പുനരുത്ഥാനം
നിർവ്വചനം: പുനരുത്ഥാനം എന്ന് തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്ന അനസ്താസിസ് എന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരീയ അർത്ഥം “വീണ്ടുമുളള എഴുന്നേൽപ്പ്” എന്നാണ്. അത് മരണത്തിൽ നിന്നുളള എഴുന്നേൽപിനെ പരാമർശിക്കുന്നു. കുറച്ചുകൂടി വിശദമായ “മരിച്ചവരുടെ (മരിച്ചവരിൽ നിന്നുളള) പുനരുത്ഥാനം” എന്ന പ്രയോഗം തിരുവെഴുത്തുകളിൽ ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. (മത്താ. 22:31; പ്രവൃ. 4:2; 1 കൊരി. 15:12) അതിനുളള എബ്രായ പ്രയോഗം റെറക്കിയാത്ത് ഹമ്മേത്തിം ആണ്. അതിന്റെ അർത്ഥം മരിച്ചവരുടെ “പുനർജ്ജീവിപ്പിക്കൽ” എന്നാണ്. (മത്താ. 22:23; NW റഫറൻസ് പതിപ്പിലെ അടിക്കുറിപ്പ്) പുനരുത്ഥാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ഒരു വ്യക്തിയുടെ ജീവിത മാതൃക പുനർസൃഷ്ടിക്കുക എന്നതാണ്, ആ മാതൃക ദൈവം തന്റെ ഓർമ്മയിൽ സൂക്ഷിച്ചു വച്ചിരിക്കുന്നു. ആ വ്യക്തിയെ സംബന്ധിച്ചുളള ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് അയാൾ മാനുഷ ശരീരത്തോടെയൊ ആത്മീയ ശരീരത്തോടെയൊ പുന:സ്ഥിതീകരിക്കപ്പെടുന്നു. എന്നിരുന്നാലും അയാൾ മരിച്ചപ്പോഴുണ്ടായിരുന്ന ഗുണങ്ങളോടു കൂടിയ വ്യക്തിത്വവും ഓർമ്മയും നിലനിർത്തുന്നു. മരിച്ചവരെ പുനർജ്ജീവിപ്പിക്കാനുളള കരുതൽ യഹോവയുടെ ഭാഗത്തെ അനർഹദയയുടെ അത്ഭുതകരമായ ഒരു പ്രകടനമാണ്; അത് അവന്റെ ജ്ഞാനവും ശക്തിയും പ്രകടമാക്കുന്നതു കൂടാതെ ഭൂമിയെ സംബന്ധിച്ചുളള അവന്റെ ആദിമോദ്ദേശ്യം നിവർത്തിക്കാനുളള ഒരു മാർഗ്ഗവും കൂടെയാണ്.
പുനരുത്ഥാനം എന്നത് ഭൗതികമല്ലാത്ത ഒരു ദേഹിയെ വീണ്ടും ഭൗതികമായ ഒരു ശരീരത്തോട് കൂട്ടിച്ചേർക്കുന്നതാണോ?
തീർച്ചയായും ഇത് സാദ്ധ്യമാകുന്നതിന് മനുഷ്യർക്ക് ഭൗതിക ശരീരത്തിൽ നിന്ന് പിരിഞ്ഞിരിക്കാവുന്നതും ഭൗതികമല്ലാത്തതുമായ ഒരു ദേഹി ഉണ്ടായിരിക്കേണ്ടതുണ്ട്. ബൈബിൾ അങ്ങനെയൊരു സംഗതി പഠിപ്പിക്കുന്നില്ല. ആ ആശയം ഗ്രീക്ക് തത്വശാസ്ത്രത്തിൽ നിന്ന് കടമെടുത്തിട്ടുളളതാണ്. ദേഹിയെ സംബന്ധിച്ചുളള ബൈബിളിന്റെ പഠിപ്പിക്കൽ 375-378 പേജുകളിൽ കൊടുത്തിരിക്കുന്നു. ഭൗതികമല്ലാത്തതും അമർത്ത്യവുമായ ഒരു ദേഹിയിലുളള ക്രൈസ്തവലോകത്തിലെ വിശ്വാസത്തിന്റെ ഉത്ഭവം സംബന്ധിച്ച തെളിവുകൾക്ക് 379, 380 പേജുകൾ കാണുക.
യേശു ജഡശരീരത്തോടുകൂടെയാണോ ഉയർപ്പിക്കപ്പെട്ടത്, അവന് ഇപ്പോൾ സ്വർഗ്ഗത്തിൽ അത്തരം ഒരു ശരീരമുണ്ടോ?
