വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്‌പ്രാപണം

ഉത്‌പ്രാപണം

നിർവ്വ​ചനം: വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കൾ “മദ്ധ്യാ​കാ​ശത്ത്‌” ക്രിസ്‌തു​വി​നോട്‌ ചേരാൻ വേണ്ടി പെട്ടെന്ന്‌ ഈ ഭൂമി​യിൽ നിന്ന്‌, ഈ ലോക​ത്തിൽ നിന്ന്‌ ശരീര​ത്തോ​ടെ എടുക്ക​പ്പെ​ടു​മെന്ന വിശ്വാ​സം. 1 തെസ്സ​ലോ​നി​ക്യർ 4:17-ന്റെ അർത്ഥം “ഉത്‌പ്രാ​പണം” എന്നാ​ണെന്ന്‌ ചിലർ മനസ്സി​ലാ​ക്കു​ന്നു, എല്ലാവ​രു​മല്ല. നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളിൽ “ഉത്‌പ്രാ​പണം” എന്ന പദം കാണ​പ്പെ​ടു​ന്നില്ല.

കർത്താ​വി​നോ​ടു​കൂ​ടെ​യാ​യി​രി​ക്കാൻ ക്രിസ്‌ത്യാ​നി​കൾ “എടുക്ക​പ്പെടു”മെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞ​പ്പോൾ അവൻ ഏതു വിഷയം ചർച്ച ചെയ്യു​ക​യാ​യി​രു​ന്നു?

1 തെസ്സ. 4:13-18, RS: “സഹോദരൻമാരെ, പ്രത്യാ​ശ​യി​ല്ലാത്ത മററു​ള​ള​വ​രെ​പ്പോ​ലെ നിങ്ങൾ ദു:ഖിക്കാ​തി​രി​ക്കേ​ണ്ട​തിന്‌ നിദ്ര​കൊ​ള​ളു​ന്ന​വ​രെ​ക്കു​റിച്ച്‌ [“മരണത്തിൽ നിദ്ര​കൊ​ള​ളു​ന്ന​വ​രെ​ക്കു​റിച്ച്‌,” NE; “മരിച്ചവരെക്കുറിച്ച്‌,” TEV, JB] നിങ്ങൾ അജ്ഞരാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നില്ല. യേശു മരിക്കു​ക​യും വീണ്ടും ഉയർത്തെ​ഴു​ന്നേൽക്കു​ക​യും ചെയ്‌തു എന്ന്‌ നാം വിശ്വ​സി​ക്കു​ന്ന​തു​കൊണ്ട്‌ അങ്ങനെ​തന്നെ ദൈവം നിദ്ര​കൊ​ണ്ട​വ​രെ​യും യേശു മുഖാ​ന്തരം അവനോ​ടു​കൂ​ടെ വരുത്തും. കർത്താ​വി​ന്റെ വരവു​വരെ ജീവ​നോ​ടെ ശേഷി​ച്ചി​രി​ക്കു​ന്ന​വ​രായ നാം നിദ്ര​കൊ​ണ്ട​വർക്ക്‌ മുമ്പാ​ക​യില്ല എന്ന്‌ കർത്താ​വി​ന്റെ വചന​പ്ര​കാ​രം ഞങ്ങൾ നിങ്ങ​ളോട്‌ പ്രഖ്യാ​പി​ക്കു​ന്നു. കർത്താവ്‌ തന്നെ ആജ്ഞാപ​ര​മായ ഒരു ആക്രോ​ശ​ത്തോ​ടും പ്രധാ​ന​ദൂ​തന്റെ ആഹ്വാ​ന​ത്തോ​ടും ദൈവ​ത്തി​ന്റെ കാഹള​നാ​ദ​ത്തോ​ടും കൂടെ സ്വർഗ്ഗ​ത്തിൽ നിന്ന്‌ ഇറങ്ങി​വ​രും. ക്രിസ്‌തു​വിൽ മരിച്ചവർ ആദ്യം ഉയിർത്തെ​ഴു​ന്നേൽക്കും; പിന്നെ ജീവ​നോ​ടെ ശേഷി​ച്ചി​രി​ക്കുന്ന നാം ഒരുമിച്ച്‌ വായു​വിൽ കർത്താ​വി​നെ കണ്ടുമു​ട്ടാൻ മേഘങ്ങ​ളിൽ എടുക്ക​പ്പെ​ടും, അങ്ങനെ നാം എപ്പോ​ഴും കർത്താ​വി​നോ​ടു​കൂ​ടെ ഇരിക്കും. അതു​കൊണ്ട്‌ ഈ വചനങ്ങ​ളാൽ അന്യോ​ന്യം ആശ്വസി​പ്പി​ച്ചു​കൊൾക.” (പ്രത്യ​ക്ഷ​ത്തിൽ, തെസ്സ​ലൊ​നീ​ക്യ സഭയിലെ ചില അംഗങ്ങൾ മരിച്ചു​പോ​യി​ട്ടു​ണ്ടാ​യി​രു​ന്നു. അതിജീ​വകർ പുനരു​ത്ഥാന പ്രത്യാ​ശ​യാൽ പരസ്‌പരം ആശ്വസി​പ്പി​ക്കാൻ പൗലോസ്‌ അവരെ പ്രോൽസാ​ഹി​പ്പി​ച്ചു. യേശു മരിച്ച​ശേഷം ഉയിർപ്പി​ക്ക​പ്പെട്ടു എന്നും അങ്ങനെ തന്നെ കർത്താ​വി​ന്റെ വരവിങ്കൽ അവരു​ടെ​യി​ട​യിൽ നിന്നും മരിച്ചു​പോയ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ​യാ​യി​രി​ക്കാൻ ഉയിർപ്പി​ക്ക​പ്പെ​ടു​മെ​ന്നും അവൻ അവരെ അനുസ്‌മ​രി​പ്പി​ച്ചു.)

