സ്‌മാരക സന്ധ്യാഭക്ഷണം
അധ്യായം 114
സ്‌മാരക സന്ധ്യാഭക്ഷണം
തന്റെ അപ്പൊസ്‌തലൻമാരുടെ പാദങ്ങൾ കഴുകിയശേഷം ഇപ്രകാരം പറഞ്ഞുകൊണ്ട് യേശു സങ്കീർത്തനം 41:9ലെ തിരുവെഴുത്ത് ഉദ്ധരിക്കുന്നു: “എന്റെ അപ്പം പതിവായി തിന്നുകൊണ്ടിരുന്നവൻ എനിക്കെതിരെ തന്റെ കുതികാൽ ഉയർത്തിയിരിക്കുന്നു.” പിന്നീട് ആത്മാവിൽ അസ്വസ്ഥനായിക്കൊണ്ട് അവൻ വിശദീകരിക്കുന്നു: “നിങ്ങളിൽ ഒരുവൻ എന്നെ ഒററിക്കൊടുക്കും.”
അപ്പൊസ്‌തലൻമാർ ദുഃഖിക്കുകയും ഓരോരുത്തരായി യേശുവിനോട്, “അത് ഞാനല്ല, ആണോ?” എന്ന് ചോദിച്ചു തുടങ്ങുകയും ചെയ്യുന്നു. യൂദാ ഈസ്‌കാരിയോത്ത് പോലും ഇങ്ങനെ ചോദിക്കുന്നതിൽ പങ്കു ചേരുന്നു. മേശക്കൽ യേശുവിനോട് ചേർന്ന് ചാരിക്കിടക്കുന്ന യോഹന്നാൻ യേശുവിന്റെ നെഞ്ചിലേക്ക് പിന്നോക്കം ചാഞ്ഞ്, “കർത്താവേ, അത് ആരാണ്?” എന്ന് ചോദിക്കുന്നു.
“അത് എന്നോടുകൂടെ താലത്തിൽ കൈമുക്കുന്ന പന്ത്രണ്ടു പേരിൽ ഒരുവനാണ്,” യേശു ഉത്തരമായി പറയുന്നു. “മനുഷ്യപുത്രൻ അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു, സത്യം, എന്നാൽ ആർ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നുവോ അവന് ഹാ കഷ്ടം! ആ മനുഷ്യൻ ജനിക്കാതിരുന്നുവെങ്കിൽ അവന് ഏറെ നന്നായിരുന്നു.” അതിനുശേഷം ദുഷ്ടമായിത്തീർന്നിരിക്കുന്ന യൂദായുടെ ഹൃദയത്തിൽ പ്രവേശിക്കാനുളള അവസരം മുതലാക്കിക്കൊണ്ട് സാത്താൻ അവനിൽ കടക്കുന്നു. അന്നു രാത്രി പിന്നീടൊരവസരത്തിൽ യേശു ഉചിതമായിത്തന്നെ യൂദായെ “നാശപുത്രൻ” എന്ന് വിളിക്കുന്നു.
യേശു ഇപ്പോൾ യൂദായോടായി പറയുന്നു: “നീ ചെയ്‌തുകൊണ്ടിരിക്കുന്നത് വേഗത്തിൽ ചെയ്യുക.” യേശു എന്താണ് അർത്ഥമാക്കുന്നതെന്ന് അപ്പൊസ്‌തലൻമാരിൽ മററാർക്കും മനസ്സിലാകുന്നില്ല. പണപ്പെട്ടി യൂദായുടെ പക്കലാകയാൽ, “പെരുന്നാളിന് ആവശ്യമായത് എന്തെങ്കിലും വാങ്ങാനോ” അല്ലെങ്കിൽ അവൻ പോയി സാധുക്കൾക്ക് എന്തെങ്കിലും കൊടുക്കാനോ ആണ് യേശു അവനോട് പറയുന്നതെന്ന് ചിലർ വിചാരിക്കുന്നു.
യൂദാ പോയശേഷം യേശു തന്റെ വിശ്വസ്‌തരായ അപ്പൊസ്‌തലൻമാരുടെ മുമ്പാകെ തികച്ചും പുതുതായ ഒരു ആഘോഷം അല്ലെങ്കിൽ അനുസ്‌മരണം അവതരിപ്പിക്കുന്നു. അവർ ഒരു അപ്പമെടുത്ത് നന്ദി പ്രകടനത്തിനുശേഷം അത് മുറിച്ച് “വാങ്ങി ഭക്ഷിക്കുവിൻ” എന്ന് പറഞ്ഞുകൊണ്ട് അവർക്ക് കൊടുക്കുന്നു. അവൻ ഇപ്രകാരം വിശദീകരിക്കുന്നു: “ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരത്തെ അർത്ഥമാക്കുന്നു. ഇത് എന്റെ ഓർമ്മക്കായി ചെയ്‌തുകൊണ്ടിരിക്കുവിൻ.”
