സ്ഥാപനം
നിർവ്വചനം: ഒരു പ്രത്യേക വേലക്കോ ഉദ്ദേശ്യത്തിനോ വേണ്ടി തങ്ങളുടെ ശ്രമങ്ങൾ സംയോജിക്കപ്പെടുന്ന വ്യക്തികളുടെ ഒരു സംഘടന അല്ലെങ്കിൽ സമൂഹം. ഒരു സ്ഥാപനത്തിലെ അംഗങ്ങൾ ഭരണപരമായ ക്രമീകരണങ്ങളാലും നിലവാരങ്ങളാലും അല്ലെങ്കിൽ നിബന്ധനകളാലും ഏകീകരിക്കപ്പെട്ടിരിക്കുന്നു. യഹോവയുടെ സമർപ്പിതരും സ്നാപനമേററവരുമായ സാക്ഷികൾ യഹോവയുടെ സ്ഥാപനത്തിലേക്ക് വരുന്നത് സ്വന്തം തെരഞ്ഞെടുപ്പിന്റെ ഫലമായിട്ടാണ്, ജനനത്താലോ എന്തെങ്കിലും നിർബന്ധത്താലോ അല്ല. അവർ അവന്റെ ഭൗമിക സ്ഥാപനത്തിലേക്ക് ആകർഷിക്കപ്പെട്ടത് അതിന്റെ പഠിപ്പിക്കലുകളും ആചാരങ്ങളും നിമിത്തവും അത് ചെയ്യുന്ന വേലയിൽ പങ്കുപററാൻ അവർ ആഗ്രഹിക്കുന്നതിനാലുമാണ്.
യഹോവക്ക് യഥാർത്ഥത്തിൽ ഇവിടെ ഭൂമിയിൽ ഒരു സ്ഥാപനമുണ്ടോ?
ആ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിന് പിൻവരുന്ന കാര്യങ്ങൾ പരിഗണിക്കുക:
ദൈവത്തിന്റെ സ്വർഗ്ഗീയ സൃഷ്ടികൾ, ദൂതൻമാർ, സംഘടിതരാണോ?
ദാനി. 7:9, 10: “സിംഹാസനങ്ങൾ പ്രതിഷ്ഠിക്കപ്പെടുകയും നാളുകൾക്ക് പുരാതനനായവൻ ഉപവിഷ്ടനാവുകയും ചെയ്യുന്നതുവരെ ഞാൻ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവന്റെ വസ്ത്രം ഹിമം പോലെ വെളുത്തതും അവന്റെ ശിരസ്സിലെ മുടി ശുദ്ധിയുളള ആട്ടിൻരോമം പോലെയുമായിരുന്നു. അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയുമായിരുന്നു. ഒരു അഗ്നിനദി അവന്റെ മുമ്പിൽ നിന്ന് പുറപ്പെട്ട് ഒഴുകി. ആയിരമായിരം പേർ അവന് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു. ന്യായവിസ്താര സഭ ഇരുന്നു, തുറക്കപ്പെട്ട പുസ്തകങ്ങളും ഉണ്ടായിരുന്നു.”
സങ്കീ. 103:20, 21: “അവന്റെ വചനത്തിന്റെ ശബ്ദം കേട്ട് അവന്റെ ആജ്ഞ അനുസരിക്കുന്ന വീരൻമാരായി അവന്റെ ദൂതൻമാരായുളേളാരെ യഹോവയെ വാഴ്ത്തുക. അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷകരായി അവന്റെ സകല സൈന്യങ്ങളുമായുളേളാരെ യഹോവയെ വാഴ്ത്തുക.” (ഒരു “സൈന്യം” സംഘടിപ്പിക്കപ്പെട്ട ഒരു കൂട്ടമാണ്.)
