ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു!
ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു!
1. വളരെയധികമാളുകൾ ജീവിതത്തിൽ അശേഷം ആസ്വാദനം കണ്ടെത്താത്തതെന്തുകൊണ്ട്? (സഭാപ്രസംഗി 1:14, 15; 2:17, 18)
ഐശ്വര്യം, സമാധാനം, നല്ലജീവിതം! ഇവ എത്ര അഭിലഷണീയമാണ്! എന്നാൽ നിങ്ങൾ നിങ്ങളുടെ നാളുകൾ എങ്ങനെ കഴിച്ചുകൂട്ടുന്നു? കുടുംബങ്ങളെ പോററുന്ന പുരുഷൻമാർ മിക്കപ്പോഴും തങ്ങൾ ആസ്വദിക്കാത്ത ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. നിരന്തരം തൊഴിലില്ലായ്‌മയുടെ ഭീഷണിയെ അഭിമുഖീകരിക്കുന്നവർ ചുരുക്കമല്ല. അനേകം വീട്ടമ്മമാർക്ക് കഠിനജോലിയുടെ നീണ്ട ദിനങ്ങളാണുളളത്. അനുദിനം ആശ്വാസം അശേഷമില്ല, വലിയ സംതൃപ്‌തിയുമില്ല. നിരവധി യുവജനങ്ങൾ സമാനമായ ജീവിതപ്രതീക്ഷയോടെയാണ് വളർന്നുവരുന്നത്. ജീവിതം തങ്ങളോടു കൂടുതൽ ദയാപൂർവ്വമാണ് പെരുമാറിയിട്ടുളളതെന്ന് വിചാരിക്കുന്ന ചുരുക്കം ചിലർക്കുപോലും ഭാവി അനിശ്ചിതത്വത്താൽ ഇരുളടഞ്ഞതാണ്.
2. മനുഷ്യവർഗ്ഗത്തിന്റെ ഭാവി എങ്ങനെ കാണപ്പെടുന്നു? (യെശയ്യാവ് 60:2)
2 യഥാർത്ഥത്തിൽ ഇതുമാത്രമാണോ ജീവിതത്തിനുളളത്? ലോകത്തിൽ എവിടെ നോക്കിയാലും വ്യവസ്ഥിതി ഗുരുതരമായി രോഗബാധിതമാണെന്ന് തോന്നുന്നു. അതിന് അതിന്റെ ഊർജ്ജ പ്രതിസന്ധിയും കുതിച്ചുയരുന്ന നാണ്യപ്പെരുപ്പവും, ഭക്ഷ്യക്ഷാമവും, പരിസരമലിനീകരണവും, വിപ്‌ളവങ്ങളും, ശീതസമരങ്ങളും, ഉഷ്‌ണസമരങ്ങളും, ന്യൂക്‌ളിയർ ആയുധങ്ങളുടെ ശേഖരണവും, വർഗ്ഗീയപ്രശ്‌നങ്ങളും, മനുഷ്യവർഗ്ഗസമൂഹങ്ങളുടെ ഇടയിൽ അലതല്ലുന്ന അസംതൃപ്‌തിയും ഉണ്ട്. മാനുഷജീവനും നിലനിൽപ്പിനും ഭീഷണിയായിരിക്കുന്ന പ്രശ്‌നങ്ങളിൽനിന്നു ഭൂമിയുടെ യാതൊരു ഭാഗവും വിമുക്തമല്ല.
3. നാം ഭാവിയെക്കുറിച്ച് ചിന്തയുളളവരായിരിക്കേണ്ടതെന്തുകൊണ്ട്? (വെളിപ്പാട് 3:10)
3 ‘എന്നെ സ്‌പർശിക്കാത്തടത്തോളംകാലം ആർ ശ്രദ്ധിക്കുന്നു’ എന്ന മനോഭാവമാണ് ചില ആളുകൾക്കുളളതെന്നു തോന്നുന്നു. എന്നാൽ എത്ര ഹൃസ്വദൃഷ്ടി! അനിവാര്യമായ നിഗമനം വളരെ പെട്ടെന്നുതന്നെ ഈ പ്രശ്‌നങ്ങൾ സകലരുടെയും ജീവിതത്തെ സ്‌പർശിക്കുമെന്നുളളതാണ്.
4, 5. (എ) മനുഷ്യവർഗ്ഗത്തിലെ ഭൂരിപക്ഷവും എന്തു മനോഭാവം കൈക്കൊളളുന്നതായി തോന്നുന്നു, എന്തുകൊണ്ട്? (ബി) ബൈബിളിന് പരിഹാരമുണ്ടായിരിക്കാവുന്നതെന്തുകൊണ്ട്? (2 തിമൊഥെയോസ് 3:16, 17; റോമർ 15:4; 1 കൊരിന്ത്യർ 10:11)
4 മാനുഷ നേതാക്കൻമാർ സാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്—സാമ്പത്തിക ശാസത്രത്തിന്റെയും സയൻസിന്റെയും രാഷ്‌ട്രീയത്തിന്റെയും മണ്ഡലങ്ങളിൽ അന്താരാഷ്‌ട്രീയമായ അളവിൽത്തന്നെ. എന്നാൽ ഇവയെല്ലാം വ്യർത്ഥവും അസംതൃപ്‌തികരവുമെന്ന് തെളിഞ്ഞിട്ടില്ലേ? ആശ്വാസത്തിനുവേണ്ടിയുളള മിക്ക നിർദ്ദിഷ്ട പദ്ധതികളും ‘വെളിച്ചം കാണുന്നു’പോലുമില്ല. ലോകനേതാക്കൻമാരിലാർക്കുംതന്നെ വിശാലാടിസ്ഥാനത്തിലുളള യഥാർത്ഥ പരിഹാരം സമർപ്പിക്കാൻ കഴിയുന്നില്ല. തൽഫലമായി, മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷത്തിനും ഒരു ജീവിതോദ്ദേശം ഇല്ലെന്നു കാണപ്പെടുന്നു; അവർ “നമുക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം, നാളെ മരിക്കേണ്ടതാണല്ലോ” എന്ന പൊതു മനോഭാവം കൈക്കൊളളുന്നു.
5 ഈ ഒടുവിൽ ഉദ്ധരിച്ച വാക്കുകൾ 1 കൊരിന്ത്യർ 15:32-ൽ a ബൈബിളിൽ കാണപ്പെടുന്നവയാണ്, എന്നാൽ ക്രിയാത്മകമായ ഒരു വീക്ഷണഗതിക്ക് പ്രോത്സാഹിപ്പിക്കുന്ന ഒരു സന്ദർഭത്തിലാണ്. ബൈബിൾ മനുഷ്യവർഗ്ഗത്തിന്റെ പ്രശ്‌നങ്ങൾക്കുളള പരിഹാരം വെച്ചു നീട്ടുന്നുണ്ടായിരിക്കുമോ? തീർച്ചയായും ബൈബിളിനെ നിരസിക്കുന്ന അനേകമാളുകളുണ്ട്. എന്നാൽ, ലോകകാര്യങ്ങളുടെ അപകടകരമായ അവസ്ഥയുടെ വീക്ഷണത്തിൽ, ഒരുപക്ഷേ ബൈബിളിനെ ഇനിയുമൊന്നു നോക്കേണ്ട സമയമാണിത്. ഏതായാലും, ഇത് വളരെ പുരാതനമായ ഒരു പുസ്‌തകമാണ്, അതിന്റെ ഭാഗങ്ങൾ 3,400-ൽപരം വർഷം മുമ്പാണ് എഴുതപ്പെട്ടത്. അത് മനുഷ്യരാശിയുടെ എല്ലാ വർഗ്ഗങ്ങളിലുംപെട്ടവരുടെ ആദരവും നേടിയിരിക്കുന്നു. അത് ഏററവുമധികം സജീവഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെ വിതരണം മാനുഷ ചരിത്രത്തിലെ മറേറതൊരു പ്രസിദ്ധീകരണത്തിന്റേതിലും കവിഞ്ഞിരിക്കുന്നു. കൊളളാം, അപ്പോൾ അത് [ജീവിതം ഇതിലും വളരെയധികമുണ്ടെന്ന്] നമ്മെ കാണിച്ചുതരുന്നുവോ?
ജീവിത പ്രശ്‌നങ്ങൾക്കുളള പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തൽ
6. ബൈബിൾ ക്രൈസ്‌തവലോകത്തെ എങ്ങനെ വീക്ഷിക്കുന്നു? (യാക്കോബ് 1:27; 5:3-5)
6 ബൈബിളിന്റെ ചില വിമർശകൻമാർ ദരിദ്രജനങ്ങളെ കൊളളയടിക്കുന്നതും, കുരിശുയുദ്ധങ്ങളും വിശുദ്ധ ദണ്ഡനങ്ങളും ഈ ഇരുപതാം നൂററാണ്ടിലെ യുദ്ധങ്ങളും മുഖേന ധാരാളം നിർദ്ദോഷരക്തം ചൊരിയുന്നതും സംബന്ധിച്ച ക്രൈസ്‌തവലോകത്തിന്റെ രേഖയിലേക്ക് വിരൽ ചൂണ്ടിയിരിക്കുന്നു. ‘അങ്ങനെയാണ് ബൈബിൾ ജനങ്ങളെക്കൊണ്ട് പ്രവർത്തിപ്പിക്കുന്നതെങ്കിൽ ഞങ്ങൾക്ക് അതിൽ യാതൊന്നും വേണ്ട’ എന്നു അവർ പറയുന്നു. എന്നാൽ രക്തപാതകികളായ അത്തരക്കാർ കേവലം ക്രിസ്‌തീയവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൈബിളിനെ ഒരു മറയായി ഉപയോഗിച്ചിരിക്കുകയാണെന്നുളളതാണ് സത്യം. ബൈബിൾതന്നെ അവരുടെ നടപടികളെ ശക്തമായി കുററം വിധിക്കുകയാണ്. അവർ കൃത്രിമ ക്രിസ്‌ത്യാനികളെന്നു പ്രകടമാക്കുകയും ചെയ്യുന്നു. ബൈബിൾ യഥാർത്ഥത്തിൽ ധാർമ്മികമായ ജീവിതം നയിക്കാനാണ് ശുപാർശ ചെയ്യുന്നത്.
7, 8. (എ) ബൈബിൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം നൽകിയേക്കാം? (മത്തായി 7:7) (ബി) ബൈബിൾ അനേകരെ സഹായിച്ചിരിക്കുന്നതെങ്ങനെ? (സങ്കീർത്തനം 119:105, 165)
7 ബൈബിൾ അശാസ്‌ത്രീയവും കാലഹരണപ്പെട്ടതുമാണെന്നും, അതു കെട്ടുകഥകളടങ്ങിയ ഒരു പുസ്‌തകമാണെന്നും മററു ചില വിമർശകൻമാർ അവകാശപ്പെടുന്നു. എന്നാൽ ഇതു ശരിയോ? ഇന്ന് നമുക്ക്, മനുഷ്യൻ എവിടെ നിന്നുണ്ടായി? ഏതൽക്കാലാവസ്ഥകളുടെ അർത്ഥമെന്ത്? മാനുഷജീവൻ ഭൂമിയിൽനിന്ന് നശിപ്പിക്കപ്പെടുമോ? മനുഷ്യവർഗ്ഗത്തിന് ഭാവി എന്തു കൈവരുത്താനിരിക്കുന്നു? എന്നിങ്ങനെയുളള മർമ്മപ്രധാനമായ ചോദ്യങ്ങൾക്ക് ബോധ്യം വരുത്തുന്ന ഉത്തരങ്ങളുടെ ആവശ്യമുണ്ട്.
8 ഈ ചോദ്യങ്ങൾക്കും ആളുകൾ കൂടെക്കൂടെ ചോദിക്കുന്ന മററ് അനേകം ചോദ്യങ്ങൾക്കും ബൈബിൾ ഉത്തരം നൽകുന്നു. കെട്ടുകഥകൾ കൈകാര്യം ചെയ്യാതെ യാഥാർത്ഥ്യങ്ങളെയാണ് ബൈബിൾ കൈകാര്യം ചെയ്യുന്നത്. യഥാർത്ഥ സംതൃപ്‌തി കൈവരുത്തത്തക്ക വിധത്തിൽ തങ്ങളുടെ ജീവിതത്തെ ഉപയോഗിക്കാൻ അത് ലോകത്തിന്റെ ഏതുഭാഗത്തുമുളള ആളുകളെ നയിച്ചിട്ടുണ്ടെന്നുളളതാണ് പരമാർത്ഥം. നിങ്ങൾ ബൈബിൾ പരിശോധിക്കുമ്പോൾ അതു നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുവെന്നും നിങ്ങളുടെ ജീവിതത്തിൽ യഥാർത്ഥ സന്തുഷ്ടി കണ്ടെത്തുന്നതിനു നിങ്ങൾക്ക് പ്രായോഗിക സഹായം നൽകുന്നുവെന്നും നിങ്ങൾ കണ്ടെത്തും. ജീവിതത്തെ അർത്ഥവത്താക്കാൻ അതു നിങ്ങളെ സഹായിക്കും.
