വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിൻകു​റി​പ്പു​കൾ

പിൻകു​റി​പ്പു​കൾ
  1.  ബാബി​ലോൺ എന്ന മഹതിയെ തിരി​ച്ച​റി​യു​ക

  2.  മിശിഹ എപ്പോൾ വരുമാ​യി​രു​ന്നു?

  3.  രക്തം ഉൾപ്പെ​ടുന്ന ചികി​ത്സാ​രീ​തി​കൾ

  4.  വേർപി​രി​യൽ

  5.  വിശേ​ഷ​ദി​വ​സ​ങ്ങ​ളും ആഘോ​ഷ​ങ്ങ​ളും

  6.  പകരുന്ന രോഗങ്ങൾ

  7.  ബിസി​നെസ്സ്‌ ഇടപാ​ടു​ക​ളും നിയമ​പ​ര​മാ​യി കൈകാ​ര്യം ചെയ്യേണ്ട പ്രശ്‌ന​ങ്ങ​ളും

 1. ബാബി​ലോൺ എന്ന മഹതിയെ തിരി​ച്ച​റി​യു​ക

“ബാബി​ലോൺ എന്ന മഹതി” ചിത്രീ​ക​രി​ക്കു​ന്നത്‌ എല്ലാ വ്യാജ​മ​ത​ങ്ങ​ളെ​യും ആണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (വെളി​പാട്‌ 17:5) ചില കാര്യങ്ങൾ നോക്കാം:

  • ഈ സ്‌ത്രീ ലോകം മുഴുവൻ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ബാബി​ലോൺ എന്ന മഹതി ‘ജനക്കൂ​ട്ട​ങ്ങ​ളു​ടെ​യും ജനതക​ളു​ടെ​യും’ മേൽ ഇരിക്കു​ന്ന​താ​യി പറയുന്നു. ഈ സ്‌ത്രീ ‘ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​ടെ മേൽ ഭരണം നടത്തുന്നു.’—വെളി​പാട്‌ 17:15, 18.

  • ഈ സ്‌ത്രീ ഒരു രാഷ്ട്രീ​യ​ശ​ക്തി​യോ വ്യാപാ​ര​ശ​ക്തി​യോ അല്ല. ‘ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രും’ ‘വ്യാപാ​രി​ക​ളും’ ഈ സ്‌ത്രീ​യോ​ടൊ​പ്പം നശിപ്പി​ക്ക​പ്പെ​ടു​ന്നില്ല.—വെളി​പാട്‌ 18:9, 15.

  • ഈ സ്‌ത്രീ ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാത്ത കാര്യ​ങ്ങ​ളാണ്‌ ചെയ്യു​ന്നത്‌. ബൈബിൾ ഈ സ്‌ത്രീ​യെ വേശ്യ എന്ന്‌ വിളി​ക്കു​ന്നു. കാരണം സമ്പത്തി​നും മറ്റു നേട്ടങ്ങൾക്കും ആയി അവൾ രാജാ​ക്ക​ന്മാ​രു​മാ​യി അവിഹി​ത​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്നു. (വെളി​പാട്‌ 17:1, 2) അവൾ സകല ജനതക​ളിൽനി​ന്നു​മുള്ള ആളുകളെ വഴി​തെ​റ്റി​ക്കു​ന്നു. അനേക​രു​ടെ മരണത്തിന്‌ അവൾ കാരണ​ക്കാ​രി​യാണ്‌.—വെളി​പാട്‌ 18:23, 24.

പാഠം 13-ന്റെ പോയിന്റ്‌ 6-ലേക്കു തിരികെ പോകുക

 2. മിശിഹ എപ്പോൾ വരുമാ​യി​രു​ന്നു?

69 ആഴ്‌ച​യു​ടെ ഒരു കാലഘട്ടം പൂർത്തി​യാ​കു​മ്പോൾ മിശിഹ വരു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു.—ദാനി​യേൽ 9:25 വായി​ക്കുക.

