വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീണ്ടും ആലയം സന്ദർശിക്കുന്നു

വീണ്ടും ആലയം സന്ദർശിക്കുന്നു

അധ്യായം 103

വീണ്ടും ആലയം സന്ദർശിക്കുന്നു

യെരീഹോയിൽ നിന്ന്‌ വന്നശേഷം യേശുവും ശിഷ്യൻമാരും മൂന്നാമത്തെ രാത്രിയും ബെഥനിയിൽ ചെലവഴിച്ചിരിക്കുന്നു. ഇപ്പോൾ നീസാൻ 10-ാം തീയതി തിങ്കളാഴ്‌ച അതിരാവിലെ അവർ വീണ്ടും യെരൂശലേമിലേക്കുളള വഴിയേ യാത്ര ചെയ്യുകയാണ്‌. യേശുവിന്‌ വിശക്കുന്നുണ്ട്‌. അതുകൊണ്ട്‌ ഇലകളുളള ഒരു അത്തിവൃക്ഷം കാണുമ്പോൾ അതിൽ പഴങ്ങളുണ്ടോ എന്നു നോക്കാൻ യേശു അതിനെ സമീപിക്കുന്നു.

ആ വൃക്ഷം ഇലകൾ പുറപ്പെടുവിച്ചിരിക്കുന്നത്‌ സമയത്തിന്‌ മുമ്പേയാണ്‌. സാധാരണ അത്തിപ്പഴങ്ങൾ ഉണ്ടാകുന്നത്‌ ജൂൺ മാസത്തോടെയാണ്‌. എന്നാൽ ഇപ്പോൾ മാർച്ച്‌ അവസാനിക്കാറായതേയുളളു. എന്നാൽ ഇലകൾ നേരത്തെ ഉണ്ടായതിനാൽ നേരത്തെതന്നെ അത്തിപ്പഴങ്ങളും ഉണ്ടായിരിക്കാം എന്ന്‌ യേശു കരുതുന്നു. എന്നാൽ യേശു ഫലമൊന്നും കണ്ടെത്തുന്നില്ല. ഇലകൾ ആ മരത്തിന്‌ വഞ്ചനാത്മകമായ ഒരു പ്രത്യക്ഷത നൽകിയിരിക്കുന്നു. “നിന്നിൽ നിന്ന്‌ ആരും ഇനി പഴം തിന്നാനിടയാകാതെ പോകട്ടെ,” എന്ന്‌ പറഞ്ഞ്‌ യേശു ആ അത്തിവൃക്ഷത്തെ ശപിക്കുന്നു. യേശുവിന്റെ ഈ പ്രവൃത്തിയുടെ അനന്തരഫലങ്ങളും അതിന്റെ അർത്ഥവും പിറേറന്നു രാവിലെ മാത്രമേ ശിഷ്യൻമാർക്ക്‌ മനസ്സിലാകുന്നുളളു.

യേശുവും ശിഷ്യൻമാരും യാത്ര തുടർന്ന്‌ പെട്ടെന്നുതന്നെ യെരൂശലേമിൽ എത്തുന്നു. തലേദിവസം ഉച്ചതിരിഞ്ഞ്‌ താൻ സൂക്ഷ്‌മ നിരീക്ഷണം നടത്തിയ ആലയത്തിലേക്ക്‌തന്നെ അവൻ കടന്നു ചെല്ലുന്നു. ഇന്ന്‌, മൂന്നുവർഷം മുമ്പ്‌ പൊ. യു. 30-ലെ പെസഹാപ്പെരുന്നാളിന്‌ വന്നപ്പോൾ ചെയ്‌തതുപോലെ, അവൻ ചില നടപടികൾ സ്വീകരിക്കുന്നു. യേശു ആലയത്തിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരെ പുറത്താക്കുകയും നാണയമാററക്കാരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ബഞ്ചുകളും മറിച്ചിടുകയും ചെയ്യുന്നു. ആലയത്തിലൂടെ എന്തെങ്കിലും ഉപകരണം വഹിച്ചുകൊണ്ടുപോകാൻ അവൻ ആരെയും അനുവദിക്കുന്നില്ല.

