ആർക്കു നമ്മോടു പറയാൻ കഴിയും?
ഭാഗം 2
ആർക്കു നമ്മോടു പറയാൻ കഴിയും?
1, 2. രൂപസംവിധാനം ചെയ്യപ്പെട്ട എന്തിന്റെയെങ്കിലും ഉദ്ദേശ്യം കണ്ടുപിടിക്കാനുളള ഉത്തമമാർഗം എന്താണ്?
1 യഥാർഥത്തിൽ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണെന്നു ആർക്കു നമ്മോടു പറയാൻ കഴിയും? ആകട്ടെ, നിങ്ങൾ ഒരു യന്ത്രനിർമാതാവിനെ സന്ദർശിക്കുകയും അയാൾ നിങ്ങൾക്കു തിരിച്ചറിയാനാകാത്ത ഒരു സങ്കീർണയന്ത്രത്തിൻമേൽ പണിതുകൊണ്ടിരിക്കുന്നതായി കാണുകയുമാണെങ്കിൽ, അതെന്തിനുവേണ്ടിയുളളതാണെന്ന് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും? നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏററവും നല്ലവിധം നിർമാതാവിനോടു ചോദിക്കുകയാണ്.
2 അങ്ങനെയെങ്കിൽ, അതിസൂക്ഷ്‌മ ജീവകോശംവരെ ഭൂമിയിൽ നമുക്കുചുററും കാണുന്ന സകല സചേതന വസ്‌തുക്കളിലും കാണുന്നതുപോലുളള മനോജ്ഞമായ രൂപസംവിധാനം സംബന്ധിച്ചെന്ത്? കോശത്തിനുളളിലെ ഏറെ ചെറിയ തൻമാത്രകളും ആററങ്ങളും അത്ഭുതകരമായി രൂപസംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു, ചിട്ടയോടെ വിന്യസിക്കപ്പെട്ടുമിരിക്കുന്നു. ഇനിയും വിസ്‌മയാവഹമായി രൂപകല്‌പന ചെയ്യപ്പെട്ടിരിക്കുന്ന മനുഷ്യമനസ്സിനെ സംബന്ധിച്ചെന്ത്? നമ്മുടെ സൗരയൂഥത്തെയും ക്ഷീരപഥ താരാവ്യൂഹത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ചെന്ത്? ഭയാവഹമായ ഈ രൂപസംവിധാനങ്ങൾക്ക് ഒരു രൂപസംവിധായകൻ ആവശ്യമായിരുന്നില്ലേ? തീർച്ചയായും, അത്തരം വസ്‌തുക്കൾ രൂപകല്‌പന ചെയ്‌തത് എന്തുകൊണ്ടെന്ന് ആ വ്യക്തിക്കു നമ്മോടു പറയാൻ കഴിയും.
ജീവൻ ആവിർഭവിച്ചത് ആകസ്‌മികമായിട്ടോ?
3, 4. ജീവൻ ഒരു ആകസ്‌മിക സംഭവത്താൽ ഉണ്ടാകാൻ എന്തു സാധ്യതയാണുളളത്?
3 ദി എൻസൈക്ലോപീഡിയ അമേരിക്കാന, “ജീവികളിലെ സങ്കീർണതയുടെയും സംഘാടനത്തിന്റെയും അസാധാരണമായ നിലവാരം” കുറിക്കൊണ്ട് ഇപ്രകാരം പ്രസ്‌താവിച്ചു: “പുഷ്‌പങ്ങളുടെയോ പ്രാണികളുടെയോ സസ്‌തനികളുടെയോ ഒരു അടുത്ത പരിശോധന, അവയുടെ ഭാഗങ്ങൾ മിക്കവാറും വിശ്വസിക്കാനാകാത്തത്ര കൃത്യതയോടെ ഒത്തുചേർന്നിരിക്കുന്നതായി കാണിക്കുന്നു.” സൂക്ഷ്‌മ ജീവികളുടെ രാസഘടനയെ പരാമർശിച്ചുകൊണ്ട്, ബ്രിട്ടീഷ് ജ്യോതിശാസ്‌ത്രജ്ഞനായ സർ ബെർണാഡ് ലോവെൽ ഇപ്രകാരം എഴുതി: “ഒരു യാദൃശ്ചിക സംഭവം . . . ഏററവും ചെറിയ ഒരു പ്രോട്ടീൻ തൻമാത്രയുടെ രൂപവത്‌ക്കരണത്തിനു വഴിയൊരുക്കാനുളള സാധ്യത ചിന്തിക്കാനാകാത്തവിധം ചെറുതാണ്. . . . ഫലത്തിൽ പൂജ്യം തന്നെ.”
