ഹന്നാവിന്റെയും തുടർന്ന് കയ്യഫാവിന്റെയും അടുക്കൽ കൊണ്ടുപോകപ്പെടുന്നു
അധ്യായം 119
ഹന്നാവിന്റെയും തുടർന്ന് കയ്യഫാവിന്റെയും അടുക്കൽ കൊണ്ടുപോകപ്പെടുന്നു
യേശു ഒരു സാധാരണ കുററവാളിയെപ്പോലെ ബന്ധിക്കപ്പെട്ടവനായി ജനസ്വാധീനമുളളവനും മുൻമഹാപുരോഹിതനുമായ ഹന്നാവിന്റെ അടുത്തേക്ക് കൊണ്ടുപോകപ്പെടുന്നു. യേശു ഒരു 12 വയസ്സുളള കുട്ടിയായി ആലയത്തിലെ റബ്ബിമാരെ അതിശയിപ്പിച്ചപ്പോൾ ഹന്നാവായിരുന്നു മഹാപുരോഹിതൻ. പിന്നീട് ഹന്നാവിന്റെ പുത്രൻമാരിൽ പലരും മഹാപുരോഹിതൻമാരായി സേവിച്ചു. ഇപ്പോഴാകട്ടെ അയാളുടെ ജാമാതാവായ കയ്യഫാവാണ് ആ സ്ഥാനത്ത്.
യഹൂദ മതജീവിതത്തിൽ ഹന്നാവിനുണ്ടായിരുന്ന ദീർഘകാലത്തെ പ്രാമുഖ്യത നിമിത്തമായിരുന്നിരിക്കണം യേശു ആദ്യം ഹന്നാവിന്റെ വസതിയിലേക്ക് കൂട്ടിക്കൊണ്ടുപോകപ്പെടുന്നത്. ഹന്നാവിനെ കാണുന്നതിനു വേണ്ടിയുളള ഈ കാലതാമസം യഹൂദ ഉന്നതനീതിപീഠമായ 71 അംഗ സൻഹെദ്രീം വിളിച്ചു കൂട്ടുന്നതിനും കളളസാക്ഷികളെ സംഘടിപ്പിക്കുന്നതിനും കയ്യഫാവിന് വേണ്ടത്ര സമയം നൽകി.
മുഖ്യപുരോഹിതനായ ഹന്നാവ് ഇപ്പോൾ യേശുവിനോട് അവന്റെ ശിഷ്യൻമാരെയും അവന്റെ ഉപദേശത്തെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു. എന്നാൽ യേശു മറുപടിയായി പറയുന്നു: “ഞാൻ പരസ്യമായി ലോകത്തോട് സംസാരിച്ചിരിക്കുന്നു. ഞാൻ എല്ലാ യഹൂദൻമാരും സമ്മേളിക്കുന്ന സിന്നഗോഗുകളിലും ആലയത്തിലുമാണ് ഉപദേശിച്ചിട്ടുളളത്; ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് നീ എന്നെ ചോദ്യം ചെയ്യുന്നത്? ഞാൻ അവരോട് സംസാരിച്ചിട്ടുളളത് കേട്ടിട്ടുളളവരോട് ചോദിക്കു. നോക്കൂ! ഞാൻ എന്താണ് പറഞ്ഞതെന്ന് ഇവർക്കറിയാം.”
അതിങ്കൽ യേശുവിന്റെ സമീപത്തു നിന്നിരുന്ന ഉദ്യോഗസ്ഥൻമാരിൽ ഒരുവൻ “ഇങ്ങനെയോ മുഖ്യപുരോഹിതനോട് ഉത്തരം പറയുന്നത്?” എന്ന് ചോദിച്ചുകൊണ്ട് യേശുവിന്റെ ചെകിട്ടത്ത് അടിച്ചു.
“ഞാൻ തെററായി സംസാരിച്ചുവെങ്കിൽ,” യേശു മറുപടിയായി പറയുന്നു, “ആ തെററു സംബന്ധിച്ച് സാക്ഷ്യപ്പെടുത്തുക; എന്നാൽ ശരിയായി പറഞ്ഞുവെങ്കിലോ എന്തിന് എന്നെ അടിക്കുന്നു?” ഈ സംസാരത്തെ തുടർന്ന് ഹന്നാവ് യേശുവിനെ ബന്ധിതനായി കയ്യഫാവിന്റെ അടുത്തേക്ക് അയക്കുന്നു.
