ആത്മാവ്
നിർവ്വചനം: മിക്കപ്പോഴും “ആത്മാവ്” എന്ന് വിവർത്തനം ചെയ്യപ്പെടുന്ന റുവാക് എന്ന എബ്രായ പദത്തിനും ന്യൂമ എന്ന ഗ്രീക്കു പദത്തിനും പല അർത്ഥങ്ങളുണ്ട്. അവയെല്ലാം മനുഷ്യദൃഷ്ടിക്ക് അദൃശ്യമായതും ചലിക്കുന്ന ശക്തിയുടെ തെളിവു നൽകുന്നതുമായ ഒന്നിനെ പരാമർശിക്കുന്നു. എബ്രായ, ഗ്രീക്ക് വാക്കുകൾ താഴെപ്പറയുന്നവയെ എല്ലാം പരാമർശിക്കാൻ ഉപയോഗിക്കപ്പെട്ടിരിക്കുന്നു: (1) കാററ്, (2) ഭൗമിക സൃഷ്ടികളിലുളള പ്രവർത്തനനിരതമായ ജീവശക്തി, (3) ഒരു വ്യക്തി ഒരു പ്രത്യേക വിധത്തിൽ സംസാരിക്കാനും കാര്യങ്ങൾ ചെയ്യാനും നിർബ്ബന്ധിക്കുന്നതായി ഹൃദയത്തിൽനിന്നുളള പ്രേരകശക്തി, (4) ഒരു അദൃശ്യ ഉറവിൽനിന്ന് ഉത്ഭവിക്കുന്ന നിശ്വസ്ത മൊഴികൾ, (5) ആത്മവ്യക്തികൾ, (6) ദൈവത്തിന്റെ കർമ്മനിരതമായ ശക്തി, അല്ലെങ്കിൽ പരിശുദ്ധാത്മാവ്. വയൽ ശുശ്രൂഷയിൽ പൊന്തിവന്നേക്കാവുന്ന വിഷയങ്ങളോടുളള ബന്ധത്തിൽ ഈ ഉപയോഗങ്ങളിൽ പലതും ഇവിടെ ചർച്ചചെയ്യപ്പെട്ടിരിക്കുന്നു.
പരിശുദ്ധാത്മാവ് എന്താണ്?
പരിശുദ്ധാത്മാവിനെ പരാമർശിക്കുന്ന ബൈബിൾ വാക്യങ്ങളുടെ ഒരു താരതമ്യപഠനം കാണിക്കുന്നത് അത് ആളുകളെ ‘നിറക്കുന്ന’തായിട്ടും ആളുകളെ അതിൽ ‘സ്നാപനം കഴിപ്പിക്കാൻ’ കഴിയുന്നതായിട്ടും അതിനാൽ “അഭിഷേകം ചെയ്യപ്പെടാൻ” കഴിയുന്നതായിട്ടും അതിനെപ്പററി പറഞ്ഞിരിക്കുന്നു എന്നാണ്. (ലൂക്കോ. 1:41; മത്താ. 3:11; പ്രവൃ. 10:38) പരിശുദ്ധാത്മാവ് ഒരു ആളായിരുന്നെങ്കിൽ ഈ പദപ്രയോഗങ്ങൾ ഒന്നും ഉചിതമായിരിക്കുമായിരുന്നില്ല.
