വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിധി

വിധി

നിർവ്വ​ചനം: ഒഴിവാ​ക്കാ​നാ​വാ​ത്ത​തും മിക്ക​പ്പോ​ഴും വിപൽക്ക​ര​വു​മായ ഒരു ഭവിഷ്യത്ത്‌. എല്ലാ സംഭവ​ങ്ങ​ളും ദിവ്യേ​ഷ്ട​ത്താൽ അല്ലെങ്കിൽ മനുഷ്യ​നേ​ക്കാൾ ശ്രേഷ്‌ഠ​മായ ഒരു ശക്തിയാൽ തീരു​മാ​നി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും സംഭവി​ക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം അതു മുൻകൂ​ട്ടി തീരു​മാ​നി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​ക​യാൽ നടക്കാതെ പോക​യില്ല എന്നുമു​ളള വിശ്വാ​സ​മാണ്‌ വിധി വിശ്വാ​സം. ഇത്‌ ബൈബി​ളിൽ നിന്നുളള ഒരു വാക്കോ ഉപദേ​ശ​മോ അല്ല.

“മരിക്കാൻ” ഓരോ​രു​ത്തർക്കും മുൻകൂ​ട്ടി തീരു​മാ​നി​ക്ക​പ്പെട്ട ഒരു “സമയമു​ണ്ടോ”?

ഈ വിശ്വാ​സം ഗ്രീക്കു​കാർക്കും റോമാ​ക്കാർക്കും ഇടയിൽ ജനസമ്മതി നേടി​യി​രു​ന്നു. പുറജാ​തി​ക​ളാ​യി​രുന്ന ഗ്രീക്കു​കാ​രു​ടെ ഐതി​ഹ്യ​മ​നു​സ​രിച്ച്‌ ജീവന്റെ നൂൽനൂൽക്കു​ക​യും അതിന്റെ ദൈർഘ്യം നിശ്ചയി​ക്കു​ക​യും അതു മുറി​ക്കു​ക​യും ചെയ്‌ത മൂന്നു ദേവത​മാ​രാ​യി​രു​ന്നു വിധി നിർണ്ണ​യി​ച്ചി​രു​ന്നവർ.

സഭാ​പ്ര​സം​ഗി 3:1, 2 “മരിക്കാ​നു​ളള ഒരു സമയത്തെ”പ്പററി പറയുന്നു. എന്നാൽ അതു വ്യക്തിയെ സംബന്ധി​ച്ചി​ട​ത്തോ​ളം മുൻകൂ​ട്ടി തീരു​മാ​നി​ക്ക​പ്പെട്ട ഒരു നിമി​ഷമല്ല എന്ന്‌ കാണി​ച്ചു​കൊണ്ട്‌ സഭാ​പ്ര​സം​ഗി 7:17 ഇപ്രകാ​രം ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു: “അതിദു​ഷ്ട​നാ​യി​രി​ക്ക​രുത്‌; മൂഢനാ​യി​രി​ക്ക​യു​മ​രുത്‌. നിന്റെ സമയമാ​കാ​തെ നീ എന്തിന്‌ മരിക്കു​ന്നു?” സദൃശ​വാ​ക്യ​ങ്ങൾ 10:27 പറയുന്നു: “ദുഷ്ടൻമാ​രു​ടെ സംവൽസ​ര​ങ്ങ​ളോ കുറക്ക​പ്പെ​ടും.” സങ്കീർത്തനം 55:23 ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “രക്തപാ​ത​ക​വും വഞ്ചനയും ഉളള മനുഷ്യർ അവരുടെ ആയുസ്സി​ന്റെ പകുതി​യോ​ളം ജീവി​ക്കു​ക​യില്ല.” അപ്പോൾ സഭാ​പ്ര​സം​ഗി 3:1, 2-ന്റെ അർത്ഥ​മെ​ന്താണ്‌? അതു വെറുതെ ഈ അപൂർണ്ണ വ്യവസ്ഥി​തി​യി​ലെ ജീവ​ന്റെ​യും മരണത്തി​ന്റെ​യും ചക്ര​ത്തെ​പ്പ​ററി ചർച്ച ചെയ്യു​ന്ന​തേ​യു​ളളു. ആളുകൾ ജനിക്കാ​നും സാധാ​ര​ണ​യാ​യി 70 അല്ലെങ്കിൽ 80 വയസ്സിൽ കവിയാത്ത ഒരു സമയത്ത്‌ അവർ മരിക്കാ​നും ഒരു സമയമുണ്ട്‌, എന്നാൽ ചില​പ്പോൾ അതു നേര​ത്തെ​യും ചില​പ്പോൾ താമസി​ച്ചും ആകാം.—സങ്കീ. 90:10; സഭാ​പ്ര​സം​ഗി 9:11 കൂടെ കാണുക.

ഓരോ​രു​ത്ത​രു​ടെ​യും മരണത്തി​ന്റെ വിധവും സമയവും ജനനസ​മ​യ​ത്തോ അതിനും മുൻപു​ത​ന്നെ​യോ നിശ്ചയ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കിൽ അപകട​ക​ര​മായ സാഹച​ര്യ​ങ്ങളെ ഒഴിവാ​ക്കു​ക​യോ ഒരുവന്റെ ആരോ​ഗ്യം സംബന്ധിച്ച്‌ ശ്രദ്ധി​ക്കു​ക​യോ ചെയ്യേ​ണ്ട​തില്ല; മാത്ര​വു​മല്ല സുരക്ഷി​ത​ത്വ​ത്തി​നു​വേ​ണ്ടി​യു​ളള മുൻക​രു​ത​ലു​കൾ മരണനി​ര​ക്കിന്‌ മാററം വരുത്തു​ക​യും ഇല്ല. എന്നാൽ യുദ്ധം നടന്നു​കൊ​ണ്ടി​രി​ക്കുന്ന ഒരു യുദ്ധക്കളം യുദ്ധ​മേ​ഖ​ല​യിൽ നിന്ന്‌ അകലെ​യു​ളള നിങ്ങളു​ടെ ഭവനം​പോ​ലെ സുരക്ഷി​ത​മാ​ണെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? നിങ്ങൾ നിങ്ങളു​ടെ ആരോ​ഗ്യം സംബന്ധിച്ച്‌ ശ്രദ്ധി​ക്കു​ക​യും നിങ്ങളു​ടെ കുട്ടി​കളെ ഡോക്ട​റു​ടെ അടുത്തു കൊണ്ടു​പോ​വു​ക​യും ചെയ്യാ​റു​ണ്ടോ? പുകവ​ലി​ക്കാർ സാധാ​ര​ണ​യാ​യി പുകവ​ലി​ക്കാ​ത്ത​വ​രെ​ക്കാൾ ശരാശരി മൂന്നോ നാലോ വർഷം മുമ്പേ മരിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മോ​ട്ടോർ വാഹന​ങ്ങ​ളിൽ സഞ്ചരി​ക്കു​ന്നവർ സീററ്‌ ബൽററ്‌ ധരിക്കു​ക​യും വാഹന​മോ​ടി​ക്കു​ന്നവർ ട്രാഫിക്‌ നിയമങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്യു​മ്പോൾ മാരക​മായ അപകടങ്ങൾ കുറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? പ്രകട​മാ​യും മുൻക​രു​ത​ലു​കൾ എടുക്കു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാണ്‌.