1 പത്രോ. 3:18: “ക്രിസ്തുവും നിങ്ങളെ ദൈവത്തിങ്കലേക്ക് നയിക്കേണ്ടതിന് നീതികെട്ടവർക്കുവേണ്ടി പാപം സംബന്ധിച്ച് എക്കാലത്തേക്കും ഒരിക്കൽ മരിച്ചു, അവൻ ജഡത്തിൽ കൊല്ലപ്പെടുകയും ആത്മാവിൽ [“ആത്മാവിനാൽ,” KJ; “ആത്മാവിൽ,” RS, NE, Dy, JB] ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (മരിച്ചവരിൽ നിന്നുളള പുനരുത്ഥാനത്തിൽ ഒരു ആത്മശരീരത്തോടുകൂടെയാണ് യേശു വരുത്തപ്പെട്ടത്. ഗ്രീക്കു പാഠത്തിൽ “ജഡം” “ആത്മാവ്” എന്നീ പദങ്ങൾ വിപരീത താരതമ്യത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്, രണ്ടും ചതുർത്ഥീ വിഭക്തിയിലാണ്. അതുകൊണ്ട് ഒരു ഭാഷാന്തരക്കാരൻ “ആത്മാവിനാൽ” എന്നു വിവർത്തനം ചെയ്യുകയാണെങ്കിൽ പരസ്പര യോജിപ്പിലായിരിക്കുന്നതിന് അയാൾ “ജഡത്താൽ” എന്നുംകൂടെ വിവർത്തനം ചെയ്യണം. അതല്ല “ജഡത്തിൽ” എന്ന് വിവർത്തനം ചെയ്യുന്നുവെങ്കിൽ “ആത്മാവിൽ” എന്നും വിവർത്തനം ചെയ്യണം.)
പ്രവൃ. 10:40, 41: “ദൈവം അവനെ [യേശുക്രിസ്തുവിനെ] മൂന്നാം ദിവസം ഉയർത്തെഴുന്നേൽപ്പിച്ചു, എല്ലാവർക്കുമല്ല, സാക്ഷികളാകുവാൻ ദൈവത്താൽ മുന്നമേ നിയമിക്കപ്പെട്ടവർക്ക്, പ്രത്യക്ഷനാവാൻ ഇടയാക്കി.” (എന്തുകൊണ്ടാണ് മററുളളവരും അവനെ കാണാഞ്ഞത്? എന്തുകൊണ്ടെന്നാൽ അവൻ ഒരു ആത്മസൃഷ്ടിയായിരുന്നു. മുമ്പ് ദൂതൻമാർ ചെയ്തിട്ടുളളതുപോലെ തന്നെത്തന്നെ ദൃശ്യനാക്കാൻവേണ്ടി അവൻ ജഡശരീരമെടുത്തത് തിരഞ്ഞെടുക്കപ്പെട്ട ചിലരുടെ സാന്നിദ്ധ്യത്തിൽ മാത്രമായിരുന്നു.)
1 കൊരി. 15:45: “ഇപ്രകാരം തന്നെ എഴുതപ്പെട്ടിരിക്കുന്നു: ‘ഒന്നാം മനുഷ്യനായ ആദാം ജീവനുളള ദേഹിയായിത്തീർന്നു.’ ഒടുവിലത്തെ ആദാം [സൃഷ്ടിക്കപ്പെട്ടപ്പോഴത്തെ ആദാമിനെപ്പോലെ പൂർണ്ണനായിരുന്ന യേശുക്രിസ്തു] ജീവിപ്പിക്കുന്ന ഒരു ആത്മാവായിത്തീർന്നു.”
ലൂക്കോസ് 24:36-39 എന്തർത്ഥമാക്കുന്നു?
ഏതുതരം ശരീരത്തിൽ യേശു ഉയർപ്പിക്കപ്പെട്ടു എന്നതു സംബന്ധിച്ച്ലൂക്കോ. 24:36-39: “അവർ [ശിഷ്യൻമാർ] ഈ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കേ, അവൻ തന്നെ അവരുടെ മദ്ധ്യേ നിന്ന്, ‘നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ’ എന്ന് അവരോട് പറഞ്ഞു. അവർ ഭയപ്പെട്ട് ഞെട്ടിയിരുന്നതിനാൽ തങ്ങൾ ഒരു ആത്മാവിനെ കാണുന്നു എന്ന് അവർ സങ്കൽപിക്കുകയായിരുന്നു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞു: ‘നിങ്ങൾ കലങ്ങിയിരിക്കുന്നത് എന്തുകൊണ്ട്, നിങ്ങളുടെ ഹൃദയങ്ങളിൽ സംശയം പൊന്തിവരുന്നതും എന്തുകൊണ്ട്? എന്റെ കൈകളും കാലുകളും നോക്കി ഞാനാകുന്നു എന്ന് അറിയുക; എന്നെ തൊട്ടു നോക്കുക, ഒരു ആത്മാവിന് എനിക്കുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നതുപോലെ മാംസവും അസ്ഥിയും ഇല്ലല്ലോ.’”