യേശു പരിശുദ്ധാത്മാവിനെ ഒരു “സഹായി” എന്ന നിലയിലും പരാമർശിച്ചു. (ഗ്രീക്ക്, പാരക്ലേത്തോസ്), ഈ സഹായി “പഠിപ്പിക്കുകയും” “സാക്ഷ്യം വഹിക്കുകയും” “സംസാരിക്കുകയും” ‘കേൾക്കുകയും’ ചെയ്യുമെന്ന് അവൻ പറഞ്ഞു. (യോഹ. 14:16, 17, 26; 15:26; 16:13) തിരുവെഴുത്തുകളിൽ എന്തിനെപ്പററിയെങ്കിലും ആളത്വമാരോപിച്ചു സംസാരിക്കുന്നത് അസാധാരണമല്ല. ഉദാഹരണമായി ജ്ഞാനത്തിന് “മക്കളു”ളളതായി പറയപ്പെട്ടിരിക്കുന്നു. (ലൂക്കോ. 7:35) പാപവും മരണവും രാജാക്കൻമാരായിരിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. (റോമ. 5:14, 21) ആത്മാവ് “സംസാരിച്ചു” എന്നു ചില വാക്യങ്ങൾ പറയുമ്പോൾ അത് ദൂതൻമാരിലൂടെയോ മനുഷ്യരിലൂടെയോ ആയിരുന്നുവെന്ന് മററു വേദഭാഗങ്ങൾ വ്യക്തമാക്കുന്നു. (പ്രവൃ. 4:24, 25; 28:25; മത്താ. 10:19, 20; പ്രവൃത്തികൾ 20:23-നെ 21:10, 11-മായി താരതമ്യം ചെയ്യുക.) 1 യോഹന്നാൻ 5:6-8-ൽ ആത്മാവ് മാത്രമല്ല “ജലവും രക്തവും” ‘സാക്ഷ്യം വഹിക്കുന്നതായി’ പറയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ ബൈബിൾ വാക്യങ്ങളിൽ കാണപ്പെടുന്ന ഒരു പദപ്രയോഗവും അതിൽത്തന്നെ പരിശുദ്ധാത്മാവ് ഒരു ആളാണെന്ന് തെളിയിക്കുന്നില്ല.
പരിശുദ്ധാത്മാവിനെ ശരിയായി തിരിച്ചറിയുമ്പോൾ അത് ആ ആത്മാവിനെ പരാമർശിക്കുന്ന എല്ലാ തിരുവെഴുത്തുകളോടും യോജിപ്പിലായിരിക്കണം. ഈ വീക്ഷണത്തിൽ, പരിശുദ്ധാത്മാവ് ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ് എന്ന് നിഗമനം ചെയ്യുന്നത് ന്യായയുക്തമാണ്. അത് ഒരു വ്യക്തിയല്ല മറിച്ച്, തന്റെ വിശുദ്ധമായ ഇഷ്ടം നിവർത്തിക്കാൻ വേണ്ടി തന്നിൽ നിന്ന് പുറപ്പെടാൻ ദൈവം ഇടയാക്കുന്ന പ്രബലമായ ഒരു ശക്തിയാണ് അത്.—സങ്കീ. 104:30; 2 പത്രോ. 1:21; പ്രവൃ. 4:31.
“ത്രിത്വം” എന്ന ശീർഷകത്തിൻകീഴിൽ 406, 407 എന്നീ പേജുകൾ കൂടെ കാണുക.
ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ പരിശുദ്ധാത്മാവ് അല്ലെങ്കിൽ “പരിശുദ്ധാരൂപി” (KJ) ഉണ്ടെന്ന് തെളിവ് നൽകുന്നത് എന്താണ്?