സംഭവിക്കുന്നതെല്ലാം “ദൈവ​ത്തി​ന്റെ ഇഷ്ട”മാണോ?

2 പത്രോ. 3:9: “ആരും നശിപ്പി​ക്ക​പ്പെ​ടാ​തെ എല്ലാവ​രും മാനസാ​ന്ത​ര​ത്തി​ലേക്ക്‌ വരുവാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ യഹോവ . . . നിങ്ങ​ളോട്‌ ദീർഘക്ഷമ കാണി​ക്കു​ന്നു.” (എന്നാൽ എല്ലാവ​രും അവന്റെ ക്ഷമയോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്നില്ല. വ്യക്തമാ​യും ആരെങ്കി​ലും മാനസാ​ന്ത​ര​പ്പെ​ടു​വാൻ വിസമ്മ​തി​ക്കു​മ്പോൾ അത്‌ “ദൈവ​ത്തി​ന്റെ ഇഷ്ടമല്ല.” വെളി​പ്പാട്‌ 9:20, 21 താരത​മ്യം ചെയ്യുക.)

യിരെ. 7:23-26: “‘എന്റെ ശബ്ദം കേട്ടനു​സ​രി​ക്കുക, എന്നാൽ ഞാൻ നിങ്ങൾക്ക്‌ ദൈവ​വും നിങ്ങൾ എനിക്ക്‌ ജനവു​മാ​യി​ത്തീ​രും. നിങ്ങൾക്ക്‌ ശുഭമാ​യി​രി​ക്കേ​ണ്ട​തിന്‌ ഞാൻ നിങ്ങ​ളോട്‌ കല്‌പി​ക്കുന്ന വഴിക​ളി​ലൊ​ക്കെ​യും നിങ്ങൾ നടക്കണം’ എന്ന ഈ വചനമ​ത്രേ ഞാൻ അവരുടെ [ഇസ്രാ​യേ​ല്യർ] മേൽ കൽപന​യാ​യി വച്ചിരി​ക്കു​ന്നത്‌. എന്നാൽ അവർ ശ്രദ്ധി​ച്ചില്ല . . . ഞാൻ ദിവസ​വും അതികാ​ലത്ത്‌ എഴു​ന്നേ​ററ്‌ പ്രവാ​ച​കൻമാ​രായ എന്റെ സകല ദാസൻമാ​രെ​യും നിങ്ങളു​ടെ അടുക്കൽ അയച്ചു​കൊ​ണ്ടി​രു​ന്നു. എന്നാൽ അവർ എന്നെ ശ്രദ്ധി​ച്ചില്ല, അവർ അവരുടെ ചെവി ചായ്‌ച്ചില്ല, അവർ അവരുടെ കഴുത്ത്‌ കഠിന​മാ​ക്കി​ക്കൊ​ണ്ടി​രു​ന്നു.” (പ്രകട​മാ​യും ഇസ്രാ​യേ​ലിൽ സംഭവി​ച്ചു​കൊ​ണ്ടി​രുന്ന മോശ​മായ കാര്യങ്ങൾ “ദൈവ​ത്തി​ന്റെ ഇഷ്ട”മായി​രു​ന്നില്ല.)

മർക്കോ. 3:35: “ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്നത്‌ ആരോ ആ ആളാണ്‌ എന്റെ സഹോ​ദ​ര​നും സഹോ​ദ​രി​യും അമ്മയും.” (ആരുതന്നെ ആയാലും ചെയ്‌ത​തെ​ല്ലാം ദൈ​വേ​ഷ്ട​മാ​യി​രു​ന്നെ​ങ്കിൽ എല്ലാവ​രും യേശു അവിടെ വർണ്ണി​ച്ച​തു​പോ​ലു​ളള ബന്ധം യേശു​വു​മാ​യി ആസ്വദി​ക്കു​മാ​യി​രു​ന്നു. എന്നാൽ ചില​രോട്‌ അവൻ പറഞ്ഞു: “നിങ്ങൾ നിങ്ങളു​ടെ പിതാ​വായ പിശാ​ചിൽ നിന്നു​ള​ള​വ​രാണ്‌.”—യോഹ. 8:44.)

ഒരു വിശദീ​ക​രണം നൽകാൻ വയ്യാത്ത​താ​യി സംഭവി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ കാരണ​മെ​ന്താണ്‌?

സഭാ. 9:11: “സമയവും മുൻകൂ​ട്ടി​ക്കാ​ണാത്ത സംഭവ​ങ്ങ​ളും [“യാദൃ​ച്ഛിക സംഭവങ്ങൾ,” NE, RS] അവർക്കെ​ല്ലാം സംഭവി​ക്കു​ന്നു.” (അപ്രകാ​രം ഒരു വ്യക്തി​യു​ടെ ജീവിതം മുൻകൂ​ട്ടി​ക്കാ​ണു​ന്ന​തു​കൊ​ണ്ടല്ല മറിച്ച്‌ യാദൃ​ച്ഛി​ക​മാ​യി അയാൾ നിർഭാ​ഗ്യ​ക​ര​മായ സാഹച​ര്യ​ങ്ങ​ളു​ടെ ഇരയാ​യി​ത്തീർന്നേ​ക്കാം.)

തങ്ങൾതന്നെയും മനുഷ്യ​വർഗ്ഗ​ത്തി​ലെ മററു​ള​ള​വ​രും സഹി​ക്കേ​ണ്ടി​വ​രുന്ന കഷ്ടപ്പാ​ടിൽ അധിക​ത്തി​നും മനുഷ്യർ തന്നെ ഉത്തരവാ​ദി​ത്വം വഹിക്കു​ന്നു​വോ?

റോമ. 5:12: “ഏക മനുഷ്യ​നാൽ [ആദാം] പാപം ലോക​ത്തിൽ പ്രവേ​ശി​ച്ചു, പാപത്താൽ മരണവും; അങ്ങനെ അവരെ​ല്ലാം പാപം ചെയ്‌ത​തി​നാൽ മരണം സകല മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.” (തെററു ചെയ്യാ​നു​ളള ചായ്‌വ്‌ സഹിതം നാമെ​ല്ലാം ആദാമിൽ നിന്ന്‌ അപൂർണ്ണത അവകാ​ശ​മാ​ക്കി.)

