വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രൈസ്‌തവലോകം ദൈവത്തെയും ബൈബിളിനെയും ഒററിക്കൊടുത്തിരിക്കുന്നു

ക്രൈസ്‌തവലോകം ദൈവത്തെയും ബൈബിളിനെയും ഒററിക്കൊടുത്തിരിക്കുന്നു

ഭാഗം 4

ക്രൈസ്‌തവലോകം ദൈവത്തെയും ബൈബിളിനെയും ഒററിക്കൊടുത്തിരിക്കുന്നു

1, 2. ചിലയാളുകൾക്കു ബൈബിളിനോട്‌ ആദരവില്ലാത്തത്‌ എന്തുകൊണ്ട്‌, എന്നാൽ ബൈബിൾ എന്തു പറയുന്നു?

1 ബൈബിൾ പിൻപററുന്നു എന്നവകാശപ്പെടുന്നവരുടെ ഭാഗത്തെ മോശമായ നടത്തനിമിത്തം അനേകം നാടുകളിലുളള ആളുകൾ ബൈബിളിനെ ഒഴിവാക്കുകയും അതിനോടുളള ആദരവ്‌ ഇല്ലാത്തവരായിത്തീരുകയും ചെയ്‌തിരിക്കുന്നു. ബൈബിൾ യുദ്ധത്തിലേക്കു നയിക്കുന്ന ഒരു പുസ്‌തകമാണെന്നും അതൊരു വെളളക്കാരന്റെ പുസ്‌തകമാണെന്നും കോളനിവത്‌ക്കരണത്തെ പിന്താങ്ങുന്ന ഒരു പുസ്‌തകമാണെന്നും ചില നാടുകളിൽ പറയപ്പെടുന്നു. എന്നാൽ അവ തെററായ വീക്ഷണങ്ങളാണ്‌.

2 മധ്യപൂർവദേശത്ത്‌ എഴുതപ്പെട്ട ബൈബിൾ, ക്രിസ്‌ത്യാനിത്വത്തിന്റെ പേരിൽ ദീർഘകാലം നടന്നിട്ടുളള കോളനി യുദ്ധങ്ങളെയോ അത്യാർത്തിപൂണ്ട ചൂഷണത്തെയോ പിന്തുണക്കുന്നില്ല. മറിച്ച്‌, ബൈബിൾ വായിക്കുന്നതിനാലും യേശു പഠിപ്പിച്ച യഥാർഥ ക്രിസ്‌ത്യാനിത്വത്തിന്റെ ഉപദേശങ്ങൾ പഠിക്കുന്നതിനാലും, യുദ്ധത്തെയും അധാർമികതയെയും മററുളളവരെ ചൂഷണം ചെയ്യുന്നതിനെയും ബൈബിൾ ശക്തമായി കുററംവിധിക്കുന്നു എന്നു നിങ്ങൾ മനസ്സിലാക്കും. കുഴപ്പമുളളത്‌ അത്യാർത്തിപൂണ്ട മനുഷ്യർക്കാണ്‌, ബൈബിളിനല്ല. (1 കൊരിന്ത്യർ 13:1-6; യാക്കോബ്‌ 4:1-3; 5:1-6; 1 യോഹന്നാൻ 4:7, 8) അതുകൊണ്ടു ബൈബിളിന്റെ സദുപദേശത്തിനു വിരുദ്ധമായി ജീവിക്കുന്ന സ്വാർഥ മനുഷ്യരുടെ തെററായ നടത്ത, അതിലെ നിക്ഷേപങ്ങളിൽനിന്നു നിങ്ങൾ പ്രയോജനം നേടുന്നതിനെ തടയരുത്‌.

3. ചരിത്രത്തിലെ വസ്‌തുതകൾ ക്രൈസ്‌തവലോകത്തെക്കുറിച്ച്‌ എന്തു പ്രകടമാക്കുന്നു?

