ദൈവോദ്ദേശ്യം പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും
ഭാഗം 7
ദൈവോദ്ദേശ്യം പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും
1, 2. ദുഷ്ടതയും ദുരിതവും അവസാനിപ്പിക്കാൻ ദൈവം പെട്ടെന്നുതന്നെ നടപടിയെടുക്കും എന്നു ഉറപ്പുളളവരായിരിക്കാൻ നമുക്കു കഴിയുന്നത് എന്തുകൊണ്ട്?
1 മാനുഷനിലപാടിൽനിന്നു നോക്കുമ്പോൾ ദീർഘകാലമായി ദൈവം അപൂർണതയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നെങ്കിലും, മോശമായ അവസ്ഥകൾ അനിശ്ചിതമായി നീണ്ടുപോകാൻ അവിടുന്ന് അനുവദിക്കുകയില്ല. ഈ കാര്യങ്ങൾ സംഭവിക്കാൻ അനുവദിച്ചിരിക്കുന്നതിനു ദൈവത്തിന് ഒരു നിശ്ചിത സമയപരിധി ഉണ്ടെന്നു ബൈബിൾ നമ്മോടു പറയുന്നു.
2 “സർവകാര്യത്തിനും ഒരു നിയമിത സമയം ഉണ്ട്.” (സഭാപ്രസംഗി 3:1, NW) ദുഷ്ടതക്കും ദുരിതത്തിനും അനുവദിക്കപ്പെട്ടിട്ടുളള ദൈവത്തിന്റെ നിയുക്ത സമയം അതിന്റെ സമാപനത്തിലേക്കു വരുമ്പോൾ, അവിടുന്നു മാനുഷ കാര്യങ്ങളിൽ ഇടപെടും. അവിടുന്നു ദുഷ്ടതക്കും ദുരിതത്തിനും അറുതി വരുത്തുകയും, പറുദീസാ അവസ്ഥകളിൽമധ്യേ സമ്പൂർണ സമാധാനവും സാമ്പത്തിക ഭദ്രതയും ആസ്വദിക്കുന്ന പൂർണതയുളള ഒരു സന്തുഷ്ട മാനുഷകുടുംബത്തെക്കൊണ്ടു ഭൂമിയെ നിറക്കുകയെന്ന തന്റെ ആദിമോദ്ദേശ്യം നിവർത്തിക്കുകയും ചെയ്യും.
ദൈവത്തിന്റെ ന്യായവിധികൾ
3, 4. ദൈവത്തിന്റെ ഇടപെടലിന്റെ ഫലങ്ങളെ സദൃശവാക്യങ്ങൾ എന്ന പുസ്‌തകം എപ്രകാരം വർണിക്കുന്നു?
3 ദൈവത്തിന്റെ ഇടപെടൽ, അതായത്, അവിടുത്തെ ന്യായവിധികളുടെ ഫലങ്ങൾ, പെട്ടെന്നുതന്നെ മാനുഷകുടുംബത്തിന് എന്തർഥമാക്കുമെന്നു പ്രസ്‌താവിക്കുന്ന ധാരാളം ബൈബിൾ പ്രവചനങ്ങളിൽ ചിലതു ശ്രദ്ധിക്കുക:
4 “നേരുളളവർ ദേശത്തു വസിക്കും; നിഷ്‌കളങ്കൻമാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടൻമാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”—സദൃശവാക്യങ്ങൾ 2:21, 22.
5, 6. ദൈവം ഇടപെടുമ്പോൾ എന്തു സംഭവിക്കും എന്നു സങ്കീർത്തനം 37 എങ്ങനെ പ്രകടമാക്കുന്നു?
5 “ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുളളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:9-11.
6 “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടൻമാർ ഛേദിക്കപ്പെടുന്നതു നീ കാണും. നിഷ്‌കളങ്കനെ കുറിക്കൊളളുക; നേരുളളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും [“എന്തെന്നാൽ ആ മമനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും,” NW]. എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടൻമാരുടെ സന്താനം ഛേദിക്കപ്പെടും [“ദുഷ്ടൻമാരുടെ ഭാവി നിശ്ചയമായും ഛേദിക്കപ്പെടും,” NW].”—സങ്കീർത്തനം 37:34, 37, 38.
