പാഠം 27
യേശുവിന്റെ മരണം രക്ഷ നൽകുന്നത് എങ്ങനെ?
നമ്മുടെ ആദ്യമാതാപിതാക്കൾ അനുസരണക്കേടു കാണിച്ചതുകൊണ്ടാണ് നമ്മൾ പാപികളായത്. അങ്ങനെ നമ്മൾ ദുരിതങ്ങൾ അനുഭവിക്കുന്നു, മരിക്കുന്നു. a എന്നാൽ പ്രതീക്ഷയ്ക്കു വകയുണ്ട്! നമ്മളെ പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്ന് രക്ഷിക്കാൻ യഹോവ തന്റെ മകനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചു. യേശു നമുക്കുവേണ്ടി മരിച്ചു, അങ്ങനെ മോചനവില നൽകി എന്ന് ബൈബിൾ പറയുന്നു. തടവിൽവെച്ചിരിക്കുന്ന ആരെയെങ്കിലും വിട്ടുകിട്ടുന്നതിനുവേണ്ടി കൊടുക്കുന്ന വിലയാണ് മോചനവില. യേശു എന്താണ് വിലയായി കൊടുത്തത്? തന്റെ പൂർണതയുള്ള മനുഷ്യജീവൻ! (മത്തായി 20:28 വായിക്കുക.) മരിക്കാതെ ഈ ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവകാശം യേശുവിനുണ്ടായിരുന്നു. എന്നാൽ ആദാമും ഹവ്വയും നഷ്ടപ്പെടുത്തിയതെല്ലാം നമുക്കു തിരികെ കിട്ടുന്നതിനുവേണ്ടി ആ അവകാശം യേശു മനസ്സോടെ വേണ്ടെന്നുവെച്ചു. മാത്രമല്ല, യേശുവും പിതാവായ യഹോവയും നമ്മളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന സത്യവും അതിലൂടെ യേശു നമുക്കു കാണിച്ചുതന്നു. മോചനവില കിട്ടിയതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ടെന്ന് ഈ പാഠത്തിൽ നമ്മൾ മനസ്സിലാക്കും.
1. യേശുവിന്റെ മരണം ഇന്ന് നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
പാപികളായതുകൊണ്ട് നമ്മൾ യഹോവയെ വിഷമിപ്പിക്കുന്ന പല കാര്യങ്ങളും ചെയ്യുന്നു. എങ്കിലും ദൈവവുമായി ഒരു അടുത്ത സുഹൃദ്ബന്ധത്തിലേക്കു വരാൻ നമുക്കു കഴിയും. അതിനു നമ്മൾ ചെയ്തുപോയ പാപങ്ങളെക്കുറിച്ച് ആത്മാർഥമായി പശ്ചാത്തപിക്കണം, ആ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ യേശുക്രിസ്തുവിലൂടെ യഹോവയോട് അപേക്ഷിക്കണം, കൂടാതെ ചെയ്ത തെറ്റ് ആവർത്തിക്കാതിരിക്കാൻ നല്ല ശ്രമം ചെയ്യുകയും വേണം. (1 യോഹന്നാൻ 2:1) ബൈബിൾ ഇങ്ങനെ പറയുന്നു: “നീതിമാനായ ക്രിസ്തു നീതികെട്ടവരുടെ പാപങ്ങൾക്കുവേണ്ടി ഒരിക്കൽ മരിച്ചല്ലോ. നിങ്ങളെ ദൈവത്തോട് അടുപ്പിക്കാനാണു ക്രിസ്തു അങ്ങനെ ചെയ്തത്.”—1 പത്രോസ് 3:18.
2. യേശു മരിച്ചത് ഭാവിയിൽ നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
“തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ” ദൈവം യേശുവിന്റെ പൂർണതയുള്ള ജീവൻ എല്ലാവർക്കുംവേണ്ടി നൽകി. (യോഹന്നാൻ 3:16) യേശു കൊടുത്ത മോചനവിലയുടെ അടിസ്ഥാനത്തിൽ, ആദാമിന്റെ അനുസരണക്കേടിലൂടെ ഉണ്ടായിട്ടുള്ള എല്ലാ കുഴപ്പങ്ങളും യഹോവ പെട്ടെന്നുതന്നെ പരിഹരിക്കും. യേശു നൽകിയ മോചനവിലയിലുള്ള വിശ്വാസത്തിന് ചേർച്ചയിൽ ജീവിച്ചാൽ, ഭൂമിയിലെ പറുദീസയിൽ എന്നും ജീവിക്കാനുള്ള അവസരം നമുക്കും ലഭിക്കും.—യശയ്യ 65:21-23.
ആഴത്തിൽ പഠിക്കാൻ
യേശു നമുക്കുവേണ്ടി ജീവൻ നൽകിയത് എന്തുകൊണ്ടാണ്? അതിലൂടെ നമുക്കു ലഭിക്കുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണ്? നമുക്കു നോക്കാം.
3. യേശുവിന്റെ മരണം പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കുന്നു
വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
-
ദൈവത്തോട് അനുസരണക്കേടു കാണിച്ചപ്പോൾ ആദാം എന്താണ് നഷ്ടപ്പെടുത്തിയത്?
റോമർ 5:12 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
ആദാം പാപം ചെയ്തതിന്റെ ഫലമായി നമുക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായി?
യോഹന്നാൻ 3:16 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
യഹോവ തന്റെ മകനെ ഭൂമിയിലേക്ക് അയച്ചത് എന്തിനുവേണ്ടിയായിരുന്നു?
