വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറിയ (യേശുവിന്റെ അമ്മ)

മറിയ (യേശുവിന്റെ അമ്മ)

നിർവ്വ​ചനം: യേശു​വിന്‌ ജൻമം നൽകിയ, ദൈവ​ത്താൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ളും അസാധാ​രണ പ്രീതി ലഭിച്ച​വ​ളു​മായ സ്‌ത്രീ. ബൈബി​ളിൽ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന വേറെ അഞ്ചു മറിയ​മാർകൂ​ടെ​യുണ്ട്‌. ഇവൾ യഹൂദാ ഗോ​ത്ര​ത്തിൽ ദാവീ​ദി​ന്റെ വംശത്തിൽപ്പെ​ട്ട​വ​ളും ഹേലി​യു​ടെ മകളു​മാ​യി​രു​ന്നു. തിരു​വെ​ഴു​ത്തു​ക​ളിൽ ആദ്യമാ​യി അവളെ നമുക്കു പരിച​യ​പ്പെ​ടു​ത്തു​മ്പോൾ അവൾ യഹൂദാ ഗോ​ത്ര​ത്തിൽ തന്നെ ദാവീ​ദി​ന്റെ വംശത്തി​ലു​ളള യോ​സേ​ഫിന്‌ വിവാഹ നിശ്ചയം ചെയ്യ​പ്പെ​ട്ടി​ട്ടു​ള​ള​വ​ളാണ്‌.

 മറിയയെ സംബന്ധി​ച്ചു​ളള ബൈബിൾ രേഖയിൽ നിന്ന്‌ നമു​ക്കെന്തു പഠിക്കാൻ കഴിയും?

(1) ദൈവം തന്റെ ദൂതൻമാ​രി​ലൂ​ടെ പറയുന്ന കാര്യങ്ങൾ, നാം കേൾക്കു​ന്നത്‌ ആദ്യം നമ്മെ അസ്വസ്ഥ​രാ​ക്കു​ക​യോ അസാദ്ധ്യ​മെന്ന്‌ നമുക്ക്‌ തോന്നു​ക​യോ ചെയ്‌തേ​ക്കാ​മെ​ങ്കി​ലും, ശ്രദ്ധി​ക്കാ​നു​ളള മനസ്സൊ​രു​ക്ക​ത്തി​ന്റെ ഒരു പാഠം.—ലൂക്കോ. 1:26-37.

(2) ദൈവ​ത്തിൽ പൂർണ്ണ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌ ദൈ​വേ​ഷ്ട​മാ​ണെന്ന്‌ നാം മനസ്സി​ലാ​ക്കുന്ന കാര്യ​ങ്ങ​ളോ​ടു​ളള ചേർച്ച​യിൽ പ്രവർത്തി​ക്കാ​നു​ളള ധൈര്യം. (ലൂക്കോസ്‌ 1:38 കാണുക. ആവർത്തനം 22:23, 24-ൽ കാണി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന പ്രകാരം ഗർഭി​ണി​യാ​യി കാണ​പ്പെ​ടുന്ന അവിവാ​ഹി​ത​യായ യഹൂദ്യ പെൺകു​ട്ടിക്ക്‌ ഗൗരവ​ത​ര​മായ അനന്തര​ഫ​ല​ങ്ങ​ളു​ണ്ടാ​കാ​മാ​യി​രു​ന്നു.)

(3) ഒരു വ്യക്തി​യു​ടെ സാമൂ​ഹ്യ​നി​ല​വാ​രം കണക്കി​ലെ​ടു​ക്കാ​തെ ആ വ്യക്തിയെ ഉപയോ​ഗി​ക്കാ​നു​ളള ദൈവ​ത്തി​ന്റെ മനസ്സൊ​രു​ക്കം.—ലൂക്കോസ്‌ 2:22-24; ലേവ്യാ​പു​സ്‌തകം 12:1-8-മായി താരത​മ്യം ചെയ്യുക.

(4) ആത്മീയ താൽപ​ര്യ​ങ്ങൾക്ക്‌ പ്രാധാ​ന്യം നൽകൽ. (ലൂക്കോസ്‌ 2:41; പ്രവൃ​ത്തി​കൾ 1:14 എന്നിവ കാണുക. യഹൂദ ഭാര്യ​മാർ ഭർത്താ​ക്കൻമാ​രോ​ടൊ​പ്പം ഓരോ വർഷവും പെസഹാക്ക്‌ യെരു​ശ​ലേ​മി​ലേക്ക്‌ ദീർഘ​മായ യാത്ര ചെയ്യണ​മെന്ന്‌ നിബന്ധ​ന​യി​ല്ലാ​യി​രു​ന്നു, എന്നാൽ മറിയ അങ്ങനെ ചെയ്‌തു.)

(5) ധാർമ്മിക ശുദ്ധി​യോ​ടു​ളള വിലമ​തിപ്പ്‌.—ലൂക്കോ. 1:34.

(6) കുട്ടി​കളെ ദൈവ​വ​ചനം പഠിപ്പി​ക്കു​ന്ന​തി​ലു​ളള ഉൽസാഹം. (പന്ത്രണ്ടാം വയസ്സിൽ യേശു ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തിൽ ഇത്‌ പ്രതി​ഫ​ലി​പ്പി​ക്ക​പ്പെ​ടു​ന്നു. ലൂക്കോസ്‌ 2:42, 46-49 കാണുക.)

യേശുവിനെ പ്രസവി​ച്ച​പ്പോൾ മറിയ യഥാർത്ഥ​ത്തിൽ ഒരു കന്യക​യാ​യി​രു​ന്നോ?