ലൂക്കോ. 4:18, 31-35: “[യേശു യെശയ്യാവിന്റെ ചുരുളിൽ നിന്ന് വായിച്ചു:] ‘സുവാർത്ത ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്’ . . . അവൻ ഗലീലയിലെ ഒരു നഗരമായ കഫർന്നഹൂമിലേക്ക് പോയി. ശബ്ബത്ത് ദിവസത്തിൽ അവൻ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു; അവന്റെ പഠിപ്പിക്കൽ രീതിയിൽ അവർ ആശ്ചര്യപ്പെട്ടു, എന്തുകൊണ്ടെന്നാൽ അവന്റെ സംസാരം അധികാരത്തോടെയായിരുന്നു. അപ്പോൾ സിന്നഗോഗിൽ ഒരു ആത്മാവ്, ഒരു അശുദ്ധമായ ഭൂതം, ബാധിച്ച ഒരു മനുഷ്യനുണ്ടായിരുന്നു, അവൻ ഉച്ചത്തിൽ നിലവിളിച്ചു. ‘മിണ്ടരുത്, അവനെ വിട്ടുപോകൂ’ എന്ന് പറഞ്ഞ് യേശു അതിനെ ശാസിച്ചു. അതുകൊണ്ട് അവനെ അവരുടെ നടുവിൽ തളളിയിട്ടിട്ട് ഉപദ്രവമൊന്നും ചെയ്യാതെ ഭൂതം അവനെ വിട്ടുപോയി.” (യേശുവിന് ദൈവത്തിന്റെ ആത്മാവുണ്ട് എന്നതിന് തെളിവ് നൽകിയത് എന്തായിരുന്നു? അവൻ വിറക്കുകയോ സ്വരം ഉയർത്തുകയോ തുളളുകയോ ചെയ്തുവെന്ന് വിവരണം പറയുന്നില്ല. മറിച്ച് അവൻ അധികാരത്തോടെ സംസാരിച്ചു എന്നാണ് അത് പറയുന്നത്. എന്നിരുന്നാലും ആ സന്ദർഭത്തിൽ ഒരു ഭൂതാത്മാവ് ആ മനുഷ്യൻ ഉച്ചത്തിൽ നിലവിളിക്കാനും തറയിൽ വീഴാനും ഇടയാക്കി.)
യേശുവിന്റെ അനുയായികൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചു കഴിയുമ്പോൾ അവർ അവന്റെ സാക്ഷികളായിരിക്കും എന്നാണ് പ്രവൃത്തികൾ 1:8 പറയുന്നത്. പ്രവൃത്തികൾ 2:1-11 അനുസരിച്ച് അവർക്ക് പരിശുദ്ധാത്മാവ് ലഭിച്ചപ്പോൾ, സംസാരിച്ചവരെല്ലാം ഗലീലാക്കാരായിരുന്നുവെങ്കിലും അവിടെ സന്നിഹിതരായിരുന്ന അനേകം വിദേശികൾക്ക് പരിചിതമായ ഭാഷകളിൽ അവർ ദൈവത്തിന്റെ മഹദ്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു എന്ന വസ്തുതയാൽ നിരീക്ഷകർ ആശ്ചര്യപ്പെട്ടു. എന്നാൽ ആത്മാവ് ലഭിച്ചവരുടെ ഭാഗത്ത് എന്തെങ്കിലും വികാരവിക്ഷോഭങ്ങൾ ഉണ്ടായിരുന്നതായി രേഖ പറയുന്നില്ല.
എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി “ഉച്ചത്തിൽ വിളിച്ചു പറഞ്ഞപ്പോൾ” ലൂക്കോ. 1:41, 42) പ്രവൃത്തികൾ 4:31-ൽ റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നപ്രകാരം ശിഷ്യൻമാരുടെ ഒരു സംഘത്തിൻമേൽ പരിശുദ്ധാത്മാവ് വന്നപ്പോൾ, ആ സ്ഥലം കുലുങ്ങി, എന്നാൽ പരിശുദ്ധാത്മാവ് ലഭിച്ചതിന്റെ ഫലമായി ആ ശിഷ്യൻമാർ വിറക്കുകയോ നിലത്തു കിടന്ന് ഉരുളുകയോ ചെയ്തില്ല, മറിച്ച് അവർ ‘ദൈവവചനം ധൈര്യപൂർവ്വം സംസാരിക്കുകയാണ് ചെയ്തത്.’ അതുപോലെ ഇന്നും ദൈവവചനം സംസാരിക്കുന്നതിലുളള ധൈര്യം, സാക്ഷീകരണവേലയിൽ ഉൽസാഹപൂർവ്വം ഏർപ്പെടുന്നത്—ഇവയാണ് ഒരുവന് പരിശുദ്ധാത്മാവ് ഉണ്ട് എന്നതിന് തെളിവ് നൽകുന്നത്.
