ഉത്‌ക്കൃഷ്ട ജ്ഞാനത്തിന്റെ അനന്യശ്രേഷ്‌ഠമായ ഒരു ഉറവിടം
ഭാഗം 3
ഉത്‌ക്കൃഷ്ട ജ്ഞാനത്തിന്റെ അനന്യശ്രേഷ്‌ഠമായ ഒരു ഉറവിടം
1, 2. നാം ബൈബിൾ പരിശോധിക്കേണ്ടത് എന്തുകൊണ്ട്?
1 ബൈബിൾ ആ ഉത്‌ക്കൃഷ്ട ജ്ഞാനത്തിന്റെ രേഖയാണോ? ജീവിതത്തിന്റെ ഉദ്ദേശ്യത്തോടു ബന്ധപ്പെട്ട പ്രമുഖ ചോദ്യങ്ങൾക്കു നമുക്ക് ഉത്തരം നൽകാൻ അതിനു കഴിയുമോ?
2 തീർച്ചയായും ബൈബിൾ നമ്മുടെ പരിശോധന അർഹിക്കുന്നു. മറേറതു ഗ്രന്ഥത്തിൽനിന്നും വളരെ വ്യത്യസ്‌തമായി അത് എക്കാലത്തും കൂട്ടിച്ചേർക്കപ്പെട്ടിട്ടുളള പുസ്‌തകങ്ങളിൽ വച്ച് അത്യന്തം അസാധാരണമായ ഗ്രന്ഥമാണ് എന്നതാണ് ഒരു കാരണം. പിൻവരുന്ന വസ്‌തുതകൾ പരിചിന്തിക്കുക.
ഏററവും പഴക്കമുളളതും ഏററവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുളളതുമായ പുസ്‌തകം
3, 4. ബൈബിൾ എത്ര പഴക്കമുളളതാണ്?
3 ഏതു കാലത്തും രചിക്കപ്പെട്ടിട്ടുളളതിൽ ഏററവും പഴക്കമുളള ഗ്രന്ഥമാണു ബൈബിൾ, അതിന്റെ ഭാഗങ്ങൾ ഏതാണ്ട് 3,500 വർഷം മുമ്പ് എഴുതാൻ തുടങ്ങി. അതു വിശുദ്ധമെന്നു കരുതപ്പെടുന്ന മറേറതു ഗ്രന്ഥത്തെക്കാളും അനേകനൂററാണ്ടുകൾ പഴക്കമുളളതാണ്. അതിൽ അടങ്ങിയിരിക്കുന്ന 66 പുസ്‌തകങ്ങളിൽ ആദ്യത്തേതു ബുദ്ധനും കൺഫ്യൂഷ്യസിനും ഏതാണ്ട് ആയിരം വർഷം മുമ്പും മുഹമ്മദിന് ഏകദേശം രണ്ടായിരം വർഷം മുമ്പും എഴുതപ്പെട്ടു.
4 ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രം മാനുഷകുടുംബത്തിന്റെ ആരംഭഘട്ടത്തോളം പിന്നിലേക്കു പോകുകയും നാം ഇവിടെ ഭൂമിയിൽ എങ്ങനെ വന്നു എന്നു വിശദീകരിക്കുകയും ചെയ്യുന്നു. ഭൂമിയുടെ നിർമാണത്തെക്കുറിച്ചുളള വസ്‌തുതകൾ നമുക്കു നൽകിക്കൊണ്ട്, മനുഷ്യർ സൃഷ്ടിക്കപ്പെട്ട സമയത്തിനപ്പുറത്തേക്കുപോലും അതു നമ്മെ കൊണ്ടുചെല്ലുന്നു.
5. പുരാതന ലൗകിക ലിഖിതങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ ബൈബിളിന്റെ എത്ര പുരാതന കയ്യെഴുത്തുപ്രതികൾ നിലവിലുണ്ട്?
5 മററു മതഗ്രന്ഥങ്ങൾക്ക്, മതേതരമായവയ്‌ക്കും, അവയുടെ വളരെക്കുറച്ചു കയ്യെഴുത്തുപ്രതികളേ നിലവിലുളളു. എബ്രായ ഭാഷയിലും ഗ്രീക്ക് ഭാഷയിലും ബൈബിളിന്റെയോ അതിന്റെ ഭാഗങ്ങളുടെയോ ഏകദേശം 11,000-ത്തോളം കയ്യെഴുത്തുപ്രതികൾ നിലവിലുണ്ട്, അവയിൽ ചിലതിന് അതിന്റെ മൂല എഴുത്തിന്റെ കാലത്തോടടുത്ത പഴക്കമുണ്ട്. ബൈബിളിനെതിരെ ചിന്തിക്കാവുന്നതിലേക്കും ഏററവും ശക്തമായ കടന്നാക്രമണങ്ങൾ നടത്താൻ ശ്രമിച്ചിട്ടുപോലും ഇവ അതിജീവിച്ചിരിക്കുന്നു.
6. എത്ര വ്യാപകമായി ബൈബിൾ വിതരണം ചെയ്‌തിരിക്കുന്നു?
6 കൂടാതെ, ചരിത്രത്തിൽ ഏററവുമധികം വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുളള പുസ്‌തകവും ബൈബിളാണ്. ഏകദേശം രണ്ടായിരം ഭാഷകളിലായി ഏതാണ്ട് 300 കോടി ബൈബിളുകളോ അതിന്റെ ഭാഗങ്ങളോ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. മാനുഷകുടുംബത്തിലെ 98 ശതമാനം പേർക്കും ബൈബിൾ തങ്ങളുടെ സ്വന്തം ഭാഷയിൽ ലഭ്യമാണെന്നു പറയപ്പെടുന്നു. മറെറാരു പുസ്‌തകവും അതിന്റെ പ്രചാരത്തോട് അടുത്തെത്തുന്നുപോലുമില്ല.
7. ബൈബിളിന്റെ കൃത്യത സംബന്ധിച്ച് എന്തു പറയാൻ കഴിയും?
7 കൂടാതെ, കൃത്യതയിൽ മറെറാരു പ്രാചീന ഗ്രന്ഥവും ബൈബിളിനോടു കിടപിടിക്കില്ല. ശാസ്‌ത്രകാരൻമാരും ചരിത്രകാരൻമാരും പുരാവസ്‌തുഗവേഷകരും ഭൂമിശാസ്‌ത്രജ്ഞരും ഭാഷവിദഗ്‌ദ്ധരും മററുളളവരും ബൈബിൾ വൃത്താന്തങ്ങളെ നിരന്തരം പരിശോധിച്ച് ആശ്രയിക്കാറുണ്ട്.
ശാസ്‌ത്രീയ കൃത്യത
8. ശാസ്‌ത്രീയ കാര്യങ്ങളിൽ ബൈബിൾ എത്ര കൃത്യതയുളളതാണ്?