4 സമാനമായി, ജ്യോതിശാസ്‌ത്രജ്ഞനായ ഫ്രെഡ് ഹൊയ്‌ൽ ഇപ്രകാരം പറഞ്ഞു: “പാരമ്പര്യ ജീവശാസ്‌ത്രത്തിന്റെ മുഴുചട്ടക്കൂടും ജീവൻ യാദൃശ്ചികമായി ഉണ്ടായി എന്ന ആശയത്തെ ഇന്നും അവലംബിച്ചു പോരുന്നു. പക്ഷേ ജൈവരസതന്ത്രജ്ഞർ ജീവന്റെ അമ്പരപ്പിക്കുന്ന സങ്കീർണതയെക്കുറിച്ചു കൂടുതൽക്കൂടുതൽ കണ്ടുപിടിക്കുന്തോറും ജീവൻ ഒരു ആകസ്‌മിക സംഭവത്താൽ ഉണ്ടാകാനുളള സാധ്യതകൾ പൂർണമായും തളളിക്കളയാൻ കഴിയത്തക്കവിധം അവ അത്രക്കു ചെറുതാണെന്നുളളതു സ്‌പഷ്ടമായിത്തീരുകയാണ്. ജീവൻ ആകസ്‌മിക സംഭവത്താൽ ആവിർഭവിക്കുക സാധ്യമല്ല.”
5-7. ജീവനുളള വസ്‌തുക്കൾക്കു യാദൃശ്ചിക സംഭവത്താൽ ഉളവാകാൻ സാധ്യമല്ല എന്നു തൻമാത്രാ ജീവശാസ്‌ത്രം സ്ഥിരീകരിക്കുന്നത് എങ്ങനെ?
5 ശാസ്‌ത്രത്തിന്റെ ഏററവും അടുത്ത കാലത്തെ മേഖലകളിൽ ഒന്നായ തൻമാത്രാജീവശാസ്‌ത്രം, ജീനുകളുടെയും തൻമാത്രകളുടെയും ആററങ്ങളുടെയും തലത്തിൽ സചേതന വസ്‌തുക്കളെക്കുറിച്ചു നടത്തുന്ന പഠനമാണ്. തൻമാത്രാ ജീവശാസ്‌ത്രജ്ഞനായ മൈക്കിൾ ഡെൻറൺ, കണ്ടെത്തിയതിനെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “നടക്കാൻ തീരെ സാധ്യതയില്ലാത്ത ഏതോ ഒരു വികട സംഭവത്താൽ ഒരു കോശം കൂടിച്ചേർന്നുണ്ടായി എന്ന് അംഗീകരിക്കുക അസാധ്യമാക്കിത്തീർക്കുമാറ്, ഏററവും ലളിതമെന്നറിയപ്പെടുന്ന ഒരു കോശത്തിന്റെ സങ്കീർണതപോലും അത്ര വലുതാണ്.” “എന്നാൽ ആഴത്തിൽ വെല്ലുവിളിക്കുന്നതു ജീവനുളള വസ്‌തുക്കളിലെ സങ്കീർണഘടന മാത്രമല്ല, അവയുടെ രൂപസംവിധാനത്തിൽ ഒട്ടുമിക്കപ്പോഴും അവിശ്വസനീയമായ ബുദ്ധിവൈഭവം പ്രത്യക്ഷമാണ്.” “ജീവശാസ്‌ത്രപരമായ രൂപസംവിധാനത്തിന്റെ വൈഭവവും ലക്ഷ്യപ്രാപ്‌തിയുടെ പൂർണതയും ഏററവുമധികം പ്രകടമായിക്കാണുന്നത് . . . തൻമാത്രകളുടെ തലത്തിലാണ്.”
6 ഡെൻറൺ കൂടുതലായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “നാം എവിടെ നോക്കിയാലും, എത്രമാത്രം ആഴത്തിൽ നോക്കിയാലും, തീർത്തും അത്യുത്‌ക്കൃഷ്ടമായ മേൻമയോടുകൂടിയ മഹത്ത്വവും ബുദ്ധിപാടവവും കണ്ടെത്തുന്നു, അത് ആകസ്‌മിക സംഭവം എന്ന ആശയത്തെത്തന്നെ ദുർബലമാക്കുന്നു. ഏററവും സൂക്ഷ്‌മമായ മൂലഘടകം—പ്രത്യേക കർമശേഷിയുളള ഒരു പ്രോട്ടീൻ അഥവാ ജീൻ—പോലും നമ്മുടെ സ്വന്തം സൃഷ്ടിപരമായ പ്രാപ്‌തികൾക്കതീതമായിരിക്കുന്ന ഒരു യാഥാർഥ്യത്തെ, മനുഷ്യബുദ്ധികൊണ്ടുണ്ടാക്കിയ എന്തിനെയും എല്ലാ അർഥത്തിലും കവച്ചുവയ്‌ക്കുന്ന, ആകസ്‌മിക സംഭവത്തിനു കടകവിരുദ്ധമായ ഒരു യാഥാർഥ്യത്തെ, ആകസ്‌മികമായ പ്രക്രിയകൾ നിർമിച്ചിരിക്കാം എന്നതു വാസ്‌തവത്തിൽ വിശ്വസനീയമാണോ?” അദ്ദേഹം ഇങ്ങനെയും പ്രസ്‌താവിക്കുന്നു: “ഒരു ജീവകോശത്തിനും, ക്രിസ്‌ററലോ ഒരു ഹിമപാളിയോ പോലുളള ഏററവും ഉയർന്ന വിധത്തിൽ ചിട്ടപ്പെടുത്തിയിട്ടുളള ജീവരഹിതവസ്‌തുവിനും ഇടയ്‌ക്ക് ഗ്രഹിക്കാൻ കഴിയുന്നതിലേക്കും ഏററവും ബൃഹത്തായ ഒരു സമ്പൂർണ വിടവു സ്ഥിതിചെയ്യുന്നു.” ഒരു ഭൗതികശാസ്‌ത്ര പ്രൊഫസ്സറായ ചെററ് റെയ്‌മോ ഇവ്വണ്ണം പ്രസ്‌താവിക്കുന്നു: “എനിക്ക് ആഴമായ വിലമതിപ്പു തോന്നുന്നു . . . എല്ലാ തൻമാത്രയും അതിന്റെ വേലക്കായി അത്ഭുതകരമാംവിധം നിർമിക്കപ്പെട്ടിരിക്കുന്നതുപോലെ തോന്നുന്നു.”