3 ബൈബിളനുസരിച്ചു ജീവിക്കാത്തവരിൽ ക്രൈസ്‌തവലോകത്തിലെ ആളുകളും രാഷ്‌ട്രങ്ങളും ഉൾപ്പെടുന്നു. ക്രിസ്‌ത്യാനിത്വം പ്രബലമായിരിക്കുന്ന ലോകഭാഗം എന്നു “ക്രൈസ്‌തവലോകം” നിർവചിക്കപ്പെട്ടിരിക്കുന്നു. മുഖ്യമായും അതു പാശ്ചാത്യലോകമാണ്‌. അതിന്റെ സഭാവ്യവസ്ഥിതി ഏതാണ്ടു നാലാം നൂററാണ്ടുമുതൽ പ്രമുഖമായിത്തീർന്നു. നൂററാണ്ടുകളായി ക്രൈസ്‌തവലോകത്തിനു ബൈബിളുണ്ടായിരുന്നു, അതിന്റെ പുരോഹിതവർഗം അതു പഠിപ്പിക്കുന്നുണ്ടെന്നും ദൈവത്തിന്റെ പ്രതിനിധികളാണെന്നും അവകാശപ്പെടുന്നു. എന്നാൽ ക്രൈസ്‌തവലോകത്തിലെ പുരോഹിതവർഗവും മിഷനറിമാരും സത്യം പഠിപ്പിക്കുന്നുണ്ടോ? അവരുടെ നടപടികൾ യഥാർഥത്തിൽ ദൈവത്തെയും ബൈബിളിനെയും പ്രതിനിധാനം ചെയ്യുന്നുവോ? യഥാർഥത്തിൽ ക്രിസ്‌ത്യാനിത്വം ക്രൈസ്‌തവലോകത്തിൽ നിലനിൽക്കുന്നുണ്ടോ? ഇല്ല. അതിലെ മതം നാലാം നൂററാണ്ടിൽ മുൻനിരയിലേക്കു വന്നതുമുതൽ ക്രൈസ്‌തവലോകം ദൈവത്തിന്റെയും ബൈബിളിന്റെയും ഒരു ശത്രുവാണെന്നു തെളിഞ്ഞിരിക്കുന്നു. അതേ, ക്രൈസ്‌തവലോകം ദൈവത്തെയും ബൈബിളിനെയും ഒററിക്കൊടുത്തിരിക്കുന്നു എന്നു ചരിത്രത്തിലെ വസ്‌തുതകൾ പ്രകടമാക്കുന്നു.

ബൈബിൾ വിരുദ്ധ ഉപദേശങ്ങൾ

4, 5. സഭകൾ ഏതു ബൈബിൾ വിരുദ്ധ ഉപദേശങ്ങൾ പഠിപ്പിക്കുന്നു?

4 ക്രൈസ്‌തവലോകത്തിന്റെ അടിസ്ഥാന ഉപദേശങ്ങൾ ബൈബിളിലല്ല, പ്രത്യുതാ പ്രാചീന കെട്ടുകഥകളിലാണ്‌ അടിസ്ഥാനപ്പെട്ടിരിക്കുന്നത്‌—ഗ്രീസിന്റെയും ഈജിപ്‌ററിന്റെയും ബാബിലോന്റെയും മററുളളവയുടെയുംതന്നെ. മാനുഷ ദേഹിയുടെ സഹജമായ അമർത്യത, അഗ്നി നരകത്തിലെ നിത്യദണ്ഡനം, ശുദ്ധീകരണസ്ഥലം, ത്രിത്വം (ഒരു ദൈവശിരസ്സിലെ മൂന്നു വ്യക്തികൾ) തുടങ്ങിയ പഠിപ്പിക്കലുകൾ ബൈബിളിൽ കാണപ്പെടുന്നില്ല.

