ജീവൻ
നിർവ്വചനം: ചെടികളെയും മൃഗങ്ങളെയും മനുഷ്യരെയും ആത്മവ്യക്തികളെയും നിർജ്ജീവ വസ്തുക്കളിൽ നിന്ന് തിരിച്ചറിയിക്കുന്ന സചേതനമായ അവസ്ഥ. ഭൗതിക ജീവികൾക്ക് സാധാരണയായി വളർച്ച, ശരീരപോഷണ പരിണാമം, ബാഹ്യ പ്രചോദനത്തോടുളള പ്രതിപ്രവർത്തനം, പുനരുൽപാദനം എന്നിവക്കുളള കഴിവുണ്ട്. സസ്യങ്ങൾക്ക് പ്രവർത്തനനിരതമായ ജീവനുണ്ട്. എന്നാൽ അവ ബോധമുളള ദേഹികളായിരിക്കുന്നില്ല. ഭൗമിക ദേഹികളിൽ, മൃഗങ്ങളിലും മനുഷ്യരിലും, അവയെ ജീവനുളളവയാക്കി നിർത്തുന്ന ജീവശക്തിയും ആ ജീവശക്തിയെ നിലനിർത്തുന്നതിന് ശ്വാസവുമുണ്ട്.
ബുദ്ധിയുളള വ്യക്തികളുടെ സംഗതിയിൽ പൂർണ്ണമായ അർത്ഥത്തിൽ ജീവൻ അതിനുവേണ്ടിയുളള അവകാശത്തോടെ പൂർണ്ണതയുളള അസ്തിത്വമാണ്. മാനുഷ ദേഹി അമർത്ത്യമല്ല. എന്നാൽ വിശ്വസ്തരായ ദൈവദാസൻമാർക്ക് പൂർണ്ണതയിലുളള നിത്യജീവന്റെ ഭാവി പ്രത്യാശയുണ്ട്—അനേകർക്ക് ഭൂമിയിൽ; ദൈവരാജ്യത്തിന്റെ അവകാശികളെന്നനിലയിൽ ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിന് സ്വർഗ്ഗത്തിൽ. ആത്മീയ ജീവനിലേക്കുളള പുനരുത്ഥാനത്തിൽ രാജ്യവർഗ്ഗത്തിലെ അംഗങ്ങൾക്കും അമർത്ത്യത നൽകപ്പെടുന്നു, സൃഷ്ടിക്കപ്പെട്ട എന്തെങ്കിലും വസ്തുക്കളാൽ നിലനിർത്തപ്പെടേണ്ട ആവശ്യമില്ലാത്ത തരം ജീവൻ തന്നെ.
മാനുഷ ജീവന്റെ ഉദ്ദേശ്യമെന്താണ്?
നമ്മുടെ ജീവിതത്തിൽ ഉദ്ദേശ്യമുണ്ടായിരിക്കുന്നതിന് ജീവന്റെ ഉറവിനെ തിരിച്ചറിയുക എന്നത് അടിസ്ഥാനപരമായ ഒരാവശ്യമാണ്. ജീവൻ വെറുതെ യാദൃച്ഛികമായി ഉണ്ടായതായിരുന്നെങ്കിൽ നമ്മുടെ ജീവിതം അവശ്യം ഉദ്ദേശ്യമില്ലാത്തതായിരുന്നേനെ, നമുക്ക് ആശ്രയയോഗ്യമായ ഒരു ഭാവിക്കുവേണ്ടി ആസൂത്രണം ചെയ്യാനും കഴിയുമായിരുന്നില്ല. എന്നാൽ പ്രവൃത്തികൾ 17:24, 25, 28 നമ്മോട് ഇപ്രകാരം പറയുന്നു: “ലോകവും അതിലുളളതൊക്കെയും ഉണ്ടാക്കിയ ദൈവം . . . സകലർക്കും ജീവനും ശ്വാസവും സകലവും നൽകുന്നു. അവനാൽ നമുക്ക് ജീവനുണ്ട്, അവനാൽ നാം ചരിക്കുകയും സ്ഥിതിചെയ്യുകയും ചെയ്യുന്നു.” ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ട് വെളിപ്പാട് 4:11 ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഞങ്ങളുടെ ദൈവം തന്നെയായ യഹോവേ നീ സകലവും സൃഷ്ടിച്ചതുകൊണ്ടും നിന്റെ ഇഷ്ടം ഹേതുവാൽ അവ സ്ഥിതിചെയ്യുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തതുകൊണ്ടും നീ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊളളുവാൻ യോഗ്യൻ.” (“ദൈവം” എന്ന മുഖ്യ ശീർഷകത്തിൻ കീഴിൽ 145-151 പേജുകൾ കാണുക.)
