്കാൻ അനുവദിച്ച വാതിൽ കാവൽക്കാരി അവനെ സൂക്ഷിച്ചുനോക്കി. “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെയായിരുന്നു!” എന്ന്‌ അവൾ വിളിച്ചുപറയുന്നു.

തിരിച്ചറിയപ്പെട്ടതിൽ അസ്വസ്ഥനായ പത്രോസ്‌ അവരുടെയെല്ലാം മുമ്പിൽ വച്ച്‌ യേശുവിനെ അറിയുന്നകാര്യം നിഷേധിക്കുന്നു. “ഞാൻ അവനെ അറിയുന്നില്ല, നീ പറയുന്നത്‌ എന്താണെന്ന്‌ എനിക്കു മനസ്സിലാകുന്നതുമില്ല” എന്ന്‌ അവൻ പറയുന്നു.

അതിങ്കൽ പത്രോസ്‌ അവിടെനിന്ന്‌ വാതിലിനടുത്തേക്ക്‌ നീങ്ങുന്നു. അവിടെ മറെറാരു വേലക്കാരി അവനെ കണ്ടിട്ട്‌ ചുററുമുളളവരോട്‌: “ഈ മനുഷ്യൻ നസറായനായ യേശുവിനോടുകൂടെയായിരുന്നു” എന്ന്‌ പറയുന്നു. ഒരിക്കൽകൂടി പത്രോസ്‌ അത്‌ നിഷേധിക്കുന്നു, “ഞാൻ ആ മനുഷ്യനെ അറിയുന്നില്ല!” എന്ന്‌ പറഞ്ഞ്‌ ആണയിടുന്നു.

ശ്രദ്ധയിൽപെടാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചുകൊണ്ട്‌ പത്രോസ്‌ മുററത്തുതന്നെ ഇരിക്കുന്നു. ഒരുപക്ഷേ ആ സമയത്ത്‌ അതികാലത്തെ ഇരുട്ടത്ത്‌ ഒരു കോഴി കൂവുന്നതുകേട്ട്‌ പത്രോസ്‌ ഞെട്ടുന്നു. അതേസമയം ആ മുററത്തിന്‌ മുകളിലായി വീടിന്റെ ഒരു ഭാഗത്ത്‌ യേശുവിന്റെ വിചാരണ തുടരുകയാണ്‌. മുററത്തു കാത്തുനിൽക്കുന്ന പത്രോസിനും മററുളളവർക്കും യേശുവിനെതിരെ സാക്ഷിപറയാൻ വരുന്നവരെയും പോകുന്നവരെയും കാണാൻ കഴിയും എന്നതിന്‌ സംശയമില്ല.

യേശുവിന്റെ ഒരു സഹചാരി എന്ന നിലയിൽ പത്രോസിനെ രണ്ടാംവട്ടം തിരിച്ചറിഞ്ഞിട്ട്‌ ഇപ്പോൾ ഏതാണ്ട്‌ ഒരു മണിക്കൂർ ആയിരിക്കണം. ഇപ്പോൾ അവന്റെ ചുററും നിൽക്കുന്ന പലരും അവനെ സമീപിച്ചും, “തീർച്ചയായും നീയും അവരിൽ ഒരുത്തനാണ്‌, നിന്റെ സംസാരം തന്നെ അത്‌ വെളിപ്പെടുത്തുന്നുവല്ലോ,” എന്ന്‌ പറയുന്നു. അവരിൽ ഒരുത്തൻ പത്രോസ്‌ കാത്‌ ഛേദിച്ചുകളഞ്ഞ മൽക്കൊസിന്റെ ഒരു ബന്ധുവാണ്‌. “ഞാൻ തോട്ടത്തിൽ വച്ച്‌ നിന്നെ അവനോടുകൂടെ കണ്ടു, ഇല്ലേ?” എന്ന്‌ അയാൾ ചോദിക്കുന്നു.

“ഞാൻ ആ മനുഷ്യനെ അറിയുന്നില്ല!” പത്രോസ്‌ ശക്തമായി നിഷേധിച്ചു പറയുന്നു. വാസ്‌തവത്തിൽ അവർക്കെല്ലാം തെററു പററിയിരിക്കുന്നു എന്ന്‌ അവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി അവൻ ശപിക്കുവാനും ആണയിടുവാനും തുടങ്ങുന്നു. ഫലത്തിൽ താൻ സത്യമല്ല പറയുന്നതെങ്കിൽ തന്റെമേൽ ശാപം വന്നുകൊളളട്ടെ എന്ന്‌ അവൻ പറയുന്നു.

