വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവന്‌ ഒരു മഹത്തായ ഉദ്ദേശ്യമുണ്ട്‌

ജീവന്‌ ഒരു മഹത്തായ ഉദ്ദേശ്യമുണ്ട്‌

ഭാഗം 5

ജീവന്‌ ഒരു മഹത്തായ ഉദ്ദേശ്യമുണ്ട്‌

1, 2. ദൈവം നമ്മെക്കുറിച്ചു കരുതുന്നുവെന്നു നമുക്ക്‌ എങ്ങനെ പറയാൻ കഴിയും, ജീവിതത്തോടു ബന്ധപ്പെട്ട ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾക്കായി നാം എവിടേക്കു തിരിയണം?

1 ഭൂമിയും അതിലെ ജീവികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വിധം അവയുടെ സ്രഷ്ടാവു വാസ്‌തവത്തിൽ കരുതൽ പ്രകടമാക്കുന്ന സ്‌നേഹത്തിന്റെ ഒരു ദൈവമാണെന്നു കാണിക്കുന്നു. അവിടുന്നു കരുതുന്നുവെന്ന്‌ അവിടുത്തെ വചനമായ ബൈബിൾ പ്രകടമാക്കുന്നു; നാം ഇവിടെ ഭൂമിയിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? നാം എവിടേക്കു പോകുന്നു? തുടങ്ങിയ ചോദ്യങ്ങൾ സംബന്ധിച്ച്‌ ഏററവും നല്ല ഉത്തരങ്ങൾ അതു പ്രദാനം ചെയ്യുന്നു.

2 ആ ഉത്തരങ്ങൾക്കായി നാം ബൈബിൾ പരിശോധിക്കേണ്ടതുണ്ട്‌. ദൈവവചനം ഇപ്രകാരം പറയുന്നു: “അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.” (2 ദിനവൃത്താന്തം 15:2) അങ്ങനെയെങ്കിൽ, ദൈവവചനത്തിലൂടെയുളള ഒരു അന്വേഷണം നമ്മെ സംബന്ധിച്ച അവിടുത്തെ ഉദ്ദേശ്യത്തെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

ദൈവം മനുഷ്യരെ സൃഷ്ടിച്ചതിന്റെ കാരണം

3. ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ എന്തുകൊണ്ട്‌?

3 വിശേഷാൽ മനുഷ്യരെ മനസ്സിൽ വച്ചുകൊണ്ടു ദൈവം ഭൂമിയെ ഒരുക്കിയെന്നു ബൈബിൾ പ്രകടമാക്കുന്നു. ദൈവം “അതിനെ കേവലം വ്യർഥമായല്ല സൃഷ്ടിച്ചത്‌, പിന്നെയോ നിവസിക്കപ്പെടാൻതന്നെ അതിനെ നിർമിച്ചു” എന്നു യെശയ്യാവ്‌ 45:18 [NW] ഭൂമിയെക്കുറിച്ചു പറയുന്നു. കേവലം നിലനിന്നുപോകാൻ മാത്രമല്ല, പിന്നെയോ ജീവിതം പൂർണമായി ആസ്വദിക്കാൻ ആളുകൾക്ക്‌ ആവശ്യമായതെല്ലാം ദൈവം ഭൂമിയിലൊരുക്കി.—ഉല്‌പത്തി, 1-ഉം 2-ഉം അധ്യായങ്ങൾ.

4. ദൈവം ആദ്യമനുഷ്യരെ സൃഷ്ടിച്ചത്‌ എന്തുകൊണ്ട്‌?

4 തന്റെ വചനത്തിൽ, ആദ്യമനുഷ്യരായ ആദാമിനെയും ഹവ്വായെയും സൃഷ്ടിക്കുന്നതു സംബന്ധിച്ചു ദൈവം നമ്മോടു പറയുകയും മാനുഷകുടുംബത്തിനുവേണ്ടി തന്റെ മനസ്സിൽ ഉണ്ടായിരുന്നതു വെളിപ്പെടുത്തുകയും ചെയ്യുന്നു. അവിടുന്ന്‌ ഇപ്രകാരം പറഞ്ഞു: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുളള മത്സ്യത്തിൻമേലും ആകാശത്തിലുളള പറവജാതിയിൻമേലും മൃഗങ്ങളിൻമേലും സർവ്വഭൂമിയിൻമേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിൻമേലും വാഴട്ടെ എന്നു കല്‌പിച്ചു.” (ഉല്‌പത്തി 1:26) മനുഷ്യർക്കു “മുഴുഭൂമി”യുടെയും അതിലെ മൃഗസൃഷ്ടിയുടെയും മേൽ മേൽനോട്ടം ഉണ്ടായിരിക്കേണ്ടിയിരുന്നു.