ഇതിനോടകം എല്ലാ മുഖ്യപുരോഹിതൻമാരും മൂപ്പൻമാരും ശാസ്‌ത്രിമാരും അതെ, സൻഹെദ്രീം മുഴുവനും തന്നെ വന്നു ചേരുന്നു. അവർ സമ്മേളിച്ചിരിക്കുന്നത് കയ്യഫാവിന്റെ വസതിയിലാണ്. അത്തരമൊരു വിചാരണ പെസഹ രാത്രിയിൽ നടത്തുന്നത് വ്യക്തമായും യഹൂദനിയമത്തിന് എതിരാണ്. എന്നാൽ ഇത് ആ മതനേതാക്കൻമാരെ ആ ദുരുദ്ദേശ്യത്തിൽനിന്ന് പിന്തിരിപ്പിക്കുന്നില്ല.
ആഴ്‌ചകൾക്ക് മുമ്പ് യേശു ലാസറിനെ ഉയർപ്പിച്ചപ്പോൾ തന്നെ അവൻ മരിക്കേണ്ടതാണ് എന്ന് സൻഹെദ്രീം തീരുമാനമെടുത്തിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് ബുധനാഴ്‌ച മതാധികാരികൾ കൂടിയാലോചിച്ച് യേശുവിനെ കൊന്നു കളയാൻ വേണ്ടി കൗശലപൂർവ്വം അവനെ പിടിക്കണമെന്ന് നിശ്ചയിച്ചിരുന്നു. ആലോചിച്ചു നോക്കൂ, വിചാരണ ചെയ്യും മുമ്പേ അവനെ വധിക്കാൻ അവർ തീരുമാനിച്ചിരുന്നു!
യേശുവിനെതിരെ ഒരു ആരോപണം സ്ഥാപിക്കാൻ കളളസാക്ഷ്യം പറയുന്നതിന് സാക്ഷികളെ കണ്ടുപിടിക്കാനുളള ശ്രമം നടക്കുകയാണ്. എന്നാൽ തങ്ങളുടെ സാക്ഷ്യം സംബന്ധിച്ച് യോജിപ്പിൽ സംസാരിക്കുന്നവരെ കണ്ടെത്താൻ കഴിയുന്നില്ല. ഒടുവിൽ, രണ്ടുപേർ മുമ്പോട്ടുവന്നു ഇങ്ങനെ പറയുന്നു: “‘കൈകൾകൊണ്ടു പണിത ഈ ആലയം ഇടിച്ചു കളഞ്ഞിട്ട് മൂന്നുദിവസം കൊണ്ട് കൈകൾ കൊണ്ടല്ലാതെ ഒരു ആലയം പണിയും’ എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു.”
“നീ മറുപടിയായി ഒന്നും പറയുന്നില്ലേ?” കയ്യഫാവ് ചോദിക്കുന്നു. “ഇവർ നിനക്കെതിരായി ഈ പറയുന്നത് എന്താണ്?” എന്നാൽ, യേശു നിശബ്ദനായി നിൽക്കുന്നതേയുളളു. സൻഹെദ്രീമിന്റെ ലജ്ജക്കായിട്ടെന്നപോലെ ഈ വ്യാജാരോപണത്തിൽപോലും സാക്ഷികൾക്ക് തമ്മിൽ യോജിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് മഹാപുരോഹിതൻ മറെറാരു തന്ത്രം പ്രയോഗിച്ചു നോക്കുന്നു.
ആരെങ്കിലും ദൈവപുത്രനാണെന്ന് അവകാശപ്പെട്ടാൽ യഹൂദൻമാർ അത് സംബന്ധിച്ച് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് കയ്യഫാവിനറിയാം. മുമ്പ് രണ്ടു സന്ദർഭങ്ങളിൽ യേശു മരണത്തിനു യോഗ്യമായ ദൈവദൂഷണം പറഞ്ഞു എന്നു പറഞ്ഞ് യഹൂദൻമാർ കാര്യമറിയാതെ തന്നെ യേശുവിനെ മുദ്രയടിച്ചിരുന്നു, ഒരിക്കൽ യേശു ദൈവത്തിനു തുല്യനായിരിക്കുന്നതായി അവകാശപ്പെട്ടു എന്ന് അവർ തെററിദ്ധരിച്ചും. കൗശലപൂർവ്വം കയ്യഫാവ് ഇപ്പോൾ യേശുവിനോട് പറയുന്നു: “നീ ദൈവപുത്രനായ ക്രിസ്‌തുവാണോ എന്ന് ഞങ്ങളോടു പറയാൻ ഞാൻ ജീവനുളള ദൈവത്തെക്കൊണ്ട് ആണയിട്ട് നിന്നോട് ചോദിക്കുന്നു!”