  • 69 ആഴ്‌ച​യു​ടെ കാലഘട്ടം എപ്പോൾ തുടങ്ങി? ബി.സി. 455-ൽ. ആ വർഷമാണ്‌ യരുശ​ലേം നഗരം “പുതു​ക്കി​പ്പ​ണിത്‌ പൂർവ​സ്ഥി​തി​യി​ലാ​ക്കാൻ” ഗവർണ​റായ നെഹമ്യ എത്തിയത്‌.—ദാനി​യേൽ 9:25; നെഹമ്യ 2:1, 5-8.

  • 69 ആഴ്‌ച​യു​ടെ ദൈർഘ്യം എത്രയാ​യി​രി​ക്കും? ചില ബൈബിൾപ്ര​വ​ച​ന​ങ്ങ​ളിൽ ഒരു ദിവസത്തെ ഒരു വർഷമാ​യി കണക്കാ​ക്കി​യി​ട്ടുണ്ട്‌. (സംഖ്യ 14:34; യഹസ്‌കേൽ 4:6) അപ്പോൾ ഒരു ആഴ്‌ച ഏഴു വർഷമാ​യി​രി​ക്കും. അങ്ങനെ​യെ​ങ്കിൽ ഈ പ്രവച​ന​ത്തി​ലെ 69 ആഴ്‌ച (69 x 7) 483 വർഷമാ​യി​രി​ക്കും.

  • 69 ആഴ്‌ച എപ്പോൾ അവസാ​നി​ക്കും? ബി.സി 455 മുതൽ 483 വർഷം എണ്ണിയാൽ അത്‌ എ.ഡി. 29-ൽ a എത്തും. ആ വർഷമാ​ണു യേശു സ്‌നാ​ന​മേറ്റ്‌ മിശി​ഹ​യാ​യത്‌.—ലൂക്കോസ്‌ 3:1, 2, 21, 22.

പാഠം 15-ന്റെ പോയിന്റ്‌ 5-ലേക്കു തിരികെ പോകുക

 3. രക്തം ഉൾപ്പെ​ടുന്ന ചികി​ത്സാ​രീ​തി​കൾ

ക്രിസ്‌ത്യാനികൾ രക്തം സ്വീക​രി​ക്കു​ക​യോ ദാനം ചെയ്യു​ക​യോ ഇല്ല. എന്നാൽ സ്വന്തം രക്തംതന്നെ ഉപയോ​ഗി​ക്കുന്ന ചില ചികി​ത്സാ​രീ​തി​ക​ളോ? അവയിൽ ചിലതു ക്രിസ്‌ത്യാ​നി​കൾക്കു സ്വീകാ​ര്യ​മല്ല. ഉദാഹ​ര​ണ​ത്തിന്‌, ഓപ്പ​റേ​ഷ​നു​വേണ്ടി മുന്നമേ രോഗി​യു​ടെ​തന്നെ രക്തം സൂക്ഷി​ച്ചു​വെ​ക്കു​ന്ന​തു​പോ​ലു​ള്ളവ.—ആവർത്തനം 15:23.

