വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യം

രാജ്യം

നിർവ്വ​ചനം: ദൈവ​ത്തി​ന്റെ രാജ്യം തന്റെ സൃഷ്ടി​ക​ളോ​ടു​ളള യഹോ​വ​യാം ദൈവ​ത്തി​ന്റെ അഖിലാണ്ഡ പരമാ​ധി​കാ​ര​ത്തി​ന്റെ പ്രകട​ന​മാണ്‌, അല്ലെങ്കിൽ ആ പരമാ​ധി​കാ​രം പ്രകട​മാ​ക്കാൻ അവൻ ഉപയോ​ഗി​ക്കുന്ന മാർഗ്ഗ​മാണ്‌. തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു ശിരസ്ഥാ​നം വഹിക്കുന്ന രാജകീയ ഭരണം മുഖാ​ന്ത​ര​മു​ളള ദൈവ​ത്തി​ന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ പ്രത്യ​ക്ഷ​തയെ സൂചി​പ്പി​ക്കാ​നാണ്‌ ഈ പദപ്ര​യോ​ഗം വിശേ​ഷി​ച്ചും ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നത്‌. “രാജ്യം” രാജാ​വാ​യി അഭി​ഷേകം ചെയ്യ​പ്പെ​ട്ട​വന്റെ ഭരണ​ത്തെ​യോ അല്ലെങ്കിൽ ആ സ്വർഗ്ഗീയ ഗവൺമെൻറി​നാൽ ഭരിക്ക​പ്പെ​ടുന്ന ഭൗമിക മണ്ഡല​ത്തെ​യോ പരാമർശി​ച്ചേ​ക്കാം.

ദൈവ​ത്തി​ന്റെ രാജ്യം ഒരു യഥാർത്ഥ ഗവൺമെൻറാ​ണോ?

അതോ അത്‌ മനുഷ്യ​രു​ടെ ഹൃദയ​ങ്ങ​ളി​ലെ ഒരു അവസ്ഥയാ​ണോ?

ലൂക്കോ. 17:21, KJ: “ഇതാ ഇവിടെ! എന്നോ അല്ലെങ്കിൽ അതാ അവിടെ! എന്നോ അവർ പറയു​ക​യില്ല. എന്തു​കൊ​ണ്ടെ​ന്നാൽ നോക്കൂ, ദൈവ​രാ​ജ്യം നിങ്ങളിൽ തന്നെയുണ്ട്‌. [കൂടാതെ TEV, Dy; എന്നാൽ “നിങ്ങളു​ടെ ഇടയിൽ,” KJ മാർജിൻ, NE, JB; “നിങ്ങളുടെ നടുവിൽ,” RS; “നിങ്ങളുടെ മദ്ധ്യേ,” NW]”. (20-ാം വാക്യം പ്രകട​മാ​ക്കു​ന്ന​പ്ര​കാ​രം കപടഭ​ക്തി​ക്കാ​രെന്ന്‌ പറഞ്ഞ്‌ താൻ കുററം വിധിച്ച പരീശൻമാ​രോ​ടാണ്‌ യേശു ഇത്‌ പറഞ്ഞത്‌ എന്ന്‌ കുറി​ക്കൊ​ള​ളുക, അതു​കൊണ്ട്‌ രാജ്യം അവരുടെ ഹൃദയ​ങ്ങ​ളി​ലാണ്‌ എന്ന്‌ യേശു അർത്ഥമാ​ക്കി​യി​രി​ക്കാ​നി​ട​യില്ല. എന്നാൽ ക്രിസ്‌തു​വി​നാൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട രാജ്യം അവരുടെ മദ്ധ്യേ ഉണ്ടായി​രു​ന്നു. ദി എംഫാ​റ​റിക്‌ ഡയഗ്ലററ്‌ ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “ദൈവ​ത്തി​ന്റെ രാജകീയ മഹത്വം നിങ്ങളു​ടെ ഇടയി​ലുണ്ട്‌.”)

ദൈവത്തിന്റെ രാജ്യം ഒരു ഗവൺമെൻറാ​യി​രി​ക്കു​ന്ന​താ​യി ബൈബിൾ വാസ്‌ത​വ​ത്തിൽ പറയു​ന്നു​ണ്ടോ?

യെശ. 9:6, 7, RS: “നമുക്ക്‌ ഒരു ശിശു ജനിച്ചി​രി​ക്കു​ന്നു; നമുക്ക്‌ ഒരു പുത്രൻ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു; ഭരണം [KJ, AT, Dy എന്നിവ​യും; “ആധിപ​ത്യം,” JB, NE; “രാജകീയ ഭരണം,” NW] അവന്റെ തോളിൻമേൽ ഇരിക്കും, ‘അത്ഭുത ഉപദേ​ഷ്ടാവ്‌, ശക്തനാം ദൈവം, നിത്യ​പി​താവ്‌, സമാധാന പ്രഭു എന്നിങ്ങനെ അവന്‌ പേർ വിളി​ക്ക​പ്പെ​ടും.’ അവന്റെ ഭരണകൂ​ട​ത്തി​ന്റെ​യും സമാധാ​ന​ത്തി​ന്റെ​യും വർദ്ധന​വിന്‌ അവസാനം ഉണ്ടാക​യില്ല.”

രാജ്യത്തിലെ ഭരണാ​ധി​കാ​രി​കൾ ആരാണ്‌?

വെളി. 15:3: “സർവ്വശ​ക്ത​നായ യഹോ​വ​യാം ദൈവമേ നിന്റെ പ്രവൃ​ത്തി​കൾ വലുതും അത്ഭുത​ക​ര​വു​മാ​കു​ന്നു. നിത്യ​ത​യു​ടെ രാജാവേ നിന്റെ വഴികൾ നീതി​യും സത്യവു​മു​ള​ള​വ​യാ​കു​ന്നു.”