-
പൂർണമനുഷ്യനായിരുന്ന ആദാം ദൈവത്തോട് അനുസരണക്കേടു കാണിച്ചുകൊണ്ട് മനുഷ്യകുടുംബത്തെ പാപത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ടു
-
പൂർണമനുഷ്യനായിരുന്ന യേശു ദൈവത്തെ അനുസരിച്ചുകൊണ്ട് മനുഷ്യകുടുംബത്തിന് പൂർണതയിലേക്കും നിത്യജീവനിലേക്കും ഉള്ള വഴിതുറന്നു
4. യേശുവിന്റെ മരണം എല്ലാവർക്കും പ്രയോജനം ചെയ്യുന്നു
വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
-
ഒരു വ്യക്തിയുടെ മരണം എല്ലാ മനുഷ്യർക്കും പ്രയോജനം ചെയ്യുന്നത് എങ്ങനെയാണ്?
1 തിമൊഥെയൊസ് 2:5, 6 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
പൂർണമനുഷ്യനായിരുന്ന ആദാം മനുഷ്യകുടുംബത്തെ പാപത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ടു. ആദാമിനെപ്പോലെ യേശുവും ഒരു പൂർണമനുഷ്യനായിരുന്നു. എന്നാൽ യേശു മനുഷ്യരെ എന്നേക്കുമുള്ള ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. ഏതു വിധത്തിലാണ് യേശു “തത്തുല്യമായ ഒരു മോചനവില” നൽകിയത്?
5. മോചനവില നിങ്ങൾക്കുള്ള യഹോവയുടെ സമ്മാനം
‘യഹോവ എനിക്കു തന്ന സമ്മാനം,’ എന്നാണ് യഹോവയെ സ്നേഹിക്കുന്നവർ മോചനവിലയെക്കുറിച്ച് പറയുന്നത്. ഉദാഹരണത്തിന്, ഗലാത്യർ 2:20 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
അപ്പോസ്തലനായ പൗലോസ് എങ്ങനെയാണ് മോചനവിലയെ തനിക്കു കിട്ടിയ ഒരു സമ്മാനമായി കണ്ടത്?
പാപം ചെയ്തതുകൊണ്ട് ആദാം മരിച്ചു. ആദാമിന്റെ പിൻതലമുറക്കാർ ആയതുകൊണ്ട് നമ്മളും മരിക്കുന്നു. എന്നാൽ നമ്മൾ എന്നേക്കും ജീവിച്ചിരിക്കാൻവേണ്ടി യഹോവ തന്റെ മകനെ മരിക്കാൻ അനുവദിച്ചു.
താഴെ കൊടുത്തിരിക്കുന്ന ബൈബിൾ വാക്യങ്ങൾ വായിക്കുമ്പോൾ തന്റെ മകൻ അനുഭവിച്ച ദുരിതങ്ങൾ കണ്ട് യഹോവയ്ക്ക് എന്തു തോന്നിക്കാണുമെന്നു ചിന്തിക്കുക. യോഹന്നാൻ 19:1-7, 16-18 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
യഹോവയും യേശുവും നിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എന്തു തോന്നുന്നു?
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “ഒരാൾ മരിച്ചാൽ എല്ലാവർക്കും രക്ഷ കിട്ടുന്നത് എങ്ങനെയാ?”
-
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
ചുരുക്കത്തിൽ
യേശുവിന്റെ മോചനവില യഹോവ സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ യഹോവയ്ക്ക് നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ കഴിയും. കൂടാതെ, എന്നേക്കും ജീവിക്കാനുള്ള അവസരവും നമുക്ക് അതിലൂടെ തുറന്നുകിട്ടുന്നു.
ഓർക്കുന്നുണ്ടോ?
-
യേശു എന്തിനാണു മരിച്ചത്?
-
പൂർണതയുള്ള യേശുവിന്റെ ജീവൻ ഒരു മോചനവിലയാകുന്നത് എങ്ങനെയാണ്?
-
യേശുവിന്റെ മരണം നിങ്ങൾക്ക് എങ്ങനെയാണ് പ്രയോജനം ചെയ്യുന്നത്?
കൂടുതൽ മനസ്സിലാക്കാൻ
യേശുവിന്റെ പൂർണതയുള്ള ജീവൻ ഒരു മോചനവിലയാകുന്നത് എങ്ങനെയാണെന്ന് കാണാം.
പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനംകിട്ടാൻ നമ്മൾ എന്തു ചെയ്യണം?
“യേശു രക്ഷകനായിരിക്കുന്നത് ഏതു വിധത്തിൽ?” (വെബ്സൈറ്റിലെ ലേഖനം)
ഗുരുതരമായ തെറ്റുകളും ദൈവം ക്ഷമിക്കുമോ?
“ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ” (വെബ്സൈറ്റിലെ ലേഖനം)
യേശുവിന്റെ ബലിമരണത്തെക്കുറിച്ച് പഠിച്ചത് വ്യക്തിത്വത്തിൽ മാറ്റം വരുത്താൻ ഒരാളെ സഹായിച്ചത് എങ്ങനെ?
“ഞാൻ ഇനി അക്രമത്തിന് അടിമയാകില്ല” (വെബ്സൈറ്റിലെ ലേഖനം)
a തെറ്റായ ഒരു കാര്യം ചെയ്യുന്നതു മാത്രമല്ല പാപം. ആദാമിൽനിന്നും ഹവ്വയിൽനിന്നും നമുക്ക് അവകാശമായി കിട്ടിയ തെറ്റു ചെയ്യാനുള്ള സ്വാഭാവികമായ ചായ്വും അതിൽപ്പെടുന്നു.