അവൾ ആരാധനക്കായി കൂടിവന്ന ഒരു മീററിംഗു സ്ഥലത്തായിരുന്നില്ല, മറിച്ച് സന്ദർശിക്കുന്ന ഒരു ബന്ധുവിനെ സ്വീകരിക്കുകയായിരുന്നു എന്ന് കുറിക്കൊളേളണ്ടതുണ്ട്. (ഗലാ. 5:22, 23: “ആത്മാവിന്റെ ഫലങ്ങളോ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്.” (യഥാർത്ഥത്തിൽ ദൈവാത്മാവ് ഉളളവരെ അന്വേഷിക്കുമ്പോൾ ഒരുവൻ നോക്കേണ്ടത് മതതീക്ഷ്ണതയുടെ ആവേശത്തളളലിനെന്നതിനേക്കാൾ ഈ ഫലങ്ങൾക്കു വേണ്ടിയാണ്.)
ഒരു വ്യക്തി ഒരിക്കലും പഠിച്ചിട്ടില്ലാത്ത ഒരു ഭാഷയിൽ വലിയ വികാരാവേശത്തോടെ സംസാരിക്കാനുളള പ്രാപ്തി അയാൾക്ക് ദൈവാത്മാവുണ്ട് എന്നതിന്റെ തെളിവാണോ?
“അന്യഭാഷകൾ, സംസാരിക്കൽ” എന്ന മുഖ്യശീർഷകം കാണുക.
നമ്മുടെ നാളിൽ നടക്കുന്ന അത്ഭുത രോഗശാന്തി ദൈവത്തിന്റെ ആത്മാവിനാലാണോ നടക്കുന്നത്?
“രോഗശാന്തി” എന്ന മുഖ്യശീർഷകം കാണുക.
പരിശുദ്ധാത്മാവിൽ സ്നാപനമേൽക്കുന്നവർ ആരാണ്?
“സ്നാപനം” എന്നതിൻ കീഴിൽ പേജ് 56, “വീണ്ടും ജനിച്ചവർ” എന്ന മുഖ്യ ശീർഷകം എന്നിവ കാണുക.
ഒരു മനുഷ്യന് ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ഒരു ആത്മഭാഗമുണ്ടോ?
യെഹെ. 18:4: “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.” (RS, NE, KJ, Dy എന്നിവ ഈ വാക്യത്തിൽ നീഫെഷ് എന്ന എബ്രായ വാക്ക് “ദേഹി” എന്ന് തർജ്ജമ ചെയ്തിരിക്കുന്നു, അതുവഴി ദേഹി തന്നെയാണ് മരിക്കുന്നത് എന്നു പറയുന്നു. മററു ഭാഗങ്ങളിൽ നീഫെഷ് എന്നത് “ദേഹി” എന്ന് വിവർത്തനം ചെയ്തിട്ടുളള ചില ഭാഷാന്തരങ്ങൾ ഈ വാക്യത്തിൽ “മനുഷ്യൻ” എന്നോ “ഒരുവൻ” എന്നോ ഉപയോഗിച്ചിരിക്കുന്നു. അതുകൊണ്ട് നീഫെഷ്, ദേഹി, വ്യക്തി തന്നെയാണ്. ശരീരം മരിക്കുമ്പോൾ അതിജീവിക്കുന്ന അയാളുടെ ഭൗതികമല്ലാത്ത ഒരു ഭാഗമല്ല.) (കൂടുതൽ വിശദാംശങ്ങൾക്ക് “ദേഹി” എന്ന മുഖ്യ ശീർഷകം കാണുക.)