ദാനി. 7:13, 14: “ആകാശ മേഘങ്ങ​ളോ​ടെ മനുഷ്യ​പു​ത്ര​നോട്‌ [യേശു ക്രിസ്‌തു; മർക്കോസ്‌ 14:61, 62 കാണുക.] സദൃശ​നായ ഒരുവൻ വരുന്നു; നാളു​ക​ളിൽ പുരാ​ത​ന​നാ​യ​വനെ [യഹോ​വ​യാം ദൈവം] അവൻ സമീപി​ച്ചു. അവർ അവനെ ആ ഒരുവന്റെ മുമ്പാകെ തന്നെ അടുത്തു വരുമാ​റാ​ക്കി. ജനതക​ളും ദേശീയ സംഘങ്ങ​ളും ഭാഷക​ളു​മെ​ല്ലാം അവനെ​ത്തന്നെ സേവി​ക്കേ​ണ്ട​തിന്‌ അവന്‌ ആധിപ​ത്യ​വും മഹത്വ​വും രാജ്യ​വും നൽക​പ്പെട്ടു.”

വെളി. 5:9, 10: “നീ [യേശു ക്രിസ്‌തു] അറക്ക​പ്പെട്ടു, നിന്റെ രക്തം കൊണ്ട്‌ സർവ്വ​ഗോ​ത്ര​ത്തി​ലും ഭാഷയി​ലും ജനത്തി​ലും ജനതയി​ലും നിന്നു​ള​ള​വരെ വിലക്കു വാങ്ങി, നീ അവരെ നമ്മുടെ ദൈവ​ത്തിന്‌ ഒരു രാജ്യ​വും പുരോ​ഹി​തൻമാ​രു​മാ​ക്കി, അവർ രാജാ​ക്കൻമാ​രാ​യി ഭൂമി​മേൽ ഭരി​ക്കേ​ണ്ട​താണ്‌.” (സ്വർഗ്ഗീയ സീയോൻ മലയിൽ കുഞ്ഞാ​ടി​നോ​ടു​കൂ​ടെ വാഴാ​നാ​യി, “ഭൂമി​യിൽ നിന്ന്‌ വിലക്കു​വാ​ങ്ങ​പ്പെട്ട”വർ എണ്ണത്തിൽ 1,44,000 ആണെന്ന്‌ വെളി​പ്പാട്‌ 14:1-3-ൽ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു.)

ഈ രാജ്യ​ത്തിന്‌ മാനുഷ ഗവൺമെൻറു​ക​ളു​ടെ​മേൽ എന്തു ഫലമു​ണ്ടാ​യി​രി​ക്കും?

ദാനി. 2:44: “ആ രാജാ​ക്കൻമാ​രു​ടെ കാലത്ത്‌ സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ടു​ക​യി​ല്ലാത്ത ഒരു രാജ്യം സ്ഥാപി​ക്കും. ആ രാജ്യം വേറൊ​രു ജനതക്കും ഏൽപി​ക്ക​പ്പെ​ടു​ക​യില്ല. അത്‌ ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ നശിപ്പി​ക്കു​ക​യും അത്‌ തന്നെ അനിശ്ചി​ത​കാ​ല​ത്തോ​ളം നിലനിൽക്കു​ക​യും ചെയ്യും.”

സങ്കീ. 2:8, 9: “ഞാൻ ജനതകളെ നിന്റെ അവകാ​ശ​മാ​യും ഭൂമി​യു​ടെ അററങ്ങളെ നിന്റെ സ്വന്തം കൈവ​ശ​ത്തി​ലും തരേണ്ട​തിന്‌ എന്നോട്‌ ചോദി​ച്ചു കൊൾക. ഇരുമ്പ്‌ ചെങ്കോൽ കൊണ്ട്‌ നീ അവരെ തകർക്കും, കുശവന്റെ പാത്രം പോലെ നീ അവരെ ഉടച്ചു കളയും.”

ദൈവത്തിന്റെ രാജ്യം എന്ത്‌ കൈവ​രു​ത്തും?

യഹോവയുടെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കു​ക​യും അവന്റെ പരമാ​ധി​കാ​രത്തെ ഉയർത്തി​പ്പി​ടി​ക്കു​ക​യും ചെയ്യും

മത്താ. 6:9, 10: “അപ്പോൾ നിങ്ങൾ ഇപ്രകാ​രം പ്രാർത്ഥി​ക്കണം: ‘സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട​ണമേ. നിന്റെ രാജ്യം വരേണമേ.’” (ഇവിടെ ദൈവ​നാ​മ​ത്തി​ന്റെ വിശു​ദ്ധീ​ക​ര​ണത്തെ അവന്റെ രാജ്യ​ത്തി​ന്റെ വരവി​നോട്‌ അടുത്തു ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.)

യെഹെ. 38:23: “ഞാൻ നിശ്ചയ​മാ​യും എന്നെത്തന്നെ മഹത്വീ​ക​രി​ക്കു​ക​യും വിശു​ദ്ധീ​ക​രി​ക്കു​ക​യും അനേകം ജനതക​ളും കാൺകെ എന്നെത്തന്നെ വെളി​പ്പെ​ടു​ത്തു​ക​യും ചെയ്യു​മ്പോൾ ഞാൻ യഹോവ എന്ന്‌ അവർ അറി​യേണ്ടി വരും.” (ദൈവ​നാ​മം എല്ലാ നിന്ദയിൽ നിന്നും ശുദ്ധി​യാ​ക്ക​പ്പെ​ടും; അത്‌ വിശു​ദ്ധ​മാ​യി​ട്ടും എല്ലാ ആദരവും അർഹി​ക്കു​ന്ന​താ​യും കണക്കാ​ക്ക​പ്പെ​ടും. ജീവ​നോ​ടി​രി​ക്കുന്ന എല്ലാവ​രും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തിൽ പ്രമോ​ദി​ക്കു​ന്ന​വ​രാ​യി അവന്റെ പരമാ​ധി​കാ​രം മനസ്സോ​ടെ ഉയർത്തി​പ്പി​ടി​ക്കു​ന്ന​വ​രാ​യി​രി​ക്കും. മുഴു​അ​ഖി​ലാ​ണ്ഡ​ത്തി​ന്റെ​യും സമാധാ​ന​വും ക്ഷേമവും യഹോ​വ​യു​ടെ നാമം അത്തരത്തിൽ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കു​ന്നു.)

