വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടോ?

ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടോ?

ഭാഗം 1

ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടോ?

1. ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ചു മിക്കപ്പോഴും എന്തു ചോദിക്കുന്നു, ഇതു സംബന്ധിച്ച്‌ ഒരു വ്യക്തി എപ്രകാരം അഭിപ്രായപ്പെട്ടു?

 ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്‌ എന്ന്‌ ഇന്നല്ലെങ്കിൽ നാളെ ഏതാണ്ട്‌ എല്ലാവരുംതന്നെ ആശ്ചര്യപ്പെടുന്നു. അതു നമ്മുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്‌ത്‌, നമ്മുടെ കുടുംബങ്ങളെ പോററി, ഒരുപക്ഷേ 70-ഓ 80-ഓ വർഷത്തിനുശേഷം മരിച്ച്‌, എന്നേക്കുമായി അസ്ഥിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുപോകുക എന്നതാണോ? “ജീവിച്ചിരുന്നു കുട്ടികളെ ജനിപ്പിച്ച്‌, സന്തുഷ്ടരായിക്കഴിഞ്ഞിട്ട്‌ ഒടുവിൽ മരിക്കു”ന്നതല്ലാതെ ജീവിതത്തിൽ ഒരു ഉദ്ദേശ്യവുമില്ല എന്നു പറഞ്ഞ ഒരു ചെറുപ്പക്കാരന്‌ തോന്നിയത്‌ ഇങ്ങനെയാണ്‌. എന്നാൽ അതാണോ സത്യം? മരണംകൊണ്ട്‌ എല്ലാം അവസാനിക്കുന്നുവോ?

2, 3. ഭൗതിക ധനത്തിന്റെ സമ്പാദനം ജീവിതത്തിലെ ഒരു ഉദ്ദേശ്യം അല്ലാത്തത്‌ എന്തുകൊണ്ട്‌?

2 പാശ്ചാത്യ-പൗരസ്‌ത്യദേശങ്ങളിലുളള ഒട്ടനവധി ആളുകൾ ജീവിക്കുന്നതിന്റെ മുഖ്യ ഉദ്ദേശ്യമായി വിചാരിക്കുന്നതു ഭൗതിക സ്വത്തുക്കളുടെ സമാഹരണമാണ്‌. ഇതിനു സന്തുഷ്ടവും സാർഥകവുമായ ഒരു ജീവിതത്തിലേക്കു നയിക്കാൻ കഴിയുമെന്ന്‌ അവർ കരുതുന്നു. എന്നാൽ ഇപ്പോൾത്തന്നെ ഭൗതികധനമുളള ആളുകളെ സംബന്ധിച്ചെന്ത്‌? കനേഡിയൻ എഴുത്തുകാരനായ ഹാരി ബ്രൂസ്‌ ഇപ്രകാരം പറഞ്ഞു: “ധനവാൻമാരായ ആളുകളിൽ അമ്പരപ്പിക്കുന്ന സംഖ്യ തങ്ങൾ സന്തുഷ്ടരല്ലെന്നു ഊന്നിപ്പറയുന്നു.” അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “വടക്കേ അമേരിക്കയെ ഭയങ്കരമായ ഒരു അശുഭപ്രതീക്ഷ ഗ്രസിച്ചിരിക്കുന്നതായി അഭിപ്രായവോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നു . . . ഈ ലോകത്തിൽ ആരെങ്കിലും സന്തുഷ്ടനാണോ? അങ്ങനെയെങ്കിൽ അതിന്റെ രഹസ്യമെന്താണ്‌?”