പ്രപഞ്ചം ആസ്‌തിക്യത്തിൽ വന്ന വിധം
9, 10. (എ) ബൈബിളനുസരിച്ച്, പ്രപഞ്ചത്തിന്റെ ഉൽഭവം എങ്ങനെയാണ്? (യെശയ്യാവ് 45:12, 18) (ബി) ബൈബിൾ തന്നെ സൃഷ്ടിയെ സംബന്ധിച്ച് എന്തു സാക്ഷീകരിക്കുന്നു? (എബ്രായർ 3:4)
9 ജീവിതം എന്താണെന്നു കണ്ടുപിടിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, ഉത്തരം കിട്ടേണ്ട അടിസ്ഥാന ചോദ്യങ്ങളിലൊന്ന് ജീവന്റെ ഉത്ഭവം എങ്ങനെയാണ് എന്നതാണ്. മററു വാക്കുകളിൽ പറഞ്ഞാൽ നാം എവിടെ നിന്നു വന്നു? നാം ജീവിച്ചിരിക്കുന്നതിൽ ഒരു ഉദ്ദേശ്യമുണ്ടോ? “ദൈവം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചു”വെന്ന് ബൈബിൾ പറയുന്നു. (ഉല്‌പത്തി 1:1) എന്നാൽ ആധുനിക നാളിലെ ചിന്തകൻമാർ: യഥാർത്ഥത്തിൽ സർവശക്തനായ ഒരു ദൈവം—ഒരു സ്രഷ്ടാവ്—ഉണ്ടോയെന്നു ചോദിക്കുന്നു. പ്രപഞ്ചം പരിണാമത്തിന്റെ ഒരു ഉല്‌പന്നമാണെന്ന് അനേകർ വിശ്വസിക്കുന്നുവെന്നത് സത്യമല്ലയോ?
10 നിങ്ങൾ എന്നെങ്കിലും ഒരു പ്‌ളാനറേററിയം (ഗ്രഹങ്ങളുടെ ദൂരം, ചലനം മുതലായവ കാണിക്കുന്ന ഗോളങ്ങൾ ക്രമീകരിച്ചിരിക്കുന്ന നിലയം) സന്ദർശിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ആകാശങ്ങളുടെ കൃത്യമായ പ്രതിനിധാനത്തെ പ്രക്ഷേപിക്കുന്നതിന് സംവിധാനം ചെയ്‌തിരിക്കുന്ന ആ അർദ്ധഗോളാകാര മകുടത്തിലെ സങ്കീർണ്ണമായ മെക്കാനിസത്തിലും നമ്മുടെ സൗരയൂഥത്തിന്റെ മാതൃകയുടെ കൃത്യമായ ചലനത്തിലും നിങ്ങൾ അത്ഭുതസ്‌തബ്ധരായിട്ടുണ്ടെന്നുളളതിനു സംശയമില്ല. മമനുഷ്യന്റെ ഛായാഗ്രഹണത്തിന്റെയും എഞ്ചിനീയറിംഗിന്റെയും വൈദഗ്‌ദ്ധ്യത്തിന്റെ എത്ര വിശിഷ്ടമായ ഉല്‌പന്നമെന്ന് നിങ്ങൾ വിചാരിച്ചിട്ടുണ്ടായിരിക്കും! എന്നാൽ ഒരു നിമിഷം ചിന്തിക്കുക. പ്രപഞ്ചത്തിന്റെ ഇത്തരമൊരു സാദൃശ്യം സംവിധാനം ചെയ്യുന്നതിന് ബുദ്ധിപ്രഭാവമുളള മനുഷ്യർ ആവശ്യമാണെങ്കിൽ, തീർച്ചയായും ബ്രഹ്മാണ്ഡമായ പ്രപഞ്ചത്തെത്തന്നെ നിർമ്മിക്കുന്നതിന് വളരെയേറെ വിദഗ്‌ദ്ധനായ ഒരു ബുദ്ധിമാൻ ആവശ്യമാണ്.
11. പഠിപ്പുളള ചില ലോകചിന്തകൻമാർ എന്തു സമ്മതിക്കാൻ നിർബന്ധിതരായിരിക്കുന്നു? (റോമർ 1:20-23)
11 പത്തൊൻപതാം നൂററാണ്ടിലായിരുന്നു പ്രപഞ്ചമെല്ലാം പരിണാമത്തിന്റെ ഉല്‌പന്നമാണെന്ന് ചാൾസ് ഡാർവിൻ സിദ്ധാന്തിച്ചത്. എന്നാൽ ഇതെല്ലാം ആരും ഉണ്ടാക്കിയതല്ലെന്ന് നിങ്ങളും വിചാരിക്കുന്നുവോ? യാദൃച്ഛികസംഭവത്താൽ ജീവൻ ഉത്ഭൂതമായി എന്ന് നിങ്ങൾ വിചാരിക്കുന്നുവോ? പരിണാമ സിദ്ധാന്തം പോരായ്‌മയുളളതാണെന്ന് ബുദ്ധിശക്തിയുളള അനേകർ കണ്ടെത്തുന്നു. ദൃഷ്ടാന്തമായി, ചരിത്രകാരനായ ആർനോൾഡ് റേറായിൻബി ഇങ്ങനെ പ്രസ്‌താവിച്ചു:
“ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം പ്രപഞ്ചം ആസ്‌തിക്യത്തിലേക്കു വരുത്തപ്പെട്ടവിധം സംബന്ധിച്ച ഒരു സുനിശ്ചിത പക്ഷാന്തര വിവരണം നൽകിയിരിക്കുന്നുവെന്ന് ഞാൻ വിചാരിക്കുന്നില്ല.”1
എന്തിന്, ഡാർവിൻ പോലും ജീവന്റെ ഉറവിനെക്കുറിച്ച് ചർച്ച ചെയ്‌തപ്പോൾ ഇങ്ങനെ സമ്മതിക്കുകയുണ്ടായി:
“വികാരങ്ങളോടല്ല, യുക്തിയോടു ബന്ധപ്പെട്ടതായി ദൈവത്തിന്റെ ആസ്‌തിക്യയിലുളള ബോധ്യത്തിന്റെ മറെറാരു ഉറവ് എന്നിൽ മതിപ്പുളവാക്കുന്നു . . . പിമ്പോട്ടും ഭാവിയിലേക്കു വളരെ ദൂരത്തിലും നോക്കാനുളള പ്രാപ്‌തിയോടു കൂടിയ മനുഷ്യൻ ഉൾപ്പെടെയുളള ഈ ഗംഭീരവും അത്ഭുതകരവുമായ പ്രപഞ്ചം അന്ധമായ യാദൃച്ഛികതയുടെ അഥവാ ആവശ്യത്തിന്റെ ഫലമായി ഉണ്ടായതാണെന്നു മനസ്സിലാക്കാനുളള അങ്ങേയററത്തെ പ്രയാസത്തിൽ നിന്ന് അഥവാ അസാധ്യതയിൽനിന്നാണ് ഈ നിഗമനം. ഇങ്ങനെ ചിന്തിക്കുമ്പോൾ ഒരു ആദികാരണത്തിലേക്കു നോക്കാൻ ഞാൻ നിർബ്ബന്ധിതനായിത്തീരുന്നു.”2
12. നാം വിനീതരായി എന്തു സമ്മതിക്കണം, എന്തുകൊണ്ട്? (പ്രവൃത്തികൾ 14:15-17)
12 അതെ, ഒരു വലിയ ആദികാരണം, ഒരു സ്രഷ്ടാവ്—ദൈവം—ഉണ്ടായിരിക്കണമെന്ന് ലളിതമായ യുക്തി നമ്മോടു പറയുന്നു! മമനുഷ്യന്റെ ഏററവും ശക്തമായ ദൂരദർശിനികൾക്ക് അവന്റെ വിസ്‌മയകരമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് ചുഴിഞ്ഞുനോക്കിത്തുടങ്ങാൻ മാത്രമേ കഴിയുകയുളളുവെന്ന് നാം ചിന്തിക്കുമ്പോൾ ദൈവത്തിന്റെ മികച്ച ജ്ഞാനത്തിങ്കലും ശക്തിയിങ്കലും മമനുഷ്യന്റെ ജ്ഞാനവും പ്രാപ്‌തികളും തീർച്ചയായും കുറുകിപ്പോകുന്നുവെന്ന് നാം വിനീതമായി സമ്മതിക്കേണ്ടിയിരിക്കുന്നു. നാം കാണാൻ പോകുന്നതുപോലെ, നാം സന്തുഷ്ടവും അർത്ഥവത്തുമായ ജീവിതം ആസ്വദിക്കാനാഗ്രഹിക്കുന്നുവെങ്കിൽ ദൈവത്തെ വിഗണിക്കാവുന്നതല്ല. നമ്മുടെ ഭൂമി ഉൾപ്പെടെയുളള പ്രപഞ്ചത്തെ സൃഷ്ടിച്ചതിൽ അവന് ഒരു ഉദ്ദേശ്യമുണ്ടായിരിക്കണം. അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളെക്കുറിച്ച് നാം കൂടുതൽ പഠിക്കുമ്പോൾ ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നുവെന്ന് നാം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാൻ കഴിയും!
ഭൂമിയിൽ ജീവൻ സമാരംഭിച്ചതെങ്ങനെ?
13. ഈ ഭൂമി ദൈവത്തിന്റെ സൃഷ്ടിയിൽ മുന്തിനിൽക്കുന്നതെന്തുകൊണ്ട്? (സങ്കീർത്തനം 104:24)
13 പ്രപഞ്ചത്തിലെ ഈ ചെറിയ തരിയിലേക്ക്—ഭൂമിയിലേക്കുതന്നെ—നമുക്കു ഇപ്പോൾ നമ്മുടെ ശ്രദ്ധ തിരിക്കാം. ഈ ഭൂമിക്ക് പ്രത്യേകമായ ഒരു അഴകുണ്ട്. അത് നിറമണിഞ്ഞതാണ്, വിവിധങ്ങളായ വിശിഷ്ട ജീവികളാൽ അതു സമ്പന്നവുമാണ്. അതിൽ ജീവൻ സ്ഥിതിചെയ്യുന്നു. ചന്ദ്രനിലേക്കു യാത്രചെയ്‌ത ബഹിരാകാശ യാത്രികരിലൊരാൾ അതിനെ ഈ വാക്കുകളിൽ വർണ്ണിച്ചു:
“മുഴുപ്രപഞ്ചത്തിലും, ഞങ്ങൾ നോക്കിയടത്തെല്ലാം, അൽപ്പം നിറമുണ്ടായിരുന്നത് ഇവിടെ ഭൂമിയിലായിരുന്നു. അവിടെ ഞങ്ങൾക്ക് സമുദ്രങ്ങളുടെ രാജകീയമായ നീലനിറവും കരയുടെ കപിലവർണ്ണവും തവിട്ടുനിറവും മേഘങ്ങളുടെ വെളുപ്പും കാണാൻ കഴിഞ്ഞു. . . . ആകാശങ്ങളിലെല്ലാം വച്ച് അതായിരുന്നു കാഴ്‌ചക്ക് അതിമനോഹരം. ഇവിടത്തെ ജനങ്ങൾ തങ്ങൾക്കുളളതെന്താണെന്ന് തിരിച്ചറിയുന്നില്ല.”3
വിസ്‌തൃതമായ പ്രപഞ്ചത്തിൽ ഈ ഭൂമി ഒരു രത്‌നംപോലെ മുന്തിനിൽക്കുന്നുവെന്നതിന് സംശയമില്ല. അത് തീർച്ചയായും ജീവൻ നിറഞ്ഞതാണ്. ഈ ജീവനിലെല്ലാം ഒരു ഉദ്ദേശ്യം ഉണ്ടെന്ന് തീർച്ചയാണ്! ഈ ഉദ്ദേശ്യമെന്താണെന്ന് നമുക്കു കണ്ടുപിടിക്കാമോയെന്ന് നോക്കാം.
14. ജീവൻ എവിടെനിന്ന് ഉണ്ടായി, എങ്ങനെ? (സങ്കീർത്തനം 104:30, 31)
14 ജീവൻ എവിടെനിന്നു വന്നുവെന്ന് കണ്ടുപിടിക്കുക വളരെ പ്രയാസകരമല്ല. ഒരു ബൈബിളെഴുത്തുകാരൻ പിൻവരുന്ന പ്രകാരം പ്രഖ്യാപിച്ചപ്പോൾ 3,000 വർഷം മുമ്പ് ആ ഉറവിലേക്ക് വിരൽ ചൂണ്ടി:
“ദൈവമേ, നിന്റെ സ്‌നേഹദയ എത്ര വിലയേറിയതാകുന്നു! . . . എന്തുകൊണ്ടെന്നാൽ നിന്നിൽ ജീവന്റെ ഉറവുണ്ട്; നിന്നിൽനിന്നുളള വെളിച്ചത്താൽ ഞങ്ങൾക്ക് വെളിച്ചം കാണാൻ കഴിയും.”—സങ്കീർത്തനം 36:7, 9.
ചില ഉറച്ച ബൈബിൾ വിമർശകൻമാർക്ക് ദൈവമാണ് ജീവന്റെ ഉറവെന്നു സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ജീവൻ ആദിയിൽ “ചുരുക്കം ചില രൂപങ്ങളിലേക്കോ ഒന്നിലേക്കോ സ്രഷ്ടാവിനാൽ ഊതപ്പെട്ടിരിക്കണ”മെന്ന്4 പരിണാമസിദ്ധാന്തവാദിയായ ഡാർവ്വിൻപോലും സമ്മതിച്ചു. എന്നാൽ ദൈവത്തിന് “ചുരുക്കം ചില രൂപങ്ങളി”ലേക്ക് ജീവൻ ഊതാൻ കഴിയുമെങ്കിൽ, അതേ വിധത്തിൽ, സൃഷ്ടിക്കപ്പെട്ട ശതക്കണക്കിന് “വർഗ്ഗങ്ങളി”ലേക്ക് അതതിന്റെ ക്രമത്തിൽ അവന് ജീവൻ ഊതാൻ പാടില്ലാത്തതെന്തുകൊണ്ട്? അതു തന്നെയാണ് അവൻ ചെയ്‌തതെന്ന് ബൈബിൾ പറയുന്നു! അവൻ ഓരോ ജീവിയെയും “അതതു വർഗ്ഗമനുസരിച്ച്” സൃഷ്ടിച്ചു. (ഉല്‌പത്തി 1:12, 21, 24, 25) ദൈവത്തിന്റെ ഒന്നാം മമനുഷ്യന്റെ സൃഷ്ടിപ്പ് ഈ വാക്കുകളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു:
“യഹോവയാം ദൈവം നിലത്തുനിന്നുളള പൊടികൊണ്ട് മനുഷ്യനെ നിർമ്മിക്കാനും അവന്റെ നാസാരന്ധ്രങ്ങളിലേക്ക് ജീവശ്വാസം ഊതാനും തുടങ്ങി, മനുഷ്യൻ ഒരു ജീവനുളള ദേഹി ആയിത്തീർന്നു.”—ഉല്‌പത്തി 2:7.