ഇന്നോളം അനുവ​ദി​ക്ക​പ്പെ​ട്ടി​രുന്ന ലോക​ത്തിൻമേ​ലു​ളള സാത്താന്റെ ആധിപ​ത്യ​ത്തിന്‌ അവസാനം വരുത്തും

വെളി. 20:2, 3: “അവൻ [സ്വർഗ്ഗീയ രാജാ​വായ യേശു​ക്രി​സ്‌തു] പിശാ​ചും സാത്താ​നു​മെന്ന ആദ്യ പാമ്പായ മഹാസർപ്പത്തെ പിടിച്ച്‌ ഒരു ആയിരം വർഷ​ത്തേക്ക്‌ ബന്ധിച്ചു. ആയിരം ആണ്ടു കഴിയു​വോ​ളം ജനതകളെ വഴി​തെ​റ​റി​ക്കാ​തി​രി​ക്കാൻ അവൻ അവനെ അഗാധ​കൂ​പ​ത്തി​ലിട്ട്‌ അടച്ചു മുദ്ര​വച്ചു. ഈ കാര്യ​ങ്ങൾക്കു ശേഷം അവൻ അൽപകാ​ല​ത്തേക്ക്‌ അഴിച്ചു വിട​പ്പെ​ടേ​ണ്ട​താണ്‌.” (അപ്രകാ​രം ശരിയാ​യതു ചെയ്യാൻ ആഗ്രഹി​ക്കുന്ന ആളുകൾക്ക്‌ ജീവിതം വളരെ ദുഷ്‌ക​ര​മാ​ക്കുന്ന സാത്താന്യ സ്വാധീ​ന​ത്തിൽ നിന്ന്‌ മനുഷ്യ​വർഗ്ഗം സ്വത​ന്ത്ര​മാ​യി​രി​ക്കും. അനേക​രു​ടെ ജീവി​തത്തെ ഭയത്താൽ നിറച്ച ഭൂതസ്വാ​ധീ​ന​വും അങ്ങേയ​റ​റത്തെ മനുഷ്യ​ത്വ​ര​ഹി​ത​മായ പ്രവർത്ത​ന​ങ്ങൾക്കി​ട​യാ​ക്കിയ പൈശാ​ചിക സ്വാധീ​ന​വും പൊയ്‌പ്പോ​യി​രി​ക്കും.)

ഏകസത്യദൈവത്തിന്റെ ആരാധ​ന​യിൽ സകല സൃഷ്ടി​ക​ളെ​യും ഏകീക​രി​ക്കും

വെളി. 5:13; 15:3, 4: “സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലും ഭൂമി​ക്ക​ടി​യി​ലും സമു​ദ്ര​ത്തി​ലും ഉളള സകല സൃഷ്ടി​ക​ളും അതിലു​ളള സകലതും: ‘സിംഹാ​സ​ന​ത്തി​ലി​രി​ക്കു​ന്ന​വ​നും [യഹോ​വ​യാം ദൈവം] കുഞ്ഞാ​ടി​നും [യേശു​ക്രി​സ്‌തു] സ്‌തോ​ത്ര​വും ബഹുമാ​ന​വും മഹത്വ​വും ബലവും എന്നന്നേ​ക്കും ഉണ്ടായി​രി​ക്കട്ടെ,’ എന്ന്‌ പറയു​ന്നത്‌ ഞാൻ കേട്ടു.” “സർവ്വശ​ക്തി​യു​ളള ദൈവ​മായ യഹോവേ, നിന്റെ പ്രവൃ​ത്തി​കൾ വലുതും അത്ഭുത​ക​ര​വു​മാ​യവ; നിത്യ​ത​യു​ടെ രാജാവേ, നിന്റെ വഴികൾ നീതി​യും സത്യവു​മു​ളളവ. യഹോവേ ആർ നിന്നെ വാസ്‌ത​വ​ത്തിൽ ഭയപ്പെ​ടാ​തെ​യും നിന്റെ നാമത്തെ മഹത്വ​പ്പെ​ടു​ത്താ​തെ​യും ഇരിക്കും, എന്തു​കൊ​ണ്ടെ​ന്നാൽ നീ മാത്ര​മ​ല്ലോ വിശ്വ​സ്‌തൻ? നിന്റെ നീതി​യു​ളള വിധി​ത്തീർപ്പു​കൾ പ്രത്യ​ക്ഷ​മാ​യി​രി​ക്ക​യാൽ സകല ജനതക​ളും നിന്റെ മുമ്പാകെ വന്ന്‌ ആരാധി​ക്കും.”

ദൈവവുമായുളള നല്ല ബന്ധത്തി​ലേക്ക്‌ മനുഷ്യ​വർഗ്ഗത്തെ തിരികെ കൊണ്ടു​വ​രും

റോമ. 8:19-21: “സൃഷ്ടി​യു​ടെ [മനുഷ്യ​വർഗ്ഗം] ആകാം​ക്ഷാ​പൂർവ്വ​ക​മായ പ്രതീക്ഷ ദൈവ​പു​ത്രൻമാ​രു​ടെ വെളി​പ്പാ​ടി​നാ​യി [യേശു​ക്രി​സ്‌തു​വി​നോ​ടു​കൂ​ടെ സ്വർഗ്ഗീയ ജീവനി​ലേക്ക്‌ ഉയർപ്പി​ക്ക​പ്പെ​ട്ടവർ ഭരണാ​ധി​പൻമാർ എന്ന നിലയിൽ പ്രവർത്തനം ആരംഭി​ച്ചി​രി​ക്കു​ന്നു എന്നതിന്റെ തെളിവ്‌] കാത്തി​രി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ സൃഷ്ടി നിഷ്‌പ്ര​യോ​ജ​ന​ത്വ​ത്തിന്‌ കീഴ്‌പ്പെ​ട്ടി​രി​ക്കു​ന്നത്‌ അതിന്റെ സ്വന്തം മനസ്സോ​ടെയല്ല പിന്നെ​യോ അതിനെ കീഴ്‌പ്പെ​ടു​ത്തി​യവൻ മുഖാ​ന്ത​ര​മ​ത്രേ; സൃഷ്ടി തന്നെ [പൊതു മനുഷ്യ​വർഗ്ഗം] ദ്രവത്വ​ത്തി​ന്റെ അടിമ​ത്ത​ത്തിൽ നിന്നുളള വിടു​ത​ലും ദൈവ​പു​ത്രൻമാ​രു​ടെ മഹത്തായ സ്വാത​ന്ത്ര്യ​വും പ്രാപി​ക്കു​മെ​ന്നു​ളള പ്രത്യാ​ശ​യു​ടെ അടിസ്ഥാ​ന​ത്തിൽ തന്നെ.”

