വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ത്യനാളുകളിൽ സത്യാരാധകരെ തിരിച്ചറിയൽ

അന്ത്യനാളുകളിൽ സത്യാരാധകരെ തിരിച്ചറിയൽ

അധ്യായം പതി​നേഴ്‌

അന്ത്യനാ​ളു​ക​ളിൽ സത്യാ​രാ​ധ​കരെ തിരി​ച്ച​റി​യൽ

1. ദാനീ​യേൽ 7-ാം അധ്യായം അനുസ​രിച്ച്‌, പ്രതി​രോ​ധ​മി​ല്ലാത്ത ചെറി​യൊ​രു കൂട്ടം ആളുകൾക്കു നമ്മുടെ നാളിൽ ഏത്‌ അസാധാ​രണ അനുഭ​വങ്ങൾ ഉണ്ടാ​കേ​ണ്ടി​യി​രു​ന്നു?

 പ്രതി​രോ​ധ​മി​ല്ലാത്ത ചെറി​യൊ​രു കൂട്ടം ആളുകൾ ഒരു വൻ ലോക​ശ​ക്തി​യു​ടെ നീചമായ ആക്രമ​ണ​ത്തി​നു വിധേ​യ​രാ​കു​ന്നു. എന്നാൽ ഒരു പോറൽപോ​ലും ഏൽക്കാതെ അവർ രക്ഷപ്പെ​ടു​ന്നു, പുതു​ക്ക​പ്പെ​ടുക പോലും ചെയ്യുന്നു. പക്ഷേ അത്‌ അവരുടെ സ്വന്തം ശക്തിയാൽ അല്ല, പിന്നെ​യോ യഹോ​വ​യാം ദൈവം അവരെ മൂല്യ​മു​ള്ള​വ​രാ​യി കരുതു​ന്ന​തി​നാ​ലാണ്‌. 20-ാം നൂറ്റാ​ണ്ടി​ന്റെ പ്രാരംഭ ഭാഗത്ത്‌ അരങ്ങേ​റിയ ഈ സംഭവങ്ങൾ ദാനീ​യേൽ പുസ്‌തകം 7-ാം അധ്യായം മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. എന്നാൽ, അവർ ആരായി​രു​ന്നു? ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ അതേ അധ്യായം അവരെ “അത്യു​ന്ന​ത​നാ​യ​വന്റെ,” അതായത്‌ യഹോ​വ​യാം ദൈവ​ത്തി​ന്റെ “വിശു​ദ്ധ​ന്മാർ” എന്നു പരാമർശി​ച്ചു. ഇവർ ഒടുവിൽ മിശി​ഹൈക രാജ്യ​ത്തിൽ സഹഭര​ണാ​ധി​പ​ന്മാർ ആയിരി​ക്കു​മെ​ന്നും അതു വെളി​പ്പെ​ടു​ത്തി!—ദാനീ​യേൽ 7:13, 14, 18, 21, 22, 25-27.

2. (എ) തന്റെ അഭിഷിക്ത ദാസന്മാ​രെ കുറി​ച്ചുള്ള യഹോ​വ​യു​ടെ വികാരം എന്താണ്‌? (ബി) ഈ നാളു​ക​ളിൽ ജ്ഞാനപൂർവ​ക​മായ ഗതി എന്തായി​രി​ക്കും?