സഭാ. 8:9: “മനുഷ്യൻ മനുഷ്യ​ന്റെ​മേൽ അവന്റെ ദോഷ​ത്തി​നാ​യി അധികാ​രം നടത്തി​യി​രി​ക്കു​ന്നു.”

സദൃ. 13:1: “ഒരു പിതാ​വിൽ നിന്നുളള ശിക്ഷണ​മു​ള​ളി​ടത്ത്‌ പുത്രൻ ജ്ഞാനി​യാ​യി​രി​ക്കു​ന്നു.” (മാതാ​പി​താ​ക്കൾ ചെയ്യുന്ന കാര്യ​ങ്ങൾക്ക്‌ അവരുടെ മക്കളുടെ ജീവി​ത​ത്തിൻമേൽ വലിയ സ്വാധീ​ന​മുണ്ട്‌.)

ഗലാ. 6:7: “വഴി​തെ​റ​റി​ക്ക​പ്പെ​ട​രുത്‌; ദൈവം പരിഹ​സി​ക്ക​പ്പെ​ടേ​ണ്ട​വനല്ല. ഒരു മനുഷ്യൻ വിതക്കു​ന്നത്‌ എന്തോ അത്‌ അവൻ കൊയ്യും.” (കൂടാതെ സദൃശ​വാ​ക്യ​ങ്ങൾ 11:17; 23:29, 30; 29:15; 1 കൊരി​ന്ത്യർ 6:18)

മനുഷ്യവർഗ്ഗത്തിന്‌ കഷ്ടത്തി​നി​ട​യാ​ക്കുന്ന മനുഷ്യാ​തീത ശക്തിക​ളു​മു​ണ്ടോ?

വെളി. 12:12: “ഭൂമി​ക്കും സമു​ദ്ര​ത്തി​നും അയ്യോ കഷ്ടം, എന്തു​കൊ​ണ്ടെ​ന്നാൽ പിശാച്‌ തനിക്ക്‌ അൽപകാ​ലമേ ശേഷി​ച്ചി​ട്ടു​ളളു എന്നറി​ഞ്ഞു​കൊണ്ട്‌ മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്ക​ലേക്ക്‌ ഇറങ്ങി വന്നിരി​ക്കു​ന്നു.” (കൂടാതെ പ്രവൃ​ത്തി​കൾ 10:38)

ദൈവം എല്ലാം മുൻകൂ​ട്ടി അറിയു​ക​യും മുൻകൂ​ട്ടി നിശ്ചയി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ?

യെശ. 46:9, 10: “ദിവ്യ​നാ​യവൻ ഞാൻ തന്നെ, വേറെ ദൈവ​മോ എന്നെ​പ്പോ​ലെ​യു​ളള ഒരുവ​നോ ഇല്ല. ആരംഭ​ത്തി​ങ്കൽ തന്നെ അവസാ​ന​വും പുരാതന കാലത്തു​തന്നെ മേലാൽ സംഭവി​പ്പാ​നു​ള​ള​തും പ്രസ്‌താ​വി​ക്കു​ന്നവൻ; ‘എന്റെ ആലോചന നിലനിൽക്കും, ഞാൻ ആഗ്രഹി​ക്കുന്ന സകലവും ഞാൻ ചെയ്യും’ എന്ന്‌ പറയു​ന്നവൻ തന്നെ.” (അവൻ തന്റെ ഉദ്ദേശ്യം അറിയി​ക്കു​ന്നു, അതിന്റെ നിവൃ​ത്തി​യോട്‌ ബന്ധപ്പെ​ട്ടി​ട്ടു​ളള ചില കാര്യങ്ങൾ മുൻകൂ​ട്ടി തീരു​മാ​നി​ക്കു​ന്നു, അവ നിവൃ​ത്തി​യാ​കു​മെന്ന്‌ ഉറപ്പു നൽകാ​നു​ളള സർവ്വശ​ക്തി​യും അവനുണ്ട്‌.)

യെശ. 11:1-3: “യിശ്ശാ​യി​യു​ടെ കുററി​യിൽ നിന്ന്‌ ഒരു മുള പൊട്ടി​പ്പു​റ​പ്പെ​ടണം; അവന്റെ വേരു​ക​ളിൽ നിന്ന്‌ ഒരു കൊമ്പ്‌ ഫലം കായി​ക്കും. [യേശു യിശ്ശാ​യി​യു​ടെ വംശത്തി​ലാണ്‌ ജനിച്ചത്‌.] അവന്റെ​മേൽ യഹോ​വ​യു​ടെ ആത്മാവ്‌ ആവസി​ക്കണം, . . . അവൻ യഹോ​വാ​ഭ​യ​ത്തിൽ ആമോ​ദി​ക്കും.” (സൃഷ്ടി​യു​ടെ ആരംഭം മുതൽ സ്വർഗ്ഗ​ത്തിൽ തന്റെ പുത്രന്റെ മനോ​ഭാ​വ​വും പെരു​മാ​റ​റ​വും നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്ന​തി​നാൽ യഹോ​വക്ക്‌ ആത്മ​ധൈ​ര്യ​ത്തോ​ടെ ഇത്‌ മുൻകൂ​ട്ടി പറയാൻ കഴിയു​മാ​യി​രു​ന്നു.) (മനുഷ്യ​നാ​കു​ന്ന​തി​നു മുമ്പത്തെ യേശു​വി​ന്റെ ആസ്‌തി​ക്യ​ത്തെ​ക്കു​റിച്ച്‌ “യേശു​ക്രി​സ്‌തു” എന്ന ശീർഷ​ക​ത്തിൻകീ​ഴിൽ 216, 217 എന്നീ പേജുകൾ കാണുക.)

