വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മതം

മതം

നിർവ്വ​ചനം: ആരാധ​ന​യു​ടെ ഒരു രീതി. അതിൽ മതപര​മായ മനോ​ഭാ​വ​ങ്ങ​ളു​ടെ​യും വിശ്വാ​സ​ങ്ങ​ളു​ടെ​യും ആചാര​ങ്ങ​ളു​ടെ​യും ഒരു വ്യവസ്ഥ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു; അത്‌ വ്യക്തി​പ​ര​മോ ഒരു സ്ഥാപനം പ്രചരി​പ്പി​ക്കു​ന്ന​തോ ആയിരി​ക്കാം. സാധാ​ര​ണ​യാ​യി മതത്തിൽ ഒരു ദൈവ​ത്തി​ലോ ഒന്നില​ധി​കം ദൈവ​ങ്ങ​ളി​ലോ ഉളള വിശ്വാ​സം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു; അല്ലെങ്കിൽ അത്‌ മനുഷ്യ​രെ​യോ വസ്‌തു​ക്ക​ളെ​യോ ആഗ്രഹ​ങ്ങ​ളെ​യോ ശക്തിക​ളെ​യോ ആരാധ​നാ​വി​ഷ​യ​ങ്ങ​ളാ​ക്കു​ന്നു. മിക്ക മതങ്ങളും മനുഷ്യൻ പ്രകൃ​തി​യെ പഠിച്ച​തി​ന്റെ അടിസ്ഥാ​ന​ത്തി​ലു​ള​ള​വ​യാണ്‌; വെളി​പ്പെ​ടു​ത്ത​പ്പെട്ട മതവു​മുണ്ട്‌. സത്യമ​ത​വും വ്യാജ​മ​ത​വു​മുണ്ട്‌.

ഇത്ര​യേറെ മതങ്ങൾ ഉളള​തെ​ന്തു​കൊ​ണ്ടാണ്‌?

പത്തു പ്രമുഖ മതങ്ങളും ഏതാണ്ട്‌ 10,000 ഉപവി​ഭാ​ഗ​ങ്ങ​ളു​മു​ണ്ടെ​ന്നു​ളള നിഗമ​ന​ത്തി​ലാണ്‌ ഈ അടുത്ത​കാ​ലത്തെ ഒരു കണക്കെ​ടുപ്പ്‌ എത്തി​ച്ചേർന്നത്‌. ഇവയിൽ ഏതാണ്ട്‌ 6,000 ആഫ്രി​ക്ക​യി​ലും 1,200 എണ്ണം ഐക്യ​നാ​ടു​ക​ളി​ലും നൂറു​ക​ണ​ക്കിന്‌ മററു രാജ്യ​ങ്ങ​ളി​ലു​മാണ്‌.

മതപര​മായ പുതിയ കൂട്ടങ്ങ​ളു​ടെ വികാ​സ​ത്തിന്‌ പല ഘടകങ്ങൾ സംഭാ​വ​ന​ചെ​യ്‌തി​ട്ടുണ്ട്‌. വിവിധ മതങ്ങൾ മതപര​മായ സത്യങ്ങൾ അവതരി​പ്പി​ക്കു​ന്ന​തി​നു​ളള വിവിധ മാർഗ്ഗ​ങ്ങളെ പ്രതി​നി​ധാ​നം ചെയ്യുന്നു എന്ന്‌ ചിലർ പറഞ്ഞി​ട്ടുണ്ട്‌. എന്നാൽ അവരുടെ പഠിപ്പി​ക്ക​ലു​ക​ളും ആചാര​ങ്ങ​ളും ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലി​നോട്‌ താരത​മ്യം ചെയ്യുക, അപ്പോൾ ഈ മതപര​മായ വ്യത്യാ​സങ്ങൾ ആളുകൾ ദൈവത്തെ ശ്രദ്ധി​ക്കാ​തെ മനുഷ്യ​രു​ടെ അനുഗാ​മി​ക​ളാ​യി തീർന്ന​തു​കൊ​ണ്ടാ​ണെന്ന്‌ അത്‌ സൂചി​പ്പി​ക്കു​ന്നു. വലിയ ഒരളവു​വരെ അവർക്ക്‌ പൊതു​വി​ലു​ള​ള​തും എന്നാൽ ബൈബി​ളിൽ നിന്ന്‌ വ്യത്യ​സ്‌ത​വു​മായ അവരുടെ പഠിപ്പി​ക്ക​ലു​കൾ പുരാതന ബാബി​ലോ​ണിൽ ഉത്ഭവി​ച്ച​താണ്‌ എന്നത്‌ ശ്രദ്ധാർഹ​മാണ്‌. (“മഹാബാ​ബി​ലോൺ” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 50, 51 പേജുകൾ കാണുക.)

മതപര​മായ ഇത്തരം കുഴഞ്ഞ അവസ്ഥക്ക്‌ പ്രേരണ നൽകി​യി​രി​ക്കു​ന്നത്‌ ആരാണ്‌? പിശാ​ചായ സാത്താനെ ഈ “വ്യവസ്ഥി​തി​യു​ടെ ദൈവ​മാ​യി” ബൈബിൾ തിരി​ച്ച​റി​യി​ക്കു​ന്നു. (2 കൊരി. 4:4) “ജനതകൾ ബലി അർപ്പി​ക്കു​ന്നത്‌ ദൈവ​ത്തി​നല്ല ഭൂതങ്ങൾക്കാണ്‌ ബലി അർപ്പി​ക്കു​ന്നത്‌” എന്ന്‌ അത്‌ മുന്നറി​യിപ്പ്‌ നൽകുന്നു. (1 കൊരി. 10:20) അപ്പോൾ നാം ആരാധി​ക്കു​ന്നത്‌ ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാ​വായ സത്യ​ദൈ​വ​ത്തെ​യാ​ണെ​ന്നും നമ്മുടെ ആരാധന അവന്‌ പ്രസാ​ദ​ക​ര​മാ​ണെ​ന്നും ഉറപ്പു​വ​രു​ത്തു​ന്നത്‌ എത്ര ജീവൽപ്ര​ധാ​ന​മാണ്‌!

എല്ലാ മതങ്ങളും ദൈവ​ത്തിന്‌ സ്വീകാ​ര്യ​മാ​ണോ?

ന്യായാ. 10:6, 7: “ഇസ്രാ​യേൽ പുത്രൻമാർ പിന്നെ​യും യഹോ​വ​യു​ടെ ദൃഷ്ടി​യിൽ മോശ​മാ​യത്‌ പ്രവർത്തി​ച്ചു തുടങ്ങി, അവർ ബാൽ വിഗ്ര​ഹ​ങ്ങ​ളെ​യും അസ്‌തൊ​രെത്ത്‌ പ്രതി​മ​ക​ളെ​യും സിറി​യ​യി​ലെ ദൈവ​ങ്ങ​ളെ​യും സീദോ​നി​ലെ ദൈവ​ങ്ങ​ളെ​യും മൊവാ​ബി​ലെ ദൈവ​ങ്ങ​ളെ​യും അമ്മോന്യ പുത്രൻമാ​രു​ടെ ദൈവ​ങ്ങ​ളെ​യും ഫെലി​സ്‌ത്യ​രു​ടെ ദൈവ​ങ്ങ​ളെ​യും സേവി​ക്കാൻ തുടങ്ങി. അതു​കൊണ്ട്‌ അവർ യഹോ​വയെ സേവി​ക്കാ​തെ അവനെ ഉപേക്ഷി​ച്ചു. അതിങ്കൽ യഹോ​വ​യു​ടെ കോപം ഇസ്രാ​യേ​ലി​ന്റെ നേരെ ജ്വലിച്ചു.” (ഒരു വ്യക്തി ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാ​വായ സത്യ​ദൈ​വ​ത്തെ​യ​ല്ലാ​തെ എന്തി​നെ​യെ​ങ്കി​ലു​മോ ആരെ​യെ​ങ്കി​ലു​മോ ആരാധി​ക്കു​ന്നു​വെ​ങ്കിൽ അത്തരം ആരാധ​നാ​രീ​തി യഹോ​വക്ക്‌ സ്വീകാ​ര്യ​മല്ല എന്നത്‌ വ്യക്തമാണ്‌.)

മർക്കോ. 7:6, 7: “അവൻ [യേശു] അവരോട്‌ [യഹൂദ പരീശൻമാ​രോ​ടും ശാസ്‌ത്രി​മാ​രോ​ടും] പറഞ്ഞു: ‘എഴുത​പ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ കപടഭ​ക്തി​ക്കാ​രായ നിങ്ങ​ളെ​ക്കു​റിച്ച്‌ യെശയ്യാവ്‌ ഉചിത​മാ​യി പ്രവചി​ച്ചു: “ഈ ജനം അധരം​കൊണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു, എന്നാൽ അവരുടെ ഹൃദയ​ങ്ങ​ളോ എന്നിൽനിന്ന്‌ വളരെ അകന്നി​രി​ക്കു​ന്നു. അവർ എന്നെ ആരാധി​ക്കു​ന്നത്‌ വ്യർത്ഥ​മാ​യി​ട്ടാ​കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവർ ഉപദേ​ശ​ങ്ങ​ളാ​യി മാനു​ഷ​കൽപ്പ​ന​കളെ പഠിപ്പി​ക്കു​ന്നു.”’” (ഒരു സമൂഹം ആരെ ആരാധി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നു എന്നത്‌ ഗണ്യമാ​ക്കാ​തെ അവർ ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനമായ ബൈബി​ളി​നോട്‌ പററി​നിൽക്കു​ന്ന​തി​നു​പ​കരം മാനു​ഷോ​പ​ദേ​ശ​ങ്ങ​ളോട്‌ പററി നിൽക്കു​ന്നു​വെ​ങ്കിൽ അവരുടെ ആരാധന വ്യർത്ഥ​മാണ്‌.)

