വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌തംഭത്തിലെ കഠോരവേദന

സ്‌തംഭത്തിലെ കഠോരവേദന

അധ്യായം 125

സ്‌തംഭത്തിലെ കഠോരവേദന

യേശുവിനോടൊപ്പം രണ്ടു കൊളളക്കാരും വധശിക്ഷക്കായി കൊണ്ടുപോകപ്പെടുന്നു. നഗരത്തിൽ നിന്നും അധികം അകലെയല്ലാതെ, ഗൊൽഗോഥാ അല്ലെങ്കിൽ തലയോടിടം എന്നറിയപ്പെടുന്ന സ്ഥലത്ത്‌ ആ ഘോഷയാത്ര വന്നു നിൽക്കുന്നു.

കുററപ്പുളളികളുടെ വസ്‌ത്രങ്ങൾ ഉരിഞ്ഞു മാററപ്പെടുന്നു. അവർക്ക്‌ മീറ ചേർത്ത വീഞ്ഞു നൽകപ്പെടുന്നു. പ്രത്യക്ഷത്തിൽ അത്‌ യെരൂശലേമിലെ സ്‌ത്രീകൾ തയ്യാറാക്കിക്കൊടുത്തതാണ്‌, റോമാക്കാർ ക്രൂശിക്കപ്പെടുന്നവർക്ക്‌ വേദനാസംഹാരിയായ ഈ പാനീയം നിഷേധിക്കുന്നില്ല. എന്നാൽ യേശു അത്‌ രുചിച്ചുനോക്കിയശേഷം കുടിക്കാൻ വിസമ്മതിക്കുന്നു. എന്തുകൊണ്ട്‌? വ്യക്തമായും, തന്റെ വിശ്വാസത്തിന്റെ ഏററവും കഠിനമായ ഈ പരിശോധനാ സമയത്ത്‌ തന്റെ മാനസിക പ്രാപ്‌തികൾ മുഴുവനായും ഉണ്ടായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു.

ഇപ്പോൾ കൈകൾ തലക്കു മുകളിലായിവച്ച്‌ യേശുവിനെ സ്‌തംഭത്തിൻമേൽ കിടത്തുന്നു. എന്നിട്ട്‌ പടയാളികൾ അവന്റെ കൈകളിലും കാലുകളിലും വലിയ ആണികൾ അടിച്ചു കയററുന്നു. മാംസപേശികളിലൂടെയും സ്‌നായുക്കളിലൂടെയും ആണി തുളഞ്ഞു കയറുമ്പോൾ അവൻ വേദനകൊണ്ട്‌ പിടയുന്നു. സ്‌തംഭം നിവർത്തു നാട്ടുമ്പോൾ ശരീരത്തിന്റെ ഭാരം കൊണ്ട്‌ ആണിപ്പഴുതുകൾ വലിഞ്ഞു കീറുന്നതിനാൽ വേദന അത്യന്തം അസഹ്യമായിത്തീരുന്നു. എന്നിരുന്നാലും ഭീഷണവാക്കുകൾ പറയുന്നതിനു പകരം യേശു ആ റോമൻ പടയാളികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു: “പിതാവേ, ഇവർ ചെയ്യുന്നത്‌ എന്തെന്ന്‌ ഇവർ അറിയായ്‌കയാൽ അവരോട്‌ ക്ഷമിക്കണമേ.”

“നസറായനായ യേശു യഹൂദൻമാരുടെ രാജാവ്‌” എന്നൊരു പരസ്യപ്പലക പീലാത്തൊസ്‌ സ്‌തംഭത്തിന്റെ മുകളിൽ എഴുതിച്ചു വച്ചിട്ടുണ്ട്‌. അയാൾ ഇത്‌ എഴുതുന്നത്‌ യേശുവിനോട്‌ അയാൾക്ക്‌ തോന്നിയ ആദരവ്‌ നിമിത്തം മാത്രമല്ല മറിച്ച്‌ തന്നിൽ നിന്ന്‌ നിർബ്ബന്ധിച്ച്‌ യേശുവിന്റെ വധത്തിനുളള വിധി വാങ്ങിയ യഹൂദപുരോഹിതൻമാരോടുളള വിരോധം നിമിത്തവും കൂടെയാണ്‌. എല്ലാവരും ഈ പരസ്യം വായിക്കാൻ വേണ്ടി പീലാത്തൊസ്‌ മൂന്നു ഭാഷകളിൽ അത്‌ എഴുതിച്ചു വെച്ചിരിക്കുന്നു—എബ്രായയിലും ഔദ്യോഗിക ഭാഷയായ ലത്തീനിലും സാധാരണക്കാരുടെ ഭാഷയായ ഗ്രീക്കിലും തന്നെ.