8 ദൃഷ്ടാന്തത്തിന്, ഒരു ശാസ്‌ത്രപാഠപുസ്‌തകമെന്ന നിലയിൽ ബൈബിൾ എഴുതപ്പെട്ടില്ലെന്നിരിക്കെത്തന്നെ, ശാസ്‌ത്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതു യഥാർഥ ശാസ്‌ത്രത്തോടു യോജിപ്പിലാണ്. എന്നാൽ പവിത്രമെന്നു കരുതപ്പെടുന്ന മററു പുരാതന ഗ്രന്ഥങ്ങളിൽ ശാസ്‌ത്രീയ കെട്ടുകഥകളും തെററുകളും തികച്ചും ശുദ്ധഭോഷ്‌കുകളും അടങ്ങിയിരിക്കുന്നു. ബൈബിളിന്റെ ശാസ്‌ത്രീയ കൃത്യത സംബന്ധിച്ച അനവധി ഉദാഹരണങ്ങളിൽ നാലെണ്ണം മാത്രം ശ്രദ്ധിക്കുക:
9, 10. ബൈബിൾ എഴുതിയ കാലത്തെ അശാസ്‌ത്രീയ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതിനുപകരം, ഭൂമിയുടെ താങ്ങിനെ സംബന്ധിച്ച് അത് എന്തു പറഞ്ഞു?
9 ബഹിരാകാശത്തിൽ ഭൂമി നിൽക്കുന്ന വിധം. ബൈബിൾ എഴുതപ്പെട്ട പുരാതന കാലങ്ങളിൽ, ബാഹ്യാകാശത്തിൽ ഭൂമി നിൽക്കുന്ന വിധം സംബന്ധിച്ചു വളരെയധികം ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഒരു ഭീമൻ കടലാമയുടെ പുറത്തു നിൽക്കുന്ന നാല് ആനകൾ ഭൂമിയെ താങ്ങിനിർത്തുന്നുവെന്നു ചിലർ വിശ്വസിച്ചിരുന്നു. പൊ.യു.മു. [പൊതുയുഗത്തിനു മുമ്പ്] നാലാം നൂററാണ്ടിലെ ഒരു ഗ്രീക്ക് തത്ത്വചിന്തകനും ശാസ്‌ത്രജ്ഞനുമായ അരിസ്‌റേറാട്ടിൽ, ഭൂമിക്ക് ഒരിക്കലും ശൂന്യാകാശത്തിൽ തങ്ങിനിൽക്കുക സാധ്യമല്ല എന്നു പഠിപ്പിച്ചു. പകരം, ഗ്രഹ, നക്ഷത്രാദികളെല്ലാം ഒന്നിനുളളിൽ മറെറാന്നായി കൊളളിച്ചിരുന്ന കട്ടിയുളള സുതാര്യമായ ഗോളങ്ങളുടെ പ്രതലങ്ങളിൽ പതിപ്പിക്കപ്പെട്ടിരുന്നു എന്ന് അദ്ദേഹം പഠിപ്പിച്ചു. ഭൂമി ഏററവും ഉളളിലുളള ഗോളത്തിലും നക്ഷത്രങ്ങൾ ഏററവും പുറത്തുളള ഗോളത്തിലും പതിപ്പിക്കപ്പെട്ടിരുന്നതായി കരുതിപ്പോന്നു.
10 ഏതായാലും ബൈബിൾ എഴുതപ്പെട്ട സമയത്തു നിലവിലിരുന്ന ഭാവനകലർന്ന അശാസ്‌ത്രീയ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതിനുപകരം, (ഏതാണ്ട് പൊ.യു.മു. 1473 എന്ന വർഷം) അതു ലളിതമായി ഇപ്രകാരം പ്രസ്‌താവിച്ചു: “[ദൈവം] ഭൂമിയെ ശൂന്യത്തിൻമേൽ തൂക്കുന്നു.” (ഇയ്യോബ് 26:7, NW) മൂല എബ്രായ ഭാഷയിൽ “ശൂന്യം” എന്ന പദം “യാതൊന്നുമില്ല” എന്നർഥമാക്കുന്നു, ബൈബിളിൽ ഇത് ഒരേയൊരു പ്രാവശ്യം മാത്രമാണു കാണപ്പെടുന്നത്. ശൂന്യാകാശത്താൽ ചുററപ്പെട്ട ഒരു ഭൂമിയെ സംബന്ധിച്ച് അത് അവതരിപ്പിക്കുന്ന ചിത്രം ബൈബിളിന്റെ കാലത്തെ കടന്നുളള ശ്രദ്ധേയമായ ഒരു മുന്നറിവായിരുന്നു എന്നു പണ്ഡിതൻമാർ അംഗീകരിക്കുന്നു. പഴയനിയമത്തിലെ ദൈവശാസ്‌ത്ര പദഗ്രന്ഥം [Theological Wordbook of the Old Testament] ഇപ്രകാരം പറയുന്നു: “ഭാവി ശാസ്‌ത്രീയ കണ്ടുപിടിത്തത്തിന് ആശ നൽകിക്കൊണ്ട് അന്ന് അറിയപ്പെട്ടിരുന്ന ലോകം ബാഹ്യാകാശത്തിൽ തൂങ്ങിനിൽക്കുന്നതായി ഇയ്യോബ് 26:7 ശ്രദ്ധേയമാംവണ്ണം ചിത്രീകരിക്കുന്നു.”
11, 12. ഇയ്യോബ് 26:7-ലെ സത്യം മനുഷ്യർ എപ്പോഴാണു മനസ്സിലാക്കാനിടയായത്?
11 ബൈബിളിന്റെ കൃത്യമായ പ്രസ്‌താവന അരിസ്‌റേറാട്ടിലിനും 1,100-ലധികം വർഷം മുമ്പായിരുന്നു. എന്നിട്ടും, അരിസ്‌റേറാട്ടിലിന്റെ മരണത്തിനുശേഷം ഏതാണ്ടു രണ്ടായിരം വർഷക്കാലം അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വസ്‌തുതയായി തുടർന്നു പഠിപ്പിച്ചിരുന്നു! പരസ്‌പരാകർഷണത്താൽ, അതായത് ഗുരുത്വാകർഷണബലത്താൽ, മററു ജ്യോതിർഗോളങ്ങളോടുളള ബന്ധത്തിൽ ഭൂമി ശൂന്യാകാശത്തിൽ നിൽക്കുന്നു എന്ന തന്റെ കണ്ടെത്തലുകൾ പൊ.യു. [പൊതുയുഗം] 1687-ൽ സർ ഐസക് ന്യൂട്ടൻ പ്രസിദ്ധപ്പെടുത്തി. എന്നാൽ ഭൂമി “ശൂന്യത്തിൻമേൽ” തൂങ്ങിനിൽക്കുന്നു എന്നു പ്രൗഢമായ ലാളിത്യത്തോടെ ബൈബിൾ പ്രസ്‌താവിച്ചിട്ട് ഏതാണ്ട് 3,200 വർഷത്തിനു ശേഷമായിരുന്നു അത്.
