വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശബ്ബത്തിൽ സൽപ്രവൃത്തികൾ ചെയ്യുന്നു

ശബ്ബത്തിൽ സൽപ്രവൃത്തികൾ ചെയ്യുന്നു

അധ്യായം 29

ശബ്ബത്തിൽ സൽപ്രവൃത്തികൾ ചെയ്യുന്നു

ഇത്‌ പൊ. യു. 31-ലെ വസന്തകാലമാണ്‌. യേശു യഹൂദയിൽനിന്ന്‌ ഗലീലയിലേക്ക്‌ പോകവെ ശമര്യയിലെ കിണററിങ്കൽ വച്ച്‌ സ്‌ത്രീയോട്‌ സംസാരിച്ചശേഷം ചില മാസങ്ങൾ പിന്നിട്ടിരിക്കുന്നു.

ഗലീലയിലെമ്പാടും ഉപദേശിച്ചശേഷം യേശു വീണ്ടും യഹൂദ്യയിലേക്ക്‌ പോകുന്നു. അവൻ അവിടെയുളള സിന്നഗോഗുകളിൽ പ്രസംഗിക്കുന്നു. അവന്റെ ഗലീലയിലെ ശുശ്രൂഷയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സന്ദർശനവേളയിലും തലേവർഷത്തെ പെസഹക്കു ശേഷം അവൻ ചെലവഴിച്ച മാസങ്ങളിലും ഉളള യഹൂദ്യയിലെ അവന്റെ പ്രവർത്തനത്തെക്കുറിച്ച്‌ ബൈബിൾ അൽപ്പമേ പറയുന്നുളളു. പ്രസ്‌പഷ്ടമായി, യഹൂദ്യയിലെ അവന്റെ ശുശ്രൂഷയ്‌ക്ക്‌ ഗലീലയിൽ ലഭിച്ചതുപോലെ അനുകൂലമായ ഒരു പ്രതികരണം ലഭിച്ചില്ല.

താമസിയാതെ യേശു പൊ. യു. 31-ലെ പെസഹായ്‌ക്കുവേണ്ടി യഹൂദ്യയുടെ പ്രമുഖ നഗരമായ യെരൂശലേമിലേക്ക്‌ പോകുന്നു. ഇവിടെ, നഗരത്തിന്റെ ആട്ടുവാതിൽക്കൽ, ബേഥ്‌സദാ എന്ന കുളം ഉണ്ട്‌. അവിടെ അനേകം വ്യാധിക്കാരും കുരുടരും മുടന്തരും വരുന്നുണ്ട്‌. വെളളം കലങ്ങുമ്പോൾ ഈ കുളത്തിലെ വെളളത്തിലിറങ്ങിയാൽ ആളുകൾ സുഖപ്പെടുമെന്ന്‌ അവർ വിശ്വസിക്കുന്നു.

ഇത്‌ ശബ്ബത്തുദിവസമാണ്‌. യേശു 38 വർഷമായി രോഗിയായിരിക്കുന്ന ഒരു മനുഷ്യനെ കുളത്തിങ്കൽ കാണുന്നു. ദീർഘകാലമായുളള ആ മമനുഷ്യന്റെ രോഗത്തെക്കുറിച്ച്‌ മനസ്സിലാക്കിക്കൊണ്ട്‌ യേശു ഇപ്രകാരം ചോദിക്കുന്നു: “നിനക്ക്‌ സൗഖ്യമാകണമോ?”

“യജമാനനേ വെളളം കലങ്ങുമ്പോൾ എന്നെ കുളത്തിലാക്കുവാൻ എനിക്കാരുമില്ല, ഞാൻ തന്നെ ചെല്ലുമ്പോൾ മറെറാരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു” എന്ന്‌ അവൻ ഉത്തരം പറയുന്നു.

“എഴുന്നേററ്‌ നിന്റെ കിടക്കയെടുത്ത്‌ നടക്ക” എന്ന്‌ യേശു അവനോട്‌ പറയുന്നു. ഉടൻതന്നെ ആ മനുഷ്യൻ സൗഖ്യം പ്രാപിച്ച്‌ അവന്റെ കിടക്കയെടുത്ത്‌ നടക്കുന്നു!

എന്നാൽ യഹൂദൻമാർ ആ മനുഷ്യനെ കാണുമ്പോൾ ഇപ്രകാരം പറയുന്നു: “ഇന്ന്‌ ശബ്ബത്താണ്‌. ഇന്ന്‌ കിടക്കയെടുക്കുന്നത്‌ നിനക്ക്‌ വിഹിതമല്ല.”

“എന്നെ സൗഖ്യമാക്കിയവൻ ‘നിന്റെ കിടക്കയെടുത്തു നടക്ക’ എന്ന്‌ എന്നോടു പറഞ്ഞു” എന്ന്‌ ആ മനുഷ്യൻ അവരോടുത്തരം പറഞ്ഞു.

“‘കിടക്കയെടുത്തു നടക്കാൻ’ നിന്നോടു പറഞ്ഞ മനുഷ്യൻ ആരാണ്‌?” അവർ ചോദിക്കുന്നു. പുരുഷാരം നിമിത്തം യേശു മറെറാരു ഭാഗത്തേക്ക്‌ മാറിയതിനാൽ സൗഖ്യം പ്രാപിച്ചവൻ യേശുവിന്റെ പേര്‌ അറിഞ്ഞിരുന്നില്ല. എന്നിരുന്നാലും പിന്നീട്‌, യേശുവും ആ മനുഷ്യനും ആലയത്തിൽ വച്ച്‌ കണ്ടുമുട്ടുന്നു, തന്നെ സൗഖ്യമാക്കിയവൻ ആരെന്ന്‌ ആ മനുഷ്യൻ ഗ്രഹിക്കുന്നു.

അങ്ങനെ, തന്നെ സൗഖ്യമാക്കിയവൻ യേശുവാണെന്ന്‌ സൗഖ്യംപ്രാപിച്ചവൻ യഹൂദൻമാരോടു പറയുന്നു. ഇത്‌ മനസ്സിലാക്കവെ, യഹൂദൻമാർ യേശുവിനെ സമീപിക്കുന്നു. എന്തിനുവേണ്ടി? അവൻ ഈ അത്ഭുതകാര്യങ്ങൾ ചെയ്യുന്നതെങ്ങനെയെന്നറിയുവാനാണോ? അല്ല. പ്രത്യുത, അവൻ ശബ്ബത്തിൽ ഇക്കാര്യങ്ങൾ ചെയ്യുന്നതിനാൽ അവനിൽ കുററം കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ്‌. അവർ അവനെ പീഡിപ്പിക്കുന്നതിനുപോലും തുടങ്ങുന്നു! ലൂക്കോസ്‌ 4:44; യോഹന്നാൻ 5:1-16.

▪ യേശുവിന്റെ മുൻയഹൂദ്യാ സന്ദർശനത്തിനുശേഷം എത്രനാൾ പിന്നിട്ടിരിക്കുന്നു?

▪ ബേഥ്‌സദാ കുളം വളരെ പ്രശസ്‌തമായിരിക്കുന്നതെന്തുകൊണ്ട്‌?

▪ യേശു കുളത്തിങ്കൽ എന്തത്ഭുതം ചെയ്യുന്നു, യഹൂദൻമാരുടെ പ്രതികരണമെന്തായിരുന്നു?