7 “ഈ പുതിയ യാഥാർഥ്യമെല്ലാം കേവലം ആകസ്‌മിക സംഭവത്തിന്റെ ഫലമാണെന്നു ശാഠ്യത്തോടെ വാദിക്കുന്നവർ” ഒരു കെട്ടുകഥയിൽ വിശ്വസിക്കുകയാണെന്നു തൻമാത്രാ ജീവശാസ്‌ത്രജ്ഞനായ ഡെൻറൺ നിഗമനം ചെയ്യുന്നു. വാസ്‌തവത്തിൽ, സചേതന വസ്‌തുക്കൾ ആകസ്‌മിക സംഭവത്താൽ ഉളവാകുന്നു എന്ന ഡാർവീനിയൻ വിശ്വാസത്തെ “ജീവോത്ഭവം സംബന്ധിച്ച ഇരുപതാം നൂററാണ്ടിലെ വലിയ കെട്ടുകഥ” എന്ന് അദ്ദേഹം വിളിക്കുന്നു.
രൂപകല്‌പനയ്‌ക്ക് ഒരു രൂപസംവിധായകൻ ആവശ്യം
8, 9. രൂപസംവിധാനം ചെയ്യപ്പെട്ടിട്ടുളള സകലത്തിനും ഒരു രൂപസംവിധായകൻ ഉണ്ടായിരിക്കണം എന്നു പ്രകടമാക്കുന്ന ഒരു ദൃഷ്ടാന്തം നൽകുക.
8 യാദൃശ്ചികമായി, ഏതോ അവിചാരിത സംഭവത്താൽ, നിർജീവ പദാർഥത്തിനു ജീവനിലേക്കു വരാനുളള സാധ്യത തീർത്തും അസാധ്യമാകുമാറ് സംഭവ്യതയിൽനിന്ന് അത്ര വിദൂരത്തിലാണ്. ഇല്ല, രൂപസംവിധാനം ചെയ്യപ്പെട്ടിട്ടുളള എല്ലാററിനും ഒരു രൂപസംവിധായകൻ വേണ്ടതുകൊണ്ട് ഭൂമിയിലെ അതിവിശിഷ്ടമായ രൂപഭംഗിയുളള സചേതന വസ്‌തുക്കളെല്ലാം ഒരു യാദൃശ്ചിക സംഭവത്താൽ ഉളവായി വരാൻ കഴിയുമായിരുന്നില്ല. ഇതിന് അപവാദമായി നിങ്ങൾക്കറിവുളള എന്തെങ്കിലുമുണ്ടോ? ഒന്നുമില്ല. രൂപസംവിധാനം എത്ര സങ്കീർണമായിരിക്കുന്നുവോ, അത്രയധികം പ്രാപ്‌തനുമായിരിക്കണം അതിന്റെ രൂപകല്‌പിതാവ്.
9 ഈ കാര്യം ഈ വിധത്തിലും നമുക്കു ചിത്രീകരിക്കാവുന്നതാണ്: ഒരു ചിത്രം കാണുമ്പോൾ ഒരു ചിത്രകാരൻ സ്ഥിതിചെയ്യുന്നു എന്നതിന്റെ തെളിവായി നാം അത് അംഗീകരിക്കുന്നു. ഒരു ഗ്രന്ഥം വായിക്കുമ്പോൾ ഒരു ഗ്രന്ഥകാരൻ ഉണ്ടെന്നു നാം അംഗീകരിക്കുന്നു. ഒരു വീടു കാണുമ്പോൾ ഒരു കെട്ടിടനിർമാതാവ് ഉണ്ടെന്നു നാം അംഗീകരിക്കുന്നു. ഒരു ട്രാഫിക് ലൈററ് കാണുമ്പോൾ ഒരു നിയമനിർമാണ സംഘം നിലവിലിരിക്കുന്നു എന്നു നാം മനസ്സിലാക്കുന്നു. ഈവകയെല്ലാം അവയുടെ നിർമാതാക്കളാൽ ഉദ്ദേശ്യപൂർവം നിർമിക്കപ്പെട്ടിരിക്കുന്നു. അവ രൂപകല്‌പന ചെയ്‌ത ആളുകളെക്കുറിച്ചു സർവകാര്യങ്ങളും നാം അറിയാത്തപ്പോൾപ്പോലും അവർ സ്ഥിതിചെയ്യുന്നു എന്നതു നാം സംശയിക്കാറില്ല.
10. ഒരു പരമോന്നത രൂപസംവിധായകന്റെ എന്തു തെളിവു ദർശിക്കാൻ കഴിയും?
