വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശീമോന്റെ ഭവനത്തിൽ

ശീമോന്റെ ഭവനത്തിൽ

അധ്യായം 101

ശീമോന്റെ ഭവനത്തിൽ

യെരീഹോ വിട്ട്‌ യേശു ബെഥനിയിലേക്ക്‌ പോകുന്നു. ആ യാത്രക്ക്‌ ഒരു ദിവസത്തിന്റെ ഭൂരിഭാഗവും വേണ്ടി വരുന്നു, കാരണം അത്‌ പ്രയാസകരമായ വഴിയിലൂടെയുളള ഒരു 19 കിലോമീററർ കയററമാണ്‌. യെരീഹോ സമുദ്രനിരപ്പിൽ നിന്ന്‌ ഏതാണ്ട്‌ 250 മീററർ താഴെയാണ്‌, ബെഥനിയാകട്ടെ സമുദ്രനിരപ്പിൽ നിന്ന്‌ ഏതാണ്ട്‌ 760 മീററർ ഉയരത്തിലും. ബെഥനി ലാസറിന്റെയും അവന്റെ സഹോദരിമാരുടെയും വാസസ്ഥലമാണെന്നത്‌ നിങ്ങൾ ഓർമ്മിക്കുന്നുണ്ടായിരിക്കുമല്ലോ. ഒലിവ്‌ മലയുടെ കിഴക്കേ ചെരിവിലുളള ഈ കൊച്ചുഗ്രാമം യെരൂശലേമിൽ നിന്ന്‌ ഏതാണ്ട്‌ മൂന്ന്‌ കിലോമീററർ അകലെയാണ്‌.

പെസഹാപ്പെരുന്നാളിന്‌ അനേകർ യെരൂശലേമിൽ എത്തിച്ചേർന്നിരിക്കുന്നു. ആചാരപരമായി തങ്ങളെത്തന്നെ ശുദ്ധരാക്കുന്നതിന്‌ അവരിൽ പലരും നേരത്തെ തന്നെ വന്നെത്തിയിരിക്കുന്നു. ഒരുപക്ഷേ അവർ ഒരു ശവത്തെ തൊടുകയോ അല്ലെങ്കിൽ തങ്ങളെ അശുദ്ധരാക്കാവുന്ന മറെറന്തെങ്കിലും ചെയ്യുകയോ ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ട്‌ സ്വീകാര്യമായ രീതിയിൽ പെസഹാ ആഘോഷിക്കാൻ കഴിയേണ്ടതിന്‌ തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതിന്‌ ആവശ്യമായ നടപടികൾ അവർ സ്വീകരിക്കുന്നു. നേരത്തെ എത്തിയവർ ആലയത്തിൽ സമ്മേളിക്കുമ്പോൾ യേശു പെസഹാക്ക്‌ വന്നെത്തുമോ എന്ന്‌ അനേകർ ചിന്തിക്കുന്നു.

യേശു ഇപ്പോൾ യെരൂശലേമിൽ ഒരു വിവാദപുരുഷനാണ്‌. അവനെ പിടികൂടി വധിക്കാൻ മതനേതാക്കൻമാർ ആഗ്രഹിക്കുന്നു എന്നത്‌ പൊതുവേ അറിയപ്പെടുന്ന ഒരു വസ്‌തുതയാണ്‌. അവൻ എവിടെയുണ്ടെന്ന്‌ വിവരം കിട്ടിയാൽ അത്‌ അവരെ അറിയിക്കണമെന്ന്‌ അവർ കൽപ്പന പുറപ്പെടുവിച്ചിട്ടുണ്ട്‌. സമീപമാസങ്ങളിൽ മൂന്നു പ്രാവശ്യം—കൂടാരപ്പെരുന്നാളിനും പ്രതിഷ്‌ഠോൽസവത്തിനും ലാസറിനെ ഉയർപ്പിച്ച ശേഷവും, അവനെ കൊല്ലുവാൻ ഈ നേതാക്കൻമാർ ശ്രമിച്ചതാണ്‌. യേശു വീണ്ടും ഒരിക്കൽകൂടെ പരസ്യമായി രംഗത്തു വരുമോ? എന്ന്‌ ആളുകൾ സംശയിക്കുന്നു. “നിങ്ങൾ എന്തു വിചാരിക്കുന്നു?” എന്ന്‌ ആളുകൾ പരസ്‌പരം ചോദിക്കുന്നു.