2 ദാനീ​യേൽ 11-ാം അധ്യാ​യ​ത്തിൽ നിന്നു നാം പഠിച്ച​തു​പോ​ലെ, ഈ വിശ്വസ്‌ത ജനത്തിന്റെ സുരക്ഷി​ത​മായ ആത്മീയ ദേശത്തെ ഭീഷണി​പ്പെ​ടു​ത്തു​ന്ന​തി​നെ തുടർന്ന്‌ വടക്കേ​ദേ​ശത്തെ രാജാ​വിന്‌ അന്തിമ നാശം സംഭവി​ക്കും. (ദാനീ​യേൽ 11:45; യെഹെ​സ്‌കേൽ 38:18-23 താരത​മ്യം ചെയ്യുക.) അതേ, യഹോവ തന്റെ വിശ്വസ്‌ത അഭിഷി​ക്തർക്കു വളരെ​യേറെ സംരക്ഷണം പ്രദാനം ചെയ്യുന്നു. സങ്കീർത്തനം 105:14, 15 നമ്മോടു പറയുന്നു: “അവരുടെ നിമിത്തം അവൻ [യഹോവ] രാജാ​ക്ക​ന്മാ​രെ ശാസിച്ചു: എന്റെ അഭിഷി​ക്ത​ന്മാ​രെ തൊട​രു​തു, എന്റെ പ്രവാ​ച​ക​ന്മാർക്കു ഒരു ദോഷ​വും ചെയ്യരു​തു.” ആയതി​നാൽ, വർധി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന “മഹാപു​രു​ഷാര”ത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രക്ഷു​ബ്ധ​മായ ഈ നാളു​ക​ളിൽ വിശു​ദ്ധ​ന്മാ​രു​മാ​യി സാധി​ക്കു​ന്നത്ര അടുത്തു സഹവസി​ക്കു​ന്നതു തികച്ചും ജ്ഞാനപൂർവകം ആയിരി​ക്കും എന്നതി​നോ​ടു നിങ്ങൾ യോജി​ക്കു​ന്നി​ല്ലേ? (വെളി​പ്പാ​ടു 7:9; സെഖര്യാ​വു 8:23) ചെമ്മരി​യാ​ടു തുല്യ​രാ​യവർ കൃത്യ​മാ​യും അങ്ങനെ​തന്നെ ചെയ്യണ​മെന്ന്‌, അതായത്‌ തന്റെ അഭിഷിക്ത ആത്മീയ സഹോ​ദ​ര​ന്മാ​രെ അവരുടെ വേലയിൽ പിന്തു​ണ​ച്ചു​കൊണ്ട്‌ അവരോ​ടു സഹവസി​ക്ക​ണ​മെന്ന്‌ യേശു പറഞ്ഞു.—മത്തായി 25:31-46; ഗലാത്യർ 3:29.

3. (എ) യേശു​വി​ന്റെ അഭിഷിക്ത അനുഗാ​മി​കളെ കണ്ടെത്തി അവരോട്‌ അടുത്തു നില​കൊ​ള്ളുക എളുപ്പ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ഇതി​നോ​ടുള്ള ബന്ധത്തിൽ ദാനീ​യേൽ 12-ാം അധ്യായം എങ്ങനെ സഹായകം ആയിരി​ക്കും?

3 എന്നാൽ ദൈവ​ത്തി​ന്റെ ശത്രു​വായ സാത്താൻ അഭിഷി​ക്തർക്ക്‌ എതിരെ സർവശ​ക്തി​യും ഉപയോ​ഗി​ച്ചു പോരാ​ടു​ക​യാണ്‌. അവൻ വ്യാജ മതത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു, വ്യാജ ക്രിസ്‌ത്യാ​നി​ക​ളെ​ക്കൊ​ണ്ടു ഫലപ്ര​ദ​മാ​യി ലോകത്തെ നിറയ്‌ക്കു​ക​തന്നെ ചെയ്‌തി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി അനേകർ വഴി​തെ​റ്റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. സത്യമ​തത്തെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​വരെ എന്നെങ്കി​ലും കണ്ടെത്താ​നാ​കു​മോ എന്നു മറ്റു ചിലർ വ്യാകു​ല​പ്പെ​ടു​ന്നു. (മത്തായി 7:15, 21-23; വെളി​പ്പാ​ടു 12:9, 17) വിശ്വാ​സ​ത്തി​നു തുരങ്കം വെക്കാൻ ഈ ലോകം സദാ ശ്രമി​ക്കു​ന്ന​തി​നാൽ, “ചെറിയ ആട്ടിൻകൂട്ട”ത്തെ കണ്ടെത്തി അവരോ​ടു സഹവസി​ക്കു​ന്നവർ പോലും വിശ്വാ​സം നിലനിർത്താൻ യത്‌നി​ക്കേ​ണ്ട​തുണ്ട്‌. (ലൂക്കൊസ്‌ 12:32) നിങ്ങളെ സംബന്ധി​ച്ചോ? നിങ്ങൾ “അത്യു​ന്ന​ത​നാ​യ​വന്റെ വിശു​ദ്ധന്മാ”രെ കണ്ടെത്തി അവരോ​ടു സഹവസി​ക്കു​ന്നു​വോ? ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വരെ ആണ്‌ നിങ്ങൾ കണ്ടെത്തി​യി​രി​ക്കു​ന്നത്‌ എന്നു വ്യക്തമാ​ക്കുന്ന ശക്തമായ തെളിവു നിങ്ങൾക്കു​ണ്ടോ? അത്തരം തെളി​വി​നു നിങ്ങളു​ടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കാൻ കഴിയും. ഈ ലോക​ത്തി​ലെ മതപര​മായ കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥ മനസ്സി​ലാ​ക്കു​ന്ന​തി​നു മറ്റുള്ള​വരെ സഹായി​ക്കാൻ അതു നിങ്ങളെ സജ്ജരാ​ക്കു​ക​യും ചെയ്യും. ഈ ജീവര​ക്ഷാ​ക​ര​മായ പരിജ്ഞാ​ന​ത്താൽ സമൃദ്ധ​മാ​ണു ദാനീ​യേൽ 12-ാം അധ്യായം.