കയ്യഫാവും ഹന്നാവും ഉൾപ്പെടെയുളള മുഖ്യപുരോഹിതൻമാർക്ക്‌ അതിൽ സംഭ്രമം തോന്നുന്നു. ഈ പ്രഖ്യാപനം അവരുടെ വിജയത്തിന്‌ മങ്ങലേൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട്‌ അവർ അതിൽ പ്രതിഷേധിക്കുന്നു: “‘യഹൂദൻമാരുടെ രാജാവ്‌’ എന്ന്‌ എഴുതരുത്‌, മറിച്ച്‌ ‘ഞാൻ യഹൂദൻമാരുടെ രാജാവാണെന്ന്‌ അവൻ പറഞ്ഞു’ എന്ന്‌ എഴുതണം”. പുരോഹിതൻമാരുടെ കയ്യിലെ ഒരു പാവയായി സേവിച്ചതിലെ വിരോധം അപ്പോഴും വിട്ടുമാറാത്ത പീലാത്തൊസ്‌ അവരോടുളള അവജ്ഞ വ്യക്തിമാക്കിക്കൊണ്ട്‌ ദൃഢസ്വരത്തിൽ പറയുന്നു: “ഞാൻ എഴുതിയത്‌ എഴുതി.”

പുരോഹിതൻമാരും ഒരു വലിയ ജനക്കൂട്ടവും വധശിക്ഷ നടക്കുന്ന സ്ഥലത്ത്‌ തടിച്ചു കൂടുന്നു. പുരോഹിതൻമാർ പരസ്യപ്പലകയുടെ സാക്ഷ്യം നിഷേധിക്കുന്നു. നേരത്തെ സൻഹെദ്രീം വിചാരണാവേളകളിലെ വ്യാജസാക്ഷ്യം അവർ ആവർത്തിക്കുന്നു. അതുകൊണ്ട്‌ വഴിയേ കടന്നുപോകുന്നവർ ദുഷിച്ചു സംസാരിക്കുകയും അവരുടെ തലകുലുക്കിക്കൊണ്ട്‌: “ആലയം പൊളിച്ചു കളഞ്ഞ്‌ മൂന്നു ദിവസംകൊണ്ട്‌ പണിയുന്നവനെ, നിന്നെത്തന്നെ രക്ഷിക്കുക! നീ ദൈവപുത്രനാകുന്നുവെങ്കിൽ ദണ്ഡനസ്‌തംഭത്തിൽ നിന്ന്‌ ഇറങ്ങി വരിക!” എന്ന്‌ വിളിച്ചു പറയുകയും ചെയ്യുന്നത്‌ അതിശയമല്ല.

“അവൻ മററുളളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാൻ അവന്‌ കഴിവില്ല!” മുഖ്യപുരോഹിതൻമാരും അവരുടെ തോഴരും ഇടക്ക്‌കയറി വിളിച്ചു പറയുന്നു. “അവൻ ഇസ്രായേലിന്റെ രാജാവാണ്‌പോലും; അവൻ ദണ്ഡനസ്‌തംഭത്തിൽ നിന്ന്‌ ഇറങ്ങി വരട്ടെ, എങ്കിൽ ഞങ്ങൾ അവനിൽ വിശ്വസിക്കാം. അവൻ ദൈവത്തിൽ ആശ്രയിച്ചിരിക്കുന്നു; ദൈവം വേണമെങ്കിൽ വന്ന്‌ അവനെ രക്ഷിക്കട്ടെ, ‘ഞാൻ ദൈവത്തിന്റെ പുത്രനാണ്‌’ എന്നല്ലേ അവൻ പറഞ്ഞത്‌.”

ഈ മനോഭാവത്തിൽ പങ്കുചേർന്നുകൊണ്ട്‌ പടയാളികളും യേശുവിനെ പരിഹസിക്കുന്നു. പുളിച്ച വീഞ്ഞ്‌ അവന്റെ ഉണങ്ങിവരണ്ട അധരങ്ങളിൽ നിന്ന്‌ അൽപ്പം അകലെയായി പിടിച്ചുകൊണ്ട്‌ അവർ അവനെ നിന്ദിക്കുന്നു. “നീ യഹൂദൻമാരുടെ രാജാവാകുന്നുവെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക,” അവർ വെല്ലുവിളിക്കുന്നു. യേശുവിന്റെ വലതുഭാഗത്തും ഇടതുഭാഗത്തുമായി തൂക്കപ്പെട്ടിരിക്കുന്ന കൊളളക്കാരും അവനെ പരിഹസിക്കുന്നു. ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ, അതെ, സർവ്വവും സൃഷ്ടിക്കുന്നതിൽ യഹോവയാം ദൈവത്തോടൊപ്പം പങ്കു പററിയവൻ, നിശ്ചയദാർഢ്യത്തോടെ ഈ നിന്ദയെല്ലാം സഹിക്കുന്നതിനെപ്പററി ചിന്തിക്കുക!