ആവ. 31:20, 21: “ഞാൻ അവരുടെ പിതാ​ക്കൻമാ​രോട്‌ സത്യം ചെയ്‌ത​താ​യി പാലും തേനും ഒഴുകുന്ന ദേശ​ത്തേക്ക്‌ ഞാൻ അവരെ [ഇസ്രാ​യേൽ ജനതയെ] കൊണ്ടു​വ​രും, അവർ തീർച്ച​യാ​യും തിന്നു തൃപ്‌ത​രാ​യി തടിച്ചു കൊഴുത്ത്‌ അന്യ​ദേ​വൻമാ​രി​ലേക്ക്‌ തിരി​യു​ക​യും അവരെ തീർച്ച​യാ​യും സേവി​ക്കു​ക​യും എന്നെ അനാദ​രി​ക്കു​ക​യും എന്റെ ഉടമ്പടി ലംഘി​ക്കു​ക​യും ചെയ്യും. എന്നാൽ അനേകം അനർത്ഥ​ങ്ങ​ളും കഷ്ടങ്ങളും അവരു​ടെ​മേൽ വരു​മ്പോൾ ഈ പാട്ട്‌ [ദൈവ​പ്രീ​തി​യെ വിലമ​തി​ക്കാ​തെ അവർ എങ്ങനെ പെരു​മാ​റി എന്നതു സംബന്ധിച്ച വിവരണം] അവർക്കെ​തി​രെ സാക്ഷ്യം പറയും, . . . എന്തു​കൊ​ണ്ടെ​ന്നാൽ ഞാൻ സത്യം ചെയ്‌ത ദേശത്ത്‌ അവരെ എത്തിക്കും മുമ്പേ ഇന്ന്‌ അവർ വളർത്തി​യെ​ടു​ക്കുന്ന പ്രവണ​തയെ ഞാൻ നന്നായി അറിയു​ന്നു.” [അവരുടെ ഗതിയു​ടെ അനന്തര​ഫലം തിരി​ച്ച​റി​യു​ന്ന​തി​നു​ളള പ്രാപ്‌തി അവൻ അതു സംബന്ധിച്ച്‌ ഉത്തരവാ​ദി​യാ​യി​രു​ന്നു​വെ​ന്നോ അവൻ അവർക്കാ​യി അതു ആഗ്രഹി​ച്ചു​വെ​ന്നോ അർത്ഥമാ​ക്കി​യി​ല്ലെന്ന്‌ കുറി​ക്കൊ​ള​ളുക, മറിച്ച്‌ അവർ ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ അനന്തര​ഫലം അവന്‌ മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയു​മാ​യി​രു​ന്നു. സമാന​മാ​യി, നിരീ​ക്ഷി​ക്ക​പ്പെ​ടുന്ന കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഒരു കാലാ​വ​സ്ഥാ​നി​രീ​ക്ഷ​കന്‌ സാമാ​ന്യം കൃത്യ​ത​യോ​ടെ കാലാവസ്ഥ മുൻകൂ​ട്ടി​പ്പ​റ​യാൻ കഴി​ഞ്ഞേ​ക്കും, എന്നാൽ അയാൾ അതിന്‌ ഇടയാ​ക്കു​ക​യോ അവശ്യം അത്‌ ഇഷ്ടപ്പെ​ടു​ക​യോ ചെയ്യു​ന്നില്ല.)

സംഭവങ്ങൾ മുൻകൂ​ട്ടി അറിയു​ന്ന​തി​നും നിർണ്ണ​യി​ക്കു​ന്ന​തി​നു​മു​ളള ദൈവ​ത്തി​ന്റെ കഴിവ്‌ അവൻ സൃഷ്ടി​ക​ളു​ടെ​യെ​ല്ലാം സകല പ്രവർത്ത​ന​ങ്ങ​ളി​ലും അങ്ങനെ ചെയ്യു​ന്നു​വെന്ന്‌ തെളി​യി​ക്കു​ന്നു​ണ്ടോ?

വെളി. 22:17: “കേൾക്കുന്ന ഏവനും ‘വരിക!’ എന്നു പറയട്ടെ. ദാഹി​ക്കുന്ന ഏവനും വരട്ടെ, ആഗ്രഹി​ക്കുന്ന ഏവനും ജീവന്റെ ജലം സൗജന്യ​മാ​യി സ്വീക​രി​ക്കട്ടെ.” (തെര​ഞ്ഞെ​ടുപ്പ്‌ മുൻകൂ​ട്ടി തീരു​മാ​നി​ക്ക​പ്പെ​ട്ടി​ട്ടില്ല; അത്‌ വ്യക്തിക്ക്‌ വിട​പ്പെ​ട്ടി​രി​ക്കു​ന്നു.)

റോമ. 2:4, 5: “ദൈവ​ത്തി​ന്റെ ദയ നിന്നെ മാനസാ​ന്ത​ര​ത്തി​ലേക്ക്‌ നയിക്കാൻ ശ്രമി​ക്കു​ന്നു എന്ന്‌ അറിയാ​ത്ത​തി​നാൽ നീ അവന്റെ ദയ, ക്ഷമ, ദീർഘ​ക്ഷാ​ന്തി എന്നിവ​യു​ടെ ധനം നിരസി​ച്ചു കളയു​ന്നു​വോ? എന്നാൽ നിന്റെ കാഠി​ന്യ​ത്തി​നും അനുതാ​പ​മി​ല്ലാത്ത ഹൃദയ​ത്തി​നും ഒത്തവണ്ണം ദൈവ​ത്തി​ന്റെ നീതി​യു​ളള വിധി വെളി​പ്പെ​ടു​വാ​നു​ളള കോപ​ദി​വ​സ​ത്തേക്ക്‌ നീ നിനക്കാ​യി​ത്തന്നെ ക്രോധം സൂക്ഷിച്ചു വയ്‌ക്കു​ന്നു.” (വ്യക്തി​കളെ ഒരു നിശ്ചിത ഗതി പിന്തു​ട​രു​വാൻ നിർബ​ന്ധി​ക്കു​ന്നില്ല. എന്നാൽ ഒരുവൻ ചെയ്യു​ന്ന​തിന്‌ കണക്കു ബോധി​പ്പി​ക്കേ​ണ്ട​താ​യി​ട്ടുണ്ട്‌.)

സെഫ. 2:3: “ഭൂമി​യി​ലെ സകല സൗമ്യൻമാ​രു​മാ​യു​ളേ​ളാ​രേ, യഹോ​വയെ അന്വേ​ഷി​പ്പിൻ . . . നീതി അന്വേ​ഷി​പ്പിൻ, സൗമ്യത അന്വേ​ഷി​പ്പിൻ. നിങ്ങൾ യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറയ്‌ക്ക​പ്പെ​ടാ​നി​ട​യുണ്ട്‌.” (ആളുകൾ വിജയി​ക്ക​രു​തെന്ന്‌ നേരത്തെ തീരു​മാ​നി​ച്ചി​ട്ടു​ണ്ടെന്ന്‌ അറിയാ​മെ​ങ്കിൽ പ്രതി​ഫലം പ്രതീ​ക്ഷി​ച്ചു​കൊണ്ട്‌ ശരിയാ​യതു ചെയ്യാൻ നീതി​മാ​നും സ്‌നേ​ഹ​വാ​നു​മായ ഒരു ദൈവം അവരെ പ്രോൽസാ​ഹി​പ്പി​ക്കു​മോ?)