7. ദൈവവചനം നമുക്ക് എന്തു നല്ല ബുദ്ധ്യുപദേശം നൽകുന്നു?
7 അതുകൊണ്ട്, നമ്മെ ഭരിക്കാനുളള സർവശക്തനായ സ്രഷ്ടാവിന്റെ അവകാശത്തെ അംഗീകരിക്കുന്നവർക്കു വരാനിരിക്കുന്ന വിസ്‌മയകരമായ ഒരു ഭാവിയുടെ കാഴ്‌ചപ്പാടിൽ, നാം ഇപ്രകാരം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു: “നിന്റെ ഹൃദയം എന്റെ കല്‌പനകളെ കാത്തുകൊളളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.” വാസ്‌തവത്തിൽ, ദൈവേഷ്ടം ചെയ്യാൻ തീരുമാനിക്കുന്നവർക്കു നിത്യജീവൻ നൽകപ്പെടും! അതുകൊണ്ടു ദൈവവചനം നമ്മോട് ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:1, 2, 5, 6.
സ്വർഗത്തിൽനിന്നുളള ദൈവഭരണം
8, 9. എന്തു മുഖാന്തരം ദൈവം ഈ ഭൂമിയെ ശുദ്ധീകരിക്കും?
8 മനുഷ്യവർഗത്തിന് എക്കാലത്തും ലഭിക്കാവുന്നതിൽ വച്ച് ഏററവും മികച്ച ഗവൺമെൻറ് മുഖാന്തരം ഭൂമിയുടെ ശുദ്ധീകരണം ദൈവം പൂർത്തിയാക്കും. അതു സ്വർഗീയ ജ്ഞാനം പ്രതിഫലിപ്പിക്കുന്ന ഒരു ഗവൺമെൻറാണ്, എന്തെന്നാൽ ദൈവത്തിന്റെ നിർദേശത്തിൻകീഴിൽ അതു സ്വർഗത്തിൽനിന്നു ഭരണം നടത്തുന്നു. ആ സ്വർഗീയരാജ്യം ഭൂമിയിൽനിന്നു സകലതരം മാനുഷഭരണത്തെയും നീക്കം ചെയ്യും. ദൈവത്തിൽനിന്നു സ്വതന്ത്രമായി ഭരണം നടത്തി പരീക്ഷിച്ചു നോക്കാനുളള ഒരു അവസരം മനുഷ്യർക്കു വീണ്ടുമൊരിക്കലും ഉണ്ടായിരിക്കുകയില്ല.
9 ഇതിനോടുളള ബന്ധത്തിൽ ദാനീയേൽ 2:44-ലെ പ്രവചനം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ഈ രാജാക്കൻമാരുടെ [ഇപ്പോഴത്തെ ഗവൺമെൻറുകൾ] കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം [സ്വർഗ്ഗത്തിൽ] സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല [ദൈവത്തിൽനിന്നു സ്വതന്ത്രമായി ഭരണം നടത്താൻ മനുഷ്യർ മേലാൽ അനുവദിക്കപ്പെടുകയില്ല]; അതു [ഇപ്പോൾ നിലനിൽക്കുന്ന] ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”—വെളിപ്പാടു 19:11-21; 20:4-6 കൂടെ കാണുക.
10. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൻകീഴിൽ ഭരണത്തിലെ അഴിമതി ഒരിക്കലും ഉണ്ടായിരിക്കില്ല എന്നു നമുക്ക് ഉറപ്പുളളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
10 മേലാൽ മനുഷ്യവർഗത്തിനു ദുഷിച്ചതരം ഗവൺമെൻറുകൾ ഉണ്ടായിരിക്കയില്ല, എന്തെന്നാൽ ദൈവം ഈ വ്യവസ്ഥിതിയെ അവസാനിപ്പിച്ചശേഷം, ദൈവത്തിൽനിന്നു സ്വതന്ത്രമായ മാനുഷഭരണം വീണ്ടുമൊരിക്കലും നിലവിലുണ്ടായിരിക്കയില്ല. സ്വർഗത്തിൽനിന്നു ഭരണം നടത്തുന്ന രാജ്യത്തിന്റെ ഉപജ്ഞാതാവും രക്ഷാധികാരിയും ദൈവമായിരിക്കുന്നതുകൊണ്ട് അതു ദുഷിക്കപ്പെടുകയില്ല. പകരം, മാനുഷപ്രജകളുടെ ഏററവും ഉത്തമ താത്‌പര്യങ്ങൾക്കായി അതു പ്രവർത്തിക്കും. അപ്പോൾ സ്വർഗത്തിലേപ്പോലെ ഭൂമിയിലെല്ലായിടവും ദൈവേഷ്ടം ചെയ്യപ്പെടാൻ പോകുകയാണ്. അതുകൊണ്ടാണ് “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും ആകേണമേ” എന്നു ദൈവത്തോടു പ്രാർഥിക്കാൻ യേശുവിനു തന്റെ ശിഷ്യൻമാരെ പഠിപ്പിക്കാൻ കഴിഞ്ഞത്.—മത്തായി 6:10.
നാം എത്ര സമീപം?
11. ഈ വ്യവസ്ഥിതിയുടെ അന്തത്തോടു നാം എത്ര അടുത്താണെന്നു നിശ്ചയിക്കാൻ സഹായിക്കുന്ന പ്രവചനങ്ങൾ ബൈബിളിൽ നാം എവിടെ കണ്ടെത്തുന്നു?
11 അതൃപ്‌തികരമായ ഈ വ്യവസ്ഥിതിയുടെ അവസാനത്തോടും ദൈവത്തിന്റെ പുതിയ ലോകത്തിന്റെ ആരംഭത്തോടും നാം എത്ര അടുത്താണു നിലകൊളളുന്നത്? ബൈബിൾ പ്രവചനം നമുക്കു വ്യക്തമായി ഉത്തരം നൽകുന്നു. ഉദാഹരണത്തിന്, “ലോകാവസാനം” എന്നു ബൈബിൾ വിളിക്കുന്നതിനോടുളള ബന്ധത്തിൽ നമ്മുടെ സ്ഥാനം നമുക്കു നിശ്ചയിക്കാൻ കഴിയേണ്ടതിന് എന്തു നോക്കിക്കൊളളണം എന്നു യേശുതന്നെ മുൻകൂട്ടിപ്പറഞ്ഞു. മത്തായി 24-ഉം 25-ഉം, മർക്കൊസ് 13-ഉം, ലൂക്കൊസ് 21-ഉം അധ്യായങ്ങളിൽ ഇതു രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ, 2 തിമൊഥെയൊസ് 3-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ “അന്ത്യകാലം” എന്നു വിളിക്കപ്പെടുന്ന ഒരു കാലഘട്ടം ഉണ്ടായിരിക്കും എന്ന് അപ്പോസ്‌തലനായ പൗലോസും മുൻകൂട്ടിപ്പറഞ്ഞു, അപ്പോൾ കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്നു കൂടുതലായി സ്ഥിരീകരിക്കുന്ന വ്യത്യസ്‌ത സംഭവങ്ങൾ ഉണ്ടായിരിക്കും.
12, 13. അന്ത്യകാലത്തെക്കുറിച്ചു യേശുവും പൗലോസും എന്തു പറഞ്ഞു?
12 ആ കാലയളവ് ഈ സംഭവങ്ങളോടെ തുടങ്ങുമെന്നു യേശു പറഞ്ഞു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.” (മത്തായി 24:7) “മഹാവ്യാധികളും അവിടവിടെ” ഉണ്ടായിരിക്കുമെന്നു യേശു പരാമർശിച്ചതായി ലൂക്കൊസ് 21:11 പ്രകടമാക്കുന്നു. ‘അധർമത്തിന്റെ വർധനവിനെ’ക്കുറിച്ചും അവിടുന്നു മുന്നറിയിപ്പു നൽകി.—മത്തായി 24:12, NW.
13 അപ്പോസ്‌തലനായ പൗലോസ് ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകൻമാരും അമ്മയപ്പൻമാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയൻമാരും ഉഗ്രൻമാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. . . . ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.”—2 തിമൊഥെയൊസ് 3:1-5, 13.