ആലയത്തിലെ നാണയമാററക്കാരെയും മൃഗങ്ങളെ വിൽക്കുന്നവരെയും കുററം വിധിച്ചുകൊണ്ട്‌ അവൻ ചോദിക്കുന്നു: “‘എന്റെ ഭവനം സകല ജനതകൾക്കും വേണ്ടിയുളള പ്രാർത്ഥനാലയം എന്ന്‌ വിളിക്കപ്പെടും’ എന്ന്‌ എഴുതപ്പെട്ടിട്ടില്ലയോ? നിങ്ങളോ അതിനെ കളളൻമാരുടെ ഗുഹയാക്കി മാററിയിരിക്കുന്നു.” യാഗത്തിനാവശ്യമായ മൃഗങ്ങളെ അവിടെ നിന്ന്‌ വാങ്ങുകയല്ലാതെ മററു മാർഗ്ഗമൊന്നുമില്ലാത്തവരിൽ നിന്ന്‌ അമിതമായ വില ഈടാക്കിയിരുന്നതിനാൽ അവർ വാസ്‌തവത്തിൽ കളളൻമാരായിരുന്നു. അതുകൊണ്ട്‌ ഈ വ്യാപാര ഇടപാടുകളെ ഒരു തരത്തിലുളള കൊളള അല്ലെങ്കിൽ പിടിച്ചുപറിയായിട്ടാണ്‌ യേശു വീക്ഷിച്ചത്‌.

യേശു ചെയ്‌തതിനെപ്പററി പ്രധാനപുരോഹിതൻമാരും ശാസ്‌ത്രിമാരും ജനത്തിലെ പ്രമുഖരും കേൾക്കുമ്പോൾ അവർ വീണ്ടും യേശുവിനെ വധിക്കാനുളള മാർഗ്ഗം അന്വേഷിക്കുന്നു. അതുവഴി തങ്ങൾ യാതൊരു പ്രകാരത്തിലും നന്നാവുകയില്ലാത്തവരാണ്‌ എന്ന്‌ അവർ തെളിയിക്കുന്നു. എന്നിരുന്നാലും യേശുവിനെ ശ്രവിക്കാൻ വേണ്ടി ജനങ്ങളെല്ലാം അവന്റെ പിന്നാലെ കൂടിയിരുന്നതിനാൽ അവനെ എങ്ങനെ നശിപ്പിക്കാൻ കഴിയുമെന്ന്‌ അവർക്ക്‌ അറിയാൻ പാടില്ലായിരുന്നു.

സ്വാഭാവിക യഹൂദൻമാരെ കൂടാതെ വിജാതീയരും പെസഹാക്ക്‌ വന്നുകൂടിയിട്ടുണ്ട്‌. ഇവർ യഹൂദ മതത്തിലേക്ക്‌ മതപരിവർത്തനം ചെയ്‌ത്‌ വന്നിട്ടുളളവരാണ്‌. ഇങ്ങനെ മതപരിവർത്തനം ചെയ്‌തു വന്ന ചില ഗ്രീക്കുകാർ ഇപ്പോൾ ഫിലിപ്പൊസിനെ സമീപിച്ച്‌ തങ്ങൾക്ക്‌ യേശുവിനെ കാണണം എന്ന്‌ ആവശ്യപ്പെടുന്നു. ഒരുപക്ഷേ അത്തരമൊരു കൂടിക്കാഴ്‌ച ഉചിതമായിരിക്കുമോ എന്നറിയാൻ ഫിലിപ്പൊസ്‌ അന്ത്രെയോസിനെ സമീപിക്കുന്നു. ആ ഗ്രീക്കുകാർക്ക്‌ യേശുവിനെ കാണാവുന്നവണ്ണം യേശു ഇപ്പോഴും ആലയത്തിൽ തന്നെയാണ്‌.

തനിക്ക്‌ ഏതാനും ദിവസത്തെ ജീവിതമേ അവശേഷിച്ചിട്ടുളളു എന്നറിയാവുന്നതിനാൽ അവൻ തന്റെ സാഹചര്യം വളരെ നന്നായിതന്നെ ചിത്രീകരിക്കുന്നു: “മനുഷ്യപുത്രൻ മഹത്വീകരിക്കപ്പെടാനുളള നാഴിക വന്നിരിക്കുന്നു. ഒരു ഗോതമ്പു മണി നിലത്തു വീണ്‌ അഴിഞ്ഞു പോകുന്നില്ലായെങ്കിൽ അത്‌ ഒരു ഗോതമ്പു മണിയായിത്തന്നെ അവശേഷിക്കും. എന്നാൽ അത്‌ നശിക്കുന്നുവെങ്കിൽ അത്‌ വളരെ ഫലം കായ്‌ക്കുന്നു.”