സ്രഷ്ടാവിന്റെ നിബന്ധനകൾക്കും സന്തുഷ്ടിക്കുവേണ്ടിയുളള അവന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിപരീതമായ ഒരു ജീവിതഗതിയിൽ നിന്നാണ് നിരാശ ഉളവാകുന്നത്. ഗലാത്യർ 6:7, 8 ഇപ്രകാരം മുന്നറിയിപ്പ് തരുന്നു: “വഴിതെററിക്കപ്പെടരുത്: ദൈവം പരിഹസിക്കപ്പെടാവുന്നവനല്ല. ഒരു മനുഷ്യൻ വിതക്കുന്നത് എന്തുതന്നെയായിരുന്നാലും അവൻ അത് കൊയ്യുകയും ചെയ്യും; എന്തുകൊണ്ടെന്നാൽ ജഡത്തിനായിട്ട് വിതക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്യും.”—കൂടാതെ ഗലാത്യർ 5:19-21. (“സ്വാതന്ത്ര്യം” എന്ന മുഖ്യ ശീർഷകം കൂടെ കാണുക.)
ആദാമിൽ നിന്ന് അവകാശമാക്കിയ പാപം ആരംഭത്തിൽ ദൈവം ഉദ്ദേശിച്ചിരുന്നതുപോലെ പൂർണ്ണജീവിതാസ്വാദനം ഉണ്ടായിരിക്കുന്നതിൽ നിന്ന് ഇപ്പോൾ മനുഷ്യരെ തടയുന്നു. ആദാമിന്റെ പാപത്തെ തുടർന്നുണ്ടായ ദിവ്യന്യായവിധി നിമിത്തം “സൃഷ്ടി [മനുഷ്യവർഗ്ഗം] നിഷ്പ്രയോജനത്വത്തിനു കീഴ്പ്പെടുത്തപ്പെട്ടു” എന്ന് റോമർ 8:20 പ്രസ്താവിക്കുന്നു. പാപിയായ ഒരു മനുഷ്യനെന്നനിലയിൽ തന്റെ സ്വന്തം അവസ്ഥയെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഞാൻ ജഡികൻ, പാപത്തിന് വിൽക്കപ്പെട്ടവൻ. എന്തുകൊണ്ടെന്നാൽ ഞാൻ ആഗ്രഹിക്കുന്ന നൻമ ഞാൻ ചെയ്യുന്നില്ല, എന്നാൽ ഞാൻ ആഗ്രഹിക്കാത്ത തിൻമ ഞാൻ ചെയ്യുന്നു. എന്റെ ഉളളിലെ മനുഷ്യൻ വാസ്തവത്തിൽ ദൈവത്തിന്റെ നിയമത്തിൽ സന്തോഷിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ നിയമത്തോട് പോരാടുന്ന വേറൊരു നിയമം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു. അത് എന്റെ അവയവങ്ങളിലുളള പാപത്തിന്റെ നിയമത്തിന് എന്നെ അടിമയാക്കുന്നു. അയ്യോ, ഞാൻ അരിഷ്ട മനുഷ്യൻ!”—റോമ. 7:14, 19, 22-24.