5. ആദ്യ മനുഷ്യരെ എവിടെ ആക്കിവെച്ചു?

5 മധ്യപൂർവദേശത്തു സ്ഥിതിചെയ്‌തിരുന്ന ഏദെൻ എന്നു വിളിക്കപ്പെട്ട ഒരു സ്ഥലത്തു വലിയ, ഉദ്യാനതുല്യമായ ഒരു തോട്ടം ദൈവം ഉണ്ടാക്കി. അതിനുശേഷം അവിടുന്ന്‌ “മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദെൻതോട്ടത്തിൽ വേല ചെയ്‌വാനും അതിനെ കാപ്പാനും അവിടെ ആക്കി.” ഭക്ഷിക്കുന്നതിന്‌ ആദ്യമനുഷ്യർക്ക്‌ ആവശ്യമായിരുന്ന സകലതും അടങ്ങിയ ഒരു പറുദീസ ആയിരുന്നു അത്‌. “കാൺമാൻ ഭംഗിയുളളതും തിൻമാൻ നല്ല ഫലമുളളതുമായ ഓരോ വൃക്ഷങ്ങളും,” അതുപോലെതന്നെ മററു സസ്യങ്ങളും രസകരമായ വിവിധയിനം മൃഗങ്ങളും അതിൽ ഉണ്ടായിരുന്നു.—ഉല്‌പത്തി 2:7-9, 15.

6. മാനസികവും ശാരീരികവുമായ ഏതു ഗുണങ്ങളോടെ മനുഷ്യർ സൃഷ്ടിക്കപ്പെട്ടു?

6 ആദ്യമനുഷ്യരുടെ ശരീരങ്ങൾ പൂർണതയുളളതായി സൃഷ്ടിക്കപ്പെട്ടു, അതുകൊണ്ട്‌ അവർ രോഗം ബാധിക്കുകയോ വാർധക്യം പ്രാപിക്കുകയോ മരിക്കുകയോ ചെയ്യുമായിരുന്നില്ല. സ്വതന്ത്ര ഇച്ഛാശക്തി പോലുളള മററു ഗുണങ്ങളും അവർക്കു നൽകപ്പെട്ടു. അവർ സൃഷ്ടിക്കപ്പെട്ട വിധം ഉല്‌പത്തി 1:27-ൽ വിവരിച്ചിരിക്കുന്നു: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” നാം ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാകകൊണ്ടു ശാരീരികവും മാനസികവുമായ ഗുണങ്ങൾ മാത്രമല്ല, ധാർമികവും ആത്മീയവുമായ സവിശേഷതകളും നമുക്കു ലഭിച്ചിരിക്കുന്നു, നാം യഥാർഥത്തിൽ സന്തുഷ്ടരായിരിക്കണമെങ്കിൽ ഇവ തൃപ്‌തിപ്പെടണം. ഭക്ഷണത്തിനും വെളളത്തിനും വായുവിനുമുളള ആവശ്യം പോലെതന്നെ അവയും നിറവേററുന്നതിനുളള മാർഗം ദൈവം പ്രദാനം ചെയ്യുമായിരുന്നു. യേശുക്രിസ്‌തു പറഞ്ഞതുപോലെ, “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.”—മത്തായി 4:4.

7. ആദ്യ ഇണകൾക്ക്‌ ഏതു കല്‌പന ലഭിച്ചു?