1 തെസ്സ​ലൊ​നീ​ക്യർ 4:17-ൽ പറയു​ന്ന​ത​നു​സ​രിച്ച്‌ ‘മേഘങ്ങ​ളിൽ എടുക്ക​പ്പെ​ടു​ന്നവർ’ ആരാണ്‌?

“കർത്താ​വി​ന്റെ വരവു​വരെ ശേഷി​ച്ചി​രി​ക്കുന്ന”വരാണ്‌ അവരെന്ന്‌, അതായത്‌ കർത്താവ്‌ വരുന്ന സമയത്ത്‌ ജീവ​നോ​ടി​രി​ക്കുന്ന വിശ്വ​സ്‌ത​രാണ്‌ എന്ന്‌ 15-ാം വാക്യം വിശദീ​ക​രി​ക്കു​ന്നു. അവർ എന്നെങ്കി​ലും മരിക്കു​മോ? ( 314, 315 പേജു​ക​ളിൽ ഉദ്ധരി​ച്ചി​രി​ക്കുന്ന) റോമർ 6:3-5; 1 കൊരി​ന്ത്യർ 15:35, 36, 44 എന്നീ വേദഭാ​ഗങ്ങൾ അനുസ​രിച്ച്‌ സ്വർഗ്ഗീയ ജീവൻ പ്രാപി​ക്കു​ന്ന​തിന്‌ മുമ്പായി അവർ മരി​ക്കേ​ണ്ട​തുണ്ട്‌. എന്നാൽ ക്രിസ്‌തു​വി​ന്റെ മടങ്ങി​വ​രവ്‌ കാത്ത്‌ അവർ മരിച്ച അവസ്ഥയിൽ തുട​രേണ്ടി വരുന്നില്ല. കർത്താ​വി​നോ​ടു​കൂ​ടെ​യാ​യി​രി​ക്കാൻ “കണ്ണി​മെ​ക്കു​ന്ന​നേരം കൊണ്ട്‌” അവർ ക്ഷണത്തിൽ “എടുക്ക​പ്പെ​ടും”—1 കൊരി​ന്ത്യർ 15:51, 52, RS; വെളി​പ്പാട്‌ 14:13 കൂടെ കാണുക.

ക്രിസ്‌തു ഒരു മേഘത്തിൽ ദൃശ്യ​നാ​യി പ്രത്യ​ക്ഷ​നാ​വു​ക​യും ലോകം നോക്കി നിൽക്കേ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കളെ സ്വർഗ്ഗ​ത്തി​ലേക്ക്‌ കൊണ്ടു​പോ​വു​ക​യും ചെയ്യു​മോ?

ലോകം വീണ്ടും അവരുടെ ശാരീ​രിക കണ്ണുകൾ കൊണ്ട്‌ തന്നെ കാണും എന്ന്‌ യേശു പറഞ്ഞോ?

