വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തുഷ്ടിയുടെ ഉറവ്‌

സന്തുഷ്ടിയുടെ ഉറവ്‌

അധ്യായം 75

സന്തുഷ്ടിയുടെ ഉറവ്‌

ഗലീലയിലെ തന്റെ ശുശ്രൂഷക്കാലത്ത്‌ യേശു അത്ഭുതങ്ങൾ ചെയ്‌തു, ഇപ്പോൾ യഹൂദ്യയിൽ അവൻ ആവർത്തിക്കുന്നു. ഉദാഹരണത്തിന്‌ ഒരു മനുഷ്യൻ സംസാരിക്കുന്നതിൽ നിന്ന്‌ അയാളെ തടഞ്ഞിരുന്ന ഒരു ഭൂതത്തെ യേശു പുറത്താക്കുന്നു. ജനക്കൂട്ടം ആശ്ചര്യഭരിതരാകുന്നു. എന്നാൽ വിമർശകർ ഗലീലയിൽ ഉന്നയിച്ച അതേ എതിർപ്പ്‌ ഇവിടെയും ഉന്നയിക്കുന്നു. “അവൻ ഭൂതങ്ങളുടെ അധിപനായ ബെയെൽസബൂലിനെക്കൊണ്ട്‌ ഭൂതങ്ങളെ പുറത്താക്കുന്നു,” എന്ന്‌ അവർ അവകാശപ്പെടുന്നു. മററുളളവർ താൻ ആരാണെന്നുളളത്‌ സംബന്ധിച്ച്‌ യേശുവിൽ നിന്ന്‌ കൂടുതൽ തെളിവ്‌ ആവശ്യപ്പെടുകയും സ്വർഗ്ഗത്തിൽ നിന്ന്‌ ഒരു അടയാളം ചോദിച്ചുകൊണ്ട്‌ അവനെ പരീക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

അവർ എന്താണ്‌ ചിന്തിക്കുന്നത്‌ എന്നറിഞ്ഞുകൊണ്ട്‌ ഗലീലയിലുളള തന്റെ വിമർശകർക്ക്‌ നൽകിയ അതേ ഉത്തരം തന്നെ യേശു യഹൂദ്യയിലുളളവർക്കും നൽകുന്നു. തന്നിൽതന്നെ ഭിന്നിച്ചിരിക്കുന്ന ഏതു രാജ്യവും വീണുപോകും എന്ന്‌ അവൻ പ്രസ്‌താവിക്കുന്നു. “അതുകൊണ്ട്‌,” അവൻ ചോദിക്കുന്നു, “സാത്താൻ തന്നോടുതന്നെ ഭിന്നിച്ചുനിന്നാൽ അവന്റെ രാജ്യം എങ്ങനെ നിലനിൽക്കും?” “ദൈവത്തിന്റെ വിരൽകൊണ്ടാണ്‌ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ദൈവത്തിന്റെ രാജ്യം നിങ്ങളെ കടന്നുപോയിരിക്കുന്നു” എന്ന്‌ പറഞ്ഞുകൊണ്ട്‌ തന്റെ വിമർശകർ ഏത്‌ അപകടകരമായ സ്ഥാനത്താണ്‌ എന്ന്‌ യേശു കാണിച്ചു കൊടുക്കുന്നു.

യേശുവിന്റെ അത്ഭുതങ്ങൾ നിരീക്ഷിച്ചവർ നൂററാണ്ടുകൾക്ക്‌ മുൻപ്‌ മോശെ അത്ഭുതങ്ങൾ ചെയ്യുന്നതു കണ്ടവരെപ്പോലെ പ്രതികരിക്കേണ്ടതായിരുന്നു. അവർ ഇപ്രകാരം ഘോഷിച്ചു: “അത്‌ ദൈവത്തിന്റെ വിരലാണ്‌!” കൽപ്പലകകളിൽ പത്തു കൽപ്പനകൾ കൊത്തിയതും “ദൈവത്തിന്റെ വിരലായി”രുന്നു. ഭൂതങ്ങളെ പുറത്താക്കുന്നതിനും രോഗികളെ സൗഖ്യമാക്കുന്നതിനും യേശുവിനെ പ്രാപ്‌തനാക്കുന്നതും “ദൈവത്തിന്റെ വിരൽ”—അവന്റെ പരിശുദ്ധാത്മാവ്‌ അല്ലെങ്കിൽ കർമ്മനിരതമായ ശക്തി—ആണ്‌. അതുകൊണ്ട്‌ ദൈവരാജ്യം വാസ്‌തവത്തിൽ ഈ വിമർശകരെ കടന്നുപോയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ രാജ്യത്തിന്റെ നിയുക്ത രാജാവായ യേശു അവരുടെ ഇടയിൽ തന്നെയുണ്ട്‌.