10 സമാനമായി, ഭൂമിയിലെ ജീവനുളള വസ്‌തുക്കളുടെ രൂപഭംഗി, ക്രമം, സങ്കീർണത എന്നിവയിൽ ഒരു പരമോന്നത രൂപസംവിധായകന്റെ അസ്‌തിത്വത്തിന്റെ തെളിവു ദർശിക്കാൻ കഴിയും. അവയെല്ലാം ഒരു പരമോന്നത ബുദ്ധിശക്തിയുടെ കരസ്‌പർശത്തിൻ ലക്ഷണങ്ങൾ വഹിക്കുന്നു. കോടാനുകോടി നക്ഷത്രങ്ങളെ ഉൾക്കൊളളുന്ന കോടിക്കണക്കിനു താരാപംക്തികളോടുകൂടിയ പ്രപഞ്ചത്തിന്റെ രൂപകല്‌പന, ക്രമം, സങ്കീർണത എന്നിവ സംബന്ധിച്ചും ഇതു സത്യമാണ്. എല്ലാ ജ്യോതിർഗോളങ്ങളും ചലനം, താപം, പ്രകാശം, ശബ്ദം, വിദ്യുത്‌കാന്തികത, ഗുരുത്വാകർഷണം എന്നിവയുടേതുപോലുളള കൃത്യമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. ഒരു നിയമനിർമാതാവിനെക്കൂടാതെ നിയമങ്ങൾ ഉണ്ടോ? റോക്കററ് ശാസ്‌ത്രജ്ഞനായ ഡോ. വെർണർ ഫോൺ ബ്രൗൺ ഇപ്രകാരം പ്രസ്‌താവിച്ചു: “ചന്ദ്രനിലേക്കു പറക്കാൻ ഒരു ബഹിരാകാശപേടകം നിർമിച്ച് അതിന്റെ യാത്ര ഒരു സെക്കണ്ടിന്റെ ചെറിയൊരു അംശത്തിലൊന്നു കൃത്യതയോടെ നിർണയിക്കാൻ പ്രയാസമില്ലാതവണ്ണം പ്രപഞ്ചനിയമങ്ങൾ അത്ര കൃത്യതയുളളതാണ്. ഈ നിയമങ്ങൾ ആരെങ്കിലും നിശ്ചയിച്ചവയായിരിക്കണം.”
11. നമുക്കു കാണാൻ കഴിയാത്തതുകൊണ്ടുമാത്രം ഒരു പരമോന്നത രൂപസംവിധായകന്റെ അസ്‌തിത്വം നാം തളളിക്കളയരുതാത്തത് എന്തുകൊണ്ട്?
11 പരമോന്നത രൂപസംവിധായകനും നിയമദാതാവുമായവനെ നമ്മുടെ ദൃശ്യനേത്രങ്ങൾക്കൊണ്ടു കാണാൻ സാധ്യമല്ല എന്നതു സത്യംതന്നെ. എന്നാൽ നമുക്കു കാണാൻ കഴിയില്ല എന്ന കാരണത്താൽ, ഗുരുത്വാകർഷണം, കാന്തികത, വൈദ്യുതി, അല്ലെങ്കിൽ റേഡിയോ തരംഗങ്ങൾ തുടങ്ങിയവയുടെ അസ്‌തിത്വത്തെ നാം തളളിക്കളയുമോ? ഇല്ല, നാം അങ്ങനെ ചെയ്യുകയില്ല, കാരണം അവയുടെ ഫലങ്ങൾ നമുക്കു നിരീക്ഷിക്കാൻ കഴിയും. അങ്ങനെയെങ്കിൽ, ഒരു രൂപസംവിധായകന്റെ വിസ്‌മയാവഹമായ കൈവേലയുടെ ഫലങ്ങൾ നമുക്കു നിരീക്ഷിച്ചറിയാൻ കഴിയുമെന്നിരിക്കെ, നമുക്ക് അവിടുത്തെ കാണാൻ കഴിയാത്തതിന്റെ പേരിൽ മാത്രം പരമോന്നതനായ ഒരു രൂപസംവിധായകനും നിയമദാതാവുമായവന്റെ അസ്‌തിത്വത്തെ നാം എന്തിനു തളളിക്കളയണം?
12, 13. സ്രഷ്ടാവിന്റെ അസ്‌തിത്വം സംബന്ധിച്ചു തെളിവ് എന്തു പറയുന്നു?
12 ഭൗതികശാസ്‌ത്രത്തിലെ പ്രൊഫസ്സറായ പോൾ ഡേവിസ് മനുഷ്യാസ്‌തിത്വം കേവലം വിധിയുടെ ഒരു വികൃതിയല്ലെന്നു നിഗമനം ചെയ്യുന്നു. അദ്ദേഹം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “യഥാർഥത്തിൽ നാം ഇവിടെ ആയിരിക്കാൻ ഉദ്ദേശിക്കപ്പെട്ടവരാണ്.” പ്രപഞ്ചത്തെ സംബന്ധിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: “പ്രപഞ്ചം സ്വതവെ ഉളവായി എന്നു കണ്ണുമടച്ചു വിശ്വസിക്കാൻ കഴിയാത്തത്ര അമ്പരപ്പിക്കുന്ന പ്രാഗത്ഭ്യത്തോടെയാണ് അതു വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്നു അധികമധികം ഊററമായി വിശ്വസിക്കാൻ എന്റെ ശാസ്‌ത്രീയ ഗവേഷണം എനിക്ക് ഇടവരുത്തിയിരിക്കുന്നു. ആഴമേറിയ തലത്തിലുളള വിശദീകരണം ഉണ്ടായിരിക്കണം എന്ന് എനിക്കു തോന്നുന്നു.”