12 അതേ, മിക്കവാറും 3,500 വർഷത്തിനുമുമ്പ്, ഭൂമിക്കു ദൃശ്യമായ ഒരു താങ്ങുമില്ലെന്നു ബൈബിൾ കൃത്യമായി കുറിക്കൊണ്ടു. ഏറെക്കുറെ അടുത്ത കാലത്തു മനസ്സിലാക്കിയ ഗുരുത്വാകർഷണത്തിന്റെയും ചലനത്തിന്റെയും നിയമങ്ങളോടു ചേർച്ചയിലുളള ഒരു വസ്‌തുതതന്നെ. ഒരു പണ്ഡിതൻ ഇപ്രകാരം പറഞ്ഞു: “ഈ സത്യം ഇയ്യോബ് എങ്ങനെ അറിഞ്ഞു എന്നതു വിശുദ്ധ തിരുവെഴുത്തിന്റെ നിശ്വസ്‌തതയെ നിരാകരിക്കുന്നവർക്ക് എളുപ്പം ഉത്തരം പറയാൻ കഴിയാത്ത ഒരു ചോദ്യമാണ്.”
13. നൂററാണ്ടുകൾക്കു മുമ്പു ഭൂമിയുടെ ആകൃതി സംബന്ധിച്ച് ആളുകൾ എന്തു വീക്ഷണം പുലർത്തിയിരുന്നു, എന്നാൽ അവരുടെ ധാരണയ്‌ക്കു മാററം വരുത്തിയതെന്ത്?
13 ഭൂമിയുടെ ആകൃതി. ദി എൻസൈക്ലോപീഡിയ അമേരിക്കാന ഇപ്രകാരം പറഞ്ഞു: “ഭൂമിയെക്കുറിച്ചു മനുഷ്യനുണ്ടായിരുന്ന അറിയപ്പെടുന്നതിലേക്കും ഏററവും ആദ്യത്തെ രൂപസങ്കല്‌പം അത് ഒരു തട്ട്, പ്രപഞ്ചത്തിന്റെ കേന്ദ്രഭാഗത്തുളള കട്ടിയുളള ഒരു ഫലകം ആണെന്നായിരുന്നു. . . . നാനകാലഘട്ടംവരെ ഗോളാകാരമായ ഒരു ഭൂമി എന്ന ആശയം അത്ര പരക്കെ അംഗീകരിക്കപ്പെട്ടിരുന്നില്ല.” തങ്ങൾ സമുദ്രയാത്ര നടത്തി തട്ടാകൃതിയിലുളള ഭൂമിയുടെ വക്കിൽനിന്നു താഴെപ്പോയേക്കാം എന്നു ചില ആദ്യകാല നാവികർ ഭയപ്പെടുകപോലും ചെയ്‌തിരുന്നു. എന്നാൽ വടക്കുനോക്കിയന്ത്രത്തിന്റെയും മററു നേട്ടങ്ങളുടെയും ആവിർഭാവം ദൈർഘ്യമേറിയ സമുദ്രയാത്രകൾ നടത്തുന്നതു സാധ്യമാക്കിത്തീർത്തു. മറെറാരു വിശ്വവിജ്ഞാനകോശം ഇപ്രകാരം വിശദീകരിക്കുന്നു: “ലോകം ഉരുണ്ടതാണെന്ന്, അനേകമാളുകൾ വിശ്വസിച്ചിരുന്നതുപോലെ തട്ടല്ലെന്ന്, സമുദ്രപര്യവേക്ഷണയാത്രകൾ വെളിപ്പെടുത്തി.”
14. ഭൂമിയുടെ ആകൃതിയെ ബൈബിൾ എപ്രകാരം വർണിച്ചു, എപ്പോൾ?
14 പക്ഷേ, അത്തരം സമുദ്രയാത്രകൾക്കു ദീർഘകാലം മുമ്പ്, ഏതാണ്ട് 2,700 വർഷം മുമ്പ്, ബൈബിൾ ഇങ്ങനെ പറഞ്ഞു: “ഭൂമിയുടെ വൃത്തത്തിൻമീതെ വസിക്കുന്ന ഒരുവനുണ്ട്.” (യെശയ്യാവ് 40:22, NW) ധാരാളം പരാമർശഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നതുപോലെ, “വൃത്തം” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന് “ഗോളം” എന്നും അർഥമാക്കാൻ കഴിയും. അതുകൊണ്ട് മററു ബൈബിൾ ഭാഷാന്തരങ്ങൾ, “ഭൂമി എന്ന ഗോളം” (ഡൂവേ വേർഷൻ) എന്നും “ഉരുണ്ട ഭൂമി” (മോഫററ്) എന്നും പറയുന്നു.
15. ഭൂമിയെ സംബന്ധിച്ച അശാസ്‌ത്രീയ വീക്ഷണങ്ങൾ ബൈബിളിനെ സ്വാധീനിക്കാഞ്ഞത് എന്തുകൊണ്ട്?
15 ഈവിധം ഭൂമിയുടെ താങ്ങിനെയും അതിന്റെ ആകൃതിയെയും സംബന്ധിച്ച് അക്കാലത്തു നിലവിലിരുന്ന അശാസ്‌ത്രീയ വീക്ഷണങ്ങൾ ബൈബിളിനെ സ്വാധീനിച്ചില്ല. കാരണം ലളിതമാണ്: ബൈബിളിന്റെ ഗ്രന്ഥകാരൻ പ്രപഞ്ചത്തിന്റെ കാരണഭൂതനാണ്. അവിടുന്നു ഭൂമിയെ സൃഷ്ടിച്ചു, അതുകൊണ്ട് അത് എന്തിൻമേലാണു തൂങ്ങിനിൽക്കുന്നതെന്നും അതിന്റെ ആകൃതി എന്താണെന്നും അവിടുത്തേക്ക് അറിയാം. അതുകൊണ്ട്, അക്കാലത്ത് മററുളളവർ അശാസ്‌ത്രീയ വീക്ഷണങ്ങളിലധികവും വിശ്വസിച്ചിരുന്നെങ്കിലും, ബൈബിൾ നിശ്വസ്‌തമാക്കിയപ്പോൾ അവയൊന്നും അതിൽ കടന്നുകൂടാതിരിക്കാൻ അവിടുന്നു ശ്രദ്ധിച്ചു.
16. ജീവനുളള വസ്‌തുക്കളുടെ ഘടന ബൈബിളിന്റെ പ്രസ്‌താവനയോടു യോജിക്കുന്നതെങ്ങനെ?
16 സചേതനവസ്‌തുക്കളുടെ ഘടന. “യഹോവയാം ദൈവം നിലത്തെ പൊടിയിൽനിന്നു മനുഷ്യനെ രൂപപ്പെടുത്താൻ തുടങ്ങി” എന്നു ഉല്‌പത്തി 2:7 [NW] പ്രസ്‌താവിക്കുന്നു. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “സചേതന വസ്‌തുക്കളിലുളള എല്ലാ രാസഘടകങ്ങളും ജീവരഹിത പദാർഥത്തിലും ഉണ്ട്.” മനുഷ്യൻ ഉൾപ്പെടെ ജീവികളിലുളള എല്ലാ അടിസ്ഥാന രാസവസ്‌തുക്കളും ഭൂമിയിൽത്തന്നെ കാണുന്നു. മനുഷ്യരെയും മറെറല്ലാ ജീവനുളള വസ്‌തുക്കളെയും സൃഷ്ടിക്കുന്നതിൽ ദൈവം ഉപയോഗിച്ച പദാർഥത്തെ തിരിച്ചറിയിക്കുന്ന ബൈബിളിന്റെ പ്രസ്‌താവനയോട് ഇതു യോജിക്കുന്നു.