കഴിഞ്ഞ കാലങ്ങളിൽ ദൈവം എങ്ങനെയാണ് ഭൂമിയിലുളള തന്റെ ദാസൻമാർക്ക് നിർദ്ദേശങ്ങൾ എത്തിച്ചുകൊടുത്തിട്ടുളളത്?
യഹോവയുടെ ആരാധകർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ അവൻ നോഹയെയും അബ്രഹാമിനെയും പോലെയുളള കുടുംബത്തലവൻമാർക്ക് നിർദ്ദേശങ്ങൾ നൽകുകയും അവർ അവരുടെ കുടുംബങ്ങളോടുളള യഹോവയുടെ വക്താക്കളായി സേവിക്കുകയും ചെയ്തു. (ഉൽപ. 7:1, 7; 12:1-5) യഹോവ ഇസ്രായേല്യരെ ഈജിപ്ററിൽ നിന്ന് വിടുവിച്ചപ്പോൾ അവൻ മോശയിലൂടെ അവർക്ക് നിർദ്ദേശങ്ങൾ നൽകി. (പുറ. 3:10) സീനായ് പർവ്വതത്തിങ്കൽ വച്ച് അവരുടെ ആരാധനയെയും അന്യോന്യമുളള അവരുടെ ബന്ധങ്ങളെയും ഭരിക്കാനുളള നിയമങ്ങളും ചട്ടങ്ങളും നൽകിക്കൊണ്ട് ദൈവം ഒരു ജനതയെന്ന നിലയിൽ ജനങ്ങളെ സംഘടിപ്പിച്ചു. (പുറ. 24:12) ആരാധന സംബന്ധിച്ച കാര്യങ്ങളിൽ നേതൃത്വമെടുക്കാനും യഹോവയുടെ നിബന്ധനകൾ സംബന്ധിച്ച് ജനങ്ങളെ പഠിപ്പിക്കാനും അവൻ ഒരു പൗരോഹിത്യം സ്ഥാപിച്ചു; ജനങ്ങൾക്ക് ആവശ്യമായ പ്രബോധനവും മുന്നറിയിപ്പും നൽകാൻ ചില സന്ദർഭങ്ങളിൽ അവൻ പ്രവാചകൻമാരെയും എഴുന്നേൽപ്പിച്ചു. (ആവ. 33:8, 10; യിരെ. 7:24, 25) അപ്രകാരം യഹോവ വ്യക്തികളായ ആരാധകരുടെ പ്രാർത്ഥന കേട്ടിരുന്നെങ്കിലും അവർക്കുവേണ്ടിയുളള പ്രബോധനങ്ങൾ അവൻ ഒരു സ്ഥാപനക്രമീകരണത്തിലൂടെ നൽകി.
സത്യാരാധകരെ യേശുക്രിസ്തുവിലൂടെ തന്നോട് ഏകീഭവിപ്പിക്കാൻ ആരംഭിക്കുന്നതിനുളള സമയം ആഗതമായപ്പോൾ തന്റെ വക്താവായി സേവിക്കുന്നതിന് ദൈവം അവനെ ഭൂമിയിലേക്ക് അയച്ചു. (എബ്രാ. 1:1, 2) പിന്നീട് പൊ. യു. 33-ലെ പരിശുദ്ധാത്മാവിന്റെ പകരലോടെ ക്രിസ്തീയ സഭ സ്ഥാപിക്കപ്പെട്ടു. യേശു സ്വർഗ്ഗത്തിലേക്ക് തിരികെ പോയ ശേഷം ഈ സഭ വ്യക്തികളായ ക്രിസ്ത്യാനികളെ പ്രബോധിപ്പിക്കുന്നതിനും അവരുടെ ശ്രമങ്ങൾ സംയോജിപ്പിക്കുന്നതിനുമുളള യഹോവയുടെ ക്രമീകരണമായിത്തീർന്നു. പ്രാദേശിക സഭകളിൽ നേതൃത്വമെടുക്കുന്നതിന് മേൽവിചാരകൻമാരുണ്ടായിരുന്നു, ഒരു കേന്ദ്ര ഭരണ സംഘം ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്തു. വ്യക്തമായും, ഭൂമിയിൽ സത്യക്രിസ്ത്യാനികൾ അടങ്ങുന്ന ഒരു സ്ഥാപനത്തെ യഹോവ ആസ്തിക്യത്തിലേക്ക് കൊണ്ടു വന്നിരുന്നു.—പ്രവൃ. 14:23; 16:4, 5; ഗലാ. 2:7-10.
