ശിഷ്യത്വത്തിന്റെ ഉത്തരവാദിത്വം
അധ്യായം 84
ശിഷ്യത്വത്തിന്റെ ഉത്തരവാദിത്വം
പ്രത്യക്ഷത്തിൽ സൻഹെദ്രീമിലെ ഒരംഗമായ പരീശപ്രമാണിയുടെ ഭവനം വിട്ടശേഷം യേശു യെരൂശലേമിലേക്കുളള തന്റെ യാത്ര തുടരുന്നു. വലിയൊരു ജനക്കൂട്ടം അവനെ പിന്തുടരുന്നു. എന്നാൽ എന്തിനുവേണ്ടി? ഒരു യഥാർത്ഥ അനുഗാമിയായിരിക്കുന്നതിൽ വാസ്‌തവത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
അവർ യാത്ര തുടരവെ ഇപ്രകാരം പറഞ്ഞുകൊണ്ട് യേശു ഒരുപക്ഷേ ജനക്കൂട്ടത്തെ ഞെട്ടിക്കുന്നു: “ആരെങ്കിലും എന്റെ പിന്നാലെ വന്നിട്ട് അവൻ തന്റെ അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരൻമാരെയും സഹോദരിമാരെയും അതെ, തന്റെ സ്വന്തം ദേഹിയെപ്പോലും ദ്വേഷിക്കുന്നില്ല എങ്കിൽ അവന് എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല.”
യേശു എന്താണ് അർത്ഥമാക്കുന്നത്? തന്റെ അനുയായികൾ അക്ഷരാർത്ഥത്തിൽ അവരുടെ ബന്ധുക്കളെ ദ്വേഷിക്കണമെന്നല്ല യേശു ഇവിടെ പറയുന്നത്. മറിച്ച് അവർ ബന്ധുക്കളെ യേശുവിനെ സ്‌നേഹിക്കുന്നതിനേക്കാൾ കുറച്ചുമാത്രം സ്‌നേഹിക്കണം എന്ന അർത്ഥത്തിലാണ് അവരെ ദ്വേഷിക്കേണ്ടത്. യേശുവിന്റെ പൂർവ്വപിതാവായ യാക്കോബ് ലേയായെ “ദ്വേഷിച്ചു”വെന്നും റാഹേലിനെ സ്‌നേഹിച്ചുവെന്നും പറയപ്പെട്ടിരിക്കുന്നു. അതിന്റെ അർത്ഥം ലേയ അവളുടെ സഹോദരിയായ റാഹേലിനേക്കാൾ കുറച്ചുമാത്രമെ സ്‌നേഹിക്കപ്പെട്ടുളളു എന്നാണ്.
ഒരു ശിഷ്യൻ “തന്റെ സ്വന്തം ദേഹിയെ” ജീവനെപ്പോലും ദ്വേഷിക്കണം എന്ന് യേശു പറഞ്ഞു എന്നത് പരിഗണിക്കുക. വീണ്ടും യേശു അർത്ഥമാക്കുന്നത് ഒരു യഥാർത്ഥ ശിഷ്യൻ യേശുവിനെ തന്റെ സ്വന്തം ജീവനെക്കാൾ അധികം സ്‌നേഹിക്കണം എന്നാണ്. അപ്രകാരം തന്റെ ഒരു ശിഷ്യനായിത്തീരുക എന്നത് ഗുരുതരമായ ഒരു ഉത്തരവാദിത്വമാണെന്ന് യേശു ഊന്നിപ്പറയുകയാണ്. അത് ശ്രദ്ധാപൂർവ്വകമായ പരിചിന്തനം കൂടാതെ ഏറെറടുക്കേണ്ട ഒന്നല്ല.