ദൃഷ്ടാന്തം: റേഡി​യോ ഉളള ഒരാൾക്ക്‌ ലോക​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളിൽ നിന്നു​മു​ളള വാർത്തകൾ ശ്രദ്ധി​ക്കാൻ കഴിയും. ഒരു പ്രത്യേക സ്‌റേ​റ​ഷ​നിൽ നിന്നുളള വാർത്ത ശ്രദ്ധി​ക്കാൻ കഴിയും എന്ന വസ്‌തുത അയാൾ ശ്രദ്ധി​ക്കു​ന്നുണ്ട്‌ എന്ന്‌ അർത്ഥമാ​ക്കു​ന്നില്ല. ആദ്യം അയാൾ റേഡി​യോ ഓൺ ചെയ്യു​ക​യും അനന്തരം സ്‌റേ​റഷൻ തെര​ഞ്ഞെ​ടു​ക്കു​ക​യും വേണം. അതു​പോ​ലെ സംഭവങ്ങൾ മുൻകൂ​ട്ടി കാണാൻ യഹോ​വക്ക്‌ കഴിയും, എന്നാൽ മാനുഷ സൃഷ്ടി​കൾക്ക്‌ അവൻ നൽകി​യി​രി​ക്കുന്ന സ്വതന്ത്ര ഇച്ഛാശ​ക്തിക്ക്‌ വേണ്ട പരിഗണന കൊടു​ത്തു​കൊണ്ട്‌ ആവശ്യ​മു​ള​ള​പ്പോൾ മാത്ര​വും വിവേ​ക​ത്തോ​ടെ​യു​മേ അവൻ ആ പ്രാപ്‌തി ഉപയോ​ഗി​ക്കു​ന്നു​ളളു എന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു.—ഉൽപത്തി 22:12; 18:20, 21 താരത​മ്യം ചെയ്യുക.

ദൈവം ആദാമി​നെ സൃഷ്ടി​ച്ച​പ്പോൾ അവൻ പാപം ചെയ്യു​മെന്ന്‌ ദൈവം അറിഞ്ഞി​രു​ന്നോ?

ഇതാണ്‌ ദൈവം ആദാമി​ന്റെ​യും ഹവ്വായു​ടെ​യും മുമ്പിൽ വച്ചത്‌: “സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമിയെ നിറക്കു​ക​യും അതിനെ കീഴടക്കി സമു​ദ്ര​ത്തി​ലെ മൽസ്യ​ത്തിൻമേ​ലും ആകാശ​ങ്ങ​ളി​ലെ പറവജാ​തി​ക​ളിൻമേ​ലും ഭൂമി​യിൽ ചരിക്കുന്ന ജീവനു​ളള സകല ജന്തുക്ക​ളിൻമേ​ലും വാഴു​ക​യും ചെയ്‌വിൻ.” “യഹോ​വ​യായ ദൈവം മനുഷ്യ​ന്റെ​മേൽ ഈ കൽപന​യും കൂടെ വച്ചു: ‘തോട്ട​ത്തി​ലെ എല്ലാ വൃക്ഷത്തിൽനി​ന്നും നിനക്ക്‌ മതിയാ​വോ​ളം ഭക്ഷിക്കാം. എന്നാൽ നൻമതിൻമ​ക​ളു​ടെ തിരി​ച്ച​റി​വിൻ വൃക്ഷത്തിൽ നിന്ന്‌ നീ ഭക്ഷിക്ക​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ അതിൽനിന്ന്‌ ഭക്ഷിക്കുന്ന നാളിൽ നീ നിശ്ചയ​മാ​യും മരിക്കും.” (ഉൽപ. 1:28; 2:16, 17) അത്ഭുത​ക​ര​മായ ഭാവി​യോ​ടു​കൂ​ടിയ ഒരു പദ്ധതി പരാജ​യ​പ്പെ​ടു​കയേ ഉളളു എന്ന്‌ ആരംഭം മുതൽതന്നെ നിങ്ങൾക്ക​റി​യാ​മെ​ങ്കിൽ അത്‌ ഏറെറ​ടു​ക്കാൻ നിങ്ങൾ നിങ്ങളു​ടെ മക്കളെ പ്രോൽസാ​ഹി​പ്പി​ക്കു​മോ? അവർ കഷ്ടത്തി​ലാ​കാൻ തക്കവണ്ണം നിങ്ങൾ എല്ലാം ആസൂ​ത്രണം ചെയ്‌തി​ട്ടു​ണ്ടെന്ന്‌ അറിയാ​മെ​ങ്കിൽ വരാനി​രി​ക്കുന്ന ഉപദ്ര​വ​ത്തെ​പ്പ​ററി നിങ്ങൾ അവർക്ക്‌ മുന്നറി​യിപ്പ്‌ കൊടു​ക്കു​മോ? അപ്പോൾ ദൈവം അങ്ങനെ ചെയ്‌തു എന്ന്‌ ആരോ​പി​ക്കു​ന്നത്‌ ന്യായ​മാ​ണോ?

മത്താ. 7:11: “നിങ്ങൾ ദുഷ്ടരാ​യി​രി​ക്കു​ന്നെ​ങ്കി​ലും [അല്ലെങ്കിൽ “ദുഷ്ടരാ​യി​രി​ക്കുന്ന നിങ്ങൾ,” NE] നിങ്ങളു​ടെ മക്കൾക്ക്‌ നല്ല ദാനങ്ങളെ കൊടു​ക്കാൻ അറിയു​ന്നു​വെ​ങ്കിൽ സ്വർഗ്ഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവ്‌ തന്നോട്‌ യാചി​ക്കു​ന്ന​വർക്ക്‌ എത്ര അധിക​മാ​യി നല്ല ദാനങ്ങൾ നൽകും?”

ആദാമി​ന്റെ പാപവും അതിൽ നിന്നു​ണ്ടാ​കുന്ന എല്ലാ ഫലങ്ങളും ദൈവം മുൻകൂ​ട്ടി തീരു​മാ​നി​ക്കു​ക​യും അറിയു​ക​യും ചെയ്‌തി​രു​ന്നെ​ങ്കിൽ ആദാമി​നെ സൃഷ്ടി​ക്കു​ക​വഴി മനുഷ്യ​ച​രി​ത്ര​ത്തിൽ ചെയ്യ​പ്പെ​ട്ടി​ട്ടു​ളള എല്ലാ ദുഷ്ടത​ക്കും ദൈവം മന:പൂർവ്വം തുടക്ക​മി​ട്ടു​കൊ​ടു​ത്തു എന്നാണ്‌ അതിന്റെ അർത്ഥം. എല്ലാ യുദ്ധങ്ങ​ളു​ടെ​യും കുററ​കൃ​ത്യ​ങ്ങ​ളു​ടെ​യും അധാർമ്മി​ക​ത​യു​ടെ​യും മർദ്ദന​ത്തി​ന്റെ​യും ഭോഷ്‌ക്ക്‌, കപടഭക്തി, രോഗം എന്നിവ​യു​ടെ​യും ഉറവ്‌ അവനാ​യി​രി​ക്കണം. എന്നാൽ ബൈബിൾ വ്യക്തമാ​യി പറയുന്നു: “നീ ദുഷ്ടത​യിൽ പ്രസാ​ദി​ക്കുന്ന ഒരു ദൈവമല്ല.” (സങ്കീ. 5:4) “അക്രമത്തെ സ്‌നേ​ഹി​ക്കു​ന്ന​വനെ അവന്റെ ദേഹി തീർച്ച​യാ​യും വെറു​ക്കു​ന്നു.” (സങ്കീ. 11:5) “ദൈവ​ത്തിന്‌ . . . ഭോഷ്‌ക്ക്‌ പറയാൻ കഴിയു​ക​യില്ല.” (തീത്തോ. 1:2) “മർദ്ദന​ത്തിൽ നിന്നും അക്രമ​ത്തിൽ നിന്നും അവൻ [മശി​ഹൈക രാജാ​വാ​യി ദൈവ​ത്താൽ നിയോ​ഗി​ക്ക​പ്പെ​ട്ടവൻ] അവരുടെ ദേഹിയെ വീണ്ടെ​ടു​ക്കും, അവരുടെ രക്തം അവന്റെ ദൃഷ്ടി​യിൽ വില​യേ​റി​യ​താ​യി​രി​ക്കു​ക​യും ചെയ്യും.” (സങ്കീ. 72:14) “ദൈവം സ്‌നേ​ഹ​മാ​കു​ന്നു”. (1 യോഹ. 4:8) “അവൻ നീതി​യും ന്യായ​വും ഇഷ്ടപ്പെ​ടു​ന്ന​വ​നാ​കു​ന്നു.”—സങ്കീ. 33:5.