13 അതുകൊണ്ട്, പ്രപഞ്ചവും ഭൂമിയും ഭൂമിയിലെ ജീവനുളള വസ്‌തുക്കളും കേവലം ഒരു ആകസ്‌മിക സംഭവത്താൽ വന്നതായിരിക്കാൻ കഴിയില്ല എന്നു തെളിവു നമ്മോടു പറയുന്നു. അവയെല്ലാം ഉയർന്ന ബുദ്ധിശക്തിയുളള, ശക്തനായ ഒരു സ്രഷ്ടാവിനു നിശ്ശബ്ദമായ സാക്ഷ്യം നൽകുന്നു.
ബൈബിൾ പറയുന്നത്
14. സ്രഷ്ടാവിനെ സംബന്ധിച്ചു ബൈബിൾ എന്തു നിഗമനം ചെയ്യുന്നു?
14 മനുഷ്യവർഗത്തിന്റെ ഏററവും പഴക്കമുളള ഗ്രന്ഥമായ ബൈബിൾ അതേ നിഗമനത്തിലെത്തുന്നു. ദൃഷ്ടാന്തത്തിന്, അപ്പോസ്‌തലനായ പൗലോസ് എഴുതിയ എബ്രായർക്കുളള ബൈബിൾ പുസ്‌തകത്തിൽ നമ്മോട് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.” (എബ്രായർ 3:4) അപ്പോസ്‌തലനായ യോഹന്നാൻ എഴുതിയ ബൈബിളിലെ അവസാന പുസ്‌തകവും ഇപ്രകാരം പറയുന്നു: “കർത്താവേ, [“യഹോവേ,” NW] നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ [അവിടുന്ന്] യോഗ്യൻ.”—വെളിപ്പാടു 4:11.
15. ദൈവത്തിന്റെ ചില ഗുണങ്ങൾ നമുക്ക് എങ്ങനെ ഗ്രഹിക്കാൻ കഴിയും?
15 ദൈവത്തെ കാണാൻ കഴിയാതിരിക്കെ, അവിടുന്ന് ഏതുതരം ദൈവമാണെന്ന് അവിടുന്ന് സൃഷ്ടിച്ചിരിക്കുന്ന കാര്യങ്ങളാൽ ഗ്രഹിക്കാൻ കഴിയും എന്നു ബൈബിൾ പ്രകടമാക്കുന്നു. അതിങ്ങനെ പ്രസ്‌താവിക്കുന്നു: “[സ്രഷ്ടാവിന്റെ] അദൃശ്യഗുണങ്ങൾ, അതായത് അവിടുത്തെ നിത്യശക്തിയും ദൈവത്വവും, അവിടുന്നു സൃഷ്ടിച്ച കാര്യങ്ങളിൽ ലോകാരംഭം മുതൽത്തന്നെ ന്യായബോധത്തിന്റെ ദൃഷ്ടിക്കു ദൃശ്യമായിരിക്കുന്നു.”—റോമർ 1:20, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
16. മനുഷ്യർക്കു ദൈവത്തെ കാണാൻ കഴിയാത്തതുകൊണ്ടു നാം സന്തുഷ്ടരായിരിക്കേണ്ടത് എന്തുകൊണ്ട്?
16 അതുകൊണ്ടു ഫലത്തിൽനിന്നു കാരണത്തിലേക്കു ബൈബിൾ നമ്മെ കൊണ്ടുപോകുന്നു. ഫലം—ഭയാവഹമായ നിർമിതവസ്‌തുക്കൾ—ബുദ്ധിശക്തിയുളള, ശക്തമായ ഒരു കാരണത്തിനു തെളിവാണ്: ദൈവത്തിനു തന്നെ. കൂടാതെ മുഴു പ്രപഞ്ചത്തിന്റെയും സ്രഷ്ടാവെന്ന നിലയിൽ അവിടുന്ന് അദൃശ്യനായിരിക്കുന്നതിൽ നമുക്കു നന്ദിയുളളവരായിരിക്കാൻ കഴിയും, മാംസരക്തങ്ങളോടുകൂടിയ മനുഷ്യന് അവിടുത്തെ കണ്ടു ജീവിച്ചിരിക്കുന്നതിന് പ്രതീക്ഷിക്കാൻ കഴിയാത്തവിധം അത്രയധികം ശക്തി നിസ്സംശയമായും അവിടുത്തേക്കുണ്ട്. അതുതന്നെയാണു ബൈബിൾ പറയുന്നത്: “ഒരു മനുഷ്യനും [ദൈവത്തെ] കണ്ടു ജീവനോടെ ഇരിക്കയില്ല.”—പുറപ്പാടു 33:20.