യേശു തുടർന്ന് സൂചിപ്പിക്കുന്നതുപോലെ അവന്റെ ഒരു ശിഷ്യനായിരിക്കുന്നതിൽ കഷ്ടപ്പാടും പീഡനവും ഉൾപ്പെട്ടിരിക്കുന്നു: “തന്റെ ദണ്ഡനസ്‌തംഭം എടുത്തുകൊണ്ട് എന്റെ പിന്നാലെ വരാത്ത യാതൊരുവനും എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല.” അപ്രകാരം ഒരു യഥാർത്ഥ ശിഷ്യൻ യേശു സഹിച്ച അതേ നിന്ദാഭാരം വഹിക്കാൻ തയ്യാറാകണം. ആവശ്യമെങ്കിൽ, യേശു പെട്ടെന്നുതന്നെ അനുഭവിക്കാനിരുന്നതുപോലെ, ദൈവത്തിന്റെ ശത്രുക്കളുടെ കൈയ്യാൽ മരിക്കുന്നതുപോലും അതിൽ ഉൾപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് ക്രിസ്‌തുവിന്റെ ഒരു ശിഷ്യനായിരിക്കുക എന്നത് അവനെ അനുഗമിക്കുന്ന ജനക്കൂട്ടം ശ്രദ്ധാപൂർവ്വം അപഗ്രഥിക്കേണ്ട ഒരു സംഗതിയാണ്. യേശു ഒരു ദൃഷ്ടാന്തത്തിലൂടെ ഈ വസ്‌തുതക്ക് ഊന്നൽ നൽകുന്നു. “ഉദാഹരണത്തിന്,” അവൻ പറയുന്നു, “ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്ന നിങ്ങളിൽ ആരാണ് തനിക്ക് അത് തീർപ്പാൻ വകയുണ്ടോ എന്നറിയേണ്ടതിന് ആദ്യം തന്നെ ഇരുന്നു കണക്കുകൂട്ടി നോക്കാത്തത്? അല്ലെങ്കിൽ അയാൾ അടിസ്ഥാനമിടുകയും പൂർത്തിക്കാൻ കഴിയാതെ വരികയും ചെയ്‌തിട്ട് ‘ഈ മനുഷ്യൻ പണിയാൻ തുടങ്ങി എന്നാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല’ എന്ന് പറഞ്ഞ് കാഴ്‌ചക്കാരെല്ലാം പരിഹസിക്കാൻ തുടങ്ങിയേക്കാം.”
അതുകൊണ്ട്, ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്ന മനുഷ്യൻ പണി തുടങ്ങുന്നതിനുമുമ്പുതന്നെ അത് പൂർത്തിയാക്കാൻ തനിക്കു വകയുണ്ടോ എന്ന് നിശ്ചയപ്പെടുത്തുന്നതുപോലെ തന്റെ ശിഷ്യനായിത്തീരുന്നവരും അതിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ തങ്ങൾക്ക് കഴിയും എന്ന് ദൃഢനിശ്ചയം ചെയ്‌തിരിക്കണം എന്ന് യേശു തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തിന് ഒരു ദൃഷ്ടാന്തത്തിലൂടെ കാണിച്ചു കൊടുക്കുകയാണ്. മറെറാരു ദൃഷ്ടാന്തം നൽകിക്കൊണ്ട് യേശു തുടരുന്നു:
“അല്ലെങ്കിൽ മറെറാരു രാജാവുമായി പടക്ക് പുറപ്പെടുന്ന ഏതൊരു രാജാവാണ് ഇരുപതിനായിരവുമായി തനിക്കെതിരെ വരുന്നവനെ നേരിടാൻ പതിനായിരവുമായി തനിക്കുകഴിയുമോ എന്ന് ഇരുന്ന് ആലോചന നടത്താത്തത്? വാസ്‌തവത്തിൽ അവന് അതിന് കഴിയുന്നില്ലെങ്കിൽ അയാൾ ദൂരത്തായിരിക്കുമ്പോൾതന്നെ സ്ഥാനാപതികളെ അയച്ച് സമാധാനത്തിനായി അപേക്ഷിക്കുന്നു.”