റോമ. 10:2, 3: “അവർക്ക്‌ ദൈവത്തെ സംബന്ധിച്ച്‌ തീക്ഷ്‌ണ​ത​യുണ്ട്‌ എന്ന്‌ ഞാൻ അവരെ സംബന്ധിച്ച്‌ സാക്ഷ്യം വഹിക്കു​ന്നു; എന്നാൽ സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​പ്ര​കാ​രമല്ല; എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ത്തി​ന്റെ നീതി അറിയാ​തെ സ്വന്തം നീതി സ്ഥാപി​ക്കാൻ ശ്രമി​ച്ച​തി​നാൽ അവർ തങ്ങളെ​ത്തന്നെ ദൈവ​നീ​തിക്ക്‌ കീഴ്‌പ്പെ​ടു​ത്തി​യില്ല.” (ദൈവ​ത്തി​ന്റെ എഴുത​പ്പെട്ട വചനം ആളുക​ളു​ടെ കൈവശം ഉണ്ടായി​രു​ന്നേ​ക്കാം, എന്നാൽ ശരിയാ​യി പഠിപ്പി​ക്ക​പ്പെ​ടാ​ത്ത​തി​നാൽ അതിൽ എന്താണു​ള​ളത്‌ എന്നതി​നെ​പ്പ​ററി അവർക്ക്‌ കൃത്യ​മായ അറിവില്ല. തങ്ങൾ ദൈവത്തെ സംബന്ധിച്ച്‌ തീക്ഷ്‌ണ​ത​യു​ള​ള​വ​രാ​ണെന്ന്‌ അവർ വിചാ​രി​ച്ചേ​ക്കാം, എന്നാൽ അവൻ ആവശ്യ​പ്പെ​ടു​ന്നത്‌ അവർ ചെയ്യു​ന്നി​ല്ലാ​യി​രി​ക്കാം. അവരുടെ ആരാധന ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ക​യില്ല, ഉവ്വോ?)

എല്ലാ മതങ്ങളി​ലും നൻമയുണ്ട്‌ എന്നുള​ളത്‌ ശരിയാ​ണോ?

ഒരുവൻ ഭോഷ്‌ക്ക്‌ പറയരുത്‌ അല്ലെങ്കിൽ മോഷ്ടി​ക്ക​രുത്‌ എന്നും മററും മിക്കമ​ത​ങ്ങ​ളും പഠിപ്പി​ക്കു​ന്നു. എന്നാൽ അതുമാ​ത്രം മതിയോ? ഗ്ലാസ്സിൽ ഭൂരി​ഭാ​ഗ​വും വെളള​മാണ്‌ എന്ന്‌ ആരെങ്കി​ലും ഉറപ്പു തരുന്ന​തി​ന്റെ പേരിൽ വിഷം കലർന്ന ഒരു ഗ്ലാസ്സ്‌ വെളളം കുടി​ക്കാൻ നിങ്ങൾക്ക്‌ സന്തോഷം തോന്നു​മോ?

2 കൊരി. 11:14, 15: “സാത്താൻ തന്നെയും വെളിച്ച ദൂതനാ​യി രൂപാ​ന്ത​ര​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു​വ​ല്ലോ? അതു​കൊണ്ട്‌ അവന്റെ ശുശ്രൂ​ഷ​ക​രും നീതി​യു​ടെ ശുശ്രൂ​ഷ​ക​രാ​യി രൂപാ​ന്ത​ര​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തിൽ അതിശ​യ​മില്ല.” (സാത്താ​നിൽ നിന്നു ഉത്‌ഭ​വി​ക്കുന്ന സകലവും ബീഭൽസ​മാ​യി കാണ​പ്പെ​ടു​ക​യില്ല എന്ന്‌ നമുക്കി​വി​ടെ മുന്നറി​യിപ്പ്‌ നൽകി​യി​രി​ക്കു​ന്നു. മനുഷ്യ​വർഗ്ഗത്തെ വഞ്ചിക്കു​ന്ന​തി​നു​ളള അവന്റെ മുഖ്യ​മാർഗ്ഗ​ങ്ങ​ളി​ലൊന്ന്‌ എല്ലാത്ത​ര​ത്തി​ലു​മു​ളള വ്യാജ​മ​ത​ങ്ങ​ളാ​യി​രു​ന്നി​ട്ടുണ്ട്‌, അവയിൽ ചിലതിന്‌ അവൻ നീതി​യു​ടെ ഒരു പ്രത്യക്ഷത നൽകുന്നു.)

2 തിമൊ. 3:2, 5: “മനുഷ്യർ . . . ദൈവിക ഭക്തിയു​ടെ ഒരു രൂപമു​ണ്ടെ​ങ്കി​ലും അതിന്റെ ശക്തി ഇല്ലെന്നു തെളി​യു​ന്ന​വ​രാ​യി​രി​ക്കും; അങ്ങനെ​യു​ള​ള​വരെ വിട്ടൊ​ഴി​യുക.” (ദൈവ​സ്‌നേഹം സംബന്ധിച്ച അവരുടെ ബാഹ്യ​മായ അവകാ​ശ​വാ​ദം കണക്കി​ലെ​ടു​ക്കാ​തെ, നിങ്ങൾ ആരാധ​ന​ക്കാ​യി ആരോ​ടൊ​പ്പം കൂടി​വ​രു​ന്നു​വോ അവർ ആത്മാർത്ഥ​മാ​യി ദൈവ​ത്തി​ന്റെ വചനം തങ്ങളുടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ന്നി​ല്ലെ​ങ്കിൽ അത്തരം സഹവാസം ഉപേക്ഷി​ച്ചു​ക​ള​യാൻ ബൈബിൾ നിങ്ങളെ പ്രോൽസാ​ഹി​പ്പി​ക്കു​ന്നു.)

സ്വന്തം മാതാ​പി​താ​ക്ക​ളു​ടെ മതം ഉപേക്ഷി​ച്ചു കളയു​ന്നത്‌ ഉചിത​മാ​ണോ?

നമ്മുടെ മാതാ​പി​താ​ക്കൾ നമ്മെ പഠിപ്പി​ച്ചി​രി​ക്കു​ന്നത്‌ യഥാർത്ഥ​ത്തിൽ ബൈബി​ളിൽ നിന്നാ​ണെ​ങ്കിൽ നാം അത്‌ പിടി​ച്ചു​കൊ​ള​ളണം. നമ്മുടെ മാതാ​പി​താ​ക്ക​ളു​ടെ മതാചാ​ര​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും ബൈബി​ളി​നോട്‌ ചേർച്ച​യി​ല​ല്ലെന്ന്‌ നാം മനസ്സി​ലാ​ക്കു​ന്നു​വെ​ങ്കിൽപോ​ലും അവർ നമ്മുടെ ആദരവ്‌ അർഹി​ക്കു​ന്നു. എന്നാൽ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ ഒരു പ്രത്യേ​ക​ശീ​ലം ആരോ​ഗ്യ​ത്തിന്‌ ഹാനി​ക​ര​മാ​ണെ​ന്നും അത്‌ ഒരു വ്യക്തി​യു​ടെ ജീവിതം വെട്ടി​ച്ചു​രു​ക്കി​യേ​ക്കാ​മെ​ന്നും നിങ്ങൾ മനസ്സി​ലാ​ക്കു​ന്നു​വെ​ങ്കി​ലോ? നിങ്ങൾ അവരെ അനുക​രി​ക്കു​ക​യും അങ്ങനെ ചെയ്യാൻ നിങ്ങളു​ടെ കുട്ടി​കളെ പ്രോൽസാ​ഹി​പ്പി​ക്കു​ക​യും ചെയ്യു​മോ? അതോ നിങ്ങൾ മനസ്സി​ലാ​ക്കിയ കാര്യം നിങ്ങൾ ആദരപൂർവ്വം അവരു​മാ​യി പങ്കുവ​യ്‌ക്കു​മോ? അതു​പോ​ലെ ബൈബിൾ സത്യങ്ങ​ളു​ടെ അറിവ്‌ ഉത്തരവാ​ദി​ത്തങ്ങൾ കൈവ​രു​ത്തു​ന്നു. സാദ്ധ്യ​മെ​ങ്കിൽ നാം പഠിക്കു​ന്നത്‌ നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളു​മാ​യി പങ്കുവ​യ്‌ക്കണം. നാം ഒരു തീരു​മാ​നം ചെയ്യണം: നാം യഥാർത്ഥ​ത്തിൽ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? ദൈവ​ത്തി​ന്റെ പുത്രനെ അനുസ​രി​ക്കാൻ നാം യഥാർത്ഥ​ത്തിൽ ആഗ്രഹി​ക്കു​ന്നു​ണ്ടോ? അങ്ങനെ ചെയ്യു​ന്ന​തിന്‌ സത്യാ​രാ​ധന ഏറെറ​ടു​ക്കാൻ വേണ്ടി നാം നമ്മുടെ മാതാ​പി​താ​ക്ക​ളു​ടെ മതത്തെ ഉപേക്ഷി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നേ​ക്കാം. നമ്മുടെ മാതാ​പി​താ​ക്ക​ളോ​ടു​ളള ഭക്തി ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടു​മു​ളള നമ്മുടെ സ്‌നേ​ഹ​ത്തേ​ക്കാൾ വലുതാ​യി​രി​ക്കാൻ അനുവ​ദി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ക​യില്ല, ഉവ്വോ? യേശു ഇപ്രകാ​രം പറഞ്ഞു: “എന്നെക്കാൾ കൂടു​ത​ലാ​യി അപ്പനെ​യോ അമ്മയെ​യോ പ്രിയ​പ്പെ​ടു​ന്നവൻ എനിക്കു യോഗ്യ​നല്ല; എന്നെക്കാൾ കൂടു​ത​ലാ​യി മകനെ​യോ മകളെ​യോ പ്രിയ​പ്പെ​ടു​ന്നവൻ എനിക്ക്‌ യോഗ്യ​നല്ല.”—മത്താ. 10:37.