യഹൂദൻമാർ എന്തുതന്നെ വിചാരിച്ചാലും യേശു വാസ്‌തവത്തിൽ ദൈവത്തിന്റെ പുത്രനാണ്. മറുപടി പറയാതിരുന്നാൽ ക്രിസ്‌തു എന്നുളള സ്ഥാനം അവൻ നിഷേധിക്കുന്നതായി കണക്കാക്കപ്പെടും. അതുകൊണ്ട് സധൈര്യം യേശു മറുപടി പറയുന്നു: “ഞാൻ ആകുന്നു; മനുഷ്യപുത്രൻ ശക്തിയുടെ വലതുഭാഗത്തിരിക്കുന്നതും വാനമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.”
അതിങ്കൽ കയ്യഫാവ് വളരെ നാടകീയമായ ഒരു പ്രകടനത്തോടെ തന്റെ കുപ്പായം വലിച്ചുകീറിക്കൊണ്ട് വിളിച്ചുപറയുന്നു: “അവൻ ദൈവദൂഷണം പറഞ്ഞിരിക്കുന്നു! ഇനിയും നമുക്ക് സാക്ഷികളെക്കൊണ്ട് എന്താവശ്യം? നോക്കൂ! ഇപ്പോൾ നിങ്ങൾതന്നെ ദൈവദൂഷണം കേട്ടിരിക്കുന്നു. നിങ്ങളുടെ അഭിപ്രായം എന്താണ്?”
“അവൻ മരണത്തിന് യോഗ്യനാണ്,” സൻഹെദ്രീം പ്രഖ്യാപിക്കുന്നു. തുടർന്ന് അവർ അവനെ പരിഹസിക്കുകയും അവനെതിരെ ദൂഷണമായി പല കാര്യങ്ങളും പറയുകയും ചെയ്യുന്നു. അവർ അവനെ ചെകിട്ടത്ത് അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്യുന്നു. മററുളളവർ അവന്റെ മുഖം മറച്ചിട്ട് അവനെ മുഷ്ടി ചുരുട്ടി ഇടിക്കുകയും “ക്രിസ്‌തുവേ, നിന്നെ ഇടിച്ചതാരാണ്? ഞങ്ങളോട് പ്രവചിക്ക” എന്ന് പറഞ്ഞ് അവനെ നിന്ദിക്കുകയും ചെയ്യുന്നു. ഈ ദ്രോഹകരവും നിയമവിരുദ്ധവുമായ പെരുമാററം രാത്രിയിലെ വിചാരണവേളയിലാണ് നടക്കുന്നത്. മത്തായി 26:57-68; 26:3, 4; മർക്കോസ് 14:53-65; ലൂക്കോസ് 22:54, 63-65; യോഹന്നാൻ 18:13-24; 11:45-53; 10:31-39; 5:16-18.
▪ യേശുവിനെ ആദ്യം എവിടേക്കാണ് കൊണ്ടുപോകുന്നത്, അവിടെ അവന് എന്തു സംഭവിക്കുന്നു?
▪ അടുത്തതായി യേശുവിനെ എങ്ങോട്ടു കൊണ്ടുപോകുന്നു, എന്തിനുവേണ്ടി?
▪ യേശു മരണയോഗ്യനാണെന്ന് സൻഹെദ്രീമിനെക്കൊണ്ട് പ്രഖ്യാപിപ്പിക്കാൻ കയ്യഫാവിന് എങ്ങനെ കഴിയുന്നു?
▪ വിചാരണ വേളയിൽ എന്ത് ദ്രോഹകരവും നിയമവിരുദ്ധവുമായ പെരുമാററമാണ് ഉണ്ടാകുന്നത്?