മനുഷ്യവർഗ്ഗത്തെ എല്ലാ യുദ്ധഭീ​ഷ​ണി​യിൽനി​ന്നും സ്വത​ന്ത്ര​മാ​ക്കും

സങ്കീ. 46:8, 9: “ജനങ്ങളെ വരുക, യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ കാണുക, അവൻ ഭൂമി​യിൽ എത്ര അത്ഭുത​കാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. അവൻ ഭൂമി​യു​ടെ അറുതി​യോ​ളം യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു.”

യെശ. 2:4: “അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ കോതു​ക​ത്രി​ക​ക​ളാ​യും അടിച്ചു തീർക്കേ​ണ്ടി​വ​രും. ജനത ജനതക്കു നേരെ വാളോ​ങ്ങു​ക​യില്ല, അവർ മേലാൽ യുദ്ധം അഭ്യസി​ക്കു​ക​യു​മില്ല.”

ഭൂമിയിൽനിന്നു അഴിമ​തി​ക്കാ​രായ ഭരണാ​ധി​പൻമാ​രെ​യും മർദ്ദന​വും നീക്കം ചെയ്യും

സങ്കീ. 110:5: “നിന്റെ വലതു​ഭാ​ഗ​ത്തു​ളള യഹോവ തന്നെ അവന്റെ കോപ​ദി​വ​സ​ത്തിൽ നിശ്ചയ​മാ​യും രാജാ​ക്കൻമാ​രെ തകർത്തു​ക​ള​യും.”

സങ്കീ. 72:12-14: “അവൻ [യഹോ​വ​യു​ടെ മശി​ഹൈക രാജാവ്‌] സഹായ​ത്തി​നാ​യി നിലവി​ളി​ക്കുന്ന ദരി​ദ്ര​നെ​യും കഷ്ടപ്പെ​ടു​ന്ന​വ​നെ​യും സഹായ​ത്തി​നാ​ളി​ല്ലാത്ത ഏവനെ​യും വിടു​വി​ക്കും. എളിയ​വ​നോ​ടും ദരി​ദ്ര​നോ​ടും അവന്‌ ദയ തോന്നും, ദരി​ദ്ര​രു​ടെ ദേഹി​കളെ അവൻ രക്ഷിക്കും. പീഡന​ത്തിൽ നിന്നും അക്രമ​ത്തിൽനി​ന്നും അവരുടെ ദേഹിയെ അവൻ വീണ്ടെ​ടു​ക്കും, അവരുടെ രക്തം അവന്റെ ദൃഷ്ടി​യിൽ വില​യേ​റി​യ​താ​യി​രി​ക്കും.”

സകല മനുഷ്യ​വർഗ്ഗ​ത്തി​നും സമൃദ്ധ​മാ​യി ആഹാരം പ്രദാനം ചെയ്യും

സങ്കീ. 72:16: “ഭൂമി​യിൽ ധാന്യം ധാരാ​ള​മാ​യി ഉണ്ടായി​രി​ക്കും; പർവ്വത​ങ്ങ​ളു​ടെ മുകളിൽ ഒരു കവി​ഞ്ഞൊ​ഴുക്ക്‌ ഉണ്ടായി​രി​ക്കും.”

യെശ. 25:6: “സൈന്യ​ങ്ങ​ളു​ടെ യഹോവ നിശ്ചയ​മാ​യും ഈ പർവ്വത​ത്തിൽ [ദൈവ​രാ​ജ്യ​ത്തി​ന്റെ ആസ്ഥാന​മായ സ്വർഗ്ഗീയ സീയോ​നിൽ അതിന്റെ ഭൗമിക പ്രജകൾക്കു​വേ​ണ്ടി​യു​ളള കരുത​ലു​കൾ ചെയ്യ​പ്പെ​ടും] എല്ലാ ജനതകൾക്കും വേണ്ടി നന്നായി എണ്ണചേർത്ത വിഭവങ്ങൾ കൊണ്ടും മട്ടൂറിയ വീഞ്ഞു​കൊ​ണ്ടും, നന്നായി എണ്ണചേർത്ത മജ്ജനിറഞ്ഞ ഭോജ​ന​ങ്ങൾകൊ​ണ്ടും മട്ടുനീ​ക്കി തെളി​ച്ചെ​ടുത്ത വീഞ്ഞു​കൊ​ണ്ടും ഒരു വിരുന്നു നടത്തും.”

എല്ലാ വിധ രോഗ​ങ്ങ​ളും വൈക​ല്യ​ങ്ങ​ളും നീക്കം ചെയ്യും

ലൂക്കോ. 7:22; 9:11: “നിങ്ങൾ പോയി നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌തതു യോഹ​ന്നാ​നോട്‌ പറയുക: അന്ധൻമാർക്ക്‌ കാഴ്‌ച ലഭിക്കു​ന്നു, മുടന്തർ നടക്കുന്നു, കുഷ്‌ഠ​രോ​ഗി​കൾ ശുദ്ധരാ​ക്ക​പ്പെ​ടു​ന്നു, ബധിരർ കേൾക്കു​ന്നു, മരിച്ചവർ ഉയർപ്പി​ക്ക​പ്പെ​ടു​ന്നു, ദരി​ദ്ര​രോട്‌ സുവാർത്ത പ്രസം​ഗി​ക്ക​പ്പെ​ടു​ന്നു.” “അവൻ [യേശു​ക്രി​സ്‌തു] അവരെ ദയാപൂർവ്വം സ്വീക​രിച്ച്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അവരോട്‌ സംസാ​രി​ക്കാൻ തുടങ്ങി, രോഗി​ക​ളാ​യ​വരെ അവൻ സൗഖ്യ​മാ​ക്കി.” (അങ്ങനെ സ്വർഗ്ഗീയ രാജാ​വെന്ന നിലയിൽ താൻ മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി എന്തു ചെയ്യു​മെന്ന്‌ യേശു പ്രകട​മാ​ക്കി.)

എല്ലാവർക്കും അനു​യോ​ജ്യ​മായ ഭവനങ്ങൾ പ്രദാനം ചെയ്യും

യെശ. 65:21, 22: “അവർ തീർച്ച​യാ​യും വീടു​കളെ പണിത്‌ പാർക്കും; അവർ നിശ്ചയ​മാ​യും മുന്തി​രി​ത്തോ​ട്ട​ങ്ങളെ നട്ടുണ്ടാ​ക്കി അവയുടെ ഫലം തിന്നും. അവർ പണിയു​ക​യും മറെറാ​രു​ത്തൻ പാർക്കു​ക​യും ചെയ്യു​ക​യില്ല; അവർ നടുക മറെറാ​രു​ത്തൻ തിന്നുക എന്നും വരിക​യില്ല.”