നാം ബൈബിൾ തത്വങ്ങൾ ബാധകമാക്കുകയും ദൈവേഷ്ടം ചെയ്യുന്നത് ഒന്നാമത് വയ്ക്കുകയും ചെയ്യുമ്പോൾ ഇപ്പോൾത്തന്നെ നാം സാദ്ധ്യമായ ഏററവും വലിയ സന്തോഷം കണ്ടെത്തുന്നു, നമ്മുടെ ജീവിതം അർത്ഥ സമ്പുഷ്ടമായിത്തീരുകയും ചെയ്യുന്നു. ദൈവത്തെ സേവിക്കുക വഴി നാം അവനെ കൂടുതൽ സമ്പന്നനാക്കുന്നില്ല; ‘നമുക്കുതന്നെ പ്രയോജനം ചെയ്യാൻ’ അവൻ നമ്മെ പഠിപ്പിക്കുന്നു. (യെശ. 48:17) ബൈബിൾ ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “ഉറപ്പുളളവരും കുലുങ്ങാത്തവരുമായി നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്ന് അറിഞ്ഞുകൊണ്ട് കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുളളവരായിരിക്കുക.”—1 കൊരി. 15:58.
ജീവനുവേണ്ടിയുളള യഹോവയുടെ കരുതലുകളിൽ നാം വിശ്വാസം വയ്ക്കുകയും അവന്റെ വഴികളിൽ നടക്കുകയും ചെയ്താൽ പൂർണ്ണതയിലുളള നിത്യജീവന്റെ പ്രത്യാശ ബൈബിൾ നമ്മുടെ മുമ്പാകെ വയ്ക്കുന്നു. ആ പ്രത്യാശക്ക് ഉറച്ച അടിസ്ഥാനമുണ്ട്; അത് നിരാശയിലേക്ക് നയിക്കുകയില്ല; ആ പ്രത്യാശയോടു ചേർച്ചയിലുളള പ്രവർത്തനം ഇപ്പോൾ പോലും നമ്മുടെ ജീവിതത്തെ യഥാർത്ഥത്തിൽ അർത്ഥ സമ്പുഷ്ടമാക്കും.—യോഹ. 3:16; തീത്തോ. 1:2; 1 പത്രോ. 2:6.
വെറുതെ ഏതാനും വർഷങ്ങൾ ജീവിക്കുന്നതിനും പിന്നെ മരിക്കുന്നതിനും വേണ്ടിയാണോ മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്?
ഉൽപ. 2:15-17: “യഹോവയായ ദൈവം മനുഷ്യനെ [ആദാമിനെ] കൂട്ടിക്കൊണ്ടുപോയി ഏദൻതോട്ടത്തിൽ കൃഷി ചെയ്വാനും അതിനെ കാപ്പാനും അവിടെ ആക്കി. യഹോവയായ ദൈവം മനുഷ്യന്റെമേൽ ഈ കൽപ്പനയും വച്ചു: ‘തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളിൽ നിന്നും നിനക്ക് തൃപ്തിയാവോളം ഭക്ഷിക്കാം. എന്നാൽ നൻമതിൻമകളുടെ അറിവിന്റെ വൃക്ഷത്തെ സംബന്ധിച്ചാണെങ്കിൽ നീ അതിൽ നിന്ന് ഭക്ഷിക്കരുത്, എന്തുകൊണ്ടെന്നാൽ അതിൽ നിന്ന് ഭക്ഷിക്കുന്ന നാളിൽ നീ നിശ്ചയമായും മരിക്കും.’” (ദൈവം ഇവിടെ മരണത്തെപ്പററി സംസാരിച്ചത് ഒഴിവാക്കാനാവാത്ത ഒരു സാഹചര്യമായിട്ടല്ല, മറിച്ച് പാപത്തിൽ നിന്ന് ഉളവാകുന്ന ഫലമായിട്ടാണ്. അത് ഒഴിവാക്കാൻ അവൻ ആദാമിനെ ഉപദേശിക്കുകയായിരുന്നു. റോമർ 6:23 താരതമ്യം ചെയ്യുക.)