എന്നാൽ സ്വന്തം രക്തം ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾക്കു സ്വീകാ​ര്യ​മാ​യേ​ക്കാ​വുന്ന ചില വൈദ്യ​ന​ട​പ​ടി​ക​ളു​മുണ്ട്‌. അതിൽപ്പെ​ടു​ന്ന​താണ്‌ രക്തപരി​ശോ​ധ​നകൾ, ഹീമോ​ഡ​യാ​ലി​സിസ്‌, ഹീമോ​ഡൈ​ലൂ​ഷൻ, സെൽ സാൽവേജ്‌, ഹാർട്ട്‌ ലങ്‌ ബൈപാസ്സ്‌ മെഷീൻ എന്നിവ. b കാരണം, ഇതൊ​ന്നും രോഗി​യു​ടെ​തന്നെ രക്തം സൂക്ഷി​ച്ചു​വെച്ച്‌ ഉപയോ​ഗി​ക്കുന്ന തരത്തി​ലുള്ള രീതി​കളല്ല. ഇത്തരത്തി​ലുള്ള ഏതൊരു ഓപ്പ​റേ​ഷ​നോ വൈദ്യ​പ​രി​ശോ​ധ​ന​യോ ചികി​ത്സാ​ന​ട​പ​ടി​യോ നടക്കുന്ന സമയത്ത്‌ സ്വന്തം രക്തം കൈകാ​ര്യം ചെയ്യ​പ്പെ​ടേ​ണ്ടത്‌ എങ്ങനെ​യാ​ണെന്ന്‌ ഓരോ ക്രിസ്‌ത്യാ​നി​യു​മാണ്‌ തീരു​മാ​നി​ക്കേ​ണ്ടത്‌. ഓരോ ഡോക്ട​റും ഈ കാര്യങ്ങൾ ചെയ്യു​ന്നത്‌ അൽപ്പസ്വൽപ്പം വ്യത്യാ​സ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കാം. അതു​കൊണ്ട്‌ ഈ സന്ദർഭ​ങ്ങ​ളിൽ സ്വന്തം രക്തം എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കാൻ പോകു​ന്ന​തെന്ന്‌ ഓരോ ക്രിസ്‌ത്യാ​നി​യും മുന്നമേ അറിഞ്ഞി​രി​ക്കണം. താഴെ പറയുന്ന ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക:

  • എന്റെ രക്തത്തിൽ കുറച്ച്‌ ശരീര​ത്തിന്‌ വെളി​യി​ലുള്ള ഒരു ഉപകര​ണ​ത്തി​ലേക്കു തിരി​ച്ചു​വി​ടേ​ണ്ടി​വ​രു​മ്പോൾ കുറച്ച്‌ നേര​ത്തേക്ക്‌ അതിന്റെ ഒഴുക്കു തടസ്സ​പ്പെ​ടു​ന്നെ​ങ്കി​ലോ? ആ രക്തത്തെ എന്റെ ശരീര​ത്തി​ലൂ​ടെ ഒഴുകുന്ന രക്തമാ​യി​ത്തന്നെ കാണാ​നും ‘അതു നിലത്ത്‌ ഒഴിച്ചു​ക​ള​യേണ്ട’ ആവശ്യ​മി​ല്ലെന്നു കരുതാ​നും മനസ്സാക്ഷി എന്നെ അനുവ​ദി​ക്കു​മോ?—ആവർത്തനം 12:23, 24.

  • ചികി​ത്സയ്‌ക്കി​ടെ എന്റെ രക്തത്തിൽ കുറെ പുറ​ത്തെ​ടുത്ത്‌ അതിൽ എന്തെങ്കി​ലും മാറ്റം വരുത്തി​യിട്ട്‌ ശരീര​ത്തി​ലേക്കു തിരികെ കയറ്റു​ന്നെ​ങ്കി​ലോ? അത്‌ എന്റെ ബൈബിൾപ​രി​ശീ​ലിത മനസ്സാ​ക്ഷി​യെ അസ്വസ്ഥ​മാ​ക്കു​മോ? അത്തരം ചികി​ത്സാ​രീ​തി ഞാൻ സ്വീക​രി​ക്ക​ണോ?

പാഠം 39-ന്റെ പോയിന്റ്‌ 3-ലേക്കു തിരികെ പോകുക

 4. വേർപി​രി​യൽ

ഭാര്യാഭർത്താക്കന്മാർ വേർപി​രിഞ്ഞ്‌ താമസി​ക്കു​ന്ന​തി​നെ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നില്ല. ഇങ്ങനെ വേർപി​രിഞ്ഞ ഇണകൾക്കു പുനർവി​വാ​ഹ​ത്തി​നുള്ള അവകാ​ശ​മി​ല്ലെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. (1 കൊരി​ന്ത്യർ 7:10, 11) എന്നാൽ ചില സാഹച​ര്യ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾ ഇണയിൽനിന്ന്‌ വേർപി​രിഞ്ഞ്‌ താമസി​ക്കാൻ തീരു​മാ​നി​ച്ചേ​ക്കാം.