മറിയ എന്നു പേരായ “ഒരു കന്യക”യുടെ അടു​ത്തേ​ക്കാണ്‌ ഗബ്രി​യേൽ ദൂതൻ വാർത്ത​യു​മാ​യി വന്നത്‌ എന്ന്‌ ലൂക്കോസ്‌ 1:26-31 (JB) റിപ്പോർട്ടു ചെയ്യുന്നു: “നീ ഗർഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവി​ക്കും, നീ അവന്‌ യേശു എന്ന്‌ പേരി​ടണം.” അതിങ്കൽ, 34-ാം വാക്യം പറയുന്നു, “മറിയ ദൂത​നോട്‌ പറഞ്ഞു, ‘ഞാൻ ഒരു കന്യക​യാ​ക​യാൽ ഇതെങ്ങനെ സംഭവി​ക്കും [“ഞാൻ പുരു​ഷനെ അറിഞ്ഞി​ട്ടില്ല: അതായത്‌ ഒരു ഭർത്താ​വെന്ന നിലയിൽ,” NAB അടിക്കു​റിപ്പ്‌; “ഞാൻ പുരു​ഷ​നു​മാ​യി ലൈം​ഗിക ബന്ധത്തി​ലേർപ്പെ​ട്ടി​ട്ടില്ല,” NW]?’” മത്തായി 1:22-25 (JB) ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “കർത്താവ്‌ പ്രവാ​ചകൻ മുഖാ​ന്തരം അരുളി​ച്ചെ​യ്‌തത്‌ നിവൃ​ത്തി​യാ​കേ​ണ്ട​തിന്‌ ഇതൊ​ക്കെ​യും സംഭവി​ച്ചു: കന്യക ഗർഭം ധരിച്ച്‌ ഒരു മകനെ പ്രസവി​ക്കും, ‘ദൈവം നമ്മോ​ടു​കൂ​ടെ’ എന്ന്‌ അർത്ഥമു​ളള ഇമ്മാനു​വേൽ എന്ന്‌ അവർ അവനെ വിളി​ക്കും. യോ​സേഫ്‌ ഉറക്കമു​ണർന്ന​പ്പോൾ കർത്താ​വി​ന്റെ ദൂതൻ തന്നോട്‌ പറഞ്ഞതു​പോ​ലെ അവൻ ചെയ്‌തു: അവൻ തന്റെ ഭാര്യയെ വീട്ടിൽ കൂട്ടി​ക്കൊ​ണ്ടു​പോ​യി അവൻ അവളു​മാ​യി ലൈം​ഗിക ബന്ധത്തി​ലേർപ്പെ​ട്ടി​രു​ന്നി​ല്ലെ​ങ്കി​ലും അവൾ ഒരു പുത്രനെ പ്രസവി​ച്ചു; അവൻ അവനെ യേശു എന്ന്‌ നാമക​രണം ചെയ്‌തു.”

ഇത്‌ ന്യായ​യു​ക്ത​മാ​ണോ? തീർച്ച​യാ​യും മാനുഷ പുനരുൽപാ​ദ​നേ​ന്ദ്രി​യങ്ങൾ രൂപസം​വി​ധാ​നം ചെയ്‌ത സ്രഷ്ടാ​വിന്‌ മറിയ​യു​ടെ ഗർഭാ​ശ​യ​ത്തി​ലെ ഒരു അണ്ഡകോ​ശത്തെ മനുഷ്യാ​തീത മാർഗ്ഗ​ത്തി​ലൂ​ടെ പുഷ്ടി​പ്പെ​ടു​ത്തുക എന്നത്‌ അസാദ്ധ്യ​മാ​യി​രു​ന്നില്ല. തന്റെ ആദ്യജാത സ്വർഗ്ഗീയ പുത്രന്റെ ജീവശ​ക്തി​യെ​യും വ്യക്തിത്വ മാതൃ​ക​യേ​യും യഹോവ അത്ഭുത​ക​ര​മാ​യി മറിയ​യു​ടെ ഗർഭാ​ശ​യ​ത്തി​ലേക്ക്‌ മാററി. ജനിച്ചത്‌ പൂർണ്ണ​ത​യു​ളള ഒരു മനുഷ്യ​ശി​ശു​വാ​യി​രി​ക്കാൻ തക്കവണ്ണം ദൈവ​ത്തി​ന്റെ സ്വന്തം കർമ്മോ​ദ്യു​ക്ത ശക്തി, അവന്റെ പരിശു​ദ്ധാ​ത്മാവ്‌ മറിയ​യു​ടെ ഗർഭാ​ശ​യ​ത്തി​ലെ ശിശു​വി​ന്റെ വളർച്ചയെ കാത്തു സൂക്ഷിച്ചു.—ലൂക്കോ. 1:35; യോഹ. 17:5.

മറിയ എന്നും ഒരു കന്യക​യാ​യി​രു​ന്നോ?

മത്താ. 13:53-56 JB: “ഈ ഉപമകൾ പറഞ്ഞു തീർന്ന​ശേഷം യേശു ആ പ്രദേശം വിട്ടു. അവൻ തന്റെ സ്വന്തം പട്ടണത്തിൽ വന്നു അവരുടെ സിന​ഗോ​ഗിൽ ആളുകളെ പഠിപ്പിച്ച വിധത്താൽ അവർ ആശ്ചര്യ​പ്പെട്ട്‌ ഇങ്ങനെ പറഞ്ഞു, ‘ഇവന്‌ ഈ ജ്ഞാനവും ഈ അത്ഭുത ശക്തിക​ളും എവിടെ നിന്നാണ്‌ ലഭിച്ചത്‌? തീർച്ച​യാ​യും ഇവൻ ആ തച്ചന്റെ മകനല്ലേ? ഇവന്റെ അമ്മ മറിയ എന്ന സ്‌ത്രീ​യ​ല്ല​യോ? ഇവന്റെ സഹോ​ദ​രൻമാർ [ഗ്രീക്ക്‌, അഡെൽഫോ​യി] യാക്കോബ്‌, യോ​സേഫ്‌, ശിമ​യോൻ, യൂദാ എന്നിവർ അല്ലേ? ഇവന്റെ സഹോ​ദ​രി​മാ​രും [ഗ്രീക്ക്‌, അഡെൽഫാ​യി] എല്ലാവ​രും ഇവിടെ നമ്മോ​ടു​കൂ​ടെ ഇല്ലയോ?’” (ഈ വേദഭാ​ഗ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ നിങ്ങൾ എന്തു നിഗമ​ന​ത്തി​ലെ​ത്തും, യേശു മറിയ​യു​ടെ ഏകപു​ത്ര​നാ​യി​രു​ന്നെ​ന്നോ അതോ അവൾക്ക്‌ വേറെ പുത്രൻമാ​രും പുത്രി​മാ​രും ഉണ്ടായി​രു​ന്നെ​ന്നോ?)

