ഗർഭച്ഛിദ്രം
നിർവ്വചനം: സാധാരണഗതിയിൽ ഗർഭാശയത്തിന് പുറത്ത് ജീവിക്കാൻ കഴിയാത്ത ഒരു ഭ്രൂണത്തിന്റെയോ അല്ലെങ്കിൽ ഗർഭസ്ഥശിശുവിന്റെയോ പുറന്തളളലാണ് ഗർഭച്ഛിദ്രം. താനെയുളള ഗർഭച്ഛിദ്രമോ ഗർഭമലസലോ മാനുഷ അപൂർണ്ണത നിമിത്തമോ അപകടം നിമിത്തമോ സംഭവിച്ചേക്കാം. വേണ്ടാത്ത ഒരു ശിശുവിന്റെ ജനനം തടയാൻ വേണ്ടി ബോധപൂർവ്വം നടത്തുന്ന ഗർഭച്ഛിദ്രം മന:പൂർവ്വ കൊലപാതകമാണ്.
മാനുഷ ജീവന്റെ ഉറവിടം ഈ കാര്യം സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ എങ്ങനെ ബാധിക്കണം?
പ്രവൃ. 17:28: “അവനാൽ [ദൈവം] നമുക്ക് ജീവൻ ഉണ്ടായിരിക്കുകയും നാം ചരിക്കുകയും സ്ഥിതിചെയ്യുകയും ചെയ്യുന്നു.”
സങ്കീ. 36:9: “നിന്റെ പക്കൽ [യഹോവയാം ദൈവം] ആണ് ജീവന്റെ ഉറവ്.”
റോമർ 14:12: “നാം ഓരോരുത്തരും അവനവനുവേണ്ടി ദൈവത്തോട് കണക്കു ബോധിപ്പിക്കും.”
ഗർഭധാരണശേഷം വളർച്ചയുടെ ആരംഭഘട്ടങ്ങളിൽ തന്നെ ഒരു കുട്ടിയുടെ ജീവനെ യഹോവ വിലപ്പെട്ടതായി വീക്ഷിക്കുന്നുവോ?
സങ്കീ. 139:13-16: “നീ [യഹോവ] എന്റെ അമ്മയുടെ ഉദരത്തിൽ എന്നെ മറച്ചുവച്ചു. . . . നിന്റെ കണ്ണുകൾ എന്റെ ഭ്രൂണത്തെപ്പോലും കണ്ടു, അതിന്റെ ഭാഗങ്ങളെല്ലാം നിന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരുന്നു.”
ഒരു അജാതശിശുവിന് പരിക്കേൽപ്പിക്കുന്ന വ്യക്തി അതിന് കണക്കുബോധിപ്പിക്കേണ്ടി വരുമെന്ന് ദൈവം എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ?
പുറ. 21:22, 23: “മനുഷ്യർ തമ്മിൽ ശണ്ഠകൂടിയിട്ട് അവർ ഗർഭിണിയായ ഒരു സ്ത്രീയെ യഥാർത്ഥത്തിൽ പരിക്കേൽപ്പിച്ചാൽ, കുട്ടികൾ പുറത്തുവരുന്നതല്ലാതെ മററു മാരകമായ അപകടമൊന്നും സംഭവിക്കുന്നില്ലെങ്കിൽ പരിക്കേൽപ്പിച്ചവൻ ആ സ്ത്രീയുടെ ഉടമസ്ഥൻ ചുമത്തുന്ന പിഴ നിശ്ചയമായും കൊടുക്കേണം, ന്യായാധിപൻമാർ മുഖാന്തരം അവൻ അതു കൊടുക്കേണം. എന്നാൽ മാരകമായ ഒരു അപകടം സംഭവിക്കുന്നുവെങ്കിൽ നിങ്ങൾ ദേഹിക്കു പകരം ദേഹിയെ കൊടുക്കേണം.” (ഇസ്രായേലിനുളള ഈ നിയമത്തിൽ ഭ്രൂണത്തിന് എന്തു സംഭവിക്കുന്നു എന്നുളളതല്ല അമ്മക്ക് എന്തു സംഭവിക്കുന്നു എന്നതാണ് നിർണ്ണായക സംഗതി എന്ന് ചില ഭാഷാന്തരങ്ങൾ വരുത്തിത്തീർക്കുന്നു. എന്നിരുന്നാലും മൂല എബ്രായ പാഠം അമ്മക്കോ കുട്ടിക്കോ സംഭവിക്കാവുന്ന മാരകമായ അപകടത്തെ പരാമർശിക്കുന്നു.)
ദൈവത്താൽ അധികാരപ്പെടുത്തപ്പെടാത്ത ഒരു കാരണത്തിന് മന:പൂർവ്വം ഒരു മാനുഷ ജീവൻ ഹനിക്കുന്നത് എത്ര ഗൗരവമുളള സംഗതിയാണ്?