ബൈബിളനുസരിച്ച് അങ്ങനെയാണ് വെറും 6,000 വർഷം മുമ്പ് ഇവിടെ മാനുഷജീവൻ ഉളവായത്—ദെവത്തിൽ നിന്നുളള നേരിട്ടുളള സൃഷ്ടിയാൽത്തന്നെ. ജീവിതം വളരെയധികംകൂടെ ഉണ്ടെന്ന് വിലമതിക്കുന്നതിന് നാം ആ വസ്‌തുത മനസ്സിലാക്കുന്നത് മർമ്മപ്രധാനമാണ്.
15. ജീവൻ യാദൃച്ഛികമായി ഉണ്ടായതായിരിക്കുമോ? (സങ്കീർത്തനം 100:3)
15 ബൈബിളിന്റെ ഋജുവായ സൃഷ്ടിവിവരണത്തിൽനിന്ന് വ്യത്യസ്‌തമായി പരിണാമസിദ്ധാന്തവാദികളുടെ വിശദീകരണങ്ങളിൽ ചിലത് വിചിത്ര ഭാവനകൾ പോലെ വായിക്കപ്പെടുന്നു. ദൃഷ്ടാന്തമായി, ഒരു പരിണാമശാസ്‌ത്രജ്ഞൻ ഈ വിധത്തിൽ എഴുതുന്നു:
“പണ്ടൊരിക്കൽ, ദീർഘനാൾ മുമ്പ്, ഒരുപക്ഷേ ഇരുനൂററമ്പതുകോടി വർഷംമുമ്പ്, മാരകമായ സൂര്യനുകീഴിൽ, മീതെ വിഷമയമായ അന്തരീക്ഷത്തോടുകൂടിയ അമോണിയാ നിറഞ്ഞ ഒരു സമുദ്രത്തിൽ, ജൈവതൻമാത്രകളുടെ ഒരു സൂപ്പിൻമദ്ധ്യേ, ഒരു ന്യൂക്ലെയിക് ആസിഡ് തൻമാത്ര യാദൃച്ഛിക സംഭവത്താൽ ഉളവായി, അതിന് എങ്ങനെയോ അതിനെപ്പോലെതന്നെ മറെറാന്നിനെ ഉളവാക്കാൻ കഴിയുമായിരുന്നു—അതിൽനിന്ന് മറെറല്ലാം തുടർന്നുണ്ടാകുമായിരുന്നു!” (ഇററാലിക്‌സ് ചേർത്തത്)5
അതു നിങ്ങളെ ബോദ്ധ്യപ്പെടുത്തുന്നുവോ? പരിണാമവാദിയായ ലക്കോംറെറ ഡു നോയ് ഭൂമിയുടെ വലിപ്പമുളള ഒരു സമുദ്രത്തിൽ അനുകൂലാവസ്ഥകളിൽ ഒരു പ്രോട്ടീൻ തൻമാത്രക്ക് സ്വയം ഉല്‌പാദിപ്പിക്കാൻ കഴിയുന്നതിനുളള സാദ്ധ്യത കണക്കുകൂട്ടി. അതിന് 10243 (അതായത് 1 ന്റെ പിന്നാലെ 243 പൂജ്യങ്ങൾ ഇടുന്ന സംഖ്യ) ശതകോടി വർഷത്തിൽ ഒരിക്കൽ മാത്രമെ സംഭവിക്കാൻ കഴിയുകയുളളൂവെന്ന് അദ്ദേഹം പറയുകയുണ്ടായി.6 എന്നിരുന്നാലും, ഒരു ജീവകോശം ഉണ്ടായിരിക്കുന്നത് ഒന്നല്ല, ശതക്കണക്കിന് പ്രോട്ടീൻ തൻമാത്രകളും അതുപോലെതന്നെ മററനേകം സങ്കീർണ്ണ വസ്‌തുക്കളും ചേർന്നാണ്! തീർച്ചയായും ജീവൻ യാദൃച്‌ഛികസംഭവത്താലല്ല ഉളവായത്!
16. പരിണാമത്തെ ഒരു “കെട്ടുകഥ”യെന്നു വിളിക്കാവുന്നതെന്തുകൊണ്ട്? (1 തിമൊഥെയോസ് 1:3, 4)
16 പരിണാമസിദ്ധാന്തത്തിൽ വസ്‌തുതകൾക്ക് വിരുദ്ധമായ വളരെയധികം കാര്യങ്ങളുണ്ട്! ദൃഷ്ടാന്തമായി, സസ്യ, മൃഗ, മാനുഷജീവികളെയെല്ലാം സംബന്ധിച്ച മാററമില്ലാത്ത ഒരു ജനിതക നിയമമാണ് ഓരോന്നിനും അതതിന്റെ വർഗ്ഗമനുസരിച്ചുമാത്രമേ പുനരുല്‌പാദിപ്പിക്കാൻ കഴിയുകയുളളുവെന്നത്. പട്ടികളുടെ അനേകം ഇനങ്ങളിൽ നിരീക്ഷിക്കാൻ കഴിയുന്നതുപോലെ, വർഗ്ഗത്തിനുളളൽ മാററങ്ങളുണ്ടായിരിക്കാം. എന്നാൽ പട്ടിവർഗ്ഗം എല്ലായ്‌പ്പോഴും പട്ടികളെ പുനരുല്‌പാദിപ്പിക്കുന്നു. അതിനെ പൂച്ചയുമായോ മററുവർഗ്ഗങ്ങളുമായോ ഇണചേർത്ത് സങ്കരജാതിയെ ഉളവാക്കാൻ കഴിയുകയില്ല. പരിണാമവാദികൾക്ക് വളരെയധികം നിരാശയുണ്ടാകുമാറ് പാറകളിലെ അശ്‌മക ശൂന്യാവശിഷ്ടങ്ങൾ വർഗ്ഗങ്ങൾക്കിടയ്‌ക്കത്തെ മുൻകൂട്ടി പറയപ്പെട്ട “നഷ്‌ടപ്പെട്ട, കണ്ണികളു”മായി എത്തുന്നതിൽ പരാജയപ്പെട്ടു. മാത്രവുമല്ല, “രൂപഭേദങ്ങൾ” അഥവാ കോശമാററങ്ങൾ എല്ലായ്‌പ്പോഴും ഹാനികരമായിട്ടാണിരുന്നിട്ടുളളത്. മനുഷ്യവർഗ്ഗത്തിന്റെ സംഗതിയിൽ മാനസിക വൈകല്യമോ മററു ന്യൂനതകളോ ഉളള മനുഷ്യരെ മാത്രം ഉല്‌പാദിപ്പിച്ചുകൊണ്ടുതന്നെ. ഇത് പരിണാമം അവകാശവാദം പുറപ്പെടുവിക്കുന്നതിന് കടകവിരുദ്ധമാണ്. ചില കീർത്തിപെട്ട ശാസ്‌ത്രജ്ഞൻമാർ ഇപ്പോൾ പരിണാമത്തെ “കെട്ടുകഥ”7 “യുക്തിയുക്തമായ ഊഹം”8 “ശാസ്‌ത്രത്തിന്റെ പേരിൽ കപടവേഷമണിഞ്ഞിരിക്കുന്ന ഏററവും വലിയ യക്ഷിക്കഥ”9 എന്നിങ്ങനെയുളള പദങ്ങൾകൊണ്ട് വർണ്ണിക്കുന്നത് അതിശയമല്ല.
17. ഏതു വിധങ്ങളിലാണ് മനുഷ്യൻ മൃഗങ്ങളെക്കാൾ അത്‌ഭുതകരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നത്? (ഉല്‌പത്തി 1:27, 28)
17 എന്നാൽ മനുഷ്യൻ “കെട്ടുകഥ”യല്ല. അവൻ ജീവിക്കുന്നു. “ദൈവത്തിന്റെ പ്രതിച്‌ഛായ”യിൽ സൃഷ്‌ടിക്കപ്പെട്ടവനും മനഃസാക്ഷിയാൽ ഭരിക്കപ്പെടുന്നവനുമായി ബുദ്ധിശക്തിയും ധാർമ്മികനിഷ്‌ഠയുമുളള ജീവിയെന്ന നിലയിലുളള അവന്റെ ആസ്‌തികതതന്നെ കീഴ്‌ത്തരം ജീവരൂപങ്ങളിൽനിന്നെല്ലാം അവനെ പൂർണ്ണമായി വേർതിരിച്ചുനിർത്തുന്നു. അതുകൊണ്ട് കേവലം മൃഗങ്ങളെപ്പോലെ ഉപജീവിക്കുന്നതിലും വളരെ കവിഞ്ഞതായിരിക്കണം ജീവിതം. മനുഷ്യനെയും മൃഗങ്ങളെയും വേർതിരിക്കുന്ന ഒരു വലിയ വിടവുണ്ട്. ഏതു മൃഗമാണ് ഇരുപതോളം വർഷം അതിന്റെ കുഞ്ഞിനെ പരിപാലിക്കാനും പരിശീലിപ്പിക്കാനും ചെലവിടുന്നത്? മനുഷ്യനു മാത്രമേ സ്‌നേഹം, ദയ, ദീർഘദൃഷ്‌ടി, സൃഷ്‌ടിപരത, സൗകുമാര്യത്തോടും കലകളോടും സംഗീതത്തോടുമുളള വിലമതിപ്പ് എന്നിങ്ങനെയുളള അത്‌ഭുതകരമായ ഗുണങ്ങൾ പ്രകടമാക്കാൻ കഴികയുളളു. ഇത്ര സമൃദ്ധമായി വരം ലഭിച്ചിരിക്കുന്നതിലുളള നന്ദിയോടെ, ജീവനെ സ്‌നേഹിക്കുന്ന എല്ലാവരും “യഹോവേ, . . . ഞാൻ ഭയജനകമായ ഒരു വിധത്തിൽ അത്‌ഭുതകരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഞാൻ നിന്നെ കീർത്തിക്കും” എന്ന പുരാതന ദാവീദു രാജാവിന്റെ പ്രസ്‌താവനയിൽ പങ്കു ചേരേണ്ടതല്ലയോ?—സങ്കീർത്തനം 139:4, 14.
“പരിണാമം” ജീവിതത്തിൽ ചെയ്‌തിരിക്കുന്നത്
18, 19. പരിണാമം (എ) ധാർമ്മികനിഷ്‌ഠകളെ (സങ്കീർത്തനം 10:3, 4) (ബി) ഭരണാധികാരികളുടെ മനോഭാവത്തെ (1 യോഹന്നാൻ 3:15) ബാധിച്ചിരിക്കുന്നതെങ്ങനെ?
18 ഇന്ന് നിരവധിയാളുകൾ മനസ്സോടെ പരിണാമത്തെ സ്വീകരിച്ചിരിക്കുന്നതെന്തുകൊണ്ട്? ഒരു കാരണം അത് സ്വീകരിക്കുന്നത് ജനരഞ്‌ജകവും ഫാഷനുമാണെന്നുളളതാണ്. കൂടാതെ, അത് ഒരു സ്രഷ്ടാവിനോടോ അവന്റെ ധാർമ്മികനിയമങ്ങളോടോ ഉത്തരവാദിത്തം തോന്നാതെ ‘സ്വന്തം കാര്യം നോക്കാനാ’ഗ്രഹിക്കുന്ന സ്വതന്ത്രരോ ദുർമ്മാർഗ്ഗികളോ ആയ ആളുകൾക്ക് ഒരു രക്ഷാമാർഗ്ഗവും പ്രദാനം ചെയ്‌തിരിക്കുന്നു. ദി ഔട്ട്‌ലൈൻ ഓഫ് ഹിസ്‌റററി എന്നതിൽ എച്ച്. ജി. വെൽസ് പരിണാമസിദ്ധാന്തം വികാസം പ്രാപിച്ചതെങ്ങനെയെന്ന് വർണ്ണിക്കുകയും ഇങ്ങനെ പറയുകയും ചെയ്യുന്നു: “അത് പഴയ ധാർമ്മികപ്രമാണങ്ങൾക്കു പകരമായി നിർമ്മാണാത്‌മകമായ യാതൊന്നും കൈവരുത്തിയില്ല. യഥാർത്ഥത്തിലുളള ഒരു ധാർമ്മികാധഃപതനമാണ് തുടർന്നുണ്ടായത്.”10 അത് ജീവിതത്തെ പ്രയോജനപ്രദമാക്കാൻ യാതൊന്നും സംഭാവന ചെയ്‌തില്ല.
