വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറുവില

മറുവില

നിർവ്വ​ചനം: എന്തെങ്കി​ലും കടപ്പാ​ടിൽ നിന്നോ അനഭി​ല​ഷ​ണീയ സാഹച​ര്യ​ത്തിൽ നിന്നോ വിടു​വി​ക്കു​ന്ന​തിന്‌ അല്ലെങ്കിൽ തിരികെ വാങ്ങു​ന്ന​തിന്‌ കൊടു​ക്കുന്ന വില. ഏററം പ്രധാ​ന​മായ മറുവില യേശു​ക്രി​സ്‌തു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തമാണ്‌. ആ മറുവി​ല​യു​ടെ മൂല്യം സ്വർഗ്ഗ​ത്തിൽ അർപ്പി​ച്ച​തി​നാൽ നമ്മുടെ പൂർവ്വ​പി​താ​വായ ആദാമി​ന്റെ പാപം​മൂ​ലം നാം അവകാ​ശ​മാ​ക്കിയ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്വ​ത്തിൽനിന്ന്‌ ആദാമി​ന്റെ സന്തതി​കളെ വിടു​വി​ക്കു​ന്ന​തി​നു​ളള വഴി യേശു തുറന്നു.

യേശു​ക്രി​സ്‌തു​വി​ന്റെ മരണം രക്തസാ​ക്ഷി​ക​ളാ​യി​ത്തീർന്ന മററു​ള​ള​വ​രു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ​യാണ്‌?

യേശു ഒരു പൂർണ്ണ മനുഷ്യ​നാ​യി​രു​ന്നു. അവൻ പാപത്തി​ന്റെ കളങ്ക​മേ​ശാ​തെ ജനിച്ചു, ജീവി​ത​ത്തിൽ ഉടനീളം ആ പൂർണ്ണത നിലനിർത്തു​ക​യും ചെയ്‌തു. “അവൻ പാപം ചെയ്‌തില്ല.” “അവൻ നിർമ്മലൻ, പാപി​ക​ളിൽനിന്ന്‌ വേർപെ​ട്ടവൻ” ആയിരു​ന്നു.—1 പത്രോ. 2:22; എബ്രാ. 7:26.

അവൻ ദൈവ​ത്തി​ന്റെ അദ്വി​തീ​യ​നായ പുത്ര​നാ​യി​രു​ന്നു. ദൈവം​തന്നെ സ്വർഗ്ഗ​ത്തിൽ നിന്ന്‌ ഉച്ചത്തിൽ ഈ വസ്‌തുത സാക്ഷ്യ​പ്പെ​ടു​ത്തി. (മത്താ. 3:17; 17:5) ഈ പുത്രൻ മുമ്പേ സ്വർഗ്ഗ​ത്തിൽ വസിച്ചി​രു​ന്നു; അവൻ മുഖാ​ന്തരം ദൈവം മുഴു​അ​ഖി​ലാ​ണ്ഡ​ത്തി​ലു​മു​ളള എല്ലാ വ്യക്തി​ക​ളെ​യും വസ്‌തു​ക്ക​ളെ​യും ആസ്‌തി​ക്യ​ത്തി​ലേക്കു കൊണ്ടു​വന്നു. തന്റെ ഇഷ്‌ടം നിവർത്തി​ക്കാൻ ഇവൻ ഒരു മനുഷ്യ​നാ​യി ജനിക്കാൻ കഴി​യേ​ണ്ട​തിന്‌ ദൈവം അത്‌ഭു​ത​ക​ര​മാ​യി ഈ പുത്രന്റെ ജീവനെ ഒരു കന്യക​യു​ടെ ഗർഭാ​ശ​യ​ത്തി​ലേക്ക്‌ മാററി. താൻ ഒരു യഥാർത്ഥ മനുഷ്യ​നാ​യി​ത്തീർന്നി​രി​ക്കു​ന്നു എന്നത്‌ ഊന്നി​പ്പ​റ​യാൻ യേശു മനുഷ്യ​പു​ത്രൻ എന്ന നിലയിൽ തന്നെത്തന്നെ പരാമർശി​ച്ചു.—കൊലൊ. 1:15-20; യോഹ. 1:14; ലൂക്കോ. 5:24.

തന്നെ വധിച്ച​വ​രു​ടെ മുമ്പാകെ അവൻ നിസ്സഹാ​യ​നാ​യി​രു​ന്നില്ല. അവൻ പറഞ്ഞു: “ഞാൻ എന്റെ ദേഹിയെ ഏൽപ്പിച്ചു കൊടു​ക്കു​ന്നു . . . ആരും അത്‌ എന്നിൽനിന്ന്‌ എടുത്തു​ക​ളി​ഞ്ഞി​ട്ടില്ല, എന്നാൽ എന്റെ സ്വന്തം ഇഷ്ടപ്ര​കാ​രം ഞാൻ അതിനെ ഏൽപ്പിച്ചു കൊടു​ക്കു​ന്നു.” (യോഹ. 10:17, 18) തന്റെ പക്ഷത്ത്‌ ദൂതൻമാർ ഇടപെ​ടു​ന്ന​തി​നാ​യി അപേക്ഷി​ക്കാൻ അവൻ വിസമ്മ​തി​ച്ചു. (മത്താ. 26:53, 54) അവനെ കൊല്ലു​ന്ന​തി​നു​ളള ദുഷ്ടരായ മനുഷ്യ​രു​ടെ പദ്ധതി നടപ്പാ​ക്കാൻ അവർ അനുവ​ദി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും അവന്റെ മരണം യഥാർത്ഥ​ത്തിൽ ഒരു ബലിയാ​യി​രു​ന്നു.

