വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇത്രയധികം ദുരിതവും അനീതിയും എന്തുകൊണ്ട്‌?

ഇത്രയധികം ദുരിതവും അനീതിയും എന്തുകൊണ്ട്‌?

ഭാഗം 6

ഇത്രയധികം ദുരിതവും അനീതിയും എന്തുകൊണ്ട്‌?

1, 2. മാനുഷാനുഭവത്തിന്റെ വെളിച്ചത്തിൽ, ഏതു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്‌?

1 ഏതായാലും, പറുദീസാ അവസ്ഥകളിൻമധ്യേ പൂർണ മനുഷ്യർ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പരമോന്നത വ്യക്തി ഉദ്ദേശിച്ചിരുന്നെങ്കിൽ, അതിപ്പോഴും അവിടുത്തെ ഉദ്ദേശ്യമാണെങ്കിൽ, ഇപ്പോൾ പറുദീസ ഇല്ലാത്തത്‌ എന്തുകൊണ്ടാണ്‌? പകരം അനേകനൂററാണ്ടുകളിലെ ദുരിതവും അനീതിയും മനുഷ്യവർഗം അനുഭവിക്കേണ്ടിവരുന്നത്‌ എന്തുകൊണ്ടാണ്‌?

2 യുദ്ധവും സാമ്രാജ്യവേട്ടയും ചൂഷണവും അനീതിയും ദാരിദ്ര്യവും വിപത്തും രോഗവും മരണവും ഉളവാക്കിയ യാതനകൾക്കൊണ്ടു മാനുഷചരിത്രം നിറഞ്ഞിരിക്കുന്നു. ഇത്രയധികം നിർദോഷികളായ ഇരകൾക്കു മോശമായ ഇത്രയധികം കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ദൈവം സർവശക്തനാണെങ്കിൽ, അവിടുന്ന്‌ ആയിരക്കണക്കിനു വർഷങ്ങളായി വളരെയധികം കഷ്ടപ്പാടുകൾ അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ദൈവം പ്രപഞ്ചത്തെ വളരെ നന്നായി രൂപകല്‌പന ചെയ്യുകയും ക്രമപ്പെടുത്തുകയും ചെയ്‌തിരിക്കുന്നതുകൊണ്ട്‌, ഭൂമിയിൽ ക്രമരാഹിത്യവും നാശവും അവിടുന്ന്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ഒരു ദൃഷ്ടാന്തം

3-5. (എ) ക്രമത്തിന്റെ ഒരു ദൈവം ഭൂമിയിൽ ക്രമരാഹിത്യം അനുവദിക്കുമെന്നു മനസ്സിലാക്കാൻ ഏതു ദൃഷ്ടാന്തത്തിനു നമ്മെ സഹായിക്കാൻ കഴിയും? (ബി) അനേകം സ്ഥിതിവിശേഷങ്ങളിൽ ഏതാണു ഭൂമിയെ സംബന്ധിച്ച അവസ്ഥയോടു യോജിക്കുന്നത്‌?

3 ക്രമത്തിന്റെ ഒരു ദൈവം ഭൂമിയിൽ ക്രമരാഹിത്യം അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ടെന്നു ചിത്രീകരിക്കാൻ നമുക്ക്‌ ഒരു ദൃഷ്ടാന്തം ഉപയോഗിക്കാം. നിങ്ങൾ ഒരു വനത്തിനുളളിലേക്കു നടക്കുകയാണ്‌, അവിടെ ഒരു വീട്‌ നിങ്ങൾ കാണുന്നു എന്നു കരുതുക. ആ വീട്‌ പരിശോധിക്കുമ്പോൾ അതു താറുമാറായ അവസ്ഥയിലാണെന്നു നിങ്ങൾ കണ്ടെത്തുന്നു. ജനാലകൾ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു, മേൽക്കൂരയ്‌ക്കു സാരമായ കേടുപാടുണ്ട്‌, തടികൊണ്ടുളള പൂമുഖം നിറയെ ദ്വാരങ്ങൾ വീണിരിക്കുന്നു, വാതിൽ വിജാഗിരിയിൽ തൂങ്ങിനിൽക്കുന്നു, പൈപ്പുകൾ ഒന്നും പ്രവർത്തിക്കുന്നുമില്ല.