14, 15. നാം അന്ത്യനാളുകളിലാണെന്ന് 20-ാം നൂററാണ്ടിലെ സംഭവങ്ങൾ എപ്രകാരം സ്ഥിരീകരിക്കുന്നു?
14 യേശുവും പൗലോസും മുൻകൂട്ടിപ്പറഞ്ഞ ആ കാര്യങ്ങൾ നമ്മുടെ കാലത്തു സംഭവിച്ചിട്ടുണ്ടോ? ഉവ്വ്, അവ നിശ്ചയമായും സംഭവിച്ചിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധം നാളന്നുവരെ ഉണ്ടായിട്ടുളള ഏററവും മോശമായ യുദ്ധമായിരുന്നു. അതു ഒന്നാമത്തെ ലോകയുദ്ധവും ആധുനിക ചരിത്രത്തിലെ ഒരു വഴിത്തിരിവും ആയിരുന്നു. ആ യുദ്ധത്തോടൊപ്പം ഭക്ഷ്യക്ഷാമവും പകർച്ചവ്യാധികളും മററു വിപത്തുകളും പൊട്ടിപ്പുറപ്പെട്ടു. യേശു പറഞ്ഞതുപോലെ 1914മുതലുളള ആ സംഭവങ്ങളായിരുന്നു “കഠോര വേദനകളുടെ ഒരു തുടക്കം.” (മത്തായി 24:8, NW) ദൈവം ദുഷ്ടതയും ദുരിതവും അനുവദിക്കുന്ന അവസാനത്തെ തലമുറയുടെ ആരംഭത്തിന്, “അന്ത്യകാലം” എന്നു വിളിക്കപ്പെടുന്ന മുൻകൂട്ടിപ്പറയപ്പെട്ട കാലയളവിന് അവ തുടക്കമിട്ടു.
15 ഇരുപതാം നൂററാണ്ടിലെ സംഭവങ്ങളുമായി നിങ്ങൾക്കു പരിചയം ഉണ്ടായിരിക്കാനിടയുണ്ട്. ആവിർഭവിച്ചിരിക്കുന്ന താറുമാറായ അവസ്ഥ നിങ്ങൾക്കറിയാം. യുദ്ധങ്ങളിൽ ഏതാണ്ട് 10 കോടിയോളം ആളുകൾ കൊല്ലപ്പെട്ടിരിക്കുന്നു. കോടിക്കണക്കിനു മററുളളവർ വിശപ്പും ദാരിദ്ര്യവും നിമിത്തം മരിച്ചിട്ടുണ്ട്. ഭൂകമ്പങ്ങൾ അസംഖ്യം ജീവനെ അപഹരിച്ചിട്ടുണ്ട്. ജീവനോടും സ്വത്തിനോടുമുളള അനാദരവു വളർന്നുവരുന്നു. കുററകൃത്യത്തെക്കുറിച്ചുളള ഭയം അനുദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. ധാർമിക നിലവാരങ്ങൾ അവഗണിക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യാ സ്‌ഫോടനം പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ വരുത്തിവെക്കുന്നു. മലിനീകരണം ജീവിതത്തിന്റെ മേൻമയെ നശിപ്പിക്കുകയും അതിനെ അപകടപ്പെടുത്തുകപോലും ചെയ്യുന്നു. സത്യമായും, 1914മുതൽ നാം അന്ത്യനാളുകളിലാണ്, നമ്മുടെ കാലം ഉൾപ്പെട്ട ബൈബിൾ പ്രവചനങ്ങളുടെ മൂർദ്ധന്യത്തോടു നാം അടുത്തുകൊണ്ടിരിക്കുകയാണ്.
16. അന്ത്യനാളുകൾ എത്ര ദീർഘമായ ഒരു കാലയളവിനെ ഉൾക്കൊളളുന്നു?