17, 18. ഒരു സ്രഷ്ടാവിനെ സംബന്ധിച്ച ആശയം നമുക്കു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
17 ഒരു ശ്രേഷ്‌ഠ രൂപസംവിധായകൻ, ഒരു പരമോന്നത വ്യക്തി—ദൈവം—എന്ന ആശയം നമുക്കു വളരെ പ്രാധാന്യമുളളതായിരിക്കണം. നാം ഒരു സ്രഷ്ടാവിനാൽ നിർമിക്കപ്പെട്ടെങ്കിൽ, അപ്പോൾ തീർച്ചയായും നമ്മെ സൃഷ്ടിച്ചതിൽ അവിടുത്തേക്ക് ഒരു കാരണം, ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കണം. ജീവിതത്തിൽ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കാനാണു നാം സൃഷ്ടിക്കപ്പെട്ടതെങ്കിൽ, ഭാവിയിൽ കാര്യങ്ങൾ മെച്ചപ്പെട്ടതായിരിക്കും എന്നു പ്രത്യാശിക്കാനും കാരണമുണ്ട്. അല്ലാത്തപക്ഷം നാം കേവലം ജീവിക്കുകയും പ്രത്യാശയില്ലാതെ മരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു നമ്മെ സംബന്ധിച്ച ദൈവോദ്ദേശ്യം നാം കണ്ടെത്തുന്നതു വളരെ പ്രധാനമാണ്. അപ്പോൾ അതിനോടു ചേർച്ചയിൽ നാം ജീവിക്കണോ വേണ്ടയോ എന്നു തിരഞ്ഞെടുക്കാൻ നമുക്കു കഴിയും.
18 നമ്മെ സംബന്ധിച്ചു വളരെയധികം കരുതുന്ന സ്‌നേഹനിധിയായ ഒരു ദൈവമാണു സ്രഷ്ടാവെന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. അപ്പോസ്‌തലനായ പത്രോസ് ഇങ്ങനെ പ്രസ്‌താവിച്ചു: “അവൻ നിങ്ങൾക്കായി കരുതുന്നു.” (1 പത്രൊസ് 5:7; കൂടാതെ യോഹന്നാൻ 3:16-ഉം 1 യോഹന്നാൻ 4:8, 16-ഉം കാണുക.) ദൈവം എത്രമാത്രം കരുതുന്നു എന്നു നമുക്കു കാണാൻ കഴിയുന്ന ഒരു വിധം മാനസികവും ശാരീരികവുമായി എത്ര വിസ്‌മയകരമായി അവിടുന്നു നമ്മെ സൃഷ്ടിച്ചിരിക്കുന്നു എന്നു പരിചിന്തിക്കുന്നതാണ്.
“അത്ഭുതകരമായി നിർമിക്കപ്പെട്ടിരിക്കുന്നു”
19. ഏതു വസ്‌തുതയാണു സങ്കീർത്തനക്കാരനായ ദാവീദ് നമ്മുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നത്?
19 ബൈബിളിൽ സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം സമ്മതിച്ചു: “ഭയജനകമായ ഒരു വിധത്തിൽ ഞാൻ അത്ഭുതകരമായി നിർമിക്കപ്പെട്ടിരിക്കുന്നു.” (സങ്കീർത്തനം 139:14, NW) തീർച്ചയായും അതാണു സത്യം, എന്തെന്നാൽ പരമോന്നത രൂപസംവിധായകൻ മനുഷ്യമസ്‌തിഷ്‌കവും ശരീരവും വിസ്‌മയാവഹമായി രൂപകല്‌പന ചെയ്‌തിരിക്കുന്നു.
20. മനുഷ്യമസ്‌തിഷ്‌കത്തെ ഒരു വിശ്വവിജ്ഞാനകോശം എങ്ങനെ വർണിക്കുന്നു?
20 ഉദാഹരണത്തിന്, നിങ്ങളുടെ മസ്‌തിഷ്‌കം ഏതു കമ്പ്യൂട്ടറിനെക്കാളും വളരെയേറെ സങ്കീർണമാണ്. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം കുറിക്കൊളളുന്നു: “നാഡീവ്യവസ്ഥയ്‌ക്കുളളിലെ വിവരങ്ങളുടെ കൈമാററം ഏററവും വലിയ ടെലിഫോൺ എക്‌സ്‌ചേഞ്ചുകളെക്കാളും ഏറെ സങ്കീർണമാണ്; പ്രശ്‌നം പരിഹരിക്കുന്ന മസ്‌തിഷ്‌കത്തിന്റെ രീതി അതിശക്തമായ കമ്പ്യൂട്ടറുകളെയും കവിഞ്ഞുപോകുന്നു.”
21. മസ്‌തിഷ്‌കം ചെയ്യുന്നത് എന്തെല്ലാം എന്നു നാം കാണുമ്പോൾ, നാം എന്തു നിഗമനം ചെയ്യണം?