4 ഈ കേടുപാടുകൾ എല്ലാമുണ്ടെങ്കിലും സാധ്യതയനുസരിച്ചു ബുദ്ധിശക്തിയുളള ഒരു രൂപസംവിധായകൻ ആയിരിക്കില്ല ആ വീടു നിർമിച്ചത്‌ എന്നു നിങ്ങൾ നിഗമനം ചെയ്യുമോ? അവിടത്തെ താറുമാറായ സ്ഥിതി ഒരു ആകസ്‌മിക സംഭവം മാത്രമാണ്‌ ആ വീടിനെ നിർമിച്ചത്‌ എന്നു നിങ്ങളെ വിശ്വസിപ്പിക്കുമോ? അല്ലെങ്കിൽ ആരെങ്കിലും അതു രൂപസംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്‌തെന്നുതന്നെ നിങ്ങൾ നിഗമനം ചെയ്യുന്നപക്ഷം അദ്ദേഹം ഒരു വിദഗ്‌ദ്ധനല്ലെന്നോ ചിന്തയുളളവനല്ലെന്നോ നിങ്ങൾ കരുതുമോ?

5 നിങ്ങൾ ആ കെട്ടിടം കൂടുതൽ സൂക്ഷ്‌മമായി പരിശോധിക്കുമ്പോൾ, അതു പ്രാരംഭത്തിൽ നന്നായി ഒത്തിണക്കിയിരുന്നെന്നും വളരെ കരുതലോടെ പരിപാലിച്ചിരുന്നെന്നും ഉളളതിന്റെ ലക്ഷണം കാണിക്കുന്നു എന്നു നിങ്ങൾ മനസ്സിലാക്കും. എന്നാൽ ഇപ്പോൾ അത്‌ ആകെ ഉലഞ്ഞുപോയിരിക്കുന്നു, തകർന്നു നിലംപൊത്താൻ വലിയ താമസവുമില്ല. കേടുപാടുകളും പ്രശ്‌നങ്ങളും എന്തു സൂചിപ്പിച്ചേക്കാം? (1) ഉടമസ്ഥൻ മരിച്ചു; (2) അദ്ദേഹം പ്രാപ്‌തിയുളള ഒരു കെട്ടിടനിർമാതാവാണ്‌, എന്നാൽ ഈ വീടിനെക്കുറിച്ചു മേലാൽ താത്‌പര്യമെടുക്കുന്നില്ല; അല്ലെങ്കിൽ (3) അദ്ദേഹം തന്റെ സ്വത്തു വിലമതിപ്പില്ലാത്ത കുടിപാർപ്പുകാർക്കു തത്‌ക്കാല താമസത്തിനു കൊടുത്തു എന്ന്‌ അവ സൂചിപ്പിച്ചേക്കാം. ഒടുവിൽ പറഞ്ഞത്‌ ഈ ഭൂമിയുടെ അവസ്ഥയോടു സമാനമാണ്‌.

എന്താണു കുഴപ്പം

6, 7. ദൈവനിയമം ലംഘിച്ചപ്പോൾ ആദാമിനും ഹവ്വായ്‌ക്കും എന്തു സംഭവിച്ചു?

