ജീവിതം ഇത്ര പ്രശ്നപൂരിതമായിരിക്കുന്നത് എന്തുകൊണ്ട്?
രാജ്യവാർത്ത നമ്പർ 34
ജീവിതം ഇത്ര പ്രശ്നപൂരിതമായിരിക്കുന്നത് എന്തുകൊണ്ട്?
പ്രശ്നരഹിതമായ ഒരു പറുദീസ സാധ്യമോ?
ഗുരുതരമായ പ്രശ്നങ്ങൾ വഷളാകുന്നു—എന്തുകൊണ്ട്?
ആളുകൾക്ക് എന്നും പ്രശ്നങ്ങളുണ്ടായിരുന്നിട്ടുണ്ട്. ആധുനിക സാങ്കേതികശാസ്ത്രം അവയെയെല്ലാം പരിഹരിക്കുമെന്നാണ് അനേകരും വിചാരിച്ചത്. പക്ഷേ, ഗുരുതരമായ പ്രശ്നങ്ങൾ വഷളാകുകയാണ്.
കുററകൃത്യം: തെരുവിൽ നടക്കുന്നതോ സ്വന്തം വീട്ടിൽ ഇരിക്കുന്നതോ മിക്കവർക്കും അത്ര സുരക്ഷിതമായി തോന്നുന്നില്ല. ഒരു യൂറോപ്യൻ രാജ്യത്ത്, ഇക്കഴിഞ്ഞ ഒരു വർഷം മിക്കവാറും മൂന്നിൽ ഒരാൾ വീതം കുററകൃത്യത്തിനിരയായി.
പരിസ്ഥിതി: വായു, കര, വെളളം എന്നിവയുടെ മലിനീകരണം കൂടുതൽക്കൂടുതൽ വ്യാപകമാകുകയാണ്. വികസ്വര രാജ്യങ്ങളിൽ നാലിലൊന്നു ഭാഗം ജനങ്ങൾക്കു ശുദ്ധജലം ലഭിക്കുന്നില്ല.
ദാരിദ്ര്യം: ദരിദ്രരും വിശന്നുവലയുന്നവരുമായ ആളുകൾ എന്നെത്തെക്കാളും കൂടുതലാണ്. ചില രാജ്യങ്ങളിൽ 90 ശതമാനത്തിലധികം ആളുകൾ ദാരിദ്ര്യത്തിൽ കഴിയുന്നു; ലോകതൊഴിലാളികളുടെ 30 ശതമാനം, ഏതാണ്ട് 80 കോടി ആളുകൾ, തൊഴിൽരഹിതരോ തൊഴിൽക്കുറവുളളവരോ ആണ്. തന്നെയുമല്ല, മേൽപ്പറഞ്ഞവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ്.
വിശപ്പ്: ഒരുപക്ഷേ നിങ്ങൾക്കു ഭക്ഷിക്കാൻ വേണ്ടുവോളമുണ്ടായിരിക്കാം. എന്നാൽ ലക്ഷക്കണക്കിനാളുകൾക്ക് അതില്ല. അവികസിത രാജ്യങ്ങളിൽ, ഓരോ വർഷവും 1.3 കോടി ആളുകൾ, ഏറെയും കുട്ടികൾ, വിശപ്പിന്റെ ഫലമായി മരണമടയുന്നു.
യുദ്ധം: ഈയിടെ വർഗീയ കലാപങ്ങളിൽ ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുകയുണ്ടായി. 20-ാം നൂററാണ്ടിൽ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടിട്ടുളളതോ, പത്തുകോടിയിലധികവും.