തുടർന്ന് യേശു ഇപ്രകാരം പറഞ്ഞുകൊണ്ട് തന്റെ ദൃഷ്ടാന്തങ്ങളുടെ ആശയം ദൃഢീകരിക്കുന്നു: “അങ്ങനെ നിങ്ങളിൽ ആരെങ്കിലും തനിക്കുളളതെല്ലാം വിട്ടുപിരിയുന്നില്ലെങ്കിൽ എന്റെ ശിഷ്യനായിരിക്കാൻ കഴിയുന്നതല്ല.” യേശുവിനെ അനുഗമിക്കുന്ന ജനക്കൂട്ടവും, അതെ, അവനെപ്പററി അറിയുന്ന ഏതൊരാളും അത് ചെയ്യാൻ മനസ്സുളളവരായിരിക്കണം. അവന്റെ ശിഷ്യൻമാരായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തങ്ങൾക്കുളളതെല്ലാം—വസ്‌തുവകകളും ജീവനുംകൂടെ—ബലിചെയ്യാൻ അവർ തയ്യാറാകണം. ഇത് ചെയ്യാൻ നിങ്ങൾ മനസ്സുളളവരാണോ?
“ഉപ്പ് തീർച്ചയായും നല്ലതാണ്,” യേശു തുടരുന്നു. തന്റെ ശിഷ്യൻമാർ “ഭൂമിയുടെ ഉപ്പാണ്” എന്ന് ഗിരിപ്രഭാഷണത്തിൽ അവൻ പറഞ്ഞു. അതിന്റെ അർത്ഥം അക്ഷരീയ ഉപ്പ് ഒരു സംരക്ഷക വസ്‌തുവായിരിക്കുന്നതുപോലെ തന്റെ ശിഷ്യൻമാർക്ക് ആളുകളുടെമേൽ ഒരു സംരക്ഷക സ്വാധീനമുണ്ട് എന്നാണ്. “എന്നാൽ ഉപ്പിന് അതിന്റെ ശക്തി നഷ്ടമായാലോ മറെറന്തിനാൽ അതിന് രസം വരുത്താൻ കഴിയും? അത് നിലത്തിനും വളത്തിനും കൊളളുകയില്ല,” യേശു പറഞ്ഞവസാനിപ്പിക്കുന്നു. “ആളുകൾ അത് പുറത്തു എറിഞ്ഞുകളയും. കേൾപ്പാൻ ചെവിയുളളവൻ കേൾക്കട്ടെ.”
കുറെക്കാലമായി തന്റെ ശിഷ്യൻമാരായിരുന്നവർപോലും ആ നിലയിൽ തുടരാനുളള അവരുടെ തീരുമാനത്തിൽ ബലഹീനരായിത്തീരരുത് എന്ന് യേശു കാണിച്ചു തരുന്നു. അങ്ങനെ ചെയ്‌താൽ അവർ ഒന്നിനും കൊളളാത്തവർ, ഈ ലോകത്തിന്റെ നിന്ദാപാത്രങ്ങളും ദൈവമുമ്പാകെ അയോഗ്യരും വാസ്‌തവത്തിൽ ദൈവത്തിന് നിന്ദ വരുത്തുന്നവരും ആയിത്തീരും. അങ്ങനെ വീര്യം നഷ്ടപ്പെട്ട, മലിനമാക്കപ്പെട്ട ഉപ്പുപോലെ അവർ പുറത്തു തളളപ്പെടും, അതെ നശിപ്പിക്കപ്പെടും. ലൂക്കോസ് 14:25-35; ഉൽപ്പത്തി 29:30-33; മത്തായി 5:13.
▪ ഒരുവന്റെ ബന്ധുക്കളെയും തന്നെത്തന്നെയും “ദ്വേഷിക്കുക” എന്നതിന്റെ അർത്ഥമെന്ത്?
▪ യേശു ഏത് രണ്ട് ദൃഷ്ടാന്തങ്ങൾ നൽകുന്നു, അവയുടെ അർത്ഥമെന്ത്?
▪ ഉപ്പിനെ സംബന്ധിച്ച യേശുവിന്റെ ഉപസംഹാര വാക്കുകളുടെ അർത്ഥമെന്ത്?