വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെളളിയാഴ്‌ച അടക്കപ്പെടുന്നു—ഞായറാഴ്‌ച ഒരു ശൂന്യമായ ശവകുടീരം

വെളളിയാഴ്‌ച അടക്കപ്പെടുന്നു—ഞായറാഴ്‌ച ഒരു ശൂന്യമായ ശവകുടീരം

അധ്യായം 127

വെളളിയാഴ്‌ച അടക്കപ്പെടുന്നു—ഞായറാഴ്‌ച ഒരു ശൂന്യമായ ശവകുടീരം

ഇപ്പോൾ വെളളിയാഴ്‌ച ഉച്ചകഴിഞ്ഞിരിക്കുന്നു, സൂര്യാസ്‌തമയത്തിങ്കൽ നീസാൻ 15-ലെ ശബ്ബത്ത്‌ ആരംഭിക്കും. യേശുവിന്റെ ശരീരം ചലനമററ്‌ സ്‌തംഭത്തിൽ തൂങ്ങിക്കിടക്കുന്നു. എന്നാൽ അവന്റെ ഇരുവശത്തുമുളള കൊളളക്കാർ ഇപ്പോഴും മരിച്ചിട്ടില്ല. വെളളിയാഴ്‌ച ഉച്ചകഴിഞ്ഞുളള സമയത്തെ ഒരുക്കനാൾ എന്നു വിളിച്ചിരിക്കുന്നു. കാരണം അപ്പോൾ ആളുകൾ ഭക്ഷണം തയ്യാറാക്കുകയും ശബ്ബത്ത്‌ കഴിയുന്നതുവരെ നീട്ടിവയ്‌ക്കാൻ വയ്യാത്ത അത്യാവശ്യ ജോലികൾ ചെയ്‌തു തീർക്കുകയും ചെയ്യുന്നു.

പെട്ടെന്നു തന്നെ ആരംഭിക്കാൻ പോകുന്ന ശബ്ബത്ത്‌ ഒരു സാധാരണ ശബ്ബത്ത്‌ (ആഴ്‌ചവട്ടത്തിലെ ഏഴാം ദിവസം) മാത്രമല്ല, അത്‌ ഒരു ഇരട്ട, അല്ലെങ്കിൽ “വലിയ” ശബ്ബത്താണ്‌. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഏഴുദിവസം ദീർഘിക്കുന്ന പെരുന്നാളിന്റെ ആദ്യദിവസമായ നീസാൻ 15 (അത്‌ ആഴ്‌ചവട്ടത്തിലെ ഏതു ദിവസമായിരുന്നാലും എല്ലായ്‌പ്പോഴും ഒരു ശബ്ബത്താണ്‌) ഒരു സാധാരണ ശബ്ബത്ത്‌ ദിവസവുമായി ഒത്തു വരുന്നതിനാലാണ്‌ അത്‌ അങ്ങനെ വിളിക്കപ്പെട്ടിരിക്കുന്നത്‌.

ദൈവത്തിന്റെ നിയമമനുസരിച്ച്‌ ശവശരീരങ്ങൾ രാത്രിയിൽ കഴുമരത്തിൽ തൂങ്ങിക്കിടക്കാൻ അനുവദിക്കരുത്‌. അതുകൊണ്ട്‌ വധശിക്ഷ അനുഭവിക്കുന്നവരുടെ കണങ്കാലുകൾ തകർത്ത്‌ അവർ വേഗം മരിക്കാൻ ഇടയാക്കണമെന്ന്‌ യഹൂദൻമാർ പീലാത്തൊസിനോട്‌ ആവശ്യപ്പെടുന്നു. അതുകൊണ്ട്‌ പടയാളികൾ കൊളളക്കാർ രണ്ടുപേരുടെയും കാലുകൾ ഒടിക്കുന്നു. എന്നാൽ യേശു മരിച്ചതായി കാണപ്പെടുന്നതിനാൽ അവന്റെ കാലുകൾ ഒടിക്കുന്നില്ല. അതിനാൽ “അവന്റെ അസ്ഥികളൊന്നും തകർക്കപ്പെട്ടില്ല” എന്ന തിരുവെഴുത്തിന്‌ നിവൃത്തി വന്നു.

എന്നിരുന്നാലും യേശു യഥാർത്ഥത്തിൽ മരിച്ചു എന്ന്‌ ഉറപ്പു വരുത്തുന്നതിന്‌ പടയാളികളിൽ ഒരുവൻ ഒരു കുന്തംകൊണ്ട്‌ അവന്റെ പാർശ്വത്ത്‌ കുത്തുന്നു. അത്‌ അവന്റെ ഹൃദയഭാഗത്ത്‌ തുളച്ചു കയറി, ഉടനെ മുറിവിൽ നിന്ന്‌ രക്തവും വെളളവും പുറത്തേക്ക്‌ ഒഴുകി. ഇതിന്‌ ദൃക്‌സാക്ഷിയായിരുന്ന അപ്പൊസ്‌തലനായ യോഹന്നാൻ ഇത്‌ മറെറാരു തിരുവെഴുത്ത്‌ നിവർത്തിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു: “അവർ കുത്തിത്തുളച്ചവങ്കലേക്ക്‌ അവർ നോക്കും.”