എല്ലാവർക്കും സംതൃ​പ്‌തി​ക​ര​മായ തൊഴിൽ ഉറപ്പു​നൽകു​ന്നു

യെശ. 65:23: “അവർ വൃഥാ അദ്ധ്വാ​നി​ക്കു​ക​യില്ല, ശല്യത്തി​നാ​യി പ്രസവി​ക്കു​ക​യു​മില്ല; എന്തു​കൊ​ണ്ടെ​ന്നാൽ അവർ യഹോ​വ​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവർ ചേർന്നു​ണ്ടാ​കുന്ന സന്താന​മ​ല്ലോ, അവരുടെ സന്തതികൾ അവരോ​ടു​കൂ​ടെ ഇരിക്കും.”

സുരക്ഷിതത്വം, ഒരുവന്റെ ജീവനും സ്വത്തി​നു​മു​ളള അപകട​ത്തിൽ നിന്നുളള സ്വാത​ന്ത്ര്യം ഉറപ്പാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു

മീഖാ. 4:4: “അവർ ഓരോ​രു​ത്ത​രും താന്താന്റെ മുന്തി​രി​വ​ള​ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്റെ കീഴി​ലും ഇരിക്കും; അവരെ ഭയപ്പെ​ടു​ത്തുന്ന ആരും ഉണ്ടായി​രി​ക്കു​ക​യില്ല; സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ വായ്‌ തന്നെ അത്‌ അരുളി​ചെ​യ്‌തി​രി​ക്കു​ന്നു​വ​ല്ലോ.”

സങ്കീ. 37:10, 11: “അൽപ്പസ​മയം കൂടി കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടായി​രി​ക്കു​ക​യില്ല; നീ നിശ്ചയ​മാ​യും അവന്റെ ഇടം സൂക്ഷിച്ചു നോക്കും, അവനെ കാണു​ക​യില്ല. എന്നാൽ സൗമ്യ​ത​യു​ള​ളവർ തന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും, അവർ വാസ്‌ത​വ​മാ​യും സമാധാന സമൃദ്ധി​യിൽ പരമാ​നന്ദം കണ്ടെത്തും.”

നീതിയും ന്യായ​വും പ്രബല​പ്പെ​ടാൻ ഇടയാ​ക്കും

2 പത്രോ. 3:13: “അവന്റെ വാഗ്‌ദ​ത്ത​പ്ര​കാ​രം നാം കാത്തി​രി​ക്കുന്ന പുതിയ ആകാശ​ങ്ങ​ളും ഒരു പുതിയ ഭൂമി​യു​മുണ്ട്‌, അവയിൽ നീതി വസിക്കും.”

യെശ. 11:3-5: “അവൻ [മശി​ഹൈക രാജാവ്‌] കണ്ണിന്‌ കാണു​ന്ന​തു​കൊണ്ട്‌ മാത്രം വിധി​ക്കു​ക​യില്ല, തന്റെ ചെവി​കൊണ്ട്‌ കേട്ടത​നു​സ​രിച്ച്‌ മാത്രം ശാസി​ക്ക​യു​മില്ല. അവൻ എളിയ​വരെ നീതി​യോ​ടെ ന്യായം വിധി​ക്കേ​ണ്ട​താണ്‌, അവൻ ഭൂമി​യി​ലെ സൗമ്യൻമാർക്കു​വേണ്ടി നേരോ​ടെ ശാസന നൽകേ​ണ്ട​താണ്‌. . . . നീതി അവന്റെ നടു​ക്കെ​ട്ടും വിശ്വ​സ്‌തത അവന്റെ അരക്കച്ച​യും ആണെന്നു തെളി​യേ​ണ്ട​താണ്‌.”

പ്രകൃതി ശക്തിക​ളാ​ലു​ളള ഏത്‌ ഉപദ്ര​വ​ത്തിൽ നിന്നും മനുഷ്യ​വർഗ്ഗത്തെ സംരക്ഷി​ക്കും

മർക്കോ. 4:37-41: “അപ്പോൾ വളരെ ശക്തമായ ഒരു കൊടു​ങ്കാ​ററ്‌ ഉണ്ടായി, പടകി​ലേക്ക്‌ തിരകൾ അടിച്ചു കയറു​ക​യാൽ അത്‌ മുങ്ങാ​റാ​യി. . . . അതിങ്കൽ അവൻ [യേശു] എഴു​ന്നേ​ററ്‌ കാററി​നെ ശാസിച്ചു കടലി​നോട്‌: ‘അനങ്ങാ​തി​രി​ക്കുക! അടങ്ങുക!’ എന്നു പറഞ്ഞു; കാററ്‌ അമർന്നു, വലിയ ശാന്തത ഉണ്ടായി. . . . എന്നാൽ അവർ വളരെ ഭയപ്പെട്ടു, അവർ അന്യോ​ന്യം പറഞ്ഞു: ‘ഇവൻ വാസ്‌ത​വ​ത്തിൽ ആരാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ കാററും കടലും അവനെ അനുസ​രി​ക്കു​ന്നു​വ​ല്ലോ?’” (അപ്രകാ​രം സ്വർഗ്ഗീയ രാജാ​വെന്ന നിലയിൽ പ്രകൃതി ശക്തിക​ളിൻമേൽ താൻ പ്രയോ​ഗി​ക്കുന്ന ശക്തി ക്രിസ്‌തു പ്രകട​മാ​ക്കി.)

മരിച്ചവരെ ഉയർപ്പി​ക്കും

യോഹ. 5:28, 29: “ഇതിങ്കൽ ആശ്ചര്യ​പ്പെ​ട​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ സ്‌മാരക കല്ലറക​ളി​ലു​ള​ള​വ​രെ​ല്ലാം അവന്റെ ശബ്ദം [രാജാ​വായ ക്രിസ്‌തു​വി​ന്റെ ശബ്ദം] കേട്ട്‌ പുറത്തു​വ​രുന്ന നാഴിക വരുന്നു.”