ഉൽപ. 2:8, 9: “യഹോവയായ ദൈവം കിഴക്ക് ഏദനിൽ ഒരു തോട്ടമുണ്ടാക്കി താൻ നിർമ്മിച്ചിരുന്ന മനുഷ്യനെ അവിടെ ആക്കി. അപ്രകാരം കാൺമാൻ ഭംഗിയുളളതും തിൻമാൻ നല്ല ഫലങ്ങളുളളതുമായ ഓരോ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ ജീവന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്ന് മുളപ്പിച്ചു.” (ഉൽപ. 3:22, 23 അനുസരിച്ച് ആദാം പാപം ചെയ്ത ശേഷം ജീവവൃക്ഷത്തിൽ നിന്ന് അവർ ഭക്ഷിക്കാതിരിക്കേണ്ടതിന് ആ മാനുഷ ദമ്പതികൾ ഏദനിൽ നിന്ന് പുറത്താക്കപ്പെട്ടു. അതുകൊണ്ട് ആദാം തന്റെ സ്രഷ്ടാവിനോട് അനുസരണമുളളവനായി തുടർന്നിരുന്നെങ്കിൽ എന്നേക്കും ജീവിക്കാനുളള യോഗ്യത തെളിയിച്ചതിന്റെ പ്രതീകമെന്ന നിലയിൽ കാലക്രമത്തിൽ ആ വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കാൻ ദൈവം അവനെ അനുവദിക്കുമായിരുന്നു എന്ന് തോന്നുന്നു. ജീവവൃക്ഷം ഏദനിൽ ഉണ്ടായിരുന്നു എന്നത് അങ്ങനെയൊരു സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടി.)
സങ്കീ. 37:29: “നീതിമാൻമാർ തന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കുകയും ചെയ്യും.” (ഈ വാഗ്ദാനം ഭൂമിയെയും മനുഷ്യവർഗ്ഗത്തെയും സംബന്ധിച്ച ദൈവത്തിന്റെ അടിസ്ഥാന ഉദ്ദേശ്യത്തിന് മാററം വന്നിട്ടില്ല എന്ന് വ്യക്തമാക്കുന്നു.)
“മരണം” എന്ന മുഖ്യ ശീർഷകത്തിൻ കീഴിൽ പേജ് 98 കൂടെ കാണുക.
എന്നാൽ ഇന്ന് നമ്മുടെ സംഗതിയിൽ, മിക്കപ്പോഴും കഷ്ടപ്പാടുകളാൽ വികലമാക്കപ്പെടുന്ന ഹ്രസ്വ അസ്തിത്വം ഉദ്ദേശിക്കപ്പെട്ടിരുന്ന ജീവിതമാണോ?
റോമ. 5:12: “ഏക മനുഷ്യനാൽ [ആദാം] പാപവും പാപത്താൽ മരണവും ലോകത്തിൽ പ്രവേശിച്ചു, അങ്ങനെ സകല മനുഷ്യരും പാപം ചെയ്തിരുന്നതിനാൽ മരണം അവരിലേക്ക് വ്യാപിച്ചു.” (നാമെല്ലാം അവകാശമാക്കിയത് അതാണ്, ദൈവം അത് ഉദ്ദേശിച്ചതുകൊണ്ടല്ല, മറിച്ച് ആദാമിന്റെ പാപം നിമിത്തം.) (“വിധി” എന്ന മുഖ്യ ശീർഷകവും കൂടെ കാണുക.)
ഇയ്യോ. 14:1: “സ്ത്രീയിൽ നിന്ന് ജനിച്ച മനുഷ്യൻ അൽപ്പായുസുളളവനും കഷ്ടത നിറഞ്ഞവനുമാകുന്നു.” (ഈ അപൂർണ്ണ വ്യവസ്ഥിതിയിലെ ജീവന്റെ വിശേഷത വലിയ ഒരളവുവരെ അതാണ്.)