മഹാ​പ്രഭു പ്രവർത്ത​ന​ത്തിൽ

4. (എ) ദാനീ​യേൽ 12:1 മീഖാ​യേ​ലി​നെ കുറിച്ച്‌ ഏതു രണ്ടു വ്യതി​രിക്ത കാര്യങ്ങൾ മുൻകൂ​ട്ടി പറയുന്നു? (ബി) ഒരു രാജാവ്‌ “നില്‌ക്കു”ന്നു എന്നതിന്‌ ദാനീ​യേൽ പുസ്‌ത​ക​ത്തിൽ മിക്ക​പ്പോ​ഴും എന്ത്‌ അർഥമാണ്‌ ഉള്ളത്‌?

4 ദാനീ​യേൽ 12:1 ഇപ്രകാ​രം പറയുന്നു: “ആ കാലത്തു നിന്റെ സ്വജാ​തി​ക്കാർക്കു​തു​ണ​നി​ല്‌ക്കുന്ന മഹാ​പ്ര​ഭു​വായ മീഖാ​യേൽ എഴു​ന്നേ​ല്‌ക്കും.” ഈ വാക്യം മീഖാ​യേ​ലി​നെ കുറിച്ചു പിൻവ​രുന്ന രണ്ടു വ്യതി​രിക്ത കാര്യങ്ങൾ മുൻകൂ​ട്ടി പറയുന്നു: ഒന്ന്‌, അവൻ “നില്‌ക്കു”കയാണ്‌. ഒരു കാലഘ​ട്ട​ത്തേക്കു ദീർഘി​ക്കുന്ന കാര്യാ​ദി​ക​ളു​ടെ ഒരു അവസ്ഥയെ ആണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. രണ്ട്‌, അവൻ “എഴു​ന്നേ​ല്‌ക്കും.” ആ കാലഘ​ട്ട​ത്തി​ലെ ഒരു സംഭവത്തെ ആണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. ആദ്യം നാം, മീഖാ​യേൽ ദാനീ​യേ​ലി​ന്റെ “സ്വജാ​തി​ക്കാർക്കു തുണനി​ല്‌ക്കുന്ന” കാലഘട്ടം അറിയണം. മീഖാ​യേൽ എന്നത്‌ സ്വർഗീയ ഭരണാ​ധി​കാ​രി എന്ന നിലയിൽ യേശു​വി​നു നൽക​പ്പെ​ട്ടി​രി​ക്കുന്ന ഒരു പേരാ​ണെന്ന്‌ ഓർമി​ക്കുക. അവൻ “നില്‌ക്കു”കയാ​ണെ​ന്നുള്ള പരാമർശം ദാനീ​യേൽ പുസ്‌ത​ക​ത്തി​ന്റെ ഇതര ഭാഗങ്ങ​ളിൽ ഈ പ്രയോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കുന്ന വിധം നമ്മെ ഓർമി​പ്പി​ക്കു​ന്നു. മിക്ക​പ്പോ​ഴും അത്‌ ഒരു രാജാ​വി​ന്റെ പ്രവർത്ത​ന​ങ്ങളെ, രാജകീയ അധികാ​രം ഏറ്റെടു​ക്കു​ന്നതു പോലു​ള്ള​വയെ, പരാമർശി​ക്കു​ന്നു.—ദാനീ​യേൽ 11:2-4, 7, 20, 21, NW.