യോഹ. 14:19, RS: “ഇനിയും അൽപസ​മയം കൂടെ കഴിഞ്ഞാൽ മേലാൽ ലോകം എന്നെ കാണു​ക​യില്ല, എന്നാൽ നിങ്ങൾ [അവന്റെ വിശ്വസ്‌ത ശിഷ്യൻമാർ] എന്നെ കാണും; എന്തു​കൊ​ണ്ടെ​ന്നാൽ ഞാൻ ജീവി​ക്കു​ന്നു, നിങ്ങളും ജീവി​ക്കും.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.) (1 തിമൊ​ഥെ​യോസ്‌ 6:16 താരത​മ്യം ചെയ്യുക.)

കർത്താവ്‌ ‘സ്വർഗ്ഗ​ത്തിൽ നിന്നും ഇറങ്ങി​വ​രും’ എന്നതിന്റെ അർത്ഥ​മെ​ന്താണ്‌?

1 തെസ്സ​ലൊ​നീ​ക്യർ 4:16-ൽ പറഞ്ഞി​രി​ക്കു​ന്ന​തി​ന​നു​സ​രിച്ച്‌ ഭൗതിക നേത്ര​ങ്ങൾക്ക്‌ ദൃശ്യ​നാ​കാ​തെ കർത്താ​വിന്‌ “സ്വർഗ്ഗ​ത്തിൽ നിന്ന്‌ ഇറങ്ങി​വ​രാൻ” കഴിയു​മോ? പുരാതന സോ​ദോ​മി​ന്റെ​യും ഗൊ​മോ​റ​യു​ടെ​യും നാളു​ക​ളിൽ ആളുകൾ എന്താണ്‌ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്ന്‌ “കാണാൻ ഞാൻ ഇറങ്ങി​ച്ചെ​ല്ലാൻ” പോകു​ക​യാണ്‌ എന്ന്‌ യഹോവ പറഞ്ഞു. (ഉൽപ. 18:21, RS) എന്നാൽ യഹോവ ആ പരി​ശോ​ധന നടത്തി​യ​പ്പോൾ അവൻ അയച്ച ദൂത​പ്ര​തി​നി​ധി​കളെ അവർ കണ്ടു എങ്കിലും ഒരു മനുഷ്യ​നും അവനെ കണ്ടില്ല. (യോഹ. 1:18) അതു​പോ​ലെ, ജഡത്തിൽ മടങ്ങി​വ​രാ​തെ തന്നെ യേശു​വിന്‌ ഭൂമി​യി​ലു​ളള തന്റെ വിശ്വസ്‌ത അനുഗാ​മി​കൾക്ക്‌ പ്രതി​ഫലം കൊടു​ക്കു​ന്ന​തി​നു​വേണ്ടി അവരി​ലേക്ക്‌ ശ്രദ്ധതി​രി​ക്കാൻ കഴിയും.

അപ്പോൾ കർത്താവ്‌ “മേഘങ്ങ​ളിൽ വരുന്നത്‌” മനുഷ്യർ “കാണു”ന്നത്‌ ഏതർത്ഥ​ത്തി​ലാണ്‌?