എന്നിരുന്നാലും ഈ സാഹചര്യങ്ങളിൽപോലും നമ്മുടെ ജീവിതം തികച്ചും പ്രതിഫലദായകവും അർത്ഥവത്തും ആയിരിക്കാൻ കഴിയും. മനുഷ്യ ജീവിതോദ്ദേശ്യം സംബന്ധിച്ച 243, 244 പേജുകളിലെ വിവരങ്ങൾ കാണുക.
ഭൂമിയിലെ ജീവിതം ആർ സ്വർഗ്ഗത്തിൽ പോകണം എന്നു തീരുമാനിക്കാനുളള ഒരു പരീക്ഷണഘട്ടം മാത്രമാണോ?
“സ്വർഗ്ഗം” എന്ന മുഖ്യ ശീർഷകത്തിൻ കീഴിൽ 162-168 പേജുകൾ കാണുക.
ജഡശരീരത്തിന്റെ മരണത്തിനു ശേഷവും തുടർന്നു ജീവിക്കുന്ന ഒരു അമർത്ത്യ ദേഹി നമുക്കുണ്ടോ?
“ദേഹി” എന്ന മുഖ്യ ശീർഷകത്തിൻ കീഴിൽ 375-380 പേജുകൾ കാണുക.
ഇപ്പോഴത്തെ ഹ്രസ്വമായ മാനുഷ അസ്തിത്വത്തിന് അപ്പുറം എന്തെങ്കിലുമുണ്ടായിരിക്കാൻ ആർക്കെങ്കിലും പ്രതീക്ഷിക്കാൻ കഴിയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
മത്താ. 20:28: “മനുഷ്യപുത്രൻ [യേശുക്രിസ്തു] വന്നത് ശുശ്രൂഷിക്കപ്പെടുവാനല്ല, മറിച്ച് ശുശ്രൂഷിക്കാനും തന്റെ ദേഹിയെ അനേകർക്കുവേണ്ടി, മറുവിലയായി നൽകാനുമാണ്.”
യോഹ. 3:16: “തന്റെ ഏകജാതപുത്രനിൽ വിശ്വസിക്കുന്ന യാതൊരാളും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രയധികം സ്നേഹിച്ചു.”
എബ്രാ. 5:9: “അവൻ [യേശുക്രിസ്തു] പൂർണ്ണനാക്കപ്പെട്ടശേഷം തന്നെ അനുസരിക്കുന്ന സകലർക്കുമുളള നിത്യരക്ഷക്ക് ഉത്തരവാദിയായിത്തീർന്നു.” (കൂടാതെ യോഹന്നാൻ 3:36)
ഭാവി ജീവനുവേണ്ടിയുളള പ്രതീക്ഷ എപ്രകാരമായിരിക്കും യാഥാർത്ഥ്യമായിത്തീരുന്നത്?
പ്രവൃ. 24:15: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകുമെന്ന് ഈ പുരുഷൻമാർ തന്നെ പ്രത്യാശിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ പ്രത്യാശ വച്ചിരിക്കുന്നു.” (ഇതിൽ കഴിഞ്ഞ കാലങ്ങളിൽ ദൈവത്തെ വിശ്വസ്തതയോടെ സേവിച്ചവരും സത്യദൈവത്തിന്റെ വഴികളെ സ്വീകരിക്കാനോ നിരസിക്കാനോ കഴിയത്തക്കവണ്ണം അവനെപ്പററി അറിയാഞ്ഞ വലിയ സംഖ്യയും ഉൾപ്പെടും.)