  • മനഃപൂർവം കുടും​ബം നോക്കാ​തി​രി​ക്കു​ന്നത്‌: ഒരു ഭർത്താവ്‌, തന്റെ കുടും​ബാം​ഗ​ങ്ങ​ളു​ടെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾക്കു​വേ​ണ്ടി​പ്പോ​ലും കരുതാ​ത്ത​പ്പോൾ.—1 തിമൊ​ഥെ​യൊസ്‌ 5:8.

  • കടുത്ത ശാരീ​രിക ഉപദ്രവം: സ്വന്തം ആരോ​ഗ്യ​ത്തി​നോ ജീവനോ ഇണ ഭീഷണി​യാ​കുന്ന സാഹച​ര്യം.—ഗലാത്യർ 5:19-21.

  • യഹോ​വ​യു​മാ​യുള്ള ബന്ധത്തിനു കടുത്ത ഭീഷണി​യാ​കു​മ്പോൾ: യഹോ​വയെ സേവി​ക്കാൻ ഇണ ഒരു വിധത്തി​ലും അനുവ​ദി​ക്കാ​ത്ത​പ്പോൾ.—പ്രവൃ​ത്തി​കൾ 5:29.

പാഠം 42-ന്റെ പോയിന്റ്‌ 3-ലേക്കു തിരികെ പോകുക

 5. വിശേ​ഷ​ദി​വ​സ​ങ്ങ​ളും ആഘോ​ഷ​ങ്ങ​ളും

യഹോവയ്‌ക്ക്‌ ഇഷ്ടപ്പെ​ടാത്ത വിശേ​ഷ​ദി​വ​സ​ങ്ങ​ളി​ലോ ആഘോ​ഷ​ങ്ങ​ളി​ലോ ക്രിസ്‌ത്യാ​നി​കൾ പങ്കെടു​ക്കില്ല. എന്നാൽ അത്തരം ആഘോ​ഷ​വേ​ള​ക​ളിൽ ഉണ്ടാ​യേ​ക്കാ​വുന്ന ചില സാഹച​ര്യ​ങ്ങളെ എങ്ങനെ കൈകാ​ര്യം ചെയ്യണ​മെന്ന്‌ ഓരോ ക്രിസ്‌ത്യാ​നി​യും അവരുടെ ബൈബിൾപ​രി​ശീ​ലിത മനസ്സാക്ഷി ഉപയോ​ഗിച്ച്‌ തീരു​മാ​നി​ക്കണം. ഉദാഹ​ര​ണങ്ങൾ നോക്കാം:

  • ആരെങ്കി​ലും വിശേ​ഷ​ദി​വ​സ​ത്തി​ന്റെ ആശംസ അറിയി​ച്ചാൽ. നിങ്ങൾക്ക്‌ അദ്ദേഹ​ത്തോ​ടു ‘നന്ദി’ പറയാം. കൂടുതൽ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ വിശേ​ഷ​ദി​വസം ആഘോ​ഷി​ക്കാ​ത്ത​തി​ന്റെ കാരണം വിശദീ​ക​രി​ക്കാം.

  • ഒരു വിശേ​ഷ​ദി​വ​സ​ത്തിൽ ബന്ധുക്ക​ളോ​ടൊ​പ്പം ഭക്ഷണം കഴിക്കാൻ യഹോ​വ​യു​ടെ സാക്ഷി​യ​ല്ലാത്ത നിങ്ങളു​ടെ ഇണ ക്ഷണിക്കു​ന്നു. ക്ഷണം സ്വീക​രിച്ച്‌ അവിടെ പോകാൻ നിങ്ങളു​ടെ മനസ്സാക്ഷി അനുവ​ദി​ക്കു​ന്നെ​ങ്കിൽ ഇണയോ​ടു നേര​ത്തേ​തന്നെ ചില കാര്യങ്ങൾ പറയാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, വിശേ​ഷ​ദി​വ​സ​ത്തി​ന്റെ ഭാഗമാ​യി നടത്തുന്ന ക്രിസ്‌തീ​യ​മ​ല്ലാത്ത ആചാരാ​നുഷ്‌ഠാ​ന​ങ്ങ​ളിൽ നിങ്ങൾ പങ്കെടു​ക്കി​ല്ലെന്ന കാര്യം.