അവരെല്ലാവരും അപ്പം ഭക്ഷിച്ചശേഷം യേശു പാനപാത്രവും എടുക്കുന്നു, പ്രത്യക്ഷത്തിൽ അത് പെസഹാ ശുശ്രൂഷയിലെ നാലാമത്തെ കപ്പാണ്. അതിൻമേലും നന്ദി നൽകുന്ന ഒരു പ്രാർത്ഥന നടത്തിയശേഷം അത് അവർക്ക് നീട്ടിക്കൊടുത്തുകൊണ്ട് അവരോട് അതിൽ നിന്ന് കുടിക്കാൻ ആവശ്യപ്പെടുന്നു. അവൻ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ഈ പാനപാത്രം നിങ്ങൾക്കായി ചൊരിയപ്പെടുന്ന എന്റെ രക്തത്താലുളള പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു.”
അതുകൊണ്ട് വാസ്‌തവത്തിൽ ഇതാണ് യേശുവിന്റെ മരണത്തിന്റെ സ്‌മാരകം. ഓരോ വർഷവും നീസാൻ 14-ന് യേശു പറയുന്നപ്രകാരം അവന്റെ ഓർമ്മക്കായി അത് ആവർത്തിക്കപ്പെടുന്നു. മരണവിധിയിൽ നിന്ന് മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻവേണ്ടി യേശുവും അവന്റെ സ്വർഗ്ഗീയ പിതാവും ചെയ്‌തതിനെപ്പററി അത് ആ ആഘോഷത്തിൽ പങ്കെടുക്കുന്നവരെ അനുസ്‌മരിപ്പിക്കുന്നു. ക്രിസ്‌തുവിന്റെ അനുയായികളായിത്തീർന്ന യഹൂദൻമാരെ സംബന്ധിച്ചിടത്തോളം ഈ ആഘോഷം അവർക്ക് പെസഹക്ക് പകരമായിരിക്കും.
യേശുവിന്റെ ചൊരിയപ്പെട്ട രക്തത്താൽ നിലവിൽ വരുന്ന പുതിയ ഉടമ്പടി പഴയന്യായപ്രമാണഉടമ്പടിക്ക് പകരമായിരിക്കും. അത് ഒരുപക്ഷത്ത് യഹോവയാം ദൈവവും മറുപക്ഷത്ത് 1,44,000 ആത്മജനനം പ്രാപിച്ച ക്രിസ്‌ത്യാനികളും തമ്മിൽ യേശുക്രിസ്‌തുവിന്റെ മദ്ധ്യസ്ഥതയിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. പാപങ്ങളുടെ മോചനത്തിനുളള കരുതൽ ചെയ്യുന്നതു കൂടാതെ രാജകീയ പുരോഹിതൻമാരുടെ ഒരു സ്വർഗ്ഗീയ ജനതയെ ഉളവാക്കുന്നതിനും അത് ഇടയാക്കുന്നു. മത്തായി 26:21-29; മർക്കോസ് 14:18-25; ലൂക്കോസ് 22:19-23; യോഹന്നാൻ 13:18-30; 17:12; 1 കൊരിന്ത്യർ 5:7.
▪ ഒരു സ്‌നേഹിതനെ സംബന്ധിച്ചുളള ഏതു ബൈബിൾ പ്രവചനമാണ് യേശു ഉദ്ധരിക്കുന്നത്, അവൻ അത് എങ്ങനെ ബാധകമാക്കുന്നു?
▪ അപ്പൊസ്‌തലൻമാർ അതീവ ദുഃഖിതരായിത്തീരുന്നത് എന്തുകൊണ്ട്, അവരിൽ ഓരോരുത്തരും എന്തു ചോദിക്കുന്നു?
▪ യൂദായോട് എന്തു ചെയ്യാനാണ് യേശു ആവശ്യപ്പെടുന്നത്, ഈ നിർദ്ദേശങ്ങൾ മററ് അപ്പൊസ്‌തലൻമാർ എങ്ങനെ വ്യാഖ്യാനിക്കുന്നു?
▪ യൂദാ പോയശേഷം എന്ത് ആഘോഷമാണ് യേശു ഏർപ്പെടുത്തുന്നത്, അതുകൊണ്ട് എന്ത് ഉദ്ദേശ്യമാണ് സാധിക്കുന്നത്?
▪ പുതിയ ഉടമ്പടിയിലെ കക്ഷികൾ ആരെല്ലാമാണ്, ആ ഉടമ്പടി എന്ത് സാധിപ്പിക്കുന്നു?