17. സചേതന വസ്‌തുക്കൾ അസ്‌തിത്വത്തിലേക്കു വന്നതെങ്ങനെയെന്നതു സംബന്ധിച്ചുളള സത്യാവസ്ഥ എന്താണ്?
17 “അവയുടെ തരം അനുസരിച്ച്.” ആദ്യമനുഷ്യജോഡിയെ ദൈവം സൃഷ്ടിച്ചുവെന്നും അവരിൽനിന്നു മറെറല്ലാ മനുഷ്യരും ഉണ്ടായെന്നും ബൈബിൾ പ്രസ്‌താവിക്കുന്നു. (ഉല്‌പത്തി 1:26-28; 3:20) മത്സ്യം, പക്ഷികൾ, സസ്‌തനികൾ എന്നിവ പോലുളള മററു ജീവികൾക്കും അതുപോലെതന്നെ സംഭവിച്ചുവെന്ന് അതു പറയുന്നു, “അവയുടെ തരം അനുസരിച്ച്” അവ ഉളവായി. (ഉല്‌പത്തി 1:11, 12, 21, 24, 25) പ്രകൃതിയിലെ സൃഷ്ടിയിൽ ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത് ഇതു തന്നെയാണ്, ജീവനുളള ഓരോ വസ്‌തുവും അതേ വർഗത്തിൽപ്പെട്ട ഒരു മാതാവിൽനിന്നു വരുന്നുവെന്ന്. ഇതിനു ഒരപവാദവുമില്ല. ഇതിനോടുളള ബന്ധത്തിൽ ഭൗതിക ശാസ്‌ത്രജ്ഞനായ റെയ്‌മോ പറയുന്നു: “ജീവൻ ജീവനെ ഉളവാക്കുന്നു; അതു എല്ലാ സമയത്തും എല്ലാ കോശത്തിലും സംഭവിക്കുന്നു. എന്നാൽ നിർജീവ പദാർഥം ജീവനെ എങ്ങനെ ഉളവാക്കി? ഇതു ജീവശാസ്‌ത്രത്തിലെ ഉത്തരം കിട്ടാത്ത ഏററവും വലിയ ചോദ്യങ്ങളിൽ ഒന്നാണ്, ജീവശാസ്‌ത്രജ്ഞർക്കു വിചിത്രങ്ങളായ അഭ്യൂഹങ്ങളല്ലാതെ ഒന്നും തരാൻ കഴിയില്ല. ജീവനില്ലാത്ത പദാർഥത്തിന് എങ്ങനെയോ ജീവനുളള ഒരു വിധത്തിൽ സ്വയം സംഘടിതമാകാൻ കഴിഞ്ഞത്രേ. . . . ഏതായാലും ഉല്‌പത്തിയുടെ ഗ്രന്ഥകർത്താവു പറഞ്ഞതു തന്നെയാവണം ശരി.”
ചരിത്രപരമായ കൃത്യത
18. ബൈബിളിന്റെ ചരിത്രപരമായ കൃത്യത സംബന്ധിച്ച് ഒരു നിയമജ്ഞൻ എന്തു പറയുന്നു?
18 നിലവിലുളള ഏതു പുസ്‌തകത്തിലുംവച്ച് ഏററവും കൃത്യതയുളള പുരാതന ചരിത്രം ബൈബിളിൽ അടങ്ങിയിരിക്കുന്നു. ഒരു നിയമജ്ഞൻ ബൈബിൾ പരിശോധിക്കുന്നു [A Lawyer Examines the Bible] എന്ന ഗ്രന്ഥം അതിന്റെ ചരിത്രപരമായ കൃത്യതയെ ഈ വിധം വിശേഷവത്‌ക്കരിക്കുന്നു: “‘ഒരു പ്രസ്‌താവന നടത്തുമ്പോൾ സമയവും സ്ഥലവും നൽകിയിരിക്കണം’ എന്നിങ്ങനെ ഒരു നല്ല വക്കാലത്തു നടത്തുമ്പോൾ പാലിക്കേണ്ടതായി ഞങ്ങൾ വക്കീലൻമാർ പഠിച്ച പ്രഥമ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട്, സങ്കൽപ്പകഥകളും കെട്ടുകഥകളും തെററായ സാക്ഷ്യവും മററും, ബന്ധപ്പെട്ട സംഭവങ്ങളെ ഏതോ വിദൂര ദേശത്തും ഏതോ അനിശ്ചിത കാലത്തും നടന്നതായി ചിത്രീകരിക്കാൻ വിരുതു കാട്ടുമ്പോൾ ബൈബിൾ വിവരണങ്ങൾ ഏററവും കൃത്യതയോടെ തീയതിയും സംഭവങ്ങൾ നടന്ന സ്ഥലവും നമുക്കു പ്രദാനം ചെയ്യുന്നു.”
19. ബൈബിളിന്റെ ചരിത്രപരമായ വിശദാംശങ്ങളെക്കുറിച്ച് ഒരു പരാമർശഗ്രന്ഥം എങ്ങനെ അഭിപ്രായപ്പെടുന്നു?
19 ദ ന്യൂ ബൈബിൾ ഡിക്‌ഷ്‌ണറി ഇപ്രകാരം അഭിപ്രായപ്പെടുന്നു: “[പ്രവൃത്തികളുടെ എഴുത്തുകാരൻ] സമകാലിക ചരിത്രത്തിന്റെ ചട്ടക്കൂടിനുളളിൽ തന്റെ വിവരണത്തെ അവതരിപ്പിക്കുന്നു; അദ്ദേഹത്തിന്റെ താളുകൾ നിറയെ നഗര മജിസ്‌ട്രേററുമാരെയും പ്രവിശ്യ ഗവർണർമാരെയും ആശ്രിത രാജാക്കൻമാരെയും മററും സംബന്ധിച്ച പരാമർശങ്ങളുണ്ട്, ഈ പരാമർശങ്ങൾ ഓരോ പ്രാവശ്യവും ഉദ്ദേശിക്കപ്പെടുന്ന സ്ഥലത്തോടും സമയത്തോടും കൃത്യമായ യോജിപ്പിലാണെന്നു തെളിയുന്നു.”
20, 21. ബൈബിളിന്റെ ചരിത്രം സംബന്ധിച്ച് ഒരു ബൈബിൾ പണ്ഡിതൻ എന്തു പറയുന്നു?
20 ദി യൂണിയൻ ബൈബിൾ കംപാനിയനൽ എഴുതിക്കൊണ്ട് എസ്. ഓസ്‌ററിൻ അലിബോൺ ഇപ്രകാരം പറയുന്നു: “സർ ഐസക് ന്യൂട്ടൻ . . . പുരാതന ലിഖിതങ്ങളുടെ ഒരു വിമർശകനെന്നനിലയിലും പ്രമുഖനായിരുന്നു. അദ്ദേഹം അതീവശ്രദ്ധയോടെ വിശുദ്ധ ലിഖിതങ്ങൾ പരിശോധിച്ചു. ഈ സംഗതി സംബന്ധിച്ച് അദ്ദേഹത്തിന്റെ അനുമാനം എന്താണ്? ‘ഏതു ലൗകിക ചരിത്രത്തിനും ഉളളതിനെക്കാൾ പ്രാമാണികതയുടെ ധാരാളം സുനിശ്ചിത തെളിവുകൾ പുതിയ നിയമത്തിൽ ഞാൻ കാണുന്നു’ എന്ന് അദ്ദേഹം പറയുന്നു. ജൂലിയസ് സീസർ കാപ്പിറേറാളിൽ മരിച്ചു എന്നതിനു നമുക്ക് എന്തു തെളിവുണ്ടോ, സുവിശേഷങ്ങളിൽ പ്രസ്‌താവിച്ചിരിക്കുന്നതുപോലെ യേശുക്രിസ്‌തു കാൽവരിയിൽ മരിച്ചു എന്നതിനു നമുക്ക് അതിലേറെ തെളിവുണ്ട് എന്നു ഡോ. ജോൺസൻ പറയുന്നു. തീർച്ചയായും നമുക്കു വളരെയധികം തെളിവുകളുണ്ട്.”