19 ചരിത്രകാരനായ വെൽസ് പരിണാമപഠിപ്പിക്കലിന്റെ കൂടുതലായ ഒരു ഫലത്തെക്കുറിച്ച് പിൻവരുന്ന പ്രകാരം പറയുന്നു: “പ്രബലരായ ആളുകൾ . . . നിലനില്‌പിനുവേണ്ടിയുളള പോരാട്ടം ഹേതുവായിട്ടാണ് തങ്ങൾ നിലനിൽക്കുന്നതെന്ന് വിശ്വസിച്ചു. അതിൽ ശക്തിയും കൗശലവുമുളളവർ ദുർബലരും വിശ്വാസമുളളവരുമായവരെ അടിപ്പെടുത്തുന്നു. . . . അതുകൊണ്ടു മാനുഷഗണത്തിലെ വമ്പൻമാർ ഭീഷണി പ്രയോഗിക്കുന്നതുംകീഴ്‌പ്പെടുത്തുന്നതും ന്യായമാണെന്ന് അവർക്കു തോന്നി.”11 ഇപ്രകാരം പരിണാമം മൃഗീയമായ യുദ്ധം നടത്തുന്നതിന് “ക്രൈസ്‌തവലോക”ത്തിന് സ്വയന്യായീകരണം നൽകി. പരിണാമവും ക്രിസ്‌ത്യാനികളും (ഇംഗ്ലീഷ്) എന്ന പുസ്‌തകം 1914-ലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ വിപത്തും പിന്നീടു നാസിസത്തിന്റെ ഹീനമായ അതിക്രമങ്ങളും ഡാർവിന്റെ പഠിപ്പിക്കൽ നിമിത്തമാണെന്ന് ആരോപിച്ചു.12 അപ്രകാരംതന്നെ പരിണാമം കമ്മ്യൂണിസത്തിന്റെ ഉദയത്തിന്റെ ഉത്തരവാദിത്വത്തിലും പങ്കുവഹിക്കേണ്ടതാണ്. കാർൾമാർക്‌സ് ഡാർവിന്റെ വർഗ്ഗങ്ങളുടെ ഉത്‌ഭവം എന്ന പുസ്‌തകം വായിച്ചതിൽ സന്തോഷിച്ചതായി പറയപ്പെടുന്നു, അത് ദൈവത്തിന് “മരണപ്രഹരം” ഏൽപ്പിക്കുന്നതായി അദ്ദേഹം വർണ്ണിക്കുകയുണ്ടായി.13 അദ്ദേഹം ഇങ്ങനെയും പറഞ്ഞു:
“ഡാർവിന്റെ പുസ്‌തകം സുപ്രധാനമാണ്, ചരിത്രത്തിലെ വർഗ്ഗസമരത്തിനുളള ഒരു അടിസ്ഥാനമായി അത് എനിക്ക് പ്രയോജകീഭവിക്കുന്നു.”14
ഇന്നോളം കമ്മ്യൂണിസ്‌ററ് രാഷ്‌ട്രങ്ങൾ തങ്ങളുടെ ലോകാധിപത്യത്തിന്റെ ലക്ഷ്യം പിന്തുടരുന്നത് “അത്യുത്തമമായവയുടെ നിലനിൽപ്പ്” എന്ന പരിണാമ പഠിപ്പിക്കലിന്റെ അടിസ്ഥാനത്തിലാണ്. മററു രാഷ്‌ട്രങ്ങൾ നിലനിൽപ്പിനു വേണ്ടിയുളള സമരത്തിൽ ചേരുന്നു. ഫലം ഈ ന്യൂക്ലിയർ യുഗത്തിലെ വമ്പിച്ച ആയുധീകരണ മൽസരയോട്ടമാണ്. സകല മനുഷ്യവർഗ്ഗത്തിന്റെയും ജീവൻ അപകടത്തിലാണ്.
20. പരിണാമത്തിലുളള വിശ്വാസത്തിന് നിങ്ങളുടെ സ്വന്തം ജീവിതത്തെ ബാധിക്കാൻ കഴിയുന്നതെങ്ങനെ? (കൊലോസ്യർ 2:8)
20 നിങ്ങളുടെ സ്വന്തം ജീവിതത്തെ ഇത് എങ്ങനെ ബാധിക്കുന്നു? പരിണാമസിദ്ധാന്തത്തിൽ അകപ്പെടുന്നത് നിങ്ങൾക്ക് വ്യക്തിപരമായി തികച്ചും ഹാനികരമായിരിക്കാൻ കഴിയും. പരിണാമം സത്യമാണെങ്കിൽ ജീവിതം ഉദ്ദേശ്യരഹിതവും നിരർത്ഥകവുമായിത്തീരും. അത് അന്തിമ പരിണതഫലം മരണം മാത്രമായി, നിലനിൽപ്പിനു വേണ്ടിയുളള സമരത്തിന്റെ “മരണപ്പാച്ചിൽ” മാത്രമായിരിക്കുമായിരുന്നു. “അത്യുത്തമമായവയുടെ നിലനിൽപ്പി”ൽ വിശ്വസിക്കുന്നതിനാൽ പരിണാമവാദിക്ക് തന്റെ സമസൃഷ്‌ടിയെ സ്‌നേഹിക്കാനുളള പ്രചോദനമില്ല, ഒരു യോഗ്യമായ ധാർമ്മികജീവിതം നയിക്കാനോ അബുദ്ധികളായ മൃഗങ്ങളെക്കാൾ വ്യത്യസ്‌തമായി പെരുമാറാനോ ഉളള പ്രചോദനമില്ല. പരിണാമം മനുഷ്യവർഗ്ഗത്തിൻമേലുളള അതിന്റെ ഫലം സംബന്ധിച്ച് തികച്ചും നിഷേധാത്മകമാണ്. അതിന് ജീവനെ സംബന്ധിച്ചുളള ചോദ്യങ്ങളിൽ യാതൊന്നിനും തൃപ്‌തികരമായ ഉത്തരം നൽകാൻ കഴികയില്ല. എന്നാൽ ബൈബിളിനു കഴിയും.
ജീവിതം ഇത്ര പ്രശ്‌നം നിറഞ്ഞതായിരിക്കുന്നതെന്തുകൊണ്ട്?
21, 22. (എ) മമനുഷ്യന്റെ ഏതൽക്കാലാവസ്ഥയെ എന്തിനോട് താരതമ്യപ്പെടുത്താവുന്നതാണ്? (ബി) ആദാം ഏത് “അടയാളം” അനുസരിക്കുന്നതിൽ പരാജയപ്പെട്ടു, എന്തു ഫലത്തോടെ? (ഉല്‌പത്തി 2:15-17; 3:17-19)
21 ഈ സാഹചര്യത്തെ മനോഹരമായ ഒരു പെരുവഴിയിലൂടെ സഞ്ചരിക്കുന്ന ഒരു കുടുംബത്തോട് താരതമ്യപ്പെടുത്താവുന്നതാണ്. അത് മഹത്തായ ഒരു പരദീസയിലൂടെ കടന്നു പോകുന്നു. എല്ലാം ഒരു നല്ല യാത്രയ്‌ക്ക് അനുഗുണമാണ്. എന്നിരുന്നാലും, “അപകടം—പ്രവേശിക്കരുത്” എന്ന അടയാളസഹിതം വശത്തേക്ക് ഒരു വീതിയുളള വഴി അവർ കാണുന്നു, ജിജ്ഞാസയും സ്വതന്ത്ര മനഃസ്ഥിതിയും അവരെ കീഴടക്കുന്നു. അവർ ആ വഴിയിൽ പ്രവേശിച്ച് പെരുവഴിയിൽനിന്ന് അകന്ന് ബഹുദൂരം യാത്ര ചെയ്യുന്നു. ഒടുവിൽ കുത്തനെയുളള ഒരു ഇറക്കമുണ്ട്. അവർ ഇപ്പോൾ നിയന്ത്രണം വിട്ട് സഞ്ചരിക്കുകയാണ്. അവർ ഇനി പെരുവഴിയിൽ തിരിച്ചെത്തുക അസാദ്ധ്യമാണ്. ബ്രേക്കുകൾ തകർന്നു. നിർത്താൻ സാധിക്കുന്നില്ല. അവർ കുന്നിൻചെരിവിലൂടെ അതിവേഗം കീഴ്‌പോട്ടിറങ്ങുകയാണ്. ഒടുവിൽ അവർ ഒരു പാറക്കെട്ടിൽ ചെന്നിടിച്ച് നാശമടയുന്നു.
22 മനുഷ്യവർഗ്ഗത്തെസംബന്ധിച്ച് അങ്ങനെ തന്നെയാണെന്ന് ബൈബിൾ പ്രകടമാക്കുന്നു. ദൈവം ഏദെൻതോട്ടത്തിൽ ആദ്യമനുഷ്യനുവേണ്ടി ഒരു “റോഡ് അടയാളം” വെച്ചു: ‘നീ ഈ ഒരു ഫലം ത്‌നിന്നരുത്.’ ആ ലളിതമായ കല്‌പന അനുസരിക്കുന്നതിനാൽ പുരുഷനും ഭാര്യയും ദൈവത്തോട് സ്‌നേഹം പ്രകടമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അങ്ങനെ ചെയ്‌തില്ല. അവർ പെരുവഴിയിൽനിന്ന് മനഃപൂർവം അകന്നുപോകുകയും ദൈവികന്യായവിധിയിൻകീഴിൽ മരണത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന പാപത്തിന്റെ വഴിയിൽ പ്രവേശിക്കുകയും ചെയ്‌തു. റോമർ 5:12-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിലേക്കു പ്രവേശിച്ചു, ഇങ്ങനെ സകല മനുഷ്യരും പാപം ചെയ്‌തിരുന്നതുകൊണ്ട് മരണം അവരിലേക്കെല്ലാം വ്യാപിച്ചു.” ഇപ്രകാരം നമ്മൾ അനുസരണംകെട്ട ആദാമിന്റെ സന്തതികളാകയാൽ നമ്മളെല്ലാം മാനുഷ കുടുംബത്തിന്റെ മാതാപിതാക്കൻമാർ പരദീസയിൽ ആസ്വദിച്ചിരുന്ന പൂർണ്ണതയിൽനിന്ന് വളരെയകന്ന അഹിതകരമായ ഈ വഴിയിൽ സഞ്ചരിക്കേണ്ടിവന്നു. അടുത്ത സംവൽസരങ്ങളിൽ ആ വഴി എത്ര കുലുക്കമുളവാക്കുന്നതും അസുഖകരവുമായിത്തീർന്നിരിക്കുന്നു! അത് വിശാലമായ ഒരു വൺവേറോഡാണ്; ലോകത്തിലെ രാജ്യതന്ത്രജ്ഞൻമാരിലോ ജ്ഞാനികളിലോ ആർക്കും തിരികെയുളള വഴി മനുഷ്യവർഗ്ഗത്തിന് കാണിച്ചുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിലെ ഓരോ വ്യക്തിക്കും, വഴിയുടെ അന്ത്യം മരണമാണ്. മുഴു മനുഷ്യവർഗ്ഗലോകത്തിന്റെയും നാശം ഒരു വ്യക്തമായ സാദ്ധ്യതയായിത്തീർന്നിരിക്കുന്നു.
23, 24. (എ) യോഹന്നാൻ 14:6-ന്റെ അർത്ഥമെന്ത്? അത് യേശുവിനെ സംബന്ധിച്ചു സത്യമായിരിക്കുന്നതെങ്ങനെ? (ബി) ആ പെരുവഴിയിലേക്കു മടങ്ങിപ്പോകുന്നത് നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും? (യോഹന്നാൻ 3:16)
23 എന്നാൽ, നോക്കൂ! ഒരു വശത്തേക്കുളള ഒരു വഴിയിൽ ഒരു പ്രകാശരശ്‌മി പ്രകാശിക്കുന്നു. ആദ്യനോട്ടത്തിൽ ആ വഴി അത്യന്തം ഞെരുക്കമുളളതായി കാണപ്പെടുന്നു. അതിലേക്ക് തിരിയുന്നത് പ്രയാസമായിരിക്കും. ഇപ്പോൾ വിശാലമായ വഴിയിലൂടെ ലക്കും ലഗാനുമില്ലാതെ സഞ്ചരിക്കുന്ന വലിയ മാനുഷകുടുംബം ഇടുങ്ങിയ വഴിയെ അവഗണിക്കാനിഷ്‌ടപ്പെടുകയാണ്. അവർ ജനക്കൂട്ടത്തോടൊത്തു പോകാനിഷ്‌ടപ്പെടുന്നു. ബഹുഭൂരിപക്ഷമാളുകളും സൗകര്യാർത്ഥവും അതു നൽകുന്ന താല്‌ക്കാലിക ഉല്ലാസങ്ങൾക്കുവേണ്ടിയും വിശാലമായ വഴിയിൽ പോകുകയാണ്. മുമ്പിലുളള അപകടത്തെക്കുറിച്ചുളള കൂടുതലായ മുന്നറിയിപ്പുകൾക്ക് അവർ ശ്രദ്ധ കൊടുക്കുന്നില്ല. എന്നാൽ ജാഗ്രതയുളള ചിലയാളുകൾ ഇടുങ്ങിയ വഴിയിലേക്കു തിരിയുന്നു. അത് അവർക്ക് കുറെ പ്രയാസങ്ങൾ കൈവരുത്തുന്നു, അവർ സൂക്ഷിക്കേണ്ടയാവശ്യമുണ്ട്. എന്നാൽ കാലക്രമത്തിൽ അത് യാത്രക്ക് ഉല്ലാസകരമായിത്തീരുന്നു. ഒടുവിൽ അത് പുനഃസ്ഥിതീകരിക്കപ്പെട്ട സമൃദ്ധിയുടെ പരദീസായിലേക്ക് അവരെ നയിക്കുന്നു. ആ ഉല്ലാസപ്രദമായ, പ്രശാന്തമായ പരദീസയിൽ തങ്ങളുടെ കണ്ണുകൾക്ക് വിരുന്നൂട്ടുന്നത് അവർക്ക് എന്തൊരു സന്തോഷമാണ്!