3 മുൻ യു.എസ്‌ പ്രസിഡണ്ടായിരുന്ന ജിമ്മി കാർട്ടർ ഇങ്ങനെ പ്രസ്‌താവിച്ചു: “വസ്‌തുക്കൾ സ്വന്തമാക്കുന്നതും വസ്‌തുക്കളുടെ ഉപഭോഗവും ജീവിതം സാർഥകമാക്കാനുളള നമ്മുടെ അഭിവാഞ്‌ഛയെ തൃപ്‌തിപ്പെടുത്തുന്നില്ല എന്നു നാം കണ്ടെത്തിയിരിക്കുന്നു. . . . ശുഭാപ്‌തിവിശ്വാസമോ ഉദ്ദേശ്യമോ ഇല്ലാത്ത ജീവിതങ്ങളുടെ ശൂന്യത നികത്താൻ ഭൗതികവസ്‌തുക്കൾ വാരിക്കൂട്ടിയതുകൊണ്ടായില്ല.” മറെറാരു രാഷ്‌ട്രീയ നേതാവ്‌ ഇപ്രകാരം പറഞ്ഞു: “എന്നെയും എന്റെ ജീവിതത്തെയും സംബന്ധിച്ചുളള സത്യങ്ങൾ തേടി ഇന്നേയ്‌ക്ക്‌ അനവധി വർഷങ്ങളായി ഞാൻ ഒരു തീവ്രമായ അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്‌. എനിക്കറിവുളള മററു പലരും ഇതുതന്നെ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. ‘നാം ആരാണ്‌? എന്താണു നമ്മുടെ ഉദ്ദേശ്യം?’ എന്നു മുമ്പെന്നത്തേതിലും അധികമാളുകൾ ഇപ്പോൾ ചോദിക്കുന്നു.”

അവസ്ഥകൾ ഏറെ ദുഷ്‌കരം

4. ജീവിതത്തിന്‌ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്നു ചിലർ സംശയിക്കുന്നത്‌ എന്തുകൊണ്ട്‌?

4 ജീവിത സാഹചര്യങ്ങൾ ഏറെ ദുഷ്‌കരമായിത്തീർന്നിരിക്കുന്നതു കാണുമ്പോൾ ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടോ എന്നു പലരും സംശയിക്കുന്നു. ലോകത്തുടനീളം 100 കോടിയിലധികം ആളുകൾ കടുത്ത രോഗികളോ വികലപോഷിതരോ ആണ്‌, ആഫ്രിക്കയിൽ മാത്രം ഓരോ വർഷവും ഏതാണ്ട്‌ ഒരു കോടി കുട്ടികളുടെ മരണത്തിൽ അതു കലാശിക്കുന്നു. അറുനൂറു കോടിയോടടുത്തുകൊണ്ടിരിക്കുന്ന ഭൂമിയിലെ ജനസംഖ്യ പ്രതിവർഷം 9 കോടിയിലധികമെന്ന തോതിൽ വർധനവു തുടരുന്നു, ഈ വർധനയിൽ 90 ശതമാനത്തിലധികവും വികസ്വരരാജ്യങ്ങളിലാണു നടക്കുന്നത്‌. നിരന്തരം പെരുകിവരുന്ന ഈ ജനസംഖ്യ, ഭക്ഷണത്തിന്റെയും പാർപ്പിടത്തിന്റെയും വ്യവസായത്തിന്റെയും ആവശ്യത്തെ വർധിപ്പിക്കുന്നു. വ്യവസായ മാലിന്യങ്ങളും ഇതര മാലിന്യങ്ങളും കര, വെളളം, വായു എന്നിവയ്‌ക്കു കൂടുതൽ വിനാശം വരുത്തുകയും ചെയ്യുന്നു.

5. ഭൂമിയിലെ സസ്യങ്ങൾക്ക്‌ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?

5 ലോക സൈനിക-സാമൂഹിക ചെലവുകൾ 1991 (World Military and Social Expenditures 1991) എന്ന പ്രസിദ്ധീകരണം ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “[ഗ്രേററ്‌ ബ്രിട്ടന്റെ] മൊത്തം ഉപരിതല വിസ്‌തീർണത്തിനു തുല്യമായ വനപ്രദേശം ഓരോ വർഷവും നശിപ്പിക്കപ്പെടുന്നു. (നശീകരണത്തിന്റെ) ഇപ്പോഴത്തെ നിരക്കനുസരിച്ച്‌ 2000 എന്ന വർഷമാകുമ്പോഴേക്ക്‌ ഉഷ്‌ണമേഖലാപ്രദേശത്തെ വനങ്ങളുടെ 65 ശതമാനവും നാം നീക്കം ചെയ്‌തിരിക്കും.” ഒരു യുഎൻ ഏജൻസി പറയുന്നതനുസരിച്ച്‌, ആ പ്രദേശങ്ങളിൽ ഒരു വൃക്ഷം നടുമ്പോൾ 10 വൃക്ഷങ്ങൾ വെട്ടിയിടപ്പെടുന്നു; ആഫ്രിക്കയിലെ അനുപാതം 1-ന്‌ 20 എന്ന കണക്കിലും കൂടുതലാണ്‌. അതുകൊണ്ടു മരുപ്രദേശങ്ങൾ വർധിക്കുന്നു, ഓരോ വർഷവും ബെൽജിയത്തിന്റെ വലിപ്പത്തോളം വരുന്ന സ്ഥലം കാർഷികോപയോഗത്തിനായി നഷ്ടമാകുന്നു.

