വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശബ്ബത്തിൽ കതിർ പറിക്കുന്നു

ശബ്ബത്തിൽ കതിർ പറിക്കുന്നു

അധ്യായം 31

ശബ്ബത്തിൽ കതിർ പറിക്കുന്നു

പെട്ടെന്നു തന്നെ യേശുവും അവന്റെ ശിഷ്യൻമാരും ഗലീലയ്‌ക്കു മടങ്ങാൻ യെരൂശലേം വിടുന്നു. ഇത്‌ വയലുകൾ കതിരുകളാൽ നിറഞ്ഞിരിക്കുന്ന വസന്തകാലമാണ്‌. ശിഷ്യൻമാർ വിശന്നിരുന്നതിനാൽ അവർ കതിർ പറിച്ച്‌ തിന്നുതുടങ്ങി. അത്‌ ശബ്ബത്തു ദിവസമായിരുന്നതിനാൽ അവരുടെ പ്രവർത്തനം നിരീക്ഷിക്കപ്പെടാതെ പോയില്ല.

യെരൂശലേമിലെ മതനേതാക്കൾ ശബ്ബത്തു ലംഘനം നിമിത്തം യേശുവിനെ കൊല്ലാൻ ശ്രമിച്ചതേയുളളു. ഇപ്പോൾ പരീശൻമാർ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ കുററം ആരോപിക്കുന്നു: “നോക്കൂ! നിന്റെ ശിഷ്യൻമാർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നു.”

ഭക്ഷിക്കുന്നതിനുവേണ്ടി കതിർ പറിച്ച്‌ കയ്യിലിട്ട്‌ തിരുമ്മുന്നത്‌ കൊയ്‌ത്തും മെതിയുമാണെന്ന്‌ പരീശൻമാർ അവകാശപ്പെടുന്നു. വേലയെക്കുറിച്ചുളള അവരുടെ കർക്കശമായ വ്യാഖ്യാനം ശബ്ബത്തിനെ ഭാരമുളളതാക്കിത്തീർത്തു. അതേസമയം ശബ്ബത്ത്‌ സന്തോഷത്തിന്റെയും ആത്മീയ പോഷണത്തിന്റെയും സമയമായിരിക്കേണ്ടിയിരുന്നു. അതുകൊണ്ട്‌ യഹോവയാം ദൈവം തന്റെ ശബ്ബത്തു നിയമം ഇതേ വിധത്തിൽ കർശനമായി ബാധകമാക്കാൻ ഒരിക്കലും ഉദ്ദേശിച്ചില്ലെന്നു കാണിക്കാൻ യേശു തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നു.

വിശന്നപ്പോൾ ദാവീദും അവന്റെ ആളുകളും സമാഗമനകൂടാരത്തിൽ കടന്ന്‌ കാഴ്‌ചയപ്പം തിന്നു. അതിനു മുമ്പുതന്നെ അപ്പം യഹോവയുടെ സന്നിധാനത്തിൽ നിന്ന്‌ നീക്കി പുതിയവ പ്രതിഷ്‌ഠിച്ചെങ്കിലും അവ പുരോഹിതൻമാർക്ക്‌ ഭക്ഷിക്കുന്നതിനുവേണ്ടി മാററി വെച്ചിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ ദാവീദും അവന്റെ ആളുകളും അവ ഭക്ഷിച്ചതു നിമിത്തം കുററംവിധിക്കപ്പെട്ടില്ല.

മറെറാരുദാഹരണം നൽകിക്കൊണ്ട്‌ യേശു ഇപ്രകാരം പറയുന്നു: “ശബ്ബത്തിൽ പുരോഹിതൻമാർ ആലയത്തിൽവച്ച്‌ ശബ്ബത്തിനെ വിശുദ്ധമായി കരുതുന്നില്ലെങ്കിലും കുററമില്ലാതിരിക്കുന്നു എന്ന്‌ നിങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?” അതെ, ശബ്ബത്തിൽ പോലും പുരോഹിതൻമാർ മൃഗബലികൾ ഒരുക്കുന്നതിനുവേണ്ടി ആലയത്തിൽ മൃഗങ്ങളെ അറക്കുകയും മററു വേലകൾ ചെയ്യുകയും ചെയ്യുന്നു! “എന്നാൽ ആലയത്തേക്കാൾ വലിയവൻ ഇവിടെയുണ്ട്‌ എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു” എന്ന്‌ യേശു കൂട്ടിച്ചേർക്കുന്നു.

പരീശൻമാരെ ശാസിച്ചുകൊണ്ട്‌ യേശു തുടർന്നു: “‘എനിക്ക്‌ വേണ്ടത്‌ യാഗമല്ല. കരുണയാണ്‌,’ എന്നതിന്റെ അർത്ഥം നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ കുററമില്ലാത്തവരെ വിധിക്കയില്ലായിരുന്നു.” അവൻ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ ഉപസംഹരിക്കുന്നു: “മനുഷ്യപുത്രനോ ശബ്ബത്തിനു കർത്താവാകുന്നു.” യേശു അതിനാൽ എന്താണ്‌ അർത്ഥമാക്കുന്നത്‌? യേശു തന്റെ സമാധാനപൂർണ്ണമായ ആയിരംവർഷ രാജവാഴ്‌ചയെ പരാമർശിക്കുകയായിരുന്നു.

മനുഷ്യവർഗ്ഗം 6,000 വർഷമായി പിശാചായ സാത്താന്റെ അധീനത്തിൽ ക്ലേശകരമായ അടിമത്വം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അക്രമവും യുദ്ധവും ഒരു നിരന്തര സംഭവമായിരുന്നു. എന്നാൽ ക്രിസ്‌തുവിന്റെ വലിയ ശബ്ബത്തു വാഴ്‌ച അത്തരം കഷ്ടപ്പാടുകളിൽനിന്നും അനീതിയിൽ നിന്നുമുളള വിശ്രമത്തിന്റെ ഒരു സമയമായിരിക്കും. മത്തായി 12:1-8; ലേവ്യപുസ്‌തകം 24:5-9; 1 ശമുവേൽ 21:1-6; സംഖ്യാപുസ്‌തകം 28:9; ഹോശയാ 6:6.

▪ യേശുവിന്റെ ശിഷ്യൻമാർക്കെതിരെ എന്ത്‌ കുററമാരോപിക്കുന്നു, യേശു അതിന്‌ ഉത്തരം കൊടുത്തതെങ്ങനെ?

▪ പരീശൻമാരുടെ ഏതു വീഴ്‌ച യേശു തിരിച്ചറിയിക്കുന്നു?

▪ യേശു “ശബ്ബത്തിന്‌ കർത്താവായിരിക്കുന്നത്‌” ഏതു വിധത്തിൽ?