യേശു ഇപ്രകാ​രം മുൻകൂ​ട്ടി​പ്പ​റഞ്ഞു: “അപ്പോൾ മനുഷ്യ​പു​ത്രൻ [യേശു​ക്രി​സ്‌തു] ശക്തി​യോ​ടും വലിയ മഹത്വ​ത്തോ​ടും കൂടെ ഒരു മേഘത്തിൽ വരുന്നത്‌ അവർ കാണും.” (ലൂക്കോ. 21:27, RS) ഈ പ്രസ്‌താ​വ​ന​യോ മററു വാക്യ​ങ്ങ​ളിൽ കാണ​പ്പെ​ടുന്ന സമാന​മായ പ്രസ്‌താ​വ​ന​ക​ളോ യോഹ​ന്നാൻ 14:19-ൽ യേശു പറഞ്ഞതിന്‌ എതിരാ​യി​രി​ക്കു​ന്നില്ല. ഇതു പരിഗ​ണി​ക്കുക: പുറപ്പാട്‌ 19:9-ൽ പറഞ്ഞി​രി​ക്കുന്ന പ്രകാരം സീനായ്‌ മലയിങ്കൽ വച്ച്‌ ദൈവം ‘ഒരു കനത്ത മേഘത്തിൽ ജനത്തിന്റെ അടുക്കൽ വന്നപ്പോൾ’ എന്താണ്‌ സംഭവി​ച്ചത്‌? (RS) ദൈവം അദൃശ്യ​നാ​യി സാന്നി​ദ്ധ്യ​വാ​നാ​യി​രു​ന്നു; ഇസ്രാ​യേൽ ജനം അവന്റെ സാന്നി​ദ്ധ്യ​ത്തി​ന്റെ ദൃശ്യ​മായ തെളിവു കണ്ടു, എന്നാൽ അവരിൽ ആരും ദൈവത്തെ അവരുടെ കണ്ണുകൾകൊണ്ട്‌ യഥാർത്ഥ​മാ​യി കണ്ടില്ല. അതു​പോ​ലെ​തന്നെ താൻ “ഒരു മേഘത്തിൽ” വരു​മെന്ന്‌ യേശു പറഞ്ഞ​പ്പോൾ താൻ മാനുഷ നേത്ര​ങ്ങൾക്ക്‌ അദൃശ്യ​നാ​യി​രി​ക്കു​മെ​ന്നും എന്നാൽ മനുഷ്യർ തന്റെ സാന്നി​ദ്ധ്യം തിരി​ച്ച​റി​യു​മെ​ന്നു​മാ​യി​രി​ക്കണം യേശു അർത്ഥമാ​ക്കി​യത്‌. അവൻ സാന്നി​ദ്ധ്യ​വാ​നാ​ണെന്ന വസ്‌തുത തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ അവർ തങ്ങളുടെ മനോ​ദൃ​ഷ്ടി​കൊണ്ട്‌ അവനെ “കാണും”. (കൂടുതൽ വിശദാം​ശ​ങ്ങൾക്ക്‌ “ക്രിസ്‌തു​വി​ന്റെ തിരി​ച്ചു​വ​രവ്‌” എന്ന ശീർഷകം കാണുക.)

ക്രിസ്‌ത്യാനികൾ ഭൗതിക ശരീര​ത്തോ​ടെ സ്വർഗ്ഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടുക സാദ്ധ്യ​മാ​ണോ?

1 കൊരി. 15:50, RS: “സഹോദരൻമാരെ ഇതു ഞാൻ നിങ്ങ​ളോട്‌ പറയുന്നു: ജഡരക്ത​ങ്ങൾക്ക്‌ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കാൻ കഴിയു​ക​യില്ല, നശ്വര​മാ​യത്‌ അനശ്വ​ര​മാ​യ​തി​നെ അവകാ​ശ​മാ​ക്കു​ക​യു​മില്ല.”

ഏലിയാ​പ്ര​വാ​ച​കന്റെ അനുഭവം ഇതിന്‌ വിപരീ​ത​മാ​ണോ? ഒരിക്ക​ലു​മല്ല. നൂററാ​ണ്ടു​കൾക്ക്‌ ശേഷമു​ളള യേശു​വി​ന്റെ വ്യക്തമായ പ്രസ്‌താ​വ​ന​യു​ടെ വെളി​ച്ച​ത്തിൽ വേണം അത്‌ മനസ്സി​ലാ​ക്ക​പ്പെ​ടാൻ: “സ്വർഗ്ഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന മനുഷ്യ​പു​ത്ര​ന​ല്ലാ​തെ ആരും സ്വർഗ്ഗ​ത്തി​ലേക്ക്‌ കയറി​പ്പോ​യി​ട്ടില്ല.” (യോഹ. 3:13, RS) ഏലിയാവ്‌ “ഒരു ചുഴലി​ക്കാ​റ​റിൽ ആകാശ​ത്തി​ലേക്ക്‌ പോയ​താ​യി” കാണ​പ്പെ​ട്ടു​വെ​ങ്കി​ലും അവൻ ആത്മമണ്ഡ​ല​ത്തി​ലേക്ക്‌ പോയി എന്ന്‌ അതിന്‌ അർത്ഥമില്ല. എന്തു​കൊ​ണ്ടില്ല? എന്തു​കൊ​ണ്ടെ​ന്നാൽ അവൻ പിൽക്കാ​ലത്തു യഹൂദാ രാജാ​വി​നെ ശാസി​ച്ചു​കൊണ്ട്‌ ഒരു കത്ത്‌ അയച്ചതാ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. (2 രാജാ. 2:11, RS; 2 ദിന. 21:1, 12-15) മനുഷ്യർ വിമാ​നങ്ങൾ കണ്ടുപി​ടി​ക്കു​ന്ന​തിന്‌ മുമ്പ്‌ ഏലിയാ​വി​നെ നിലത്തു നിന്ന്‌ പക്ഷികൾ പറക്കു​ന്നി​ട​മായ ആകാശ​ത്തി​ലേക്ക്‌ ഉയർത്തു​ന്ന​തി​നും മറെറാ​രു സ്ഥലത്തേക്ക്‌ വഹിച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നും യഹോവ അവിടെ തന്റെ സ്വന്തം മാർഗ്ഗം (അഗ്നിമയ രഥവും ചുഴലി​ക്കാ​റ​റും) ഉപയോ​ഗി​ച്ചു.—ഉൽപത്തി 1:6-8, 20 താരത​മ്യം ചെയ്യുക.