  • ഒരു ആഘോ​ഷ​കാ​ലത്ത്‌ തൊഴി​ലു​ടമ നിങ്ങൾക്ക്‌ ബോണസ്‌ തരുന്നു. നിങ്ങൾ അതു വേണ്ടെന്നു പറയണോ? അങ്ങനെ പറയണ​മെ​ന്നില്ല. എന്നാൽ ചിന്തി​ക്കുക: ആ ബോണ​സി​നെ ആഘോ​ഷ​ത്തി​ന്റെ ഭാഗമാ​യാ​ണോ തൊഴി​ലു​ടമ കാണു​ന്നത്‌? അതോ നിങ്ങൾ ചെയ്യുന്ന നല്ല ജോലിക്ക്‌ നന്ദിസൂ​ച​ക​മാ​യി തരുന്ന​താ​ണോ?

  • ആഘോ​ഷ​കാ​ലത്ത്‌ ആരെങ്കി​ലും സമ്മാനം തരു​ന്നെ​ങ്കിൽ. സമ്മാനം തരുന്ന​യാൾ ചില​പ്പോൾ ഇങ്ങനെ പറഞ്ഞേ​ക്കാം: “നിങ്ങൾ ഇത്‌ ആഘോ​ഷി​ക്കി​ല്ലെന്ന്‌ എനിക്ക​റി​യാം. എങ്കിലും ഇരിക്കട്ടെ.” ചില​പ്പോൾ അദ്ദേഹ​ത്തി​ന്റെ നല്ല മനസ്സു​കൊണ്ട്‌ തന്നതാ​കാം. എന്നാൽ ഇതുകൂ​ടെ ചിന്തി​ക്കുക. അദ്ദേഹം നിങ്ങളു​ടെ വിശ്വാ​സം പരി​ശോ​ധി​ക്കാ​നോ നിങ്ങളെ ആഘോ​ഷ​ത്തിൽ പങ്കെടു​പ്പി​ക്കാ​നോ മനഃപൂർവം ശ്രമി​ക്കു​ക​യാ​ണോ? ഇതു ചിന്തി​ച്ച​തി​നു ശേഷം, ആ സമ്മാനം സ്വീക​രി​ക്ക​ണോ വേണ്ടയോ എന്ന്‌ നിങ്ങൾക്കു തീരു​മാ​നി​ക്കാം. എല്ലാ തീരു​മാ​ന​ങ്ങ​ളി​ലും നല്ല മനസ്സാ​ക്ഷി​യും യഹോ​വ​യോ​ടുള്ള വിശ്വസ്‌ത​ത​യും കാത്തു​സൂ​ക്ഷി​ക്കാ​നാണ്‌ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌.—പ്രവൃ​ത്തി​കൾ 23:1.

പാഠം 44-ന്റെ പോയിന്റ്‌ 1-ലേക്കു തിരികെ പോകുക

 6. പകരുന്ന രോഗങ്ങൾ

നമ്മൾ ആളുകളെ സ്‌നേ​ഹി​ക്കു​ന്നു. അതു​കൊണ്ട്‌, നമു​ക്കൊ​രു രോഗ​മു​ണ്ടെ​ങ്കിൽ അതു മറ്റുള്ള​വ​രി​ലേക്കു പകരാ​തി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം. പകരുന്ന ഒരു രോഗ​മു​ണ്ടെന്നു സംശയം ഉള്ളപ്പോൾപ്പോ​ലും നമ്മൾ അക്കാര്യം ശ്രദ്ധി​ക്കും. കാരണം, ‘അയൽക്കാ​രനെ നമ്മളെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കാ​നാണ്‌’ ബൈബിൾ പറയു​ന്നത്‌.—റോമർ 13:8-10.