മനുഷ്യർക്ക് ആത്മാക്കളെ കാണാൻ കഴിയുകയില്ല. അതുകൊണ്ട് തങ്ങൾ ഒരു മായാരൂപമോ ദർശനമോ കാണുകയാണെന്ന് ശിഷ്യൻമാർ വിചാരിച്ചിരിക്കണം. (മർക്കോസ് 6:49, 50 താരതമ്യം ചെയ്യുക.) താൻ മായാരൂപമല്ല എന്ന് യേശു അവർക്ക് ഉറപ്പു നൽകി. അവർക്ക് തന്റെ ജഡശരീരം കാണാനും അവനെ തൊടാനും അസ്ഥികൾ സ്പർശിച്ചറിയാനും കഴിയുമായിരുന്നു; അവരുടെ സാന്നിദ്ധ്യത്തിൽ അവൻ ഭക്ഷണം കഴിക്കുകയും ചെയ്തു. അതുപോലെ മുൻകാലങ്ങളിൽ മനുഷ്യരാൽ കാണപ്പെടേണ്ടതിന് ദൂതൻമാർ ശരീരം സ്വീകരിച്ചിട്ടുണ്ടായിരുന്നു; അവർ ഭക്ഷണം കഴിച്ചിരുന്നു. ചിലർ വിവാഹം കഴിക്കുകയും മക്കളെ ജനിപ്പിക്കുകയും ചെയ്തിരുന്നു. (ഉൽപ്പ. 6:4; 19:1-3) പുനരുത്ഥാന ശേഷം യേശു എല്ലായ്പ്പോഴും ഒരേ ജഡശരീരത്തിൽ പ്രത്യക്ഷപ്പെട്ടില്ല, (ഒരുപക്ഷേ താൻ ഒരു ആത്മാവാണെന്നുളള ആശയം അവരുടെ മനസ്സുകളിൽ ഉറപ്പിക്കാൻ). അതുകൊണ്ട് അവനോട് അടുത്തു സഹവസിച്ചവർക്കുപോലും അവനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. (യോഹ. 20:14, 15; 21:4-7) എന്നിരുന്നാലും, ജഡശരീരങ്ങളോടെ ആവർത്തിച്ച് അവരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടതിനാലും അവർക്ക് പരിചയമുളള യേശുവിന്റെതായ രീതിയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിനാലും താൻ സത്യമായും മരിച്ചവരിൽ നിന്ന് ഉയർപ്പിക്കപ്പെട്ടു എന്ന വസ്തുതയിലുളള വിശ്വാസം അവൻ ശക്തിപ്പെടുത്തി.
യേശുവിന് ഇപ്പോൾ സ്വർഗ്ഗത്തിലുളള ശരീരത്തോടെയാണ് ശിഷ്യൻമാർ അവനെ കണ്ടിരുന്നതെങ്കിൽ പൗലോസ് പിൽക്കാലത്ത് മഹത്വീകരിക്കപ്പെട്ട ക്രിസ്തുവിനെ “[ദൈവ]സത്തയുടെ കൃത്യമായ പ്രതിനിധാനം” എന്ന് പരാമർശിക്കുകയില്ലായിരുന്നു, എന്തുകൊണ്ടെന്നാൽ ദൈവം ഒരു ആത്മാവാകുന്നു, ഒരിക്കലും ജഡത്തിലായിരുന്നിട്ടുമില്ല.—എബ്രാ. 1:3; 1 തിമൊഥെയോസ് 6:16 താരതമ്യം ചെയ്യുക.
പുനരുത്ഥാനശേഷമുളള യേശുവിന്റെ പ്രത്യക്ഷതകളെക്കുറിച്ചുളള വിവരണങ്ങൾ വായിക്കുമ്പോൾ 334-ാം പേജിൽ ഉദ്ധരിച്ചിരിക്കുന്ന 1 പത്രോസ് 3:18, 1 കൊരിന്ത്യർ 15:45 എന്നീ വേദഭാഗങ്ങൾ മനസ്സിൽ പിടിക്കുകയാണെങ്കിൽ അവ ശരിയായി മനസ്സിലാക്കാൻ നാം സഹായിക്കപ്പെടും.
“യേശുക്രിസ്തു” എന്നതിൻ കീഴിൽ 217, 218 പേജുകൾകൂടെ കാണുക.
ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗീയ ജീവനിൽ പങ്കുപററാൻ ആരാണ് ഉയർപ്പിക്കപ്പെടുക, അവർ അവിടെ എന്തുചെയ്യും?
ലൂക്കോ. 12:32: “ചെറിയ ആട്ടിൻകൂട്ടമെ, ഭയപ്പെടേണ്ട, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് രാജ്യം തരുന്നതിനെ നിങ്ങളുടെ പിതാവ് അംഗീകരിച്ചിരിക്കുന്നു.” (വിശ്വാസം പ്രകടമാക്കിയിട്ടുളള എല്ലാവരും ഇതിൽ ഉൾപ്പെടുന്നില്ല; ഈ സംഖ്യ പരിമിതമാണ്. അവർ സ്വർഗ്ഗത്തിലായിരിക്കുന്നത് ഒരു പ്രത്യേക ഉദ്ദേശ്യത്തിലാണ്.)
വെളി. 20:4, 6: “ഞാൻ സിംഹാസനങ്ങളെ കണ്ടു, അവയിൽ ഉപവിഷ്ടരായവരുമുണ്ടായിരുന്നു, അവർക്ക് ന്യായവിധിക്കുളള അധികാരം നൽകപ്പെട്ടു. . . . ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുളള ഏവനും സന്തുഷ്ടനും വിശുദ്ധനുമാകുന്നു; ഇവരുടെമേൽ രണ്ടാം മരണത്തിന് അധികാരമില്ല, എന്നാൽ അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതൻമാരായിരിക്കും, അവർ അവനോടുകൂടെ ഒരായിരം വർഷം രാജാക്കൻമാരായി ഭരിക്കുകയും ചെയ്യും.”
“സ്വർഗ്ഗം” എന്ന ശീർഷകത്തിൻ കീഴിൽ 162-168 പേജുകൾ കൂടെ കാണുക.
സ്വർഗ്ഗീയ ജീവനിലേക്ക് ഉയർത്തപ്പെടുന്നവർക്ക് അവിടെ ഒടുവിൽ മഹത്വീകരിക്കപ്പെട്ട ഭൗതിക ശരീരമുണ്ടായിരിക്കുമോ?