മത്തായി 13:55, 56-ൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അഡെൽഫോ​യി, അഡെൽഫാ​യി എന്ന ഗ്രീക്ക്‌ പദങ്ങളെ സംബന്ധിച്ച്‌ “അവക്ക്‌ സുവി​ശേ​ഷ​കന്റെ കാലത്തെ ഗ്രീക്ക്‌ സംസാ​രി​ച്ചി​രുന്ന ലോകത്ത്‌ യഥാർത്ഥ​ത്തി​ലു​ളള സഹോ​ദ​രൻമാ​രെ​ന്നും സഹോ​ദ​രി​മാ​രെ​ന്നു​മാണ്‌ അർത്ഥമു​ണ്ടാ​യി​രു​ന്ന​തെ​ന്നും സ്വഭാ​വി​ക​മാ​യി ഗ്രീക്കു​വാ​യ​ന​ക്കാ​രാൽ അത്തരത്തി​ലേ മനസ്സി​ലാ​ക്ക​പ്പെ​ടു​മാ​യി​രു​ന്നു​ളളു”വെന്നും ദി ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ (1967, വാല്യം IX, പേ. 337) സമ്മതിച്ചു പറയുന്നു. “നാലാം നൂററാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ (380-നോട​ടുത്ത്‌) ഇപ്പോൾ നഷ്ടപ്പെ​ട്ടു​പ്പോ​യി​രി​ക്കുന്ന ഒരു ഗ്രന്ഥത്തിൽ ഹെൽവീ​ഡി​യസ്‌ വലിയ കുടും​ബ​ങ്ങ​ളി​ലെ മാതാ​ക്കൾക്ക്‌ മറിയയെ ഒരു മാതൃ​ക​യാ​ക്കാൻ വേണ്ടി യേശു​വി​നെ കൂടാതെ മറിയക്ക്‌ വേറെ മക്കളു​ണ്ടാ​യി​രു​ന്നെന്ന്‌ സ്ഥാപി​ക്കാൻ ഈ വസ്‌തുത ഊന്നി​പ്പ​റഞ്ഞു. മറിയ​യു​ടെ നിത്യ​ക​ന്യ​കാ​ത്വ​ത്തി​ലു​ളള സഭയുടെ പാരമ്പര്യ വിശ്വാ​സ​ത്താൽ പ്രേരി​ത​നാ​യി വിശുദ്ധ ജെറോം (A. D 383-ൽ) ഹെൽവീ​ഡി​യ​സ്സി​നെ​തി​രെ ഒരു ലഘുലേഖ തയ്യാറാ​ക്കി. അതിൽ അദ്ദേഹം കത്തോ​ലി​ക്കാ പണ്ഡിതൻമാർക്കി​ട​യിൽ ഇന്നും പ്രചാ​ര​ത്തി​ലി​രി​ക്കുന്ന . . . ഒരു വിശദീ​ക​രണം വികസി​പ്പി​ച്ചെ​ടു​ത്തു.”

മർക്കോ. 3:31-35, JB: “അവന്റെ അമ്മയും സഹോ​ദ​രൻമാ​രും വന്ന്‌ പുറത്തു​നിന്ന്‌ അവനെ വിളി​ക്കാൻ ഒരു സന്ദേശം അയച്ചു. അവന്‌ സന്ദേശം ലഭിച്ച​പ്പോൾ ഒരു പുരു​ഷാ​രം അവന്‌ ചുററും ഇരിക്ക​യാ​യി​രു​ന്നു, ‘നിന്റെ അമ്മയും സഹോ​ദ​രൻമാ​രും പുറത്തു​നിന്ന്‌ നിന്നെ വിളി​ക്കു​ന്നു.’ അവൻ മറുപ​ടി​യാ​യി പറഞ്ഞു, ‘എന്റെ അമ്മയും എന്റെ സഹോ​ദ​രൻമാ​രും ആർ?’ അവന്റെ ചുററും ഇരുന്ന​വരെ നോക്കി​ക്കൊണ്ട്‌ അവൻ പറഞ്ഞു, ‘ഇതാ എന്റെ അമ്മയും എന്റെ സഹോ​ദ​രൻമാ​രും. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്നവൻ ആരോ അവനാ​കു​ന്നു എന്റെ സഹോ​ദ​ര​നും സഹോ​ദ​രി​യും അമ്മയും.’” (ഇവിടെ യേശു​വി​ന്റെ സ്വാഭാ​വിക സഹോ​ദ​രൻമാ​രും അവന്റെ ശിഷ്യൻമാ​രായ ആത്മീയ സഹോ​ദ​രൻമാ​രും തമ്മിലു​ളള വ്യത്യാ​സം വ്യക്തമാ​യി എടുത്തു കാണി​ച്ചി​രി​ക്കു​ന്നു. അമ്മയെ​പ്പ​റ​റി​യു​ളള പരാമർശനം പറയ​പ്പെ​ട്ടി​രി​ക്കു​ന്ന​തിൽ നിന്ന്‌ വ്യത്യ​സ്‌ത​മാ​യി എന്തെങ്കി​ലു​മാ​ണെന്ന്‌ ആരും അവകാ​ശ​പ്പെ​ടു​ന്നില്ല. അങ്ങനെ​യെ​ങ്കിൽ അവന്റെ സ്വാഭാ​വിക സഹോ​ദ​രൻമാർ അങ്ങനെ​യ​ല്ലെ​ന്നും ഒരുപക്ഷേ മച്ചുനൻമാ​രാ​യി​രി​ക്കാ​മെ​ന്നും വാദി​ക്കു​ന്നത്‌ പരസ്‌പര യോജി​പ്പി​ലാ​ണോ? സഹോ​ദ​രൻമാ​രെ​യ​ല്ലാ​തെ മററു ബന്ധുക്ക​ളെ​യാണ്‌ അർത്ഥമാ​ക്കു​ന്ന​തെ​ങ്കിൽ ലൂക്കോസ്‌ 21:16-ലെപ്പോ​ലെ ഒരു വ്യത്യ​സ്‌ത​പദം [സിജെ​നോൺ] ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു.)