ഒരു ഗോതമ്പു മണിക്ക്‌ അൽപ്പം മൂല്യമേയുളളു. എന്നാൽ അത്‌ മണ്ണിൽ വീണ്‌ വിത്ത്‌ എന്ന നിലയിലുളള അതിന്റെ ജീവിതം അവസാനിപ്പിക്കുന്നുവെങ്കിലോ? അത്‌ കിളിർക്കുകയും കതിരായി വളരുകയും അനേകം ഗോതമ്പു മണികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. സമാനമായി യേശു പൂർണ്ണതയുളള ഒരു മനുഷ്യൻ മാത്രമാണ്‌. എന്നാൽ അവൻ ദൈവത്തോടുളള വിശ്വസ്‌തതയിൽ മരിക്കുന്നുവെങ്കിൽ അവൻ അവനുളളതുപോലെ ആത്മത്യാഗത്തിന്റെ ആത്മാവുളള വിശ്വസ്‌തർക്ക്‌ നിത്യജീവൻ പ്രദാനം ചെയ്യുന്നതിനുളള മാർഗ്ഗമായിത്തീരുന്നു. അതുകൊണ്ട്‌ യേശു പറയുന്നു: “തന്റെ ദേഹിയെ സ്‌നേഹിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു. എന്നാൽ ഈ ലോകത്തിൽ തന്റെ ദേഹിയെ ദ്വേഷിക്കുന്നവൻ നിത്യജീവനായി അതിനെ കാത്തു സൂക്ഷിക്കുന്നു.”

പ്രകടമായും യേശുതന്നെപ്പററി മാത്രമല്ല ചിന്തിക്കുന്നത്‌, എന്തുകൊണ്ടെന്നാൽ തുടർന്ന്‌ അവൻ ഇപ്രകാരം വിശദീകരിക്കുന്നു: “ആരെങ്കിലും എനിക്ക്‌ ശുശ്രൂഷ ചെയ്യാൻ ആഗ്രഹിച്ചാൽ പിതാവ്‌ അവനെ ബഹുമാനിക്കും.” യേശുവിനെ അനുഗമിക്കുകയും അവന്‌ ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നതിന്‌ എത്ര അത്ഭുതകരമായ പ്രതിഫലം! അത്‌ രാജ്യത്തിൽ ക്രിസ്‌തുവിനോടുകൂടെ ആയിരിക്കാൻ തക്കവണ്ണം പിതാവിനാൽ ബഹുമാനിക്കപ്പെടുന്നതിന്റെ പ്രതിഫലമാണ്‌.

താൻ അനുഭവിപ്പാനിരിക്കുന്ന വലിയ കഷ്ടപ്പാടും വേദനാജനകമായ മരണവും മനസ്സിൽ കണ്ടുകൊണ്ട്‌ യേശു ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഇപ്പോൾ എന്റെ ദേഹി അസ്വസ്ഥമായിരിക്കുന്നു, ഞാൻ എന്തു പറയേണ്ടു? പിതാവേ ഈ നാഴികയിൽ നിന്ന്‌ എന്നെ രക്ഷിക്കണമേ.” തനിക്ക്‌ സംഭവിക്കാനിരിക്കുന്നത്‌ ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! എന്നാൽ ഇല്ല, അവൻ പറയുന്നു: “ഇതിനായിട്ടാകുന്നു, ഞാൻ ഈ നാഴികയിലേക്ക്‌ വന്നിരിക്കുന്നത്‌.” തന്റെ സ്വന്തം ബലിമരണം ഉൾപ്പെടെ ദൈവത്തിന്റെ എല്ലാ ക്രമീകരണങ്ങളോടും യേശുവിന്‌ യോജിപ്പാണ്‌. മത്തായി 21:12, 13, 18, 19; മർക്കോസ്‌ 11:12-18; ലൂക്കോസ്‌ 19:45-48; യോഹന്നാൻ 12:20-27.

▪ അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നെങ്കിലും യേശു അത്തിപ്പഴം കാണാൻ പ്രതീക്ഷിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

▪ ആലയത്തിൽ വ്യാപാരം നടത്തുന്നവരെ യേശു “കൊളളക്കാർ” എന്ന്‌ വിളിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

▪ ഏതു വിധത്തിലാണ്‌ യേശു അഴിഞ്ഞുപോകുന്ന ഒരു ഗോതമ്പ്‌ മണി പോലെയായിരിക്കുന്നത്‌?

▪ തനിക്ക്‌ സംഭവിക്കാനിരിക്കുന്ന കഷ്ടപ്പാടിനെയും മരണത്തെയും സംബന്ധിച്ച്‌ യേശു എന്തു വിചാരിക്കുന്നു?