ഭൗതിക സൃഷ്ടി സംബന്ധിച്ച യഹോവയുടെ പ്രവർത്തനം അവന് ഒരു സ്ഥാപനമുണ്ടെന്ന് സൂചിപ്പിക്കുന്നുവോ?
യെശ. 40:26: “നിങ്ങളുടെ കണ്ണുകളെ മേലോട്ടുയർത്തി നോക്കുക. ഇവയെ സൃഷ്ടിച്ചതാർ? അത് അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുന്നവനും അവയെയെല്ലാം പേർ ചൊല്ലി വിളിക്കുന്നവനുമാണ്. ചലനാത്മക ഊർജ്ജത്തിന്റെ സമൃദ്ധി നിമിത്തവും അവൻ ബലത്തിൽ ഊർജ്ജസ്വലനാകയാലും അവയിൽ ഒന്നുപോലും ഇല്ലാതെ പോകുന്നില്ല.” (ഒററപ്പെട്ട നക്ഷത്രങ്ങളുടെ സവിശേഷതകൾ വ്യത്യസ്തങ്ങളാണെങ്കിലും അവ വ്യൂഹങ്ങളായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയും അന്യോന്യം ബന്ധപ്പെട്ട് ചലിക്കുകയും ചെയ്യുന്നു. ഗ്രഹങ്ങൾ അവയുടെ നിശ്ചിത ഭ്രമണപഥങ്ങളിൽ സമയകൃത്യതയോടെ നീങ്ങുന്നു. എല്ലാ മൂലകങ്ങളുടെയും ഓരോ ആററത്തിലും കാണപ്പെടുന്ന ഇലക്ട്രോണുകൾക്കും ഭ്രമണപഥങ്ങളുണ്ട്. എല്ലാ ഭൗമിക വസ്തുക്കളുടെയും ഘടന പരസ്പര യോജിപ്പിലുളള ചില ഗണിതശാസ്ത്ര മാതൃകകൾക്കൊത്തവണ്ണമാകയാൽ കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പുതന്നെ ചില മൂലകങ്ങളുടെ ആസ്തിക്യം ശാസ്ത്രജ്ഞൻമാർക്ക് മുൻകൂട്ടിപ്പറയാൻ കഴിഞ്ഞു. ഇതെല്ലാം അസാധാരണമായ സംവിധാനപാടവത്തിന്റെ തെളിവ് നൽകുന്നു.)
യഥാർത്ഥ ക്രിസ്ത്യാനികൾ ഒരു സംഘടിത ജനമായിരിക്കുമെന്ന് ബൈബിൾ പ്രകടമാക്കുന്നുണ്ടോ?
മത്താ. 24:14; 28:19, 20: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായിട്ട് നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും അപ്പോൾ അവസാനം വരും.” “ആകയാൽ പോയി . . . പഠിപ്പിച്ചും സ്നാപനപ്പെടുത്തിയുംകൊണ്ട് സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കിക്കൊൾക.” (ഒരു സ്ഥാപനമില്ലാതെ ഇതെങ്ങനെയാണ് സാദ്ധ്യമാവുക? ഈ വേലക്കു വേണ്ടി യേശു തന്റെ ആദിമ ശിഷ്യൻമാരെ പരിശീലിപ്പിച്ചപ്പോൾ ഓരോരുത്തരും തങ്ങൾക്ക് ഇഷ്ടമുളേളടത്തുപോയി തങ്ങൾക്ക് ബോധിച്ച വിധത്തിൽ തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കാനല്ല അവരോട് പറഞ്ഞത്. അവൻ അവരെ പരിശീലിപ്പിക്കുകയും അവർക്ക് നിർദ്ദേശങ്ങൾ നൽകുകയും സംഘടിതമായ ഒരു രീതിയിൽ അവരെ അയക്കുകയുമാണ് ചെയ്തത്. ലൂക്കോസ് 8:1; 9:1-6; 10:1-16 കാണുക.)