അതേസമയം യഹൂദകലണ്ടർ അനുസരിച്ച്‌ നീസാൻ 14-ന്‌ നടക്കുന്ന പെസഹാപ്പെരുന്നാളിന്‌ ആറുദിവസം മുമ്പ്‌ യേശു ബെഥനിയിൽ എത്തിച്ചേരുന്നു. നീസാൻ 8-ാം തീയതിയുടെ തുടക്കത്തിൽ വെളളിയാഴ്‌ച വൈകിട്ട്‌ യേശു ബെഥനിയിൽ എത്തുന്നു. ശനിയാഴ്‌ച അവന്‌ ബെഥനിയിലേക്ക്‌ യാത്ര ചെയ്യാൻ കഴിയുമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ ശബ്ബത്തു ദിവസം—വെളളിയാഴ്‌ച സൂര്യാസ്‌തമയം മുതൽ ശനിയാഴ്‌ചത്തെ സൂര്യാസ്‌തമയം വരെ—യാത്ര ചെയ്യുന്നത്‌ യഹൂദ നിയമമനുസരിച്ച്‌ വിലക്കപ്പെട്ടിരുന്നു. സാദ്ധ്യതയനുസരിച്ച്‌ മുമ്പ്‌ ചെയ്‌തിട്ടുളളതുപോലെ യേശു ലാസറിന്റെ ഭവനത്തിലെത്തി വെളളിയാഴ്‌ച രാത്രി അവിടെ കഴിച്ചു കൂട്ടുന്നു.

എന്നിരുന്നാലും ബെഥനിയിലുളള മറെറാരാൾ യേശുവിനെയും സുഹൃത്തുക്കളെയും ശനിയാഴ്‌ച വൈകിട്ട്‌ ഒരു അത്താഴവിരുന്നിന്‌ ക്ഷണിക്കുന്നു. അത്‌ ശീമോനാണ്‌. അയാൾ മുമ്പ്‌ ഒരു കുഷ്‌ഠരോഗിയായിരുന്നു. ഒരുപക്ഷേ യേശു നേരത്തെ അയാളെ സുഖപ്പെടുത്തിയതാണ്‌. കഠിനാദ്ധ്വാനം ചെയ്യാനുളള അവളുടെ മനസ്സൊരുക്കത്തിന്‌ ചേർച്ചയായി മാർത്ത അതിഥികളെ സൽക്കരിക്കുന്ന തിരക്കിലാണ്‌. എന്നാൽ മറിയയാകട്ടെ ഇപ്രാവശ്യം വിവാദമുയർത്തുന്ന ഒരു വിധത്തിൽ യേശുവിന്‌ ശുശ്രൂഷ ചെയ്യുന്നു.

മറിയ അര കിലോഗ്രാമോളം സ്വച്ഛജടാമാംസി തൈലം നിറച്ച ഒരു വെൺകൽ ഭരണി തുറക്കുന്നു. അത്‌ വാസ്‌തവത്തിൽ വളരെ വിലയേറിയതാണ്‌. വാസ്‌തവത്തിൽ അതിന്റെ വില ഒരു വേലക്കാരന്റെ ഒരു വർഷത്തെ വേതനത്തോളം വരും! മറിയ പരിമളതൈലം യേശുവിന്റെ തലയിലും പാദങ്ങളിലും ഒഴിക്കുകയും പാദങ്ങൾ അവളുടെ മുടികൊണ്ട്‌ തുടക്കുകയും ചെയ്‌തപ്പോൾ സുഗന്ധം കൊണ്ട്‌ ആ വീട്‌ നിറഞ്ഞു.

“എന്തിന്‌ ഈ പാഴ്‌ചെലവ്‌?” എന്ന്‌ ശിഷ്യൻമാർ ദേഷ്യത്തോടെ ചോദിക്കുന്നു. “ഈ തൈലം മുന്നൂറ്‌ വെളളിക്കാശിന്‌ വിററ്‌ ആ പണം ദരിദ്രർക്ക്‌ കൊടുക്കാഞ്ഞത്‌ എന്ത്‌?” എന്ന്‌ ഈസ്‌കാരിയോത്ത്‌ യൂദായും ചോദിക്കുന്നു. എന്നാൽ യൂദാക്ക്‌ വാസ്‌തവത്തിൽ ദരിദ്രരെക്കുറിച്ച്‌ വിചാരമുണ്ടായിരുന്നില്ല. കാരണം ശിഷ്യൻമാരുടെ വകയായുണ്ടായിരുന്ന പണപ്പെട്ടിയിൽ നിന്ന്‌ അവൻ പണം മോഷ്ടിച്ചുപോന്നു.