വിശ്വസ്‌തരായ ക്രിസ്‌ത്യാ​നി​കൾ ഒരുപക്ഷേ മരിക്കാ​തെ വെറുതെ ഭൂമി​യിൽ നിന്ന്‌ അപ്രത്യ​ക്ഷ​രാ​കാൻ ഇടയാ​ക്കി​ക്കൊണ്ട്‌ രഹസ്യ​മാ​യി സ്വർഗ്ഗ​ത്തി​ലേക്ക്‌ കൊണ്ടു​പോ​ക​പ്പെ​ടു​മോ?

 റോമ. 6:3-5, RS: “ക്രിസ്‌തുവിനോട്‌ ചേരു​വാൻ സ്‌നാ​പ​ന​മേ​റ​റ​വ​രായ നാമെ​ല്ലാ​വ​രും അവന്റെ മരണത്തി​ലേക്ക്‌ സ്‌നാ​പ​ന​മേ​റ​റി​രി​ക്കു​ന്നു എന്ന്‌ നിങ്ങൾ അറിയു​ന്നി​ല്ല​യോ? . . . എന്തു​കൊ​ണ്ടെ​ന്നാൽ അവന്റേ​തു​പോ​ലെ​യു​ളള ഒരു മരണ​ത്തോട്‌ നാം ഏകീഭ​വി​ച്ചി​രി​ക്കു​ന്നു​വെ​ങ്കിൽ അവന്റേ​തു​പോ​ലെ​യു​ളള ഒരു പുനരു​ത്ഥാ​ന​ത്തോ​ടും നാം ഏകീഭ​വി​ക്കും.” (യേശു​വി​ന്റെ കാര്യ​ത്തിൽ സംഭവി​ച്ചത്‌ ഒരു മാതൃക വച്ചു. അവൻ മരിച്ചു എന്ന്‌ അവന്റെ ശിഷ്യൻമാ​രും മററു​ള​ള​വ​രും അറിഞ്ഞു. അവന്റെ മരണവും പുനരു​ത്ഥാ​ന​വും കഴിയു​ന്ന​തു​വരെ അവൻ സ്വർഗ്ഗീയ ജീവനി​ലേക്ക്‌ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ടില്ല.)

1 കൊരി. 15:35, 36, 44, RS: “‘മരിച്ചവർ എങ്ങനെ ഉയർക്കു​ന്നു എന്നും ഏതുതരം ശരീര​ത്തോ​ടെ വരുന്നു​വെ​ന്നും’ ആരെങ്കി​ലും ചോദി​ച്ചേ​ക്കാം. മൂഢാ! നീ വിതക്കു​ന്നതു ചാകു​ന്നില്ല എങ്കിൽ ജീവനി​ലേക്കു വരുന്നില്ല. ഭൗതിക ശരീരം വിതക്ക​പ്പെ​ടു​ന്നു, ആത്മീയ ശരീരം ഉയർപ്പി​ക്ക​പ്പെ​ടു​ന്നു.” (അതു​കൊണ്ട്‌ ഒരുവന്‌ ഒരു ആത്മീയ​ശ​രീ​രം ലഭിക്കു​ന്ന​തിന്‌ മുമ്പ്‌ അയാൾ മരി​ക്കേ​ണ്ട​തുണ്ട്‌, ഇല്ലേ?)

മഹോപദ്രവത്തിനുമുമ്പ്‌ വിശ്വ​സ്‌ത​രായ സകല ക്രിസ്‌ത്യാ​നി​ക​ളും കർത്താ​വി​നാൽ ഭൂമി​യിൽനിന്ന്‌ അത്ഭുത​ക​ര​മാ​യി എടുക്ക​പ്പെ​ടു​മോ?