6, 7. മാനുഷനേതാക്കൻമാർക്കു പരിഹരിക്കാൻ കഴിയാത്ത ചില പ്രശ്‌നങ്ങൾ ഏവ, അതുകൊണ്ട്‌ ഏതു ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കേണ്ടതുണ്ട്‌?

6 കൂടാതെ, ഈ ഇരുപതാം നൂററാണ്ടിൽ മാത്രം, കഴിഞ്ഞ നാലു നൂററാണ്ടുകളിൽ ഉണ്ടായിട്ടുളള മൊത്തം മരണങ്ങളുടെ നാലിരട്ടി മരണങ്ങൾ ഉണ്ടായിരിക്കുന്നു. എല്ലായിടത്തും കുററകൃത്യത്തിൽ ഒരു വർധനവുണ്ട്‌, വിശേഷാൽ അക്രമാസക്തമായ കുററകൃത്യത്തിൽ. കുടുംബത്തകർച്ചയും മയക്കുമരുന്നു ദുരുപയോഗവും എയ്‌ഡ്‌സും ലൈംഗികമായി പകരുന്ന രോഗങ്ങളും മററു പ്രതിലോമ ഘടകങ്ങളും ജീവിതത്തെ കൂടുതൽ ദുഷ്‌കരമാക്കുന്നു. മാനുഷകുടുംബത്തെ കാർന്നുതിന്നുന്ന അനവധി പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ ലോകനേതാക്കൻമാർക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ട്‌, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌? എന്ന്‌ ആളുകൾ ചോദിക്കുന്നത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതാണ്‌.

7 പണ്ഡിതൻമാരും മതനേതാക്കൻമാരും ആ ചോദ്യത്തെ എങ്ങനെയാണു കൈകാര്യം ചെയ്‌തിരിക്കുന്നത്‌? ഈ അനേക നൂററാണ്ടുകൾ നീണ്ട സമയത്തിനുശേഷവും, തൃപ്‌തികരമായ ഒരു ഉത്തരം അവർ നൽകിയിട്ടുണ്ടോ?

അവർ പറയുന്നത്‌

8, 9. (എ) ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച്‌ ഒരു ചൈനീസ്‌ പണ്ഡിതൻ എന്തു പറഞ്ഞു? (ബി) നാസി മരണപാളയത്തിലെ ഒരു അതിജീവകൻ എന്തു പ്രസ്‌താവിച്ചു?

8 കൺഫ്യൂഷ്യൻ പണ്ഡിതനായ ഡൂ വാമിംങ്‌ ഇപ്രകാരം പറഞ്ഞു: “ജീവന്റെ പരമമായ അർഥം നമ്മുടെ സാധാരണ മാനുഷാസ്‌തിത്വത്തിൽ തന്നെ കാണാം.” ഈ വീക്ഷണമനുസരിച്ച്‌, മനുഷ്യർ ജനിച്ചും നിലനിൽപ്പിനുവേണ്ടി മല്ലടിച്ചും മരിച്ചും തുടരും. അത്തരമൊരു വീക്ഷണത്തിൽ പ്രത്യാശയേയില്ല. അതു തികച്ചും സത്യമാണോ?

9 ഒന്നാം ലോകമഹായുദ്ധകാലത്തു നാസി മരണപാളയത്തെ അതിജീവിച്ച ഏലി വീസെൽ ഇപ്രകാരം പറഞ്ഞു: “ഒരു മനുഷ്യജീവി അഭിമുഖീകരിക്കേണ്ട അതിപ്രധാന ചോദ്യം ‘നാം എന്തുകൊണ്ട്‌ ഇവിടെ ആയിരിക്കുന്നു’ എന്നതാണ്‌. . . . ഞാൻ കണ്ടിരിക്കുന്ന നിരർഥകമായ മരണമുണ്ടെങ്കിൽപ്പോലും ജീവന്‌ അർഥമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.” എന്നാൽ ജീവന്റെ അർഥം എന്താണെന്നു പറയാൻ അയാൾക്കു കഴിഞ്ഞില്ല.