എബ്രാ. 10:24, 25: “ചിലർ ഒരു പതിവാക്കിയിരിക്കുന്നതുപോലെ നമ്മുടെ കൂടിവരവുകളെ ഉപേക്ഷിക്കാതെ, തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട് നമുക്ക് സ്നേഹത്തിനും സൽപ്രവൃത്തികൾക്കും അന്യോന്യം ഉൽസാഹിപ്പിക്കാം. നാൾ അടുത്തുവരുന്നതു കാണുമ്പോൾ അത് അധികമധികമായി ചെയ്യാം.” (എന്നാൽ അവർക്കു കൂടിവരാൻ കഴിയുന്ന ക്രമമായ മീററിംഗുകളോടുകൂടിയ ഒരു സ്ഥാപനമില്ലായിരുന്നെങ്കിൽ ഈ കൽപന അനുസരിക്കാൻ തക്കവണ്ണം ഒരുവൻ താൽപര്യക്കാരെ എങ്ങോട്ടാണ് നയിക്കുക?)
1 കൊരി. 14:33, 40: “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.” . . . എല്ലാ കാര്യങ്ങളും മാന്യമായും ക്രമീകൃതമായും നടക്കട്ടെ.” (സഭായോഗങ്ങളിലെ ക്രമീകൃതമായ നടപടിക്രമങ്ങളാണ് അപ്പോസ്തലനായ പൗലോസ് ഇവിടെ ചർച്ചചെയ്യുന്നത്. ഈ നിശ്വസ്ത ബുദ്ധിയുപദേശം ബാധകമാക്കുന്നതിന് സ്ഥാപനത്തോടുളള ആദരവ് ആവശ്യമാണ്.)
1 പത്രോ. 2:9, 17: “നിങ്ങളോ അന്ധകാരത്തിൽ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിക്കേണ്ടതിന് തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വർഗ്ഗവും വിശുദ്ധ ജനതയും ഒരു പ്രത്യേക സമ്പത്തായ ജനവുമാകുന്നു. . . . മുഴുസഹോദരവർഗ്ഗത്തോടും സ്നേഹമുണ്ടായിരിക്കുക.” (ഒരു പ്രത്യേക വേല നിർവ്വഹിക്കുന്നതിനുവേണ്ടി തങ്ങളുടെ ശ്രമം തിരിച്ചുവിടപ്പെടുന്ന ആളുകളുടെ സംഘടന ഒരു സ്ഥാപനമാണ്.)
ദൈവത്തിന്റെ വിശ്വസ്ത ദാസൻമാരായിരിക്കുന്നവർ കേവലം ക്രൈസ്തവലോകത്തിലെ വിവിധ സഭകളിൽ ചിതറിക്കിടക്കുന്ന വ്യക്തികൾ ആണോ?