പത്രോസ്‌ മൂന്നാംവട്ടം നിഷേധിച്ചു പറയുമ്പോൾതന്നെ ഒരു കോഴി കൂകുന്നു. ആ നിമിഷം മുററത്തിനു മുകളിലായുളള ബാൽക്കണിയിലേക്ക്‌ കടന്നുവന്ന യേശു തിരിഞ്ഞ്‌ അവനെ നോക്കുന്നു. ഏതാനും മണിക്കൂറുകൾക്ക്‌ മുൻപ്‌ യേശു മാളികമുറിയിൽവച്ച്‌ പറഞ്ഞതു പത്രോസ്‌ ഓർക്കുന്നു: “ഒരു കോഴി രണ്ടു പ്രാവശ്യം കൂകുന്നതിനു മുമ്പ്‌ നീ മൂന്നുപ്രാവശ്യം എന്നെ നിഷേധിച്ചുപറയും.” തന്റെ പാപത്തിന്റെ ഭാരത്താൽ ഞെരുക്കപ്പെട്ട പത്രോസ്‌ പുറത്തുപോയി അതിദുഃഖത്തോടെ കരയുന്നു.

ഇത്‌ എങ്ങനെ സംഭവിച്ചു? തന്റെ ആത്മീയ ബലത്തെക്കുറിച്ച്‌ അത്ര ഉറപ്പുണ്ടായിരുന്ന പത്രോസ്‌ എങ്ങനെയാണ്‌ തന്റെ ഗുരുവിനെ തുടർച്ചയായി മൂന്നുപ്രാവശ്യം തളളിപ്പറയാൻ ഇടയായത്‌? സാഹചര്യങ്ങൾ തീർച്ചയായും പത്രോസിനെ അപ്രതീക്ഷിതമായി പിടികൂടി. സത്യം വളച്ചൊടിക്കപ്പെടുകയാണ്‌, യേശു ഒരു നികൃഷ്ടനായ കുററവാളിയെന്നനിലയിൽ ചിത്രീകരിക്കപ്പെടുന്നു. ശരിയായത്‌ തെറെറന്നും നിരപരാധി കുററവാളിയെന്നും തോന്നാനിടയാക്കപ്പെടുന്നു. അതുകൊണ്ട്‌ സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ പത്രോസിന്‌ സമനില തെററുന്നു. പെട്ടെന്നു വിശ്വസ്‌തത സംബന്ധിച്ചുളള അവന്റെ ശരിയായ ബോധം കീഴ്‌മേൽ മറിയുന്നു; അവനുതന്നെ ദുഃഖം വരുത്തിക്കൊണ്ട്‌ മാനുഷഭയം അവനെ സ്‌തംഭിപ്പിക്കുന്നു. നമുക്ക്‌ അത്‌ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ! മത്തായി 26:57, 58, 69-75; മർക്കോസ്‌ 14:30, 53, 54, 66-72; ലൂക്കോസ്‌ 22:54-62; യോഹന്നാൻ 18:15-18, 25-27.

▪ പത്രോസും യോഹന്നാനും പ്രധാനപുരോഹിതന്റെ മുററത്തേക്ക്‌ പ്രവേശനം നേടുന്നതെങ്ങനെ?

▪ പത്രോസും യോഹന്നാനും മുററത്തായിരിക്കുമ്പോൾ വീട്ടിനുളളിൽ എന്താണ്‌ സംഭവിക്കുന്നത്‌?

▪ കോഴി എത്ര പ്രാവശ്യം കൂകുന്നു, എത്ര പ്രാവശ്യം പത്രോസ്‌ യേശുവിനെ നിഷേധിച്ചു പറയുന്നു?

▪ പത്രോസ്‌ ശപിക്കാനും ആണയിടാനും തുടങ്ങി എന്നതിന്റെ അർത്ഥമെന്താണ്‌?

▪ യേശുവിനെ അറിയില്ല എന്ന്‌ പത്രോസ്‌ പറയാൻ ഇടയാക്കിയത്‌ എന്താണ്‌?