6 ആളുകൾ ദുരിതമനുഭവിക്കുകയോ മരിക്കുകയോ ചെയ്യുന്നതു ദൈവോദ്ദേശ്യമായിരുന്നില്ല എന്നു പുരാതന ബൈബിൾ രേഖയിൽനിന്നു നാം മനസ്സിലാക്കുന്നു. നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വായും മരിച്ചത്‌ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചതുകൊണ്ടു മാത്രമാണ്‌. (ഉല്‌പത്തി 2-ഉം 3-ഉം അധ്യായങ്ങൾ) അവർ അനുസരണക്കേടു കാണിച്ചപ്പോൾ, മേലാൽ അവർ ദൈവേഷ്ടം ചെയ്യുകയായിരുന്നില്ല. ദൈവത്തിന്റെ പരിപാലനത്തിൻകീഴിൽനിന്ന്‌ അവർ പിൻവാങ്ങി. ഫലത്തിൽ, അവർ ‘ജീവന്റെ ഉറവായ’ ദൈവവുമായുളള ബന്ധം വിച്‌ഛേദിച്ചു.—സങ്കീർത്തനം 36:9.

7 ഒരു യന്ത്രത്തിന്റെ ഊർജസ്രോതസ്സിൽനിന്ന്‌ അതിന്റെ ബന്ധം വിച്‌ഛേദിക്കുമ്പോൾ അതിന്റെ വേഗത കുറഞ്ഞു പ്രവർത്തനം നിലക്കുന്നതുപോലെ, അവരുടെ ശരീരങ്ങളും മനസ്സുകളും ക്ഷയിച്ചുപോയി. തത്‌ഫലമായി, ആദാമും ഹവ്വായും വിലയിക്കുകയും ഒടുവിൽ വാർധക്യം പ്രാപിച്ചു മരിക്കുകയും ചെയ്‌തു. അപ്പോൾ എന്തു സംഭവിച്ചു? അവർ എവിടെനിന്നു വന്നുവോ അവിടേക്കു തിരികെപ്പോയി: “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” തന്റെ നിയമങ്ങളോടുളള അനുസരണക്കേടിന്റെ പരിണതഫലം മരണമായിരിക്കുമെന്നു ദൈവം അവർക്കു മുന്നറിയിപ്പു നൽകിയിരുന്നു: “നീ തീർച്ചയായും മരിക്കും.”—ഉല്‌പത്തി 2:17, NW; 3:19.

8. ആദ്യ മാതാപിതാക്കളുടെ പാപം മാനുഷകുടുംബത്തെ എങ്ങനെ ബാധിച്ചു?

8 നമ്മുടെ ആദ്യ മാതാപിതാക്കൾ മാത്രമല്ല മരണത്തിനിരയായത്‌, അവരുടെ പിൻഗാമികളായ മനുഷ്യവർഗം മുഴുവനും മരണത്തിനു വിധേയമായിത്തീർന്നിരിക്കുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ജനിതകശാസ്‌ത്ര നിയമങ്ങളനുസരിച്ച്‌, കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ സ്വഭാവവിശേഷതകൾ അവകാശപ്പെടുത്തുന്നു. നമ്മുടെ ആദ്യമാതാപിതാക്കളുടെ കുട്ടികളെല്ലാം അവകാശപ്പെടുത്തിയത്‌ അപൂർണതയും മരണവുമായിരുന്നു. റോമർ 5:12 നമ്മോട്‌ ഇപ്രകാരം പറയുന്നു: “ഏകമനുഷ്യനാൽ [മനുഷ്യവർഗത്തിന്റെ പൂർവപിതാവായ ആദാം] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു; ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ [അപൂർണത, അതായത്‌, പാപപൂർണമായ ചായ്‌വുകൾ അവകാശപ്പെടുത്തുകവഴി] മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” മനുഷ്യർക്കറിയാവുന്ന കാര്യങ്ങൾ പാപവും അപൂർണതയും മരണവും മാത്രമായിരിക്കുന്നതുകൊണ്ട്‌, ചിലർ അവയെ സ്വാഭാവികവും അനിവാര്യവുമായി വീക്ഷിക്കുന്നു. പക്ഷേ, ആദ്യ മനുഷ്യർ എന്നേക്കും ജീവിക്കാനുളള പ്രാപ്‌തിയോടും ആഗ്രഹത്തോടും കൂടെ സൃഷ്ടിക്കപ്പെട്ടു. അതുകൊണ്ടാണു തങ്ങളുടെ ജീവിതം മരണത്താൽ വെട്ടിച്ചുരുക്കപ്പെടുമല്ലോ എന്ന പ്രതീക്ഷ വളരെയധികം ദുഃഖമുളവാക്കുന്നതാണെന്നു മിക്കയാളുകളും കണ്ടെത്തുന്നത്‌.