യോശു. 24:14: “ഇപ്പോൾ യഹോ​വയെ ഭയപ്പെട്ട്‌ അവനെ കുററ​മി​ല്ലാ​യ്‌മ​യി​ലും സത്യത്തി​ലും സേവി​ക്കുക, നദിയു​ടെ അക്കരെ​യും ഈജി​പ്‌റ​റി​ലും നിങ്ങളു​ടെ പിതാ​ക്കൻമാർ സേവിച്ച ദൈവ​ങ്ങളെ നീക്കി​ക്ക​ള​യുക, യഹോ​വയെ സേവി​ക്കുക. (അത്‌ അവരുടെ പൂർവ്വി​ക​രു​ടെ മതത്തിൽ നിന്നുളള ഒരു മാററത്തെ അർത്ഥമാ​ക്കി, ഇല്ലേ? സ്വീകാ​ര്യ​മായ രീതി​യിൽ യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ അത്തരം മതത്തിൽ അവർ ഉപയോ​ഗിച്ച ഏതു പ്രതി​മ​ക​ളെ​യും ഉപേക്ഷി​ച്ചു കളയു​ക​യും അവരുടെ ഹൃദയ​ങ്ങളെ അത്തരം കാര്യ​ങ്ങൾക്കു വേണ്ടി​യു​ളള ആഗ്രഹ​ങ്ങ​ളിൽ നിന്ന്‌ ശുദ്ധീ​ക​രി​ക്കു​ക​യും ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.)

1 പത്രോ. 1:18, 19: “നിങ്ങളു​ടെ പൂർവ്വ​പി​താ​ക്കൻമാ​രു​ടെ പാരമ്പ​ര്യ​ത്താൽ ലഭിച്ച നിഷ്‌ഫല പെരു​മാ​ററ രൂപത്തിൽ നിന്ന്‌ നിങ്ങൾ വിടു​വി​ക്ക​പ്പെ​ട്ടത്‌ അഴിഞ്ഞു​പോ​കുന്ന വസ്‌തു​ക്കൾകൊ​ണ്ടോ വെളളി​യോ പൊ​ന്നോ​കൊ​ണ്ടോ അല്ല എന്ന്‌ നിങ്ങൾ അറിയു​ന്നു​വ​ല്ലോ. മറിച്ച്‌ അത്‌ നിർദ്ദോ​ഷ​വും നിഷ്‌ക്ക​ള​ങ്ക​വു​മായ ഒരു കുഞ്ഞാ​ടി​ന്റെ​പോ​ലെ​യു​ളള, ക്രിസ്‌തു​വി​ന്റെ തന്നെ വില​യേ​റിയ രക്തം കൊണ്ട​ത്രേ.” (അതു​കൊണ്ട്‌ ആദിമ ക്രിസ്‌ത്യാ​നി​കൾ അവരുടെ പൂർവ്വ​പി​താ​ക്കൻമാ​രു​ടെ പാരമ്പ​ര്യ​ത്തിൽ നിന്ന്‌, അവർക്ക്‌ ഒരിക്ക​ലും നിത്യ​ജീ​വൻ നൽകാൻ കഴിയു​ക​യി​ല്ലാഞ്ഞ പാരമ്പ​ര്യ​ത്തിൽ നിന്ന്‌ വിട്ടു​മാ​റി. ക്രിസ്‌തു​വി​ന്റെ ബലി​യോ​ടു​ളള നന്ദി അവരുടെ ജീവി​തത്തെ വ്യർത്ഥ​മാ​ക്കുന്ന, ദൈവത്തെ ബഹുമാ​നി​ക്കു​ന്ന​ത​ല്ലാ​ഞ്ഞ​തി​നാൽ അർത്ഥമി​ല്ലാഞ്ഞ, എന്തും ഉപേക്ഷി​ച്ചു കളയാൻ അവരെ ഉൽസാ​ഹ​മു​ള​ള​വ​രാ​ക്കി. നമുക്കും അതേ മനോ​ഭാ​വ​മല്ലേ ഉണ്ടായി​രി​ക്കേ​ണ്ടത്‌?)

മിശ്രവിശ്വാസത്തെപ്പററിയുളള ബൈബി​ളി​ന്റെ വീക്ഷണ​മെ​ന്താണ്‌?

നീതി​മാൻമാ​രെന്നു ഭാവി​ച്ച​വ​രും എന്നാൽ ദൈവത്തെ ആദരി​ക്കാ​ഞ്ഞ​വ​രു​മായ മതനേ​താ​ക്കൻമാ​രെ യേശു എങ്ങനെ​യാണ്‌ വീക്ഷി​ച്ചത്‌? “യേശു അവരോട്‌ പറഞ്ഞു: ‘ദൈവം നിങ്ങളു​ടെ പിതാ​വാ​യി​രു​ന്നെ​ങ്കിൽ നിങ്ങൾ എന്നെ സ്‌നേ​ഹി​ക്കു​മാ​യി​രു​ന്നു, എന്തെന്നാൽ ഞാൻ ദൈവ​ത്തി​ന്റെ പക്കൽ നിന്നു വന്നു, ഇപ്പോൾ ഇവിടെ ഉണ്ട്‌. ഞാൻ സ്വയമാ​യി വന്നതുമല്ല, അവൻ എന്നെ അയച്ചതാണ്‌. . . . നിങ്ങൾ നിങ്ങളു​ടെ പിതാ​വായ പിശാ​ചിൽ നിന്നു​ള​ള​വ​രാണ്‌, നിങ്ങളു​ടെ പിതാ​വി​ന്റെ മോഹ​ങ്ങളെ ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. അവൻ ആരംഭ​ത്തിൽ തന്നെ ഒരു കൊല​പാ​തകൻ ആയിരു​ന്നു, അവനിൽ സത്യം ഇല്ലായ്‌ക​യാൽ അവൻ സത്യത്തിൽ നിലനി​ന്നില്ല. അവൻ ഭോഷ്‌ക്കു പറയു​മ്പോൾ സ്വന്തം പ്രകൃതം അനുസ​രിച്ച്‌ പറയുന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ ഒരു ഭോഷ്‌ക്കാ​ളി​യും ഭോഷ്‌ക്കി​ന്റെ പിതാ​വു​മാ​കു​ന്നു. മറിച്ച്‌, ഞാൻ സത്യം പറയു​ന്ന​തു​കൊണ്ട്‌ നിങ്ങൾ എന്നെ വിശ്വ​സി​ക്കു​ന്നില്ല. . . . അതു​കൊ​ണ്ടാണ്‌ നിങ്ങൾ ശ്രദ്ധി​ക്കാ​ത്തത്‌, നിങ്ങൾ ദൈവ​ത്തിൽ നിന്നു​ള​ള​വരല്ല.’”—യോഹ. 8:42-47.

ദൈവ​ത്തി​ന്റെ ദാസൻമാർ അവൻ കുററം വിധി​ക്കുന്ന കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രെ​യോ അല്ലെങ്കിൽ അത്തരം കാര്യങ്ങൾ ശരി വയ്‌ക്കു​ന്ന​വ​രെ​യോ മതപര​മായ സാഹോ​ദ​ര്യ​ത്തിൽ ആശ്ലേഷി​ക്കു​ന്നു​വെ​ങ്കിൽ അത്‌ ദൈവ​ത്തോ​ടും അവന്റെ മതപര​മായ നിലവാ​ര​ങ്ങ​ളോ​ടു​മു​ളള വിശ്വ​സ്‌തത പ്രകട​മാ​ക്കു​ക​യാ​യി​രി​ക്കു​മോ? “എന്നാൽ സഹോ​ദരൻ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരുവൻ ദുർന്ന​ട​പ്പു​കാ​ര​നോ അത്യാ​ഗ്ര​ഹി​യോ വിഗ്ര​ഹാ​രാ​ധി​യോ അസഭ്യം പറയു​ന്ന​വ​നോ മുഴു​ക്കു​ടി​യ​നോ പിടി​ച്ചു​പ​റി​ക്കാ​ര​നോ ആകുന്നു​വെ​ങ്കിൽ അവനോ​ടു​ളള സംസർഗ്ഗം ഉപേക്ഷി​ക്കുക, അങ്ങനെ​യു​ള​ള​വ​നോ​ടു​കൂ​ടെ ഭക്ഷണം കഴിക്കു​ക​പോ​ലു​മ​രുത്‌. . . . ദുർന്ന​ട​പ്പു​കാ​രോ, വിഗ്ര​ഹാ​രാ​ധി​ക​ളോ, വ്യഭി​ചാ​രി​ക​ളോ, അസ്വാ​ഭാ​വിക ഉദ്ദേശ്യ​ത്തിൽ സൂക്ഷി​ക്ക​പ്പെ​ടുന്ന പുരു​ഷൻമാ​രോ, പുരു​ഷൻമാ​രോ​ടു​കൂ​ടെ ശയിക്കുന്ന പുരു​ഷൻമാ​രോ, മോഷ്ടാ​ക്ക​ളോ, അത്യാ​ഗ്ര​ഹി​ക​ളോ, മുഴു​ക്കു​ടി​യൻമാ​രോ, അസഭ്യം പറയു​ന്ന​വ​രോ, പിടി​ച്ചു​പ​റി​ക്കാ​രോ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല.” (1 കൊരി. 5:11; 6:9, 10) “ലോക​ത്തി​ന്റെ സ്‌നേ​ഹി​ത​നാ​യി​രി​ക്കു​വാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും . . . തന്നെത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​വാ​ക്കി​ത്തീർക്കു​ന്നു.” (യാക്കോ. 4:4) “യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, ദോഷത്തെ വെറു​ക്കുക. അവൻ തന്റെ വിശ്വ​സ്‌ത​രു​ടെ ദേഹി​കളെ കാവൽ ചെയ്യുന്നു.”—സങ്കീ. 97:10.