യേശു മറിയയുടെ പക്ഷം വാദിക്കുന്നു. “അവളെ വിട്ടേക്കുക,” അവൻ കൽപ്പിക്കുന്നു. “നിങ്ങൾ എന്തിനാണ്‌ അവളെ ശല്യം ചെയ്യുന്നത്‌? അവൾ എനിക്ക്‌ ഒരു നല്ല കാര്യം ചെയ്‌തിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ദരിദ്രർ നിങ്ങളോടുകൂടെ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും, നിങ്ങൾ ആഗ്രഹിക്കുമ്പോഴെല്ലാം അവർക്ക്‌ നൻമ ചെയ്യാനും കഴിയും. എന്നാൽ ഞാൻ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല. അവൾക്ക്‌ കഴിയുമായിരുന്നത്‌ അവൾ ചെയ്‌തിരിക്കുന്നു; എന്റെ ശവസംസ്‌ക്കാരത്തിനായി മുൻകൂട്ടി അവൾ എന്റെ ശരീരത്തിൽ തൈലം പൂശിയിരിക്കുന്നു. ലോകത്തിലെങ്ങും ഈ സുവിശേഷം ഘോഷിക്കപ്പെടുന്നിടത്തെല്ലാം ഈ സ്‌ത്രീ ചെയ്‌തത്‌ അവളുടെ ഓർമ്മക്കായി പ്രസ്‌താവിക്കപ്പെട്ടു എന്ന്‌ സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു.”

യേശു ബെഥനിയിൽ എത്തിയിട്ട്‌ ഇപ്പോൾ 24 മണിക്കൂറുകളിലധികമായിരിക്കുന്നു, അവന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുളള വാർത്ത ചുററുപാടുമെല്ലാം പരന്നിരിക്കുന്നു. അതുകൊണ്ട്‌ അനേകമാളുകൾ യേശുവിനെ കാണാൻ ശീമോന്റെ വീട്ടിൽ വന്നെത്തുന്നു. എന്നാൽ അവർ വരുന്നത്‌ അവിടെയുളള ലാസറിനെ കാണാനും കൂടെയാണ്‌. അതുകൊണ്ട്‌ യേശുവിനെ മാത്രമല്ല ലാസറിനെയും കൂടെ കൊന്നുകളയാൻ പ്രധാനപുരോഹിതൻമാർ ആലോചന കഴിക്കുന്നു. യേശു മരിച്ചവരിൽ നിന്ന്‌ ഉയർപ്പിച്ച ലാസറിനെ കാണുകയാൽ അനേകർ അവനിൽ വിശ്വസിക്കാൻ വന്നതിനാലായിരുന്നു അവർ അങ്ങനെ ആലോചിച്ചത്‌! യഥാർത്ഥത്തിൽ ഈ മതനേതാക്കൻമാർ എത്ര ദുഷ്ടൻമാരാണ്‌! യോഹന്നാൻ 11:55–12:11; മത്തായി 26:6-13; മർക്കോസ്‌ 14:3-9; പ്രവൃത്തികൾ 1:12.

▪ യെരൂശലേമിലെ ആലയത്തിൽ എന്തു ചർച്ച നടക്കുന്നു, എന്തുകൊണ്ട്‌?

▪ യേശു ബെഥനിയിൽ ശനിയാഴ്‌ച എത്തിച്ചേരാതെ വെളളിയാഴ്‌ച തന്നെ എത്തിയത്‌ എന്തുകൊണ്ട്‌?

▪ യേശു ബെഥനിയിൽ എത്തിയ ശേഷം സാദ്ധ്യതയനുസരിച്ച്‌ അവൻ ശബ്ബത്തു ചെലവഴിച്ചത്‌ എവിടെയാണ്‌?

▪ മറിയയുടെ ഏതു പ്രവൃത്തി വിവാദമുണർത്തുന്നു, യേശു അവളുടെ പക്ഷം വാദിക്കുന്നത്‌ എങ്ങനെ?

▪ മുഖ്യപുരോഹിതൻമാരുടെ കൊടിയ ദുഷ്ടത വ്യക്തമാക്കുന്നത്‌ എന്ത്‌?