5 ദൃഷ്ടാന്തത്തിന്‌, ഒരു അഗ്നിനരകത്തിൽ ചീത്തയാളുകൾ എന്നേക്കും ദണ്ഡിപ്പിക്കപ്പെടും എന്ന പഠിപ്പിക്കൽ നോക്കുക. ഈ ആശയം സംബന്ധിച്ചു നിങ്ങൾക്കെന്തു തോന്നുന്നു? ഇത്‌ അറപ്പുളവാക്കുന്നതാണ്‌ എന്നു പലരും കണ്ടെത്തുന്നു. കഠോരമായ വേദനയിൽ മനുഷ്യരെ സൂക്ഷിച്ചുകൊണ്ടു ദൈവം അവരെ എന്നേക്കും ദണ്ഡിപ്പിക്കുമെന്നത്‌ അന്യായമാണെന്ന്‌ അവർ കണ്ടെത്തുന്നു. അത്തരം പൈശാചികമായ ഒരു ആശയം ബൈബിളിലെ ദൈവത്തിനു വിരുദ്ധമാണ്‌, എന്തെന്നാൽ “ദൈവം സ്‌നേഹം തന്നെ.” (1 യോഹന്നാൻ 4:8) അത്തരം ഒരു പഠിപ്പിക്കൽ സർവശക്തനായ ദൈവത്തിന്റെ ‘ഹൃദയത്തിൽ തോന്നിയിട്ടുമില്ല’ എന്നു ബൈബിൾ വ്യക്തതയോടെയാണു പറയുന്നത്‌.—യിരെമ്യാവു 7:31; 19:5; 32:35.

6. അമർത്യദേഹിയെക്കുറിച്ചുളള പഠിപ്പിക്കൽ ബൈബിൾ നിരാകരിക്കുന്നതെങ്ങനെ?

6 ക്രൈസ്‌തവലോകത്തിലെ സഭകൾ ഉൾപ്പെടെ ഇന്ന്‌ അനേക മതങ്ങളും മരണത്തിങ്കൽ സ്വർഗത്തിലേക്കോ നരകത്തിലേക്കോ പോകുന്ന ഒരു അമർത്യദേഹി മനുഷ്യർക്കുണ്ടെന്നു പഠിപ്പിക്കുന്നു. ഇതൊരു ബൈബിളുപദേശമല്ല. പകരം, ബൈബിൾ ഇപ്രകാരം വ്യക്തമായി പ്രസ്‌താവിക്കുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . നീ ചെല്ലുന്ന പാതാളത്തിൽ [“ഷിയോളിൽ,”—ശവക്കുഴി, NW] പ്രവൃത്തിയോ, സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:5, 10) മരണത്തിങ്കൽ മനുഷ്യൻ “മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു” എന്നു സങ്കീർത്തനക്കാരൻ പ്രസ്‌താവിക്കുന്നു.—സങ്കീർത്തനം 146:4.

7. ദൈവനിയമം ലംഘിച്ചതിന്‌ ആദാമിനും ഹവ്വായ്‌ക്കും ലഭിച്ച ശിക്ഷ എന്തായിരുന്നു?

7 ആദാമും ഹവ്വായും ദൈവനിയമം ലംഘിച്ചപ്പോൾ, ശിക്ഷ അമർത്യത അല്ലായിരുന്നു എന്നും ഓർക്കുക. അതൊരു ശിക്ഷയാകാതെ പ്രതിഫലമായി ഭവിച്ചേനേ! പകരം, അവർ “നിലത്തേക്കു മടങ്ങുമെന്ന്‌” അവരോടു പറയപ്പെട്ടു, “എന്തെന്നാൽ [അവർ] അതിൽനിന്നു എടുക്കപ്പെട്ടു.” ദൈവം ആദാമിനോട്‌ ഇപ്രകാരം ഉറപ്പിച്ചുപറഞ്ഞു: “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) ആയതിനാൽ ദേഹിയുടെ സഹജമായ അമർത്യത സംബന്ധിച്ച പഠിപ്പിക്കൽ ബൈബിളിലില്ല, പിന്നെയോ, തങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന ക്രിസ്‌ത്യേതര ജനതകളിൽനിന്നു ക്രൈസ്‌തവലോകം കടമെടുത്തതാണ്‌.

8. ക്രൈസ്‌തവലോകത്തിന്റെ ത്രിത്വോപദേശത്തെ ബൈബിൾ എങ്ങനെ നിരാകരിക്കുന്നു?