തന്റെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന ആയുധധാരിയായ ഒരു മനുഷ്യനെ അതിലും ശക്തനായ ഒരു മനുഷ്യൻ കീഴടക്കുന്നതുപോലെ തന്നെ ഭൂതങ്ങളെ പുറത്താക്കാനുളള തന്റെ പ്രാപ്‌തി സാത്താന്റെ മേലുളള തന്റെ അധികാരത്തിന്റെ തെളിവാണെന്ന്‌ യേശു ദൃഷ്ടാന്തീകരിക്കുന്നു. ഒരു അശുദ്ധാത്മാവിനെ സംബന്ധിച്ച്‌ ഗലീലയിൽ വച്ച്‌ പറഞ്ഞ ദൃഷ്ടാന്തവും അവൻ ആവർത്തിക്കുന്നു. ആത്മാവ്‌ ഒരു മനുഷ്യനെ വിട്ടുപോകുന്നു. എന്നാൽ ആ മനുഷ്യൻ നല്ല കാര്യങ്ങൾകൊണ്ട്‌ ആ ശൂന്യത നിറക്കാതിരിക്കുമ്പോൾ ആ ആത്മാവ്‌ വേറെ ഏഴു ആത്മാക്കളെക്കൂടെ കൂട്ടിക്കൊണ്ടു വരുന്നു, ആ മമനുഷ്യന്റെ അവസ്ഥ ആദ്യത്തേതിനേക്കാൾ വഷളായിത്തീരുകയും ചെയ്യുന്നു.

ഈ കാര്യങ്ങൾ കേട്ടുകൊണ്ടിരിക്കുകയിൽ ജനക്കൂട്ടത്തിൽ നിന്ന്‌ ഒരു സ്‌ത്രീ ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറയുന്നു: “നിന്നെ വഹിച്ച ഗർഭാശയവും നീ കുടിച്ച മുലകളും സന്തുഷ്ടിയുളളവയാകുന്നു!” ഓരോ യഹൂദ സ്‌ത്രീയുടെയും ആഗ്രഹം ഒരു പ്രവാചകന്റെ, വിശേഷിച്ച്‌ മശിഹായുടെ മാതാവാകുക എന്നതായിരുന്നതിനാൽ ഈ സ്‌ത്രീ ഇങ്ങനെ പറയുന്നത്‌ മനസ്സിലാക്കാവുന്നതേയുളളു. യേശുവിന്റെ അമ്മയായിരിക്കുന്നതിനാൽ മറിയക്ക്‌ വിശേഷാൽ സന്തുഷ്ടയായിരിക്കാൻ കഴിയുമെന്ന്‌ പ്രത്യക്ഷത്തിൽ ഈ സ്‌ത്രീ വിചാരിച്ചു.

എന്നിരുന്നാലും, യഥാർത്ഥ സന്തുഷ്ടിയുടെ ഉറവിടം സംബന്ധിച്ച്‌ യേശു പെട്ടെന്നുതന്നെ ഈ സ്‌ത്രീയെ തിരുത്തുന്നു. “അല്ല,” അവൻ പ്രതിവചിക്കുന്നു, “മറിച്ച്‌ ദൈവത്തിന്റെ വചനം കേട്ട്‌ അതനുഷ്‌ഠിക്കുന്നവരാണ്‌ സന്തുഷ്ടരായിരിക്കുന്നത്‌!” തന്റെ അമ്മയായ മറിയക്കു പ്രത്യേക ബഹുമതി നൽകപ്പെടണമെന്ന്‌ യേശു ഒരിക്കലും സൂചിപ്പിച്ചില്ല. മറിച്ച്‌ യഥാർത്ഥ സന്തുഷ്ടി കണ്ടെത്തപ്പെടുന്നത്‌ ദൈവത്തിന്റെ ഒരു വിശ്വസ്‌ത ദാസനായിരിക്കുന്നതിലാണെന്നും അല്ലാതെ ഏതെങ്കിലും ശാരീരിക ബന്ധത്തിലൂടെയോ നേട്ടങ്ങളിലൂടെയോ അല്ല എന്നും അവൻ കാണിച്ചു തന്നു.