അവന്റെ ചൊരി​യ​പ്പെട്ട രക്തത്തിന്‌ മററു​ള​ള​വർക്ക്‌ വിടുതൽ കൈവ​രു​ത്തു​ന്ന​തി​നു​ളള മൂല്യ​മുണ്ട്‌. “മനുഷ്യ​പു​ത്രൻ ശുശ്രൂ​ഷി​ക്ക​പ്പെ​ടു​ന്ന​തി​നല്ല, മറിച്ച്‌ ശുശ്രൂ​ഷി​ക്കു​ന്ന​തി​നും അനേകർക്കു​വേണ്ടി തന്റെ ദേഹിയെ ഒരു മറുവി​ല​യാ​യി പകരം വച്ചു​കൊ​ടു​ക്കു​ന്ന​തി​നും തന്നെ വന്നു. (മർക്കോ. 10:45) അതു​കൊണ്ട്‌ അവന്റെ മരണം തന്റെ വിശ്വാ​സങ്ങൾ സംബന്ധിച്ച്‌ വിട്ടു​വീ​ഴ്‌ച​ചെ​യ്യാൻ വിസമ്മ​തി​ച്ച​തി​നാ​ലു​ളള രക്തസാ​ക്ഷി​ത്വ​ത്തേ​ക്കാൾ വളരെ അധിക​മായ ഒന്നായി​രു​ന്നു.

“സ്‌മാ​രകം” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 266, 267 പേജുകൾ കൂടെ കാണുക.

നമുക്ക്‌ നിത്യ​ജീ​വൻ ലഭി​ക്കേ​ണ്ട​തിന്‌ ഈ വിധത്തിൽ ഒരു മറുവില നൽകേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

റോമ. 5:12: “ഏക മനുഷ്യ​നാൽ [ആദാം] പാപവും പാപത്താൽ മരണവും ലോക​ത്തിൽ പ്രവേ​ശി​ച്ചു, അങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകല മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.” (നാം എത്ര നീതി​മാൻമാ​രാ​യി ജീവി​ച്ചാ​ലും ജനനം മുതൽ തന്നെ നാമെ​ല്ലാം പാപി​ക​ളാണ്‌. [സങ്കീ. 51:5] എന്നേക്കും ജീവി​ക്കാ​നു​ളള അവകാശം സമ്പാദി​ക്കാൻ നമുക്ക്‌ യാതൊ​രു മാർഗ്ഗ​വു​മില്ല.)

റോമ. 6:23: “പാപം നൽകുന്ന ശമ്പളം മരണമാണ്‌.”

സങ്കീ. 49:6-9: “തങ്ങളുടെ സമ്പത്തിൽ ആശ്രയി​ക്കു​ക​യും ധനസമൃ​ദ്ധി​യിൽ പ്രശം​സി​ക്കു​ക​യും ചെയ്യു​ന്ന​വ​രിൽ ആർക്കും ഒരു സഹോ​ദരൻ ശവക്കു​ഴി​കാ​ണാ​തെ എന്നേക്കും ജീവി​ച്ചി​രി​ക്കേ​ണ്ട​തിന്‌ ഏതെങ്കി​ലും വിധത്തിൽ അവനെ​പ്പോ​ലും വീണ്ടെ​ടു​ക്കാ​നോ അവനു​വേണ്ടി ദൈവ​ത്തിന്‌ ഒരു മറുവില കൊടു​ക്കാ​നോ സാധി​ക്കു​ക​യില്ല; (അവരുടെ ദേഹി​യു​ടെ വീണ്ടെ​ടു​പ്പു​വില അത്രയ​ധി​ക​മാ​ക​യാൽ അത്‌ അനിശ്ചി​ത​കാ​ല​ത്തോ​ളം നിന്നു​പോ​യി​രി​ക്കു​ന്നു).” (പാപത്തിൽ നിന്നും മരണത്തിൽനി​ന്നും ആരെ​യെ​ങ്കി​ലും വിടു​വി​ക്കു​ന്ന​തി​നു​ളള മാർഗ്ഗം പ്രദാനം ചെയ്യാൻ യാതൊ​രു അപൂർണ്ണ മനുഷ്യ​നും കഴിയു​ക​യില്ല. അവന്റെ പണം കൊണ്ട്‌ നിത്യ​ജീ​വൻ നേടാൻ സാദ്ധ്യമല്ല, മരണത്തിന്‌ ഏൽപിച്ചു കൊടു​ക്ക​പ്പെ​ടുന്ന അവന്റെ ദേഹി​ക്കും, ഏതായാ​ലും പാപത്തി​ന്റെ ശമ്പളമാ​യി അവനത്‌ ലഭി​ക്കേ​ണ്ട​താ​ക​യാൽ, ആരെ​യെ​ങ്കി​ലും വിടു​വി​ക്കാൻ തക്ക മൂല്യ​മില്ല.)

മൽസരം മൂലം ആദാമും ഹവ്വായും മരി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ലും ദൈവത്തെ അനുസ​രി​ക്കുന്ന അവരുടെ സന്തതി​കൾക്ക്‌ എന്നേക്കും ജീവി​ക്കാം എന്ന്‌ ദൈവം കേവലം കൽപ്പി​ക്കാ​ഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?

എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ “നീതി​യും ന്യായ​വും ഇഷ്ടപ്പെ​ടു​ന്ന​വ​നാണ്‌.” (സങ്കീ. 33:5; ആവ. 32:4; യിരെ. 9:24) അതു​കൊണ്ട്‌, ആ സാഹച​ര്യ​ത്തെ അവൻ കൈകാ​ര്യം ചെയ്‌ത​വി​ധം അവന്റെ നീതിയെ ഉയർത്തി​പ്പി​ടി​ക്കു​ക​യും പൂർണ്ണ​മായ ന്യായ​ദീ​ക്ഷ​യു​ടെ അവകാ​ശ​വാ​ദങ്ങൾ നടപ്പാ​ക്കു​ക​യും അതേസ​മയം അവന്റെ സ്‌നേ​ഹ​ത്തെ​യും കരുണ​യെ​യും മഹിമ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. അതെങ്ങ​നെ​യാണ്‌?

(1) ആദാമും ഹവ്വായും പാപം ചെയ്യു​ന്ന​തിന്‌ മുമ്പ്‌ സന്താന​ങ്ങളെ ഉൽപാ​ദി​പ്പി​ച്ചി​രു​ന്നില്ല, അതു​കൊണ്ട്‌ ആരും പൂർണ്ണ​രാ​യി ജനിച്ചില്ല. ആദാമി​ന്റെ സന്തതി​ക​ളെ​ല്ലാ​വ​രും പാപത്തിൽ ജനിച്ചു, പാപം മരണത്തി​ലേക്ക്‌ നയിക്കു​ന്നു. യഹോവ ഇത്‌ വെറുതെ അവഗണി​ച്ചി​രു​ന്നെ​ങ്കിൽ അത്‌ അവന്റെ തന്നെ നീതി​യു​ളള നിലവാ​ര​ങ്ങളെ നിഷേ​ധി​ക്കു​ന്ന​തു​പോ​ലെ ആയിരി​ക്കു​മാ​യി​രു​ന്നു. ദൈവ​ത്തിന്‌ അത്‌ ചെയ്‌തു​കൊണ്ട്‌ അധർമ്മ​ത്തിൽ പങ്കാളി​യാ​കാൻ കഴിയു​മാ​യി​രു​ന്നില്ല. തികഞ്ഞ നീതി​യു​ടെ നിബന്ധ​ന​കളെ അവൻ ഒഴിവാ​ക്കി​യില്ല; അതു​കൊണ്ട്‌ ബുദ്ധി​ശ​ക്തി​യു​ളള യാതൊ​രു സൃഷ്ടി​ക്കും ഈ സംഗതി​യിൽ ന്യായ​മാ​യി അവനെ കുററ​പ്പെ​ടു​ത്താൻ കഴിയു​മാ​യി​രു​ന്നില്ല.—റോമ. 3:21-26.

(2) നീതി​യു​ടെ നിബന്ധ​നകൾ അവഗണി​ക്കാ​തെ യഹോ​വ​യോട്‌ സ്‌നേ​ഹ​പൂർവ്വ​ക​മായ അനുസ​രണം പ്രകട​മാ​ക്കുന്ന ആദാമി​ന്റെ സന്തതി​കളെ വിടു​വി​ക്കു​ന്ന​തിന്‌ എങ്ങനെ​യാണ്‌ കരുതൽ ചെയ്യുക? പൂർണ്ണ​ത​യു​ളള ഒരു മനുഷ്യൻ ഒരു ബലിയാ​യി മരിക്കു​ക​യാ​ണെ​ങ്കിൽ വിശ്വാ​സ​ത്തോ​ടെ ആ കരുതൽ സ്വീക​രി​ക്കു​ന്ന​വ​രു​ടെ പാപത്തിന്‌ ഒരു പരിഹാ​ര​മാ​യി​രി​ക്കാൻ ആ പൂർണ്ണ ജീവനെ അനുവ​ദി​ക്കു​ന്ന​തിന്‌ നീതി സമ്മതി​ക്കു​മാ​യി​രു​ന്നു. ഒരു മനുഷ്യ​ന്റെ (ആദാമി​ന്റെ) പാപം മുഴു​മാ​നുഷ കുടും​ബ​വും പാപി​ക​ളാ​യി​ത്തീ​രാൻ ഇടയാ​ക്കി​യ​തു​കൊണ്ട്‌ മറെറാ​രു പൂർണ്ണ മനുഷ്യ​ന്റെ ചൊരി​യ​പ്പെട്ട രക്തം (ഫലത്തിൽ ഒരു രണ്ടാം ആദാം) തുല്യ​വി​ല​യു​ള​ള​താ​ക​യാൽ നീതി​യു​ടെ ത്രാസ്സ്‌ സന്തുലി​താ​വ​സ്ഥ​യിൽ നിർത്താൻ പര്യാ​പ്‌ത​മാ​യി​രു​ന്നു. ആദാം മന:പൂർവ്വ പാപി​യാ​യി​രു​ന്ന​തി​നാൽ അവന്‌ അതിൽ നിന്ന്‌ പ്രയോ​ജനം ലഭിക്കു​മാ​യി​രു​ന്നില്ല; എന്നാൽ പാപത്തി​ന്റെ ഫലമായി മുഴു​മ​നു​ഷ്യ​വർഗ്ഗ​വും ഒടു​ക്കേ​ണ്ടി​യി​രുന്ന പിഴ ഈ വിധത്തിൽ മറെറാ​രാൾ ഒടുക്കി​യ​തി​നാൽ ആദാമി​ന്റെ സന്തതിയെ രക്ഷിക്കാ​മാ​യി​രു​ന്നു. എന്നാൽ അത്തരം പൂർണ്ണ​ത​യു​ളള ഒരു മനുഷ്യ​നി​ല്ലാ​യി​രു​ന്നു. പൂർണ്ണ നീതി​യു​ടെ ആ നിബന്ധ​നകൾ അനുസ​രി​ക്കാൻ മനുഷ്യ​വർഗ്ഗ​ത്തിന്‌ ഒരിക്ക​ലും കഴിയു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ അത്ഭുത​ക​ര​മായ സ്‌നേ​ഹ​ത്തി​ന്റെ പ്രകട​ന​മെന്ന നിലയി​ലും വ്യക്തി​പ​ര​മാ​യി തനിക്ക്‌ വലിയ ചെലവ്‌ വരുത്തി​ക്കൊ​ണ്ടും യഹോവ തന്നെ അതിനു​ളള കരുതൽ ചെയ്‌തു. (1 കൊരി. 15:45; 1 തിമൊ. 2:5, 6; യോഹ. 3:16; റോമ. 5:8) ദൈവ​ത്തി​ന്റെ ഏകജാ​ത​പു​ത്രൻ തന്റെ ഭാഗം ചെയ്യാൻ മനസ്സു​ള​ള​വ​നാ​യി​രു​ന്നു. താഴ്‌മ​യോ​ടെ തന്റെ സ്വർഗ്ഗീയ മഹത്വം പിമ്പിൽ വിട്ടു​ക​ള​യു​ക​യും ഒരു പൂർണ്ണ മനുഷ്യ​നാ​യി​ത്തീ​രു​ക​യും ചെയ്‌തു​കൊണ്ട്‌ യേശു മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി മരിച്ചു.—ഫിലി. 2:7, 8.