24 വീണ്ടും, ബൈബിൾ പ്രകടമാക്കുന്ന പ്രകാരം മാനുഷകുടുംബത്തെ സംബന്ധിച്ചും ഇങ്ങനെ തന്നെയാണ്. ഭൂരിപക്ഷം പേരും തങ്ങളുടെ സ്വാതന്ത്ര്യത്തിനു ശാഠ്യം പിടിക്കുകയും നാശത്തിലേക്കുളള വിശാലമായ വഴിയിൽ ജനക്കൂട്ടത്തോടുകൂടെ പോകുകയും ചെയ്യുമളവിൽ മടങ്ങിവരവിനുളള ഒരു വഴി തുറന്നിട്ടുണ്ട്. ദൈവപുത്രനായ യേശു ഇവിടെ ഭൂമിയിലായിരുന്നപ്പോൾ “ഞാൻ വഴിയും സത്യവും ജീവനുമാകുന്നു” എന്നു പറഞ്ഞുകൊണ്ട് ഇതിലേക്ക് ശ്രദ്ധയാകർഷിച്ചു. (യോഹന്നാൻ 14:6) യേശു മാനുഷകുടുംബത്തിനുവേണ്ടി തന്റെ ജീവനെ ബലിചെയ്‌ത ഘട്ടംവരെ ഭൂമിയിൽ വിശ്വസ്‌തതയോടെ ദൈവേഷ്ടം ചെയ്‌തതുകൊണ്ട് ദൈവം അവനെ “ജീവന്റെ മുഖ്യ കാര്യസ്ഥ”നായി നിയമിച്ചു. അവൻ ലോകത്തിലേക്കു വന്നത് “സത്യത്തിന് സാക്ഷ്യം വഹിക്കുന്നതിനും” ദൈവോദ്ദേശ്യങ്ങളെ അറിയിക്കുന്നതിനുംകൂടെയായിരുന്നു. (പ്രവൃത്തികൾ 3:15; യോഹന്നാൻ 18:37) അവനു മാത്രമേ ദൈവത്തിന്റെ ഭൗമിക പരദീസയിലെ സന്തുഷ്ടജീവിതത്തിന്റെ പൂർണ്ണാസ്വാദനത്തിലേക്കു നയിക്കുന്ന മനോഹരമായ പെരുവഴിയിലേക്കു തിരിച്ചുപോകേണ്ട മാർഗ്ഗം മാനുഷകുടുംബത്തിലെ അംഗങ്ങൾക്കു കാണിച്ചുകൊടുക്കാൻ കഴികയുളളു.
25. പരദീസാഭൂമിയിലെ ജീവിതം അത്യന്തം അഭികാമ്യമായിരിക്കുന്നതെന്തുകൊണ്ട്? (വെളിപ്പാട് 21:3, 4)
25 മഹത്വീകരിക്കപ്പെട്ട ഒരു ഭൂമിയിലേക്ക്, പൂർണ്ണാരോഗ്യത്തിലും സന്തുഷ്ടിയിലും എന്നേക്കും ജീവിക്കുന്നതിനുളള പ്രതീക്ഷയോടെ അങ്ങനെയുളള ഒരു പെരുവഴിയിൽ യാത്ര ചെയ്യുന്നതിന് നിങ്ങൾ ഇഷ്ടപ്പെടുകയില്ലേ? യഥാർത്ഥത്തിൽ അത്തരം ജീവിതത്തിൽ വളരെയധികംകൂടെ ഉൾപ്പെടുന്നു!
26. നിങ്ങൾ യഥാർത്ഥമായി സത്യം പഠിക്കുന്നത് എത്ര പ്രധാനമാണ്? (യോഹന്നാൻ 8:31, 32)
26 ദൈവത്തിന്റെ മുഖ്യ ജീവകാര്യസ്ഥനിൽ വിശ്വാസമർപ്പിക്കുന്നതിനാലാണ് നമുക്ക് ആ ജീവനിലേക്കുളള “വഴി” കണ്ടെത്താൻ കഴിയുന്നത്. ജീവിതത്തിന് ഉദ്ദേശ്യമുളളപ്പോൾ, ഭാവിയിലേക്കു വളരെ നീണ്ടുകിടക്കുന്ന, സംതൃപ്‌തികരവും പ്രതിഫലദായകവുമായ ജീവന്റെ ഉറപ്പുളള പ്രത്യാശയുളളപ്പോൾ, ജീവിതം വളരെ വ്യത്യസ്‌തമാണ്. നമുക്ക് ആ പ്രത്യാശ എങ്ങനെ സാക്ഷാൽക്കരിക്കാൻ കഴിയും? യേശുതന്നെ തന്റെ പിതാവിനോടുളള പ്രാർത്ഥനയിൽ ഉത്തരം നൽകുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും കുറിച്ചുളള അറിവ് ഉൾക്കൊളളുന്നതിന്റെ അർത്ഥം നിത്യജീവൻ എന്നാണ്.” (യോഹന്നാൻ 17:3) തിരുവെഴുത്തുകളെ ഉൽസാഹപൂർവം പരിശോധിക്കുന്നതിനാൽ നമുക്കു സത്യം പഠിക്കാൻ കഴിയും; അത് അനുദിനം ബാധകമാക്കുന്നതിനാൽ നമുക്ക് ഇപ്പോൾത്തന്നെ യഥാർത്ഥമായി ജീവിച്ചുതുടങ്ങാൻ കഴിയും!
നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ലോകാവസ്ഥകൾ
27. നാം ഇപ്പോൾ ഏതു സാഹചര്യത്തിലായിരിക്കുന്നു? (2 തിമൊഥെയോസ് 3:1)
27 ലോകാവസ്ഥകൾ കൂടുതൽ വഷളാകുകയാണെന്ന് സമ്മതിക്കപ്പെടുന്നു. വൻനഗരങ്ങളിൽ ദാരിദ്ര്യവും കുററകൃത്യവും വർദ്ധിക്കുകയാണ്. നിങ്ങൾ എവിടെ ജീവിച്ചാലും, നിങ്ങൾ നിങ്ങളുടെ ഭക്ഷ്യപദാർത്ഥങ്ങൾക്ക് കൂടുതൽ വില കൊടുക്കുന്നു, കഷ്‌ടിച്ചു ജീവിക്കുന്നതിനുളള ചെലവുതന്നെ കുതിച്ചുയരുകയാണ്. അനേകം സ്ഥലങ്ങളിൽ തെരുവുകളിൽ നിയമരാഹിത്യം അഴിഞ്ഞാടുകയാണ്. ഏതുസമയത്തും വർദ്ധിച്ച അക്രമവും യുദ്ധംപോലും പൊട്ടിപ്പുറപ്പെട്ടേക്കാമെന്നു തോന്നുന്നു. അതു മനുഷ്യവർഗ്ഗം നാശത്തിലേക്കുളള വഴിയിലെ അന്തിമമായ പാച്ചിൽ നടത്തുന്നതുപോലെയാണ്.
28. ഈ കുഴപ്പത്തിന്റെയെല്ലാം പിമ്പിലാരാണ്, അവന്റെ ലക്ഷ്യം എന്താണ്? (2 കൊരിന്ത്യർ 4:4)
28 ഇതിന്റെയെല്ലാം പിമ്പിലെ ശക്തി എന്താണ്? അത് ഒരു ദുഷ്ടാത്മ മൂർത്തിയാണ്, “മുഴു നിവസിതഭൂമിയെയും വഴിതെററിക്കുന്ന പിശാചും സാത്താനുമെന്നു വിളിക്കപ്പെടുന്നവനായ മഹാസർപ്പം . . . പഴയ പാമ്പ്,” ആണ്. അവനാണ് രാഷ്‌ട്രങ്ങളുടെ നയതന്ത്രത്തിന്റെ ചരടു പിടിക്കുന്നത്. എന്നുവരികിലും, ക്രിസ്‌തുവിന്റെ സ്വർഗ്ഗീയരാജ്യം മുഖേനയുളള മനുഷ്യവർഗ്ഗത്തിന്റെ പൊരുത്തമുളളതും സ്‌നേഹപൂർവ്വകവുമായ ഒരു ഭരണത്താൽ സാത്താന്റെ അധികാരത്തിനു നീക്കം വരുത്താനുളള ദൈവത്തിന്റെ സമയം ഇപ്പോൾ സമാഗതമായിരിക്കുകയാണ്. സന്തുഷ്ടിയോടുകൂടിയ നിത്യജീവൻ ആസ്വദിക്കുന്നതിന് ജീവനെ സ്‌നേഹിക്കുന്നവരെ പെരുവഴിയിലേക്കു തിരിച്ചു വരുത്തുന്നതിനുളള അവന്റെ സമയമാണിത്. എന്നാൽ സാത്താൻ ഒഴിഞ്ഞുകൊടുക്കുന്നതിനു വിസമ്മതിക്കുകയാണ്. അതുകൊണ്ട് ഇന്ന്, “ഭൂമിക്ക് ഹാ കഷ്ടം . . . എന്തുകൊണ്ടെന്നാൽ പിശാചിന് അല്‌പകാലഘട്ടമാണുളളതെന്നറിഞ്ഞുകൊണ്ട് അവൻ മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാട് 12:9, 12) അവന്റെ ലക്ഷ്യം മനുഷ്യവർഗ്ഗത്തെ നാശത്തിലാഴ്‌ത്തുകയാണ്.
29. ഈ കാലത്തേക്കുളള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്? (സങ്കീർത്തനം 37:9-11)
29 അതു സംബന്ധിച്ചു സംശയമില്ല! നിങ്ങൾ ഇന്ന് ഭൂമിയിൽ എവിടെ നോക്കിയാലും, “മുഴു ലോകവും ദുഷ്‌ടനായവന്റെ,” സാത്താന്റെ “അധികാരത്തിൽ കിടക്കുന്നു”വെന്നതിന് തെളിവുണ്ട്. (1 യോഹന്നാൻ 5:19) എന്നാൽ സാത്താൻ അവന്റെ ദുഷ്‌ടമായ ലക്ഷ്യത്തിൽ വിജയിക്കാൻ ദൈവം അനുവദിക്കുകയില്ല! ഈ ലോകസമുദായത്തിന്റെ നാശം ആസന്നമായിരിക്കുന്നുവെന്നതു സത്യംതന്നെ. എന്നാൽ ദൈവം മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ഉദ്ദേശിക്കുന്നു. ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്ന പ്രവചനങ്ങളിൽ താൻ ഇത് എങ്ങനെ ചെയ്യുമെന്ന് അവൻ പ്രകടമാക്കുന്നു.
ബൈബിൾ പ്രവചനം ജീവനെ രക്ഷിക്കാൻ സഹായിക്കുന്നത് എങ്ങനെ
30. നമ്മുടെ നാളിനെ സംബന്ധിച്ച ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയാകുമെന്ന് നിങ്ങൾക്കുറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്? (2 പത്രോസ് 1:19-21; ദാനിയേൽ 9:24-27)
30 അനേകം ബൈബിൾ പ്രവചനങ്ങൾക്ക് എടുത്തുപറയത്തക്ക നിവൃത്തി ഉണ്ടായിട്ടുണ്ട്. ദൃഷ്‌ടാന്തമായി, യേശു ഈ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതിന് ശതക്കണക്കിനു വർഷം മുമ്പ്, ഈ പ്രവചനങ്ങൾ അവന്റെ പ്രസംഗ പ്രവർത്തനത്തിന്റെ കൃത്യ തീയതികളും—പൊ. യു. 29 മുതൽ 33 വരെ—അവന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും നിരവധി വിശദാംശങ്ങളും മുൻകൂട്ടിപ്പറഞ്ഞു. ഈ കാര്യങ്ങളെല്ലാം നിവൃത്തിയായി. കൂടാതെ, യേശുതന്നെ ചില പ്രമുഖ പ്രവചനങ്ങൾ പറയുകയുണ്ടായി. ഇവയിലൊന്ന് “വ്യവസ്ഥിതിയുടെ സമാപന”ത്തെക്കുറിച്ചായിരുന്നു. അതിന് ഒന്നാം നൂററാണ്ടിൽ യഹൂദവ്യവസ്ഥിതിയിൻമേൽ ശ്രദ്ധാർഹമായ ഒരു നിവൃത്തി ഉണ്ടായി.
31, 32. പൊ. യു. 70-ൽ പ്രവചനം ജീവൻ രക്ഷിക്കാൻ സഹായിച്ചതെങ്ങനെ? (ലൂക്കോസ് 21:20-24)
31 മത്തായി 24:3,15-22 അനുസരിച്ച്, “മ്ലേച്ഛത”യായ സാമ്രാജ്യത്വ റോമായുടെ സൈന്യങ്ങളാൽ യരൂശലേം നിരോധിക്കപ്പെടുന്നതിനെക്കുറിച്ചു യേശു ചൂണ്ടിക്കാണിച്ചു. ക്രിസ്‌ത്യാനികൾ ഇതു കാണുമ്പോൾ അവർ “പർവ്വതങ്ങളിലേക്ക് ഓടിപ്പോകാൻ” തുടങ്ങണമെന്ന് അവൻ തന്റെ പ്രവചനത്തിൽ പറയുകയുണ്ടായി. മുപ്പത്തിനാലു വർഷത്തിനുശേഷം ആ സൈന്യങ്ങൾ യഥാർത്ഥത്തിൽ വന്നപ്പോൾ അവർ നഗരത്തിനു ചുററും “കൂർത്ത പത്തലുകളാലുളള കോട്ട”കെട്ടുന്നതുപോലെയും, യരൂശലേം ദേവാലയത്തിന്റെ പശ്ചിമചുവരോളം “വിശുദ്ധ സ്ഥല”ത്തുതന്നെ നിൽക്കാൻ നുഴഞ്ഞുകടക്കുന്നതുപോലെയുമുളള യേശുവിന്റെ പ്രവചനത്തിന്റെ അനേകം വശങ്ങളെ അവർ നിവർത്തിച്ചു. (ലൂക്കോസ് 19:43; മത്തായി 24:15) എന്നാൽ ക്രിസ്‌ത്യാനികൾക്ക് ഈ അസാദ്ധ്യമെന്നു കാണപ്പെട്ട സാഹചര്യത്തിൽ എങ്ങനെ നഗരം വിട്ടുപോകാൻ കഴിയും?