ഉൽപ. 9:6: “മനുഷ്യന്റെ രക്തം ചൊരിയുന്ന ഏതൊരുവന്റെയും സ്വന്തം രക്തം മനുഷ്യനാൽ തന്നെ ചൊരിയപ്പെടും. എന്തുകൊണ്ടെന്നാൽ ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ ഉണ്ടാക്കി.”
1 യോഹ. 3:15: “യാതൊരു മാനുഷഘാതകനും നിത്യജീവൻ അവന്റെ ഉളളിൽ വസിക്കുന്നില്ല.”
പുറ. 20:13: “നീ കൊലപാതകം ചെയ്യരുത്.
ഒരു ഗർഭം കാലാവധിവരെ തുടരാൻ അനുവദിക്കുന്നത് അമ്മയുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കും എന്നുളള ഒരു ഡോക്ടറുടെ അഭിപ്രായം ഗർഭച്ഛിദ്രത്തെ നീതീകരിക്കുന്നുവോ?
ഡോക്ടർമാരുടെ അഭിപ്രായങ്ങൾ ചിലപ്പോൾ തെററാണ്. ഒരു വ്യക്തി തന്റെ സഹമനുഷ്യനെ ഉപദ്രവിച്ചേക്കാം എന്നുളളതുകൊണ്ട് ആ വ്യക്തിയെ കൊല്ലുന്നത് ശരിയായിരിക്കുമോ? ശിശുജനനത്തിന്റെ സമയത്ത് അമ്മയുടെ ജീവനോ കുട്ടിയുടെ ജീവനോ ഏതു വേണമെന്ന് ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടെങ്കിൽ ആ തീരുമാനം ചെയ്യേണ്ടത് ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളാണ്. എന്നിരുന്നാലും, വൈദ്യശാസ്ത്ര നടപടികളിൽ ഉണ്ടായിട്ടുളള പുരോഗതി മിക്കരാജ്യങ്ങളിലും അതു അപൂർവ്വമായി മാത്രം ഉണ്ടാകുന്ന ഒരു സാഹചര്യമാക്കിയിരിക്കുന്നു.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘എന്നാൽ എന്റെ സ്വന്തം ശരീരത്തെ ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനം ചെയ്യാൻ എനിക്ക് അവകാശമുണ്ട്.’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു. ഇന്ന് മിക്കപ്പോഴും നമ്മുടെ അവകാശങ്ങൾ മററുളളവരാൽ ചവിട്ടി മെതിക്കപ്പെടുന്നു; മററുളളവർക്ക് എന്തു സംഭവിക്കുന്നു എന്നതിനെപ്പററി അനേകരും ശ്രദ്ധിക്കാറേയില്ല. എന്നാൽ നമ്മെ സംരക്ഷിക്കാൻ കഴിയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ബൈബിൾ നൽകുന്നു. എന്നാൽ അതിന്റെ പ്രയോജനങ്ങൾ ലഭിക്കുന്നതിന് നാം അതിന്റെ ഉത്തരവാദിത്വങ്ങളും ഏറെറടുക്കണം.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അനേകം മാതാക്കൾ അവർക്ക് കുട്ടികളെ ജനിപ്പിച്ച പുരുഷൻമാരാൽ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഭർത്താവും ഭാര്യയും ബൈബിൾ നിലവാരങ്ങൾക്കനുസൃതമായി ജീവിക്കുന്ന ഒരു ഭവനത്തിൽ ഭർത്താവ് ഭാര്യയെയും കുട്ടികളെയും യഥാർത്ഥത്തിൽ സ്നേഹിക്കുകയും വിശ്വസ്തതയോടെ അവരോടുകൂടെ ജീവിക്കുകയും അവർക്കുവേണ്ടി കരുതുകയും ചെയ്യും. (1 തിമൊ. 5:8; എഫേ. 5:28-31)’ (2) ‘നമുക്ക് വ്യക്തിപരമായി അത്തരം സ്നേഹവും ആദരവും ലഭിക്കണമെങ്കിൽ നമ്മുടെ കുടുംബാംഗങ്ങളോടുളള മനോഭാവത്തിൽ നാമും ബൈബിൾ നിലവാരങ്ങൾ ബാധകമാക്കേണ്ടതുണ്ട്. നാം ഉൽപ്പാദിപ്പിക്കുന്ന കുട്ടികളെ നാം എങ്ങനെ വീക്ഷിക്കണമെന്നാണ് ബൈബിൾ പറയുന്നത്? (സങ്കീ. 127:3; യെശ. 49:15 വിപരീത താരതമ്യം ചെയ്യുക.)’