21 ഈ ഗ്രന്ഥം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “സുവിശേഷ ചരിത്രത്തിന്റെ സത്യതയെ സംശയിക്കുന്ന ഏവനോടും, സീസർ കാപ്പിറേറാളിലാണ് മരിച്ചതെന്ന്, അല്ലെങ്കിൽ 800-ൽ കാറൽമാൻ ചക്രവർത്തിയെ ലിയോ മൂന്നാമൻ പാപ്പാ റോമാ സാമ്രാജ്യത്തിന്റെ പശ്ചിമഭാഗത്തിന്റെ ചക്രവർത്തിയായി കിരീടധാരണം നടത്തിയെന്നു വിശ്വസിക്കുന്നതിനു തനിക്ക് എന്തു കാരണമാണ് ഉളളത് എന്നു ചോദിക്കുക. . . . [ഇംഗ്ലണ്ടിലെ] ചാൾസ് ഒന്നാമനെപ്പോലുളള ഒരു മനുഷ്യൻ എന്നെങ്കിലും ജീവിച്ചിരിക്കുകയും ശിരച്‌ഛേദം ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ സ്ഥാനത്ത് ഒലിവർ ക്രോംവെൽ ഭരണാധികാരിയായിത്തീരുകയും ചെയ്‌തെന്നു നിങ്ങൾ എങ്ങനെയാണ് അറിയുന്നത്? . . . ഗുരുത്വാകർഷണനിയമത്തിന്റെ കണ്ടുപിടിത്തത്തിനു സർ ഐസക് ന്യൂട്ടൻ ആദരിക്കപ്പെടുന്നു . . . ഈ മനുഷ്യരെക്കുറിച്ചു കേവലം നടത്തുന്ന സകല പ്രസ്‌താവനകളും നാം വിശ്വസിക്കുന്നു. എന്തെന്നാൽ അവയുടെ സത്യത സംബന്ധിച്ചു നമുക്കു ചരിത്രപരമായ തെളിവുണ്ട്. . . . എങ്കിൽ, ഇതുപോലുളള തെളിവു നൽകിയിട്ടും ആരെങ്കിലും വിശ്വസിക്കാൻ വിസമ്മതിക്കുന്നെങ്കിൽ അങ്ങനെയുളളവരെ നേർവഴിക്കു ചിന്തിക്കാത്ത മഠയൻമാരായും ആശക്കു വകയില്ലാത്ത വിവരദോഷികളായും ഞങ്ങൾ ഉപേക്ഷിച്ചുകളയുന്നു.”
22. ബൈബിളിന്റെ പ്രാമാണികത അംഗീകരിക്കാൻ ചിലർ വിസമ്മതിക്കുന്നത് എന്തുകൊണ്ട്?
22 അതിനുശേഷം ഈ സ്രോതസ് ഇപ്രകാരം ഉപസംഹരിക്കുന്നു: “വിശുദ്ധ തിരുവെഴുത്തുകളുടെ പ്രാമാണികത സംബന്ധിച്ചു വേണ്ടത്ര തെളിവുകൾ നിരത്തിയിട്ടും, സ്വയം ബോധ്യപ്പെടാത്തവരെന്ന് അവകാശപ്പെടുന്നവരെക്കുറിച്ചു നാം എന്താണു പറയേണ്ടത്? . . . കുഴപ്പം തലയിലല്ല, ഹൃദയത്തിലാണ് എന്ന്—തങ്ങളുടെ ദുരഭിമാനത്തെ താഴ്‌ത്തുകയും വ്യത്യസ്‌ത ജീവിതം നയിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നു വിശ്വസിക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്ന്—നിഗമനം ചെയ്യാൻ നമുക്കു കാരണങ്ങൾ ഉണ്ട്.”
ആന്തരിക യോജിപ്പും നിഷ്‌കപടതയും
23, 24. ബൈബിളിന്റെ ആന്തരിക യോജിപ്പ് അനതിസാധാരണമായിരിക്കുന്നത് എന്തുകൊണ്ട്?
23 റോമാ സാമ്രാജ്യത്തിന്റെ കാലത്തു എഴുതിത്തുടങ്ങിയ ഒരു പുസ്‌തകം, മധ്യയുഗങ്ങളിലുടനീളം അതിന്റെ എഴുത്തു തുടർന്ന്, പല വ്യത്യസ്‌ത എഴുത്തുകാർ സംഭാവന നൽകി, ഈ ഇരുപതാം നൂററാണ്ടിൽ പൂർത്തിയാകുന്നുവെന്നു ചിന്തിക്കുക. പട്ടാളക്കാരും, രാജാക്കൻമാരും, പുരോഹിതൻമാരും, മീൻപിടിത്തക്കാരും, ആട്ടിടയൻമാരും, ഡോക്ടർമാരും എന്നനിലയിൽ ഈ എഴുത്തുകാർ തൊഴിൽകൊണ്ടു വ്യത്യസ്‌തരായിരുന്നെങ്കിൽ നിങ്ങൾ എന്തു ഫലമായിരിക്കും പ്രതീക്ഷിക്കുക? ആ പുസ്‌തകം പരസ്‌പരയോജിപ്പുളളതും ചിട്ടയുളളതും ആയിരിക്കും എന്നു നിങ്ങൾ പ്രതീക്ഷിക്കുമോ? ‘അശേഷമില്ല!’ എന്നു നിങ്ങൾ പറഞ്ഞേക്കാം. ആകട്ടെ, ഈ സാഹചര്യങ്ങളിൻകീഴിലാണു ബൈബിൾ എഴുതപ്പെട്ടത്. എന്നിട്ടും അതു മൊത്തം യോജിപ്പുളളതാണ്, ആകമാനമായ ആശയങ്ങളിൽ മാത്രമല്ല, പിന്നെയോ സൂക്ഷ്‌മ വിശദാംശങ്ങളിലും.