യോഹ. 11:25, 26: “യേശു അവളോട് [യേശു പിന്നീട് ജീവനിലേക്ക് പുന:സ്ഥിതീകരിച്ച ഒരാളുടെ സഹോദരിയോട്] പറഞ്ഞു: ‘ഞാൻതന്നെ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നിൽ വിശ്വാസമർപ്പിക്കുന്നവൻ മരിച്ചാലും ജീവനിലേക്ക് വരും; ജീവിച്ചിരുന്ന് എന്നിൽ വിശ്വാസമർപ്പിക്കുന്നവൻ ഒരുനാളും മരിക്കുകയില്ല. നീ ഇതു വിശ്വസിക്കുന്നുവോ?’” (അതുകൊണ്ട് പുനരുത്ഥാന പ്രത്യാശയോടൊപ്പം ഇന്നത്തെ ദുഷ്ടലോകം അതിന്റെ അന്ത്യത്തിലേക്ക് വരുന്ന കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് യേശു മറെറാന്നുംകൂടി വച്ചു നീട്ടി. ദൈവരാജ്യത്തിന്റെ ഭൗമിക പ്രജകളായിരിക്കാൻ പ്രത്യാശിക്കുന്നവർക്ക് അതിജീവിക്കുന്നതിനും ഒരിക്കലും മരിക്കാതിരിക്കുന്നതിനുമുളള സാദ്ധ്യതയുണ്ട്.)
മനുഷ്യ ശരീരത്തിന്റെ ഘടനയിൽ അത് എന്നേക്കും ജീവിക്കുന്നതിനായി രൂപസംവിധാനം ചെയ്യപ്പെട്ടതാണ് എന്നതിന് എന്തെങ്കിലും തെളിവുണ്ടോ?
നാം 70 അല്ലെങ്കിൽ 100 വയസ്സുവരെ ജീവിച്ചിരുന്നേക്കാമെങ്കിലും ആ കാലയളവിൽ നാം നമ്മുടെ മസ്തിഷ്ക്കത്തെ ഉപയോഗിക്കാനിടയുളളതിലും വളരെയധികമാണ് അതിന്റെ പ്രാപ്തി എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. “ഒരുവന്റെ ആയുഷ്ക്കാലത്ത് ഉപയോഗപ്പെടുത്താനിടയുളളതിലും വളരെയധികം പ്രാപ്തി മാനുഷ മസ്തിഷ്ക്കത്തിനുണ്ട്” എന്ന് എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു. (1976, വാല്യം 12, പേ. 998.) മാനുഷ മസ്തിഷ്ക്കത്തിന് “ലോകത്തിലെ ഏററവും വലിയ പുസ്തകശാലകളിൽ ഉളളിടത്തോളം അതായത് ഏതാണ്ട് 2 കോടി പുസ്തകങ്ങൾ നിറയ്ക്കാൻ മാത്രമുളള” വിവരങ്ങൾ ഉൾക്കൊളളാൻ കഴിയുമെന്ന് ശാസ്ത്രജ്ഞനായ കാൾ സാഗൻ പ്രസ്താവിച്ചിരിക്കുന്നു. (കോസ്മോസ്, 1980, പേ. 278) “വിവരങ്ങൾ ശേഖരിച്ചു വയ്ക്കാനുളള” മനുഷ്യ മസ്തിഷ്ക്കത്തിന്റെ പ്രാപ്തിയെപ്പററി ജീവരസതന്ത്രജ്ഞനായ ഐസക്ക് അസിമോവ് എഴുതിയത് “ഒരു മനുഷ്യൻ അതിൻമേൽ വച്ചേക്കാവുന്ന അറിവിന്റെയും ഓർമ്മയുടെയും ഏതു ഭാരവും—അതിന്റെ നൂറു കോടി മടങ്ങും—കൈകാര്യം ചെയ്യാൻ അതിന് കഴിവുണ്ട്” എന്നാണ്.—ദി ന്യൂയോർക്ക് ടൈംസ് മാസിക, ഒക്ടോബർ 9, 1966, പേ. 146. (ഉപയോഗിക്കപ്പെടാനല്ലെങ്കിൽ പിന്നെ എന്തിനാണ് മനുഷ്യമസ്തിഷ്ക്കത്തിന് അത്തരമൊരു പ്രാപ്തി നൽകപ്പെട്ടത്? അനന്തമായ പഠന പ്രാപ്തിയോടൂകൂടിയ മനുഷ്യർ വാസ്തവത്തിൽ അനന്തമായി ജീവിക്കാനാണ് രൂപകൽപന ചെയ്യപ്പെട്ടത് എന്നത് ന്യായയുക്തമല്ലേ?)
