വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശബ്ബത്തിൽ വിഹിതമായിരിക്കുന്നതെന്ത്‌?

ശബ്ബത്തിൽ വിഹിതമായിരിക്കുന്നതെന്ത്‌?

അധ്യായം 32

ശബ്ബത്തിൽ വിഹിതമായിരിക്കുന്നതെന്ത്‌?

മറെറാരു ശബ്ബത്തിലാണ്‌ യേശു ഗലീലക്കടലിനടുത്തുളള ഒരു സിന്നഗോഗ്‌ സന്ദർശിക്കുന്നത്‌. വരണ്ട വലതുകൈയുളള ഒരു മനുഷ്യൻ അവിടെയുണ്ട്‌. യേശു അവനെ സുഖപ്പെടുത്തുമോ എന്നറിയാൻ ശാസ്‌ത്രിമാരും പരീശൻമാരും അടുത്ത്‌ നിരീക്ഷിക്കുന്നു. അന്തിമമായി അവർ ചോദിക്കുന്നു: “ശബ്ബത്തിൽ സൗഖ്യമാക്കുന്നത്‌ വിഹിതമോ?”

ജീവൻ അപകടത്തിലാണെങ്കിൽ മാത്രം ശബ്ബത്തിൽ സുഖപ്പെടുത്തുന്നത്‌ വിഹിതമാണെന്ന്‌ യഹൂദമതനേതാക്കൾ വിശ്വസിക്കുന്നു. ഉദാഹരണത്തിന്‌, ശബ്ബത്തുദിവസം ഉളുക്ക്‌ വച്ചുകെട്ടുന്നതോ അസ്ഥിപിടിച്ചിടുന്നതോ വിഹിതമല്ലെന്ന്‌ അവർ പഠിപ്പിക്കുന്നു. അതുകൊണ്ട്‌ യേശുവിൽ കുററമാരോപിക്കുന്നതിനുവേണ്ടി ശാസ്‌ത്രിമാരും പരീശൻമാരും അവനെ ചോദ്യം ചെയ്യുന്നു.

എന്നാൽ യേശുവിന്‌ അവരുടെ ന്യായങ്ങൾ അറിയാം. അതേസമയം, വേലയെ തടയുന്ന ശബ്ബത്തു വ്യവസ്ഥയുടെ ലംഘനത്തിൽ ഉൾപ്പെടുന്നവ സംബന്ധിച്ച്‌ അവർ അതിരുകടന്ന തിരുവെഴുത്തു വിരുദ്ധമായ ഒരു വീക്ഷണം കൈക്കൊണ്ടിട്ടുണ്ടെന്നും അവനറിയാം. അതുകൊണ്ട്‌ വരണ്ട കൈയുളള മനുഷ്യനോട്‌ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു നാടകീയമായ ഒരു ഏററുമുട്ടലിനുളള കളമൊരുക്കുന്നു: “എഴുന്നേററ്‌ നടുവിലേക്ക്‌ വരിക.”

ഇപ്പോൾ ശാസ്‌ത്രിമാരിലേക്കും പരീശൻമാരിലേക്കും തിരിഞ്ഞ്‌ യേശു ഇപ്രകാരം പറയുന്നു: “നിങ്ങളിൽ ഒരുത്തന്‌ ഒരാടുണ്ടെങ്കിൽ അത്‌ ശബ്ബത്തിൽ ഒരു കുഴിയിൽ വീണാൽ അതിനെ പിടിച്ചു കയററാത്തവൻ ആരുളളു?” ആട്‌ ഒരു സമ്പാദ്യമായിരിക്കുന്നതിനാൽ അവർ അതിനെ പിറേറദിവസം വരെ കുഴിയിൽ ഇട്ടേക്കുകയില്ല. അല്ലെങ്കിൽ, ഒരുപക്ഷേ അതിന്‌ രോഗം പിടിച്ച്‌ അതിന്റെ വില കുറഞ്ഞേക്കാം. മാത്രമല്ല, തിരുവെഴുത്തുകൾ ഇപ്രകാരം പറയുന്നു: “നീതിമാൻ തന്റെ വീട്ടുമൃഗത്തിന്റെ ജീവനെ കാക്കുന്നു.”

ഒരു സാമ്യത്തിലേക്ക്‌ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്‌ യേശു തുടരുന്നു: “എല്ലാ പ്രകാരത്തിലും ഒരു മനുഷ്യൻ ഒരാടിനെക്കാൾ എത്രയോ വിശേഷതയുളളവൻ ആണ്‌! ആകയാൽ ശബ്ബത്തിൽ നൻമചെയ്യുന്നത്‌ വിഹിതം.” അത്തരം കരുണാർദ്രമായ ന്യായവാദങ്ങളെ ഖണ്ഡിക്കാൻ കഴിയാത്തതിനാൽ മതനേതാക്കൾ മിണ്ടാതിരിക്കുന്നു.

അവരുടെ വിട്ടുമാറാത്ത ഭോഷത്വം നിമിത്തം യേശു രോഷത്തോടും ദുഃഖത്തോടും കൂടെ ചുററും നോക്കുന്നു. അതിനുശേഷം അവൻ ആ മനുഷ്യനോട്‌ ഇപ്രകാരം പറയുന്നു: “നിന്റെ കൈ നീട്ടുക.” അവൻ കൈ നീട്ടി, അവന്റെ കൈ സൗഖ്യമായി.

ആ മമനുഷ്യന്റെ കൈ സൗഖ്യമായതിൽ സന്തോഷിക്കാതെ, പരീശൻമാർ യേശുവിനെ കൊല്ലുന്നതിനുവേണ്ടി ഹെരോദാവിന്റെ പാർട്ടിക്കാരുമായി ആലോചന കഴിക്കാൻ പുറപ്പെട്ടുപോകുന്നു. ഈ രാഷ്‌ട്രീയ പാർട്ടിയിൽ സ്‌പഷ്ടമായും സദൂക്യ മതാംഗങ്ങളും ഉൾപ്പെടുന്നു. സാധാരണയായി, ഈ രാഷ്‌ട്രീയ പാർട്ടിയും പരീശൻമാരും പരസ്‌പരം പരസ്യമായി എതിർക്കുന്നവരാണ്‌. എന്നാൽ യേശുവിനെ എതിർക്കുന്നതിൽ അവർ തികച്ചും ഐക്യത്തിലാണ്‌. മത്തായി 12:9-14; മർക്കോസ്‌ 3:1-6; ലൂക്കോസ്‌ 6:6-11; സദൃശവാക്യങ്ങൾ 12:10; പുറപ്പാട്‌ 20:8-10.

▪ യേശുവും യഹൂദ മതനേതാക്കളും തമ്മിലുളള നാടകീയമായ ഏററുമുട്ടലിനുളള പശ്ചാത്തലമെന്ത്‌?

▪ ശബ്ബത്തിൽ സൗഖ്യമാക്കുന്നതു സംബന്ധിച്ച്‌ ഈ യഹൂദ മതനേതാക്കൻമാർ എന്ത്‌ വിശ്വസിക്കുന്നു?

▪ അവരുടെ തെററായ വീക്ഷണങ്ങളെ ഖണ്ഡിക്കാൻ യേശു ഏത്‌ ദൃഷ്ടാന്തം ഉപയോഗിച്ചു?