മറിയ ദൈവ​ത്തി​ന്റെ മാതാ​വാ​യി​രു​ന്നോ?

വരാൻ പോകുന്ന അത്ഭുത​ക​ര​മായ ജനന​ത്തെ​ക്കു​റിച്ച്‌ മറിയയെ അറിയിച്ച ദൂതൻ അവളുടെ പുത്രൻ ദൈവ​മാ​യി​രി​ക്കു​മെന്ന്‌ അവളോട്‌ പറഞ്ഞില്ല. അവൻ പറഞ്ഞത്‌ ഇപ്രകാ​ര​മാണ്‌: “നീ ഗർഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവി​ക്കും, നീ അവനെ യേശു എന്ന്‌ വിളി​ക്കണം. അവൻ വലിയ​വ​നാ​യി​രി​ക്കും, അത്യു​ന്ന​തന്റെ പുത്ര​നെന്ന്‌ വിളി​ക്ക​പ്പെ​ടു​ക​യും ചെയ്യും. . . . ശിശു പരിശു​ദ്ധ​നാ​യി​രി​ക്കും ദൈവ​പു​ത്ര​നെന്ന്‌ വിളി​ക്ക​പ്പെ​ടു​ക​യും ചെയ്യും.”—ലൂക്കോ. 1:31-35, JB; ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.

എബ്രാ. 2:14, 17 JB: “മക്കൾ എല്ലാവർക്കും ഒരേ രക്തവും മാംസ​വും ഉളളതി​നാൽ ഒരു തുല്യ നിലയിൽ അവനും അതിൽ പങ്കുപ​ററി . . . അവ്വണ്ണം അവൻ പൂർണ്ണ​മാ​യും അവന്റെ സഹോ​ദ​രൻമാ​രെ​പ്പോ​ലെ ആയിരി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു.” (എന്നാൽ അവൻ ഒരു ദൈവ-മനുഷ്യ​നാ​യി​രു​ന്നെ​ങ്കിൽ അവൻ പൂർണ്ണ​മാ​യി സഹോ​ദ​രൻമാ​രെ​പ്പോ​ലെ ആയിരി​ക്കു​മാ​യി​രു​ന്നോ?)

ദി ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ ഇപ്രകാ​രം പറയുന്നു: “രണ്ടു വ്യവസ്ഥകൾ പാലി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ മറിയ യഥാർത്ഥ​ത്തിൽ ദൈവ​മാ​താ​വാണ്‌: അതായത്‌ അവൾ യഥാർത്ഥ​ത്തിൽ യേശു​വി​ന്റെ മാതാ​വാ​യി​രി​ക്കു​ക​യും യേശു ദൈവ​മാ​യി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ.” (1967, വാല്യം X, പേ. 21) മറിയ യേശു​വി​ന്റെ അമ്മയാ​യി​രു​ന്നു​വെന്ന്‌ ബൈബിൾ പറയുന്നു, എന്നാൽ യേശു ദൈവ​മാ​യി​രു​ന്നോ? ബൈബിൾ എഴുതി പൂർത്തി​യാ​ക്ക​പ്പെട്ട്‌ ദീർഘ​നാൾ കഴിഞ്ഞ്‌, നാലാം നൂററാ​ണ്ടിൽ സഭ ത്രിത്വം സംബന്ധി​ച്ചു​ളള അതിന്റെ പ്രസ്‌താ​വന ക്രോ​ഡീ​ക​രി​ച്ചു. (ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ, 1967, വാല്യം XIV, പേ. 295; “ത്രിത്വം” എന്നതിൻ കീഴിൽ പേ. 405 കാണുക.) അക്കാലത്ത്‌ നിഖ്യാ വിശ്വാ​സ​പ്ര​മാ​ണ​ത്തിൽ സഭ യേശു​ക്രി​സ്‌തു​വി​നെ “സാക്ഷാൽ ദൈവം” എന്ന്‌ പരാമർശി​ച്ചു. പിന്നീട്‌ പൊ. യു. 431-ൽ എഫേസൂ​സി​ലെ സുനഹ​ദോ​സിൽ വച്ച്‌ സഭ മറിയയെ “ദൈവത്തെ വഹിച്ചവൾ” അല്ലെങ്കിൽ “ദൈവ മാതാവ്‌” എന്ന്‌ അർത്ഥം വരുന്ന തെയോ​റേ​റാ​ക്കോസ്‌ ആയി പ്രഖ്യാ​പി​ച്ചു. എന്നിരു​ന്നാ​ലും ആ പദമോ ആ ആശയമോ ബൈബി​ളി​ന്റെ യാതൊ​രു വിവർത്ത​ന​ത്തി​ലും കാണ​പ്പെ​ടു​ന്നില്ല. (“യേശു​ക്രി​സ്‌തു” എന്നതിൻ കീഴിൽ 212-216 പേജുകൾ കാണുക.)

മറിയ അമലോ​ത്ഭ​വ​യാ​യി​രു​ന്നോ, അവളുടെ അമ്മ അവളെ ഗർഭം ധരിച്ച​പ്പോൾ അവൾ ജൻമപാ​പ​മി​ല്ലാ​ത്ത​വ​ളാ​യി​രു​ന്നോ?