32 പെട്ടെന്ന്, എന്നാൽ പ്രത്യക്ഷകാരണം കൂടാതെ, റോമൻസൈന്യങ്ങൾ പിൻമാറി! യേശുവിന്റെ കൽപനയനുസരിച്ചുകൊണ്ട് ക്രിസ്‌ത്യാനികൾക്ക് ഇപ്പോൾ യോർദ്ദാൻനദികടന്ന് പ്രാണരക്ഷാർത്ഥം പർവ്വതങ്ങളിലേക്ക് ഓടിപ്പോകാൻ കഴിഞ്ഞു. പിന്നീട് തീത്തൂസ് സൈന്യാധിപന്റെ കീഴിൽ റോമൻ സൈന്യങ്ങൾ തിരിച്ചുവന്നു. പൊ. യു. 70-ൽ യരൂശലേമും അതിലെ ആലയവും നിലംപരിചാക്കപ്പെട്ടു. ഉപരോധവും ക്ഷാമവും വാളും ദേശീയവാദികളായ 11,00,000 യഹൂദൻമാരുടെ ജീവൻ അപഹരിച്ചു. ചരിത്രകാരനായ ജോസീഫസ് പറയുന്നപ്രകാരം 97,000 പേർ അടിമത്തത്തിലേക്ക് കൊണ്ടുപോകപ്പെട്ടു. എന്നാൽ ബൈബിൾ പ്രവചനമനുസരിച്ചതിനാൽ യഥാർത്ഥത്തിൽ ജീവനെ സ്‌നേഹിച്ചവർ രക്ഷപ്പെട്ടു!
33. ഇന്നത്തെ ഏതു സാഹചര്യം യഹൂദവ്യവസ്ഥിതിയുടെ അന്ത്യനാളുകൾക്ക് സമാന്തരമാണ്? (ലൂക്കോസ് 21:25, 26)
33 യേശു ഒന്നാം നൂററാണ്ടിലെ മുൻകൂട്ടിപ്പറയപ്പെട്ട ഈ സംഭവങ്ങളെ പൊ. യു. 1914 മുതലുളള തലമുറയിൽ സംഭവിക്കാനിരുന്ന ലോകത്തെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളുടെ ഒരു മാതൃകയായി ഉപയോഗിക്കുകയായിരുന്നു. ഇന്നും ആളുകളുടെ ജീവനെ രക്ഷിക്കേണ്ടതുണ്ട്! എന്തുകൊണ്ടെന്നാൽ ഇപ്പോൾ “വ്യവസ്ഥിതിയുടെ സമാപന”ത്തിങ്കൽ, സാത്താന്റെ നിയന്ത്രണത്തിൻകീഴിലുളള മുഴുലോകവ്യവസ്ഥിതിയുടെയും സമാപനത്തിങ്കൽ, നാം വന്നെത്തിയിരിക്കുകയാണ്. ഇത് സത്യമാണെന്ന് 1914 മുതലുളള സംഭവങ്ങൾ എത്ര വ്യക്തമായി പ്രകടമാക്കുന്നു! യേശുവിന്റെ പ്രവചനത്തിന്റെ അന്തിമനിവൃത്തിയായി ആ വർഷത്തിൽ ഒന്നാം ലോകമഹായുദ്ധത്തിലെ കൂട്ടക്കൊലക്ക്, ‘ജനത ജനതയ്‌ക്കെതിരായി എഴുന്നേററ’പ്പോൾ “കൊടും വിപത്തിന്റെ കഠോരവേദനകളുടെ ഒരു തുടക്കം” ഉണ്ടായി. മുൻകൂട്ടിപ്പറയപ്പെട്ടിരുന്നതുപോലെ, അതിനെ തുടർന്ന് “വലിയ ഭൂകമ്പങ്ങളും, . . . മഹാമാരികളും ഭക്ഷ്യക്ഷാമങ്ങളും” ഉണ്ടായി. ഒന്നാമത്തേതിനേക്കാൾ വളരെ ഭയങ്കരമായിരുന്ന ഒരു രണ്ടാം ലോകമഹായുദ്ധം പിന്തുടർന്നു. ഇപ്പോൾ “നിയമരാഹിത്യത്തിന്റെ വർദ്ധനവ്” ഭൂമിയെ ബാധിച്ചിരിക്കുകയാണ്. (മത്തായി 24:7-13; ലൂക്കോസ് 21:10, 11) രാഷ്‌ട്രങ്ങൾ അതിവേദനയിലാണ്. അവയിലൊന്നിനും പോംവഴി അറിയാൻ പാടില്ല.
34. ജീവൻ രക്ഷിക്കാൻ ദൈവം എങ്ങനെ പ്രവർത്തിക്കുന്നു? (ദാനിയേൽ 2:44)
34 എന്നാൽ ദൈവത്തിനറിയാം! ഭൂമിയിലെ സ്വാർത്ഥ രാജ്യങ്ങളെ അഥവാ ജനതകളെ ന്യായം വിധിക്കുന്നതിനെക്കുറിച്ചു സംസാരിച്ചുകൊണ്ട് താൻ “ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കു”മെന്നും അത് “ഈ രാജ്യങ്ങളെയെല്ലാം തകർത്ത് അവസാനിപ്പിക്കുമെന്നും” ദൈവം പ്രഖ്യാപിക്കുന്നു. (ദാനിയേൽ 2:44) അന്ന് അത് യേശുവിന്റെ രാജ്യഭരണത്തെ സ്വീകരിച്ചിട്ടുളള എല്ലാവർക്കും സമാധാനപരമായ അവസ്ഥകളിൽ ജീവൻ പ്രദാനം ചെയ്യും. അങ്ങനെയുളള ജീവാന്വേഷികളെയെല്ലാം സഹായിക്കുന്നതിന് ഇന്ന് സത്യക്രിസ്‌ത്യാനികൾ യേശുവിന്റെ വലിയ പ്രവചനത്തിന്റെ കൂടുതലായ ഭാഗത്തിന്റെ നിവൃത്തിയായി ജീവരക്താകരമായ ഒരു വേലയിൽ ഏർപ്പെടുന്നുണ്ട്. “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും, അപ്പോൾ അവസാനം വരും.”—മത്തായി 24:14.
35. (എ) എപ്പോൾ, എങ്ങനെ അവസാനം വരും? (ബി) പ്രവചനം അനുസരിക്കുന്നത് നിങ്ങളെ എങ്ങനെ സഹായിച്ചേക്കാം? (ലൂക്കോസ് 21:34-36)
35 തീർച്ചയായും, എപ്പോൾ “അവസാനം വരു”മെന്നറിയാൻ നമുക്ക് ഏററവുമധികം താൽപര്യമുണ്ട്. എന്തുകൊണ്ടെന്നാൽ നമ്മുടെ ജീവൻ ഉൾപ്പെട്ടിരിക്കുന്നു! ഇയ്യോബ് 24:1-ൽ നാം വായിക്കുന്നു: “കണക്കുതീർക്കലിന്റെ ദിവസം സർവ്വശക്തന് രഹസ്യമല്ല, അവനെ അറിയുന്നവർക്ക് അതിന്റെ തീയതിയുടെ സൂചന ഇല്ലെങ്കിലും.” (ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) എന്നാൽ അത് സമീപിച്ചിരിക്കണം! എന്തുകൊണ്ടെന്നാൽ പൊ. യു. 1914-ൽ “കൊടുംവിപത്തിന്റെ കഠോരവേദനകൾ” തുടങ്ങുന്നതു കണ്ടവരെ സംബന്ധിച്ച് “ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ യാതൊരു പ്രകാരത്തിലും നീങ്ങിപ്പോകുകയില്ല” എന്ന് യേശു പറയുന്നു. (മത്തായി 24:34) “ഇവ”യിൽ ഉൾപ്പെടുന്നതാണ് ഇന്നത്തെ ദുഷിച്ച സമുദായത്തിന്റെ നാശം, യേശു തൊട്ടുമുൻപ് വർണ്ണിച്ചപ്രകാരം “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും വീണ്ടും സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവം അന്നുണ്ടായിരിക്കും. യഥാർത്ഥത്തിൽ, ആ ദിവസങ്ങൾ ചുരുക്കപ്പെട്ടില്ലെങ്കിൽ യാതൊരു ജഡവും രക്ഷിക്കപ്പെടുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർ നിമിത്തം ആ ദിവസങ്ങൾ ചുരുക്കപ്പെടും.” (മത്തായി 24:21, 22) “മഹോപദ്രവം” ചുരുക്കപ്പെടുന്നില്ലെങ്കിൽ മനുഷ്യവർഗ്ഗം താനേ ഭൂമിയിൽനിന്ന് നശിച്ചുപോകും! എന്നാൽ ദൈവത്തെ സ്‌നേഹിക്കുന്നവർക്കെല്ലാം ജീവരക്ത പ്രാപിക്കാവുന്നതാണെന്നുളളത് സന്തോഷകരം തന്നെ. “യഹോവ തന്നെ സ്‌നേഹിക്കുന്ന എല്ലാവരേയും കാത്തുസൂക്ഷിക്കുന്നു, എന്നാൽ സകല ദുഷ്‌ടൻമാരേയും അവൻ നിർമ്മൂലമാക്കും.” (സങ്കീർത്തനം 145:20) നിങ്ങൾ ബൈബിൾ പ്രവചനം അനുസരിക്കുന്നുവെങ്കിൽ നിങ്ങൾക്കും രക്ഷപ്പെടാനും തുടർന്നു ജീവിച്ചിരിക്കാനും കഴിയും.
നിത്യജീവനു വേണ്ടി അതിജീവിക്കുന്നതിനുളള വഴി
36. നിങ്ങൾ 1 യോഹന്നാൻ 2:15-17 നിങ്ങളുടെ അനുദിന ജീവിതത്തിൽ എങ്ങനെ ബാധകമാക്കും? (മർക്കോസ് 12:28-31)
36 നിങ്ങൾ അതിജീവിക്കുന്നവരിൽ ഉൾപ്പെടുമോ? അത് നിങ്ങൾ നാശത്തിലേക്കു പതിക്കുന്ന വിശാലമായ പാതയിൽ നിന്ന് അകന്നുമാറുമോയെന്നതിനെ ആശ്രയിച്ചിരിക്കുന്നു. അത് നിങ്ങൾ ജീവനിലേക്കു നയിക്കുന്ന മാർഗ്ഗത്തിലെ വഴിയടയാളങ്ങൾ അനുസരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ യഥാർത്ഥത്തിൽ ജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ അതു വളരെ പ്രയാസമല്ല. അതു ദൈവത്തേയും അയൽക്കാരനെയും സ്‌നേഹിക്കാൻ പഠിക്കുന്നതിനെ അർത്ഥമാക്കുന്നു. 1 യോഹന്നാൻ 5:3 പ്രസ്‌താവിക്കുന്നതുപോലെ, “ദൈവത്തോടുളള സ്‌നേഹത്തിന്റെ അർത്ഥമിതാണ്, നാം അവന്റെ കല്‌പനകൾ അനുസരിക്കുക തന്നെ.” അവൻ നമ്മിൽനിന്നാവശ്യപ്പെടുന്ന ചില കാര്യങ്ങൾ യോഹന്നാന്റെ ഈ ലേഖനത്തിൽ (2:15-17) നേരത്തെ പ്രസ്‌താവിച്ചിട്ടുണ്ട്:
“ലോകത്തേയോ ലോകത്തിലുളളവയേയോ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിക്കുന്നുവെങ്കിൽ പിതാവിന്റെ സ്‌നേഹം അവനിലില്ല; എന്തുകൊണ്ടെന്നാൽ ലോകത്തിലുളളതെല്ലാം—ജഡമോഹവും കൺമോഹവും ഒരുവന്റെ ഉപജീവനമാർഗ്ഗത്തിന്റെ പ്രതാപപ്രകടനവും—പിതാവിൽനിന്ന് ഉത്ഭവിക്കാതെ ലോകത്തിൽനിന്ന് ഉത്ഭവിക്കുന്നു. കൂടാതെ, ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുകയാകുന്നു, എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതിചെയ്യുന്നു.”
“മഹോപദ്രവ”ത്തിലൂടെ കടന്നു പുനഃസ്ഥിതീകരക്കപ്പെട്ട പരദീസയിലേക്കു പ്രവേശിപ്പാൻ തക്കവണ്ണം ദൈവത്തിന്റെ സംരക്ഷണവും ആനുകൂല്യവും സ്വീകരിച്ചുകൊണ്ട് എന്നേക്കും ജീവിച്ചിരിക്കാൻ ദൈവം വെറുക്കുന്ന കാര്യങ്ങളിൽ നിന്ന്—ദുർമ്മാർഗ്ഗം, അത്യാഗ്രഹം, വഞ്ചന, ഭോഷ്‌കുപറച്ചിൽ, മോഷണം, ലോകത്തിലെ ശണ്‌ഠകൾ എന്നിവയിൽനിന്ന് നാം അകന്നുമാറേണ്ടതാണ്. ഇതു ചെയ്യുന്നതിനാൽ നമുക്ക് ഇപ്പോൾത്തന്നെ ജീവിതത്തെ വിലയുളളതാക്കിത്തീർക്കാൻ കഴിയും.