ഫിലി. 3:20, 21: “കർത്താവായ യേശുക്രിസ്തു . . . തന്റെ ശക്തിയുടെ പ്രവർത്തനത്തിനൊത്തവണ്ണം നമ്മുടെ താഴ്ചയുളള ശരീരത്തെ തന്റെ മഹത്വമുളള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും.” (സ്വർഗ്ഗത്തിൽ പിന്നീട് മഹത്വീകരിക്കപ്പെടുന്നത് അവരുടെ ജഡശരീരമായിരിക്കുമെന്നാണോ ഇതിന്റെ അർത്ഥം? അതോ, ഒരു എളിയ ജഡശരീരമുണ്ടായിരിക്കുന്നതിനു പകരം സ്വർഗ്ഗീയ ജീവനിലേക്ക് ഉയർപ്പിക്കപ്പെട്ടു കഴിയുമ്പോൾ അവർ മഹത്വീകരിക്കപ്പെട്ട ആത്മശരീരം ധരിപ്പിക്കപ്പെടുമെന്നാണോ? താഴെക്കൊടുത്തിരിക്കുന്ന തിരുവെഴുത്ത് അതിന് ഉത്തരം തരട്ടെ.)
1 കൊരി. 15:40, 42-44, 47-50: “സ്വർഗ്ഗീയ ശരീരങ്ങളും ഭൗമിക ശരീരങ്ങളുമുണ്ട്; എന്നാൽ സ്വർഗ്ഗീയ ശരീരങ്ങളുടെ മഹത്വം ഒരു തരത്തിലുളളതും ഭൗമിക ശരീരങ്ങളുടെ മഹത്വം ഒരു വ്യത്യസ്ത തരത്തിലുളളതുമാകുന്നു. മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെ. . . . അത് ഭൗതിക ശരീരമായി വിതക്കപ്പെടുന്നു, അത് ആത്മീയ ശരീരമായി ഉയർപ്പിക്കപ്പെടുന്നു. . . . ഒന്നാമത്തെ മനുഷ്യൻ [ആദാം] ഭൂമിയിൽ നിന്നുളളവനായി പൊടികൊണ്ട് നിർമ്മിക്കപ്പെട്ടവൻ; രണ്ടാം മനുഷ്യൻ [യേശുക്രിസ്തു] സ്വർഗ്ഗത്തിൽ നിന്നുളളവൻ. പൊടിയിൽ നിന്നു നിർമ്മിക്കപ്പെട്ടവനെപ്പോലെ പൊടിയിൽ നിന്നു നിർമ്മിക്കപ്പെട്ടവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയൻമാരും ആകുന്നു. നാം പൊടിയിൽ നിന്നു നിർമ്മിക്കപ്പെട്ടവന്റെ പ്രതിച്ഛായ വഹിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിച്ഛായയും വഹിക്കും. എന്നിരുന്നാലും സഹോദരൻമാരെ, ഇതു ഞാൻ പറയുന്നു, മാംസരക്തങ്ങൾക്ക് ദൈവത്തിന്റെ രാജ്യം അവകാശമാക്കാൻ കഴിയുകയില്ല.” (രണ്ടു തരം ശരീരങ്ങൾ കൂട്ടിക്കലർത്തുന്നതിനോ ജഡശരീരം സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നതിനോ ഇവിടെ അനുവദിക്കപ്പെട്ടിട്ടില്ല.)
മനുഷ്യവർഗ്ഗത്തിന് പൊതുവിൽ പുനരുത്ഥാനം എന്തർത്ഥമാക്കുമെന്ന് യേശു എങ്ങനെയാണ് പ്രകടമാക്കിയത്?
യോഹ. 11:11, 14-44: “[യേശു തന്റെ ശിഷ്യൻമാരോട് പറഞ്ഞു:] ‘നമ്മുടെ സുഹൃത്തായ ലാസർ വിശ്രമിക്കുകയാണ്, എന്നാൽ അവനെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ ഞാൻ അങ്ങോട്ട് പോവുകയാണ്.’ . . . യേശു അവരോട് തുറന്നു പറഞ്ഞു: ‘ലാസർ മരിച്ചുപോയി.’ . . . യേശു എത്തിയപ്പോൾ അവൻ [ലാസർ] സ്മാരക കല്ലറയിൽ ആയിട്ട് നാലു ദിവസമായി എന്ന് അവൻ മനസ്സിലാക്കി. . . . യേശു അവളോട് [ലാസറിന്റെ സഹോദരിയായ മാർത്തയോട്] പറഞ്ഞു: ‘ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു.’ . . . അവൻ ഉറച്ച ശബ്ദത്തിൽ വിളിച്ചു പറഞ്ഞു: ‘ലാസറേ, പുറത്തു വരിക!’ നാലു ദിവസമായി മരിച്ചവനായിരുന്ന മനുഷ്യൻ കാലും കൈയും ശീലകളാൽ ചുററപ്പെട്ടു പുറത്തുവന്നു, അവന്റെ മുഖം തുണികൊണ്ടു ചുററിക്കെട്ടിയിരുന്നു. യേശു അവരോട് പറഞ്ഞു: ‘അവന്റെ കെട്ടഴിക്കുക, അവൻ പോകട്ടെ.’” (യേശു അപ്രകാരം മറെറാരു ജീവിതത്തിലെ സന്തോഷകരമായ അവസ്ഥയിൽ നിന്നാണ് ലാസറിനെ തിരികെ വിളിച്ചതെങ്കിൽ അതു ദയാപൂർവ്വകമായ ഒരു പ്രവൃത്തി ആയിരിക്കുമായിരുന്നില്ല. എന്നാൽ യേശു ജീവനില്ലാത്ത അവസ്ഥയിൽ നിന്ന് ലാസറിനെ ഉയർപ്പിച്ചത് അവനോടും അവന്റെ സഹോദരിമാരോടും കാണിച്ച ദയയായിരുന്നു. ലാസർ വീണ്ടും ജീവനുളള ഒരു മനുഷ്യനായിത്തീർന്നു.)