പടയാളികൾ യേശുവിന്റെ പുറങ്കുപ്പായമെടുത്ത്‌ അത്‌ നാലായി ഭാഗിക്കുന്നു. അവ ആർക്ക്‌ കിട്ടുമെന്നറിയിൻ അവർ കുറിയിടുന്നു. യേശുവിന്റെ അങ്കിയാകട്ടെ തുന്നൽ ഇല്ലാത്തതും മേൻമയേറിയതുമായിരുന്നു. “നമുക്ക്‌ ഇത്‌ കീറാതെ ഇത്‌ ആർക്ക്‌ കിട്ടുമെന്നറിയാൻ കുറിയിടാം” എന്ന്‌ പടയാളികൾ തമ്മിൽ പറയുന്നു. “എന്റെ പുറങ്കുപ്പായം അവർ വിഭാഗിച്ചെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിട്ടു” എന്നുളള തിരുവെഴുത്ത്‌ അറിയാതെയാണെങ്കിലും അവർ നിവർത്തിക്കുന്നു.

എന്നാൽ പിന്നീട്‌ കൊളളക്കാരിൽ ഒരുവൻ യേശു യഥാർത്ഥത്തിൽ ഒരു രാജാവായിരിക്കണം എന്ന വസ്‌തുത വിലമതിക്കാനിടയാകുന്നു. അതുകൊണ്ട്‌ അയാൾ തന്റെ കൂട്ടുകാരനെ ശാസിച്ചുകൊണ്ട്‌ ഇപ്രകാരം പറയുന്നു: “നീ ഈ സമശിക്ഷാ വിധിയിൽ ആയിട്ടുപോലും നിനക്ക്‌ ദൈവത്തെ ഭയമില്ലേ? നമ്മൾ വാസ്‌തവത്തിൽ നാം ചെയ്‌ത കാര്യങ്ങൾക്കുളള ഉചിതമായ ശിക്ഷ സഹിക്കുകയാണ്‌; എന്നാൽ ഈ മനുഷ്യനാകട്ടെ യാതൊരു തെററും ചെയ്‌തിട്ടില്ല.” പിന്നെ യേശുവിനോട്‌ അയാൾ ഇങ്ങനെ അപേക്ഷിക്കുന്നു: “നീ നിന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയുംകൂടെ ഓർക്കേണമേ.”

“നീ എന്നോടുകൂടെ പറുദീസയിലുണ്ടായിരിക്കുമെന്ന്‌ സത്യമായും ഇന്നു ഞാൻ നിന്നോട്‌ പറയുന്നു,” എന്ന്‌ യേശു പ്രതിവചിക്കുന്നു. യേശു സ്വർഗ്ഗത്തിൽ രാജാവായി ഭരിച്ചുകൊണ്ട്‌ അനുതാപമുളള ഈ ദുഷ്‌പ്രവൃത്തിക്കാരനെ പറുദീസാ ഭൂമിയിലെ ജീവനിലേക്ക്‌ ഉയർപ്പിക്കുമ്പോൾ ഈ വാഗ്‌ദാനം നിവർത്തിക്കപ്പെടും. അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരും അവരുടെ കൂട്ടാളികളുമായിരിക്കും ഈ പറുദീസാ നട്ടുണ്ടാക്കുന്ന പദവി ആസ്വദിക്കുക. മത്തായി 27:33-44; മർക്കോസ്‌ 15:22-32; ലൂക്കോസ്‌ 23:27, 32-43; യോഹന്നാൻ 19:17-24.

▪ മീറ ചേർത്ത വീഞ്ഞു കുടിക്കാൻ യേശു വിസമ്മതിച്ചത്‌ എന്തുകൊണ്ടാണ്‌?

▪ എന്തിനുവേണ്ടിയായിരുന്നു യേശുവിന്റെ സ്‌തംഭത്തിന്റെ മുകളിൽ ഒരു പരസ്യപ്പലക വയ്‌ക്കപ്പെട്ടത്‌, അത്‌ പീലാത്തൊസും മുഖ്യപുരോഹിതൻമാരുമായി എന്തു വാഗ്വാദത്തിനിടയാക്കുന്നു?

▪ സ്‌തംഭത്തിൽ കിടക്കുമ്പോൾ യേശു കൂടുതലായ എന്തു നിന്ദ സഹിക്കേണ്ടി വരുന്നു, പ്രത്യക്ഷത്തിൽ എന്താണ്‌ അതിന്‌ ഇടയാക്കുന്നത്‌?

▪ യേശുവിന്റെ വസ്‌ത്രത്തോടുളള ബന്ധത്തിൽ പ്രവചനം നിവർത്തിക്കപ്പെടുന്നത്‌ എങ്ങനെ?

▪ കൊളളക്കാരിൽ ഒരുവൻ തന്റെ നിലപാടിൽ എന്തു മാററം വരുത്തുന്നു, യേശു അവന്റെ അപേക്ഷ എങ്ങനെ നിവർത്തിക്കും?