5, 6. (എ) മീഖാ​യേൽ നിൽക്കു​ന്നത്‌ ഏതു കാലഘ​ട്ട​ത്തി​ലാണ്‌? (ബി) മീഖാ​യേൽ “എഴു​ന്നേ​ല്‌ക്കു”ന്നത്‌ എന്ന്‌, എങ്ങനെ, എന്തു ഫലത്തോ​ടെ?

5 ദൂതൻ ഇവിടെ ബൈബിൾ പ്രവച​ന​ത്തി​ന്റെ ഇതര ഭാഗങ്ങ​ളിൽ വ്യക്തമാ​ക്കി​യി​ട്ടുള്ള ഒരു കാലഘ​ട്ട​ത്തി​ലേക്കു വിരൽ ചൂണ്ടു​ക​യാ​യി​രു​ന്നു എന്നു വ്യക്തം. യേശു അതിനെ തന്റെ “സാന്നി​ധ്യം” (ഗ്രീക്ക്‌, പറൂസിയ) എന്നു വിളിച്ചു. അവൻ സ്വർഗ​ത്തിൽ രാജാ​വാ​യി വാഴു​മ്പോ​ഴാണ്‌ അതു സംഭവി​ക്കുക. (മത്തായി 24:37-39, NW) കൂടാതെ, ഈ കാലഘട്ടം “അന്ത്യദി​നങ്ങൾ” എന്നും “അന്ത്യകാ​ലം” എന്നും വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1, ഓശാന ബൈ.; ദാനീ​യേൽ 12:4, 9) 1914-ൽ ആ കാലഘട്ടം തുടങ്ങി​യതു മുതൽ മീഖാ​യേൽ സ്വർഗ​ത്തിൽ രാജാവ്‌ എന്ന നിലയിൽ നിൽക്കു​ക​യാണ്‌.—യെശയ്യാ​വു 11:10; വെളി​പ്പാ​ടു 12:7-9 എന്നിവ താരത​മ്യം ചെയ്യുക.

6 എന്നാൽ, മീഖാ​യേൽ എന്നാണ്‌ “എഴു​ന്നേ​ല്‌ക്കു”ക? ഒരു സവിശേഷ നടപടി സ്വീക​രി​ക്കാ​നാ​യി അവൻ രംഗ​പ്ര​വേശം ചെയ്യു​മ്പോൾ. ഭാവി​യിൽ യേശു അതു ചെയ്യും. ദൂത സൈന്യ​ത്തി​ന്റെ തലവനാ​യി പുറ​പ്പെട്ട്‌ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ മേൽ നാശം വിതയ്‌ക്കുന്ന ശക്തനായ മിശി​ഹൈക രാജാ​വാ​യി വെളി​പ്പാ​ടു 19:11-16 യേശു​വി​നെ പ്രാവ​ച​നി​ക​മാ​യി വർണി​ക്കു​ന്നു. ദാനീ​യേൽ 12:1 ഇങ്ങനെ തുടരു​ന്നു: “ഒരു ജാതി ഉണ്ടായ​തു​മു​തൽ ഈകാ​ലം​വരെ സംഭവി​ച്ചി​ട്ടി​ല്ലാത്ത കഷ്ടകാലം ഉണ്ടാകും.” യഹോവ ഉപയോ​ഗി​ക്കുന്ന മുഖ്യ വധനിർവാ​ഹകൻ എന്ന നിലയിൽ ക്രിസ്‌തു, പ്രവചി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന “മഹോ​പ​ദ്രവ” സമയത്തു മുഴു ദുഷ്ടവ്യ​വ​സ്ഥി​തി​ക്കും അന്തം വരുത്തും.—മത്തായി 24:21, NW; യിരെ​മ്യാ​വു 25:33; 2 തെസ്സ​ലൊ​നീ​ക്യർ 1:6-8; വെളി​പ്പാ​ടു 7:14, NW; 16:14, 16.