7 കൂടുതലായി, ഏദെനിൽ ആയിരുന്നപ്പോൾ ഈ ആദ്യ ഇണകൾക്കു ദൈവം അത്ഭുതകരമായ ഒരു കല്‌പനയും നൽകി: “നിങ്ങൾ സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയിൽ നിറ”യുക. (ഉല്‌പത്തി 1:28) അതുകൊണ്ടു പുനരുത്‌പാദനം നടത്തി പൂർണതയുളള കുട്ടികളെ ഉത്‌പാദിപ്പിക്കാൻ അവർ പ്രാപ്‌തരായിരിക്കുമായിരുന്നു. മനുഷ്യരുടെ എണ്ണം വർധിക്കുന്നതോടെ, ആദ്യത്തെ ഉദ്യാനതുല്യമായ ഏദെനിലെ പറുദീസാപ്രദേശത്തിന്റെ അതിരുകൾ വ്യാപിപ്പിക്കുന്ന ആനന്ദകരമായ വേല അവർക്കു ലഭിക്കുമായിരുന്നു. ഒടുവിൽ മുഴുഭൂമിയും എന്നേക്കും ജീവിക്കാൻ കഴിയുന്ന പൂർണതയുളള, സന്തുഷ്ടരായ ആളുകൾ അധിവസിക്കുന്ന ഒരു പറുദീസയായി വികസിക്കുമായിരുന്നു. ഇതിനെല്ലാം തുടക്കമിട്ടശേഷം “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു” എന്നു ബൈബിൾ നമ്മെ അറിയിക്കുന്നു.—ഉല്‌പത്തി 1:31; കൂടാതെ സങ്കീർത്തനം 118:17-ഉം കാണുക.

8. മനുഷ്യർ ഭൂമിക്കുവേണ്ടി എങ്ങനെ കരുതേണ്ടിയിരുന്നു?

8 കീഴടക്കിയ ഭൂമിയെ തങ്ങളുടെ പ്രയോജനത്തിനായി മനുഷ്യർ ഉപയോഗിക്കേണ്ടിയിരുന്നു എന്നതു സ്‌പഷ്ടമാണ്‌. എന്നാൽ ഉത്തരവാദിത്വപ്പെട്ട ഒരു വിധത്തിൽ ഇതു ചെയ്യേണ്ടിയിരുന്നു. മനുഷ്യർ ഭൂമിയെ നശിപ്പിക്കുന്നവരല്ല, അതിന്റെ ആദരവുളള പരിചാരകരായിരിക്കേണ്ടിയിരുന്നു. നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്ന ഭൂമിയുടെ നശീകരണം ദൈവഹിതത്തിനെതിരാണ്‌, അതിൽ പങ്കുകാരാകുന്നവർ ഭൂമിയിലെ ജീവനെ സംബന്ധിച്ച ഉദ്ദേശ്യത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നു. അവർ അതിനു വില ഒടുക്കേണ്ടിവരും, എന്തെന്നാൽ ദൈവം “ഭൂമിയെ നശിപ്പിക്കുന്നവരെ നശി”പ്പിക്കും എന്നു ബൈബിൾ പറയുന്നു.—വെളിപ്പാടു 11:18.

ഇപ്പോഴും ദൈവത്തിന്റെ ഉദ്ദേശ്യം

9. ദൈവോദ്ദേശ്യം നിവൃത്തിയേറുമെന്നു നമുക്ക്‌ ഉറപ്പുളളത്‌ എന്തുകൊണ്ട്‌?

9 ഇപ്രകാരം, ഒരു പൂർണതയുളള മാനുഷകുടുംബം ഭൂമിയിലെ പറുദീസയിൽ എന്നുമെന്നേക്കും ജീവിക്കുക എന്നത്‌ ആദിമുതൽക്കേയുളള ദൈവോദ്ദേശ്യമായിരുന്നു. അത്‌ ഇപ്പോഴും അവിടുത്തെ ഉദ്ദേശ്യമാണ്‌! വീഴ്‌ചയില്ലാതെ ആ ഉദ്ദേശ്യം നിവൃത്തിയേറിയിരിക്കും. ബൈബിൾ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതു: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.” “ഞാൻ പ്രസ്‌താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്‌ഠിക്കും.”—യെശയ്യാവു 14:24; 46:11.

10, 11. പറുദീസയെക്കുറിച്ചു യേശുവും പത്രോസും സങ്കീർത്തനക്കാരനായ ദാവീദും എപ്രകാരം സംസാരിച്ചു?

