വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വർഗ്ഗത്തിൽനിന്നുളള സന്ദേശങ്ങൾ

സ്വർഗ്ഗത്തിൽനിന്നുളള സന്ദേശങ്ങൾ

അധ്യായം 1

സ്വർഗ്ഗത്തിൽനിന്നുളള സന്ദേശങ്ങൾ

ബൈബിൾ മുഴുവനും, ഫലത്തിൽ, സ്വർഗ്ഗത്തിൽ നിന്നുളള ഒരു സന്ദേശമാണ്‌, നമ്മുടെ പ്രബോധനത്തിനായി നമ്മുടെ സ്വർഗ്ഗീയ പിതാവിനാൽ നൽകപ്പെട്ടതാണ്‌. എന്നിരുന്നാലും, ഏതാണ്ട്‌ രണ്ടായിരം വർഷങ്ങൾക്കുമുൻപ്‌ “ദൈവമുമ്പാകെ അവനോടടുത്ത്‌ നിൽക്കുന്ന” ഒരു ദൂതനാൽ രണ്ട്‌ പ്രത്യേക സന്ദേശങ്ങൾ നൽകപ്പെട്ടു. അവന്റെ പേര്‌ ഗബ്രീയേൽ എന്നാണ്‌. ഭൂമിയിലേക്കുളള ഈ രണ്ട്‌ സുപ്രധാന സന്ദർശനങ്ങളുടെ സാഹചര്യം നമുക്ക്‌ ഒന്നു പരിശോധിക്കാം.

പൊ. യു. മു. 3-ാം വർഷമാണ്‌. സാദ്ധ്യതയനുസരിച്ച്‌ യെരൂശലേമിൽ നിന്ന്‌ വളരെ അകലെയല്ലാത്ത യഹൂദാ മലകളിൽ സെഖര്യാവ്‌ എന്ന്‌ പേരായി യഹോവയുടെ ഒരു പുരോഹിതൻ വസിക്കുന്നുണ്ട്‌. അയാൾ വൃദ്ധനായിരിക്കുന്നു, അയാളുടെ ഭാര്യ എലീശബെത്തിനും വയസ്സായി. അവർക്ക്‌ കുട്ടികൾ ആരും ഇല്ല. യെരൂശലേമിലെ ദൈവാലയത്തിൽ സെഖര്യാവ്‌ തന്റെ ഊഴമനുസരിച്ചുളള പൗരോഹിത്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്‌. പെട്ടെന്ന്‌ ഗബ്രീയേൽ ധൂപപീഠത്തിന്റെ വലതു വശത്തായി പ്രത്യക്ഷപ്പെടുന്നു.

സെഖര്യാവ്‌ അത്യന്തം ഭയചകിതനായി. എന്നാൽ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ ഗബ്രീയേൽ അയാളെ നിർഭയനാക്കി: “സെഖര്യാവേ, ഭയപ്പെടേണ്ട, എന്തുകൊണ്ടെന്നാൽ നിന്റെ പ്രാർത്ഥനക്ക്‌ ഉത്തരം ലഭിച്ചിരിക്കുന്നു. നിന്റെ ഭാര്യയായ എലീശബെത്ത്‌ നിനക്ക്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവനെ യോഹന്നാൻ എന്ന്‌ പേർ വിളിക്കണം.” യോഹന്നാൻ “യഹോവയുടെ മുമ്പാകെ വലിയവനായിരിക്കുമെന്നും” അവൻ യഹോവക്കുവേണ്ടി ഒരുക്കപ്പെട്ട ഒരു ജനതയെ സജ്ജമാക്കുമെന്നും” ഗബ്രീയേൽ തുടർന്ന്‌ പ്രഖ്യാപിക്കുന്നു.

എന്നിരുന്നാലും, സെഖര്യാവിന്‌ അത്‌ വിശ്വസിക്കാൻ കഴിയുന്നില്ല. തനിക്കും എലീശബെത്തിനും ആ പ്രായത്തിൽ ഒരു കുട്ടി ജനിക്കുക എന്നത്‌ അത്ര അസാദ്ധ്യമായി അയാൾക്കു തോന്നി. അതുകൊണ്ട്‌ ഗബ്രീയേൽ അയാളോട്‌ പറയുന്നു: “നീ എന്റെ വാക്കുകൾ വിശ്വസിക്കാഞ്ഞതിനാൽ ഈ കാര്യങ്ങൾ സംഭവിക്കുന്നനാൾവരെ നീ നിശബ്ദനായിരിക്കും, നിനക്ക്‌ സംസാരിക്കാൻ കഴിയുകയില്ല.”