8 കൂടാതെ, ക്രൈസ്‌തവലോകത്തിന്റെ ത്രിത്വത്തെക്കുറിച്ചുളള പഠിപ്പിക്കൽ ഒന്നിൽ മൂന്നായ ഏതോ നിഗൂഢ ദൈവമെന്നനിലയിൽ ദൈവത്തെ ചിത്രീകരിക്കുന്നു. എന്നാൽ ആ പഠിപ്പിക്കലും ബൈബിളിൽ കാണപ്പെടുന്നില്ല. ദൃഷ്ടാന്തത്തിന്‌, യെശയ്യാവു 40:25-ൽ ദൈവം വ്യക്തമായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “നിങ്ങൾ എന്നെ ആരോടു സദൃശമാക്കും?” ഉത്തരം സുവ്യക്തമാണ്‌: അവിടുത്തോടു തുല്യമായി ആരുമില്ല. ഇനിയും സങ്കീർത്തനം 83:18 ലളിതമായി ഇപ്രകാരം പ്രസ്‌താവിക്കുന്നു: “യഹോവ എന്നു നാമമുളള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ” (ചെരിച്ചെഴുത്ത്‌ ഞങ്ങളുടേത്‌) ആകുന്നു.—യെശയ്യാവു 45:5; 46:9; യോഹന്നാൻ 5:19; 6:38; 7:16 എന്നിവയും കാണുക.

9. ബൈബിളിന്റെ പഠിപ്പിക്കലുകളും ക്രൈസ്‌തവലോകത്തിലെ സഭകളുടെ പഠിപ്പിക്കലുകളും സംബന്ധിച്ചു നമുക്ക്‌ എന്തു പറയാൻ കഴിയും?

9 ദൈവത്തെയും അവിടുത്തെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച ബൈബിളുപദേശങ്ങൾ വ്യക്തവും, ഗ്രഹിക്കാൻ എളുപ്പവും, ന്യായവുമാണ്‌. എന്നാൽ ക്രൈസ്‌തവലോകത്തിന്റെ പഠിപ്പിക്കലുകൾ അങ്ങനെയല്ല. ഏറെ മോശമായി അവ ബൈബിൾ വിരുദ്ധവുമാണ്‌.

ഭക്തികെട്ട പ്രവർത്തനങ്ങൾ

10, 11. ക്രൈസ്‌തവലോകത്തിലെ സഭകൾ ചെയ്‌തുകൊണ്ടിരുന്നിട്ടുളള കാര്യങ്ങളുടെ നേരെ വിരുദ്ധമായ കാര്യങ്ങൾ ഏതു വിധങ്ങളിലാണു ബൈബിൾ പഠിപ്പിക്കലുകൾ ആവശ്യപ്പെടുന്നത്‌?

10 വ്യാജമായ ഉപദേശങ്ങൾ പഠിപ്പിക്കുന്നതുകൂടാതെ, ക്രൈസ്‌തവലോകം അവളുടെ പ്രവർത്തനങ്ങളാൽ ദൈവത്തെയും ബൈബിളിനെയും ഒററിക്കൊടുത്തിരിക്കുന്നു. മുൻനൂററാണ്ടുകളിൽ പുരോഹിതവർഗവും സഭകളും ചെയ്‌തിരിക്കുന്നതും നമ്മുടെ ഈ കാലത്തു ചെയ്യുന്നതിൽ തുടർന്നിട്ടുളളതുമായ കാര്യങ്ങൾ ബൈബിളിലെ ദൈവം ആവശ്യപ്പെടുന്നതിന്‌ എതിരാണ്‌, അവ ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്‌തു പഠിപ്പിച്ചതിനും പ്രവർത്തിച്ചതിനും എതിരാണ്‌.

11 ഉദാഹരണമായി, ലോകത്തിന്റെ രാഷ്‌ട്രീയ കാര്യങ്ങളിൽ തലയിടുകയോ അതിന്റെ യുദ്ധങ്ങളിൽ ഉൾപ്പെടുകയോ ചെയ്യരുതെന്നു യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. സമാധാനപ്രിയരും നിയമമനുസരിക്കുന്നവരും ഏതുതരം മുൻവിധികളിൽനിന്നും സ്വതന്ത്രമായി തങ്ങളുടെ സഹമനുഷ്യരോടു സ്‌നേഹമുളളവരും ആയിരിക്കാനും മററുളളവരുടെ ജീവൻ അപഹരിക്കുന്നതിനുപകരം സ്വന്തജീവൻ ബലിചെയ്യാൻ ഒരുക്കമുളളവരായിരിക്കാൻപോലും അവിടുന്ന്‌ അവരെ പഠിപ്പിച്ചു.—യോഹന്നാൻ 15:13; പ്രവൃത്തികൾ 10:34, 35; 1 യോഹന്നാൻ 4:20, 21.