2 കൊരി. 6:15-18: “വിശ്വസ്തനായ ഒരു വ്യക്തിക്ക് ഒരു അവിശ്വാസിയുമായി എന്തു പങ്കാണുളളത്? . . . ‘അതുകൊണ്ട് അവരുടെ ഇടയിൽ നിന്ന് പുറത്തുകടക്കുകയും നിങ്ങളെത്തന്നെ വേർപെടുത്തുകയും ചെയ്യുക’ എന്ന് യഹോവ അരുളിചെയ്യുന്നു. ‘അശുദ്ധമായത് എന്തെങ്കിലും തൊടുന്നതിൽ നിന്ന് ഒഴിഞ്ഞിരിക്ക’; ‘ഞാൻ നിങ്ങളെ കൈക്കൊളളുകയും നിങ്ങൾക്കു ഒരു പിതാവായിരിക്കുകയും നിങ്ങൾ എനിക്ക് പുത്രൻമാരും പുത്രിമാരും ആയിരിക്കുകയും ചെയ്യും,’ എന്ന് സർവ്വശക്തനായ യഹോവ അരുളിച്ചെയ്യുന്നു.” (തങ്ങളുടെ ജീവിത ഗതികൊണ്ട് തങ്ങൾ യഥാർത്ഥത്തിൽ അവിശ്വാസികളാണെന്ന് തെളിയിക്കുന്ന ആളുകളോടുകൂടെ ഒരു വ്യക്തി ആരാധനയിൽ പങ്കു ചേരുന്നതിൽ തുടരുന്നുവെങ്കിൽ അയാൾ ദൈവത്തിന്റെ ഒരു വിശ്വസ്ത ദാസനാണോ? “മഹാബാബിലോൺ” എന്ന മുഖ്യ ശീർഷകം കാണുക.)
1 കൊരി. 1:10: “സഹോദരൻമാരെ, നിങ്ങൾ എല്ലാവരും യോജിപ്പിൽ സംസാരിക്കണമെന്നും നിങ്ങളുടെയിടയിൽ ഭിന്നത ഭവിക്കാതെ നിങ്ങൾ ഒരേ മനസ്സിലും ഒരേ ചിന്തയിലും ഉചിതമായി യോജിപ്പിലായിരിക്കണമെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.” (അത്തരം ഐക്യം ക്രൈസ്തവലോകത്തിലെ വിവിധ സഭകൾക്കിടയിൽ ഇല്ല.)
യോഹ. 10:16: “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കുണ്ട്, അവയെയും ഞാൻ കൊണ്ടുവരേണ്ടതാകുന്നു, അവ എന്റെ സ്വരം ശ്രവിക്കും, അവ ഏക ആട്ടിൻകൂട്ടവും ഏക ഇടയനുമാകും.” (അങ്ങനെയുളളവരെ യേശു ഒരു ആട്ടിൻകൂട്ടത്തിലേക്ക് കൊണ്ടുവരുമെന്നതിനാൽ അവർക്ക് ക്രൈസ്തവലോകത്തിലെ മതങ്ങളിൽ ചിതറിക്കപ്പെട്ട നിലയിലായിരിക്കാൻ കഴിയുകയില്ല എന്നത് വ്യക്തമല്ലേ?)
നമ്മുടെ നാളിൽ യഹോവയുടെ ദൃശ്യസ്ഥാപനം എങ്ങനെ തിരിച്ചറിയപ്പെടാൻ കഴിയും?
(1) അത് വാസ്തവത്തിൽ യഹോവയുടെ നാമത്തെ മഹത്വീകരിച്ചുകൊണ്ട് ഏക സത്യദൈവമെന്നനിലയിൽ അവനെ സമുന്നതനാക്കി കാണിക്കുന്നു.—മത്താ. 4:10; യോഹ. 17:3.
(2) യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപകൻ, ജീവന്റെ മുഖ്യകാര്യസ്ഥൻ, ക്രിസ്തീയ സഭയുടെ ശിരസ്സ്, വാഴുന്ന മശിഹൈക രാജാവ് എന്നീ നിലകളിൽ യേശുക്രിസ്തുവിന്റെ ജീവൽപ്രധാനമായ സ്ഥാനം അത് പൂർണ്ണമായി അംഗീകരിക്കുന്നു.—വെളി. 19:11-13; 12:10; പ്രവൃ. 5:31; എഫേ. 1:22, 23.