ദൃഷ്ടാന്തം: ഒരു കുടും​ബ​ത്ത​ലവൻ ഒരു കുററ​പ്പു​ള​ളി​യാ​യി​ത്തീ​രു​ക​യും മരണത്തിന്‌ വിധി​ക്ക​പ്പെ​ടു​ക​യും ചെയ്‌തേ​ക്കാം. അയാളു​ടെ കുട്ടികൾ നിരാ​ലം​ബ​രാ​യി ആശയറ​റ​വി​ധം കടത്തി​ലാ​യി എന്നും വരാം. ഒരുപക്ഷേ ദയാലു​വായ അവരുടെ വല്ല്യപ്പൻ അവർക്കു​വേണ്ടി ഇടപെ​ടു​ക​യും തന്നോ​ടൊ​പ്പം ജീവി​ക്കുന്ന മറെറാ​രു പുത്രൻ മുഖാ​ന്തരം അവരുടെ കടം വീട്ടാ​നു​ളള കരുതൽ ചെയ്യു​ക​യും അവർക്കു ഒരു പുതിയ ജീവി​ത​ത്തി​നു​ളള സാദ്ധ്യത തുറന്നു​കൊ​ടു​ക്കു​ക​യും ചെയ്‌തേ​ക്കാം. തീർച്ച​യാ​യും അതിൽനിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കു​ന്ന​തിന്‌ കുട്ടികൾ ആ ക്രമീ​ക​രണം അംഗീ​ക​രി​ക്കണം. അവരുടെ വല്ല്യപ്പൻ, ന്യായ​മാ​യും, അവർ തങ്ങളുടെ പിതാ​വി​ന്റെ ഗതി അനുക​രി​ക്കു​ക​യില്ല എന്നതിന്റെ ഉറപ്പായി അവരിൽനിന്ന്‌ ചില കാര്യങ്ങൾ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തേ​ക്കാം.

യേശുവിന്റെ ബലിയു​ടെ മൂല്യം ആർക്കു​വേ​ണ്ടി​യാണ്‌ ആദ്യം ഉപയോ​ഗി​ക്ക​പ്പെ​ട്ടത്‌, എന്തു ലക്ഷ്യ​ത്തോ​ടെ?

റോമ. 1:16: “[യേശു​ക്രി​സ്‌തു​വി​നെ​യും യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളിൽ അവനുളള സ്ഥാന​ത്തെ​യും കുറി​ച്ചു​ളള] സുവാർത്ത . . . വിശ്വ​സി​ക്കുന്ന ഏവർക്കും, ആദ്യം യഹൂദ​നും പിന്നെ യവനനും യഥാർത്ഥ​ത്തിൽ രക്ഷക്കുളള ദൈവ​ശ​ക്തി​യാ​കു​ന്നു.” (യേശു​ക്രി​സ്‌തു​വി​ലൂ​ടെ രക്ഷക്കു​വേണ്ടി ചെയ്യപ്പെട്ട കരുത​ലിൽനിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കാ​നു​ളള ക്ഷണം ആദ്യം യഹൂദൻമാർക്കും പിന്നെ യഹൂ​ദേ​ത​രർക്കും വച്ചുനീ​ട്ട​പ്പെട്ടു.)