ആ വിശ്വാ​സ​ത്തി​ന്റെ ഉത്ഭവ​ത്തെ​പ്പ​ററി ദി ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ (1967, വാല്യം VII, പേ. 378-381) ഇപ്രകാ​രം പറയുന്നു: “ . . . അമലോ​ത്ഭവം കൃത്യ​മാ​യി തിരു​വെ​ഴു​ത്തു​ക​ളിൽ പഠിപ്പി​ക്ക​പ്പെ​ടു​ന്നില്ല . . . ഏററം ആദ്യത്തെ സഭാപി​താ​ക്കൻമാർ മറിയയെ വിശു​ദ്ധ​യാ​യി കണക്കാക്കി. എന്നാൽ പൂർണ്ണ​മാ​യും പാപമി​ല്ലാ​ത്ത​വ​ളാ​യി​ട്ടല്ല. . . . അത്‌ ക്രിസ്‌തീയ വിശ്വാ​സ​ത്തി​ന്റെ ഭാഗമാ​യി​ത്തീർന്നത്‌ എന്നാ​ണെന്ന്‌ കൃത്യ​മാ​യി പറയുക അസാദ്ധ്യ​മാണ്‌, എന്നാൽ 8 അല്ലെങ്കിൽ 9-ാം നൂററാ​ണ്ടോ​ടു​കൂ​ടി അത്‌ പൊതു​വെ അംഗീ​ക​രി​ക്ക​പ്പെ​ട്ട​താ​യി തോന്നു​ന്നു. . . . [1854-ൽ IX-ാം പീയൂസ്‌ പാപ്പാ ആ വിശ്വാസ സത്യം നിർവ്വ​ചി​ച്ചു] അതിൻപ്ര​കാ​രം ‘എത്രയും വാഴ്‌ത്ത​പ്പെട്ട കന്യകാ മറിയം അവളുടെ ഉത്ഭവം മുതൽ തന്നെ ആദി പാപത്തി​ന്റെ യാതൊ​രു കളങ്കവു​മേൽക്കാ​തെ സംരക്ഷി​ക്ക​പ്പെട്ടു.’” ഈ വിശ്വാ​സം രണ്ടാം വത്തിക്കാൻ കൗൺസിൽ (1962-1965) സ്ഥിരീ​ക​രി​ച്ചു.—ദി ഡോക്യു​മെൻറ്‌സ്‌ ഓഫ്‌ വത്തിക്കാൻ II (ന്യൂയോർക്ക്‌, 1966), ഡബ്‌ളി​യു. എം. ആബട്ട്‌, എസ്‌. ജെ.യാൽ എഡിററ്‌ ചെയ്യ​പ്പെ​ട്ടത്‌, പേ. 88.

ബൈബിൾ തന്നെ പറയുന്നു: “കൊള​ളാം, അപ്പോൾ ഏക മനുഷ്യ​നാൽ [ആദാം] പാപവും പാപത്താൽ മരണവും ലോക​ത്തി​ലേക്ക്‌ പ്രവേ​ശി​ച്ചു, അങ്ങനെ എല്ലാവ​രും പാപം ചെയ്യു​ക​യാൽ മരണം സകല മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചി​രി​ക്കു​ന്നു.” (റോമ. 5:12, JB; ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്ത്‌.) മറിയ അതിൽ ഉൾപ്പെ​ടു​ന്നു​വോ? മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ന്റെ നിബന്ധ​ന​യ​നു​സ​രിച്ച്‌, യേശു ജനിച്ച്‌ 40 ദിവസം കഴിഞ്ഞ​പ്പോൾ അശുദ്ധി​യിൽ നിന്നുളള ശുദ്ധീ​ക​ര​ണ​ത്തി​നു​വേണ്ടി ഒരു പാപയാ​ഗം മറിയ യെരൂ​ശ​ലേ​മി​ലെ ആലയത്തിൽ അർപ്പി​ച്ചു​വെ​ന്നും ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. മറിയ​യും ആദാമിൽ നിന്ന്‌ പാപവും അപൂർണ്ണ​ത​യും അവകാ​ശ​മാ​ക്കി​യി​രു​ന്നു.—ലൂക്കോ. 2:22-24; ലേവ്യ. 12:1-8.

മറിയ ജഡശരീ​ര​ത്തോ​ടു​കൂ​ടെ സ്വർഗ്ഗാ​രോ​ഹണം ചെയ്‌തോ?

1950-ൽ ഇത്‌ കത്തോ​ലി​ക്കാ സഭയുടെ ഒരു വിശ്വാസ സത്യമാ​ക്കി​ക്കൊ​ണ്ടു​ളള 12-ാം പിയൂസ്സ്‌ പാപ്പാ​യു​ടെ ഔദ്യോ​ഗിക പ്രഖ്യാ​പ​ന​ത്തെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറയു​ക​യിൽ ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ (1967, വാല്യം I, പേ. 972) ഇപ്രകാ​രം പറയുന്നു: “സ്വർഗ്ഗാ​രോ​ഹ​ണ​ത്തെ​പ്പ​ററി ബൈബി​ളിൽ വ്യക്തമായ പ്രസ്‌താ​വ​ന​യില്ല, എന്നിരു​ന്നാ​ലും പാപ്പാ​യു​ടെ പ്രഖ്യാ​പ​ന​ത്തിൽ ഈ സത്യത്തി​ന്റെ ആത്യന്തി​ക​മായ അടിസ്ഥാ​നം തിരു​വെ​ഴു​ത്തു​ക​ളാ​ണെന്ന്‌ തറപ്പിച്ചു പറയുന്നു.”

“ജഡരക്തങ്ങൾ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല: നശിച്ചു പോകു​ന്ന​തിന്‌ എന്നേക്കും നിലനിൽക്കു​ന്ന​തി​നെ അവകാ​ശ​മാ​ക്കാൻ കഴിക​യില്ല” എന്ന്‌ ബൈബിൾ തന്നെ പറയുന്നു. (1 കൊരി. 15:50, JB) “ദൈവം ആത്മാവാ​കു​ന്നു,” എന്ന്‌ യേശു പറഞ്ഞു. പുനരു​ത്ഥാ​ന​ത്തി​ങ്കൽ യേശു വീണ്ടും ഒരു ആത്മാവാ​യി, ഇപ്പോൾ “ജീവൻ നൽകുന്ന ഒരാത്മാവ്‌.” ദൂതൻമാർ ആത്മാക്ക​ളാണ്‌. (യോഹ. 4:24; 1 കൊരി. 15:45; എബ്രാ. 1:13, 14, JB) നിലനിർത്തു​ന്ന​തിന്‌ ഭൗതിക ചുററു​പാ​ടു​കൾ ആവശ്യ​മാ​യി​രി​ക്കുന്ന ഒരു ശരീര​ത്തിൽ ആരെങ്കി​ലും സ്വർഗ്ഗീയ ജീവൻ സമ്പാദി​ക്കും എന്ന്‌ പറയു​ന്ന​തി​നു​ളള തിരു​വെ​ഴു​ത്തു​പ​ര​മായ അടിസ്ഥാ​നം എവി​ടെ​യാണ്‌? (“പുനരു​ത്ഥാ​നം” എന്നതിൻ കീഴിൽ 334-336 പേജുകൾ കാണുക.)