മർക്കോ. 5:35-42: “സിനഗോഗിലെ അദ്ധ്യക്ഷന്റെ വീട്ടിൽ നിന്ന് ചിലർ വന്ന് പറഞ്ഞു: ‘നിന്റെ മകൾ മരിച്ചു പോയിരിക്കുന്നു! ഗുരുവിനെ ഇനി എന്തിന് ശല്യപ്പെടുത്തണം?’ എന്നാൽ ആ വാക്കുകൾ കേട്ടിട്ട് യേശു സിനഗോഗിന്റെ അദ്ധ്യക്ഷനോട് പറഞ്ഞു: ‘ഭയപ്പെടേണ്ട, വിശ്വാസമുണ്ടായിരിക്കുക മാത്രം ചെയ്യുക.’ . . . അവൻ കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുളളവരെയും കൂട്ടിക്കൊണ്ട് കുട്ടി കിടക്കുന്നിടത്തു ചെന്നു. അവൻ ആ കൊച്ചു കുട്ടിയുടെ കൈക്ക് പിടിച്ച് അവളോട്: ‘തലീത്താ കൂമി’ എന്ന് പറഞ്ഞു. ഭാഷാന്തരം ചെയ്യുമ്പോൾ അതിന്റെ അർത്ഥം: ‘ബാലേ, എഴുന്നേൽക്കുക എന്ന് ഞാൻ നിന്നോട് പറയുന്നു!’ എന്നാണ്. ഉടനെ ആ ബാലിക എഴുന്നേററ് നടന്നു തുടങ്ങി, അവൾക്ക് പന്ത്രണ്ടു വയസ്സുണ്ടായിരുന്നു. അതിങ്കൽ അവർക്കെല്ലാം അതിരററ സന്തോഷമുണ്ടായി.” (ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചക്കാലത്ത് ഭൂമിയിൽ പൊതു പുനരുത്ഥാനം നടക്കുമ്പോൾ വീണ്ടും ഒന്നിച്ചു ചേരുന്ന ദശലക്ഷക്കണക്കിനു മാതാപിതാക്കളും അവരുടെ മക്കളും തീർച്ചയായും സന്തോഷിക്കും.)
ഭൂമിയിലെ ജീവനിലേക്ക് ഉയർപ്പിക്കപ്പെടുന്നവർക്ക് എന്ത് ഭാവിപ്രത്യാശയാണുളളത്?
ലൂക്കോ. 23:43: “സത്യമായും ഇന്നു ഞാൻ നിന്നോട് പറയുന്നു. നീ എന്നോടുകൂടെ പറുദീസയിലുണ്ടായിരിക്കും.” (ക്രിസ്തു രാജാവായിട്ടുളള ഭരണത്തിൻ കീഴിൽ മുഴു ഭൂമിയും ഒരു പറുദീസയായി മാററപ്പെടും.)
വെളി. 20:12, 13: “ചെറിയവരും വലിയവരുമായ മരിച്ചവർ സിംഹാസനത്തിനു മുമ്പിൽ നിൽക്കുന്നത് ഞാൻ കണ്ടു, ചുരുളുകൾ തുറക്കപ്പെട്ടു. എന്നാൽ മറെറാരു ചുരുളും തുറക്കപ്പെട്ടു; അത് ജീവന്റെ ചുരുളാണ്. ചുരുളുകളിൽ എഴുതപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിൽ മരിച്ചവർക്ക് അവരുടെ പ്രവൃത്തികൾക്കൊത്ത ന്യായവിധിയുണ്ടായി. . . . അവർ അവരുടെ പ്രവൃത്തികൾക്കനുസരിച്ച് വ്യക്തിപരമായി ന്യായം വിധിക്കപ്പെട്ടു.” (ചുരുളുകൾ തുറക്കപ്പെടുന്നു എന്നുളളത് പ്രത്യക്ഷത്തിൽ, യെശയ്യാവ് 26:9-ന് ചേർച്ചയായി, ദിവ്യേഷ്ടം സംബന്ധിച്ചുളള ഒരു വിദ്യാഭ്യാസ പരിപാടിയുടെ കാലഘട്ടത്തിലേക്ക് വിരൽ ചൂണ്ടുന്നു. “ജീവന്റെ ചുരുൾ” തുറക്കപ്പെടുന്നു എന്ന വസ്തുത ആ വിദ്യാഭ്യാസ പരിപാടിക്ക് ശ്രദ്ധ കൊടുക്കുന്നവർക്ക് ആ ചുരുളിൽ തങ്ങളുടെ പേരുകൾ എഴുതപ്പെടാനുളള അവസരം ലഭിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. മാനുഷ പൂർണ്ണതയിൽ നിത്യകാലം ജീവിക്കുന്നതിനുളള പ്രതീക്ഷ അവരുടെ മുമ്പിലുണ്ടായിരിക്കും.)