വധശിക്ഷ നടപ്പാക്കുന്നിടത്ത്‌ സൻഹെദ്രീമിലെ ഒരു പ്രശസ്‌ത അംഗവും അരിമഥ്യ എന്ന നഗരത്തിൽ നിന്നുളളവനുമായ യോസേഫും സന്നിഹിതനാണ്‌. യേശുവിനെതിരെയുളള അന്യായമായ നടപടിക്ക്‌ അനുകൂലമായി വോട്ട്‌ചെയ്യുന്നതിന്‌ അയാൾ വിസമ്മതിച്ചിരുന്നു. യോസേഫ്‌ യേശുവിന്റെ ഒരു ശിഷ്യനായി തന്നെത്തന്നെ തിരിച്ചറിയിക്കാൻ ഭയപ്പെട്ടിരുന്നെങ്കിലും അയാൾ വാസ്‌തവത്തിൽ ഒരു ശിഷ്യനായിരുന്നു. എന്നാൽ ഇപ്പോൾ ധൈര്യം പ്രകടമാക്കിക്കൊണ്ട്‌ യേശുവിന്റെ ശരീരം ചോദിച്ചു വാങ്ങാൻ അയാൾ പീലാത്തൊസിനെ സമീപിക്കുന്നു. പീലാത്തൊസ്‌ ചുമതലക്കാരനായ സൈനികോദ്യോഗസ്ഥനെ വിളിച്ചു വരുത്തി യേശു മരിച്ചു എന്ന്‌ അയാൾ ഉറപ്പു കൊടുത്തശേഷം ശരീരം വിട്ടുകൊടുക്കുന്നു.

യോസേഫ്‌ ശരീരമെടുത്ത്‌ അടക്കം ചെയ്യുന്നതിനുളള ഒരുക്കമായി അത്‌ വൃത്തിയുളള ശണവസ്‌ത്രത്തിൽ പൊതിയുന്നു. സൻഹെദ്രീമിലെ മറെറാരു അംഗമായ നിക്കോദേമൊസ്‌ അതിന്‌ അയാളെ സഹായിക്കുന്നു. നിക്കോദേമൊസും തന്റെ സ്ഥാനം നഷ്ടമാകുന്നതിനെപ്പററിയുളള ഭയം നിമിത്തം യേശുവിലുളള വിശ്വാസം ഏററു പറയുന്നതിൽ പരാജയപ്പെട്ട ഒരാളാണ്‌. എന്നാൽ ഇപ്പോൾ അയാൾ ഏകദേശം നൂറു റാത്തൽ (33 കിലോഗ്രാം) മീറയും വിലകൂടിയ അകിലും ഉൾക്കൊളളുന്ന ഒരു കെട്ടുമായി വരുന്നു. യഹൂദൻമാർ ശരീരം സംസ്‌ക്കാരത്തിന്‌ ഒരുക്കുന്ന രീതിയിൽ യേശുവിന്റെ ശരീരം ഈ സുഗന്ധകൂട്ടുകൾ ഇട്ട്‌ തുണിയിൽ പൊതിയുന്നു.

അതിനുശേഷം ശരീരം അടുത്തുളള തോട്ടത്തിൽ യോസേഫിന്റെതായി പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു പുതിയ സ്‌മാരകകല്ലറയിൽ അടക്കം ചെയ്യുന്നു. അവസാനം ഒരു വലിയ കല്ല്‌ ഉരുട്ടിവച്ച്‌ കല്ലറയുടെ വാതിൽ അടക്കുന്നു. ശബ്ബത്തിനു മുൻപ്‌ ശവം മറവു ചെയ്യാൻവേണ്ടി ഈ ഒരുക്കങ്ങളെല്ലാം വളരെ ധൃതഗതിയിലാണ്‌ ചെയ്യപ്പെടുന്നത്‌. അതുകൊണ്ട്‌ ഒരുപക്ഷേ ഈ ഒരുക്കത്തിന്‌ സഹായിച്ച മഗ്‌ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെ അമ്മയായ മറിയയും കൂടുതൽ സുഗന്ധങ്ങളും വാസനതൈലങ്ങളും തയ്യാറാക്കുന്നതിനുവേണ്ടി വേഗം വീട്ടിലേക്ക്‌ പോകുന്നു. ശരീരം കൂടുതൽ നാളത്തേക്ക്‌ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയേണ്ടതിന്‌ ശബ്ബത്ത്‌ കഴിഞ്ഞ്‌ ശരീരത്തിന്‌ കൂടുതലായ ചില പരിചരണങ്ങൾ നൽകാൻ അവർ ആസൂത്രണം ചെയ്യുന്നു.