12. സത്യക്രിസ്‌ത്യാനികളെ എന്തു തിരിച്ചറിയിക്കുമെന്നു യേശു പറഞ്ഞു?

12 തീർച്ചയായും, സത്യക്രിസ്‌ത്യാനികളെ വ്യാജക്രിസ്‌ത്യാനികളിൽനിന്നും ക്രിസ്‌ത്യാനികളെന്നു നടിക്കുന്നവരിൽനിന്നും തിരിച്ചറിയിക്കുന്ന അടയാളം മററു മനുഷ്യരോടുളള സ്‌നേഹമായിരിക്കുമെന്നു യേശു പഠിപ്പിച്ചു. തന്നെ അനുഗമിക്കുന്നവരോട്‌ അവിടുന്ന്‌ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:34, 35; 15:12.

13, 14. ക്രൈസ്‌തവലോകത്തിലെ സഭകൾ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന്‌ എന്തു പ്രകടമാക്കുന്നു?

13 എന്നിട്ടും നൂററാണ്ടുകൾതോറും ക്രൈസ്‌തവലോകത്തിലെ പുരോഹിതവർഗം രാഷ്‌ട്രീയത്തിൽ തലയിടുകയും തങ്ങളുടെ രാഷ്‌ട്രങ്ങളുടെ യുദ്ധങ്ങളെ പിന്താങ്ങുകയും ചെയ്‌തിരിക്കുന്നു. ഈ നൂററാണ്ടിലെ രണ്ടു ലോകമഹായുദ്ധങ്ങൾ പോലെ ക്രൈസ്‌തവലോകത്തിനുളളിൽത്തന്നെയുളള യുദ്ധങ്ങളിലെ വിരുദ്ധചേരികളെ അവർ പിന്തുണക്കുകപോലും ചെയ്‌തിരിക്കുന്നു. ആ പോരാട്ടങ്ങളിൽ ഓരോ പക്ഷത്തുമുളള പുരോഹിതവർഗം വിജയത്തിനായി പ്രാർഥിച്ചു, ഒരു രാജ്യത്തുനിന്നുളള ഒരു മതത്തിലെ അംഗങ്ങൾ മറെറാരു രാജ്യത്തുനിന്നുളള അതേ മതത്തിൽപ്പെട്ട അംഗങ്ങളെ കൊല്ലുകയായിരുന്നു. ദൈവത്തിന്റെയല്ല, സാത്താന്റെ മക്കളാണ്‌ അങ്ങനെ പ്രവർത്തിക്കുന്നത്‌ എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 3:10-12, 15) പുരോഹിതവർഗവും അവരുടെ അനുഗാമികളും ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെട്ടപ്പോൾത്തന്നെ, ‘വാളുപേക്ഷിക്കാൻ’ പറഞ്ഞ യേശുവിന്റെ പഠിപ്പിക്കലുകൾക്കു വിരുദ്ധമായി അവർ പ്രവർത്തിച്ചു.—മത്തായി 26:51, 52.

14 ക്രൈസ്‌തവലോകത്തിലെ രാഷ്‌ട്രീയ ശക്തികൾ സാമ്രാജ്യവാഴ്‌ചക്കാലത്തു മററാളുകളെ ജയിച്ചടക്കുകയും അടിമകളാക്കുകയും തരംതാഴ്‌ത്തുകയും ചെയ്‌തപ്പോൾ സഭകൾ നൂററാണ്ടുകളായി അവയോടു ചേർന്നുപ്രവർത്തിച്ചു. നൂററാണ്ടുകളായി ആഫ്രിക്കയിലെ സംഗതി അതായിരുന്നു. കറുപ്പുയുദ്ധ കാലത്തും ബോക്‌സർ വിപ്ലവകാലത്തും പാശ്ചാത്യ രാഷ്‌ട്രങ്ങൾ ബലം പ്രയോഗിച്ചു സ്വാധീനവൃന്ദങ്ങളെ സൃഷ്ടിച്ചപ്പോൾ, ചൈനയും ഇത്‌ അനുഭവിച്ചു.