37. (എ) നാം ഏതു വിധത്തിൽ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കണം? (യോഹന്നാൻ 15:17-19) (ബി) നിങ്ങൾക്ക് ദൈവരാജ്യത്തോടുളള പിന്തുണ എങ്ങനെ പ്രകടമാക്കാൻ കഴിയും? (മത്തായി 6:33)
37 യേശുതന്നെ തന്റെ ശിഷ്യൻമാരെ സംബന്ധിച്ച് “അവർ ലോകത്തിന്റെ ഭാഗമല്ല, ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ” എന്നു പറയുകയുണ്ടായി. (യോഹന്നാൻ 17:16) നാം ഇത് നമ്മുടെ ജീവിതത്തിൽ എങ്ങനെ ബാധകമാക്കും? അതിന്റെ അർത്ഥം യഥാർത്ഥത്തിൽ നാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ലക്ഷ്യങ്ങളിൽനിന്നും പരിപാടികളിൽനിന്നും നാം വേർപെട്ടിരിക്കണമെന്നാണ്. ഈ ലോകം അതിന്റെ ദൈവവും ഭരണാധിപനുമായ, “ദുഷ്‌ടനാ”യ സാത്താന്റെ കീഴിലാണു സ്ഥിതിചെയ്യുന്നത്. നമ്മുടെ അനുദിനജീവിതത്തിൽ, ദൈവത്തിന്റെ ഭരണത്തിനു വിരുദ്ധമായ ലൗകിക പ്രവർത്തനങ്ങളിൽ നാം പങ്കാളികളാകാതെയിരിക്കേണ്ടയാവശ്യമുണ്ട്. മത്തായി 24:3-ഉം കൂടാതെ 25:31-ഉം പ്രകടമാക്കുന്നതുപോലെ “വ്യവസ്ഥിതിയുടെ സമാപന”ത്തിന്റെ അടയാളം രാജ്യാധികാരത്തോടെയുളള യേശുവിന്റെ സ്വർഗ്ഗത്തിലെ “സാന്നിദ്ധ്യ”ത്തിന്റെ അടയാളം കൂടെയാണ്. അതുകൊണ്ട് 1914 എന്ന വർഷംമുതൽ “ലോകരാജ്യം നമ്മുടെ കർത്താവിന്റെയും [ദൈവം] അവന്റെ ക്രിസ്‌തുവിന്റെയും രാജ്യമായിത്തീരുക തന്നെ ചെയ്‌തു, അവൻ എന്നുമെന്നേക്കും രാജാവായി ഭരിക്കും” എന്ന പ്രവചനവും നിവൃത്തിയായിരിക്കുന്നു. (വെളിപ്പാട് 11:15) ഇപ്പോൾ ആ രാജ്യത്തിനു പിന്തുണ കൊടുക്കാനുളള സമയമാണ്! നമ്മുടെ ഭാവിജീവൻ ദൈവരാജ്യത്തെ ആശ്രയിച്ചിരിക്കുന്നു. അപ്പോൾ നമുക്ക് നമ്മുടെ കാലത്തെ യുദ്ധങ്ങളെയോ വിപ്‌ളവങ്ങളെയോ രാഷ്‌ട്രീയപ്രസ്ഥാനങ്ങളെയോ ലോകപദ്ധതികളെയോ മനഃസാക്ഷിപൂർവം പിന്തുണക്കാൻ കഴിയുമോ? ഇവ അവയുടെ ലക്ഷ്യങ്ങളിൽ പരാജയപ്പെടുമെന്നു തീർച്ചയാണ്. എന്തുകൊണ്ടന്നാൽ ദൈവരാജ്യത്തിനു മാത്രം ചെയ്യാൻ കഴിയുന്നതാണ് അവർ ചെയ്യുമെന്ന് അവകാശപ്പെടുന്നത്. മുഴു വ്യവസ്ഥിതിയും നാശത്തിനു വിധിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അതിന്റെ കേടുപോക്കാൻ ശ്രമിക്കുന്നതിൽ പങ്കെടുക്കുന്നതെന്തിന്? പകരം നമുക്ക് സുനിശ്ചിതമായ പരിഹാരത്തിന്—ദൈവരാജ്യത്തിന്—മുഴുഹൃദയത്തോടുകൂടിയ പിന്തുണ കൊടുക്കാം!
38. നാം ഇന്നത്തെ ഭരണാധികാരികളോട് എന്തു മനോഭാവം കൈക്കൊളളണം? (ലൂക്കോസ് 20:25)
38 നാം അരാജകത്വവാദികളാകണമെന്നാണോ അതിന്റെ അർത്ഥം? അശേഷമല്ല! എന്തുകൊണ്ടെന്നാൽ “ദൈവം കലക്കത്തിന്റെയല്ല, പിന്നെയോ സമാധാനത്തിന്റെ ദൈവമാകുന്നു.” (1 കൊരിന്ത്യർ 14:33) നിലവിലുളള ഗവൺമ്മെൻറുകൾ തുടരുന്നടത്തോളം കാലം നാം അവയുടെ നിയമങ്ങളനുസരിക്കാനും അവയുടെ ഭരണാധിപൻമാരെ ബഹുമാനിക്കാനും ദൈവം പ്രതീക്ഷിക്കുന്നു. റോമർ 13:1 ഇങ്ങനെ പറയുന്നു: “ഏതു ദേഹിയും ശ്രേഷ്‌ഠാധികാരങ്ങൾക്ക് കീഴ്‌പ്പെട്ടിരിക്കട്ടെ.” ഇതിന്റെ അർത്ഥം കൈസറിന്റെ നിയമങ്ങൾ ദൈവനിയമത്തിനു വിരുദ്ധമല്ലെങ്കിൽ അവയെല്ലാം അനുസരിച്ചുകൊണ്ടും നികുതികൾ കൊടുത്തുകൊണ്ടും “കൈസർ”ക്കുളളത് (ഗവൺമ്മെൻറിനുളളത്) കൈസർക്കു കൊടുക്കണമെന്നാണ്.—മർക്കോസ് 12:17.
39. നിങ്ങൾക്ക് എങ്ങനെ അയൽസ്‌നേഹം പ്രകടമാക്കാൻ കഴിയും? (1 കൊരിന്ത്യർ 13:4-7)
39 ദൈവത്തോടുളള സ്‌നേഹത്തിനു പുറമേ, നാം നമ്മുടെ അയൽക്കാരനോട് സ്‌നേഹം പ്രകടമാക്കേണ്ടതാണ്. നമ്മുടെ കുടുംബത്തെക്കാൾ മെച്ചമായി എവിടെ നമുക്കു തുടങ്ങാൻ കഴിയും! എന്നാൽ നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും? കൊലൊസ്സ്യർ 3:18-21-ൽ ബൈബിൾ ലളിതമായി ഉത്തരം നൽകുന്നു:
“ഭാര്യമാരേ, കർത്താവിൽ ഉചിതമായിരിക്കുന്ന പ്രകാരം നിങ്ങളുടെ ഭർത്താക്കൻമാർക്കു കീഴ്‌പ്പെട്ടിരിക്കുക. ഭർത്താക്കൻമാരെ, നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുന്നതിൽ തുടരുക, അവരോടു കഠിനമായി കോപിക്കരുത്. കുട്ടികളേ, നിങ്ങളുടെ മാതാപിതാക്കൻമാരെ എല്ലാററിലും അനുസരിക്കുക, എന്തുകൊണ്ടെന്നാൽ ഇതു കർത്താവിൽ സുപ്രസാദകരമാണ്. പിതാക്കൻമാരേ, നിങ്ങളുടെ മക്കൾ നിരുത്സാഹിതരായിത്തീരാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്.”
തീർച്ചയായും ഐക്യമുളള ഒരു കുടുംബം കെട്ടുപണിചെയ്യുന്നതിനുളള ഒരു നല്ല അടിസ്ഥാനം തന്നെ! കുടുംബത്തിൽ മാത്രമല്ല, മററുളളവരോടെല്ലാമുളള ബന്ധത്തിൽ നമുക്ക് കൊലൊസ്സ്യർ 3:12, 14.
“സഹാനുഭൂതി, ദയ, മനസ്സിന്റെ എളിമ, സൗമ്യത, ദീർഘക്ഷമ” എന്നീ ഗുണങ്ങൾ നട്ടുവളർത്താൻ കഴിയും. എന്നാൽ മുഖ്യ സംഗതി എന്താണ്? “ഇവക്കെല്ലാം പുറമെ, സ്‌നേഹം ധരിച്ചുകൊളളുക, എന്തുകൊണ്ടെന്നാൽ അത് ഐക്യത്തിന്റെ ഒരു സമ്പൂർണ്ണ ബന്ധമാകുന്നു.”—40. യഹോവയുടെ സാക്ഷികൾ ഏതുതരം ആളുകളാണ്? (യോഹന്നാൻ 13:34, 35)
40 യഥാർത്ഥത്തിൽ തങ്ങളുടെ ജീവിതത്തിൽ ഈ ദൈവസ്‌നേഹവും അയൽസ്‌നേഹവും ബാധകമാക്കുന്ന ഏതെങ്കിലും ജനസമൂഹം ഇന്ന് ഭൂമിയിലുണ്ടോയെന്ന് നിങ്ങൾ ചോദിച്ചേക്കാം. അങ്ങനെയൊരു സമൂഹമുണ്ട്. നിങ്ങളുടെ പരിസരത്ത് ഒരു രാജ്യഹാൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്താൻ അവിടംവരെ അന്വേഷിച്ചാൽ മതി. അവർ ദശലക്ഷങ്ങൾ വരുന്ന ഒരു സാർവദേശീയ സംഘമാണ്. അവർ അധികപങ്കും വെറും സാധാരണക്കാരാണ്, തങ്ങളുടെ മിക്ക അയൽക്കാരിൽ നിന്നും പശ്ചാത്തലം സംബന്ധിച്ചു വ്യത്യസ്‌തരല്ല. സാധാരണയായി അവർ തങ്ങളുടെ ജനസമുദായത്തിലെ മററുളളവരെപ്പോലെ അതേ ദൈനംദിന തൊഴിലുകളിൽ ഏർപ്പെടുന്നു. എന്നാൽ അവരുടെ പ്രഥമസ്‌നേഹം തങ്ങളുടെ ദൈവത്തോടാണ്. അവന്റെ ഇഷ്‌ടം ഭൂമിയിൽ ചെയ്യപ്പെടുന്നതിന് അവർ നോക്കിപ്പാർത്തിരിക്കുകയാണ്, അവർ അതനുസരിച്ചാണ് തങ്ങളുടെ ജീവിതം നയിക്കുന്നത്. അതുകൊണ്ട് അവർ ബൈബിൾ പഠിക്കുന്നതിലും തങ്ങളുടെ ദൈനംദിനജീവിതത്തിൽ അതിലെ തത്വങ്ങൾ ബാധകമാക്കുന്നതിലും തങ്ങളുടെ അയൽക്കാരോട് അതിന്റെ ദൂത് അറിയിക്കുന്നതിലും തീക്ഷ്‌ണതയുളളവരാണ്. അവർ യഹോവയുടെ ക്രിസ്‌തീയ സാക്ഷികളാണ്. നിങ്ങളുടെ ജനസമുദായത്തിലെ രാജ്യഹാളിൽ അവരെ കണ്ടുമുട്ടാൻ പാടില്ലയോ? കർമ്മാനുഷ്‌ഠാനമോ കാണിക്കശേഖരപ്പാത്രങ്ങളുടെ കൊണ്ടുനടപ്പോ കർശനമായ ഔപചാരികത്വമോ ഇല്ലെന്ന് നിങ്ങൾ മനസ്സിലാക്കും. പകരം ഇപ്പോൾത്തന്നെ ജീവിതത്തിൽ വളരെയധികം സന്തുഷ്ടി ലഭിക്കുന്നവരും ഒരു പരദീസാ ഭൂമിയിലെ പൂർണ്ണതയിലുളള നിത്യജീവനുവേണ്ടി നോക്കിപ്പാർത്തിരിക്കുന്നവരുമായ സൗഹാർദ്ദമുളള ഒരു ജനത്തെ നിങ്ങൾ കണ്ടെത്തും.
41. സാക്ഷികൾ വലിയ പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിച്ചിരിക്കുന്നു? (പ്രവൃത്തികൾ 10:34, 35)
41 ഈ പ്രത്യാശയുളളവരും അതനുസരിച്ചു ജീവിക്കുന്നവരുമായ ജനത്തോടു സഹവസിക്കാൻ നിങ്ങൾക്കിഷ്ടമില്ലയോ? ബൈബിൾ തത്വങ്ങളനുസരിച്ചു ജീവിക്കുന്നതിനാൽ കൈവന്നിട്ടുളള ഒരു ലോകവിസ്‌തൃതമായ ഐക്യം അവർക്കുണ്ട്. രാഷ്‌ട്രങ്ങൾ നൂററാണ്ടുകളായി പരിഹരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുളള യുദ്ധം, വർഗ്ഗീയത, ദേശീയത്വം എന്നീ പ്രശ്‌നങ്ങളെ അവർ തങ്ങളുടെ അണികളിൽത്തന്നെ പരിഹരിച്ചിരിക്കുന്നു. അവർ ബൈബിളനുസരിച്ചു ജീവിക്കുന്നതുകൊണ്ട് അവർ അക്രമം, കുററകൃത്യം, വഞ്ചന എന്നിവയോട് ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽനിന്ന് അടിസ്ഥാനപരമായി സ്വതന്ത്രരാണ്. സാമൂഹ്യരോഗങ്ങളും അവരെ ബാധിക്കുന്നില്ല. അപൂർവ്വമാണെങ്കിലും, അവരുടെ കൂട്ടത്തിൽപ്പെട്ട ഒരാൾ ഗുരുതരമായി തെററുചെയ്യുമ്പോൾ, അയാൾ അനുതപിക്കുമ്പോൾ സ്‌നേഹപൂർവ്വം പുനഃസ്ഥിതീകരിക്കപ്പെടുന്നു. ദൈവം മുഴു ഭൂമുഖത്തും വസിക്കാൻ “ഒരു മനുഷ്യനിൽനിന്ന് സകല മനുഷ്യജനതകളെയും ഉണ്ടാക്കി”യെന്നറിഞ്ഞുകൊണ്ട് അവർ ഓരോ മനുഷ്യവ്യക്തിയെയും കുറിച്ചുളള അവരുടെ വീക്ഷണം അയാളുടെ സാമൂഹ്യ നിലയാലും വിദ്യാഭ്യാസത്താലും അല്ലെങ്കിൽ അതിന്റെ അഭാവത്താലും, അയാളുടെ ദേശീയത്വത്താലും അല്ലെങ്കിൽ അയാളുടെ നിറത്താലും ബാധിക്കപ്പെടാൻ അനുവദിക്കുന്നില്ല.—പ്രവൃത്തികൾ 17:26.
ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്!
42. ജീവനെ സ്‌നേഹിക്കുന്നവർക്ക് എന്തു ഭാവി കാത്തിരിക്കുന്നു? (സങ്കീർത്തനം 72:1-8)
42 ജീവനെ സ്‌നേഹിക്കുന്നവരും തങ്ങളുടെ ജീവനെ രക്ഷിക്കാൻ ഇപ്പോൾ പ്രവർത്തിക്കുന്നവരുമായവർക്കുവേണ്ടി ഒരു മഹത്തായ ഭാവി കാത്തിരിക്കുന്നു. ആ ഭാവി എന്തായിരിക്കും? അത് ഇന്ന് മാനുഷകുടുംബത്തിലെ അനേകർക്കും അനുഭവപ്പെടുന്ന മുഷിപ്പൻ ജീവിതമൊന്നുമായിരിക്കയില്ല. “പൂർവകാര്യങ്ങൾ”—ഈ വ്യവസ്ഥിതിയിലെ ദുഃഖവും മരണവും വേദനയും—“നീങ്ങിപ്പോയി”രിക്കും. അതുകൊണ്ട്, തുടർന്ന് എന്തുണ്ടാകും? ദൈവംതന്നെ പ്രഖ്യാപിക്കുന്നു: “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു.” (വെളിപ്പാട് 21:4, 5) പുതിയ വ്യവസ്ഥിതിയിൽ, സ്വർഗ്ഗീയരാജാവായ യേശുക്രിസ്‌തു മുഴു മനുഷ്യവർഗ്ഗകുടുംബത്തിൻമേലും ഒരു “നിത്യപിതാവെ”ന്നപോലെ സ്‌നേഹപൂർവം ഭരിക്കും. “[അവന്റെ] രാജകീയ ഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമുണ്ടാകയില്ല.” ന്യായവും നീതിയും ആ രാജ്യത്തിന്റെ അടിസ്ഥാനങ്ങളായിരിക്കും. (യെശയ്യാ 9:6, 7) ആ അവസ്ഥകളിൽ ജീവിതം എത്ര സംതൃപ്‌തികരവും എത്ര ആസ്വാദ്യവുമായിരിക്കും! നമ്മുടെ സമസൃഷ്ടിയോടുളള സ്‌നേഹത്തോടെ ഭൂമിയിൽ ദൈവേഷ്ടം ചെയ്യുന്നതുകൊണ്ട് ജീവിതത്തിന് ഉദ്ദേശ്യമുണ്ടായിരിക്കും. ശവക്കുഴികളിലുളളവർ പോലും “അവന്റെ ശബ്ദം കേൾക്കുകയും” ആ പരദീസാ ഭൂമി ആസ്വദിക്കാൻ പുറത്തുവരികയും ചെയ്യുമെന്ന് യേശു നമുക്ക് ഉറപ്പ് നൽകുന്നു.—യോഹന്നാൻ 5:28, 29.
43. നിങ്ങൾക്ക് നിങ്ങളുടെ ജീവൻ എങ്ങനെ സംരക്ഷിക്കാം? (സെഫന്യാവ് 2:2, 3)
43 “ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതി” വിശാലമായ പാതയിൽ നിന്ന് നാശത്തിലേക്കു നിപതിക്കാറായിരിക്കുകയാണ്. എന്നാൽ നിങ്ങൾ അതിനോടുകൂടെ നിപതിക്കേണ്ടയാവശ്യമില്ല. ജീവനെ സ്‌നേഹിക്കുന്ന ദൈവത്തിന്റെ സ്വന്തം ജനത്തോടുളള സഹവാസത്തിൽ, ദൈവം രക്തപാതകമുളള ഭൂമിയിലെ ജനതകളെ നശിപ്പിക്കാൻ വരുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ജീവനെ രക്ഷിക്കാവുന്നതാണ്.
“എന്റെ ജനമേ, പോയി നിന്റെ ഉൾമുറികളിൽ പ്രവേശിച്ച് നിന്റെ വാതിലുകളടക്കുക. ക്രോധം കടന്നുപോകുന്നതുവരെ ക്ഷണനേരത്തേക്ക് നീ ഒളിച്ചിരിക്കുക. എന്തുകൊണ്ടെന്നാൽ, നോക്കൂ! തനിക്കെതിരായി ദേശവാസി ചെയ്‌ത അകൃത്യത്തിന് കണക്കു ചോദിക്കാൻ യഹോവ തന്റെ സ്ഥലത്തുനിന്ന് വരുന്നു. ദേശം തീർച്ചയായും അതിന്റെ രക്തപാതകം തുറന്നുകാട്ടും, മേലാൽ അതിലെ ഹതൻമാരെ മൂടിവെക്കുകയുമില്ല.”—യെശയ്യാ 26:20, 21.
44. ഇപ്പോൾ നിങ്ങളുടെ മുമ്പാകെ ഏതു മഹത്തായ അവസരം സ്ഥിതി ചെയ്യുന്നു? (ആവർത്തനം 30:19, 20)
44 അതുകൊണ്ട്, ബൈബിൾ പ്രമാണങ്ങൾക്കനുസൃതമായ യഥാർത്ഥജീവിതം നയിക്കാൻ ഇപ്പോൾ തുടങ്ങുന്നതിനാൽ തീക്ഷ്‌ണതയുളളവരും പുരോഗമന വീക്ഷണമുളളവരുമായ ദൈവജനത്തിന്റെ സമുദായത്തോടുകൂടെ, “മഹോപദ്രവ”ത്തെ അതിജീവിക്കുന്നതിലും ഈ ഭൂമിയിൽനിന്ന് ഒരിക്കലും മരിച്ചുപോകാതിരിക്കുന്നതിലും നിങ്ങൾക്കു പങ്കു ചേരാവുന്നതാണ്. തീർച്ചയായും, ഇപ്പോൾ ജീവിക്കുന്ന ഒരു “മഹാപുരുഷാരം” ഒരിക്കലും മരിക്കാതിരുന്നേക്കാമെന്ന് ഉറപ്പോടെ പറയാൻ കഴിയും!
45. (എ) ഇപ്പോഴും ഭാവിയിലും പ്രാവർത്തികമായിരിക്കുന്നത് എന്താണ്? (1 തിമൊഥെയോസ് 6:11, 12) (ബി) ജീവിതം വളരെയധികം മെച്ചമായിത്തീരുമെന്ന് നിങ്ങൾ വിലമതിക്കുമെന്ന് നിങ്ങൾക്ക് എങ്ങനെ പ്രകടമാക്കാം? (1 തിമൊഥെയോസ് 6:17-19)
45 ഭൂമിയിലെല്ലാമുളള അവന്റെ സാക്ഷികളുടെ സജീവസമുദായത്തിന്റെ രൂപത്തിൽ യഹോവ ഇപ്പോൾത്തന്നെ പ്രാവർത്തികമായ ഒന്ന് ഉളവാക്കിരിക്കുന്നു! അതിന് നിങ്ങൾക്കുവേണ്ടിയും പ്രവർത്തിക്കാൻ കഴിയും! അത് പരദീസാ ഭൂമിയിൽ പ്രമുഖമായി പ്രവർത്തിക്കും, അവിടെ ഒടുവിൽ “ശ്വസിക്കുന്ന സകലവും” വലിയ ജീവദാതാവായ യഹോവയാം ദൈവത്തെ സ്‌തുതിക്കും. (സങ്കീർത്തനം 150:6) സത്യമായി ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു!
REFERENCES
1. Intellectual Digest, December 1971, p. 59.
2. Charles Darwin: His Life, chapter 3, p. 66.
3. The Yomiuri, Tokyo, January 17, 1969.
4. Charles Darwin, Origin of Species, concluding sentence.
5. Isaac Asimov, The Wellsprings of Life, 1960, pp. 224, 225.
6. Lecomte du Noüy, Human Destiny, 1947, p. 34.
7. Prof. John N. Moore, Michigan State University, paper of December 27, 1971, p. 5
8. Isaac Asimov, The Wellsprings of Life, 1960, p. 85.
9. M. S. Keringthan, The Globe and Mail, Toronto, November 26, 1970, p. 46.
10. H. G. Wells, The Outline of History, 3rd Edition, 1921, p. 956.
11. Ibid, p. 957.
12. Philip G. Fothergill, Evolution and Christians, 1961, p.17.
13. Himmelfarb, Darwin and the Darwinian Revolution, p. 398.
14. J. D. Bernal, Marx and Science, 1952, p. 17.
[അടിക്കുറിപ്പുകൾ]
a മററുപ്രകാരത്തിൽ സൂചിപ്പിക്കാതിരുന്നാൽ ഈ പ്രസിദ്ധീകരണത്തിലെ തിരുവെഴുത്ത് ഉദ്ധരണികൾ ആധുനിക ഭാഷയിലുളള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ നിന്നാണ്.
[അധ്യയന ചോദ്യങ്ങൾ]
[6-ാം പേജിലെ ചിത്രം]
വിദഗ്‌ദ്ധരായ ശാസ്‌ത്രജ്ഞൻമാർ നമ്മുടെ സൗരയൂഥത്തിന്റെ മാതൃകകൾ നിർമ്മിച്ചിട്ടുണ്ട്. അതിബൃഹത്തായ പ്രപഞ്ചത്തെത്തന്നെ നിർമ്മിക്കുന്നതിന് അതിലും വളരെയേറെ ബുദ്ധിശക്തി ആവശ്യമായിരിക്കുന്നില്ലേ?
[8-ാം പേജിലെ ചിത്രം]
ഒരു ബഹിരാകാശ സഞ്ചാരി ഭൂമിയെ, “ആകാശങ്ങളിലെല്ലാം വച്ച് കാഴ്‌ചക്ക് ഏററവും മനോഹരമായ വസ്‌തു” എന്ന് വർണ്ണിച്ചു. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ജീവൻ ഇതിൽ ഉളളതാണ് ഇത്‌നിന് കാരണം
[10-ാം പേജിലെ ചിത്രം]
പരസ്‌പരം ഇണചേർന്നു പ്രജനനം നടത്താൻ കഴിയുന്ന അനേകതരം പട്ടികൾ ഉണ്ട്. എന്നാൽ അവയ്‌ക്ക് പൂച്ചപോലെ മറെറാരു “വർഗ്ഗ”വുമായി ഇണചേർന്ന് പ്രജനനം നടത്താൻ സാദ്ധ്യമല്ല
[11-ാം പേജിലെ ചിത്രം]
The Seattle Times, November 21, 1971
The Washington Daily News, December 27, 1971
The Express, Easton, Pa., May 3, 1973
[12, 13 പേജുകളിലെ ചിത്രങ്ങൾ]
മനുഷ്യനും മൃഗങ്ങളും തമ്മിലുളള വലിയ വിടവ് ബന്ധിപ്പിക്കുക അസാദ്ധ്യമാണ്. അവ വ്യത്യസ്‌തമായി സൃഷ്ടിക്കപ്പെട്ട “വർഗ്ഗങ്ങൾ” ആണ്
[15-ാം പേജിലെ ചിത്രം]
മനുഷ്യൻ മഹത്തായ പരദീസായിൽ ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടു. എന്നാൽ തുടർച്ചയായുളള അതിന്റെ ആസ്വാദനം അവന്റെ അനുസരണത്തെ ആശ്രയിച്ചിരുന്നു
[20-ാം പേജിലെ ചിത്രം]
തീത്തൂസിന്റെ കമാനത്തിലെ (റോമിൽ) ഈ കൊത്തുപണി പൊ. യു. 70-ലെ യെരുശലേമിന്റെ നാശം ചരിത്രവസ്‌തുതയായി രേഖപ്പെടുത്തുന്നു
[21-ാം പേജിലെ ചിത്രം]
ബൈബിൾ പ്രവചനത്തിന്റെ അനുസരണം ഒന്നാം നൂററാണ്ടിലെ ക്രിസ്‌ത്യാനികളുടെ ജീവൻ രക്ഷിച്ചു. അതുപോലെ അനുസരിക്കുന്നതിനാൽ ഇന്ന് നിങ്ങളുടെ ജീവനും രക്ഷിക്കാൻ കഴിയും
[23-ാം പേജിലെ ചിത്രം]
‘ഒന്നാം ലോകമഹായുദ്ധം സമഗ്രയുദ്ധത്തിന്റെ നൂററാണ്ടിനെ ആനയിച്ചു. . . . മുമ്പൊരിക്കലും ഇത്രയധികം രാഷ്‌ട്രങ്ങൾ ഉൾപ്പെട്ടിരുന്നില്ല. സംഹാരം മുമ്പൊരിക്കലും ഇത്ര വിപുലവും വിവേചനാരഹിതവും ആയിരുന്നിട്ടില്ല.’—“ലോകമഹായുദ്ധം,” എച്ച്. ഡബ്‌ളിയു. ബാൾഡ്‌വിനാൽ വിരചിതം.
[23-ാം പേജിലെ ചിത്രം]
40,00,00,000 ആളുകൾ ഗുരുതരമായി അല്‌പപോഷിതരാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു
[29-ാം പേജിലെ ചിത്രം]
ദൈവഭക്തരായ ആളുകളുടെ പുതിയ സമുദായം യഥാർത്ഥ ജീവിതം ആസ്വദിക്കയും ദൈവത്തെ നിത്യമായി സ്‌തുതിക്കയും ചെയ്യും