2 കൊരി. 6:14-17: “അവിശ്വാ​സി​ക​ളു​മാ​യി ചേർച്ച​യി​ല്ലാ​ത്ത​വി​ധം അമിക്ക​പ്പെ​ട​രുത്‌. എന്തു​കൊ​ണ്ടെ​ന്നാൽ നീതിക്ക്‌ നിയമ​രാ​ഹി​ത്യ​ത്തോട്‌ എന്തു കൂട്ടാ​യ്‌മ​യാ​ണു​ള​ളത്‌? അല്ലെങ്കിൽ വെളി​ച്ച​ത്തിന്‌ ഇരുളു​മാ​യി എന്ത്‌ ഓഹരി​യാ​ണു​ള​ളത്‌? കൂടാതെ, ക്രിസ്‌തു​വും ബെലി​യാ​ലും തമ്മിൽ എന്തു ചേർച്ച? അല്ലെങ്കിൽ വിശ്വ​സ്‌ത​നായ ഒരു വ്യക്തിക്ക്‌ അവിശ്വാ​സി​യു​മാ​യി എന്ത്‌ പങ്കാണു​ള​ളത്‌? ദൈവാ​ല​യ​ത്തിന്‌ വിഗ്ര​ഹ​ങ്ങ​ളോട്‌ എന്തു യോജി​പ്പാ​ണു​ള​ളത്‌? . . . ‘“അതു​കൊണ്ട്‌ അവരുടെ നടുവിൽ നിന്ന്‌ പുറ​പ്പെട്ട്‌ വേർപെ​ട്ടി​രി​ക്കുക,” എന്ന്‌ യഹോവ അരുളി​ച്ചെ​യ്യു​ന്നു, “അശുദ്ധ​മാ​യത്‌ തൊട​രുത്‌;”’ ‘“എന്നാൽ ഞാൻ നിങ്ങളെ സ്വീക​രി​ക്കും.”’”

വെളി. 18:4, 5: “സ്വർഗ്ഗ​ത്തിൽ നിന്ന്‌ മറെറാ​രു സ്വരം പറയു​ന്ന​താ​യി ഞാൻ കേട്ടത്‌: ‘എന്റെ ജനമേ, അവളുടെ പാപങ്ങ​ളിൽ കൂട്ടാ​ളി​ക​ളാ​കാ​നും അവളുടെ ബാധക​ളിൽ ഓഹരി​ക്കാ​രാ​കാ​നും നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കിൽ അവളെ വിട്ട്‌ പുറത്തു​പോ​രുക. എന്തു​കൊ​ണ്ടെ​ന്നാൽ അവളുടെ പാപങ്ങൾ ആകാശ​ത്തോ​ളം കുന്നി​ച്ചി​രി​ക്കു​ന്നു, അവളുടെ അകൃത്യം ദൈവം ഓർത്തി​ട്ടു​മുണ്ട്‌.’” (വിശദാം​ശ​ങ്ങൾക്ക്‌ “മഹാബാ​ബി​ലോൺ” എന്ന മുഖ്യ​ശീർഷകം കാണുക.)

 ഒരു വ്യവസ്ഥാ​പിത മതത്തിൽ ഉൾപ്പെട്ടു നിൽക്കേ​ണ്ടത്‌ ആവശ്യ​മാ​ണോ?

മിക്ക മതസ്ഥാ​പ​ന​ങ്ങ​ളും ചീത്ത ഫലങ്ങളാണ്‌ ഉൽപാ​ദി​പ്പി​ച്ചി​ട്ടു​ള​ളത്‌. കൂട്ടങ്ങ​ളാ​യി സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന വസ്‌തു​തയല്ല ചീത്തയാ​യി​രി​ക്കു​ന്നത്‌. പലതും വ്യാജ​മായ ഉപദേ​ശ​ങ്ങ​ളിൽ അധിഷ്‌ഠി​ത​മാ​യ​തും വെറും ചടങ്ങു​മാ​ത്ര​മാ​യി​രി​ക്കു​ന്ന​തു​മായ ആരാധനാ രീതി​കൾക്ക്‌ പ്രോൽസാ​ഹി​പ്പി​ച്ചി​ട്ടു​ള​ള​ത​ല്ലാ​തെ യഥാർത്ഥ ആത്മീയ മാർഗ്ഗ നിർദ്ദേശം നൽകി​യി​ട്ടില്ല; സ്വാർത്ഥ​പ​ര​മായ ലക്ഷ്യങ്ങൾക്കാ​യി ആളുക​ളു​ടെ ജീവി​തത്തെ നിയ​ന്ത്രി​ക്കാൻ അവ ദുരു​പ​യോ​ഗ​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു; ആത്മീയ മൂല്യ​ങ്ങ​ളെ​ക്കാൾ പണം പിരി​ക്കു​ന്ന​തി​ലും പ്രൗഢ​മായ ആരാധ​നാ​ല​യങ്ങൾ നിർമ്മി​ക്കു​ന്ന​തി​ലും അവക്ക്‌ അമിത താൽപ്പ​ര്യം ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌; അവയിലെ അംഗങ്ങൾ മിക്ക​പ്പോ​ഴും കപടഭ​ക്ത​രാണ്‌. സ്‌പഷ്ട​മാ​യി നീതിയെ സ്‌നേ​ഹി​ക്കുന്ന ആരും അത്തര​മൊ​രു സ്ഥാപന​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കാൻ ആഗ്രഹി​ക്കു​ക​യില്ല. എന്നാൽ യഥാർത്ഥ മതം ഇതിന്‌ വിപരീ​ത​മാ​യി നവോൻമേ​ഷ​ദാ​യ​ക​മാണ്‌. എന്നിരു​ന്നാ​ലും ബൈബി​ളി​ന്റെ നിബന്ധന പാലി​ക്കു​ന്ന​തിന്‌ അത്‌ വ്യവസ്ഥാ​പി​ത​മാ​യി​രി​ക്കണം.

എബ്രാ. 10:24, 25: “ചിലരു​ടെ പതിവു​പോ​ലെ നമ്മുടെ കൂടി​വ​രവ്‌ ഉപേക്ഷി​ക്കാ​തെ അന്യോ​ന്യം പ്രോൽസാ​ഹി​പ്പി​ച്ചു​കൊണ്ട്‌ സ്‌നേ​ഹ​ത്തി​നും സൽപ്ര​വൃ​ത്തി​കൾക്കും വേണ്ടി ഉൽസാ​ഹി​പ്പി​ക്കാൻ നമുക്ക്‌ അന്യോ​ന്യം പരിഗണന കാണി​ക്കാം. നാൾ സമീപി​ക്കു​ന്നു എന്നു കാണും​തോ​റും അത്‌ അധിക​മ​ധി​ക​മാ​യി ചെയ്യേ​ണ്ട​താ​കു​ന്നു.” (ഈ തിരു​വെ​ഴു​ത്തു കൽപന അനുസ​രി​ക്കു​ന്ന​തിന്‌ ക്രമമായ അടിസ്ഥാ​ന​ത്തിൽ നമുക്ക്‌ സംബന്ധി​ക്കാൻ കഴിയുന്ന ക്രിസ്‌തീയ യോഗങ്ങൾ ഉണ്ടായി​രി​ക്കണം. അത്തര​മൊ​രു ക്രമീ​ക​രണം നമ്മെപ്പ​ററി മാത്രം ചിന്തി​ക്കാ​തെ മററു​ള​ള​വ​രോട്‌ സ്‌നേഹം പ്രകട​മാ​ക്കാൻ നമ്മെ പ്രോൽസാ​ഹി​പ്പി​ക്കു​ന്നു.)

1 കൊരി. 1:10: “സഹോ​ദ​രൻമാ​രെ, നിങ്ങൾ എല്ലാവ​രും യോജി​പ്പിൽ സംസാ​രി​ക്കു​ക​യും നിങ്ങളു​ടെ ഇടയിൽ ഭിന്നത ഉണ്ടാകാ​തെ നിങ്ങൾ ഏക മനസ്സി​ലും ഏകാഭി​പ്രാ​യ​ത്തി​ലും യോജി​ച്ചി​രി​ക്കു​ക​യും വേണം എന്ന്‌ ഞാൻ നിങ്ങളെ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ പ്രബോ​ധി​പ്പി​ക്കു​ന്നു.” (വ്യക്തികൾ കൂടി വരിക​യും ഒരേ ആത്‌മീയ പോഷി​പ്പി​ക്കൽ പരിപാ​ടി​യിൽ നിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കു​ക​യും അത്തരം നിർദ്ദേ​ശങ്ങൾ ലഭിക്കുന്ന സരണിയെ ആദരി​ക്കു​ക​യും ചെയ്യു​ന്നി​ല്ലെ​ങ്കിൽ അത്തരം ഐക്യ​മു​ണ്ടാ​യി​രി​ക്കുക സാദ്ധ്യമല്ല. യോഹ​ന്നാൻ 17:20, 21 കൂടെ കാണുക.)

1 പത്രോ. 2:17: “മുഴു​സ​ഹോ​ദര സമൂഹ​ത്തോ​ടും സ്‌നേ​ഹ​മു​ണ്ടാ​യി​രി​ക്കുക.” (അതിൽ ഒരു സ്വകാര്യ ഭവനത്തിൽ ആരാധ​ന​ക്കാ​യി ഒന്നിച്ചു കൂടു​ന്നവർ മാത്ര​മാ​ണൊ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? ഒരിക്ക​ലു​മല്ല; ഗലാത്യർ 2:8, 9; 1 കൊരി​ന്ത്യർ 16:19 എന്നിവ കാണി​ക്കു​ന്ന​തു​പോ​ലെ അത്‌ ഒരു അന്താരാ​ഷ്‌ട്ര സഹോ​ദ​ര​വർഗ്ഗ​മാണ്‌.)