വെളി. 20:12: “മരിച്ചവർ, വലിയ​വ​രും ചെറി​യ​വ​രും സിംഹാ​സ​ന​ത്തി​ന്റെ മുമ്പിൽ നിൽക്കു​ന്നത്‌ ഞാൻ കണ്ടു, ചുരു​ളു​കൾ തുറക്ക​പ്പെട്ടു. എന്നാൽ മറെറാ​രു ചുരു​ളും തുറക്ക​പ്പെട്ടു; അത്‌ ജീവന്റെ ചുരു​ളാണ്‌. ചുരു​ളു​ക​ളിൽ എഴുതി​യി​രു​ന്ന​വ​ക്കൊ​ത്ത​വണ്ണം മരിച്ച​വർക്ക്‌ അവരുടെ പ്രവൃ​ത്തി​കൾക്ക​നു​സ​രിച്ച്‌ [അവരുടെ പുനരു​ത്ഥാ​ന​ശേഷം ചെയ്യ​പ്പെട്ടവ; റോമർ 6:7 താരത​മ്യം ചെയ്യുക.] വിധി​യു​ണ്ടാ​യി.”

ആദാമ്യപാപത്തിൽ നിന്ന്‌ അവകാ​ശ​മാ​ക്കിയ മരണ​മെ​ല്ലാം നീക്കം ചെയ്യും

യെശ. 25:8: “അവൻ വാസ്‌ത​വ​മാ​യും മരണത്തെ സദാകാ​ല​ത്തേ​ക്കും വിഴു​ങ്ങി​ക്ക​ള​യും, പരമാ​ധീ​ശ​കർത്താ​വായ യഹോവ നിശ്ചയ​മാ​യും സകല മുഖങ്ങ​ളിൽ നിന്നും കണ്ണുനീർ തുടച്ചു​ക​ള​യും.”

വെളി. 21:4: “അവൻ അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും, മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല, ദുഃഖ​വും മുറവി​ളി​യും വേദന​യും ഇനി ഉണ്ടായി​രി​ക്കു​ക​യില്ല. പൂർവ്വ​കാ​ര്യ​ങ്ങൾ നീങ്ങി​പ്പോ​യി​രി​ക്കു​ന്നു.”

ആളുകൾ അന്യോ​ന്യം യഥാർത്ഥ​ത്തിൽ സ്‌നേ​ഹി​ക്കുന്ന ഒരു ലോകം പ്രദാനം ചെയ്യും

യോഹ. 13:35: “നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.” [തന്നിമി​ത്തം സ്വർഗ്ഗീയ രാജ്യ​ത്തിൽ യേശു​വി​ന്റെ കൂട്ടു​ഭ​ര​ണാ​ധി​പൻമാ​രു​ടെ​യോ ആ രാജ്യ​ത്തി​ന്റെ ഭൗമിക പ്രജക​ളു​ടെ​യോ നിരയി​ലാ​യി​രി​ക്കും.]

മൃഗങ്ങളെയും മനുഷ്യ​രെ​യും യോജി​പ്പു​ളള ഒരു ബന്ധത്തി​ലേക്ക്‌ കൊണ്ടു​വ​രും

യെശ. 11:6-9: “ചെന്നായ്‌ തന്നെ വാസ്‌ത​വ​ത്തിൽ കുറേ സമയ​ത്തേക്ക്‌ ഒരു ആൺ ആട്ടിൻകു​ട്ടി​യോ​ടു​കൂ​ടെ പാർക്കും, പുളളി​പ്പു​ലി കോലാ​ട്ടു​കു​ട്ടി​യോ​ടു​കൂ​ടെ കിടക്കും, കാളക്കി​ടാ​വും കുഞ്ചി​രോ​മ​മു​ളള ബാലസിം​ഹ​വും കൊഴു​പ്പിച്ച മൃഗവും ഒരുമിച്ച്‌ പാർക്കും, ഒരു ചെറിയ കുട്ടി അവയെ നയിക്കും. പശു കരടി​യോ​ടു​കൂ​ടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ച്‌ കിടക്കും. സിംഹം​പോ​ലും കാള എന്നപോ​ലെ വൈ​ക്കോൽ തിന്നും. മുലകു​ടി​ക്കുന്ന ശിശു തീർച്ച​യാ​യും മൂർഖന്റെ പോതി​ങ്കൽ കളിക്കും. മുലകു​ടി മാറിയ പൈതൽ വിഷപ്പാ​മ്പി​ന്റെ പൊത്തിൽ യഥാർത്ഥ​മാ​യി സ്വന്തം കൈ ഇടും. എന്റെ വിശുദ്ധ പർവ്വത​ത്തി​ലെ​ങ്ങും അവ യാതൊ​രു ദോഷ​മോ നാശമോ ചെയ്യു​ക​യില്ല.” (യെശയ്യാവ്‌ 65:25 കൂടെ.)

ഹോശ. 2:18: “അന്നാളിൽ ഞാൻ അവർക്കു​വേണ്ടി വയലിലെ കാട്ടു​മൃ​ഗ​ത്തോ​ടും ആകാശ​ത്തി​ലെ പക്ഷി​യോ​ടും നിലത്തി​ലെ ഇഴജാ​തി​യോ​ടു​മു​ളള ബന്ധത്തിൽ ഒരു ഉടമ്പടി ചെയ്യും, . . . ഞാൻ അവർ സുരക്ഷി​ത​മാ​യി കിടക്കു​മാ​റാ​ക്കും.”

ഭൂമിയെ ഒരു പറുദീ​സ​യാ​ക്കും

ലൂക്കോ. 23:43: “സത്യമാ​യും ഇന്നു ഞാൻ നിന്നോട്‌ പറയുന്നു, നീ എന്നോ​ടു​കൂ​ടെ പറുദീ​സാ​യി​ലു​ണ്ടാ​യി​രി​ക്കും.”