24 പൊ.യു.മു. 1513-ൽ ആരംഭിച്ചു പൊ.യു. 98-ൽ അവസാനിച്ച, ഏതാണ്ട് 40 വ്യത്യസ്‌ത എഴുത്തുകാർ 1,600-ലധികം വർഷത്തെ ഒരു കാലഘട്ടം കൊണ്ടെഴുതിയ 66 പുസ്‌തകങ്ങളുടെ ഒരു സമാഹാരമാണു ബൈബിൾ. എഴുത്തുകാർ വ്യത്യസ്‌ത ജീവിതത്തുറകളിൽനിന്ന് ഉളളവരായിരുന്നു. പലർക്കും മററു പല എഴുത്തുകാരുമായി ഒരു ബന്ധവുമില്ലായിരുന്നു. എങ്കിൽപ്പോലും തത്‌ഫലമായുണ്ടായ പുസ്‌തകം, ഒരു മനസ്സിനാൽ ഉളവാക്കപ്പെട്ടതുപോലെ, ഉടനീളം പരസ്‌പര ബന്ധമുളള ഒരു കേന്ദ്ര ആശയത്തെ പിൻപററുന്നു. ഇനിയും, ചിലരുടെ വിശ്വാസത്തിനു വിരുദ്ധമായി, ബൈബിൾ പാശ്ചാത്യ സംസ്‌കാരത്തിന്റെ ഒരു ഉത്‌പന്നമല്ല, പിന്നെയോ അതു പൗരസ്‌ത്യരാൽ എഴുതപ്പെട്ടതുമാണ്.
25. ബൈബിളിന്റെ സത്യസന്ധതയും നിഷ്‌കപടതയും ബൈബിളെഴുത്തുകാരുടെ ഏത് അവകാശവാദത്തെ പിന്താങ്ങുന്നു?
25 പുരാതന എഴുത്തുകാരിൽ ഭൂരിഭാഗവും തങ്ങളുടെ വിജയങ്ങളെയും നൻമകളെയും കുറിച്ചു മാത്രം റിപ്പോർട്ടു ചെയ്‌തപ്പോൾ, ബൈബിൾ എഴുത്തുകാർ തങ്ങളുടെ സ്വന്തം തെററുകളും അതുപോലെതന്നെ അവരുടെ രാജാക്കൻമാരുടെയും നേതാക്കൻമാരുടെയും പരാജയങ്ങളും തുറന്നു സമ്മതിച്ചു. സംഖ്യാപുസ്‌തകം 20:1-13-ഉം ആവർത്തനപുസ്‌തകം 32:50-52-ഉം മോശയുടെ വീഴ്‌ചകൾ രേഖപ്പെടുത്തുന്നു, അദ്ദേഹം തന്നെയാണ് ആ പുസ്‌തകങ്ങൾ എഴുതിയത്. യോനാ 1:1-3-ഉം 4:1-ഉം, ആ വിവരണങ്ങൾ എഴുതിയ യോനായുടെ വീഴ്‌ചകൾ പട്ടികപ്പെടുത്തുന്നു. മത്തായി 17:18-20; 18:1-6; 20:20-28; 26:56 എന്നീ ഭാഗങ്ങൾ യേശുവിന്റെ ശിഷ്യൻമാർ പ്രകടമാക്കിയ മോശമായ ഗുണങ്ങളെ രേഖപ്പെടുത്തുന്നു. അതുകൊണ്ട്, ബൈബിളെഴുത്തുകാരുടെ സത്യസന്ധതയും നിഷ്‌കപടതയും ദൈവത്താൽ നിശ്വസ്‌തരാണെന്നുളള അവരുടെ അവകാശവാദത്തെ പിന്താങ്ങുന്നു.
അതിന്റെ ഏററവും വ്യതിരിക്ത സവിശേഷത
26, 27. ശാസ്‌ത്രീയ കാര്യങ്ങളിലും മററുളളവയിലും ബൈബിൾ വളരെ കൃത്യതയുളളതായിരിക്കുന്നത് എന്തുകൊണ്ട്?
26 ബൈബിൾ ശാസ്‌ത്രീയവും ചരിത്രപരവും മററിതരവുമായ കാര്യങ്ങളിൽ വളരെ കൃത്യതയുളളതായിരിക്കുന്നത് എന്തുകൊണ്ടെന്നും അതിത്ര യോജിപ്പുളളതും സത്യസന്ധവും ആയിരിക്കുന്നത് എന്തുകൊണ്ടെന്നും ബൈബിൾത്തന്നെ വെളിപ്പെടുത്തുന്നു. പരമോന്നത വ്യക്തിയും അഖിലാണ്ഡത്തിന്റെ കാരണഭൂതനും സ്രഷ്ടാവുമായ സർവശക്തനായ ദൈവമാണു ബൈബിളിന്റെ ഗ്രന്ഥകർത്താവ് എന്ന് അതു കാണിച്ചുതരുന്നു. അവിടുന്നു തന്റെ എഴുത്തുകാർ എന്ന നിലയിൽ മാനുഷ ബൈബിളെഴുത്തുകാരെ കേവലം ഉപയോഗിക്കുകയായിരുന്നു. താൻ നിശ്വസ്‌തമാക്കിയ കാര്യങ്ങൾ രേഖപ്പെടുത്താൻ തന്റെ ശക്തമായ കർമോദ്യുക്ത ശക്തിയാൽ അവിടുന്ന് അവരെ പ്രേരിപ്പിച്ചു.
27 ബൈബിളിൽ അപ്പോസ്‌തലനായ പൗലോസ് ഇങ്ങനെ പ്രസ്‌താവിക്കുന്നു: “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ [“ദൈവനിശ്വസ്‌തമാകയാൽ,” NW] ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിനും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുളളതു ആകുന്നു.” “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മമനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ” എന്നും അപ്പോസ്‌തലനായ പൗലോസ് പറഞ്ഞു.—2 തിമൊഥെയൊസ് 3:16, 17; 1 തെസ്സലൊനീക്യർ 2:13.
28. അപ്പോൾ, ബൈബിൾ എവിടെനിന്നാണ് ഉത്ഭവിച്ചത്?
28 അതുകൊണ്ട്, ബൈബിൾ ഒരു ഗ്രന്ഥകർത്താവിന്റെ മനസ്സിൽനിന്നാണു വരുന്നത്—ദൈവത്തിന്റെതന്നെ. അവിടുന്ന് അതിവിസ്‌മയാവഹമായ ശക്തിയുടെ ഉറവായതുകൊണ്ട് എഴുതപ്പെട്ട കാര്യങ്ങളുടെ പരിശുദ്ധി നമ്മുടെ നാൾവരെ പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുക എന്നത് അവിടുത്തേക്ക് വളരെ എളുപ്പമായിരുന്നു. ഇതിനെക്കുറിച്ചു ബൈബിൾ കയ്യെഴുത്തു പ്രതികൾ സംബന്ധിച്ച ഒരു പ്രാമാണികനായ സർ ഫ്രെഡറിക് കെനിയൻ 1940-ൽ ഇപ്രകാരം പറഞ്ഞു: “തിരുവെഴുത്തുകൾ എഴുതപ്പെട്ടതുപോലെതന്നെ ശരിയായി നമുക്കു കിട്ടിയിട്ടുണ്ടെന്നുളളതിൽ സംശയത്തിനുളള അവസാനത്തെ അടിസ്ഥാനവും ഇപ്പോൾ നീക്കപ്പെട്ടിരിക്കുന്നു.”
29. ആശയങ്ങൾ കൈമാറാനുളള ദൈവത്തിന്റെ പ്രാപ്‌തിയെ എങ്ങനെ ദൃഷ്ടാന്തീകരിക്കാവുന്നതാണ്?