എന്തിന്‌ ഇത്രയും ദീർഘകാലം?

9. ദുരിതം ഇത്ര ദീർഘകാലം തുടർന്നുപോകാൻ ദൈവം അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 ഇത്രയും ദീർഘകാലം തങ്ങളുടെ സ്വന്തം ഗതി സ്വതന്ത്രമായി പിന്തുടരാൻ ദൈവം മനുഷ്യരെ അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഈ അനേക നൂററാണ്ടുകളിലെല്ലാം കഷ്ടപ്പാടു നിലനിൽക്കാൻ അവിടുന്ന്‌ അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഒരു പ്രധാന വാദവിഷയം ഉയർന്നുവന്നു എന്നതാണ്‌ ഒരു പ്രമുഖ കാരണം: ഭരിക്കാനുളള അവകാശം ആർക്കാണ്‌? ദൈവം മനുഷ്യരുടെ ഭരണാധികാരി ആയിരിക്കണമോ, അതോ ദൈവത്തെക്കൂടാതെ വിജയപ്രദമായി സ്വയം ഭരിക്കാൻ അവർക്കു കഴിയുമോ?

10. മനുഷ്യർക്ക്‌ ഏതു പ്രാപ്‌തി നൽകപ്പെട്ടു, എന്ത്‌ ഉത്തരവാദിത്വത്തോടെ?

10 സ്വതന്ത്ര ഇച്ഛാശക്തിയോടെ, അതായത്‌ തിരഞ്ഞെടുക്കാനുളള പ്രാപ്‌തിയോടെ, മനുഷ്യർ സൃഷ്ടിക്കപ്പെട്ടു. മുഖ്യമായും യന്ത്രമനുഷ്യരെപ്പോലെയോ സഹജജ്ഞാനത്താൽ നയിക്കപ്പെടുന്ന മൃഗങ്ങളെപ്പോലെയോ ആയിരുന്നില്ല അവർ സൃഷ്ടിക്കപ്പെട്ടത്‌. അതുകൊണ്ടു തങ്ങൾ ആരെ സേവിക്കും എന്നു മനുഷ്യർക്കു തിരഞ്ഞെടുക്കാൻ കഴിയും. (ആവർത്തനപുസ്‌തകം 30:19; 2 കൊരിന്ത്യർ 3:17) അതുകൊണ്ടു ദൈവവചനം ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസൻമാരായും നടപ്പിൻ.” (1 പത്രൊസ്‌ 2:16) എന്നിരുന്നാലും സ്വതന്ത്രമായ തിരഞ്ഞെടുപ്പു നടത്താനുളള അത്ഭുതകരമായ വരം മനുഷ്യർക്കുണ്ടായിരിക്കെ തന്നെ തങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവർത്തനഗതിയുടെ പരിണതഫലങ്ങൾ അവർ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്‌.

11. ദൈവത്തിൽനിന്നു സ്വതന്ത്രമായ ഒരു ഗതി വിജയപ്രദമായിരിക്കുമോ എന്നറിയാനുളള ഒരേയൊരു മാർഗം എന്തായിരിക്കും?