എഫേ. 1:11-14: “ക്രിസ്‌തു​വിൽ ആദ്യം പ്രത്യാശ വച്ചവരായ നാം [അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഉൾപ്പെ​ടെ​യു​ളള യഹൂദൻമാർ] അവന്റെ മഹത്വ​ത്തി​ന്റെ സ്‌തു​തി​ക്കാ​യി ഉതകേ​ണ്ട​തിന്‌ [ക്രിസ്‌തു​വി​നോട്‌] ഉളള ബന്ധത്തിൽ അവകാ​ശി​ക​ളാ​യി നിയമി​ക്ക​പ്പെട്ടു. [എന്തിന്റെ അവകാ​ശി​കൾ? സ്വർഗ്ഗീയ രാജ്യ​ത്തി​ന്റെ] എന്നാൽ നിങ്ങളും [എഫേസൂ​സ്സി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ പുറജാ​തി​ക​ളിൽ നിന്ന്‌ എടുക്ക​പ്പെ​ട്ടവർ] സത്യത്തി​ന്റെ വചനം, നിങ്ങളു​ടെ രക്ഷയെ​ക്കു​റി​ച്ചു​ളള സുവാർത്ത, കേട്ട​ശേഷം അവനിൽ പ്രത്യാശ വച്ചു. നിങ്ങൾ വിശ്വ​സിച്ച ശേഷം അവനിൽ നിങ്ങളും വാഗ്‌ദത്തം ചെയ്യപ്പെട്ട പരിശു​ദ്ധാ​ത്മാ​വി​നാൽ മുദ്ര​യി​ട​പ്പെട്ടു. അത്‌ ദൈവ​ത്തി​ന്റെ സ്വന്തമാ​യ​തി​നെ അവന്റെ മഹത്വ​ത്തി​നാ​യി വിടു​വി​ക്കേ​ണ്ട​തിന്‌ നമ്മുടെ അവകാ​ശ​ത്തി​ന്റെ ഒരു അച്ചാര​മാ​കു​ന്നു.” (ആ അവകാശം 1 പത്രോസ്‌ 1:4-ൽ കാണി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം സ്വർഗ്ഗ​ത്തിൽ സൂക്ഷി​ച്ചി​രി​ക്കു​ന്നു. അതിൽ പങ്കുപ​റ​റു​ന്നവർ 1,44,000 ആയിരി​ക്കു​മെന്ന്‌ വെളി​പ്പാട്‌ 14:1-4 സൂചി​പ്പി​ക്കു​ന്നു. ഇവർ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ മനുഷ്യ​വർഗ്ഗ​ത്തിൻമേൽ ഒരു ആയിരം വർഷ​ത്തേക്ക്‌ രാജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രു​മാ​യി സേവി​ക്കും. ആ കാലയ​ള​വിൽ ആദ്യ മാനുഷ ജോടി​യിൽ നിന്നുളള പൂർണ്ണ​രായ സന്തതി​ക​ളെ​ക്കൊണ്ട്‌ നിറഞ്ഞ ഒരു പറുദീ​സാ ആയിരി​ക്കുക എന്ന ഭൂമിയെ സംബന്ധി​ച്ചു​ളള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നിവൃ​ത്തി​യാ​കും.)

നമ്മുടെ നാളിൽ മററാ​രും​കൂ​ടെ യേശു​വി​ന്റെ ബലിയു​ടെ പ്രയോ​ജനം അനുഭ​വി​ക്കു​ന്നു?

1 യോഹ. 2:2: “അവൻ [യേശു​ക്രി​സ്‌തു] നമ്മുടെ [അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ​യും മററ്‌ ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും] പാപങ്ങൾക്കു​ളള പരിഹാര ബലിയാ​കു​ന്നു, എന്നാൽ നമ്മുടെ പാപങ്ങൾക്കു മാത്രമല്ല മുഴു​ലോ​ക​ത്തി​ന്റെ​തി​നും തന്നെ [ഭൂമി​യി​ലെ നിത്യ​ജീ​വന്റെ ഭാവി പ്രത്യാശ സാദ്ധ്യ​മാ​യി​ത്തീ​രുന്ന മനുഷ്യ​വർഗ്ഗ​ത്തി​ലെ ശേഷമു​ള​ളവർ].”

യോഹ. 10:16: “എനിക്ക്‌ ഈ തൊഴു​ത്തിൽപെ​ടാത്ത വേറെ ആടുക​ളുണ്ട്‌; ഞാൻ അവയെ​യും കൊണ്ടു​വ​രേ​ണ്ട​താ​കു​ന്നു, അവ എന്റെ ശബ്ദം ശ്രവി​ക്കു​ക​യും അവ ഏക ആട്ടിൻകൂ​ട്ട​വും ഏകഇട​യ​നും ആയിത്തീ​രു​ക​യും ചെയ്യും.” (ഈ “വേറെ ആടുകൾ” രാജ്യാ​വ​കാ​ശി​ക​ളായ “ചെറിയ ആട്ടിൻകൂ​ട്ട​ത്തി​ന്റെ” ഒരു ശേഷിപ്പ്‌ ഭൂമി​യിൽ ഉളള​പ്പോൾ തന്നെ യേശു​ക്രി​സ്‌തു​വി​ന്റെ സ്‌നേ​ഹ​പൂർവ്വ​ക​മായ സംരക്ഷ​ണ​യിൻകീ​ഴിൽ വരുന്നു; അപ്രകാ​രം “വേറെ ആടുകൾക്കു” “ഏക ആട്ടിൻകൂ​ട്ടത്തി”ന്റെ ഭാഗമെന്ന നിലയിൽ രാജ്യാ​വ​കാ​ശി​ക​ളോട്‌ സഹവസി​ക്കാൻ കഴിയും. യേശു​വി​ന്റെ ബലിയിൽ നിന്ന്‌ ഒരേ രീതി​യി​ലു​ളള പല പ്രയോ​ജ​ന​ങ്ങ​ളും അവർ ആസ്വദി​ക്കും, എന്നാൽ എല്ലാത്ത​ര​ത്തി​ലും ഒരു​പോ​ലെ ആയിരി​ക്കു​ക​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവർക്ക്‌ വ്യത്യ​സ്‌ത​ഭാ​വി പ്രതീ​ക്ഷ​ക​ളാണ്‌ ഉളളത്‌.)