പിറേറന്ന്‌ ശനിയാഴ്‌ച (ശബ്ബത്ത്‌) മുഖ്യപുരോഹിതൻമാരും പരീശൻമാരും പീലാത്തൊസിന്റെയടുക്കൽ ചെന്ന്‌ ഇങ്ങനെ പറയുന്നു: “യജമാനനെ, ഈ വഞ്ചകൻ ജീവനോടിരുന്നപ്പോൾ, ‘മൂന്നുദിവസം കഴിഞ്ഞ്‌ ഞാൻ ഉയർത്തെഴുന്നേൽക്കും,’ എന്ന്‌ പറഞ്ഞതായി ഞങ്ങൾ ഓർക്കുന്നു. അതുകൊണ്ട്‌ മൂന്നുദിവസം കഴിയും വരെ ശവക്കല്ലറ കാക്കാൻ കൽപ്പന കൊടുത്താലും, അല്ലാഞ്ഞാൽ അവന്റെ ശിഷ്യൻമാർ വന്ന്‌ അവനെ കട്ടുകൊണ്ട്‌ പോകയും ‘അവൻ മരിച്ചവരുടെയിടയിൽ നിന്ന്‌ ഉയർത്തിരിക്കുന്നു!’ എന്ന്‌ ജനങ്ങളോട്‌ പറയുകയും ഒടുവിലത്തെ ചതി മുമ്പത്തേതിലും വഷളായിത്തീരുകയും ചെയ്യും.”

“നിങ്ങൾക്ക്‌ കാവൽപ്പട്ടാളം ഉണ്ടല്ലോ,” പീലാത്തൊസ്‌ ഉത്തരമായി പറയുന്നു. “പോയി നിങ്ങൾക്ക്‌ കഴിയുന്നതുപോലെയെല്ലാം കാത്തുകൊളളുക.” അതുകൊണ്ട്‌ അവർ പോയി കല്ലിനു മുദ്രവയ്‌ക്കുകയും റോമൻ പടയാളികളെ കാവൽനിർത്തുകയും ചെയ്‌തു.

ഞായറാഴ്‌ച അതിരാവിലെ മഗ്‌ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെ അമ്മ മറിയയും ശലോമയും യോഹന്നായും മററു സ്‌ത്രീകളും യേശുവിന്റെ ശരീരത്തിൽ പൂശേണ്ടതിന്‌ സുഗന്ധകൂട്ടുകളുമായി വന്നു. “കല്ലറയുടെ വാതിൽക്കലെ കല്ല്‌ നമുക്കുവേണ്ടി ആര്‌ ഉരുട്ടിമാററും?” എന്ന്‌ വഴിയിൽവച്ച്‌ അവർ പരസ്‌പരം പറഞ്ഞു. എന്നാൽ സ്ഥലത്ത്‌ എത്തിയപ്പോൾ ഒരു ഭൂചലനം ഉണ്ടായതായും യഹോവയുടെ ദൂതൻ കല്ല്‌ ഉരുട്ടിമാററിയിരിക്കുന്നതായും അവർ കാണുന്നു. കാവൽക്കാർ പോയിരിക്കുന്നു, കല്ലറ ഒഴിഞ്ഞു കിടക്കുന്നു! മത്തായി 27: 57–28:2; മർക്കോസ്‌ 15:42–16:4; ലൂക്കോസ്‌ 23:50–24:3, 10; യോഹന്നാൻ 19:14, യോഹന്നാൻ 19:31–20:1; യോഹന്നാൻ 12:42; ലേവ്യാപുസ്‌തകം 23:5-7; ആവർത്തനം 21:22, 23; സങ്കീർത്തനം 34:20; സെഖര്യാവ്‌ 12:10.

▪ വെളളിയാഴ്‌ച ഒരുക്കനാൾ എന്ന്‌ വിളിക്കപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌, ഒരു “വലിയ” ശബ്ബത്ത്‌ എന്താണ്‌?

▪ യേശുവിന്റെ ശരീരത്തോടുളള ബന്ധത്തിൽ ഏതു തിരുവെഴുത്തുകൾ നിവൃത്തിയാകുന്നു?

▪ യോസേഫും നിക്കോദേമൊസും യേശുവിന്റെ ശവസംസ്‌ക്കാരം സംബന്ധിച്ച്‌ എന്തു ചെയ്യുന്നു, അവർക്ക്‌ യേശുവുമായി എന്തു ബന്ധമാണുളളത്‌?

▪ പുരോഹിതൻമാർ പീലാത്തൊസിനോട്‌ എന്ത്‌ അഭ്യർത്ഥന നടത്തുന്നു, അയാൾ എങ്ങനെ പ്രതികരിക്കുന്നു?

▪ ഞായറാഴ്‌ച പ്രഭാതത്തിൽ എന്തു സംഭവിക്കുന്നു?