പാഠം 14
എങ്ങനെയുള്ള ആരാധനയാണ് ദൈവം ഇഷ്ടപ്പെടുന്നത്?
എല്ലാ മതങ്ങളും ദൈവത്തെ പ്രസാദിപ്പിക്കുന്നില്ല എന്നു കഴിഞ്ഞ പാഠത്തിൽ നമ്മൾ പഠിച്ചു. എന്നാൽ, സ്രഷ്ടാവിന് ഇഷ്ടപ്പെടുന്ന വിധത്തിൽ നമുക്ക് എങ്ങനെ ആരാധിക്കാം? ദൈവത്തിന് ഇഷ്ടമുള്ള “ആരാധന (അഥവാ മതം)” ഏതായിരിക്കും? (യാക്കോബ് 1:27, അടിക്കുറിപ്പ്) ബൈബിൾ എന്താണ് ഇതിനെക്കുറിച്ച് പറയുന്നതെന്നു നോക്കാം.
1. ദൈവത്തിന്റെ അംഗീകാരമുള്ള ആരാധന ഏതാണെന്ന് എങ്ങനെ മനസ്സിലാക്കാം?
യേശു ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ വചനം സത്യമാണ്.” (യോഹന്നാൻ 17:17) അതുകൊണ്ട് ദൈവവചനം പറയുന്നതുപോലെയാണ് നമ്മൾ ദൈവത്തെ ആരാധിക്കേണ്ടത്. ദൈവത്തിന്റെ വചനമായ ബൈബിളിൽ പറഞ്ഞിരിക്കുന്ന സത്യങ്ങൾ പല മതനേതാക്കന്മാരും തള്ളിക്കളയുന്നു. അതിനു പകരം, അവർ സ്വന്തം പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും പഠിപ്പിക്കലുകൾക്കും പ്രാധാന്യം കൊടുത്തിരിക്കുന്നു. അങ്ങനെ ‘ദൈവകല്പന അവഗണിക്കുന്നവരെ’ ദൈവത്തിന് ഇഷ്ടമല്ല. (മർക്കോസ് 7:9 വായിക്കുക.) എന്നാൽ, ബൈബിൾ പറയുന്ന വിധത്തിലുള്ള ആരാധനയാണ് യഹോവ അംഗീകരിക്കുന്നത്. അത് യഹോവയെ സന്തോഷിപ്പിക്കും.
2. നമ്മൾ യഹോവയെ എങ്ങനെ ആരാധിക്കണം?
സ്രഷ്ടാവാണ് ആരാധന അർഹിക്കുന്നത്. നമ്മളെ സൃഷ്ടിച്ചത് യഹോവയാണ്. അതുകൊണ്ട് നമ്മൾ യഹോവയെ മാത്രമാണ് ആരാധിക്കേണ്ടത്. (വെളിപാട് 4:11) നമ്മൾ രൂപങ്ങളുടെയോ ചിഹ്നങ്ങളുടെയോ പ്രതിമകളുടെയോ ഒന്നും സഹായമില്ലാതെ, തന്നെ സ്നേഹിക്കാനും ആരാധിക്കാനും ആണ് യഹോവ പ്രതീക്ഷിക്കുന്നത്.—യശയ്യ 42:8 വായിക്കുക.
നമ്മുടെ ആരാധന “വിശുദ്ധവും ദൈവത്തിനു സ്വീകാര്യവും” ആയിരിക്കണം. (റോമർ 12:1) അതായത്, നമ്മൾ ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കണം. ഉദാഹരണത്തിന്, യഹോവയെ സ്നേഹിക്കുന്നവർ വിവാഹത്തിന്റെ കാര്യത്തിൽ യഹോവ വെച്ചിരിക്കുന്ന നിയമങ്ങൾ സന്തോഷത്തോടെ അനുസരിക്കും. അതുപോലെ, അവർ ശരീരത്തിനു ദോഷം ചെയ്യുന്ന പുകയില, മയക്കുമരുന്ന് പോലുള്ള വസ്തുക്കൾ ഉപയോഗിക്കില്ല, മദ്യാസക്തരും ആകില്ല. a
3. ഒരുമിച്ച് കൂടിവന്ന് യഹോവയെ ആരാധിക്കേണ്ടത് എന്തുകൊണ്ട്?