“രാജ്യം” എന്നതിൻകീഴിൽ 227-232 പേജുകൾകൂടെ കാണുക.
വെറുതെ വിധി ഉച്ചരിക്കപ്പെടാനും പിന്നീട് രണ്ടാം മരണത്തിലേക്ക് തളളപ്പെടാനുംവേണ്ടി ചിലർ ഉയർപ്പിക്കപ്പെടുമോ?
യോഹന്നാൻ 5:28, 29-ന്റെ അർത്ഥമെന്താണ്? അതിപ്രകാരം പറയുന്നു: “സ്മാരക കല്ലറകളിലുളളവരെല്ലാം അവന്റെ സ്വരം കേൾക്കുകയും നല്ല കാര്യങ്ങൾ ചെയ്തവർ ജീവന്റെ പുനരുത്ഥാനത്തിനായിട്ടും ചീത്തക്കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നവർ ന്യായവിധിയുടെ പുനരുത്ഥാനത്തിനായിട്ടും പുറത്തുവരികയും ചെയ്യും.” യേശു ഇവിടെ പറഞ്ഞത് അവൻ പിന്നീട് യോഹന്നാന് നൽകിയ വെളിപ്പാടിന്റെ വെളിച്ചത്തിൽ മനസ്സിലാക്കപ്പെടണം. (വെളിപ്പാട് 20:12, 13, 337-ാം പേജിൽ ഉദ്ധരിച്ചിരിക്കുന്നത് കാണുക.) മുമ്പ് നല്ല കാര്യങ്ങൾ ചെയ്തവരും മുമ്പ് ചീത്തക്കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നവരും “അവരുടെ പ്രവൃത്തികൾക്കനുസരിച്ച് വ്യക്തിപരമായി ന്യായം വിധിക്ക”പ്പെടും. എന്ത് പ്രവൃത്തികൾ? ആളുകൾ അവരുടെ കഴിഞ്ഞകാല ജീവിതത്തിലെ പ്രവൃത്തികൾക്കനുസരിച്ച് ന്യായം വിധിക്കപ്പെടും എന്ന വീക്ഷണം നാം കൈക്കൊളളുകയാണെങ്കിൽ അത് റോമർ 6:7-നോട് ചേർച്ചയിലായിരിക്കുകയില്ല. “മരിച്ചവൻ അവന്റെ പാപത്തിൽ നിന്ന് മോചിക്കപ്പെട്ടിരിക്കുന്നു.” നശിപ്പിക്കപ്പെടാൻ വേണ്ടി മാത്രം ആളുകളെ പുനരുത്ഥാനത്തിൽ കൊണ്ടുവരുന്നതും ന്യായയുക്തമായിരിക്കുകയില്ല. അതുകൊണ്ട് യോഹന്നാൻ 5:28, 29-എ യിൽ യേശു മുന്നോട്ട് പുനരുത്ഥാനസമയത്തേക്ക് വിരൽ ചൂണ്ടുകയായിരുന്നു; 29-ാം വാക്യത്തിന്റെ ശേഷം ഭാഗത്ത് മാനുഷ പൂർണ്ണതയിലേക്ക് ഉയർത്തപ്പെട്ട ശേഷം ന്യായം വിധിക്കപ്പെടുമ്പോൾ ഉണ്ടാകാവുന്ന ഫലം അവൻ വെളിപ്പെടുത്തുകയായിരുന്നു.
ഭൂമിയിൽ പുനരുത്ഥാനത്തിലേക്ക് വരുത്തപ്പെടുന്നവരെ സംബന്ധിച്ച് വെളിപ്പാട് 20:4-6 എന്തു സൂചിപ്പിക്കുന്നു?
വെളി. 20:4-6: “ഞാൻ സിംഹാസനങ്ങൾ കണ്ടു, അവയിൽ ഉപവിഷ്ഠരായവർ ഉണ്ടായിരുന്നു, ന്യായവിധിക്കുളള അധികാരം അവർക്ക് നൽകപ്പെട്ടു, അതെ, യേശുവിന് സാക്ഷ്യം വഹിച്ചതിനാലും ദൈവത്തെപ്പററി സംസാരിച്ചതിനാലും കോടാലികൊണ്ട് വധിക്കപ്പെട്ടവരുടെ ദേഹികളെ ഞാൻ കണ്ടു . . . അവർ ജീവനിലേക്ക് വരികയും ക്രിസ്തുവിനോടുകൂടെ ആയിരമാണ്ട് ഭരിക്കുകയും ചെയ്തു. (മരിച്ചവരിൽ ശേഷിച്ചവർ ആയിരമാണ്ട് കഴിയുവോളം ജീവനിലേക്ക് വന്നില്ല.) ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുളള ഏവനും സന്തുഷ്ടനും വിശുദ്ധനുമത്രേ; ഇവരുടെമേൽ രണ്ടാം മരണത്തിന് അധികാരമില്ല, മറിച്ച് അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതൻമാരായി അവനോടുകൂടെ രാജാക്കൻമാരായി ആയിരമാണ്ട് ഭരിക്കും.”