ഒരു മദ്ധ്യസ്ഥ​യെന്ന നിലയിൽ മറിയ​യോട്‌ പ്രാർത്ഥി​ക്കു​ന്നത്‌ ഉചിത​മാ​ണോ?

യേശു പറഞ്ഞു: “നിങ്ങൾ ഇപ്രകാ​രം പ്രാർത്ഥി​ക്കണം: ‘സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ . . .’” അവൻ ഇങ്ങനെ​യും കൂടെ പറഞ്ഞു: “ഞാൻ തന്നെ വഴിയും സത്യവും ജീവനു​മാ​കു​ന്നു. എന്നിലൂ​ടെ​യ​ല്ലാ​തെ ആർക്കും പിതാ​വി​ങ്ക​ലേക്ക്‌ വരാൻ കഴിയു​ക​യില്ല. നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദി​ച്ചാ​ലും ഞാൻ അത്‌ ചെയ്‌തു തരും.”—മത്താ. 6:9; യോഹ. 14:6, 14, JB; ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.

യേശു​ക്രി​സ്‌തു​വി​ലൂ​ടെ പിതാ​വിന്‌ അർപ്പി​ക്ക​പ്പെ​ടുന്ന പ്രാർത്ഥ​നകൾ സ്‌ത്രീ​ക​ളു​ടെ അനുഭ​വ​ങ്ങ​ളിൽ പങ്കുപ​റ​റി​യി​ട്ടു​ളള ഒരാളി​ലൂ​ടെ അർപ്പി​ക്ക​പ്പെ​ടുന്ന പ്രാർത്ഥ​നകൾ പോലെ തന്നെ ഗ്രാഹ്യ​ത്തോ​ടും സഹാനു​ഭൂ​തി​യോ​ടും​കൂ​ടെ സ്വീക​രി​ക്ക​പ്പെ​ടു​മോ? പിതാ​വി​നെ സംബന്ധിച്ച്‌ ബൈബിൾ നമ്മോട്‌ ഇപ്രകാ​രം പറയുന്നു: “ഒരു പിതാവ്‌ മക്കളോട്‌ ഇടപെ​ടു​ന്ന​തു​പോ​ലെ യാഹ്‌വേ തന്നെ ഭയപ്പെ​ടു​ന്ന​വ​രോട്‌ ഇടപെ​ടു​ന്നു; നാം എന്തിനാൽ നിർമ്മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ അവന്‌ അറിയാം, നാം പൊടി​യാ​ണെന്ന്‌ അവൻ ഓർമ്മി​ക്കു​ന്നു.” “അവൻ മൃദു​ല​ത​യും സഹാനു​ഭൂ​തി​യു​മു​ളള ദൈവം, കോപ​ത്തി​നു താമസ​മു​ള​ളവൻ, ദയയി​ലും വിശ്വ​സ്‌ത​ത​യി​ലും സമ്പന്നൻ.” (സങ്കീ. 103:13, 14; പുറ. 34:6, JB) ക്രിസ്‌തു​വി​നെ സംബന്ധിച്ച്‌ ഇപ്രകാ​രം എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു: “നമ്മുടെ ബലഹീ​ന​തകൾ മനസ്സി​ലാ​ക്കാൻ കഴിവി​ല്ലാത്ത ഒരു മഹാപു​രോ​ഹി​തൻ നമുക്കു​ള​ള​തു​പോ​ലെയല്ല; പാപമി​ല്ലാ​ത്ത​വ​നാ​ണെ​ങ്കി​ലും നമ്മെ​പ്പോ​ലെ സകലത്തി​ലും പരീക്ഷി​ക്ക​പ്പെട്ട ഒരുവ​നാണ്‌ നമുക്കു​ള​ളത്‌. അതു​കൊണ്ട്‌ കൃപാ​സ​നത്തെ സമീപി​ക്കു​ക​യിൽ നമുക്ക്‌ അവനിൽ നിന്ന്‌ കരുണ ലഭിക്കു​മെ​ന്നും സഹായം ആവശ്യ​മാ​യി​രി​ക്കു​മ്പോൾ കൃപ ലഭിക്കു​മെ​ന്നും നമുക്ക്‌ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കാം.”—എബ്രാ. 4:15, 16, JB.

മറിയയുടെ പ്രതി​മ​കളെ വണങ്ങു​ന്നത്‌ ബൈബിൾ ക്രിസ്‌ത്യാ​നി​ത്വ​ത്തോട്‌ യോജി​പ്പി​ലാ​ണോ?

ആ ആചാരം രണ്ടാം വത്തിക്കാൻ കൗൺസി​ലി​നാൽ (1962-1965) സുനി​ശ്ചി​ത​മാ​യി പ്രോൽസാ​ഹി​പ്പി​ക്ക​പ്പെട്ടു. “ഈ ആരാധനാ സമ്പ്രദാ​യം വിശേ​ഷിച്ച്‌ മതപര​മായ ചടങ്ങു​ക​ളു​പ​യോ​ഗിച്ച്‌ പരിശുദ്ധ കന്യകക്ക്‌ ആരാധന കൊടു​ക്കു​ന്നത്‌ സമൃദ്ധ​മാ​യി വളർത്ത​ണ​മെന്ന്‌ ഈ അതിപ​രി​ശുദ്ധ സുന്നഹ​ദോസ്‌ സഭാ മക്കളെ പ്രബോ​ധി​പ്പി​ക്കു​ന്നു. അവളോ​ടു​ളള ഭക്തിയു​ടെ ആചാര​ങ്ങ​ളും അനുഷ്‌ഠാ​ന​ങ്ങ​ളും നൂററാ​ണ്ടു​ക​ളി​ലൂ​ടെ സഭയുടെ പ്രബോ​ധ​നാ​ധി​കാ​ര​മ​നു​സ​രിച്ച്‌ ശുപാർശ​ചെ​യ്‌തി​ട്ടു​ള​ള​തു​പോ​ലെ, ഒരു നിധി കണക്കെ കാത്തു സൂക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ക്രിസ്‌തു​വി​ന്റെ​യും പരിശുദ്ധ കന്യക​യു​ടെ​യും പ്രതി​മകൾ വണങ്ങു​ന്നതു സംബന്ധിച്ച്‌ കഴിഞ്ഞ കാലങ്ങ​ളിൽ പുറ​പ്പെ​ടു​വി​ച്ചി​ട്ടു​ളള കൽപ്പനകൾ കൃത്യ​മാ​യി പാലി​ക്ക​പ്പെ​ട​ണ​മെ​ന്നും കൽപ്പി​ക്കു​ന്നു.”—ദി ഡോക്യു​മെൻറ്‌സ്‌ ഓഫ്‌ വത്തിക്കാൻ II, പേ. 94, 95.