യാക്കോബിന്റെയും ഏശാവി​ന്റെ​യും കാര്യം ദൈവം മുൻകൂ​ട്ടി തീരു​മാ​നി​ച്ചോ?

ഉൽപ. 25:33: “യഹോവ അവളോട്‌ [റെബേ​ക്ക​യോട്‌] ഇപ്രകാ​രം പറഞ്ഞു തുടങ്ങി: ‘നിന്റെ ഗർഭത്തിൽ രണ്ട്‌ ജനതകൾ ഉണ്ട്‌, രണ്ട്‌ ദേശീയ സംഘങ്ങൾ നിന്റെ ഉദരത്തിൽ നിന്ന്‌ വേർപി​രി​യും; ഒരു ദേശീയ സംഘം മറേറ ദേശീയ സംഘ​ത്തെ​ക്കാൾ പ്രബല​മാ​യി​രി​ക്കും, മൂത്തവൻ [ഏശാവ്‌] ഇളയവനെ [യാക്കോബ്‌] സേവി​ക്കും.’” (യഹോ​വക്ക്‌ ആ അജാത ഇരട്ടക​ളു​ടെ ജനിതക മാതൃക വായി​ക്കാൻ കഴിയു​മാ​യി​രു​ന്നു. കുട്ടി​ക​ളിൽ ഓരോ​രു​ത്ത​രും വികസി​പ്പി​ച്ചെ​ടു​ക്കുന്ന ഗുണങ്ങൾ മുൻകൂ​ട്ടി​ക്കാ​ണു​ക​യും അനന്തര​ഫലം മുൻകൂ​ട്ടി​പ്പ​റ​യു​ക​യും ചെയ്‌ത​പ്പോൾ അവൻ അതു പരിഗ​ണി​ച്ചി​രി​ക്കണം. [സങ്കീ. 139:16] അവൻ അവരുടെ നിത്യ​മായ വിധി നിശ്ചയി​ച്ചു എന്നോ അവരുടെ ജീവി​ത​ത്തി​ലെ ഓരോ സംഭവ​വും എങ്ങനെ പര്യവ​സാ​നി​ക്ക​ണ​മെന്ന്‌ അവൻ മുൻകൂ​ട്ടി തീരു​മാ​നി​ച്ചു എന്നോ ഇവിടെ യാതൊ​രു സൂചന​യു​മില്ല.)

യൂദാ ഇസ്‌ക്ക​രി​യോത്ത യേശു​വി​നെ ഒററി​ക്കൊ​ടു​ക്കാൻ വേണ്ടി മുൻനി​ശ്ച​യി​ക്ക​പ്പെ​ട്ടി​രു​ന്നു​വോ?

സങ്കീ. 41:9: “എന്നോട്‌ സമാധാ​ന​മാ​യി​രുന്ന പുരുഷൻ, ഞാൻ വിശ്വ​സി​ച്ചവൻ, എന്റെ അപ്പം തിന്നവൻ എനി​ക്കെ​തി​രെ അവന്റെ കുതി​കാൽ ഉയർത്തി​യി​രി​ക്കു​ന്നു.” (അത്‌ യേശു​വി​ന്റെ ഏത്‌ അടുത്ത സഹകാരി ആയിരി​ക്കും എന്ന്‌ പ്രവചനം എടുത്തു പറയു​ന്നില്ല എന്നത്‌ കുറി​ക്കൊ​ള​ളുക. ദാവീ​ദി​നെ ഒററി​ക്കൊ​ടു​ക്കാൻ അവന്റെ ഉപദേ​ഷ്ടാ​വായ അഹീ​ത്തോ​ഫെ​ലി​നെ പിശാച്‌ ഉപയോ​ഗി​ച്ചി​രു​ന്നു എന്ന്‌ യഹോവ അറിഞ്ഞു. പിശാച്‌ എങ്ങനെ പ്രവർത്തി​ച്ചു എന്നും ഭാവി​യിൽ എന്തു ചെയ്യു​മെ​ന്നും അത്‌ പ്രകട​മാ​ക്കി​യ​തു​കൊണ്ട്‌ അവൻ അത്‌ രേഖ​പ്പെ​ടു​ത്തി​ക്കു​ക​യും ചെയ്‌തു. ദൈവ​മ​ല്ലാ​യി​രു​ന്നു, ‘പിശാ​ചാ​യി​രു​ന്നു . . . അവനെ [യേശു​വി​നെ] ഒററി​ക്കൊ​ടു​ക്കാൻ ശീമോ​ന്റെ മകനായ ഇസ്‌ക്ക​രി​യോത്ത യൂദാ​യു​ടെ മനസ്സിൽ തോന്നി​ച്ചത്‌.’ [യോഹ. 13:2] ചെറുത്തു നിൽക്കു​ന്ന​തി​നു പകരം ആ സാത്താന്യ സ്വാധീ​ന​ത്തിന്‌ യൂദാ വഴങ്ങി.)

യോഹ. 6:64: “തന്നെ ഒററി​ക്കൊ​ടു​ക്കാ​നു​ള​ളവൻ ആരെന്ന്‌ യേശു ആദ്യം മുതൽ അറിഞ്ഞി​രു​ന്നു.” (അത്‌ സൃഷ്ടി​യു​ടെ ആരംഭം മുതലോ യൂദാ​യു​ടെ ജനന സമയം മുതലോ അല്ല, മറിച്ച്‌ അവൻ വഞ്ചനാ​ത്മ​ക​മാ​യി പെരു​മാ​റി​യ​തി​ന്റെ “ആദ്യം മുതൽ”. ഉൽപത്തി 1:1, ലൂക്കോസ്‌ 1:2, 1 യോഹ​ന്നാൻ 2:7, 13 എന്നിവ ഓരോ​ന്നി​ലും “ആദിയിൽ” എന്നത്‌ ആപേക്ഷി​കാർത്ഥ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ താരത​മ്യം ചെയ്യുക. യോഹ​ന്നാൻ 12:4-6 കൂടെ കുറി​ക്കൊ​ള​ളുക.)