സങ്കീ. 98:7-9: “സമു​ദ്ര​വും അതിന്റെ നിറവും ഫലഭൂ​യി​ഷ്‌ഠ​മായ ദേശവും അതിൽ വസിക്കു​ന്ന​വ​രും ഇടിനാ​ദം മുഴക്കട്ടെ. നദികൾ തന്നെ അവയുടെ കൈകൾ കൊട്ടട്ടെ; എല്ലാ പർവ്വത​ങ്ങ​ളും ഒരു​പോ​ലെ യഹോ​വ​യു​ടെ മുമ്പാകെ ഘോഷി​ച്ചു​ല്ല​സി​ക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ ഭൂമിയെ വിധി​ക്കാൻ വന്നിരി​ക്കു​ന്നു. അവൻ ഫലഭൂ​യി​ഷ്‌ഠ​മായ ദേശത്തെ നീതി​യോ​ടും ജനങ്ങളെ ന്യായ​ത്തോ​ടും വിധി​ക്കും.”

ഉൽപ. 1:28; 2:15; യെശയ്യാവ്‌ 55:11 എന്നിവ താരത​മ്യം ചെയ്യുക.

ദൈവരാജ്യം ഭരണം തുട​ങ്ങേ​ണ്ടത്‌ എപ്പോ​ഴാ​യി​രു​ന്നു?

അത്‌ ഒന്നാം നൂററാ​ണ്ടി​ലാ​യി​രു​ന്നോ?

കൊലോ. 1:1, 2, 13: “ദൈ​വേ​ഷ്ട​ത്താൽ ക്രിസ്‌തു​യേ​ശു​വി​ന്റെ അപ്പോ​സ്‌ത​ല​നായ പൗലോ​സും നമ്മുടെ സഹോ​ദ​ര​നായ തിമൊ​ഥെ​യോ​സും . . . വിശു​ദ്ധൻമാർക്ക്‌ [സ്വർഗ്ഗീയ രാജ്യ​ത്തി​ന്റെ അവകാ​ശി​ക​ളാ​യി​രു​ന്ന​വർക്ക്‌] അവൻ [ദൈവം] നമ്മെ അന്ധകാ​ര​ത്തി​ന്റെ അധികാ​ര​ത്തിൽ നിന്ന്‌ വിടു​വിച്ച്‌ നമ്മെ [വിശു​ദ്ധൻമാ​രെ, ക്രിസ്‌തീയ സഭയുടെ അംഗങ്ങളെ] തന്റെ സ്‌നേ​ഹ​പു​ത്രന്റെ രാജ്യ​ത്തിൽ ആക്കിവച്ചു.” (അതു​കൊണ്ട്‌ ഒന്നാം നൂററാ​ണ്ടിൽ, ഇത്‌ എഴുത​പ്പെ​ടു​ന്ന​തിന്‌ മുമ്പു​തന്നെ, വാസ്‌ത​വ​ത്തിൽ ക്രിസ്‌തു ക്രിസ്‌തീയ സഭയു​ടെ​മേൽ ഭരണം നടത്താൻ തുടങ്ങി​യി​രു​ന്നു. എന്നാൽ മുഴു​ഭൂ​മി​യെ​യും ഭരിക്കാ​നു​ളള രാജ്യ​ത്തി​ന്റെ സ്ഥാപനം ഭാവി​യിൽ നടക്കേ​ണ്ടി​യി​രു​ന്നു.)

1 കൊരി. 4:8: “നിങ്ങൾ ഇപ്പോൾത്തന്നെ നിറഞ്ഞ​വ​രാ​യി​രി​ക്കു​ന്നു, ഉവ്വോ? നിങ്ങൾ സമ്പന്നരാ​യി​ത്തീർന്നി​രി​ക്കു​ന്നു, അല്ലേ? ഞങ്ങളെ​ക്കൂ​ടാ​തെ നിങ്ങൾ രാജാ​ക്കൻമാ​രാ​യി ഭരിക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു, അല്ലേ? ഞങ്ങളും നിങ്ങ​ളോ​ടു​കൂ​ടെ രാജാ​ക്കൻമാ​രാ​യി ഭരി​ക്കേ​ണ്ട​തിന്‌ നിങ്ങൾ രാജാ​ക്കൻമാ​രാ​യി ഭരിക്കാൻ തുടങ്ങി​യി​രു​ന്നെ​ങ്കി​ലെന്ന്‌ ഞാൻ വാസ്‌ത​വ​ത്തിൽ ആഗ്രഹി​ക്കു​ന്നു.” (തെററായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ന്നതു സംബന്ധിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അവരെ ശാസി​ക്ക​യാണ്‌ എന്നത്‌ വ്യക്തമാണ്‌.)

വെളി. 12:10, 12: “ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും ശക്തിയും രാജ്യ​വും അവന്റെ ക്രിസ്‌തു​വി​ന്റെ അധികാ​ര​വും തുടങ്ങി​യി​രി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ നമ്മുടെ സഹോ​ദ​രൻമാ​രെ രാപ്പകൽ നമ്മുടെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ കുററം ചുമത്തുന്ന അപവാദി തളളി​യി​ട​പ്പെ​ട്ടി​രി​ക്കു​ന്നു! ഈ കാരണ​ത്താൽ സ്വർഗ്ഗ​ങ്ങളെ നിങ്ങളും അവയിൽ വസിക്കു​ന്ന​വരെ നിങ്ങളും സന്തോ​ഷി​ക്കുക! ഭൂമി​ക്കും സമു​ദ്ര​ത്തി​നും അയ്യോ കഷ്ടം, എന്തു​കൊ​ണ്ടെ​ന്നാൽ പിശാച്‌ തനിക്ക്‌ അൽപകാ​ല​മേ​യു​ളളു എന്നറി​ഞ്ഞു​കൊണ്ട്‌ മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്ക​ലേക്ക്‌ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” (ഇവിടെ ദൈവ​രാ​ജ്യ​ത്തി​ന്റെ സ്ഥാപനത്തെ സ്വർഗ്ഗ​ത്തിൽനിന്ന്‌ സാത്താനെ ചുഴറ​റി​യെ​റി​യു​ന്ന​തി​നോട്‌ ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇയ്യോബ്‌ 1, 2 അദ്ധ്യാ​യ​ങ്ങ​ളിൽ കാണി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം ഇത്‌ ഏദനിലെ മൽസര​ത്തി​ന്റെ സമയത്ത്‌ സംഭവി​ച്ചില്ല. വെളി​പ്പാട്‌ പൊ. യു. 96-ലാണ്‌ രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടത്‌, അത്‌ ഭാവി​യിൽ സംഭവി​പ്പാ​നു​ളള കാര്യങ്ങൾ സംബന്ധി​ച്ചാ​ണെന്ന്‌ വെളി​പ്പാട്‌ 1:1 കാണി​ക്കു​ന്നു.)