മത്താ. 24:14: “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യ​ത്തി​നാ​യിട്ട്‌ മുഴു​നി​വ​സിത ഭൂമി​യി​ലും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.” (എല്ലാ ജനതകൾക്കും ആ സുവാർത്ത കേൾക്കാൻ അവസരം നൽക​പ്പെ​ടു​ന്ന​തിന്‌ ഉചിത​മായ മേൽനോ​ട്ട​ത്തോ​ടെ ആ പ്രസംഗം ചിട്ട​യോ​ടു​കൂ​ടെ നിർവ്വ​ഹി​ക്ക​പ്പെ​ടേ​ണ്ട​തുണ്ട്‌. ദൈവ​ത്തോ​ടും സഹമനു​ഷ്യ​രോ​ടു​മു​ളള സ്‌നേഹം ഭൂമിക്കു ചുററു​മു​ളള ആളുകൾ ഈ വേല നിർവ്വ​ഹി​ക്കു​ന്ന​തി​നു​വേണ്ടി തങ്ങളുടെ ശ്രമങ്ങൾ സംയോ​ജി​പ്പി​ക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു.)

സ്ഥാപനം” എന്ന മുഖ്യ ശീർഷ​ക​വും കൂടെ കാണുക.

 സഹമനുഷ്യനെ സ്‌നേ​ഹി​ക്കു​ന്ന​താ​ണോ വാസ്‌ത​വ​ത്തിൽ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌?

അത്തരം സ്‌നേഹം പ്രധാ​ന​മാണ്‌ എന്നതിന്‌ യാതൊ​രു സംശയ​വു​മില്ല. (റോമ. 13:8-10) എന്നാൽ ഒരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കു​ന്ന​തിൽ നമ്മുടെ അയൽക്കാ​രോട്‌ കേവലം ദയ കാണി​ക്കു​ന്ന​തി​ലും അധികം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. തന്റെ യഥാർത്ഥ ശിഷ്യൻമാർ അന്യോ​ന്യ​മു​ളള, സഹവി​ശ്വാ​സി​ക​ളോ​ടു​ളള, സ്‌നേ​ഹ​ത്താൽ ഒരു ശ്രദ്ധേ​യ​മായ വിധത്തിൽ തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​മെന്ന്‌ യേശു പറഞ്ഞു. (യോഹ. 13:35) അതിന്റെ പ്രാധാ​ന്യം ബൈബി​ളിൽ ആവർത്തിച്ച്‌ ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു. (ഗലാ. 6:10; 1 പത്രോ. 4:8; 1 യോഹ. 3:14, 16, 17) എന്നിരു​ന്നാ​ലും, ദൈവ​ത്തി​ന്റെ കൽപനകൾ അനുസ​രി​ച്ചു​കൊണ്ട്‌ അവനോട്‌ കാണി​ക്കുന്ന സ്‌നേ​ഹ​മാണ്‌ അതിലും പ്രധാ​ന​മെന്ന്‌ യേശു പ്രകട​മാ​ക്കി. (മത്താ. 22:35-38; 1 യോഹ. 5:3) അത്തരം സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിന്‌ നാം ദൈവ​ത്തി​ന്റെ വചനം പഠിക്കു​ക​യും ബാധക​മാ​ക്കു​ക​യും ആരാധ​ന​ക്കാ​യി സഹ​ദൈ​വ​ദാ​സൻമാ​രോ​ടൊ​പ്പം സമ്മേളി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.

ദൈവവുമായി ഒരു വ്യക്തി​പ​ര​മായ ബന്ധം ഉണ്ടായി​രി​ക്കു​ന്നത്‌ ആണോ യഥാർത്ഥ​ത്തിൽ പ്രധാ​ന​പ്പെട്ട സംഗതി?

അത്‌ തീർച്ച​യാ​യും പ്രധാ​ന​മാണ്‌. വെറുതെ ഔദ്യോ​ഗി​ക​മാ​യി മതപര​മായ ചടങ്ങു​ക​ളിൽ പങ്കെടു​ക്കു​ന്നത്‌ അതിനു​പ​കരം മതിയാ​വു​ക​യില്ല. എന്നിരു​ന്നാ​ലും നമ്മൾ സൂക്ഷി​ക്കേ​ണ്ട​തുണ്ട്‌. എന്തു​കൊണ്ട്‌? ഒന്നാം നൂററാ​ണ്ടിൽ തങ്ങൾക്ക്‌ ദൈവ​ത്തോട്‌ നല്ല ബന്ധമു​ണ്ടെന്ന്‌ വിചാ​രിച്ച ആളുക​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ അവർക്ക്‌ പാടേ തെററു പററി​യി​രു​ന്നു​വെന്ന്‌ യേശു പ്രകട​മാ​ക്കി. (യോഹ. 8:41-44) തെളി​വ​നു​സ​രിച്ച്‌, തങ്ങളുടെ വിശ്വാ​സം സംബന്ധി​ച്ചു തീക്ഷ്‌ണ​ത​യു​ണ്ടാ​യി​രു​ന്ന​വ​രും, തങ്ങൾക്ക്‌ ദൈവ​ത്തോട്‌ ഒരു നല്ല ബന്ധമു​ണ്ടെന്ന്‌ പ്രത്യ​ക്ഷ​ത്തിൽ വിശ്വ​സി​ച്ച​വ​രും, എന്നാൽ ദൈവ​ത്തി​ന്റെ അംഗീ​കാ​രം ഉണ്ടായി​രി​ക്കു​ന്ന​തിന്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്ന്‌ മനസ്സി​ലാ​കാ​ഞ്ഞ​വ​രു​മായ ചില​രെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി.—റോമ. 10:2-4.

ദൈവ​ത്തി​ന്റെ കൽപന​കൾക്ക്‌ നാം ഒട്ടും തന്നെ പ്രാധാ​ന്യം കൽപി​ക്കു​ന്നി​ല്ലെ​ങ്കിൽ നമുക്ക്‌ അവനു​മാ​യി വ്യക്തി​പ​ര​മാ​യി ഒരു നല്ല ബന്ധമു​ണ്ടാ​യി​രി​ക്കാൻ കഴിയു​മോ? അതി​ലൊന്ന്‌ നാം സഹവി​ശ്വാ​സി​ക​ളു​മാ​യി ക്രമമാ​യി സമ്മേളി​ക്കുക എന്നതാണ്‌.—എബ്രാ. 10:24, 25.

 നാം വ്യക്തി​പ​ര​മാ​യി ബൈബിൾ വായി​ച്ചാൽ മതിയോ?

അനേക​മാ​ളു​കൾക്കും വ്യക്തി​പ​ര​മാ​യി ബൈബിൾ വായി​ക്കു​ന്ന​തി​ലൂ​ടെ വളരെ​യ​ധി​കം പഠിക്കാൻ കഴിയും എന്നത്‌ വാസ്‌ത​വ​മാണ്‌. ദൈവ​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറി​ച്ചു​ളള സത്യം മനസ്സി​ലാ​ക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യ​മെ​ങ്കിൽ അവർ ചെയ്യു​ന്നത്‌ വളരെ പ്രശം​സാർഹ​മാണ്‌. (പ്രവൃ. 17:11) എന്നാൽ, നാം നമ്മോടു തന്നെ സത്യസ​ന്ധ​രാ​ണെ​ങ്കിൽ, ആരു​ടെ​യും സഹായം കൂടാതെ നമുക്ക്‌ യഥാർത്ഥ​ത്തിൽ അതി​ന്റെ​യെ​ല്ലാം മുഴുവൻ അർത്ഥവും ഗ്രഹി​ക്കാൻ കഴിയു​മോ? വളരെ ഉയർന്ന സ്ഥാനത്താ​യി​രു​ന്ന​വ​നും ബൈബിൾ പ്രവചനം മനസ്സി​ലാ​ക്കു​ന്ന​തിന്‌ സഹായം ആവശ്യ​മാണ്‌ എന്ന്‌ സമ്മതിച്ചു പറയാൻ മാത്രം താഴ്‌മ​യു​ണ്ടാ​യി​രു​ന്ന​വ​നു​മായ ഒരു മനുഷ്യ​നെ​പ്പ​ററി ബൈബിൾ പറയു​ന്നുണ്ട്‌. ആ സഹായം ക്രിസ്‌തീയ സഭയിലെ ഒരംഗ​ത്താൽ നൽക​പ്പെട്ടു.—പ്രവൃ. 8:26-38; പ്രവൃ​ത്തി​കൾ 6:1-6; 8:5-17 എന്നിവി​ട​ങ്ങ​ളിൽ ഫിലി​പ്പോ​സി​നെ സംബന്ധി​ച്ചു​ളള മററു പരാമർശ​നങ്ങൾ താരത​മ്യം ചെയ്യുക.

ഒരു വ്യക്തി ബൈബിൾ വായി​ക്കു​ന്നു​വെ​ങ്കി​ലും അത്‌ തന്റെ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ന്നി​ല്ലെ​ങ്കിൽ അത്‌ തീർച്ച​യാ​യും അയാൾക്ക്‌ യാതൊ​രു പ്രയോ​ജ​ന​വും ചെയ്യു​ക​യില്ല. അയാൾ അത്‌ വിശ്വ​സി​ക്കു​ക​യും അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ അയാൾ ക്രമമായ മീററിം​ഗു​ക​ളിൽ ദൈവ​ദാ​സൻമാ​രു​മാ​യി സഹവസി​ക്കും. (എബ്രാ. 10:24, 25) മററാ​ളു​ക​ളു​മാ​യി “സുവാർത്ത” പങ്കു വയ്‌ക്കു​ന്ന​തി​നും അയാൾ അവരോ​ടൊ​പ്പം ചേരും.—1 കൊരി. 9:16; മർക്കോ. 13:10; മത്താ. 28:19, 20.