NW-ലും Mo-ലും ബ്രായ്ക്കററ് ഉപയോഗിച്ചിരിക്കുന്നത് ബ്രായ്ക്കററിനുളളിലെ പ്രസ്താവനക്ക് പിന്നാലെ വരുന്നത് അതിന് മുമ്പേയുളളതുമായി ബന്ധിപ്പിക്കുന്നതിന് വായനക്കാരനെ സഹായിക്കുന്നതിനാണ്. വ്യക്തമായി പറയപ്പെട്ടിരിക്കുന്നപ്രകാരം “മരിച്ചവരിൽ ശേഷിച്ചവർക്കല്ല” ഒന്നാം പുനരുത്ഥാനത്തിൽ പങ്കുളളത്. ആ പുനരുത്ഥാനം ക്രിസ്തുവിനോടുകൂടെ ആയിരം വർഷം ഭരിക്കുന്നവർക്കുളളതാണ്. ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗത്തിൽ ഭരിക്കുന്നവരല്ലാതെ മനുഷ്യവർഗ്ഗത്തിലാരും ആയിരവർഷക്കാലത്ത് ജീവനോടിരിക്കുകയില്ല എന്നാണോ അതിന്റെ അർത്ഥം? അല്ല; എന്തുകൊണ്ടെന്നാൽ, അങ്ങനെയായിരുന്നാൽ അവർ ആർക്കുംവേണ്ടി പുരോഹിതൻമാരായി സേവിക്കേണ്ടി വരികയില്ല. മാത്രവുമല്ല അവരുടെ ഭരണപ്രദേശം ആൾപാർപ്പില്ലാത്ത ഒരു ഗോളമായിരിക്കും.
അപ്പോൾ പിന്നെ, “മരിച്ചവരിൽ ശേഷിച്ചവർ” ആരാണ്? അത് ആദാമിക പാപത്തിന്റെ ഫലമായി മരിച്ചവരും മഹോപദ്രവത്തെ അതിജീവിച്ചവരായാലും ആയിരവർഷവാഴ്ചക്കാലത്ത് ജനിച്ചവരായാലും ആ പാപത്തിന്റെ മരണകരമായ ഫലങ്ങളിൽ നിന്നു മോചനം ലഭിക്കേണ്ട ആവശ്യമുളളവരുമായ മനുഷ്യവർഗ്ഗത്തിലെ സകലരുമാണ്.—എഫേസ്യർ 2:1 താരതമ്യം ചെയ്യുക.
ആയിരമാണ്ട് കഴിയുവോളം അവർ “ജീവനിലേക്ക് വരുന്നില്ലാത്തത്” ഏതർത്ഥത്തിലാണ്? ഇത് അവരുടെ പുനരുത്ഥാനത്തെയല്ല അർത്ഥമാക്കുന്നത്. ഈ ‘ജീവനിലേക്കുളള വരവി’ൽ വെറുതെ മനുഷ്യരായി ആസ്തിക്യത്തിലായിരിക്കുന്നതിനേക്കാൾ വളരെയധികം ഉൾപ്പെട്ടിരിക്കുന്നു. അതിന്റെ അർത്ഥം ആദാമിക പാപത്തിന്റെ എല്ലാ ഫലങ്ങളിൽ നിന്നും സ്വതന്ത്രരായി മാനുഷ പൂർണ്ണതയിൽ എത്തിച്ചേരുക എന്നാണ്. സ്വർഗ്ഗത്തിലായിരിക്കുന്നവർ “ജീവനിലേക്ക് വന്നു” എന്ന് മുമ്പത്തെ വാക്യത്തിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അഞ്ചാം വാക്യത്തിലെ ഈ പരാമർശനമെന്ന് കുറിക്കൊളളുക. അവരുടെ കാര്യത്തിൽ അത് പാപത്തിന്റെ എല്ലാ ഫലങ്ങളിൽ നിന്നും സ്വതന്ത്രമായ ജീവനെ അർത്ഥമാക്കുന്നു; അവർക്ക് അമർത്ത്യതയുടെ പ്രത്യേക അനുഗ്രഹം പോലും ലഭിക്കുന്നു. (1 കൊരി. 15:54) അതുകൊണ്ട് “മരിച്ചവരിൽ ശേഷിച്ചവർക്ക്” അത് മാനുഷ പൂർണ്ണതയിലുളള തികഞ്ഞ ജീവനെ അർത്ഥമാക്കണം.
ഭൂമിയിലേക്കുളള പുനരുത്ഥാനത്തിൽ ആരെല്ലാം ഉൾപ്പെടും?
യോഹ. 5:28, 29: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരക കല്ലറകളിലുളള എല്ലാവരും അവന്റെ സ്വരം [യേശുവിന്റെ സ്വരം] കേട്ട് പുറത്തുവരാനുളള നാഴിക വരുന്നു.” (സ്മാരക കല്ലറകൾ എന്ന് തർജ്ജമ ചെയ്തിരിക്കുന്ന ഗ്രീക്ക് വാക്ക് ററാഫോസ് [ശവക്കുഴി, ഒരു വ്യക്തിയെ അടക്കം ചെയ്ത സ്ഥാനം] എന്നതിന്റെ ബഹുവചന രൂപമോ അല്ലെങ്കിൽ ഹേഡീസ് [അടക്കം ചെയ്യപ്പെട്ട അവസ്ഥ, മരിച്ചുപോയ മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴി] എന്നതോ അല്ല, മറിച്ച് അത് മ്നേമിയോൺ [അനുസ്മരണം, സ്മാരകകല്ലറ] എന്നതിന്റെ ബഹുവചന ചതുർത്ഥീ വിഭക്തി രൂപമാണ്. മരിച്ചുപോയ ആളിന്റെ ഓർമ്മ നിലനിർത്തുന്നതിന് അത് ഊന്നൽ നൽകുന്നു. ക്ഷമിക്കപ്പെടാത്ത പാപം നിമിത്തം ഗിഹെന്നായിൽ ഓർമ്മ മായിച്ചു കളയപ്പെട്ടവരല്ല, മറിച്ച് ദൈവത്തിന്റെ ഓർമ്മയിലുളളവരാണ് എന്നേക്കും ജീവിക്കാനുളള അവസരത്തോടുകൂടെ പുനരുത്ഥാനത്തിലേക്ക് വരുത്തപ്പെടുന്നത്.—മത്താ. 10:28; മർക്കോ. 3:29; എബ്രാ. 10:26; മലാ. 3:16.)