(3) അതിന്റെ എല്ലാ പഠിപ്പിക്കലുകൾക്കും പെരുമാററം സംബന്ധിച്ച നിലവാരങ്ങൾക്കും ബൈബിളിനെ അടിസ്ഥാനമാക്കിക്കൊണ്ട് അത് ദൈവത്തിന്റെ നിശ്വസ്ത വചനത്തോട് അടുത്തു പററിനിൽക്കുന്നു.—2 തിമൊ. 3:16, 17.
(4) അത് ലോകത്തിൽ നിന്ന് വേർപെട്ടിരിക്കുന്നു.—യാക്കോ. 1:27; 4:4.
(5) യഹോവ തന്നെ വിശുദ്ധനായിരിക്കുന്നതുകൊണ്ട് അത് അതിന്റെ അംഗങ്ങൾക്കിടയിൽ ധാർമ്മികശുദ്ധി സംബന്ധിച്ച ഒരു ഉയർന്ന നിലവാരം പാലിക്കുന്നു.—1 പത്രോ. 1:15, 16; 1 കൊരി. 5:9-13.
(6) നമ്മുടെ നാളിലേക്ക് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ വേല നിർവ്വഹിക്കുന്നതിന് അത് അതിന്റെ മുഖ്യ ശ്രമങ്ങൾ നടത്തുന്നു, അതായത് മുഴുലോകത്തിന്റെയും മത്താ. 24:14.
സാക്ഷ്യത്തിനായുളള രാജ്യത്തിന്റെ സുവാർത്തയുടെ പ്രസംഗം.—(7) മാനുഷ അപൂർണ്ണതകൾ ഉണ്ടെങ്കിലും അതിന്റെ അംഗങ്ങൾ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നീ ദൈവാത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തുകയും ഉൽപാദിപ്പിക്കുകയും ചെയ്യുന്നു; പൊതു ലോകത്തിൽ നിന്ന് അവരെ വേർതിരിച്ചു നിറുത്തുന്ന അളവോളം അവർ അങ്ങനെ ചെയ്യുന്നു.—ഗലാ. 5:22, 23; യോഹ. 13:35.
യഹോവയുടെ സ്ഥാപനത്തോട് നമുക്ക് എങ്ങനെ ആദരവ് പ്രകടമാക്കാൻ കഴിയും?
1 കൊരി. 10:31: “എല്ലാം ദൈവമഹത്വത്തിനായി ചെയ്യുക.”
എബ്രാ. 13:17: “നിങ്ങളുടെയിടയിൽ നേതൃത്വമെടുക്കുന്നവരെ അനുസരിച്ച് അവർക്ക് കീഴടങ്ങിയിരിക്കുക, എന്തുകൊണ്ടെന്നാൽ കണക്കുബോധിപ്പിക്കേണ്ടവരെന്ന നിലയിൽ അവർ നിങ്ങളുടെ ദേഹികളെ കാവൽ ചെയ്യുന്നു.”
യാക്കോ. 1:22: “വചനത്തിന്റെ കേൾവിക്കാർ മാത്രമായിരിക്കാതെ അതിനെ ചെയ്യുന്നവരായിരിക്കുക.”
തീത്തോ. 2:11, 12: “അഭക്തിയും ലൗകിക മോഹങ്ങളും നിരാകരിക്കാനും സുബോധത്തോടും നീതിയോടും ദൈവിക ഭക്തിയോടുംകൂടെ ജീവിക്കാനും നമ്മെ പ്രബോധിപ്പിച്ചുകൊണ്ട് എല്ലാത്തരം ആളുകൾക്കും രക്ഷ കൈവരുത്തുന്ന ദൈവത്തിന്റെ അനർഹദയ പ്രത്യക്ഷമാക്കപ്പെട്ടിരിക്കുന്നു.”
1 പത്രോ. 2:17: “മുഴു സഹോദരസമൂഹത്തെയും സ്നേഹിക്കുക.”