10, 11. (എ) മനുഷ്യർക്ക്‌ ഉത്തരങ്ങളില്ലെന്ന്‌ ഒരു പത്രാധിപർ എങ്ങനെ പ്രകടമാക്കി? (ബി) ഒരു പരിണാമശാസ്‌ത്രജ്ഞന്റെ വീക്ഷണം തൃപ്‌തികരമല്ലാത്തത്‌ എന്തുകൊണ്ട്‌?

10 പത്രാധിപനായ വർമാൻറ്‌ റോയ്‌സ്‌ററർ ഇങ്ങനെ പ്രസ്‌താവിച്ചു: “മനുഷ്യനെക്കുറിച്ചുതന്നെയും, . . . അഖിലാണ്ഡത്തിലെ അവന്റെ സ്ഥാനത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ, കാലം തുടങ്ങിയപ്പോഴത്തേതിനെക്കാൾ അൽപ്പംപോലും നാം മുന്നേറിയിട്ടില്ല. നാം ആരാണ്‌, നാം എന്തുകൊണ്ടാണ്‌ ഇവിടെ ആയിരിക്കുന്നത്‌, നാം എവിടേക്കു പോകുന്നു, തുടങ്ങിയ ചോദ്യങ്ങൾ നമ്മോടൊപ്പം ഇപ്പോഴും അവശേഷിക്കുന്നു.”

11 പരിണാമ ശാസ്‌ത്രജ്ഞനായ സ്‌ററീഫൻ ജെയ്‌ ഗൗൾഡ്‌ ഇപ്രകാരം കുറിക്കൊണ്ടു: “ഒരു ‘മികച്ച’ ഉത്തരം കിട്ടാൻ നാം അഭിലഷിച്ചേക്കാം—ഒന്നും നിലവിലില്ല.” അത്തരം പരിണാമവാദികൾക്ക്‌, ജീവിതം എന്നത്‌ ഏററവും യോഗ്യമായവയുടെ അതിജീവനത്തിനുവേണ്ടിയുളള ഒരു പോരാട്ടം മാത്രമാണ്‌, മരണം ഇതിനെയെല്ലാം അവസാനിപ്പിക്കുന്നു. ആ വീക്ഷണത്തിലും ഒരു പ്രത്യാശയുമില്ല. വീണ്ടും, അതു സത്യമാണോ?

12, 13. സഭാ മേലദ്ധ്യക്ഷൻമാരുടെ വീക്ഷണങ്ങൾ എന്തെല്ലാമാണ്‌, മതേതര നിരീക്ഷകരുടെ വീക്ഷണങ്ങളെക്കാൾ അവ തൃപ്‌തികരമാണോ?

12 മരണത്തിങ്കൽ ഒരു വ്യക്തിയുടെ ദേഹി സ്വർഗത്തിലേക്കു പോയി അവിടെ നിത്യത ചെലവഴിക്കാനാകുമാറ്‌ ഒരു നല്ല ജീവിതം നയിക്കുകയാണു ജീവിതത്തിന്റെ ഉദ്ദേശ്യം എന്നു പല മതനേതാക്കൻമാരും പറയുന്നു. ചീത്തയാളുകൾക്കു ലഭിക്കുന്ന പ്രതിഫലം അഗ്നിനരകത്തിലെ നിത്യദണ്ഡനമാണ്‌. എന്നുവരികിലും, ഈ വിശ്വാസം അനുസരിച്ച്‌, ചരിത്രത്തിലുടനീളം നിലനിന്നുപോന്നിട്ടുളള അതൃപ്‌തികരമായ അതേ അസ്‌തിത്വം തന്നെയായിരിക്കും ഭൂമിയിൽ തുടർന്നുമുണ്ടായിരിക്കുക. എന്നാൽ, ആളുകൾ ദൂതൻമാരെപ്പോലെ സ്വർഗത്തിൽ ജീവിക്കുക എന്നതു ദൈവോദ്ദേശ്യമായിരുന്നെങ്കിൽ അവിടുന്നു ദൂതൻമാരെ സൃഷ്ടിച്ചതുപോലെ ആദ്യംതന്നെ അവരെ ആ വിധത്തിൽ എന്തുകൊണ്ടു സൃഷ്ടിച്ചില്ല?