ദൈവരാജ്യം അധികാ​ര​ത്തിൽ വരുന്ന​തിന്‌ ലോക​ത്തി​ന്റെ മാനസാ​ന്ത​ര​ത്തി​നാ​യി കാത്തി​രി​ക്കേ​ണ്ട​തു​ണ്ടോ?

സങ്കീ. 110:1, 2: “എന്റെ കർത്താ​വി​നോ​ടു​ളള [യേശു​ക്രി​സ്‌തു] യഹോ​വ​യു​ടെ അരുള​പ്പാ​ടി​താണ്‌: ‘ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദങ്ങൾക്ക്‌ ഒരു പീഠ​മെ​ന്ന​പോ​ലെ ആക്കുന്ന​തു​വരെ എന്റെ വലതു​ഭാ​ഗ​ത്തി​രി​ക്കുക.’ ‘നിന്റെ ശത്രു​ക്ക​ളു​ടെ മദ്ധ്യേ കീഴട​ക്കി​ക്കൊ​ണ്ടു പുറ​പ്പെ​ടുക’ എന്ന്‌ പറഞ്ഞു​കൊണ്ട്‌ സീയോ​നിൽനിന്ന്‌ യഹോവ നിന്റെ ബലത്തിന്റെ ചെങ്കോൽ നീട്ടും.” (അതു​കൊണ്ട്‌ കീഴട​ക്കാൻ അവന്‌ ശത്രു​ക്ക​ളു​ണ്ടാ​യി​രി​ക്കും; എല്ലാവ​രും അവന്റെ ഭരണത്തിന്‌ കീഴ്‌പ്പെ​ടു​ക​യില്ല.)

മത്താ. 25:31-46: “മനുഷ്യ​പു​ത്രൻ [യേശു​ക്രി​സ്‌തു] തന്റെ സകല ദൂതൻമാ​രു​മാ​യി തന്റെ മഹത്വ​ത്തിൽ വരു​മ്പോൾ അവൻ തന്റെ മഹത്വ​മു​ളള സിംഹാ​സ​ന​ത്തിൽ ഇരിക്കും. സകല ജനതക​ളും അവന്റെ മുമ്പാകെ കൂട്ടി​ച്ചേർക്ക​പ്പെ​ടും, ഒരു ഇടയൻ ചെമ്മരി​യാ​ടു​കളെ കോലാ​ടു​ക​ളിൽ നിന്ന്‌ വേർതി​രി​ക്കു​ന്ന​തു​പോ​ലെ അവൻ ജനങ്ങളെ തമ്മിൽ വേർതി​രി​ക്കും. . . . ഇവർ [അഭിഷിക്ത സഹോ​ദ​രൻമാ​രോട്‌ സ്‌നേഹം കാണി​ക്കാ​ഞ്ഞവർ] നിത്യ​ഛേ​ദ​ന​ത്തി​ലേ​ക്കും എന്നാൽ നീതി​മാൻമാർ നിത്യ​ജീ​വ​നി​ലേ​ക്കും പോകും.” (പ്രസ്‌പ​ഷ്ട​മാ​യി ക്രിസ്‌തു സിംഹാ​സ​ന​സ്ഥ​നാ​കു​ന്ന​തി​നു​മുമ്പ്‌ മനുഷ്യ​വർഗ്ഗം മുഴുവൻ മാനസാ​ന്ത​ര​പ്പെ​ടു​ക​യില്ല; എല്ലാവ​രും നീതി​മാൻമാ​രാ​ണെന്ന്‌ തെളി​യു​ക​യില്ല.)

രാജ്യം എന്ന്‌ ഭരണമാ​രം​ഭി​ക്കു​മെന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു​ണ്ടോ?

“തീയതി​കൾ” എന്ന മുഖ്യ​ശീർഷ​ക​ത്തിൻ കീഴിൽ 95-97 പേജു​ക​ളും “അന്ത്യനാ​ളു​കൾ” എന്നതിൻകീ​ഴിൽ 234-239 പേജു​ക​ളും കാണുക.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘അത്‌ എന്റെ ആയുഷ്‌ക്കാ​ലത്ത്‌ വരിക​യില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘എന്നാൽ അത്‌ ആരു​ടെ​യെ​ങ്കി​ലും ആയുഷ്‌ക്കാ​ലത്ത്‌ വരണം, അല്ലേ? . . . അത്‌ കാണു​ന്നത്‌ തന്റെ തലമു​റ​ത​ന്നെ​യാ​ണെന്ന്‌ ആർക്കെ​ങ്കി​ലും അറിയാൻ കഴിയു​മോ? യേശു​വി​ന്റെ സ്വന്തം അപ്പോ​സ്‌ത​ലൻമാർ അത്‌ അറിയാൻ ആഗ്രഹി​ച്ചു, അവൻ അവർക്ക്‌ നൽകിയ മറുപടി ഇന്ന്‌ നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ പ്രധാ​ന​മാണ്‌. (മത്താ. 24:3-14)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘അത്‌ വളരെ സാധാ​ര​ണ​മായ ഒരു വീക്ഷണ​മാണ്‌. എന്നാൽ ബൈബി​ളി​ന്റെ അടിസ്ഥാ​ന​ത്തിൽ, ദൈവ​രാ​ജ്യം ഇപ്പോൾത്തന്നെ സ്വർഗ്ഗ​ത്തിൽ ഭരണം നടത്തു​ന്നു​വെ​ന്നും ദൈവ​ത്തി​ന്റെ നീതി​യു​ളള ഗവൺമെൻറിൻകീ​ഴിൽ ഭൂമി​യിൽ തുടർന്ന്‌ ജീവി​ക്കാൻ നാം ആഗ്രഹി​ക്കു​ന്നു​ണ്ടോ ഇല്ലയോ എന്ന്‌ നാം പ്രകട​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും യഹോ​വ​യു​ടെ സാക്ഷികൾ ഉറപ്പായി വിശ്വ​സി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ ഞാൻ ഇന്ന്‌ നിങ്ങളു​ടെ വീട്ടു​വാ​തിൽക്കൽ വന്നിരി​ക്കു​ന്നത്‌. ഇവിടെ മത്തായി 24:14-ൽ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നത്‌ കുറി​ക്കൊ​ള​ളുക.’