16 ഈ അന്ത്യനാളുകൾ എത്ര ദീർഘമായ ഒരു കാലയളവായിരിക്കും? ആയിരത്തിത്തൊളളായിരത്തിപതിനാലുമുതൽ ഇങ്ങോട്ടുളള “കഠോര വേദനകളുടെ തുടക്കം” അനുഭവിക്കുന്ന ഒരു കാലഘട്ടത്തെക്കുറിച്ചു യേശു ഇങ്ങനെ പറഞ്ഞു: “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല.” (മത്തായി 24:8 NW, 34-36) അതുകൊണ്ട് അന്ത്യനാളുകളുടെ എല്ലാ സവിശേഷതകളും ഒരു തലമുറയുടെ, 1914-ലെ തലമുറയുടെ, ജീവിതകാലത്തിനുളളിൽ സംഭവിക്കണം. അതുകൊണ്ട് 1914-ൽ ജീവനോടിരുന്ന ചിലർ ഈ വ്യവസ്ഥിതി അതിന്റെ അന്തത്തിലെത്തുമ്പോഴും ജീവനോടെ ശേഷിച്ചിരിക്കും. ആ തലമുറയിൽപ്പെട്ട ആളുകൾക്ക് ഇപ്പോൾ വളരെ പ്രായമുണ്ട്, ദൈവം ഇപ്പോഴത്തെ വ്യവസ്ഥിതിയെ അന്തത്തിലേക്കു വരുത്തുന്നതിന് ഇനി അധികസമയം അവശേഷിച്ചിട്ടില്ല എന്ന് അതു സൂചിപ്പിക്കുന്നു.
17, 18. നാം ഈ ലോകത്തിന്റെ അന്തത്തോടു വളരെയധികം അടുത്താണെന്ന് ഏതു പ്രവചനം പ്രകടമാക്കുന്നു?
17 ഈ വ്യവസ്ഥിതിയുടെ അവസാനം വളരെ ആസന്നമാണെന്നു കാണിക്കുന്ന മറെറാരു പ്രവചനം അപ്പോസ്‌തലനായ പൗലോസ് നൽകിയതാണ്, അദ്ദേഹം ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “കളളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ . . . അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും: അവർക്കു തെററിയൊഴിയാവതുമല്ല.”—1 തെസ്സലൊനീക്യർ 5:2, 3; കൂടാതെ ലൂക്കൊസ് 21:34, 35-ഉം കാണുക.
18 ഇന്നു ശീതസമരം അവസാനിച്ചിരിക്കുന്നു, അന്തർദ്ദേശീയ യുദ്ധം മേലാൽ ഒരു പ്രമുഖ ഭീഷണിയല്ല. അതുകൊണ്ട്, തങ്ങൾ ഒരു നൂതന ലോകക്രമത്തോടു വളരെയധികം അടുത്താണെന്നു രാഷ്‌ട്രങ്ങൾ വിചാരിച്ചേക്കാം. എന്നാൽ തങ്ങളുടെ ശ്രമങ്ങൾ വിജയിക്കുകയാണെന്ന് അവർ വിചാരിക്കുമ്പോൾ അവർ ചിന്തിക്കുന്നതിനു വിരുദ്ധമായതു വന്നുഭവിക്കും, ദൈവത്താലുളള ഈ വ്യവസ്ഥിതിയുടെ നാശം ആസന്നമാണെന്നുളളതിന്റെ അന്തിമ സൂചന അതായിരിക്കും. രാഷ്‌ട്രീയ കൂടിയാലോചനകളും ഉടമ്പടികളും ആളുകളിൽ യഥാർഥ മാററങ്ങൾ വരുത്തുന്നില്ലെന്ന് ഓർക്കുക. അവ ആളുകളെ പരസ്‌പരം സ്‌നേഹിക്കുന്നവരാക്കുന്നില്ല. ലോകനേതാക്കൾ കുററകൃത്യത്തിന് അറുതി വരുത്തുകയോ രോഗത്തെയോ മരണത്തെയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു മമനുഷ്യന്റെ സമാധാനവും സുരക്ഷിതത്വവും സംബന്ധിച്ച മുന്നേററങ്ങളിൽ നിങ്ങളുടെ ആശ്രയം വയ്‌ക്കരുത്, ഈ ലോകം അതിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുടങ്ങുകയാണെന്നു വിചാരിക്കയുമരുത്. (സങ്കീർത്തനം 146:3) സമാധാന ഭദ്രതയുടെ അത്തരം ഒരു ആർപ്പുവിളി ലോകം അതിന്റെ അന്തത്തോടു വളരെ അടുത്താണെന്ന് അർഥമാക്കും.