ക്രിസ്‌ത്യാനികൾ “മുൻനി​ശ്ച​യിക്ക”പ്പെട്ടി​രി​ക്കു​ന്ന​താ​യി അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയു​ന്നി​ല്ലേ?

റോമ. 8:28, 29: “എന്നാൽ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌, തന്റെ ഉദ്ദേശ്യ​പ്ര​കാ​രം വിളി​ക്ക​പ്പെ​ട്ട​വർക്ക്‌ അവന്റെ പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം നൻമക്കാ​യി ഒത്തുവ​രു​ന്നു എന്ന്‌ നാം അറിയു​ന്നു; എന്തു​കൊ​ണ്ടെ​ന്നാൽ താൻ ആദ്യമാ​യി അംഗീ​ക​രി​ച്ച​വരെ, തന്റെ പുത്രന്റെ പ്രതി​ച്ഛാ​യ​യോട്‌ അനുരൂ​പ​രാ​കാൻ മുൻനിർണ്ണ​യി​ച്ചു​മി​രി​ക്കു​ന്നു. അവൻ അനേകം സഹോ​ദ​രൻമാ​രിൽ ആദ്യജാ​തൻ ആകേണ്ട​തി​നു തന്നെ. [“മുൻനി​ശ്ച​യി​ച്ചി​രി​ക്കു​ന്നു,” KJ] (കൂടാതെ എഫേ. 1:5, 11 കൂടെ കാണുക.) എന്നാൽ ഇവരോട്‌ തന്നെ 2 പത്രോസ്‌ 1:10 പറയുന്നു: “നിങ്ങളു​ടെ വിളി​യും തെര​ഞ്ഞെ​ടു​പ്പും നിങ്ങൾക്കു തന്നെ ഉറപ്പാ​ക്കാൻ നിങ്ങളു​ടെ പരമാ​വധി ശ്രമി​ക്കുക; എന്തു​കൊ​ണ്ടെ​ന്നാൽ ഈ കാര്യങ്ങൾ ചെയ്യു​ന്ന​തിൽ നിങ്ങൾ തുടർന്നാൽ നിങ്ങൾ ഒരു പ്രകാ​ര​ത്തി​ലും ഒരിക്ക​ലും പരാജ​യ​പ്പെ​ടു​ക​യില്ല.” (ഈ വ്യക്തികൾ രക്ഷക്കായി മുൻനി​ശ്ച​യി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ങ്കിൽ അവർ എന്തുതന്നെ ചെയ്‌താ​ലും അവർക്ക്‌ പരാജ​യ​പ്പെ​ടാൻ പററു​ക​യില്ല. വ്യക്തി​ക​ളു​ടെ ഭാഗത്ത്‌ ശ്രമം ആവശ്യ​മാ​യി​രി​ക്കു​ന്ന​തി​നാൽ, ആ കൂട്ടം ആയിരി​ക്കണം മുൻനിർണ്ണ​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ആ കൂട്ടം മുഴുവൻ യേശു​ക്രി​സ്‌തു വച്ച മാതൃ​ക​യോട്‌ ചേർച്ച​യി​ലാ​യി​രി​ക്കണം എന്നത്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാണ്‌. എന്നാൽ, ആ കൂട്ടത്തി​ന്റെ ഭാഗമാ​യി​രി​ക്കാൻ ദൈവ​ത്താൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ അവരുടെ മുമ്പാകെ വയ്‌ക്ക​പ്പെ​ട്ടി​രി​ക്കുന്ന പ്രതി​ഫലം യഥാർത്ഥ​ത്തിൽ പ്രാപി​ക്ക​ണ​മെ​ങ്കിൽ അവർ വിശ്വ​സ്‌ത​രെന്ന്‌ തെളി​യി​ക്കണം.)

എഫേ. 1:4, 5: “നാം അവന്റെ മുമ്പിൽ സ്‌നേ​ഹ​ത്തിൽ വിശു​ദ്ധ​രും നിഷ്‌ക്ക​ള​ങ്ക​രും ആകേണ്ട​തിന്‌ അവൻ അവനോട്‌ [യേശു​ക്രി​സ്‌തു​വി​നോട്‌] ഉളള ബന്ധത്തിൽ ലോക​സ്ഥാ​പ​ന​ത്തിന്‌ മുമ്പേ നമ്മെ തെര​ഞ്ഞെ​ടു​ത്തു. എന്തു​കൊ​ണ്ടെ​ന്നാൽ അവന്റെ ഹിതത്തി​ന്റെ പ്രസാ​ദ​പ്ര​കാ​രം യേശു​ക്രി​സ്‌തു​വി​ലൂ​ടെ അവന്റെ പുത്രൻമാ​രാ​യി ദത്തെടു​ക്കു​ന്ന​തിന്‌ അവൻ നമ്മെ മുൻനിർണ്ണ​യി​ച്ചു.” (ലൂക്കോ. 11:50, 51-ൽ “ലോക​സ്ഥാ​പന”ത്തെ യേശു ഹാബേ​ലി​ന്റെ കാല​ത്തോട്‌ സമാന്ത​ര​മാ​ക്കു​ന്നു എന്നത്‌ ശ്രദ്ധാർഹ​മാണ്‌. ആയുഷ്‌ക്കാ​ലം മുഴുവൻ ദൈവ​പ്രീ​തി​യിൽ തുടർന്ന ആദ്യത്തെ വ്യക്തി ഹാബേ​ലാണ്‌. അപ്രകാ​രം ഏദനിലെ മൽസര​ത്തിന്‌ ശേഷവും ഹാബേ​ലി​നെ [ഹവ്വ] ഗർഭം ധരിക്കു​ന്ന​തിന്‌ മുൻപു​മാണ്‌ രക്ഷ പ്രദാനം ചെയ്യാ​നു​ളള “സന്തതി”യെ ഉൽപ്പാ​ദി​പ്പി​ക്കാ​നു​ളള ഉദ്ദേശ്യം ദൈവം രൂപ​പ്പെ​ടു​ത്തി​യത്‌. [ഉൽപ. 3:15] മുഖ്യ സന്തതി​യായ യേശു​ക്രി​സ്‌തു​വി​നോ​ടൊ​പ്പം ഭൂമി​മേ​ലു​ളള പുതിയ ഗവൺമെൻറിൽ, മശി​ഹൈ​ക​രാ​ജ്യ​ത്തിൽ പങ്കുകാ​രാ​കാ​നു​ളള അവന്റെ വിശ്വ​സ്‌താ​നു​ഗാ​മി​ക​ളു​ടെ ഒരു കൂട്ടവും ഉണ്ടായി​രി​ക്ക​ണ​മെന്ന്‌ ദൈവം ഉദ്ദേശി​ച്ചു.)