7. (എ) ആഗതമാ​കുന്ന “കഷ്ടകാല”ത്ത്‌ എല്ലാ വിശ്വ​സ്‌തർക്കും എന്തു പ്രത്യാ​ശ​യുണ്ട്‌? (ബി) എന്താണ്‌ യഹോ​വ​യു​ടെ പുസ്‌തകം, അതിൽ പേരു​ണ്ടാ​യി​രി​ക്കുക മർമ​പ്ര​ധാ​നം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 ആ ഭീതി​ദ​മായ നാളിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​വ​രു​ടെ ഗതി എന്തായി​രി​ക്കും? ദാനീ​യേ​ലി​നോ​ടു കൂടു​ത​ലാ​യി ഇങ്ങനെ പറയ​പ്പെട്ടു: “അന്നു നിന്റെ ജനം, പുസ്‌ത​ക​ത്തിൽ എഴുതി​ക്കാ​ണുന്ന ഏവനും തന്നേ, രക്ഷപ്രാ​പി​ക്കും.” (ലൂക്കൊസ്‌ 21:34-36 താരത​മ്യം ചെയ്യുക.) ഈ പുസ്‌തകം എന്താണ്‌? അടിസ്ഥാ​ന​പ​ര​മാ​യി, തന്റെ ഇഷ്ടം ചെയ്യു​ന്ന​വരെ കുറി​ച്ചുള്ള യഹോ​വ​യാം ദൈവ​ത്തി​ന്റെ ഓർമയെ ആണ്‌ ഇതു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌. (മലാഖി 3:16; എബ്രായർ 6:10) ഈ ജീവപു​സ്‌ത​ക​ത്തിൽ പേർ എഴുത​പ്പെ​ട്ടി​ട്ടു​ള്ള​വ​രാണ്‌ ലോക​ത്തി​ലെ ഏറ്റവും സുരക്ഷി​ത​രായ ആളുകൾ. കാരണം, അവർ ദിവ്യ സംരക്ഷണം ആസ്വദി​ക്കു​ന്നു. അവർക്ക്‌ എന്തു ദോഷം ഭവിച്ചാ​ലും അത്‌ ഇല്ലായ്‌മ ചെയ്യാൻ സാധി​ക്കും, അപ്രകാ​രം ചെയ്യു​ക​യും ചെയ്യും. വരാനി​രി​ക്കുന്ന ഈ “കഷ്ടകാല”ത്തിനു മുമ്പു മരിച്ചാൽ പോലും അവർ യഹോ​വ​യു​ടെ സീമാ​തീത സ്‌മര​ണ​യിൽ നില​കൊ​ള്ളും. യേശു​ക്രി​സ്‌തു​വി​ന്റെ ആയിര​വർഷ വാഴ്‌ച​യിൽ യഹോവ അവരെ ഓർമിച്ച്‌ പുനരു​ത്ഥാ​ന​ത്തിൽ കൊണ്ടു​വ​രും.—പ്രവൃ​ത്തി​കൾ 24:15; വെളി​പ്പാ​ടു 20:4-6.

വിശു​ദ്ധ​ന്മാർ ‘ഉണരുന്നു’

8. ദാനീ​യേൽ 12:2 ഏതു ഹൃദ്യ​മായ പ്രത്യാശ വെച്ചു​നീ​ട്ടു​ന്നു?