സുവാർത്താപ്രസംഗം
19, 20. അന്ത്യനാളുകളിലെ പ്രസംഗപ്രവർത്തനം ഉൾപ്പെടുന്ന ഏതു പ്രവചനം നിവൃത്തിയാകുന്നതു നാം കാണുന്നു?
19 ആയിരത്തിത്തൊളളായിരത്തിപതിനാലുമുതൽ നാം അന്ത്യനാളുകളിലാണെന്നു കാണിക്കുന്ന മറെറാരു പ്രവചനം യേശു നൽകിയതാണ്: “സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.” (മർക്കൊസ് 13:10) അല്ലെങ്കിൽ മത്തായി 24:14 പറയുന്നതനുസരിച്ച്: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”
20 ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഇന്ന്, ഈ ലോകത്തിന്റെ അവസാനത്തെയും സമീപിച്ചിരിക്കുന്ന ദൈവരാജ്യത്തിൻകീഴിലെ പുതിയലോക പറുദീസയെയും കുറിച്ചുളള സുവാർത്ത മുഴുഭൂമിയിലും പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആരാൽ? ലക്ഷക്കണക്കിനു വരുന്ന യഹോവയുടെ സാക്ഷികളാൽ. ഭൂമിയിലെ എല്ലാ രാജ്യത്തും അവർ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്.
21, 22. യഥാർഥ ക്രിസ്‌ത്യാനികളായി യഹോവയുടെ സാക്ഷികളെ വിശേഷാൽ എന്തു തിരിച്ചറിയിക്കുന്നു?
21 ദൈവരാജ്യത്തെക്കുറിച്ചുളള അവരുടെ പ്രസംഗത്തെക്കൂടാതെ, ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികൾ എന്നനിലയിൽ അവരെ തിരിച്ചറിയിക്കുന്ന രീതിയിൽ യഹോവയുടെ സാക്ഷികൾ പെരുമാറുകയും ചെയ്യുന്നു, എന്തെന്നാൽ യേശു ഇപ്രകാരം പ്രസ്‌താവിച്ചു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.” അതുകൊണ്ടു യഹോവയുടെ സാക്ഷികൾ സ്‌നേഹത്തിന്റെ തകർക്കാനാവാത്ത ബന്ധത്താൽ ഒരു ആഗോള സാഹോദര്യത്തിൽ ഏകീകൃതരാണ്.—യോഹന്നാൻ 13:35; കൂടാതെ യെശയ്യാവു 2:2-4; കൊലൊസ്സ്യർ 3:14; യോഹന്നാൻ 15:12-14; 1 യോഹന്നാൻ 3:10-12; 4:20, 21; വെളിപ്പാടു 7:9, 10 എന്നിവയും കാണുക.
22 “ദൈവം പക്ഷപാതിത്വമുളളവനല്ല, എന്നാൽ എല്ലാ ജനതയിലും തന്നെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവിടുത്തേക്കു സ്വീകാര്യനാണ്” എന്നു ബൈബിൾ പറയുന്നതു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. (പ്രവൃത്തികൾ 10:34, 35, NW) വർഗമോ നിറമോ ഗണ്യമാക്കാതെ സകല രാജ്യങ്ങളിലുമുളള തങ്ങളുടെ സഹസാക്ഷികളെ ആത്മീയ സഹോദരീസഹോദരൻമാരായി അവർ വീക്ഷിക്കുന്നു. (മത്തായി 23:8) ലോകത്തിൽ ഇന്ന് അത്തരം ഒരു സാഹോദര്യം തീർച്ചയായും നിലനിൽക്കുന്നു എന്ന വസ്‌തുത ദൈവോദ്ദേശ്യം പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും എന്നതിന്റെ കൂടുതലായ ഒരു തെളിവാണ്.
[അധ്യയന ചോദ്യങ്ങൾ]
[26-ാം പേജിലെ ചിത്രം]
പുതിയ ലോകത്തിലെ മനുഷ്യവർഗത്തിന്റെ ഏക ഭരണാധിപത്യം ദൈവത്തിന്റെ പൂർണതയുളള സ്വർഗീയ രാജ്യമായിരിക്കും