തുടർന്ന്‌ ഗലീലയിൽ ചെയ്‌തതുപോലെ തന്നെ സ്വർഗ്ഗത്തിൽ നിന്ന്‌ അടയാളം ആവശ്യപ്പെട്ടതിന്‌ യേശു യഹൂദ്യയിലെ ജനങ്ങളെ കുററപ്പെടുത്തുന്നു. യോനായുടെ അടയാളമല്ലാതെ മറെറാരടയാളവും നൽകപ്പെടുകയില്ല എന്ന്‌ അവൻ അവരോട്‌ പറയുന്നു. മൽസ്യത്തിന്റെ ഉളളിൽ മൂന്നുദിവസം കഴിച്ചുകൂട്ടിയതിനാലും നിനവേയിലെ ആളുകൾ മാനസാന്തരപ്പെടുന്നതിന്‌ ഇടയാക്കിയ അവന്റെ ധീരമായ പ്രസംഗത്താലും യോനാ ഒരു അടയാളമായിത്തീർന്നു. “എന്നാൽ നോക്കൂ!” യേശു പറയുന്നു, “യോനായേക്കാൾ വലിയവൻ ഇവിടെയുണ്ട്‌.” അതുപോലെ ശേബാ രാജ്ഞി ശലോമോന്റെ ജ്ഞാനത്തിങ്കൽ ആശ്ചര്യപ്പെട്ടുപോയി, “എന്നാൽ നോക്കൂ!” യേശു വീണ്ടും പറയുന്നു, “ശലോമോനെക്കാൾ വലിയവൻ ഇവിടെ ഉണ്ട്‌.”

ഒരു മനുഷ്യൻ ഒരു വിളക്ക്‌ കത്തിച്ച്‌ ഒരു നിലയറയിലോ ഒരു കുട്ടയുടെ കീഴിലോ വയ്‌ക്കാതെ ആളുകൾ വെളിച്ചം കാണേണ്ടതിന്‌ അത്‌ ഒരു വിളക്ക്‌ തണ്ടിൻമേൽ വയ്‌ക്കുന്നു എന്ന്‌ യേശു വിശദീകരിക്കുന്നു. മർക്കടമുഷ്ടിക്കാരായ ഈ ആളുകളെ ഉപദേശിക്കുകയും അവരുടെ മുമ്പാകെ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നത്‌ ഒരു വിളക്കിന്റെ വെളിച്ചം ഒളിച്ചു വയ്‌ക്കുന്നതുപോലെയാണ്‌ എന്നാണ്‌ ഒരുപക്ഷേ യേശു പറയുന്നത്‌. അത്തരം നിരീക്ഷകരുടെ കണ്ണുകൾ ലളിതമല്ല അല്ലെങ്കിൽ ഏകാഗ്രമല്ല, അതുകൊണ്ട്‌ തന്റെ അത്ഭുതങ്ങളുടെ ഉദ്ദേശ്യം സാധിക്കാതെ പോകുന്നു.

യേശു ഇപ്പോൾതന്നെ ഒരു ഭൂതത്തെ പുറത്താക്കുകയും ഒരു ഊമനായ മനുഷ്യൻ സംസാരിക്കാൻ ഇടയാക്കുകയും ചെയ്‌തിരിക്കുന്നു. ഇത്‌ ലളിതമായ അല്ലെങ്കിൽ ഏകാഗ്രമായ കണ്ണുകൾ ഉളള ആളുകൾ ഈ മഹത്തായ വീരകൃത്യത്തെ പുകഴ്‌ത്തി പറയാനും സുവാർത്ത പ്രസംഗിക്കാനും ഇടയാക്കേണ്ടതാണ്‌! എന്നാൽ, ഈ വിമർശകരെ സംബന്ധിച്ചിടത്തോളം അതല്ല സംഭവിക്കുന്നത്‌. അതുകൊണ്ട്‌ യേശു ഇപ്രകാരം പറഞ്ഞ്‌ അവസാനിപ്പിക്കുന്നു: “അതുകൊണ്ട്‌ സൂക്ഷ്‌മതയുളളവരായിരിപ്പിൻ. ഒരുപക്ഷേ നിങ്ങളിലുളള വെളിച്ചം ഇരുളായിരിക്കും. അതുകൊണ്ട്‌ നിന്റെ ശരീരം മുഴുവൻ ഇരുളടഞ്ഞ ഭാഗം ഒട്ടുമില്ലാതെ പ്രകാശിതമായിരുന്നാൽ ഒരു വിളക്ക്‌ അതിന്റെ വെളിച്ചം കൊണ്ട്‌ നിന്നെ പ്രകാശിപ്പിക്കുന്നതുപോലെ അത്‌ പ്രകാശിതമായിരിക്കും.” ലൂക്കോസ്‌ 11:14-36; പുറപ്പാട്‌ 8:18, 19; 31:18; മത്തായി 12:22, 28.

▪ യേശു ഒരു മനുഷ്യനെ സൗഖ്യമാക്കുന്നതിനോടുളള പ്രതികരണം എന്താണ്‌?

▪ “ദൈവത്തിന്റെ വിരൽ” എന്താണ്‌, ദൈവരാജ്യം യേശുവിന്റെ ശ്രോതാക്കളെ കടന്നു പോയിരുന്നത്‌ എങ്ങനെയാണ്‌?

▪ യഥാർത്ഥ സന്തുഷ്ടിയുടെ ഉറവെന്താണ്‌?

▪ ഒരു വ്യക്തിക്ക്‌ ലളിതമായ കണ്ണുണ്ടായിരിക്കാൻ കഴിയുന്നത്‌ എങ്ങനെയാണ്‌?