21 കോടാനുകോടി വസ്‌തുതകളും മാനസിക പ്രതിബിംബങ്ങളും നിങ്ങളുടെ തലച്ചോറിൽ സംഭരിക്കപ്പെടുന്നു, എന്നാൽ അതു വസ്‌തുതകളുടെ ഒരു കലവറ മാത്രമല്ല. ചൂളമടിക്കുന്നതോ അപ്പം പാകപ്പെടുത്തുന്നതോ വിദേശഭാഷകൾ സംസാരിക്കുന്നതോ ഒരു കമ്പ്യൂട്ടർ ഉപയോഗിക്കുന്നതോ ഒരു വിമാനം പറപ്പിക്കുന്നതോ എങ്ങനെ ചെയ്യാമെന്നു മസ്‌തിഷ്‌കം ഉപയോഗിച്ചു പഠിക്കാൻ കഴിയും. ഒരു അവധിക്കാലം എങ്ങനെയിരിക്കുമെന്നോ ഒരു പഴം എത്ര രുചികരമായിരിക്കുമെന്നോ സങ്കല്‌പിക്കാൻ നിങ്ങൾക്കു കഴിയും. വിശകലനം ചെയ്യാനും വസ്‌തുക്കൾ ഉണ്ടാക്കാനും നിങ്ങൾക്കു കഴിയും. ആസൂത്രണം ചെയ്യാനും ആസ്വദിക്കാനും സ്‌നേഹിക്കാനും നിങ്ങളുടെ ചിന്തകളെ ഭൂതകാലത്തോടും വർത്തമാനകാലത്തോടും ഭാവികാലത്തോടും ബന്ധപ്പെടുത്താനും നിങ്ങൾക്കു കഴിയും. അതിവിസ്‌മയാവഹമായ മനുഷ്യമസ്‌തിഷ്‌കം പോലുളള ഒരു സംഗതി രൂപകല്‌പന ചെയ്യാൻ മനുഷ്യനു കഴിയാത്തതുകൊണ്ട് അപ്പോൾ സ്‌പഷ്ടമായും അതു രൂപകല്‌പന ചെയ്‌ത വ്യക്തിക്ക് ഏതു മനുഷ്യനെക്കാളും അത്യധികം ജ്ഞാനവും പ്രാപ്‌തിയും ഉണ്ട്.
22. മനുഷ്യമസ്‌തിഷ്‌കത്തെ സംബന്ധിച്ചു ശാസ്‌ത്രകാരൻമാർ എന്തു സമ്മതിക്കുന്നു?
22 മസ്‌തിഷ്‌കത്തെ സംബന്ധിച്ചു ശാസ്‌ത്രജ്ഞർ ഇപ്രകാരം സമ്മതിക്കുന്നു: “മനോഹരമായ രൂപഘടനയും ക്രമവുമുളള വിസ്‌മയകരമാംവിധം സങ്കീർണമായ ഈ യന്ത്രം ഈ പ്രവർത്തനങ്ങളെല്ലാം എങ്ങനെ നിർവഹിക്കുന്നു എന്നത് തികച്ചും ദുരൂഹമാണ്. . . . മസ്‌തിഷ്‌കം അവതരിപ്പിക്കുന്ന വ്യതിരിക്തമായ എല്ലാ വിഷമപ്രശ്‌നങ്ങളെയും മനുഷ്യൻ ഒരിക്കലും പരിഹരിച്ചെന്നിരിക്കില്ല.” (സയൻറിഫിക് അമേരിക്കൻ) ഭൗതികശാസ്‌ത്ര പ്രൊഫസ്സറായ റെയ്‌മോ ഇപ്രകാരം പറയുന്നു: “സത്യം പറഞ്ഞാൽ, മനുഷ്യമസ്‌തിഷ്‌കം വിവരങ്ങൾ എങ്ങനെ ശേഖരിക്കുന്നു, അല്ലെങ്കിൽ ഇച്ഛാനുസരണം ഓർമകളെ എങ്ങനെ മനസ്സിലേക്കു കൊണ്ടുവരുന്നു എന്നതു സംബന്ധിച്ച് ഇനിയും നമുക്കധികം അറിവായിട്ടില്ല. . . . മനുഷ്യമസ്‌തിഷ്‌കത്തിൽ പതിനായിരം കോടിയോളം നാഡീകോശങ്ങൾ ഉണ്ട്. സിനാപ്‌സുകളുടെ വൃക്ഷസമാനമായ ഒരു ശ്രേണി മുഖാന്തരം ഓരോ കോശവും മററ് ആയിരക്കണക്കിനു കോശങ്ങളുമായി വിനിമയബന്ധത്തിലാണ്. ഇങ്ങനെ പരസ്‌പരം കോർത്തു ശൃംഖല ചമയ്‌ക്കുന്നതിനുളള സാധ്യതകൾ അമ്പരപ്പിക്കുംവിധം സങ്കീർണമാണ്.”
23, 24. അത്ഭുതകരമായി രൂപസംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ചില ശരീരഭാഗങ്ങളുടെ പേര് പറയുക, ഒരു എഞ്ചിനീയർ എന്ത് അഭിപ്രായപ്പെട്ടു?