മററു പ്രശ്നങ്ങൾ: ഇതിനൊക്കെ പുറമേയാണ് വഷളായിക്കൊണ്ടിരിക്കുന്ന കുടുംബത്തകർച്ച, അവിവാഹിതരായ അമ്മമാർ, വർധിച്ചുവരുന്ന ഭവനരഹിതർ, വ്യാപകമായ മയക്കുമരുന്നു ദുരുപയോഗം, നടമാടുന്ന അധാർമികത എന്നിവ. ഒരു മുൻ യു.എസ്. ക്യാബിനററ് അംഗം പറഞ്ഞതു ശരിതന്നെ: “. . . സംസ്കാരം ചീഞ്ഞളിഞ്ഞുപോയി എന്നതിനുളള തെളിവുകൾ ആവശ്യത്തിലേറെയാണ്.” ഇക്കഴിഞ്ഞ 30 വർഷത്തിനുളളിൽ യു.എസ്. ജനസംഖ്യ 41 ശതമാനംകണ്ട് വർധിച്ചു. എന്നാൽ അക്രമാസക്ത കുററകൃത്യങ്ങളുടെ വർധനവോ 560 ശതമാനമായി, വിവാഹിതരല്ലാത്തവർക്കു ജനിക്കുന്ന കുട്ടികളുടെ എണ്ണം 400 ശതമാനമായി, വിവാഹമോചനങ്ങൾ 300 ശതമാനമായി, കൗമാരക്കാരുടെ ആത്മഹത്യ 200 ശതമാനത്തിലധികമായി. മററു രാജ്യങ്ങളുടെ സ്ഥിതിവിശേഷവും സമാനമാണ്.
പ്രശ്നങ്ങൾ വഷളായത് എന്തുകൊണ്ട്?
അതിനുളള ഉത്തരം നമ്മുടെ സ്രഷ്ടാവ് നൽകുന്നുണ്ട്. പ്രശ്നപൂരിതമായ ഈ കാലഘട്ടത്തെ അവന്റെ വചനം വിശേഷിപ്പിക്കുന്നത് “ഇടപെടാൻ പ്രയാസമായ ദുർഘട സമയങ്ങൾ” ഉണ്ടായിരിക്കുന്ന ഒരു കാലഘട്ടമായ “അവസാന നാളുകൾ” എന്നാണ്. (2 തിമോത്തി 3:1, NW) എന്തിന്റെ അവസാന നാളുകൾ? കൊളളാം, ബൈബിൾ “ലോകാവസാന”ത്തെക്കുറിച്ചു പറയുന്നു.—മത്തായി 24:3.
ദുഷ്ടതയുടെയും അതിന് ഉത്തരവാദികളായവരുടെയും അവസാനം ഉൾപ്പെടെ, ഈ വ്യവസ്ഥിതിയുടെ അവസാനം അടുത്തിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണു വർധിച്ചുവരുന്ന ഇന്നത്തെ പ്രശ്നങ്ങൾ. (മത്തായി 24:3-14; 2 തിമൊഥെയൊസ് 3:1-5; വെളിപ്പാടു 12:7-12) ഉടൻ ദൈവം ഇടപെട്ട് ഇന്നത്തെ സകല പ്രശ്നങ്ങൾക്കും സമ്പൂർണ പരിഹാരം വരുത്തും.—യിരെമ്യാവു 25:31-33; വെളിപ്പാടു 19:11-21.
ഈ ലോകത്തിന്റെ മതങ്ങൾ പരാജയപ്പെട്ടിരിക്കുന്നു
ഇന്നത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിനുപകരം, ഈ ലോകത്തിന്റെ മതവ്യവസ്ഥിതികൾ അവയെ പെരുപ്പിക്കുകയാണ്. യുദ്ധങ്ങളിൽ കത്തോലിക്കർ കത്തോലിക്കരെ കൊല്ലുന്നു, പ്രൊട്ടസ്ററൻറുകാർ പ്രൊട്ടസ്ററൻറുകാരെ കൊല്ലുന്നു. അങ്ങനെ ലക്ഷക്കണക്കിനാളുകൾ വധിക്കപ്പെടുന്നു. മിക്കവാറും എല്ലാവരുംതന്നെ കത്തോലിക്കരായ റുവാണ്ടയിൽ ലക്ഷക്കണക്കിനാളുകൾ പരസ്പരം കൊന്നൊടുക്കിയത് അധികം നാൾ മുമ്പായിരുന്നില്ല! (ഇടതുവശത്തുളള ചിത്രം കാണുക.)