10 ഭാവിപ്രത്യാശ ആഗ്രഹിച്ച ഒരു മനുഷ്യനോട്‌, “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും” എന്നു പറഞ്ഞപ്പോൾ ഭൂമിയിൽ ഒരു പറുദീസ സംസ്ഥാപിക്കാനുളള ദൈവോദ്ദേശ്യത്തെക്കുറിച്ചു യേശുക്രിസ്‌തു സംസാരിച്ചു. (ലൂക്കൊസ്‌ 23:43) “നാം അവന്റെ [ദൈവത്തിന്റെ] വാഗ്‌ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും [സ്വർഗത്തിൽനിന്നു വാഴ്‌ച നടത്തുന്ന പുതിയ ഭരണക്രമീകരണം] പുതിയ ഭൂമിക്കുമായിട്ടു [ഒരു പുതിയ ഭൗമിക സമുദായം] കാത്തിരിക്കുന്നു” എന്നു മുൻകൂട്ടിപ്പറഞ്ഞപ്പോൾ അപ്പോസ്‌തലനായ പത്രോസും വരാനിരിക്കുന്ന പുതിയ ലോകത്തെക്കുറിച്ചു സംസാരിക്കുകയുണ്ടായി.—2 പത്രൊസ്‌ 3:13.

11 വരാനിരിക്കുന്ന പുതിയ ലോകത്തെക്കുറിച്ചും അത്‌ എത്രകാലം നിലനിൽക്കുമെന്നതിനെക്കുറിച്ചും സങ്കീർത്തനക്കാരനായ ദാവീദും എഴുതി. അദ്ദേഹം ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) അതുകൊണ്ടാണു യേശു ഇപ്രകാരം വാഗ്‌ദത്തം ചെയ്‌തത്‌: “സൌമ്യതയുളളവർ ഭാഗ്യവാൻമാർ; അവർ ഭൂമിയെ അവകാശമാക്കും.”—മത്തായി 5:5.

12, 13. മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യം ചുരുക്കിപ്പറയുക.

12 ദുഷ്ടതയിൽനിന്നും കുററകൃത്യത്തിൽനിന്നും രോഗത്തിൽനിന്നും ദുഃഖത്തിൽനിന്നും വേദനയിൽനിന്നുമെല്ലാം വിമുക്തമായി ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നത്‌ എന്തൊരു മഹത്തായ പ്രതീക്ഷയാണ്‌! ബൈബിളിലെ അവസാന പുസ്‌തകത്തിൽ, “അവൻ [ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്‌തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്‌പിച്ചു” എന്നു പ്രസ്‌താവിച്ചുകൊണ്ടു ദൈവത്തിന്റെ പ്രാവചനിക വചനം ഈ മഹത്തായ ഉദ്ദേശ്യത്തെ സംഗ്രഹിക്കുന്നു.—വെളിപ്പാടു 21:4, 5.

13 അതേ, ദൈവത്തിനു മനസ്സിൽ ഒരു മഹത്തായ ഉദ്ദേശ്യമുണ്ട്‌. അതു നീതിയുളള ഒരു പുതിയ ലോകമായിരിക്കും, താൻ വാഗ്‌ദത്തം ചെയ്യുന്നതു നിവർത്തിക്കാൻ കഴിവുളള, നിവർത്തിക്കാനിരിക്കുന്ന ഒരുവൻ മുൻകൂട്ടിപ്പറഞ്ഞ ഒരു നിത്യപറുദീസ തന്നെ, എന്തെന്നാൽ അവിടുത്തെ “വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.”

[അധ്യയന ചോദ്യങ്ങൾ]

[20, 21 പേജുകളിലെ ചിത്രങ്ങൾ]

ഒരു പറുദീസാഭൂമിയിൽ മനുഷ്യർ എന്നേക്കും ജീവിക്കണമെന്നു ദൈവം ഉദ്ദേശിച്ചു. അത്‌ ഇപ്പോഴും അവിടുത്തെ ഉദ്ദേശ്യമാണ്‌

[22-ാം പേജിലെ ചിത്രം]

തന്റെ വീട്‌ നശിപ്പിക്കുന്ന കുടിപാർപ്പുകാരോട്‌ ഉടമസ്ഥനു കണക്കു ചോദിക്കാൻ കഴിയും