നമുക്ക്‌ ഏതെല്ലാം വിധങ്ങ​ളിൽ ആ സ്‌നേഹം കാണി​ക്കാം? മറ്റുള്ള​വർക്കു കൈ കൊടു​ക്കു​ന്ന​തോ അവരെ കെട്ടി​പ്പി​ടി​ക്കു​ന്ന​തോ ചുംബി​ക്കു​ന്ന​തോ പോലുള്ള സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ നടത്താൻ നമ്മൾ ശ്രമി​ക്ക​രുത്‌. ആരെങ്കി​ലും കുടും​ബാം​ഗ​ങ്ങ​ളു​ടെ ആരോ​ഗ്യ​ത്തെ കരുതി നിങ്ങളെ അവരുടെ വീട്ടി​ലേക്ക്‌ ക്ഷണിക്കാ​തി​രു​ന്നാൽ അതിൽ മുഷി​യ​രുത്‌. ഇനി, നിങ്ങൾ സ്‌നാ​ന​മേൽക്കാൻ പോകു​ക​യാ​ണെ​ങ്കിൽ രോഗ​മു​ണ്ടെന്ന വിവരം സ്‌നാ​ന​ത്തി​നു മുമ്പേ മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പ​കനെ അറിയി​ക്കണം. അപ്പോൾ മറ്റു സ്‌നാ​നാർഥി​കൾക്കു രോഗം പകരാത്ത വിധത്തിൽ കാര്യങ്ങൾ ക്രമീ​ക​രി​ക്കാൻ അദ്ദേഹ​ത്തി​നാ​കും. നിങ്ങൾ വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ആലോ​ചി​ക്കു​ക​യാ​ണോ? നിങ്ങൾക്കു പകരുന്ന ഒരു രോഗ​മു​ണ്ടെന്നു സംശയ​മു​ണ്ടെ​ങ്കിൽ സ്വമേ​ധയാ രക്തപരി​ശോ​ധ​ന​യ്‌ക്ക്‌ വിധേ​യ​നാ​കുക. അതു മറ്റുള്ള​വ​രോ​ടുള്ള പരിഗ​ണ​ന​യാണ്‌. അപ്പോൾ “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ” നോക്കു​ക​യാണ്‌.—ഫിലി​പ്പി​യർ 2:4.

പാഠം 56-ന്റെ പോയിന്റ്‌ 2-ലേക്കു തിരികെ പോകുക

 7. ബിസി​നെസ്സ്‌ ഇടപാ​ടു​ക​ളും നിയമ​പ​ര​മാ​യി കൈകാ​ര്യം ചെയ്യേണ്ട പ്രശ്‌ന​ങ്ങ​ളും

എല്ലാ സാമ്പത്തിക ഇടപാ​ടു​കൾക്കും രേഖയു​ണ്ടാ​ക്കി​യാൽ പല പ്രശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാം, അതു ക്രിസ്‌ത്യാ​നി​കൾ തമ്മിലുള്ള ഇടപാ​ടു​ക​ളാ​ണെ​ങ്കിൽപ്പോ​ലും. (യിരെമ്യ 32:9-12) എങ്കിലും ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ പണത്തിന്റെ കാര്യ​ത്തി​ലോ മറ്റു കാര്യ​ങ്ങ​ളി​ലോ ചില​പ്പോൾ അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ ഉണ്ടാ​യേ​ക്കാം. അങ്ങനെ ഉണ്ടായാൽ വളരെ പെട്ടെന്ന്‌, ഉൾപ്പെ​ട്ടി​രി​ക്കു​ന്നവർ മാത്രം ചേർന്ന്‌ അതു സമാധാ​ന​പ​ര​മാ​യി പരിഹ​രി​ക്കാൻ ശ്രമി​ക്കണം.