വെളി. 7:9, 14: “ഇതിനു ശേഷം ഞാൻ കണ്ടത്‌, നോക്കൂ! സകല രാഷ്‌ട്ര​ങ്ങ​ളിൽ നിന്നും ഗോ​ത്ര​ങ്ങ​ളിൽ നിന്നും ജനങ്ങളിൽ നിന്നും ഭാഷക​ളിൽനി​ന്നും ഉളളതാ​യി യാതൊ​രു മനുഷ്യ​നും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപു​രു​ഷാ​രം . . . ‘ഇവർ മഹോ​പ​ദ്ര​വ​ത്തിൽ നിന്ന്‌ പുറത്തു വരുന്ന​വ​രാണ്‌, അവർ കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ച്ചി​രി​ക്കു​ന്നു.’” (അതു​കൊണ്ട്‌ ഈ മഹാപു​രു​ഷാ​ര​ത്തി​ലെ അംഗങ്ങൾ മഹോ​പ​ദ്രവം തുടങ്ങു​മ്പോൾ ജീവ​നോ​ടെ ഇരിക്കു​ന്ന​വ​രാണ്‌, അവർ മറുവി​ല​യിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​തി​നാൽ അവർക്ക്‌ ദൈവ​ത്തി​ന്റെ മുമ്പാകെ ഒരു ശുദ്ധമായ നിലപാ​ടുണ്ട്‌. ഇതിന്റെ ഫലമായി അവരുടെ പേരിൽ കണക്കി​ട​പ്പെ​ടുന്ന നീതി മഹോ​പ​ദ്ര​വ​ത്തി​ലൂ​ടെ അവർ ഭൂമി​യിൽ ജീവ​നോ​ടെ സംരക്ഷി​ക്ക​പ്പെ​ടാൻ മതിയാ​യ​താണ്‌.)

മറുവി​ല​യു​ടെ ഫലമായി എന്തു ഭാവി അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാൻ കഴിയും?

വെളി. 5:9, 10: “‘നീ [കുഞ്ഞാ​ടായ യേശു​ക്രി​സ്‌തു] അറുക്ക​പ്പെ​ടു​ക​യും നിന്റെ രക്തം കൊണ്ട്‌ സർവ്വ​ഗോ​ത്ര​ത്തി​ലും ഭാഷയി​ലും ജനത്തി​ലും രാഷ്‌ട്ര​ത്തി​ലും നിന്നു​ള​ള​വരെ വിലക്കു​വാ​ങ്ങു​ക​യും അവരെ നമ്മുടെ ദൈവ​ത്തിന്‌ ഒരു രാജ്യ​വും പുരോ​ഹി​തൻമാ​രും ആക്കി വെക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു, അവർ ഭൂമി​മേൽ രാജാ​ക്കൻമാ​രാ​യി ഭരി​ക്കേ​ണ്ട​താണ്‌, അതു​കൊണ്ട്‌ ചുരുൾ വാങ്ങാ​നും അതിന്റെ മുദ്ര​പൊ​ട്ടി​ക്കാ​നും നീ യോഗ്യൻ’ എന്നു പറഞ്ഞു​കൊണ്ട്‌ അവർ ഒരു പുതിയ പാട്ടു​പാ​ടു​ന്നു.” (ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഭരിക്കാ​നു​ള​ള​വർക്ക്‌ സ്വർഗ്ഗ​ത്തി​ലേ​ക്കു​ളള വഴിതു​റ​ക്കു​ന്ന​തി​നു​ളള ജീവൽപ്ര​ധാ​ന​മായ ഒരു ഘടകമാ​യി​രു​ന്നു മറുവില. പെട്ടെന്നു ഭൂമി​യു​ടെ പുതിയ ഗവൺമെൻറി​ലെ ഭരണാ​ധി​പൻമാ​രെ​ല്ലാ​വ​രും അവരുടെ സ്വർഗ്ഗീയ സിംഹാ​സ​ന​ങ്ങ​ളിൽ ഉപവി​ഷ്ട​രാ​കും.)