8 പുനരു​ത്ഥാന പ്രത്യാശ തീർച്ച​യാ​യും ആശ്വാ​സ​പ്ര​ദ​മാണ്‌. അതിനെ പരാമർശി​ച്ചു​കൊണ്ട്‌ ദാനീ​യേൽ 12:2 ഇപ്രകാ​രം പറയുന്നു: “നിലത്തി​ലെ പൊടി​യിൽ നിദ്ര​കൊ​ള്ളു​ന്ന​വ​രിൽ പലരും ചിലർ നിത്യ​ജീ​വ​ന്നാ​യും ചിലർ ലജ്ജെക്കും നിത്യ​നി​ന്ദെ​ക്കു​മാ​യും ഉണരും.” (യെശയ്യാ​വു 26:19 താരത​മ്യം ചെയ്യുക.) ഒരു പൊതു പുനരു​ത്ഥാ​നത്തെ കുറി​ച്ചുള്ള യേശു​ക്രി​സ്‌തു​വി​ന്റെ ഹൃദയ​സ്‌പർശി​യായ വാഗ്‌ദാ​നം ഈ വാക്കുകൾ നമ്മെ ഓർമി​പ്പി​ച്ചേ​ക്കാം. (യോഹ​ന്നാൻ 5:28, 29) എന്തൊരു പുളക​പ്ര​ദ​മായ പ്രത്യാശ! മരിച്ചു​പോയ പ്രിയ​പ്പെട്ട സുഹൃ​ത്തു​ക്കൾക്കും കുടും​ബാം​ഗ​ങ്ങൾക്കും ഭാവി​യിൽ വീണ്ടും ജീവി​ക്കാൻ ഒരു അവസരം നൽക​പ്പെ​ടു​ന്നത്‌ ഒന്നു സങ്കൽപ്പി​ച്ചു നോക്കൂ! എന്നാൽ ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ ഈ വാഗ്‌ദാ​നം അടിസ്ഥാ​ന​പ​ര​മാ​യി മറ്റൊ​രു​തരം പുനരു​ത്ഥാ​ന​ത്തെ​യാണ്‌ പരാമർശി​ക്കു​ന്നത്‌. അത്‌ ഇതി​നോ​ടകം സംഭവി​ച്ചു കഴിഞ്ഞി​രി​ക്കു​ന്നു. എങ്ങനെ?

9. (എ) ദാനീ​യേൽ 12:2-ന്‌ അന്ത്യനാ​ളു​ക​ളിൽ നിവൃത്തി ഉണ്ടാകു​മെന്നു പ്രതീ​ക്ഷി​ക്കു​ന്നതു ന്യായ​യു​ക്തം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഏതു തരത്തി​ലുള്ള പുനരു​ത്ഥാ​ന​ത്തെ​യാ​ണു പ്രവചനം പരാമർശി​ക്കു​ന്നത്‌, നമുക്ക്‌ അത്‌ എങ്ങനെ അറിയാം?

9 സന്ദർഭം പരിഗ​ണി​ക്കുക. നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, 12-ാം അധ്യാ​യ​ത്തി​ന്റെ ആദ്യ വാക്യം വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​നു മാത്രമല്ല, അന്ത്യനാ​ളു​ക​ളു​ടെ മുഴു കാലഘ​ട്ട​ത്തി​നും ബാധക​മാ​കു​ന്നു. വാസ്‌ത​വ​ത്തിൽ, പ്രസ്‌തുത അധ്യാ​യ​ത്തി​ന്റെ ഭൂരി​ഭാ​ഗ​വും നിവൃ​ത്തി​യേ​റു​ന്നത്‌ ആഗതമാ​കുന്ന ഭൗമിക പറുദീ​സ​യിൽ അല്ല, മറിച്ച്‌ അന്ത്യകാ​ലത്ത്‌ ആണ്‌. ഈ കാലഘ​ട്ട​ത്തിൽ പുനരു​ത്ഥാ​നം നടന്നി​ട്ടു​ണ്ടോ? “ക്രിസ്‌തു​വി​നു​ള്ളവ”രുടെ പുനരു​ത്ഥാ​നം “അവന്റെ സാന്നിധ്യ കാലത്ത്‌” നടക്കു​ന്ന​താ​യി അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി. എന്നിരു​ന്നാ​ലും സ്വർഗ​ത്തി​ലെ ജീവനാ​യി പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നവർ “അക്ഷയരാ​യി”ട്ടാണ്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നത്‌. (1 കൊരി​ന്ത്യർ 15:23, 52, NW) അവരിൽ ആരും ദാനീ​യേൽ 12:2-ൽ പറഞ്ഞി​രി​ക്കുന്ന പ്രകാരം “ലജ്ജെക്കും നിത്യ​നി​ന്ദെ​ക്കു​മാ”യി ഉയിർപ്പി​ക്ക​പ്പെ​ടു​ന്നില്ല. അപ്പോൾ മറ്റു തരത്തി​ലുള്ള പുനരു​ത്ഥാ​ന​വും ഉണ്ടോ? ബൈബി​ളിൽ, ചില അവസര​ങ്ങ​ളിൽ പുനരു​ത്ഥാ​ന​ത്തിന്‌ ഒരു ആത്മീയ അർഥം ഉണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു ആത്മീയ പുനരു​ജ്ജീ​വ​ന​ത്തിന്‌ അഥവാ പുനരു​ത്ഥാ​ന​ത്തി​നു ബാധക​മാ​കുന്ന പ്രാവ​ച​നിക വിവര​ണങ്ങൾ യെഹെ​സ്‌കേ​ലി​ലും വെളി​പ്പാ​ടി​ലും അടങ്ങി​യി​ട്ടുണ്ട്‌.—യെഹെ​സ്‌കേൽ 37:1-14; വെളി​പ്പാ​ടു 11:3, 7, 11.