മത്താ. 24:21, 22: “ലോകാ​രം​ഭം മുതൽ ഇന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും, ഇല്ല, ഇനിമേൽ സംഭവി​ക്കു​ക​യി​ല്ലാ​ത്ത​തു​മായ മഹോ​പ​ദ്രവം അന്നുണ്ടാ​കും. യഥാർത്ഥ​ത്തിൽ ആ നാളുകൾ ചുരു​ക്ക​പ്പെ​ടാ​തി​രു​ന്നാൽ ഒരു ജഡവും രക്ഷിക്ക​പ്പെ​ടു​ക​യില്ല; എന്നാൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ നിമിത്തം ആ നാളുകൾ ചുരു​ക്ക​പ്പെ​ടും.” (“തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ” എല്ലാവ​രും മഹോ​പ​ദ്രവം തുടങ്ങു​ന്ന​തിന്‌ മുമ്പ്‌ സ്വർഗ്ഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടു​മെന്ന്‌ ഇവിടെ പറയു​ന്നില്ല, ഉവ്വോ? മറിച്ച്‌, ഇത്‌ അവരിൽ ചിലർ, ജഡത്തിലെ അവരുടെ സഹകാ​രി​ക​ളോ​ടൊ​പ്പം ഭൂമി​യി​ലെ മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കും എന്ന്‌ പ്രകട​മാ​ക്കി​യേ​ക്കാം.)

വെളി. 7:9, 10, 14, RS: “അതിനുശേഷം ഞാൻ നോക്കി, കണ്ടാലും, സകല രാഷ്‌ട്ര​ങ്ങ​ളിൽ നിന്നും സകല ഗോ​ത്ര​ങ്ങ​ളിൽ നിന്നും ജനതക​ളിൽ നിന്നും ഭാഷക​ളിൽ നിന്നും ഉളളതാ​യി യാതൊ​രു മനുഷ്യ​നും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപു​രു​ഷാ​രം വെളള​നി​ല​യങ്കി ധരിച്ച്‌ കൈയിൽ കുരു​ത്തോ​ല​യു​മാ​യി സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കു​ന്നു. ‘രക്ഷ സിംഹാ​സ​ന​ത്തി​ലി​രി​ക്കുന്ന നമ്മുടെ ദൈവ​ത്തി​നും കുഞ്ഞാ​ടി​നു​മു​ള​ളത്‌!’ എന്ന്‌ അവർ ഉച്ചത്തിൽ ആർത്തു​കൊ​ണ്ടി​രു​ന്നു. . . . ‘ഇവർ മഹോ​പ​ദ്ര​വ​ത്തിൽ നിന്ന്‌ പുറത്തു വന്നവരാണ്‌.’” (എന്തിൽ നിന്നെ​ങ്കി​ലും “പുറത്തു വരുന്ന​തിന്‌” ഒരു വ്യക്തി അതിനു​ള​ളി​ലേക്ക്‌ പോവു​ക​യോ അതിനു​ള​ളി​ലാ​യി​രി​ക്കു​ക​യോ ചെയ്യേ​ണ്ട​തുണ്ട്‌. അതു​കൊണ്ട്‌ ഈ മഹാപു​രു​ഷാ​രം യഥാർത്ഥ​ത്തിൽ മഹോ​പ​ദ്രവം അനുഭ​വി​ക്കു​ക​യും അതിജീ​വ​ക​രാ​യി അതിൽ നിന്ന്‌ പുറത്തു​വ​രി​ക​യും ചെയ്യുന്ന വ്യക്തി​ക​ളാ​യി​രി​ക്കണം.) (അവർ ഭൂമി​യി​ലാ​യി​രി​ക്കു​ന്നതു സംബന്ധിച്ച്‌ 167, 168 പേജുകൾ കാണുക.)

മഹോപദ്രവകാലത്ത്‌ യഥാർത്ഥ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ എന്തു സംരക്ഷ​ണ​മാണ്‌ ഉണ്ടായി​രി​ക്കുക?

റോമ. 10:13, RS: “കർത്താവിന്റെ [“യഹോ​വ​യു​ടെ,” NW] നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും രക്ഷിക്ക​പ്പെ​ടും.”