തന്റെ ദേശീയത വ്യത്യസ്തമാണെന്ന കാരണത്താൽ തോക്കോ വടിവാളോ കയ്യിലേന്തി തന്റെ ശിഷ്യൻമാരെ വധിക്കാൻ യേശു യുദ്ധത്തിനു പോകുമായിരുന്നോ? തീർച്ചയായും ഇല്ല! “ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം,” ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:20, 21) ഈ ലോകത്തിലെ മതങ്ങൾ അതു ചെയ്യുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. “അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു.”—തീത്തൊസ് 1:16.
അതിലുപരി, ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ വാസ്തവത്തിൽ ഉയർത്തിപ്പിടിക്കാതെ ലോകത്തിന്റെ മതങ്ങൾ ഭൂവ്യാപകമായുളള ഞെട്ടിക്കുന്ന ധാർമികത്തകർച്ചയ്ക്ക് ആക്കംകൂട്ടുന്നു.
‘അതിന്റെ ഫലങ്ങൾ’—അതിലെ അംഗങ്ങളുടെ പ്രവൃത്തികൾ—നോക്കി സത്യമതം ഏത്, വ്യാജമതം ഏത് എന്നു പറയാനാവുമെന്ന് യേശു പറയുകയുണ്ടായി. “നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു” എന്നും അവൻ പറഞ്ഞു. (മത്തായി 7:15-20) മോശമായ ഫലം കായ്ക്കുന്ന, അതുകൊണ്ടുതന്നെ നാശത്തെ അഭിമുഖീകരിക്കുന്ന മതം വിട്ട് ഓടിയകലാൻ ദൈവവചനം നമ്മോട് ആഹ്വാനം ചെയ്യുന്നു.—വെളിപ്പാടു 18:4.
സത്യമതം പരാജയപ്പെട്ടിട്ടില്ല
സത്യമതം “നല്ല ഫലം കായ്ക്കുന്നു,” വിശേഷിച്ച് സ്നേഹം. (മത്തായി 7:17; യോഹന്നാൻ 13:34, 35) ക്രിസ്ത്യാനികളുടെ ഏത് ഏകീകൃത, സാർവദേശീയ സഹോദരവർഗമാണ് അത്തരം സ്നേഹം പ്രാവർത്തികമാക്കുന്നത്? സ്വന്തം മതത്തിൽപ്പെട്ടവരെയോ മററാരെയെങ്കിലുമോ വധിക്കാൻ വിസ്സമ്മതിക്കുന്നത് ആരാണ്?—1 യോഹന്നാൻ 3:10-12.
യഹോവയുടെ സാക്ഷികൾക്ക് ആ “നല്ല ഫലം” കായ്ക്കുന്നതിന്റെ സൽപ്പേരുണ്ട്. ഗോളമാസകലം, 230-ലധികം രാജ്യങ്ങളിൽ ‘അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർത്തിരിക്കുന്നു.’ (യെശയ്യാവു 2:4) ആളുകളോടുളള അവരുടെ സ്നേഹം ദൈവരാജ്യത്തിന്റെ “സുവാർത്ത” ലോകവ്യാപകമായി പ്രസംഗിക്കണമെന്ന ക്രിസ്തുവിന്റെ കൽപ്പനയോടുളള അവരുടെ അനുസരണത്താലും പ്രകടമാകുന്നു. (മത്തായി 24:14) ബൈബിൾ പഠിപ്പിക്കുന്ന ഉന്നത ധാർമികനിലവാരങ്ങൾ അവർ പ്രാവർത്തികമാക്കുകയും അതിനായി പ്രതിവാദം നടത്തുകയും ചെയ്യുന്നു.—1 കൊരിന്ത്യർ 6:9-11.