ഓരോ ആഴ്ചയും നടക്കുന്ന നമ്മുടെ മീറ്റിങ്ങുകൾ ‘സഭയിൽ യഹോവയെ സ്തുതിക്കാനുള്ള’ നല്ല അവസരങ്ങളാണ്. (സങ്കീർത്തനം 111:1, 2) അതിനുള്ള ഒരു വിധം സ്തുതിഗീതങ്ങൾ ആലപിക്കുന്നതാണ്. (സങ്കീർത്തനം 104:33 വായിക്കുക.) എന്നേക്കും ജീവിതം ആസ്വദിക്കാൻ മീറ്റിങ്ങുകൾ നമ്മളെ സഹായിക്കുമെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ടാണ് മീറ്റിങ്ങുകൾക്കു കൂടിവരാൻ യഹോവ സ്നേഹപൂർവം പറയുന്നത്. മീറ്റിങ്ങിനു പോകുമ്പോൾ നമുക്കു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും, കൂടാതെ നമുക്കും മറ്റുള്ളവരിൽനിന്ന് പ്രോത്സാഹനം കിട്ടും.
ആഴത്തിൽ പഠിക്കാൻ
ആരാധനയിൽ പ്രതിമകൾ ഉപയോഗിക്കുന്നത് യഹോവ അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്? യഹോവയെ സ്തുതിക്കാൻ കഴിയുന്ന പ്രധാനപ്പെട്ട വിധങ്ങൾ ഏതൊക്കെയാണ്? നമുക്കു നോക്കാം.
4. ആരാധനയിൽ പ്രതിമകൾ ഉപയോഗിക്കുന്നത് യഹോവ അംഗീകരിക്കുന്നുണ്ടോ?
പ്രതിമകൾ ഉപയോഗിക്കുന്നത് യഹോവ അംഗീകരിക്കുന്നില്ലെന്ന് നമുക്ക് എങ്ങനെ അറിയാം? വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
-
ദൈവജനത്തിൽപ്പെട്ട കുറെ ആളുകൾ പണ്ട് പ്രതിമ ഉപയോഗിച്ച് ആരാധിച്ചപ്പോൾ അവർക്ക് എന്താണു സംഭവിച്ചത്?
ആരാധനയിൽ പ്രതിമകൾ ഉപയോഗിച്ചാലേ ദൈവത്തോടു കുറച്ചുകൂടി അടുക്കാൻ പറ്റൂ എന്നാണു ചിലർ ചിന്തിക്കുന്നത്. പക്ഷേ സത്യം നേരേ മറിച്ചാണ്. അതു ദൈവത്തിൽനിന്ന് അവരെ അകറ്റുകയേ ഉള്ളൂ. പുറപ്പാട് 20:4-6; സങ്കീർത്തനം 106:35, 36 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
-
ആരാധനയ്ക്കായി ആളുകൾ എന്തൊക്കെ പ്രതിമകളും രൂപങ്ങളും ചിഹ്നങ്ങളും ആണ് ഉപയോഗിക്കാറുള്ളത്?
-
ആരാധനയിൽ പ്രതിമകൾ ഉപയോഗിക്കുമ്പോൾ യഹോവയ്ക്ക് എന്തു തോന്നും?
-
പ്രതിമകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്?
5. യഹോവയെ മാത്രം ആരാധിക്കുന്നതു തെറ്റായ പഠിപ്പിക്കലുകളിൽനിന്ന് സ്വതന്ത്രരാക്കും
യഹോവ ഇഷ്ടപ്പെടുന്ന രീതിയിൽ ആരാധിക്കുന്നത്, തെറ്റായ പഠിപ്പിക്കലുകളിൽനിന്ന് നമ്മളെ സ്വതന്ത്രരാക്കുന്നത് എങ്ങനെയെന്നു നോക്കാം. വീഡിയോ കാണുക.
സങ്കീർത്തനം 91:14 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
യഹോവയെ മാത്രം ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്ക് യഹോവ എന്ത് ഉറപ്പു തന്നിരിക്കുന്നു?