പ്രവൃ. 24:15: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും ഒരു പുനരുത്ഥാനമുണ്ടെന്ന് . . . ഞാൻ ദൈവത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.” (ദൈവത്തിന്റെ നീതിയുളള വഴികളോട് ചേർച്ചയിൽ ജീവിച്ചിരുന്നവരും അജ്ഞത നിമിത്തം നീതികേട് പ്രവർത്തിച്ചവരും പുനരുത്ഥാനത്തിലേക്ക് വരുത്തപ്പെടും. മരിച്ചുപോയ ചില പ്രത്യേക വ്യക്തികൾ പുനരുത്ഥാനത്തിൽ വരുമോ എന്നതു സംബന്ധിച്ച നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ബൈബിൾ ഉത്തരം തരുന്നില്ല. എന്നാൽ എല്ലാ വസ്തുതകളും അറിയാവുന്ന ദൈവം തന്റെ നീതിയുളള നിലവാരങ്ങളെ അവഗണിച്ചു കളയാതെതന്നെ കരുണയോടും നീതിയോടുംകൂടെ നിഷ്പക്ഷമായി പ്രവർത്തിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. ഉൽപത്തി 18:25 താരതമ്യം ചെയ്യുക.)
വെളി. 20:13, 14: “സമുദ്രം അതിലുളള മരിച്ചവരെ ഏൽപിച്ചുകൊടുത്തു, മരണവും ഹേഡീസും അവയിലുളള മരിച്ചവരെ ഏൽപിച്ചുകൊടുത്തു, അവർ അവരുടെ പ്രവൃത്തികൾക്കനുസരിച്ച് വ്യക്തിപരമായി ന്യായം വിധിക്കപ്പെട്ടു. മരണവും ഹേഡീസും തീത്തടാകത്തിലേക്ക് വലിച്ചെറിയപ്പെട്ടു. ഇതിന്റെ അർത്ഥം രണ്ടാം മരണമെന്നാകുന്നു, തീത്തടാകം തന്നെ.” (അതുകൊണ്ട് ആദാമിക പാപം നിമിത്തം മരിച്ചവർ, അവർ സമുദ്രത്തിലൊ മനുഷ്യവർഗ്ഗത്തിന്റെ പൊതുഭൗമിക ശവക്കുഴിയായ ഹേഡീസിലൊ ആണ് അടക്കപ്പെട്ടതെങ്കിലും, ഉയർപ്പിക്കപ്പെടും.)
“രക്ഷ” എന്നുളള മുഖ്യശീർഷകവും കൂടെ കാണുക.
മരിച്ചു പോയവരിൽ ശതകോടിക്കണക്കിന് ആളുകൾ ഉയർപ്പിക്കപ്പെട്ടാൽ അവരെല്ലാവരും എവിടെയാണ് ജീവിക്കുക?
ഭൂമിയിൽ ഇന്നോളം ജീവിച്ചിട്ടുളളവർ കണക്കുകളനുസരിച്ച് അങ്ങേയററം പോയാൽ 2,000,00,00,000 പേരാണ്. നാം കണ്ടു കഴിഞ്ഞതുപോലെ അവരിൽ എല്ലാവരും ഉയർപ്പിക്കപ്പടുകയില്ല. എന്നാൽ അവരെല്ലാവരും ഉയർപ്പിക്കപ്പെടുമെന്ന് നാം അനുമാനിച്ചാൽ തന്നെ വേണ്ടത്ര സ്ഥലമുണ്ടായിരിക്കും. ഭൂമിയിലെ കരപ്രദേശം ഇന്ന് ഏതാണ്ട് 5,70,00,000 ചതുരശ്ര മൈലാണ് (14,76,00,000 ചതുരശ്ര കിലോമീററർ). അതിൽ പകുതി മററാവശ്യങ്ങൾക്കുവേണ്ടി നീക്കിവയ്ക്കുകയാണെങ്കിൽകൂടെ ഓരോ വ്യക്തിക്കും ഏകദേശം 1 ഏക്കർ (0.37 ഹെക്ടർ) സ്ഥലമുണ്ടായിരിക്കും, അത് ആവശ്യത്തിലേറെ ഭക്ഷണം പ്രദാനം ചെയ്യും. ഇന്നത്തെ ഭക്ഷ്യക്ഷാമത്തിന്റെ മൂലകാരണം വേണ്ടത്ര ഭക്ഷണം ഉൽപാദിപ്പിക്കാനുളള ഭൂമിയുടെ അപ്രാപ്തിയല്ല മറിച്ച് രാഷ്ട്രീയ വൈരവും വ്യാപാരലോകത്തിന്റെ അത്യാഗ്രഹവുമാണ്.