23 നിങ്ങളുടെ കണ്ണുകൾ സൂക്ഷ്‌മവും ഏതു ക്യാമറയെക്കാളും സാഹചര്യങ്ങളോട് ഇണങ്ങുന്നവയുമാണ്; വാസ്‌തവത്തിൽ, അവ സ്വയം പ്രവർത്തിക്കുന്ന, സ്വയം ഫോക്കസ് ചെയ്യുന്ന, ചലിക്കുന്ന വർണചിത്രങ്ങൾ എടുക്കുന്ന, ക്യാമറകളാണ്. നിങ്ങളുടെ കാതുകൾക്കു ബഹുവിധങ്ങളായ ശബ്ദങ്ങൾ തിരിച്ചറിയാൻ കഴിയും. അവ നിങ്ങൾക്കു ദിശാബോധവും സമനിലയും തരുന്നു. ഏററവും നിപുണരായ എഞ്ചിനീയർമാർക്കുപോലും പകർത്താൻ കഴിയാത്ത പ്രാപ്‌തികളോടുകൂടിയ ഒരു പമ്പാണു നിങ്ങളുടെ ഹൃദയം. കൂടാതെ മററു ശരീരഭാഗങ്ങളും ഉജ്ജ്വലമാണ്: നിങ്ങളുടെ നാസികയും നാക്കും കൈകളും അതുപോലെതന്നെ രക്തചംക്രമണ-ദഹന വ്യവസ്ഥകളും ചുരുക്കം ചിലവ മാത്രമാണ്.
24 അതുകൊണ്ട്, ഒരു വലിയ കമ്പ്യൂട്ടർ രൂപസംവിധാനം ചെയ്യാനും നിർമിക്കാനും നിയോഗിക്കപ്പെട്ട ഒരു എഞ്ചിനീയർ ഇങ്ങനെ ന്യായവാദം ചെയ്‌തു: “എന്റെ കമ്പ്യൂട്ടറിന് ഒരു രൂപസംവിധായകൻ ആവശ്യമായിരുന്നെങ്കിൽ, എന്റെ ശരീരം എന്ന സങ്കീർണമായ ഭൗതിക-രാസ-ജൈവ യന്ത്രത്തിന്—അതു പക്ഷേ, ക്രമത്തിൽ മിക്കവാറും അനന്തമായ പ്രപഞ്ചത്തിലെ വളരെ ചെറിയ ഒരു ഘടകം മാത്രമാണുതാനും—ഒരു രൂപസംവിധായകൻ എത്രയധികം ആവശ്യമാണ്?”
25, 26. പരമശ്രേഷ്‌ഠനായ രൂപസംവിധായകൻ നമ്മോട് എന്തു പറയാൻ പ്രാപ്‌തനായിരിക്കണം?
25 വിമാനങ്ങളും കമ്പ്യൂട്ടറുകളും സൈക്കിളുകളും മററ് ഉപകരണങ്ങളും ഉണ്ടാക്കുമ്പോൾ ആളുകൾക്കു മനസ്സിൽ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കുന്നതുപോലെതന്നെ മനുഷ്യരുടെ തലച്ചോറിന്റെയും ശരീരത്തിന്റെയും രൂപസംവിധായകനു നമ്മെ രൂപകല്‌പന ചെയ്‌തതിൽ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കണം. അവിടുത്തെ രൂപസംവിധാനത്തെ നമ്മിലാർക്കും പകർത്താൻ കഴിയാത്തതുകൊണ്ട്, ഈ രൂപസംവിധായകനു മനുഷ്യരെക്കാൾ ഉന്നതമായ ജ്ഞാനം ഉണ്ടായിരിക്കേണ്ടതുണ്ട്. അപ്പോൾ നമ്മെ എന്തിനു ഉണ്ടാക്കിയെന്നും നമ്മെ എന്തുകൊണ്ടു ഭൂമിയിൽ ആക്കിവെച്ചെന്നും നാം എവിടെ പോകുന്നെന്നും നമ്മോടു പറയാൻ കഴിയുന്ന ഒരുവൻ ആ രൂപസംവിധായകനാണ് എന്നതു യുക്തിസഹമാണ്.
26 അക്കാര്യങ്ങൾ നാം മനസ്സിലാക്കുമ്പോൾ ദൈവം നമുക്കു തന്നിരിക്കുന്ന അത്ഭുതകരമായ തലച്ചോറും ശരീരവും ജീവിതത്തിലെ നമ്മുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും. എന്നാൽ അവിടുത്തെ ഉദ്ദേശ്യങ്ങളെക്കുറിച്ചു നമുക്ക് എവിടെനിന്നു പഠിക്കാൻ കഴിയും? അവിടുന്ന് ആ വിവരങ്ങൾ നമുക്ക് എവിടെ നൽകും?
[അധ്യയന ചോദ്യങ്ങൾ]
[7-ാം പേജിലെ ചിത്രം]
എന്തെങ്കിലും രൂപസംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെ കാരണം കണ്ടെത്താനുളള ഏററവും ഉത്തമമായ മാർഗം അതിന്റെ രൂപസംവിധായകനോടു ചോദിക്കുകയാണ്
[8-ാം പേജിലെ ചിത്രം]
സചേതന വസ്‌തുക്കളുടെ സങ്കീർണതയും രൂപസംവിധാനവും ഡിഎൻഎ [DNA] തൻമാത്രയിൽ കാണാൻ കഴിയും
[9-ാം പേജിലെ ചിത്രം]
“മനുഷ്യമസ്‌തിഷ്‌കം പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വിധം അതിശക്തമായ കമ്പ്യൂട്ടറുകളെയും കവിഞ്ഞുപോകുന്നു”