6. മീറ്റിങ്ങുകളിൽ നമ്മൾ ദൈവത്തെ ആരാധിക്കുന്നു
മീറ്റിങ്ങുകളിൽ പാട്ടു പാടിയും അഭിപ്രായങ്ങൾ പറഞ്ഞും ഒക്കെ നമുക്ക് യഹോവയെ സ്തുതിക്കാം, പരസ്പരം പ്രോത്സാഹിപ്പിക്കാം. സങ്കീർത്തനം 22:22 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
-
മീറ്റിങ്ങുകളിൽ പറയുന്ന അഭിപ്രായങ്ങൾ കേട്ടപ്പോൾ എന്തു തോന്നി?
-
മീറ്റിങ്ങിന് ഒരു അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നുണ്ടോ?
7. പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയുമ്പോൾ യഹോവ സന്തോഷിക്കുന്നു
ബൈബിളിൽനിന്ന് പഠിച്ച സത്യങ്ങൾ മറ്റുള്ളവരോടു പറയാൻ ധാരാളം വഴികളുണ്ട്. സങ്കീർത്തനം 9:1; 34:1 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
ബൈബിളിൽനിന്ന് പഠിച്ച ഏതു കാര്യം മറ്റുള്ളവരോടു പറയാനാണു നിങ്ങൾക്ക് ആഗ്രഹം തോന്നുന്നത്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ദൈവത്തിന്റെ ഇഷ്ടംപോലെ എല്ലാ കാര്യവും ചെയ്യാൻ നമുക്കു പറ്റുമോ?”
-
നിങ്ങൾക്ക് എന്തു തോന്നുന്നു?
ചുരുക്കത്തിൽ
നമ്മുടെ സ്രഷ്ടാവായ യഹോവയെ മാത്രം ആരാധിച്ചുകൊണ്ടും മീറ്റിങ്ങുകളിൽ യഹോവയെ സ്തുതിച്ചുകൊണ്ടും നമ്മൾ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറഞ്ഞുകൊണ്ടും യഹോവയെ സന്തോഷിപ്പിക്കാം.
ഓർക്കുന്നുണ്ടോ?
-
ദൈവം അംഗീകരിക്കുന്ന ആരാധനയെക്കുറിച്ച് എങ്ങനെ മനസ്സിലാക്കാം?
-
എന്തുകൊണ്ടാണ് നമ്മൾ യഹോവയെ മാത്രം ആരാധിക്കേണ്ടത്?
-
യഹോവയെ ആരാധിക്കുന്നവരോടൊപ്പം നമ്മൾ കൂടിവരേണ്ടത് എന്തുകൊണ്ട്?
കൂടുതൽ മനസ്സിലാക്കാൻ
“ഇനി ഒരിക്കലും ഞാൻ വിഗ്രഹങ്ങളുടെ അടിമയല്ല” എന്ന ജീവിതകഥയിൽ, ഒരു സ്ത്രീ വിഗ്രഹങ്ങളെ ആരാധിക്കുന്നതു നിറുത്തിയത് എങ്ങനെയെന്ന് വായിക്കുക.
“ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” (വെബ്സൈറ്റിലെ ലേഖനം)
മീറ്റിങ്ങുകൾക്ക് അഭിപ്രായം പറയുന്നതിന് എങ്ങനെ ഒരുങ്ങാം?
“സഭാമധ്യേ യഹോവയെ സ്തുതിക്കുക” (വീക്ഷാഗോപുരം 2019 ജനുവരി)
മീറ്റിങ്ങുകൾക്കു പോകാൻ വളരെ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ, മീറ്റിങ്ങുകളിൽനിന്ന് പ്രയോജനം നേടിയത് എങ്ങനെയെന്നു കാണുക.
ക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന അടയാളമാണ് കുരിശ് എന്നാണു പലരും വിചാരിക്കുന്നത്. എന്നാൽ ആരാധനയിൽ കുരിശ് ഉപയോഗിക്കണോ?
a ഈ കാര്യങ്ങളെക്കുറിച്ച് പിന്നീടുള്ള പാഠങ്ങളിൽ പഠിക്കും.