വെളി. 7:9, 10: “നോക്കൂ! സകല രാഷ്‌ട്ര​ങ്ങ​ളിൽ നിന്നും ഗോ​ത്ര​ങ്ങ​ളിൽ നിന്നും ജനങ്ങളിൽ നിന്നും ഭാഷക​ളിൽനി​ന്നും ഉളളതാ​യി യാതൊ​രു മനുഷ്യ​നും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപു​രു​ഷാ​രം വെളള​യ​ങ്കി​കൾ ധരിച്ച്‌ കൈയിൽ കുരു​ത്തോ​ല​യു​മാ​യി സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും [ബലിക്കു​ളള ഒരു ആട്ടിൻകു​ട്ടി​യെ​പ്പോ​ലെ മരിച്ച യേശു​ക്രി​സ്‌തു] മുമ്പാകെ നിൽക്കു​ന്നു. അവർ ഉറച്ച ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു​കൊ​ണ്ടി​രു​ന്നു: ‘രക്ഷക്ക്‌ ഞങ്ങൾ സിംഹാ​സ​ന​ത്തി​ലി​രി​ക്കുന്ന നമ്മുടെ ദൈവ​ത്തോ​ടും കുഞ്ഞാ​ടി​നോ​ടും കടപ്പെ​ട്ടി​രി​ക്കു​ന്നു.’” (ക്രിസ്‌തു​വി​ന്റെ ബലിയി​ലു​ളള വിശ്വാ​സം മഹോ​പ​ദ്ര​വ​ത്തി​ലൂ​ടെ​യു​ളള ഈ മഹാപു​രു​ഷാ​ര​ത്തി​ന്റെ അതിജീ​വ​ന​ത്തി​ലെ ഒരു പ്രമുഖ ഘടകമാണ്‌.)

വെളി. 22:1, 2: “അതിന്റെ വിശാ​ല​മായ വീഥി​യു​ടെ നടുവി​ലൂ​ടെ ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും സിംഹാ​സ​ന​ത്തി​ങ്കൽ നിന്ന്‌ പളുങ്കു​പോ​ലെ ശുഭ്ര​മായ ജീവജല നദി ഒഴുകു​ന്ന​തും അവൻ എന്നെ കാണിച്ചു തന്നു. നദിക്ക്‌ ഇക്കരെ​യും അക്കരെ​യും ഫലത്തിന്റെ പന്ത്രണ്ടു വിളവു​കൾ ഉൽപ്പാ​ദി​പ്പി​ക്കുന്ന, മാസം​തോ​റും ഫലങ്ങൾ നൽകുന്ന ജീവവൃ​ക്ഷ​ങ്ങ​ളും ഉണ്ടായി​രു​ന്നു. വൃക്ഷങ്ങ​ളി​ലെ ഇലകൾ ജനതക​ളു​ടെ രോഗ​ശാ​ന്തിക്ക്‌ ഉതകി.” (അപ്രകാ​രം ദൈവ​ത്തി​ന്റെ കുഞ്ഞാ​ടായ യേശു​ക്രി​സ്‌തു​വി​ന്റെ ബലിയു​ടെ മൂല്യം ബാധക​മാ​ക്കു​ന്നത്‌ മനുഷ്യ​വർഗ്ഗത്തെ പാപത്തി​ന്റെ സകല ഫലങ്ങളിൽ നിന്നും സൗഖ്യ​മാ​ക്കു​ന്ന​തി​നും അവർ നിത്യ​ജീ​വൻ ആസ്വദി​ക്കു​ന്നത്‌ സാദ്ധ്യ​മാ​ക്കു​ന്ന​തി​നും ദൈവം ചെയ്‌തി​രി​ക്കുന്ന കരുത​ലി​ന്റെ ഒരു മുഖ്യ ഭാഗമാണ്‌.)

റോമ. 8:21: “സൃഷ്ടി തന്നെ [മനുഷ്യ​വർഗ്ഗം] ദ്രവത്വ​ത്തി​ന്റെ അടിമ​ത്വ​ത്തിൽ നിന്ന്‌ വിടു​വി​ക്ക​പ്പെ​ടു​ക​യും ദൈവ​പു​ത്രൻമാ​രു​ടെ മഹത്തായ സ്വാത​ന്ത്ര്യം ആസ്വദി​ക്കു​ക​യും ചെയ്യും.”

യേശുവിന്റെ പൂർണ്ണ​ത​യു​ളള ബലിയിൽ നിന്ന്‌ നിലനിൽക്കുന്ന പ്രയോ​ജനം നേടു​ന്ന​തിന്‌ നമ്മുടെ ഭാഗത്ത്‌ നിന്ന്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌?

യോഹ. 3:36: “പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വന്‌ നിത്യ​ജീ​വ​നുണ്ട്‌, പുത്രനെ അനുസ​രി​ക്കാ​ത്തവൻ ജീവനെ കാണു​ക​യില്ല, എന്നാൽ ദൈവ​കോ​പം അവന്റെ​മേൽ സ്ഥിതി​ചെ​യ്യു​ന്നു.”

എബ്രാ. 5:9: “അവൻ [യേശു​ക്രി​സ്‌തു] പൂർണ്ണ​നാ​ക്ക​പ്പെട്ട ശേഷം തന്നെ അനുസ​രി​ക്കുന്ന എല്ലാവർക്കും നിത്യ​ര​ക്ഷ​യു​ടെ കാരണ​ഭൂ​ത​നാ​യി​ത്തീർന്നു.”