13 അത്തരം വീക്ഷണങ്ങളോടു യോജിക്കാൻ പുരോഹിതൻമാർക്കുപോലും വിഷമമുണ്ട്‌. ലണ്ടനിലെ സെൻറ്‌ പോൾസ്‌ കത്തീഡ്രലിന്റെ ഡീനും ദൈവശാസ്‌ത്രത്തിൽ ഡോക്ടറേററ്‌ നേടിയ ആളുമായ ഡബ്ലിയു. ആർ. ഇംഗെ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “ജീവിച്ചിരിക്കുന്നതിന്റെ അർഥം കണ്ടെത്താൻ ഞാൻ എന്റെ ജീവിതകാലം മുഴുവൻ പാടുപെട്ടിരിക്കുന്നു. അടിസ്ഥാനപരമെന്ന്‌ എനിക്കു തോന്നിയ മൂന്നു പ്രശ്‌നങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ഞാൻ ശ്രമിച്ചുനോക്കി: നിത്യത സംബന്ധിച്ച പ്രശ്‌നം; മനുഷ്യവ്യക്തിത്വം സംബന്ധിച്ച പ്രശ്‌നം; കൂടാതെ ദുഷ്ടത സംബന്ധിച്ച പ്രശ്‌നവും. ഞാൻ പരാജയപ്പെട്ടിരിക്കുന്നു. അവയിലൊന്നിന്റെയും പൊരുൾ എനിക്കു പിടികിട്ടിയില്ല.”

ഫലം

14, 15. പരസ്‌പരവിരുദ്ധമായ ആശയങ്ങൾ അനേകമാളുകളുടെമേൽ എന്തു ഫലം ഉളവാക്കിയിരിക്കുന്നു?

14 ജീവിതോദ്ദേശ്യത്തെക്കുറിച്ചുളള ചോദ്യം സംബന്ധിച്ചു പണ്ഡിതൻമാരും മതനേതാക്കൻമാരും നിരത്തുന്ന ഇത്രയധികം വ്യത്യസ്‌ത ആശയങ്ങളുടെ ഫലം എന്താണ്‌? “എന്റെ ജീവിതത്തിൽ ഏറിയ കാലവും ഞാൻ ഇവിടെ ആയിരിക്കുന്നത്‌ എന്തുകൊണ്ടെന്നു ഞാൻ ചോദിച്ചുകൊണ്ടാണിരുന്നിട്ടുളളത്‌. ഒരു ഉദ്ദേശ്യമുണ്ടെങ്കിൽത്തന്നെ ഞാൻ മേലാലൊട്ടു കാര്യമാക്കുന്നുമില്ല” എന്നു പറഞ്ഞ ഒരു വൃദ്ധനെപ്പോലെ അനേകരും പ്രതികരിക്കുന്നു.

15 ലോകമതങ്ങളുടെയിടയിലുളള വീക്ഷണങ്ങളുടെ പെരുപ്പം നിരീക്ഷിക്കുന്ന അനവധിപേർ, ഒരുവൻ എന്തു വിശ്വസിക്കുന്നു എന്നതിൽ കാര്യമില്ല എന്നു നിഗമനം ചെയ്യുന്നു. മതം ഒരുവനു ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടുന്നതിന്‌ അല്‌പം മനസമാധാനവും ആശ്വാസവും പ്രദാനം ചെയ്യുന്ന എന്തോ ആണെന്ന്‌, മനസ്സിനുവേണ്ടിയുളള ആശ്വാസോപാധി മാത്രമാണെന്ന്‌ അവർ വിചാരിക്കുന്നു. മതം കേവലം അന്ധവിശ്വാസത്തിൽ കവിഞ്ഞുളള ഒന്നുമല്ല എന്നു മററുചിലർ വിചാരിക്കുന്നു. നൂററാണ്ടുകളിലെ മതപരമായ ഊഹാപോഹം, ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുളള ചോദ്യത്തിന്‌ ഉത്തരം നൽകുകയാകട്ടെ സാമാന്യജനത്തിന്റെ ജീവിതത്തെ മെച്ചപ്പെടുത്തുകയാകട്ടെ ചെയ്‌തിട്ടില്ല എന്ന്‌ അവർ വിചാരിക്കുന്നു. തീർച്ചയായും, ലോകത്തിലെ മതങ്ങൾ മനുഷ്യവർഗത്തിന്റെ പുരോഗതി തടസ്സപ്പെടുത്തുകയും വിദ്വേഷത്തിന്റെയും യുദ്ധങ്ങളുടെയും മൂലകാരണമായിത്തീരുകയും ചെയ്‌തിട്ടുണ്ടെന്നു ചരിത്രം പ്രകടമാക്കുന്നു.