കൊളളാം, അതേസമയം സെഖര്യാവ്‌ ആലയത്തിനുളളിൽ ഇത്രയധികം സമയമെടുക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ പുറത്തു നിൽക്കുന്ന ജനങ്ങൾ അതിശയിക്കുകയാണ്‌. ഒടുവിൽ അയാൾ പുറത്തു വരുമ്പോൾ കൈകൾകൊണ്ട്‌ ആംഗ്യങ്ങൾ കാണിക്കാനല്ലാതെ അയാൾക്ക്‌ സംസാരിക്കാൻ കഴിയുന്നില്ല, അയാൾ പ്രകൃത്യാതീതമായ എന്തോ കണ്ടിരിക്കുന്നു എന്ന്‌ അവർ തിരിച്ചറിയുന്നു.

തന്റെ ആലയ സേവനത്തിൽ സമയം പൂർത്തിയാക്കിയ ശേഷം സെഖര്യാവ്‌ സ്വഭവനത്തിലേക്ക്‌ മടങ്ങിപ്പോകുന്നു. താമസിയാതെ തന്നെ അത്‌ വാസ്‌തവത്തിൽ സംഭവിക്കുന്നു—എലീശബെത്ത്‌ ഗർഭം ധരിക്കുന്നു! തന്റെ ശിശു ജനിക്കാൻ കാത്തിരിക്കുകയിൽ അഞ്ചു മാസക്കാലം എലീശബെത്ത്‌ ആളുകളിൽ നിന്ന്‌ അകന്ന്‌ സ്വഭവനത്തിൽ തന്നെ കഴിച്ചുകൂട്ടുന്നു.

പിന്നീട്‌ ഗബ്രീയേൽ വീണ്ടും പ്രത്യക്ഷനാകുന്നു. അയാൾ ആരോടാണ്‌ സംസാരിക്കുന്നത്‌? മറിയ എന്ന്‌ പേരായി നസറെത്ത്‌ പട്ടണത്തിൽ നിന്നുളള അവിവാഹിതയായ ഒരു യുവതിയോട്‌. ഇപ്രാവശ്യം എന്തു സന്ദേശമാണ്‌ അയാൾ നൽകുന്നത്‌? ശ്രദ്ധിക്കൂ! “നീ ദൈവത്തിന്റെ പക്കൽ കൃപ കണ്ടെത്തിയിരിക്കുന്നു,” ഗബ്രീയേൽ മറിയയോട്‌ പറയുന്നു. “നോക്കൂ! നീ ഗർഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും, നീ അവനെ യേശു എന്ന്‌ പേർ വിളിക്കണം.” ഗബ്രീയേൽ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അവൻ വലിയവനായിരിക്കും, അവൻ അത്യുന്നതന്റെ പുത്രനെന്ന്‌ വിളിക്കപ്പെടുകയും ചെയ്യും; . . . അവൻ യാക്കോബ്‌ ഗൃഹത്തിൻമേൽ എന്നേക്കും രാജാവായി ഭരിക്കും. അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്ടായിരിക്കുകയില്ല.”

ഈ സന്ദേശങ്ങൾ എത്തിച്ചു കൊടുക്കുന്നത്‌ ഒരു പദവിയായി ഗബ്രീയേൽ കരുതുന്നു എന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. യോഹന്നാനെയും യേശുവിനെയും കുറിച്ച്‌ നാം കൂടുതൽ വായിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്നുളള ഈ സന്ദേശങ്ങൾ ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ കൂടുതൽ വ്യക്തമായി നാം കാണും. 2 തിമൊഥെയോസ്‌ 3:16; ലൂക്കോസ്‌ 1:5-33.

▪ സ്വർഗ്ഗത്തിൽനിന്ന്‌ ഏത്‌ രണ്ട്‌ സുപ്രധാന സന്ദേശങ്ങളാണ്‌ എത്തിച്ചുകൊടുത്തത്‌?

▪ ആരാണ്‌ ഈ സന്ദേശങ്ങൾ എത്തിച്ചുകൊടുത്തത്‌, ആർക്കാണ്‌ അവ ലഭിച്ചത്‌?

▪ ഈ സന്ദേശങ്ങൾ വിശ്വസിക്കുക വളരെ പ്രയാസമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?