സത്യമതം പരാജയപ്പെട്ടിട്ടില്ല. അതു മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തനായ ഏകനിലേക്ക് ആളുകളെ നയിക്കുന്നു. ഉടനെ ആ ഒരുവൻ തികച്ചും നൂതനമായ ഒരു ലോകം ആനയിക്കും. ആ ഒരുവൻ ആരാണ്? (ദയവായി പുറംപേജ് കാണുക.)
പ്രശ്നരഹിതമായ ഒരു പറുദീസ നിശ്ചയം
നിങ്ങൾക്കു സാധിക്കുമായിരുന്നെങ്കിൽ, മനുഷ്യവർഗത്തെ അലട്ടുന്ന പ്രശ്നങ്ങളെല്ലാം നിങ്ങൾ പരിഹരിക്കുമായിരുന്നില്ലേ? തീർച്ചയായും നിങ്ങളതു ചെയ്യുമായിരുന്നു! മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുളള ശക്തിയും ജ്ഞാനവുമുളള ഒരേ ഒരു വ്യക്തിയായ നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് അതു ചെയ്യില്ലെന്നു നാം വിചാരിക്കണമോ?
യേശുക്രിസ്തുവിന്റെ കൈകളിലെ തന്റെ സ്വർഗീയ ഗവൺമെൻറ് മുഖാന്തരം ദൈവം മനുഷ്യരുടെ കാര്യങ്ങളിൽ ഇടപെടുമെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. അതു ഭൂമിയിലെ ദുഷിച്ച ഗവൺമെൻറുകളെ “തകർത്തു നശിപ്പി”ക്കും. (ദാനീയേൽ 2:44; മത്തായി 6:9, 10) എന്തിന്? ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ട് സങ്കീർത്തനക്കാരൻ ഇങ്ങനെ ഉത്തരം നൽകുന്നു: “അവർ യഹോവ എന്നു നാമമുളള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.”—സങ്കീർത്തനം 83:18.
ഈ ലോകം അവസാനിക്കുമ്പോൾ, അതിജീവകരുണ്ടായിരിക്കുമോ? “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:17) ഈ അതിജീവകർ എന്നേക്കും ജീവിക്കുന്നത് എവിടെയായിരിക്കും? ബൈബിൾ ഇങ്ങനെ ഉത്തരം പറയുന്നു: “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:9-11, 29; സദൃശവാക്യങ്ങൾ 2:21, 22.
ദൈവത്തിന്റെ പുതിയ ലോകത്തിൽ, “മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.” (വെളിപ്പാടു 21:4) മേലാൽ കുററകൃത്യമില്ല, ദാരിദ്ര്യമില്ല, വിശപ്പില്ല, രോഗമില്ല, ദുഃഖമില്ല, മരണമില്ല! മാത്രമോ, മരിച്ചവർപോലും വീണ്ടും ജീവിക്കും! “പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) ഭൂമിതന്നെ സാക്ഷാലുളള ഒരു പറുദീസയായി രൂപാന്തരപ്പെടും.—യെശയ്യാവു 35:1, 2; ലൂക്കൊസ് 23:43.
ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിതം ആസ്വദിക്കാൻ നാം എന്തു ചെയ്യണം? യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ലോകമെമ്പാടും പരമാർഥഹൃദയരായ ലക്ഷക്കണക്കിനാളുകൾ ആ അറിവു നേടുകയാണ്. അവരുടെ ഇപ്പോഴത്തെ വ്യക്തിപരമായ പല പ്രശ്നങ്ങളെയും നേരിടാൻ ഇത് അവരെ പ്രാപ്തരാക്കുന്നു. അതിലും പ്രധാനമായി, അതു തങ്ങൾക്കു പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ദൈവത്തിന്റെ പുതിയ ലോകത്തിൽ പൂർണമായും പരിഹരിക്കപ്പെടുമെന്നുളള ഉറപ്പ് അവർക്കു കൊടുക്കുന്നു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
WHO photo by P. Almasy
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Jerden Bouman/Sipa Press