മററ് ഗ്രഹങ്ങളിൽ ജീവനുണ്ടോ?
ദി ന്യൂയോർക്ക് ടൈംസ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “പ്രപഞ്ചത്തിൽ മറെറവിടെയെങ്കിലും ബുദ്ധിശക്തിയുളള ജീവികളുണ്ടോ എന്നറിയാനുളള അന്വേഷണം . . . 25 വർഷം മുമ്പ് ആരംഭിച്ചു. കോടാനുകോടി നക്ഷത്രങ്ങളെ പരിശോധിക്കുന്ന ഭീതിജനകമായ വേല ഇന്നോളം ഭൂമിയിലല്ലാതെ എവിടെയെങ്കിലും ജീവൻ ഉണ്ടായിരിക്കുന്നതിന്റെ എന്തെങ്കിലും തെളിവ് നൽകിയിട്ടില്ല.”—ജൂലൈ 2, 1984, പേ. A1
ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ ഇപ്രകാരം പറയുന്നു: “[സൗരയൂഥത്തിന് വെളിയിൽ] യാതൊരു ഗ്രഹവും ഇതുവരെ വ്യക്തമായി തിരിച്ചറിയപ്പെട്ടിട്ടില്ല. എന്നാൽ സൗരയൂഥത്തിന് പുറത്ത് ഉണ്ടായിരുന്നേക്കാവുന്ന ഓരോ ഗ്രഹത്തിലും ജീവൻ ആരംഭിച്ച് വളരെ ശ്രേഷ്ഠമായ സംസ്ക്കാരങ്ങളായി പരിണമിച്ചിരിക്കാനുളള സാദ്ധ്യതയുണ്ട്.” (1977, വാല്യം 22, പേ. 176) (അന്നുമുതൽ നമ്മുടെ സൗരയൂഥത്തിനു വെളിയിൽ അനേകം
ഗ്രഹങ്ങൾ കണ്ടെത്താനായിട്ടുണ്ട്. എന്നാൽ ഇവയിലൊന്നും ജീവൻ ഉണ്ടെന്നുള്ളതിന് തെളിവു ലഭിച്ചിട്ടില്ല. അതുകൊണ്ട് മേൽപ്പറഞ്ഞ ഉദ്ധരണിയിൽ പ്രതിഫലിപ്പിക്കപ്പെട്ടിരിക്കുന്ന പ്രകാരം ശൂന്യാകാശത്തിൽ ജീവൻ അന്വേഷിക്കുന്ന വളരെ ചെലവേറിയ ഈ പദ്ധതിയുടെ മുഖ്യപ്രേരണ, പരിണാമ സിദ്ധാന്തത്തിന് എന്തെങ്കിലും തെളിവ് കണ്ടുപിടിക്കുക, മനുഷ്യൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതല്ല, അതുകൊണ്ട് അവനോട് കണക്കു ബോധിപ്പിക്കേണ്ടതില്ല എന്ന് തെളിയിക്കുക, എന്നതായിരിക്കുമോ?)ഭൂമിയിൽ മാത്രമല്ല ജീവനുളളതെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. മനുഷ്യനേക്കാൾ ബുദ്ധിയിലും ശക്തിയിലും വളരെ ശ്രേഷ്ഠരായ ആത്മജീവികൾ—ദൈവവും ദൂതൻമാരും—ഉണ്ട്. ജീവന്റെ ഉൽപത്തി സംബന്ധിച്ചും ലോകത്തെ അഭിമുഖീകരിക്കുന്ന ഭയാനകമായ പ്രശ്നങ്ങൾക്കുളള പരിഹാരം സംബന്ധിച്ചും ആശയവിനിമയം നടത്തിക്കൊണ്ട് അവർ മനുഷ്യവർഗ്ഗത്തോട് ബന്ധപ്പെട്ടിട്ടുണ്ട്. (“ബൈബിൾ” “ദൈവം” എന്നീ മുഖ്യ ശീർഷകങ്ങൾ കൂടെ കാണുക.)