15. ക്രൈസ്‌തവലോകം ഏതു തിൻമകൾ ചെയ്‌തിരിക്കുന്നു?

15 ഇരുണ്ടയുഗം എന്നു വിളിക്കപ്പെട്ട ചരിത്രത്തിലെ നൂററാണ്ടുകളിൽ അവരോടു വിയോജിച്ചവരെ ഉപദ്രവിക്കുന്നതിലും പീഡിപ്പിക്കുന്നതിലും കൊല്ലുന്നതിൽപ്പോലും ക്രൈസ്‌തവലോകത്തിലെ മതങ്ങളും മുമ്പന്തിയിലായിരുന്നിട്ടുണ്ട്‌. നൂറുകണക്കിനു വർഷങ്ങൾ നീണ്ടുനിന്ന മതവിചാരണക്കാലത്തു പീഡനവും കൊലപാതകവും പോലുളള ക്രൂരമായ ചെയ്‌തികൾ അധികാരപ്പെടുത്തുകയും മാന്യരും നിഷ്‌കളങ്കരുമായ ആളുകൾക്കെതിരെ അവ നടപ്പാക്കുകയും ചെയ്‌തു. ഈ നിഷ്‌ഠൂരത പ്രവർത്തിച്ചവർ പുരോഹിതവർഗവും അവരുടെ അനുഗാമികളുമായിരുന്നു, അവരെല്ലാവരും ക്രിസ്‌ത്യാനികളെന്നു അവകാശപ്പെട്ടു. സാമാന്യജനം വായിക്കാതിരിക്കുന്നതിനു ബൈബിൾ നശിപ്പിക്കാൻ പോലും അവർ ശ്രമം നടത്തി.

ക്രിസ്‌തീയമല്ല

16, 17. സഭകൾ ക്രിസ്‌തീയമല്ലെന്നു നമുക്കു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

16 ക്രൈസ്‌തവലോകത്തിലെ രാഷ്‌ട്രങ്ങളും സഭകളും ക്രിസ്‌തീയമായിരുന്നില്ല, ഇപ്പോഴുമല്ല. അവർ ദൈവത്തിന്റെ ദാസൻമാരല്ല. അവിടുത്തെ നിശ്വസ്‌ത വചനം അവരെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിന്നും കൊളളരുതാത്തവരുമാകുന്നു.”—തീത്തൊസ്‌ 1:16.

17 വ്യാജമതം പുറപ്പെടുവിക്കുന്ന ഫലത്താൽ അതിനെ തിരിച്ചറിയാൻ കഴിയുമെന്നു യേശു പറഞ്ഞു. അവിടുന്ന്‌ ഇപ്രകാരം പറഞ്ഞു: “കളളപ്രവാചകൻമാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്‌ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; . . . നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്‌ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്‌ക്കുന്നു. നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്‌പ്പാൻ കഴികയില്ല. നല്ല ഫലം കായ്‌ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ [കളളപ്രവാചകൻമാരെ] തിരിച്ചറിയും.”—മത്തായി 7:15-20.

18. ക്രൈസ്‌തവലോകത്തിന്റെ പഠിപ്പിക്കലുകളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും എന്തു ഫലമുണ്ടായിരിക്കുന്നു?