11 നമ്മുടെ ആദ്യമാതാപിതാക്കൾ തെററായ തിരഞ്ഞെടുപ്പു നടത്തി. അവർ ദൈവത്തിൽനിന്നുളള സ്വാതന്ത്ര്യത്തിന്റെ ഒരു ഗതി തിരഞ്ഞെടുത്തു. മത്സരികളായ ആദ്യ ഇണകൾ തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തി ദുരുപയോഗം ചെയ്‌തശേഷം ഉടൻതന്നെ അവരെ മരണത്തിനേൽപ്പിക്കാൻ ദൈവത്തിനു കഴിയുമായിരുന്നു എന്നതു സത്യം തന്നെ. എന്നാൽ മനുഷ്യരുടെമേൽ ഭരിക്കാനുളള ദൈവത്തിന്റെ അവകാശം സംബന്ധിച്ച പ്രശ്‌നത്തെ അതു പരിഹരിക്കുമായിരുന്നില്ല. ആദ്യ ഇണകൾ ദൈവത്തിൽനിന്നുമുളള സ്വാതന്ത്ര്യം ആഗ്രഹിച്ചതുകൊണ്ട്‌, ഈ ചോദ്യത്തിന്‌ ഉത്തരം ലഭിക്കേണ്ടതുണ്ട്‌: ആ ഗതി സന്തുഷ്ടവും വിജയപ്രദവുമായ ഒരു ജീവിതത്തിൽ കലാശിക്കുമോ? ഉത്തരം ലഭിക്കാനുളള ഒരേയൊരു മാർഗം നമ്മുടെ ആദ്യമാതാപിതാക്കളെയും അവരുടെ സന്തതികളെയും സ്വന്തം വഴിക്കു പോകാൻ അനുവദിക്കുകയായിരുന്നു, അതായിരുന്നു അവർ തിരഞ്ഞെടുത്തതും. തങ്ങളുടെ സ്രഷ്ടാവിനെക്കൂടാതെ സ്വയം ഭരിക്കുന്നതിൽ വിജയികളായിത്തീരാൻതക്കവണ്ണം സൃഷ്ടിക്കപ്പെട്ടവരാണോ മനുഷ്യർ എന്നു കാലം തെളിയിക്കുമായിരുന്നു.

12. മാനുഷ ഭരണത്തെ യിരെമ്യാവ്‌ വിലയിരുത്തിയതെങ്ങനെ, ഇത്‌ അങ്ങനെയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 ഫലം എന്തായിരിക്കുമെന്നു ബൈബിളെഴുത്തുകാരനായ യിരെമ്യാവിന്‌ അറിയാമായിരുന്നു. ദൈവത്തിന്റെ ശക്തമായ പരിശുദ്ധാത്മാവിനാൽ അഥവാ കർമനിരതമായ ശക്തിയാൽ നയിക്കപ്പെട്ട അദ്ദേഹം ഇപ്രകാരം ശരിയായിത്തന്നെ പറഞ്ഞു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു. യഹോവേ, . . . നീ എന്നെ . . . ശിക്ഷിക്കേണമേ [“തിരുത്തേണമേ,” NW].” (യിരെമ്യാവു 10:23, 24) ദൈവത്തിന്റെ സ്വർഗീയ ജ്ഞാനത്തിന്റെ മാർഗദർശനം മനുഷ്യർക്ക്‌ ആവശ്യമുണ്ടെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. എന്തുകൊണ്ട്‌? തന്റെ മാർഗനിർദേശം ഇല്ലാതെ വിജയപ്രദരായിരിക്കാൻ തക്കവിധത്തിലല്ല മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്‌ എന്നതുകൊണ്ടുതന്നെ.

13. ആയിരക്കണക്കിനു വർഷങ്ങളിലെ മാനുഷഭരണം സംശയാതീതമായി എന്തു പ്രകടമാക്കിയിരിക്കുന്നു?

13 ആയിരക്കണക്കിനു വർഷങ്ങളിലെ മാനുഷ ഭരണത്തിന്റെ ഫലങ്ങൾ, തങ്ങളുടെ സ്രഷ്ടാവിൽനിന്നു വേറിട്ടു സ്വന്തം കാര്യങ്ങൾ നയിക്കുകയെന്നുളളതു മനുഷ്യനിൽ നിക്ഷിപ്‌തമല്ല എന്നു സംശയാതീതമായി പ്രകടമാക്കുന്നു. അതു പരീക്ഷിച്ചുനോക്കിയശേഷം വിപത്‌ക്കരമായ ഫലങ്ങൾക്ക്‌ അവർക്ക്‌ അവരെ മാത്രമേ കുററപ്പെടുത്താൻ കഴിയുകയുളളു. ബൈബിൾ ഇതു വ്യക്തമാക്കുന്നു: “അവൻ [ദൈവം] പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്‌തതയുളള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുളളവൻ തന്നേ. അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുളള തലമുറ.”—ആവർത്തനപുസ്‌തകം 32:4, 5.