  ഏതു മതമാണ്‌ ശരി​യെന്ന്‌ ഒരു വ്യക്തിക്ക്‌ എങ്ങനെ​യ​റി​യാം?

(1) അതിന്റെ ഉപദേ​ശങ്ങൾ എന്തിനെ അടിസ്ഥാ​ന​മാ​ക്കി​യു​ള​ള​വ​യാണ്‌? അവ ദൈവ​ത്തിൽ നിന്നു​ള​ള​വ​യാ​ണോ അതോ ഏറെയും മനുഷ്യ​രിൽ നിന്നു​ള​ള​വ​യാ​ണോ? (2 തിമൊ. 3:16; മർക്കോ. 7:7) ഉദാഹ​ര​ണ​ത്തിന്‌, ഇപ്രകാ​രം ചോദി​ക്കുക: ദൈവം ഒരു ത്രിത്വ​മാ​ണെന്ന്‌ ബൈബി​ളിൽ എവി​ടെ​യാണ്‌ പഠിപ്പി​ക്കു​ന്നത്‌? മാനുഷ ദേഹി അമർത്ത്യ​മാ​ണെന്ന്‌ അത്‌ എവി​ടെ​യാണ്‌ പറഞ്ഞി​രി​ക്കു​ന്നത്‌?

(2) അത്‌ ദൈവ​നാ​മത്തെ പ്രസി​ദ്ധ​മാ​ക്കു​ന്നു​ണ്ടോ എന്ന്‌ പരിഗ​ണി​ക്കുക. ദൈവ​ത്തോ​ടു​ളള പ്രാർത്ഥ​ന​യിൽ യേശു ഇപ്രകാ​രം പറഞ്ഞു: “നീ ലോക​ത്തിൽ നിന്ന്‌ എനിക്കു തന്ന മനുഷ്യർക്ക്‌ ഞാൻ നിന്റെ നാമം വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.” (യോഹ. 17:6) അവൻ ഇപ്രകാ​രം പ്രഖ്യാ​പി​ച്ചു: “നിന്റെ ദൈവ​മായ യഹോ​വയെ മാത്ര​മാണ്‌ നീ ആരാധി​ക്കേ​ണ്ടത്‌, അവന്‌ മാത്ര​മാണ്‌ നീ വിശു​ദ്ധ​സേ​വനം അർപ്പി​ക്കേ​ണ്ടത്‌.” (മത്താ. 4:10) ‘യഹോ​വ​യെ​യാണ്‌ നിങ്ങൾ ആരാധി​ക്കേ​ണ്ട​തെന്ന്‌, നിങ്ങളു​ടെ മതം നിങ്ങളെ പഠിപ്പി​ച്ചി​ട്ടു​ണ്ടോ? ആ പേരി​നാൽ തിരി​ച്ച​റി​യ​പ്പെ​ടുന്ന വ്യക്തി​യോട്‌ ആത്മ​ധൈ​ര്യ​ത്തോ​ടെ അടുത്തു ചെല്ലാൻ കഴിയും എന്നു വിചാ​രി​ക്കാൻ തക്കവണ്ണം അവനെ അവന്റെ ഉദ്ദേശ്യ​ങ്ങ​ളും, അവന്റെ പ്രവർത്ത​ന​ങ്ങ​ളും അവന്റെ ഗുണങ്ങ​ളും സഹിതം നിങ്ങൾ അറിയാ​നി​ട​യാ​യി​ട്ടു​ണ്ടോ?

(3) യേശു​ക്രി​സ്‌തു​വി​ലു​ളള യഥാർത്ഥ വിശ്വാ​സം പ്രകട​മാ​ക്ക​പ്പെ​ടു​ന്നു​ണ്ടോ? യേശു​വി​ന്റെ മാനുഷ ജീവന്റെ ബലിയു​ടെ മൂല്യ​ത്തോ​ടും സ്വർഗ്ഗീയ രാജാ​വെന്ന നിലയി​ലു​ളള ഇന്നത്തെ അവന്റെ സ്ഥാന​ത്തോ​ടു​മു​ളള വിലമ​തിപ്പ്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. (യോഹ. 3:36; സങ്കീ. 2:6-8) അത്തരം വിലമ​തിപ്പ്‌ യേശു​വി​നെ അനുസ​രി​ക്കു​ന്ന​തി​നാൽ—അവൻ തന്റെ അനുഗാ​മി​കൾക്ക്‌ നിയോ​ഗി​ച്ചു​കൊ​ടുത്ത വേലയിൽ വ്യക്തി​പ​ര​മാ​യും ഉൽസാ​ഹ​പൂർവ്വ​ക​വും പങ്കെടു​ക്കു​ന്ന​തി​നാൽ—പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. സത്യമ​ത​ത്തിന്‌ പ്രവൃ​ത്തി​ക​ളോ​ടു​കൂ​ടിയ അത്തരം വിശ്വാ​സ​മുണ്ട്‌.—യാക്കോ. 2:26.

(4) അത്‌ മുഖ്യ​മാ​യും ആചാര​പരം, വെറു​മൊ​രു ചടങ്ങ്‌ ആണോ, അതോ അതൊരു ജീവിത രീതി​യാ​ണോ? വെറു​മൊ​രു ചടങ്ങു മാത്ര​മാ​യി​രി​ക്കുന്ന മതത്തെ ദൈവം ശക്തമായി കുററം വിധി​ക്കു​ന്നു. (യെശ. 1:15-17) ദൗർബ്ബ​ല്യ​ത്തോ​ടെ ജനരഞ്‌ജ​ക​മായ ചായ്‌വു​ക​ളോട്‌ ഒത്തു​പോ​കു​ന്ന​തിന്‌ പകരം സത്യമതം ധാർമ്മി​ക​ത​യും ശുദ്ധമായ സംസാ​ര​വും സംബന്ധിച്ച ബൈബിൾ നിലവാ​രങ്ങൾ ഉയർത്തി​പ്പി​ടി​ക്കു​ന്നു. (1 കൊരി. 5:9-13; എഫേ. 5:3-5) അതിലെ അംഗങ്ങൾ തങ്ങളുടെ ജീവി​ത​ത്തിൽ ദൈവാ​ത്മാ​വി​ന്റെ ഫലങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. (ഗലാ. 5:22, 23) അതു​കൊണ്ട്‌ സത്യാ​രാ​ധ​ന​യോട്‌ പററി​നിൽക്കു​ന്ന​വരെ തിരി​ച്ച​റി​യാൻ കഴിയും; എന്തു​കൊ​ണ്ടെ​ന്നാൽ അവർ അവരുടെ മീററിം​ഗ്‌സ്ഥ​ലത്തു മാത്രമല്ല, മറിച്ച്‌ കുടും​ബ​ജീ​വി​ത​ത്തി​ലും ലൗകിക തൊഴിൽരം​ഗ​ത്തും സ്‌കൂ​ളി​ലും വിനോ​ദ​ങ്ങ​ളി​ലേർപ്പെ​ടു​മ്പോ​ഴും ബൈബിൾ നിലവാ​രങ്ങൾ തങ്ങളുടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കാൻ ആത്മാർത്ഥ​മാ​യി ശ്രമി​ക്കു​ന്നു.

(5) അതിലെ അംഗങ്ങൾ യഥാർത്ഥ​മാ​യി അന്യോ​ന്യം സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? യേശു പറഞ്ഞു: “നിങ്ങൾക്ക്‌ തമ്മിൽത​മ്മിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.” (യോഹ. 13:35) അത്തരം സ്‌നേഹം യഥാർത്ഥ സാഹോ​ദ​ര്യ​ത്തിൽ ആളുകളെ ഒന്നിപ്പി​ച്ചു​കൊണ്ട്‌ വർഗ്ഗീ​യ​വും സാമൂ​ഹി​ക​വും ദേശീ​യ​വു​മായ അതിർവ​ര​മ്പു​കളെ മറിക​ട​ക്കു​ന്നു. അവർ തികച്ചും വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്ന​താ​യി തിരി​ച്ച​റി​യി​ക്കാൻ തക്കവണ്ണം ഈ സ്‌നേഹം അത്ര ശക്തമാണ്‌. രാഷ്‌ട്രങ്ങൾ തമ്മിൽ യുദ്ധത്തി​ലേർപ്പെ​ടു​മ്പോൾ ആയുധ​മെ​ടു​ക്കാ​നും മററു രാജ്യ​ങ്ങ​ളി​ലു​ളള തങ്ങളുടെ ക്രിസ്‌തീയ സഹോ​ദ​രൻമാ​രെ കൊല്ലാ​നും വിസമ്മ​തി​ക്ക​ത്ത​ക്ക​വണ്ണം അവരോട്‌ സ്‌നേ​ഹ​മു​ള​ളത്‌ ആർക്കാണ്‌? ആദിമ ക്രിസ്‌ത്യാ​നി​കൾ ചെയ്‌തത്‌ അതായി​രു​ന്നു.

(6) അത്‌ യഥാർത്ഥ​ത്തിൽ ലോക​ത്തിൽ നിന്ന്‌ വേർപെ​ട്ടി​രി​ക്കു​ന്നു​വോ? തന്റെ യഥാർത്ഥ അനുഗാ​മി​കൾ “ലോക​ത്തി​ന്റെ ഭാഗമല്ലാ”യിരി​ക്കും എന്ന്‌ യേശു പറഞ്ഞു. (യോഹ. 15:19) ദൈവം അംഗീ​ക​രി​ക്കുന്ന രീതി​യിൽ അവനെ ആരാധി​ക്കു​ന്ന​തിന്‌ “ലോക​ത്തിൽ നിന്നുളള കളങ്കം പററാതെ” നാം നമ്മെത്തന്നെ സൂക്ഷി​ക്കേ​ണ്ട​താ​വ​ശ്യ​മാണ്‌. (യാക്കോ. 1:27) പുരോ​ഹി​തൻമാ​രും മററം​ഗ​ങ്ങ​ളും രാഷ്‌ട്രീ​യ​ത്തിൽ ഇടപെ​ടുന്ന അല്ലെങ്കിൽ തങ്ങളുടെ ജീവിതം ഏറെയും ഭൗതി​ക​വും ജഡിക​വു​മായ ആഗ്രഹ​ങ്ങൾക്കു ചുററു​മാ​യി കെട്ടി​പ്പ​ടു​ത്തി​രി​ക്കുന്ന മതസ്ഥാ​പ​ന​ങ്ങളെ സംബന്ധിച്ച്‌ അത്‌ പറയാൻ കഴിയു​മോ?—1 യോഹ. 2:15-17.