18 അതുകൊണ്ട്‌, ക്രൈസ്‌തവലോകത്തിലെ മതങ്ങൾ എന്തു പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തിരിക്കുന്നുവോ അതുവഴി അവ ബൈബിളിൽ വിശ്വസിക്കുന്നുവെന്നും ദൈവഭക്തിയുളളതാണെന്നും ക്രിസ്‌തീയമാണെന്നുമുളള അവരുടെ അവകാശവാദം ഒരു ഭോഷ്‌കാണെന്ന്‌ അവർ പ്രകടമാക്കിയിരിക്കുന്നു. അവർ ദൈവത്തെയും ബൈബിളിനെയും ഒററിക്കൊടുത്തിരിക്കുന്നു. അങ്ങനെ ചെയ്യുകയിൽ ലക്ഷക്കണക്കിന്‌ ആളുകളെ അവർ വെറുപ്പിക്കുകയും ഒരു പരമോന്നത വ്യക്തിയിലുളള വിശ്വാസത്തിൽനിന്ന്‌ അവരെ അകററിക്കളയുകയും ചെയ്‌തിരിക്കുന്നു.

19. ക്രൈസ്‌തവലോകത്തിന്റെ പരാജയം ദൈവവും ബൈബിളും പരാജയപ്പെട്ടുവെന്ന്‌ അർഥമാക്കുന്നുണ്ടോ?

19 എന്നിരുന്നാലും, ക്രൈസ്‌തവലോകത്തിലെ പുരോഹിതവർഗത്തിന്റെയും സഭകളുടെയും പരാജയവും അതുപോലെതന്നെ ക്രൈസ്‌തവലോകത്തിനു പുറത്തെ മററു മതങ്ങളുടെ പരാജയവും ബൈബിൾ പരാജയപ്പെട്ടുവെന്ന്‌ അർഥമാക്കുന്നില്ല. ദൈവം പരാജിതനായി എന്നും അത്‌ അർഥമാക്കുന്നില്ല. പകരം, തീർച്ചയായും അസ്‌തിത്വത്തിലുളളവനും നമ്മെക്കുറിച്ചും നമ്മുടെ ഭാവിയെക്കുറിച്ചും നിശ്ചയമായും കരുതുന്നവനും ആയ ഒരു പരമോന്നത വ്യക്തിയെക്കുറിച്ചു ബൈബിൾ നമ്മോടു പറയുന്നു. ശരിയായതു ചെയ്യാൻ ആഗ്രഹിക്കുകയും ഭൂമിയിലെങ്ങും നീതിയും സമാധാനവും പുലർന്നുകാണാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പരമാർഥഹൃദയരായ ആളുകൾക്ക്‌ അവിടുന്ന്‌ എങ്ങനെ പ്രതിഫലം കൊടുക്കുമെന്ന്‌ അതു പ്രകടമാക്കുന്നു. കൂടാതെ ദുഷ്ടതയും ദുരിതവും നിലനിൽക്കാൻ ദൈവം അനുവദിച്ചിരിക്കുന്നതെന്തുകൊണ്ടെന്നും തങ്ങളുടെ സഹമനുഷ്യന്‌ ഉപദ്രവം ചെയ്യുന്നവരെയും അതുപോലെതന്നെ അവിടുത്തെ സേവിക്കുന്നു എന്ന്‌ അവകാശപ്പെടുകയും അതേസമയം അങ്ങനെ ചെയ്യാതിരിക്കുകയും ചെയ്യുന്നവരെയും അവിടുന്ന്‌ എങ്ങനെ നീക്കം ചെയ്യുമെന്നും അതു കാണിച്ചുതരുന്നു.

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രങ്ങൾ]

ഡാന്റെയുടെ “നരകം”

ക്രൈസ്‌തവലോകത്തിന്റെ ത്രിത്വം

[കടപ്പാട]

Doré’s illustration of Barrators—Giampolo for Dante’s Divine Comedy

ഹൈന്ദവ ത്രിത്വം

[കടപ്പാട]

Courtesy of The British Museum

ഈജിപ്‌ഷ്യൻ ത്രിത്വം

[കടപ്പാട]

Museo Egizio, Turin

[18-ാം പേജിലെ ചിത്രങ്ങൾ]

യേശുവിന്റെ പഠിപ്പിക്കലുകൾക്കു വിരുദ്ധമായി ഇരുപക്ഷത്തുമുളള പുരോഹിതവർഗം യുദ്ധങ്ങളെ പിന്തുണച്ചിരിക്കുന്നു

[കടപ്പാട]

U.S. Army photo