ബൈബി​ളിൽ നിന്നുളള മറുപ​ടിക്ക്‌ “പ്രതി​മകൾ” പേ. 183-187 കാണുക.

ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌തീയ സഭയിൽ മറിയ പ്രത്യേ​കാൽ ആദരി​ക്ക​പ്പെ​ട്ടി​രു​ന്നോ?

അപ്പോ​സ്‌ത​ല​നായ പത്രോസ്‌ തന്റെ നിശ്വസ്‌ത എഴുത്തു​ക​ളിൽ അവളെ​ക്കു​റിച്ച്‌ യാതൊ​രു പരാമർശ​ന​വും നടത്തു​ന്നില്ല. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ നിശ്വസ്‌ത എഴുത്തു​ക​ളിൽ അവളുടെ പേര്‌ ഉപയോ​ഗി​ക്കാ​തെ “ഒരു സ്‌ത്രീ” എന്ന നിലയി​ലെ അവളെ​പ്പ​ററി സംസാ​രി​ക്കു​ന്നു​ളളു.—ഗലാ. 4:4.

തന്റെ മാതാ​വി​നെ​പ്പ​ററി പരാമർശി​ക്കു​ക​യിൽ യേശു തന്നെ എന്തു ദൃഷ്ടാന്തം വച്ചു?

യോഹ. 2:3, 4, JB: “[കാനായിലെ ഒരു കല്ല്യാണ വിരു​ന്നിൽ] കല്ല്യാ​ണ​ത്തിന്‌ കരുതി​യി​രുന്ന വീഞ്ഞ്‌ തീർന്നു​പോ​യ​തി​നാൽ തികയാ​തെ വന്നപ്പോൾ യേശു​വി​ന്റെ അമ്മ അവനോട്‌ പറഞ്ഞു, ‘അവർക്ക്‌ വീഞ്ഞില്ല.’ യേശു പറഞ്ഞു, ‘സ്‌ത്രീ​യെ, എന്തിന്‌ എന്നോടു പറയുന്നു [“അതിന്‌ എനിക്കും നിനക്കു​മെന്ത്‌,” Dy]? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല.’” (ഒരു കുട്ടി​യാ​യി​രു​പ്പോൾ യേശു തന്റെ അമ്മക്കും വളർത്തു പിതാ​വി​നും തന്നെത്തന്നെ കീഴ്‌പ്പെ​ടു​ത്തി, എന്നാൽ മുതിർന്ന​യാ​ളായ ശേഷം അവൻ ദയാപൂർവ്വം എന്നാൽ ദൃഢമാ​യി മറിയ​യു​ടെ മാർഗ്ഗ​നിർദ്ദേശം നിരാ​ക​രി​ച്ചു. അവൾ താഴ്‌മ​യോ​ടെ ആ തിരുത്തൽ സ്വീക​രി​ച്ചു.)

ലൂക്കോ. 11:27, 28, JB: “അവൻ [യേശു] സംസാ​രി​ക്കു​മ്പോൾ ജനക്കൂ​ട്ട​ത്തിൽ നിന്ന്‌ ഒരു സ്‌ത്രീ വിളിച്ചു പറഞ്ഞു: ‘നിന്നെ വഹിച്ച ഗർഭാ​ശ​യ​വും നീ കുടിച്ച സ്‌തന​ങ്ങ​ളും സന്തുഷ്ടി​യു​ളളവ!’ എന്നാൽ അവൻ മറുപടി പറഞ്ഞു, ‘ദൈവ​ത്തി​ന്റെ വാക്ക്‌ കേട്ട്‌ അത്‌ അനുസ​രി​ക്കു​ന്നവർ അതിലും സന്തുഷ്ടി​യു​ള​ളവർ!’” (അത്‌ ഉചിത​മാ​യി​രു​ന്നെ​ങ്കിൽ തന്റെ മാതാ​വിന്‌ പ്രത്യേ​കാൽ ബഹുമാ​നം കൊടു​ക്കാൻ തീർച്ച​യാ​യും ഇത്‌ പററിയ ഒരവസ​ര​മാ​യി​രു​ന്നു. അവൻ അങ്ങനെ ചെയ്‌തില്ല.)

മറിയാരാധനയുടെ ചരി​ത്ര​പ​ര​മായ ഉത്ഭവങ്ങൾ എവിടെ നിന്നാണ്‌?

ആൻഡ്രൂ ഗ്രീലി എന്ന കത്തോ​ലി​ക്കാ വൈദി​കൻ പറയുന്നു: “പാശ്ചാത്യ ലോക​ത്തി​ന്റെ ചരി​ത്ര​ത്തി​ലെ ഏററം ശക്തമായ മത പ്രതീ​ക​ങ്ങ​ളി​ലൊ​ന്നാണ്‌ മറിയ . . . ഈ മറിയ പ്രതീകം ക്രിസ്‌ത്യാ​നി​ത്വ​ത്തെ പുരാതന ദൈവ​മാ​താ മതങ്ങളു​മാ​യി നേരിട്ടു ബന്ധിക്കു​ന്നു.”—ദി മെയി​ക്കിംഗ്‌ ഓഫ്‌ ദി പോപ്പ്‌സ്‌ 1978 (യു. എസ്സ്‌. എ., 1979), പേ. 227.