(7) അതിലെ അംഗങ്ങൾ ദൈവ​രാ​ജ്യ​ത്തെ സംബന്ധിച്ച്‌ സജീവ സാക്ഷ്യം വഹിക്കു​ന്നു​ണ്ടോ? യേശു ഇപ്രകാ​രം മുൻകൂ​ട്ടി​പ്പ​റഞ്ഞു: “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യ​ത്തി​നാ​യി മുഴു​നി​വ​സിത ഭൂമി​യി​ലും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.” (മത്താ. 24:14) തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തിന്‌ മാനു​ഷ​ഭ​ര​ണാ​ധി​പ​ത്യ​ത്തി​ലേക്ക്‌ നോക്കാൻ പ്രോൽസാ​ഹി​പ്പി​ക്കു​ന്ന​തി​നു പകരം മനുഷ്യ​വർഗ്ഗ​ത്തി​ന്റെ പ്രത്യാ​ശ​യെന്ന നിലയിൽ യഥാർത്ഥ​ത്തിൽ ദൈവ​രാ​ജ്യ​ത്തെ പ്രഘോ​ഷി​ക്കു​ന്നത്‌ ഏതു മതമാണ്‌? ഈ പ്രവർത്ത​ന​ത്തിൽ പങ്കു ചേരു​ന്ന​തി​നും യേശു തന്റെ അപ്പോ​സ്‌ത​ലൻമാ​രെ പഠിപ്പി​ച്ച​തു​പോ​ലെ അത്‌ വീടു​തോ​റും പോയി ചെയ്യു​ന്ന​തി​നും നിങ്ങളു​ടെ മതം നിങ്ങളെ സജ്ജരാ​ക്കി​യി​ട്ടു​ണ്ടോ?—മത്താ. 10:7, 11-13; പ്രവൃ. 5:42; 20:20.

ശരിയായ ഏകമതം തങ്ങളു​ടേത്‌ മാത്ര​മാണ്‌ എന്നാണോ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നത്‌?

“യഹോ​വ​യു​ടെ സാക്ഷികൾ” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 203, 204 പേജുകൾ കാണുക.

ചിലർക്ക്‌ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കു​ക​യും മററു​ള​ള​വർക്ക്‌ അതില്ലാ​തി​രി​ക്കു​ക​യും ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

വിശ്വാ​സം” എന്ന മുഖ്യ​ശീർഷകം കാണുക.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘എനിക്ക്‌ മതത്തിൽ താൽപ്പ​ര്യ​മില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അതിൽ എനിക്ക്‌ ആശ്ചര്യ​മില്ല. അനേക​മാ​ളു​കൾക്ക്‌ നിങ്ങളു​ടെ വീക്ഷണ​മാ​ണു​ള​ളത്‌. നിങ്ങൾ എന്നും ഇങ്ങനെ​യാ​യി​രു​ന്നോ എന്ന്‌ ഞാനൊ​ന്നു ചോദി​ച്ചോ​ട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘ഇന്ന്‌ സഭകളിൽ പഠിപ്പി​ക്ക​പ്പെ​ടുന്ന പ്രമുഖ വിശ്വാ​സ​ങ്ങ​ളിൽ ഒന്നും​തന്നെ ബൈബി​ളിൽ കാണ​പ്പെ​ടു​ന്നില്ല എന്നു മനസ്സി​ലാ​ക്കി​യ​താ​യി​രു​ന്നു എന്നെ ആശ്ചര്യ​പ്പെ​ടു​ത്തിയ കാര്യ​ങ്ങ​ളി​ലൊന്ന്‌. (“യഹോ​വ​യു​ടെ സാക്ഷികൾ” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 203, 204 പേജു​ക​ളി​ലെ വിവരങ്ങൾ രാജ്യ​ത്തിന്‌ പ്രത്യേക ഊന്നൽ കൊടു​ത്തു​കൊണ്ട്‌ നിങ്ങൾക്ക്‌ ഉപയോ​ഗി​ക്കാൻ കഴി​ഞ്ഞേ​ക്കും. വിപരീത താരത​മ്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ എന്തു വിശ്വ​സി​ക്കു​ന്നു എന്നത്‌ 199, 200 പേജു​ക​ളിൽ കൊടു​ത്തി​രി​ക്കു​ന്നത്‌ ചൂണ്ടി​ക്കാ​ണി​ക്കുക.)’

കൂടാതെ 16, 17 പേജുകൾ കാണുക.

‘മതങ്ങളിൽ വളരെ​യേറെ കപടഭ​ക്തി​യുണ്ട്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഉവ്വ്‌, അതിൽ ഞാൻ നിങ്ങ​ളോട്‌ യോജി​ക്കു​ന്നു. പലരും ഒന്നു പ്രസം​ഗി​ക്കു​ക​യും മറെറാ​രു വിധത്തിൽ ജീവി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ എന്നോട്‌ പറയൂ, ബൈബി​ളി​നെ സംബന്ധിച്ച്‌ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു? (സങ്കീ. 19:7-10)’

‘ഞാൻ ഒരു നല്ല ജീവിതം നയിക്കു​ന്നു. എന്റെ അയൽക്കാ​രോട്‌ നല്ല രീതി​യിൽ പെരു​മാ​റു​ന്നു. എനിക്ക്‌ മതമാ​യിട്ട്‌ അത്രയ മതി’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ ഒരു നല്ല ജീവിതം നയിക്കു​ന്നു എന്നു പറയു​ന്ന​തു​കൊണ്ട്‌ നിങ്ങൾ പ്രത്യ​ക്ഷ​ത്തിൽ ജീവിതം ആസ്വദി​ക്കു​ന്നുണ്ട്‌, അത്‌ ശരിയല്ലേ? . . . ഇവിടെ വെളി​പ്പാട്‌ 21:4-ൽ വർണ്ണി​ച്ചി​രി​ക്കുന്ന അവസ്ഥക​ളിൻകീ​ഴിൽ ജീവി​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​രി​ക്കു​ക​യി​ല്ലേ? . . . എന്നാൽ അതിൽ പങ്കുണ്ടാ​യി​രി​ക്കു​ന്ന​തിന്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്ന്‌ യോഹ​ന്നാൻ 17:3-ൽ പറഞ്ഞി​രി​ക്കു​ന്നത്‌ കുറി​ക്കൊ​ള​ളുക.’

കൂടാതെ  327-ാം പേജ്‌ കാണുക.

‘വ്യവസ്ഥാ​പിത മതങ്ങളിൽ എനിക്ക്‌ താൽപ​ര്യ​മില്ല. ദൈവ​വു​മാ​യി​ട്ടു​ളള ഒരു വ്യക്തി​പ​ര​മായ ബന്ധമാണ്‌ പ്രധാ​ന​മെന്ന്‌ ഞാൻ വിശ്വ​സി​ക്കു​ന്നു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അതിൽ എനിക്ക്‌ താൽപ​ര്യം തോന്നു​ന്നു. നിങ്ങൾ എന്നും അങ്ങനെ​യാ​ണോ വിചാ​രി​ച്ചി​ട്ടു​ള​ളത്‌? . . . കഴിഞ്ഞ കാലത്ത്‌ എന്നെങ്കി​ലും നിങ്ങൾ ഒരു മതവു​മാ​യി സഹവസി​ച്ചി​ട്ടു​ണ്ടോ? . . . (അതിനു​ശേഷം ഒരുപക്ഷേ  326-328 പേജു​ക​ളി​ലെ വിവരങ്ങൾ ഉപയോ​ഗി​ക്കാം.)’

‘എന്റെ സഭ പഠിപ്പി​ക്കുന്ന എല്ലാറ​റി​നോ​ടും ഞാൻ യോജി​ക്കു​ന്നില്ല, എന്നാൽ മറെറാ​ന്നി​ലേക്ക്‌ മാറേ​ണ്ട​യാ​വ​ശ്യം ഞാൻ കാണു​ന്നില്ല. എന്റെ സഭയിൽ തന്നെ കാര്യങ്ങൾ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി പ്രവർത്തി​ക്കാ​നാണ്‌ ഞാൻ ഇഷ്ടപ്പെ​ടു​ന്നത്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ അത്‌ എന്നോട്‌ പറഞ്ഞത്‌ ഞാൻ വിലമ​തി​ക്കു​ന്നു. നമുക്ക്‌ എല്ലാവർക്കും യഥാർത്ഥ​ത്തിൽ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ അംഗീ​കാ​രം ഉണ്ടായി​രി​ക്കു​ന്ന​താ​ണെ​ന്ന​തി​നോട്‌ നിങ്ങൾ യോജി​ക്കു​മെന്ന്‌ എനിക്കു​റ​പ്പുണ്ട്‌, അങ്ങനെ​യല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ഇവിടെ വെളി​പ്പാട്‌ 18:4, 5-ൽ ദൈവം നമു​ക്കെ​ല്ലാ​വർക്കും ഗൗരവ​മാ​യി ചിന്തി​ക്കാ​നു​ളള വക നൽകുന്നു. . . . നാം വ്യക്തി​പ​ര​മാ​യി തെററായ കാര്യങ്ങൾ ചെയ്യു​ന്നി​ല്ലെ​ങ്കിൽ കൂടി നാം ഈ സ്ഥാപന​ങ്ങളെ പിന്താ​ങ്ങു​ന്നു​വെ​ങ്കിൽ നാമും അതിന്റെ കുററ​ത്തിൽ പങ്കുകാ​രാ​കു​മെന്ന്‌ ബൈബിൾ കാണിച്ചു തരുന്നു. (“മഹാബാ​ബി​ലോൺ” എന്ന മുഖ്യ ശീർഷ​ക​വും കൂടെ കാണുക.)’ (2) (ഒരുപക്ഷേ  പേജ്‌ 328-330-ലെ വിവര​ങ്ങ​ളും കൂടെ ഉപയോ​ഗി​ക്കുക.) (3) ‘ദൈവം സത്യത്തെ സ്‌നേ​ഹി​ക്കുന്ന ആളുകളെ അന്വേ​ഷി​ക്കു​ക​യും ഏകീകൃത ആരാധ​ന​ക്കു​വേണ്ടി അവരെ കൂട്ടി​വ​രു​ത്തു​ക​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (യോഹ. 4:23, 24)’