മറുവി​ല​യു​ടെ കരുതൽ മനുഷ്യ​വർഗ്ഗ​ത്തോ​ടു​ളള ദൈവ​ത്തി​ന്റെ വികാരം സംബന്ധിച്ച എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

1 യോഹ. 4:9, 10: “നാം അവനാൽ ജീവൻ പ്രാപി​ക്കേ​ണ്ട​തിന്‌ ദൈവം തന്റെ ഏകജാ​ത​നായ പുത്രനെ ഭൂമി​യി​ലേക്ക്‌ അയച്ചു എന്നുള​ള​തി​നാൽ ദൈവ​ത്തിന്‌ നമ്മോ​ടു​ളള സ്‌നേഹം പ്രത്യ​ക്ഷ​മാ​ക്ക​പ്പെട്ടു. സ്‌നേഹം ഈ കാര്യ​ത്തി​ലാണ്‌, നാം ദൈവത്തെ സ്‌നേ​ഹി​ച്ചി​രി​ക്കു​ന്നു​വെന്നല്ല മറിച്ച്‌ അവൻ നമ്മെ സ്‌നേ​ഹി​ക്കു​ക​യും നമ്മുടെ പാപങ്ങൾക്ക്‌ പ്രായ​ശ്ചി​ത്ത​യാ​ഗ​മാ​കു​വാൻ തന്റെ പുത്രനെ അയക്കു​ക​യും ചെയ്‌തു.”

റോമ. 5:7, 8: “നീതി​മാ​നു​വേണ്ടി ആരെങ്കി​ലും മരിക്കു​ന്നത്‌ വിരളം; ഒരു നല്ല മനുഷ്യ​നു​വേണ്ടി ഒരുപക്ഷേ ആരെങ്കി​ലും മരിക്കാൻ തുനി​യു​മാ​യി​രി​ക്കും. എന്നാൽ നാം പാപി​ക​ളാ​യി​രി​ക്കെ, ക്രിസ്‌തു നമുക്കു​വേണ്ടി മരിച്ച​തി​നാൽ നമ്മോ​ടു​ളള ദൈവ​ത്തി​ന്റെ സ്വന്തം സ്‌നേഹം അവൻ നമുക്ക്‌ ശുപാർശ​ചെ​യ്യു​ന്നു.”

ഈ കരുത​ലിന്‌ നാം നമ്മുടെ ജീവിതം എങ്ങനെ ഉപയോ​ഗി​ക്കു​ന്നു എന്നുള​ള​തിൻമേൽ എന്തു ഫലമു​ണ്ടാ​യി​രി​ക്കണം?

1 പത്രോ. 2:24: “നാം പാപം ഉപേക്ഷിച്ച്‌ നീതി​ക്കാ​യി ജീവി​ക്കേ​ണ്ട​തിന്‌ അവൻ തന്നെ സ്വന്തം ശരീര​ത്തിൽ സ്‌തം​ഭ​ത്തിൻമേൽ നമ്മുടെ പാപം വഹിച്ചു.” (യഹോ​വ​യും അവന്റെ പുത്ര​നും നമ്മെ പാപത്തിൽ നിന്ന്‌ ശുദ്ധീ​ക​രി​ക്കു​ന്ന​തി​നു​വേണ്ടി ചെയ്‌തി​ട്ടു​ള​ള​തി​ന്റെ​യെ​ല്ലാം വീക്ഷണ​ത്തിൽ പാപത്തി​ലേ​ക്കു​ളള ചായ്‌വു​കളെ കീഴട​ക്കാൻ നാം കഠിന ശ്രമം ചെയ്യണം. പാപമാ​ണെന്ന്‌ നമുക്ക​റി​യാ​വുന്ന എന്തെങ്കി​ലും മന:പൂർവ്വം ചെയ്യു​ന്ന​തി​നെ​പ്പ​ററി നാം ഒരിക്ക​ലും ചിന്തി​ക്കു​ക​പോ​ലു​മ​രുത്‌!)

തീത്തോ. 2:13, 14: “നമ്മെ എല്ലാത്ത​ര​ത്തി​ലു​മു​ളള അധർമ്മ​ത്തിൽ നിന്നും മോചി​പ്പിച്ച്‌ സൽപ്ര​വൃ​ത്തി​കൾക്ക്‌ ശുഷ്‌ക്കാ​ന്തി​യു​ളേ​ളാ​രു ജനമായി നമ്മെ വിശേ​ഷാൽ തനിക്കാ​യി​ത്തന്നെ ശുദ്ധീ​ക​രി​ച്ചെ​ടു​ക്കേ​ണ്ട​തിന്‌ യേശു​ക്രി​സ്‌തു . . . നമുക്കു​വേണ്ടി തന്നെത്താൻ ഏൽപി​ച്ചു​കൊ​ടു​ത്തു.” (ഈ അത്ഭുത​ക​ര​മായ കരുത​ലി​നോ​ടു​ളള വിലമ​തിപ്പ്‌ ക്രിസ്‌തു തന്റെ യഥാർത്ഥ അനുയാ​യി​കൾക്ക്‌ നിയോ​ഗി​ച്ചു കൊടുത്ത വേലയിൽ ഉൽസാ​ഹ​പൂർവ്വം പങ്കുപ​റ​റാൻ നമ്മെ പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌.)

2 കൊരി. 5:14, 15: “ക്രിസ്‌തു​വി​ന്റെ സ്‌നേഹം ഞങ്ങളെ നിർബ്ബ​ന്ധി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചി​രി​ക്കെ എല്ലാവ​രും മരിച്ചു​വെ​ന്നും ജീവി​ക്കു​ന്നവർ ഇനി തങ്ങൾക്കാ​യി​ട്ടല്ല തങ്ങൾക്ക്‌ വേണ്ടി മരിച്ച്‌ ഉയർത്ത​വ​നാ​യി​ട്ടു​തന്നെ ജീവി​ക്കേ​ണ്ട​തിന്‌ അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണ​യി​ച്ചി​രി​ക്കു​ന്നു.”