പരദൂഷണമോ വഞ്ചനയോ പോലുള്ള ഗുരു​ത​ര​മായ വിഷയ​ങ്ങ​ളാ​ണെ​ങ്കി​ലോ? അത്‌ എങ്ങനെ പരിഹ​രി​ക്കാം? (മത്തായി 18:15-17 വായി​ക്കുക.) അതിനുള്ള മൂന്നു പടിക​ളെ​ക്കു​റിച്ച്‌ യേശു പറഞ്ഞു:

  1. പ്രശ്‌ന​മു​ണ്ടാ​യവർ തമ്മിൽ അതു പരിഹ​രി​ക്കാൻ ശ്രമി​ക്കുക.—15-ാം വാക്യം കാണുക.

  2. അതു നടക്കു​ന്നി​ല്ലെ​ങ്കിൽ സഭയിലെ പക്വത​യുള്ള ഒന്നോ രണ്ടോ വ്യക്തി​കളെ കൂട്ടി​ക്കൊ​ണ്ടു​പോ​കുക.—16-ാം വാക്യം കാണുക.

  3. എന്നിട്ടും പ്രശ്‌നം പരിഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ മാത്രം മൂപ്പന്മാ​രെ സമീപി​ക്കുക.—17-ാം വാക്യം കാണുക.

സഹോദരങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കോട​തി​യിൽ പോകാ​തെ​തന്നെ പരിഹ​രി​ക്കാൻ നമ്മൾ ശ്രമി​ക്കും. അല്ലെങ്കിൽ യഹോ​വ​യെ​ക്കു​റി​ച്ചും സഭയെ​ക്കു​റി​ച്ചും ആളുകൾ മോശ​മാ​യി ചിന്തി​ച്ചേ​ക്കാം. (1 കൊരി​ന്ത്യർ 6:1-8) എന്നാൽ ചില സാഹച​ര്യ​ങ്ങ​ളിൽ കോട​തി​യിൽത്തന്നെ പോയി തീർക്കേണ്ട കേസു​ക​ളും ഉണ്ടാകാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹ​മോ​ചനം, കുട്ടി​ക​ളു​ടെ സംരക്ഷ​ണാ​വ​കാ​ശം, ജീവനാം​ശം, ഇൻഷ്വ​റൻസ്‌ കേസുകൾ, പാപ്പരത്തം, വിൽപ്പ​ത്രം സാധു​വാ​ക്കൽ തുടങ്ങി​യവ. ഇതു​പോ​ലുള്ള കേസുകൾ കോട​തി​യെ സമീപിച്ച്‌ സമാധാ​ന​പ​ര​മാ​യി പരിഹ​രി​ക്കാൻ ഒരു ക്രിസ്‌ത്യാ​നി ശ്രമി​ക്കു​മ്പോൾ അദ്ദേഹം ബൈബി​ളു​പ​ദേ​ശങ്ങൾ ലംഘി​ക്കു​കയല്ല.

ബലാത്സംഗം, കുട്ടി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റം, ആക്രമണം, കവർച്ച, കൊല​പാ​തകം തുടങ്ങിയ ഗുരു​ത​ര​മായ കുറ്റകൃ​ത്യ​ങ്ങൾ അധികാ​രി​കളെ അറിയി​ച്ചാ​ലും ഒരു ക്രിസ്‌ത്യാ​നി ബൈബിൾ നിയമങ്ങൾ ലംഘി​ക്കു​കയല്ല.

പാഠം 56-ന്റെ പോയിന്റ്‌ 3-ലേക്കു തിരികെ പോകുക

a ബി.സി 455 മുതൽ ബി.സി 1 വരെ, 454 വർഷം. ബി.സി. 1 മുതൽ എ.ഡി. 1 വരെ, ഒരു വർഷം. (അതിനി​ട​യ്‌ക്ക്‌ 0 എന്ന വർഷം ഇല്ല.) എ.ഡി. 1 മുതൽ എ.ഡി. 29 വരെ, 28 വർഷം. ഇതു മൊത്തം കൂട്ടു​മ്പോൾ 483 വർഷം.

b കൂടുതൽ അറിയാൻ 2000 ഒക്ടോബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.