സങ്കീ. 146:4: “അവന്റെ ആത്മാവ് വിട്ടുപോകുന്നു, അവൻ തന്റെ നിലത്തേക്ക് മടങ്ങിപ്പോകുന്നു; അന്ന് അവന്റെ ചിന്തകൾ തീർച്ചയായും നശിക്കുന്നു.” (“ആത്മാവ്” എന്ന് ഇവിടെ വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന എബ്രായ പദം റൂവാക് എന്നതിൽ നിന്ന് വന്നിട്ടുളളതാണ്. ചില വിവർത്തകർ അതിനെ “ശ്വാസം” എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നു. ആ റൂവാക് അല്ലെങ്കിൽ പ്രവർത്തനനിരതമായ ജീവശക്തി ശരീരത്തെ വിട്ടുപോകുമ്പോൾ ആ വ്യക്തിയുടെ ചിന്തകൾ നശിക്കുന്നു; അവ മറെറാരു മണ്ഡലത്തിൽ തുടരുന്നില്ല.)
സഭാ. 3:19-21: “മനുഷ്യവർഗ്ഗത്തിന്റെ പുത്രൻമാരെ സംബന്ധിച്ചിടത്തോളം ഒരു സംഭവ്യതയും മൃഗത്തെ സംബന്ധിച്ചിടത്തോളം ഒരു സംഭവ്യതയുമുണ്ട്, അവക്ക് ഒരേ സംഭവ്യതയാണുളളത്. ഒന്നു മരിക്കുന്നതുപോലെ മറെറതും മരിക്കുന്നു; അവക്കെല്ലാം ഒരേ ആത്മാവാണുളളത്, അതുകൊണ്ട് മനുഷ്യന് മൃഗത്തെക്കാൾ ശ്രേഷ്ഠതയില്ല, എന്തെന്നാൽ എല്ലാം മായയത്രേ. എല്ലാം ഒരു സ്ഥലത്തേക്ക് പോകുന്നു. എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം പൊടിയിലേക്ക് മടങ്ങിപ്പോകുന്നു. മനുഷ്യവർഗ്ഗത്തിന്റെ പുത്രൻമാരുടെ ആത്മാവ് മുകളിലേക്ക് പോകുന്നുവോ, മൃഗത്തിന്റെ ആത്മാവ് താഴെ ഭൂമിയിലേക്ക് പോകുന്നുവോ എന്ന് ആർക്കാണ് അറിയാവുന്നത്?” (ആദാമിൽ നിന്ന് അവകാശമാക്കിയ പാപത്തിന്റെയും മരണത്തിന്റെയും ഫലമായിട്ട് മൃഗങ്ങളെപോലെതന്നെ മനുഷ്യരെല്ലാവരും മരിക്കുകയും പൊടിയിലേക്ക് തിരികെ പോവുകയും ചെയ്യുന്നു. എന്നാൽ ശരീരത്തിലെ പ്രവർത്തനം അവസാനിച്ചശേഷവും ബുദ്ധിശക്തിയുളള ഒരു വ്യക്തിയായി തുടരുന്ന ഒരു ആത്മാവ് ഓരോ മനുഷ്യനും ഉണ്ടോ? ഇല്ല; മനുഷ്യർക്കും മൃഗങ്ങൾക്കും “ഒരേ ആത്മാവാണുളളത്” എന്ന് 19-ാം വാക്യം ഉത്തരം നൽകുന്നു. ആത്മാവിനെ സംബന്ധിച്ച് 21-ാം വാക്യത്തിൽ ചോദിച്ചിരിക്കുന്ന ചോദ്യത്തിന് മാനുഷ നിരീക്ഷണത്തെ മാത്രം അടിസ്ഥാനമാക്കി ആർക്കും ആധികാരികമായി ഉത്തരം പറയാൻ കഴിയുന്നതല്ല. മരണത്തിങ്കൽ മനുഷ്യന് മൃഗങ്ങളേക്കാൾ ശ്രേഷ്ഠത നൽകുന്ന യാതൊന്നും അവന്റെ ജനനത്തിൽ ഇല്ല എന്ന് ദൈവത്തിന്റെ വചനം ഉത്തരം നൽകുന്നു. എന്നിരുന്നാലും ക്രിസ്തുവിലൂടെയുളള ദൈവത്തിന്റെ കരുണാപൂർവ്വകമായ കരുതൽ നിമിത്തം വിശ്വാസം പ്രകടമാക്കുന്ന മനുഷ്യർക്ക് എന്നേക്കും ജീവിക്കുന്നതിനുളള ഭാവി പ്രതീക്ഷ തുറന്നു കിട്ടിയിരിക്കുന്നു. എന്നാൽ മൃഗങ്ങൾക്ക് അതില്ല. മനുഷ്യവർഗ്ഗത്തിൽ അനേകർക്ക് അത് സാദ്ധ്യമാക്കുന്നത് പുനരുത്ഥാനത്തിലൂടെയായിരിക്കും, അപ്പോൾ ദൈവത്തിൽ നിന്നുളള പ്രവർത്തനനിരതമായ ജീവശക്തി അവരെ വീണ്ടും ജീവിപ്പിക്കും.)