29 ബഹിരാകാശത്തിൽ ആയിരക്കണക്കിനു കിലോമീററർ ദൂരെനിന്ന്, ചന്ദ്രനിൽനിന്നുപോലും, ഭൂമിയിലേക്കു റേഡിയോ-ടെലിവിഷൻ സന്ദേശങ്ങൾ അയക്കാനുളള പ്രാപ്‌തി മനുഷ്യർക്കുണ്ട്. ബഹിരാകാശ സൂക്ഷ്‌മോപകരണങ്ങൾ കോടിക്കണക്കിനു കിലോമീററർ അകലെയുളള ഗ്രഹങ്ങളിൽനിന്നു പ്രപഞ്ചത്തെ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും ഭൂമിയിലേക്കു തിരിച്ചയച്ചിട്ടുണ്ട്. തീർച്ചയായും റേഡിയോ തരംഗങ്ങളുടെയും സ്രഷ്ടാവായ മമനുഷ്യന്റെ സ്രഷ്ടാവിനു ചുരുങ്ങിയപക്ഷം അത്രത്തോളമെങ്കിലും ചെയ്യാൻ കഴിയും. ബൈബിൾ രേഖപ്പെടുത്താൻ താൻ തിരഞ്ഞെടുത്തവരുടെ മനസ്സുകളിലേക്കു വാക്കുകളും ചിത്രങ്ങളും പ്രസാരണം ചെയ്യുന്നതിനു തന്റെ ഏററവും ഉന്നതമായ ശക്തി ഉപയോഗിക്കുന്നത് അവിടുത്തേക്ക് ഒരു ചെറിയ കാര്യമായിരുന്നു.
30. മനുഷ്യരെ സംബന്ധിച്ച ദൈവോദ്ദേശ്യം അവർ കണ്ടെത്താൻ ദൈവം ആഗ്രഹിക്കുന്നുവോ?
30 മനുഷ്യവർഗത്തിലുളള ദൈവത്തിന്റെ താത്‌പര്യത്തെക്കുറിച്ചു തെളിവു നൽകുന്നതായി ഭൂമിയെയും അതിലെ ജീവനെയും സംബന്ധിച്ച അനവധി കാര്യങ്ങൾ ഇനിയുമുണ്ട്. താൻ ആരാണെന്നും മനുഷ്യരെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം എന്താണെന്നും കണ്ടെത്താൻ ഈ വിവരങ്ങളെല്ലാം ഒരു പുസ്‌തകത്തിൽ—സ്ഥിരമായ ഒരു രേഖയിൽ—വ്യക്തമായി അവതരിപ്പിച്ചുകൊണ്ട് അവരെ സഹായിക്കാൻ അവിടുന്ന് ആഗ്രഹിക്കുമെന്നതു മനസ്സിലാക്കാവുന്നതേ ഉളളു.
31. വാമൊഴിയാൽ കൈമാറി ലഭിച്ച വിവരത്തെക്കാൾ രേഖപ്പെടുത്തപ്പെട്ട ഒരു നിശ്വസ്‌ത സന്ദേശം വളരെയധികം ഉത്‌ക്കൃഷ്ടമായിരിക്കുന്നത് എന്തുകൊണ്ട്?
31 വാമൊഴിയായി മാത്രം മനുഷ്യർ കൈമാറിയിരുന്ന വിവരത്തോടു താരതമ്യപ്പെടുത്തുമ്പോൾ, ദൈവത്താൽ ഉളവായ ഒരു ഗ്രന്ഥത്തിന്റെ ശ്രേഷ്‌ഠതയെക്കുറിച്ചും പരിചിന്തിക്കുക. അലിഖിത വചനം ആശ്രയയോഗ്യമായിരിക്കുമായിരുന്നില്ല, സന്ദേശം മനുഷ്യർ മററുവാക്കുകളിൽ പറയുമ്പോൾ ഒരു കാലഘട്ടംകൊണ്ട് അതിന്റെ അർഥം വളച്ചൊടിക്കപ്പെടുമായിരുന്നു. തങ്ങളുടെ സ്വന്തം വീക്ഷണം അനുസരിച്ച്, പറഞ്ഞുകേട്ടുളള വിവരങ്ങളെ അവർ കൈമാറുമായിരുന്നു. എന്നാൽ ദൈവനിശ്വസ്‌തമായ, സ്ഥായിയായ ഒരു ലിഖിതരേഖയിൽ തെററുകൾ കടന്നുകൂടാൻ സാധ്യത വളരെ കുറവാണ്. കൂടാതെ, ഒരു പുസ്‌തകം വീണ്ടും ഉത്‌പാദിപ്പിക്കാനും പലവിധ ഭാഷകൾ വായിക്കുന്ന ആളുകൾക്ക് അതിൽനിന്നു പ്രയോജനം നേടാൻ കഴിയുംവിധം പരിഭാഷപ്പെടുത്താനും കഴിയും. അതുകൊണ്ട്, വിവരങ്ങൾ പ്രദാനം ചെയ്യാൻ നമ്മുടെ സ്രഷ്ടാവ് അത്തരം ഒരു മാർഗം ഉപയോഗിച്ചതു ന്യായയുക്തമല്ലേ? തീർച്ചയായും, താൻ ചെയ്‌തത് അതുതന്നെയാണ് എന്നു സ്രഷ്ടാവ് പറയുന്നതുകൊണ്ട് അതു കേവലം ന്യായയുക്തം മാത്രമല്ല, പരമാർഥം തന്നെയാണ്.
നിവൃത്തിയേറിയ പ്രവചനം
32-34. മറെറാരു ഗ്രന്ഥത്തിലുമില്ലാത്ത എന്തു ബൈബിളിനുണ്ട്?
32 ഇനിയും അതുല്യശ്രേഷ്‌ഠമായ ഒരു വിധത്തിൽ ദിവ്യനിശ്വസ്‌തതയുടെ തെളിവു ബൈബിളിനുണ്ട്: തെററുപററാത്ത നിവൃത്തി ഉണ്ടായിട്ടുളളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ പ്രവചനങ്ങളുടെ ഒരു ഗ്രന്ഥമാണ് അത്.
33 ദൃഷ്ടാന്തത്തിന്, പുരാതന സോരിന്റെ നാശവും ബാബിലോന്റെ വീഴ്‌ചയും യെരൂശലേമിന്റെ പുനർനിർമാണവും മേദോ-പേർഷ്യയിലെയും ഗ്രീസിലെയും രാജാക്കൻമാരുടെ ഉയർച്ചയും വീഴ്‌ചയും ബൈബിളിൽ വളരെ വിശദാംശങ്ങളോടെ മുൻകൂട്ടിപ്പറഞ്ഞിരുന്നു. അവ എഴുതപ്പെട്ടത് ആ സംഭവങ്ങൾ നടന്നതിനുശേഷമാണ് എന്നു ചില വിമർശകർ വെറുതെയെങ്കിലും പറയാനിടയാകുമാറ് ആ പ്രവചനങ്ങൾ അത്ര കൃത്യതയുളളതായിരുന്നു.—യെശയ്യാവു 13:17-19; 44:27–45:1; യെഹെസ്‌കേൽ 26:3-6; ദാനീയേൽ 8:1-7, 20-22.