‘എല്ലാ മതങ്ങളും നല്ലതാണ്‌; നിങ്ങൾക്ക്‌ നിങ്ങളു​ടേ​തുണ്ട്‌, എനിക്ക്‌ എന്റേതും’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ ഏതായാ​ലും വളരെ വിശാ​ല​മ​ന​സ്‌ക​ത​യു​ളള ഒരാളാണ്‌. എന്നാൽ നമു​ക്കെ​ല്ലാ​വർക്കും ദൈവ​വ​ചനം പ്രദാനം ചെയ്യുന്ന മാർഗ്ഗ​നിർദ്ദേശം ആവശ്യ​മാ​ണെന്ന്‌ നിങ്ങളും തിരി​ച്ച​റി​യു​ന്നു, അതു​കൊ​ണ്ടാണ്‌ നിങ്ങൾക്ക്‌ ഒരു മതമു​ള​ളത്‌, അത്‌ ശരിയല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘ഇവിടെ മത്തായി 7:13, 14-ൽ ബൈബിൾ യേശു​വി​ന്റെ വാക്കു​ക​ളിൽ നമുക്ക്‌ വളരെ വിലപ്പെട്ട ഒരു മാർഗ്ഗ നിർദ്ദേശം നൽകുന്നു. (അത്‌ വായി​ക്കുക.) . . . അതെന്തു​കൊ​ണ്ടാ​യി​രി​ക്കും?’

കൂടാതെ 322, 323 പേജുകൾ കാണുക.

‘നിങ്ങൾ യേശു​വിൽ വിശ്വ​സി​ക്കു​ന്നി​ട​ത്തോ​ളം കാലം യഥാർത്ഥ​ത്തിൽ നിങ്ങൾ ഏതു സഭയി​ലാണ്‌ എന്നത്‌ പ്രശ്‌നമല്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘യേശു​വി​ലു​ളള വിശ്വാ​സം ജീവൽപ്ര​ധാ​ന​മാണ്‌ എന്ന കാര്യ​ത്തിൽ യാതൊ​രു സംശയ​വു​മില്ല. അതിനാൽ നിങ്ങൾ അർത്ഥമാ​ക്കു​ന്നത്‌ യേശു പഠിപ്പിച്ച എല്ലാം സ്വീക​രി​ക്കുക എന്നാ​ണെന്ന്‌ ഞാൻ ഊഹി​ക്കു​ന്നു. ക്രിസ്‌ത്യാ​നി​ക​ളാ​ണെന്ന്‌ പറയുന്ന പലരും വാസ്‌ത​വ​ത്തിൽ ആ പേർ പ്രതി​നി​ധാ​നം ചെയ്യു​ന്ന​തി​നൊ​ത്ത​വണ്ണം ജീവി​ക്കു​ന്നില്ല എന്നത്‌ എന്നെ​പ്പോ​ലെ തന്നെ നിങ്ങളും നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന​തിന്‌ യാതൊ​രു സംശയ​വു​മില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ഇവിടെ മത്തായി 7:21-23-ൽ യേശു പറഞ്ഞത്‌ കുറി​ക്കൊ​ള​ളുക.’ (2) ‘ദൈ​വേ​ഷ്‌ട​മെ​ന്തെന്ന്‌ കണ്ടുപി​ടി​ക്കാൻ വേണ്ടത്ര താൽപ​ര്യ​മെ​ടു​ക്കു​ക​യും അത്‌ ചെയ്യു​ക​യും ചെയ്യു​ന്ന​വർക്ക്‌ അത്‌ഭു​ത​ക​ര​മായ ഒരു ഭാവി​യുണ്ട്‌. (സങ്കീ. 37:10, 11; വെളി. 21:4)’

‘ശരിയായ ഒരു മതമേ​യു​ളളു എന്ന്‌ നിങ്ങൾ ചിന്തി​ക്കാ​നി​ട​യാ​ക്കു​ന്നത്‌ എന്താണ്‌?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഏതാണ്ട്‌ എല്ലാ മതത്തി​ലും തന്നെ ആത്മാർത്ഥ​ത​യു​ളള ആളുക​ളു​ണ്ടെ​ന്നു​ളള കാര്യ​ത്തിൽ സംശയ​മില്ല. എന്നാൽ ദൈവ​വ​ചനം എന്തു പറയുന്നു എന്നുള​ള​താണ്‌ യഥാർത്ഥ​ത്തിൽ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌. അത്‌ എത്ര സത്യവി​ശ്വാ​സ​ങ്ങ​ളെ​പ്പ​ററി പറയു​ന്നുണ്ട്‌? ഇവിടെ എഫേസ്യർ 4:4, 5-ൽ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നത്‌ കുറി​ക്കൊ​ള​ളുക.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘അത്‌ മററ്‌ വാക്യങ്ങൾ പറയു​ന്ന​തി​നോട്‌ ചേർച്ച​യി​ലാണ്‌. (മത്താ. 7:13, 14, 21; യോഹ. 10:16; 17:20, 21)’ (2) ‘അതു​കൊണ്ട്‌ ആ മതത്തെ തിരി​ച്ച​റി​യുക എന്നതാണ്‌ നാം അഭിമു​ഖീ​ക​രി​ക്കേണ്ട വെല്ലു​വി​ളി. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? (ഒരുപക്ഷേ പേ.  328-330-ലെ വിവരങ്ങൾ ഉപയോ​ഗി​ക്കാം.)’ (3) (“യഹോ​വ​യു​ടെ സാക്ഷികൾ” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 199, 200 പേജു​ക​ളി​ലെ വിവര​ങ്ങ​ളും കാണുക.)

‘ഞാൻ വീട്ടി​ലി​രു​ന്നു ബൈബിൾ വായി​ക്കു​ക​യും ഗ്രാഹ്യ​ത്തി​നാ​യി ദൈവ​ത്തോട്‌ പ്രാർത്ഥി​ക്കു​ക​യും ചെയ്യുന്നു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഇന്നോളം ബൈബിൾ മുഴുവൻ വായിച്ചു തീർക്കു​ന്ന​തിൽ നിങ്ങൾ വിജയി​ച്ചി​ട്ടു​ണ്ടോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘അതിനു ശ്രമി​ക്കു​മ്പോൾ മത്തായി 28:19, 20-ൽ വളരെ രസകര​മായ ഒരാശയം നിങ്ങൾ കണ്ടെത്തും. . . . ഇത്‌ അർത്ഥവ​ത്താണ്‌, കാരണം ഒരു യഥാർത്ഥ ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തിന്‌ ക്രിസ്‌തു മററ്‌ മനുഷ്യ​രെ ഉപയോ​ഗി​ക്കു​ന്നു​വെന്ന്‌ അത്‌ കാണിച്ചു തരുന്നു. അതി​നോ​ടു​ളള ചേർച്ച​യിൽ ഏതാണ്ട്‌ ഒരു മണിക്കൂർ സമയം സൗജന്യ​മാ​യി ബൈബിൾ ചർച്ച​ചെ​യ്യു​ന്ന​തിന്‌ ഓരോ വാരത്തി​ലും ആളുകളെ അവരുടെ വീടു​ക​ളിൽ ചെന്ന്‌ സന്ദർശി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ തയ്യാറാ​കു​ന്നു. ഞങ്ങൾ അത്‌ എങ്ങനെ​യാണ്‌ ചെയ്യു​ന്നത്‌ എന്ന്‌ കാണി​ക്കാൻ ഞാൻ ഏതാനും മിനി​ററ്‌ എടുക്കട്ടെ?’

കൂടാതെ  328-ാം പേജ്‌ കാണുക.

‘മതം ഒരു സ്വകാ​ര്യ​മായ സംഗതി​യാ​ണെ​ന്നാണ്‌ ഞാൻ കരുതു​ന്നത്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഇക്കാലത്ത്‌ അത്‌ ഒരു സാധാരണ വീക്ഷണ​മാണ്‌, ആർക്കെ​ങ്കി​ലും ബൈബി​ളി​ന്റെ ദൂതിൽ ഒട്ടും​തന്നെ താൽപ​ര്യ​മി​ല്ലെ​ങ്കിൽ ഞങ്ങൾ സന്തോ​ഷ​പൂർവ്വം അടുത്ത ഭവനത്തി​ലേക്ക്‌ പോകു​ന്നു. എന്നാൽ ഞാൻ നിങ്ങളെ സന്ദർശി​ക്കു​വാൻ വന്നതിന്റെ കാരണം അങ്ങനെ ചെയ്യാൻ യേശു തന്റെ അനുഗാ​മി​ക​ളോട്‌ പറഞ്ഞതു​കൊ​ണ്ടാ​ണെന്ന്‌ നിങ്ങൾ തിരി​ച്ച​റി​ഞ്ഞി​രു​ന്നോ? . . . (മത്താ. 24:14; 28:19, 20; 10:40)’