16. ജീവന്റെ ഉദ്ദേശ്യം കണ്ടെത്തുന്നത്‌ എത്ര പ്രധാനമായിരിക്കാൻ കഴിയും?

16 എന്നാൽ ജീവിതോദ്ദേശ്യം സംബന്ധിച്ച സത്യം കണ്ടുപിടിക്കുന്നത്‌ അത്ര പ്രധാനമാണോ? മാനസികാരോഗ്യ വിദഗ്‌ദ്ധനായ വിക്ടർ ഫ്രാംഗൽ ഇപ്രകാരം ഉത്തരം നൽകി: “ഒരുവന്റെ ജീവിതത്തിൽ അർഥം കണ്ടെത്താനുളള ശ്രമമാണ്‌ മനുഷ്യനിലെ പ്രാഥമിക പ്രേരകശക്തി. . . . ഏററവും പ്രതികൂലമായ അവസ്ഥകളെപ്പോലും അതിജീവിക്കാൻ, ഒരുവന്റെ ജീവിതത്തിൽ അർഥമുണ്ടെന്ന അറിവുപോലെ ഫലപ്രദമായി ഒരുവനെ സഹായിക്കുന്ന യാതൊന്നും ലോകത്തിലില്ലെന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നു.”

17. ഇപ്പോൾ നാം ഏതു ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യമുണ്ട്‌?

17 ജീവന്റെ ഉദ്ദേശ്യം എന്താണെന്നു മാനുഷതത്ത്വശാസ്‌ത്രവും മതങ്ങളും തൃപ്‌തികരമായി വിശദീകരിച്ചിട്ടില്ലാത്തതിനാൽ, അതെന്താണെന്നു കണ്ടെത്താൻ നമുക്ക്‌ എവിടെ പോകാൻ കഴിയും? ഈ സംഗതി സംബന്ധിച്ചു നമ്മോടു സത്യാവസ്ഥ പറയാൻ കഴിയുന്ന ഉത്‌ക്കൃഷ്ട ജ്ഞാനത്തിന്റെ ഒരു ഉറവിടം ഉണ്ടോ?

മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാതിരുന്നാൽ, തിരുവെഴുത്ത്‌ ഉദ്ധരണികൾ ‘സത്യവേദപുസ്‌തക’ത്തിൽ നിന്നാണ്‌. NW വരുന്നിടത്തു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ ഇംഗ്ലീഷിൽ ആധുനിക ഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—പരാമർശങ്ങളോടുകൂടിയതിൽ നിന്നാണ്‌

[അധ്യയന ചോദ്യങ്ങൾ]

[4-ാം പേജിലെ ചിത്രം]

“[ഗ്രേററ്‌ ബ്രിട്ടന്റെ] മൊത്തം ഉപരിതല വിസ്‌തീർണത്തിനു തുല്യമായ വനപ്രദേശം ഓരോ വർഷവും നശിപ്പിക്കപ്പെടുന്നു”

[5-ാം പേജിലെ ചിത്രം]

“എന്റെ ജീവിതത്തിൽ ഏറിയ കാലവും ഞാൻ ഇവിടെ ആയിരിക്കുന്നത്‌ എന്തുകൊണ്ടെന്നു ഞാൻ ചോദിച്ചുകൊണ്ടാണിരുന്നിട്ടുളളത്‌”