സെഫ. 2:3, RS: “അവന്റെ കൽപനകൾ അനുസ​രി​ക്കു​ന്ന​വ​രാ​യി ദേശ​ത്തെ​ല്ലാ​യി​ട​ത്തു​മു​ളള എളിയ​വ​രായ എല്ലാവ​രു​മേ കർത്താ​വി​നെ [“യഹോ​വയെ,” NW, AS, Yg, By] അന്വേ​ഷി​പ്പിൻ; നീതി അന്വേ​ഷി​പ്പിൻ, താഴ്‌മ അന്വേ​ഷി​പ്പിൻ; ഒരുപക്ഷേ കർത്താ​വി​ന്റെ കോപ​ദി​വ​സ​ത്തിൽ നിങ്ങൾ മറക്ക​പ്പെ​ട്ടേ​ക്കാം.” (യെശയ്യാവ്‌ 26:20-ഉം)

മഹോ​പ​ദ്രവം കഴിഞ്ഞ്‌ ഒരുപക്ഷേ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും സ്വർഗ്ഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടു​മോ?

മത്താ. 5:5, RS: “സൗമ്യതയുളളവർ അനുഗൃ​ഹീ​ത​രാ​കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവർ ഭൂമി അവകാ​ശ​മാ​ക്കും.”

സങ്കീ. 37:29, RS: “നീതിമാൻമാർ ദേശം [“ഭൂമി,” Ro, NW] കൈവ​ശ​മാ​ക്കു​ക​യും എന്നേക്കും അതിൽ വസിക്കു​ക​യും ചെയ്യും.” (കൂടാതെ 10, 11, 34 വാക്യങ്ങൾ)

1 കൊരി. 15:50, RS: “ജഡരക്തങ്ങൾക്ക്‌ ദൈവ​ത്തി​ന്റെ രാജ്യം അവകാ​ശ​മാ​ക്കാൻ കഴിയു​ക​യില്ല.”

സ്വർഗ്ഗം” എന്നുളള മുഖ്യ ശീർഷ​ക​വും കൂടെ കാണുക.

ചില ക്രിസ്‌ത്യാ​നി​കൾ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ​യാ​യി​രി​ക്കാൻ സ്വർഗ്ഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

വെളി. 20:6, RS: “അവർ ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും പുരോ​ഹി​തൻമാ​രാ​യി അവനോ​ടു​കൂ​ടെ ആയിര​മാണ്ട്‌ വാഴും.” (അവർ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ വാഴേ​ണ്ട​വ​രാ​ക​യാൽ അവർ ആരു​ടെ​മേൽ വാഴ്‌ച നടത്തു​ന്നു​വോ അത്തരം ആളുക​ളും ഉണ്ടായി​രി​ക്കണം. അവർ ആരാണ്‌? മത്തായി 5:5; സങ്കീർത്തനം 37:29 എന്നിവ കാണുക.)

വീണ്ടും ജനിച്ചവർ” എന്ന മുഖ്യ​ശീർഷ​ക​വും കാണുക.

സ്വർഗ്ഗത്തിലേക്കു പോകു​ന്നവർ പിന്നീട്‌ ഇവിടെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​നാ​യി ഭൂമി​യി​ലേക്ക്‌ തിരി​ച്ച​യ​ക്ക​പ്പെ​ടു​മോ?

സദൃശ. 2:21, RS: “നീതിമാൻമാർ ദേശത്ത്‌ വസിക്കും [“ഭൂമി​യിൽ പാർക്കും,” NE], നിഷ്‌ക്ക​ള​ങ്കൻമാർ അതിൽ ശേഷി​ച്ചി​രി​ക്കും.” (അത്തരം നീതി​മാൻമാർ ഭൂമി​യി​ലേക്ക്‌ തിരികെ വരു​മെന്ന്‌ ആ തിരു​വെ​ഴുത്ത്‌ പറയു​ന്നില്ല, മറിച്ച്‌ അവിടെ ശേഷി​ച്ചി​രി​ക്കും എന്നേ പറയു​ന്നു​ളളു എന്ന്‌ കുറി​ക്കൊ​ള​ളുക.)

1 തെസ്സ. 4:17, RS: “അങ്ങനെ നാം [സ്വർഗ്ഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടുന്ന ക്രിസ്‌ത്യാ​നി​കൾ] എല്ലായ്‌പ്പോ​ഴും കർത്താ​വി​നോ​ടു​കൂ​ടെ​യാ​യി​രി​ക്കും.”