നക്ഷത്രങ്ങളും ഗ്രഹങ്ങ​ളും നമ്മുടെ ജീവി​ത​ത്തി​ലെ സംഭവ​ങ്ങളെ സ്വാധീ​നി​ക്കു​ക​യോ തീരു​മാ​നങ്ങൾ ചെയ്യു​മ്പോൾ നാം കണക്കി​ലെ​ടു​ക്കേണ്ട ശകുനങ്ങൾ പ്രദാനം ചെയ്യു​ക​യോ ചെയ്യു​ന്നു​ണ്ടോ?

ജ്യോതിഷത്തിന്റെ തുടക്കം എന്തിലാണ്‌?

“പാശ്ചാത്യ ജ്യോ​തി​ഷം ക്രി. മു. 2,000-ങ്ങളിലെ കൽദയ​രു​ടെ​യും ബാബി​ലോ​ണി​യാ​ക്കാ​രു​ടെ​യും സിദ്ധാ​ന്ത​ങ്ങ​ളിൽ നിന്നും ആചാര​ങ്ങ​ളിൽ നിന്നും നേരിട്ട്‌ പിന്തു​ടർച്ച​യാ​യി വന്നിട്ടു​ള​ള​താണ്‌ എന്നു കാണാൻ കഴിയും.”—ദി എൻ​സൈ​ക്ലോ​പ്പീ​ഡിയ അമേരി​ക്കാ​നാ (1977), വാല്യം 2, പേ. 557.

“ജ്യോ​തി​ഷം രണ്ടു ബാബി​ലോ​ന്യ ആശയങ്ങ​ളിൽ അധിഷ്‌ഠി​ത​മാണ്‌: രാശി​ച​ക്ര​വും ആകാശ​ഗോ​ള​ങ്ങ​ളു​ടെ ദിവ്യ​ത്വ​വും. . . . ഓരോ ഗ്രഹത്തി​ന്റെ​യും ദേവത​മാ​രിൽ നിന്ന്‌ പ്രതീ​ക്ഷി​ക്കാ​വുന്ന സ്വാധീ​ന​ങ്ങ​ളാണ്‌ ബാബി​ലോ​ണി​യ​ക്കാർ ഗ്രഹങ്ങൾക്ക്‌ ആരോ​പി​ച്ചത്‌.”—ഗ്രേയി​ററ്‌ സിററീസ്‌ ഓഫ്‌ ദി എൻഷ്യൻറ്‌ വേൾഡ്‌ (ന്യൂ​യോർക്ക്‌, 1972), എൽ. സ്‌​പ്രേഗ്‌ ദെ ക്യാമ്പ്‌, പേ. 150.

“ബാബി​ലോ​ണി​ലും ബാബി​ലോ​ന്യ സംസ്‌ക്കാ​ര​ത്തി​ന്റെ നേരി​ട്ടു​ളള ഒരു ശാഖയെന്ന നിലയിൽ അസ്സീറി​യ​യി​ലും . . . ഔദ്യോ​ഗിക ആരാധ​നാ​ക്ര​മ​ത്തിൽ ദൈവ​ങ്ങ​ളു​ടെ ഇഷ്ടവും ഉദ്ദേശ്യ​വും തിരി​ച്ച​റി​യു​ന്ന​തിന്‌ പുരോ​ഹി​തൻമാർക്കു​ണ്ടാ​യി​രുന്ന രണ്ടു പ്രമുഖ മാർഗ്ഗ​ങ്ങ​ളിൽ ജ്യോ​തി​ഷ​ത്തിന്‌ സ്ഥാനമു​ണ്ടാ​യി​രു​ന്നു . . . മറേറത്‌ ബലി​ചെ​യ്യ​പ്പെട്ട മൃഗത്തി​ന്റെ കരൾ പരി​ശോ​ധി​ക്കുക എന്നതാ​യി​രു​ന്നു. . . . സൂര്യ​ന്റെ​യും ചന്ദ്ര​ന്റെ​യും അഞ്ചു ഗ്രഹങ്ങ​ളു​ടെ​യും നീക്കങ്ങൾ ആ ദേവതകൾ ചന്ദ്ര​ദേ​വ​നായ സിൻ സൂര്യ​ദേ​വ​നായ ഷമാഷ്‌ എന്നിവ​രോ​ടൊ​പ്പം ഭൂമി​യി​ലെ സംഭവങ്ങൾ തയ്യാറാ​ക്കു​ന്ന​താ​യി വീക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു.”—എൻ​സൈ​ക്ലോ​പ്പീ​ഡിയ ബ്രിട്ടാ​നിക്ക (1911), വാല്യം II പേ. 796.

ഈ ആചാര​ത്തോട്‌ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സ്രഷ്ടാ​വി​നു​ളള വീക്ഷണ​മെ​ന്താണ്‌?

ആവ. 18:10-12: “. . . പ്രശ്‌ന​ക്കാ​രൻ, മന്ത്രവാ​ദി, ലക്ഷണം നോക്കു​ന്നവൻ . . . എന്നിങ്ങ​നെ​യു​ള​ളവർ നിങ്ങളു​ടെ ഇടയിൽ ഉണ്ടായി​രി​ക്ക​രുത്‌. ഈ കാര്യങ്ങൾ ചെയ്യു​ന്ന​വ​നെ​ല്ലാം യഹോ​വക്ക്‌ വെറു​പ്പാ​കു​ന്നു.”

ബാബി​ലോ​ണി​യാ​ക്കാ​രോട്‌ അവൻ പറഞ്ഞു: “നിന്റെ ജ്യോ​തി​ഷ​ക്കാർ, മാസം തോറും നിനക്കു വരുവാ​നു​ള​ളത്‌ നിന്നെ അറിയി​ക്കു​ന്ന​വ​രാ​യി നക്ഷത്രം നോക്കു​ന്നവർ അതു തുടരു​ക​യും നിന്നെ രക്ഷിക്കു​ക​യും ചെയ്യട്ടെ! എന്നാൽ അവർ പതിർപോ​ലെ പാറി​പ്പോ​കു​ന്നു . . . ആയുഷ്‌ക്കാ​ലം മുഴുവൻ നിനക്ക്‌ ഇടപാട്‌ ഉണ്ടായി​രുന്ന നിന്റെ മന്ത്രവാ​ദി​കൾ അത്ര​യേ​യു​ളളു: അവർ ഓരോ​രു​ത്തൻ താന്താന്റെ വഴിക്ക്‌ പോയി​രി​ക്കു​ന്നു, നിന്നെ രക്ഷിക്കാൻ ആരുമില്ല.”—യെശ. 47:13-15, NE.