ലൂക്കോ. 23:46: “‘പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ [ഗ്രീക്ക്, ന്യൂമ] ഭരമേൽപ്പിക്കുന്നു’ എന്ന് യേശു ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു. അത് പറഞ്ഞശേഷം അവൻ അന്ത്യശ്വാസം വലിച്ചു.” (യേശു അന്ത്യശ്വാസം വലിച്ചുവെന്ന് കുറിക്കൊളളുക. അവന്റെ ആത്മാവ് പുറത്തേക്ക് പോയപ്പോൾ സ്വർഗ്ഗത്തിലേക്ക് പോയില്ല. അതുകഴിഞ്ഞ് മൂന്നാം ദിവസം മാത്രമാണ് യേശു മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർപ്പിക്കപ്പെട്ടത്. പിന്നീട്, പ്രവൃത്തികൾ 1:3, 9 കാണിക്കുന്ന പ്രകാരം 40 ദിവസം കൂടെ കഴിഞ്ഞാണ് അവൻ സ്വർഗ്ഗാരോഹണം ചെയ്തത്. അതുകൊണ്ട് മരണസമയത്ത് യേശു പറഞ്ഞതിന്റെ അർത്ഥമെന്തായിരുന്നു? അവൻ മരിക്കുമ്പോൾ അവന്റെ ഭാവി ജീവിതപ്രത്യാശ ദൈവത്തെമാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് തനിക്കറിയാമെന്ന് അവൻ പറയുകയായിരുന്നു. ‘ദൈവത്തിങ്കലേക്ക് മടങ്ങിപ്പോകുന്ന ആത്മാവിനെ’ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് “ദേഹി” എന്ന ശീർഷകത്തിൻ കീഴിൽ പേ. 378 കാണുക.)
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘നിങ്ങൾക്ക് പരിശുദ്ധാത്മാവ് (അല്ലെങ്കിൽ പരിശുദ്ധാരൂപി) ഉണ്ടോ?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഉവ്വ്, അതുകൊണ്ടാണ് ഞാൻ ഇന്ന് നിങ്ങളുടെ വീട്ടുവാതിൽക്കൽ വന്നിരിക്കുന്നത്. (പ്രവൃ. 2:17, 18)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘എനിക്ക് ക്രിസ്തീയ ശുശ്രൂഷയിൽ പങ്കെടുക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. എന്നാൽ ഒരു വ്യക്തിക്ക് യഥാർത്ഥമായി പരിശുദ്ധാത്മാവ് ഉണ്ട് എന്നുളളതിന്റെ തെളിവ് എന്താണ് എന്നതിനെപ്പററി എല്ലാവർക്കും ഒരേ ആശയമല്ല ഉളളത് എന്ന് ഞാൻ മനസ്സിലാക്കുന്നു. തെളിവായി നിങ്ങൾ എന്താണ് നോക്കുന്നത്?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ( 381, 382 പേജുകളിലെ ചില വിവരങ്ങളുടെ ചർച്ച.)