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘നിങ്ങൾ ഉത്‌പ്രാ​പ​ണ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഉത്‌പ്രാ​പ​ണ​ത്തി​ന്റെ അർത്ഥം സംബന്ധിച്ച്‌ എല്ലാവർക്കും ഒരേ ആശയമല്ല ഉളള​തെ​ന്നാണ്‌ എനിക്ക്‌ കാണാൻ കഴിഞ്ഞി​ട്ടു​ള​ളത്‌. അതേ സംബന്ധി​ച്ചു​ളള നിങ്ങളു​ടെ ആശയങ്ങൾ എന്താണ്‌ എന്ന്‌ ഞാനൊ​ന്നു ചോദി​ച്ചോ​ട്ടെ? . . . ഏതു കാര്യം സംബന്ധി​ച്ചാ​ണെ​ങ്കി​ലും നമ്മുടെ ആശയങ്ങളെ ബൈബിൾ തന്നെ പറയു​ന്ന​തി​നോട്‌ താരത​മ്യം ചെയ്യു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും. (മുകളിൽ കൊടു​ത്തി​രി​ക്കു​ന്ന​തിൽ നിന്നു പററിയ വിവരങ്ങൾ തെര​ഞ്ഞെ​ടുത്ത്‌ ഉപയോ​ഗി​ക്കുക.)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ക്രിസ്‌ത്യാ​നി​ക​ളു​ടെ രക്ഷപെടൽ പദ്ധതി​യാ​യി ഉത്‌പ്രാ​പ​ണത്തെ വിശദീ​ക​രി​ക്കു​ന്ന​താ​യി​ട്ടാണ്‌ ഞാൻ കേട്ടി​ട്ടു​ള​ളത്‌. വരാനി​രി​ക്കുന്ന മഹോ​പ​ദ്ര​വ​ത്തിൽ നിന്ന്‌ തങ്ങൾ രക്ഷപെ​ടു​ന്നത്‌ ഇങ്ങനെ​യാ​ണെ​ന്നാണ്‌ പലരും കരുതു​ന്നത്‌. നിങ്ങൾ അങ്ങനെ​യാ​ണോ വിചാ​രി​ക്കു​ന്നത്‌?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ആ സമയത്ത്‌ തീർച്ച​യാ​യും നമുക്ക്‌ ദൈവ​ത്തി​ന്റെ സംരക്ഷണം ആവശ്യ​മാണ്‌. നമുക്ക്‌ അതിൽ നിന്ന്‌ എങ്ങനെ പ്രയോ​ജനം അനുഭ​വി​ക്കാൻ കഴിയു​മെന്ന്‌ കാണി​ച്ചു​ത​രുന്ന ചില ബൈബിൾ വാക്യങ്ങൾ വളരെ പ്രോൽസാ​ഹ​ജ​ന​ക​മാ​ണെന്ന്‌ ഞാൻ കണ്ടിരി​ക്കു​ന്നു. (സെഫ. 2:3)’ (2) ‘രസാവ​ഹ​മാ​യി, വിശ്വ​സ്‌ത​രായ ചിലരെ ദൈവം ഈ ഭൂമി​യിൽതന്നെ സംരക്ഷി​ക്കു​മെന്ന്‌ ബൈബിൾ കാണിച്ചു തരുന്നു. (സദൃശ. 2:21, 22) അത്‌ ആദാമി​നെ സൃഷ്ടിച്ച്‌ പറുദീ​സ​യിൽ ആക്കിവ​ച്ച​പ്പോൾ ദൈവ​ത്തി​നു​ണ്ടാ​യി​രുന്ന ആദി​മോ​ദ്ദേ​ശ്യ​ത്തോട്‌ ചേർച്ച​യി​ലാണ്‌, അല്ലേ?’

മറെറാ​രു സാദ്ധ്യത: ‘ഉത്‌പ്രാ​പണം എന്നതി​നാൽ ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യകാ​ലത്ത്‌ ജീവി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾ സ്വർഗ്ഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടു​മെ​ന്നാണ്‌ നിങ്ങൾ അർത്ഥമാ​ക്കു​ന്നത്‌, അല്ലേ? . . . സ്വർഗ്ഗ​ത്തിൽ ചെന്നു​ക​ഴിഞ്ഞ്‌ അവർ എന്തു ചെയ്യു​മെന്ന്‌ നിങ്ങൾ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? . . . വെളി​പ്പാട്‌ 20:6 (5:9, 10-ഉം) പറയു​ന്നത്‌ കുറി​ക്കൊ​ള​ളുക. . . . എന്നാൽ അവർ ആരുടെ മേലാണ്‌ ഭരണം നടത്തുക? (സങ്കീ. 37:10, 11, 29)’