34 പൊ.യു. 70-ലെ യെരൂശലേമിന്റെ നാശത്തെക്കുറിച്ചു യേശു നൽകിയ പ്രവചനങ്ങൾ കൃത്യമായിത്തന്നെ നിവൃത്തിയായി. (ലൂക്കൊസ് 19:41-44; 21:20, 21) “അന്ത്യകാല”ത്തെക്കുറിച്ചു യേശുവും അപ്പോസ്‌തലനായ പൗലോസും നൽകിയ പ്രവചനങ്ങൾ നമ്മുടെ കാലത്തുതന്നെ സവിസ്‌തരം നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു.—2 തിമൊഥെയൊസ് 3:1-5, 13; മത്തായി 24; മർക്കൊസ് 13; ലൂക്കൊസ് 21.
35. ബൈബിൾ പ്രവചനത്തിനു സ്രഷ്ടാവിൽനിന്നു മാത്രമേ വരാൻ സാധിക്കുകയുളളു എന്നത് എന്തുകൊണ്ട്?
35 ഒരു മനുഷ്യമനസ്സിനും, എത്രമാത്രം ബുദ്ധിശക്തിയുളളതായിരുന്നാലും, ഇത്ര കൃത്യമായി ഭാവി സംഭവങ്ങൾ മുൻകൂട്ടിപ്പറയാൻ കഴിയുകയില്ല. സർവശക്തനും സർവജ്ഞാനിയുമായ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ മനസ്സിനു മാത്രമേ, 2 പത്രൊസ് 1:20, 21-ൽ നാം വായിക്കുന്നതുപോലെ ചെയ്യാൻ കഴിയുകയുളളു: “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല . . . പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്‌പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.”
അത് ഉത്തരം നൽകുന്നു
36. ബൈബിൾ നമ്മോട് എന്തു പറയുന്നു?
36 അതുകൊണ്ട്, അനേക വിധങ്ങളിൽ ബൈബിൾ പരമോന്നത വ്യക്തിയുടെ നിശ്വസ്‌ത വചനമാണ് എന്നുളളതിന്റെ തെളിവു വഹിക്കുന്നു. അതുപോലെതന്നെ മനുഷ്യർ എന്തുകൊണ്ടു ഭൂമിയിലായിരിക്കുന്നെന്നും വളരെയധികം ദുരിതമുളളതെന്തുകൊണ്ടെന്നും നാം എവിടെ പോകുന്നെന്നും അവസ്ഥകൾ എങ്ങനെ മെച്ചപ്പെടുമെന്നും അതു നമ്മോടു പറയുന്നു. ഒരു ഉദ്ദേശ്യത്തോടെ മനുഷ്യരെയും ഈ ഭൂമിയെയും സൃഷ്ടിച്ച ഒരു പരമോന്നത ദൈവം സ്ഥിതി ചെയ്യുന്നുവെന്നും അവിടുത്തെ ഉദ്ദേശ്യം നിവൃത്തിയാകുമെന്നും അതു നമുക്കു വെളിപ്പെടുത്തിത്തരുന്നു. (യെശയ്യാവു 14:24) സത്യമതം എന്താണെന്നും അതു നമുക്കെങ്ങനെ കണ്ടെത്താൻ കഴിയുമെന്നുംകൂടി ബൈബിൾ നമുക്കു വെളിവാക്കുന്നു. അതുകൊണ്ട്, ജീവനെ സംബന്ധിച്ച പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങളെയും പററിയുളള സത്യം നമ്മോടു പറയാൻ കഴിയുന്ന ഉത്‌ക്കൃഷ്ട ജ്ഞാനത്തിന്റെ ഏക ഉറവിടം അതു മാത്രമാണ്.—സങ്കീർത്തനം 146:3; സദൃശവാക്യങ്ങൾ 3:5; യെശയ്യാവു 2:2-4.
37. ക്രൈസ്‌തവലോകത്തെ സംബന്ധിച്ച് എന്തു ചോദിക്കേണ്ടതാണ്?
37 ബൈബിളിന്റെ പ്രാമാണികതയും സത്യതയും സംബന്ധിച്ചു വളരെയധികം തെളിവുണ്ടായിരിക്കെ, തങ്ങൾ അത് അംഗീകരിക്കുന്നു എന്നു പറയുന്ന എല്ലാവരും അതിന്റെ പഠിപ്പിക്കലുകളെ പിൻപററുന്നുണ്ടോ? ദൃഷ്ടാന്തത്തിന്, ക്രിസ്‌ത്യാനിത്വം ആചരിക്കുന്നു എന്ന് അവകാശപ്പെടുന്ന ജനതകളെ, അതായത്, ക്രൈസ്‌തവലോകത്തെ എടുക്കുക. അനേകനൂററാണ്ടുകളായി ബൈബിൾ അവരുടെ പക്കലുണ്ടായിരുന്നു. എന്നാൽ അവരുടെ ചിന്തയും പ്രവർത്തനങ്ങളും വാസ്‌തവത്തിൽ ദൈവത്തിന്റെ ശ്രേഷ്‌ഠ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ?
[അധ്യയന ചോദ്യങ്ങൾ]
[11-ാം പേജിലെ ചിത്രം]
മററു ജ്യോതിർ ഗോളങ്ങളോടുളള ബന്ധത്തിൽ ഗുരുത്വാകർഷണബലത്താൽ ഭൂമി ശൂന്യാകാശത്തിൽ നിൽക്കുന്നുവെന്നു സർ ഐസക് ന്യൂട്ടൻ വിശ്വസിച്ചു
ശൂന്യാകാശത്താൽ ചുററപ്പെട്ട ഒരു ഭൂമിയെക്കുറിച്ചു ബൈബിൾ നൽകുന്ന ചിത്രം കാലത്തെ കടന്നുളള ശ്രദ്ധേയമായ ഒരു മുന്നറിവായിരുന്നു എന്നു പണ്ഡിതൻമാർ അംഗീകരിക്കുന്നു
[12-ാം പേജിലെ ചിത്രം]
ചില ആദ്യകാല നാവികർ സമുദ്രയാത്ര ചെയ്‌തു പരന്ന ഭൂമിയുടെ വക്കിൽനിന്നു വീണുപോകുമോ എന്നു ഭയപ്പെട്ടിരുന്നു
[13-ാം പേജിലെ ചിത്രം]
ജൂലിയസ് സീസറോ കാറൽമാൻ ചക്രവർത്തിയോ ഒലിവർ ക്രോംവെല്ലോ ലിയോ മൂന്നാമൻ പാപ്പായോ ജീവിച്ചിരുന്നു എന്നതിനെക്കാൾ, യേശു ജീവിച്ചിരുന്നു എന്നതിനു കൂടുതൽ തെളിവുണ്ട്
[15-ാം പേജിലെ ചിത്രം]
പൊ.യു. 70-ലെ യെരൂശലേമിന്റെ നാശത്തെ സംബന്ധിച്ചു യേശു നൽകിയ പ്രവചനങ്ങളുടെ നിവൃത്തിയെ റോമിലെ തീത്തോസിന്റെ കമാനം [The Arch of Titus] സാക്ഷ്യപ്പെടുത്തുന്നു