ദൈവം പെട്ടെന്നുതന്നെ ഇടപെടും

14. മനുഷ്യരുടെ കാര്യങ്ങളിൽ ഇടപെടാൻ ഇനി ദൈവം വൈകുകയില്ലാത്തത്‌ എന്തുകൊണ്ട്‌?

14 നൂററാണ്ടുകളിലെ മാനുഷ ഭരണത്തിന്റെ പരാജയത്തിന്റെ വേണ്ടത്ര തെളിവ്‌ അനുവദിച്ചശേഷം ഇപ്പോൾ ദൈവത്തിന്‌, മമനുഷ്യന്റെ കാര്യങ്ങളിൽ ഇടപെടുന്നതിനും ദുരിതത്തിനും ദുഃഖത്തിനും രോഗത്തിനും മരണത്തിനും അറുതി വരുത്തുന്നതിനും കഴിയും. ശാസ്‌ത്രം, വ്യവസായം, ചികിത്സ എന്നിവയിലെയും മററു രംഗങ്ങളിലെയും തങ്ങളുടെ നേട്ടങ്ങളുടെ പരകോടിയിലെത്താൻ മനുഷ്യരെ അനുവദിച്ചുകഴിഞ്ഞിരിക്കകൊണ്ടു ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട മനുഷ്യർ സമാധാനപൂർണമായ, പറുദീസാസമാനമായ ഒരു ലോകം ആനയിക്കുമോ എന്നു കാണിക്കുന്നതിന്‌ ഇനിയും കൂടുതൽ നൂററാണ്ടുകളിലെ സമയം അവർക്ക്‌ അനുവദിക്കേണ്ട ആവശ്യം മേലാൽ ദൈവത്തിനില്ല. അവർ അത്തരം ഒരു ലോകം ആനയിച്ചിട്ടില്ല, ആനയിക്കാൻ കഴിയുകയുമില്ല. ദൈവത്തിൽനിന്നുളള സ്വാതന്ത്ര്യം വളരെ വികൃതവും നിന്ദ്യവും മരണകരവുമായ ഒരു ലോകത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നു.

15. നാം ഏതു ബൈബിൾ ബുദ്ധ്യുപദേശം ചെവിക്കൊളളണം?

15 മനുഷ്യവർഗത്തെ സഹായിക്കാൻ ആഗ്രഹിച്ച ആത്മാർഥരായ ഭരണാധികാരികൾ ഉണ്ടായിരുന്നിട്ടുപോലും അവരുടെ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. മാനുഷ ഭരണത്തിലെ ഒരു തകർച്ചയുടെ തെളിവ്‌ ഇന്ന്‌ എല്ലായിടത്തുമുണ്ട്‌. അതുകൊണ്ടാണു ബൈബിൾ ഇപ്രകാരം ബുദ്ധ്യുപദേശം നൽകുന്നത്‌: “നിങ്ങൾ പ്രഭുക്കൻമാരിൽ ആശ്രയിക്കരുതു. സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.”—സങ്കീർത്തനം 146:3.

[അധ്യയന ചോദ്യങ്ങൾ]

[24,25 പേജുകളിലെ ചിത്രം]

സമാധാനപൂർണവും പറുദീസാസമാനവുമായ ഒരു ലോകം ആനയിക്കാൻ ആത്മാർഥതയുളള ലോകഭരണാധികാരികൾക്കുപോലും കഴിഞ്ഞിട്ടില്ല