മറിയ ദൈവ​മാ​താ​വാ​ണെ​ന്നു​ളള പഠിപ്പി​ക്കൽ ഉറപ്പിച്ചു പ്രഖ്യാ​പിച്ച സ്ഥലം അറിയു​ന്നത്‌ രസാവ​ഹ​മാണ്‌. “തെയോ​റേ​റാ​ക്കോ​സി​ന്റെ ബസിലി​ക്ക​യിൽ 431-ൽ സമ്മേളിച്ച എഫേസൂസ്‌ കൗൺസിൽ. അർത്തെ​മിസ്‌ അല്ലെങ്കിൽ റോമാ​ക്കാർ ഡയാന എന്നു വിളി​ച്ചി​രുന്ന, ദേവി​യോ​ടു​ളള ഭക്തിക്ക്‌ ദുഷ്‌ക്കീർത്തി നേടിയ നഗരത്തിൽ തന്നെയാ​യി​രു​ന്നു അത്‌. അവിടെ അവളുടെ പ്രതിമ സ്വർഗ്ഗ​ത്തിൽ നിന്ന്‌ വീണതാ​യി പറയ​പ്പെ​ട്ടി​രു​ന്നു. പൊ. യു. മു. 330 മുതൽ മഹതി​യാം മാതാ​വിന്‌ സമർപ്പി​ക്ക​പ്പെ​ട്ടി​രുന്ന ആ ക്ഷേത്ര​ത്തി​ന്റെ നിഴലിൽ—പാരമ്പ​ര്യ​മ​നു​സ​രിച്ച്‌ അതിൽ മറിയ​യു​ടെ ഒരു താൽക്കാ​ലിക വസതി​യു​മു​ണ്ടാ​യി​രു​ന്നു—‘ദൈവ​മാ​താ’വെന്ന സ്ഥാന​പ്പേര്‌ ഉയർത്തി​പ്പി​ടി​ക്ക​പ്പെ​ടുക തന്നെ ചെയ്യു​മാ​യി​രു​ന്നു.”—ദി കൾട്ട്‌ ഓഫ്‌ ദി മദർ-ഗോഡസ്സ്‌ (ന്യൂ​യോർക്ക്‌, 1959), ഈ. ഒ. ജെയിംസ്‌, പേ. 207.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘നിങ്ങൾ കന്യാ​മ​റി​യ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘യേശു​ക്രി​സ്‌തു​വി​ന്റെ മാതാവ്‌ ഒരു കന്യക​യാ​യി​രു​ന്നു​വെന്ന്‌ തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​യി പറയുന്നു, ഞങ്ങൾ അത്‌ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു. ദൈവം അവന്റെ പിതാ​വാ​യി​രു​ന്നു. ജനിച്ച ശിശു, ദൂതൻ മറിയ​യോട്‌ പറഞ്ഞതു​പോ​ലെ തന്നെ, ദൈവ​ത്തി​ന്റെ പുത്ര​നാ​യി​രു​ന്നു. (ലൂക്കോ. 1:35)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘എന്നാൽ യേശു ആ തരത്തിൽ ജനിക്കു​ന്നത്‌ പ്രധാ​ന​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു​വെന്ന്‌ നിങ്ങൾ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? . . . അതുവഴി മാത്രമെ നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വിടു​വി​ക്കു​ന്ന​തിന്‌ പര്യാ​പ്‌ത​മായ ഒരു മറുവില നൽക​പ്പെ​ടാൻ കഴിയു​മാ​യി​രു​ന്നു​ളളു.—1 തിമൊ. 2:5, 6; പിന്നീട്‌ ഒരുപക്ഷേ യോഹ​ന്നാൻ 3:16.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ഉവ്വ്‌, ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. അവളെ​പ്പ​ററി വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ പറയു​ന്നത്‌ എല്ലാം ഞങ്ങൾ വിശ്വ​സി​ക്കു​ന്നു, അവൾ ഒരു കന്യക​യാ​യി​രി​ക്കെ​യാണ്‌ യേശു​വിന്‌ ജൻമം നൽകി​യ​തെന്ന്‌ തിരു​വെ​ഴു​ത്തു​കൾ നിശ്ചയ​മാ​യും പറയു​ന്നുണ്ട്‌. മറിയ​യെ​പ്പ​ററി അവ പറയുന്ന മററു കാര്യ​ങ്ങ​ളും അവളിൽ നിന്ന്‌ നമുക്ക്‌ പഠിക്കാൻ കഴിയുന്ന പാഠങ്ങ​ളും വളരെ ഹൃദ​യോ​ദ്ദീ​പ​ക​മാ​യി ഞാൻ കാണുന്നു. ( 254, 255-ലെ വിവരങ്ങൾ ഉപയോ​ഗി​ക്കുക.)’

‘നിങ്ങൾ കന്യാ​മ​റി​യ​ത്തിൽ വിശ്വ​സി​ക്കു​ന്നില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ദൈവ​പു​ത്രനെ പ്രസവി​ച്ചത്‌ ഒരു കന്യക​യാ​യി​രു​ന്നു​വെന്ന്‌ വിശ്വ​സി​ക്കാത്ത ആളുക​ളു​ണ്ടെന്ന്‌ ഞാൻ തിരി​ച്ച​റി​യു​ന്നു. എന്നാൽ ഞങ്ങൾ അത്‌ വിശ്വ​സി​ക്കുക തന്നെ ചെയ്യുന്നു. (ഈ സംഗതി ചർച്ച​ചെ​യ്യുന്ന നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൊന്ന്‌ തുറന്ന്‌ വീട്ടു​കാ​രനെ അത്‌ കാണി​ക്കുക.)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘എന്നാൽ രക്ഷ പ്രാപി​ക്കു​ന്ന​തിന്‌ അതിലും ആവശ്യ​മായ എന്തെങ്കി​ലു​മു​ണ്ടോ? . . . യേശു തന്റെ പിതാ​വി​നോ​ടു​ളള പ്രാർത്ഥ​ന​യിൽ പറഞ്ഞത്‌ കുറി​ക്കൊ​ള​ളുക. (യോഹ. 17:3)’