10. (എ) അന്ത്യകാ​ലത്ത്‌ അഭിഷിക്ത ശേഷിപ്പു പുനരു​ത്ഥാ​നം പ്രാപി​ച്ചത്‌ ഏത്‌ അർഥത്തിൽ? (ബി) പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെട്ട ചില അഭിഷി​ക്തർ “ലജ്ജെക്കും നിത്യ​നി​ന്ദെ​ക്കു​മാ”യി ഉണർന്നത്‌ എങ്ങനെ?

10 അന്ത്യകാ​ലത്ത്‌ ദൈവ​ത്തി​ന്റെ അഭിഷിക്ത ദാസന്മാർക്ക്‌ അത്തര​മൊ​രു ആത്മീയ പുനരു​ജ്ജീ​വനം ഉണ്ടായി​ട്ടു​ണ്ടോ? ഉണ്ട്‌! തങ്ങളുടെ സംഘടിത പരസ്യ ശുശ്രൂഷ താറു​മാ​റാ​ക്കിയ ഒരു അസാധാ​രണ ആക്രമ​ണ​ത്തിന്‌ 1918-ൽ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ഒരു ചെറിയ ശേഷിപ്പ്‌ വിധേ​യ​രാ​യി എന്നുള്ളത്‌ ഒരു ചരിത്ര വസ്‌തു​ത​യാണ്‌. എന്നാൽ സകല സാധ്യ​ത​കൾക്കും വിപരീ​ത​മാ​യി 1919-ൽ ആത്മീയ അർഥത്തിൽ അവർ ജീവനി​ലേക്കു മടങ്ങി​വന്നു. ഈ വസ്‌തു​തകൾ ദാനീ​യേൽ 12:2-ൽ പ്രവചി​ച്ചി​രി​ക്കുന്ന പുനരു​ത്ഥാന വിവര​ണ​ത്തോ​ടു യോജി​ക്കു​ന്നു. ആ കാലത്തും അതിനു ശേഷവും ചിലർ ആത്മീയ​മാ​യി ‘ഉണരുക’തന്നെ ചെയ്‌തു. എന്നാൽ ഖേദക​ര​മെന്നു പറയട്ടെ, അവർ എല്ലാവ​രും ആത്മീയ​മാ​യി ജീവനുള്ള നിലയിൽ തുടർന്നില്ല. ഉണർത്ത​പ്പെട്ട ശേഷം മിശി​ഹൈക രാജാ​വി​നെ ത്യജി​ക്കാൻ തീരു​മാ​നി​ച്ചു​കൊണ്ട്‌ ദൈവ​സേ​വനം ഉപേക്ഷി​ച്ചവർ ദാനീ​യേൽ 12:2-ൽ വിവരി​ച്ചി​രി​ക്കു​ന്നതു പോലുള്ള ‘ലജ്ജെയും നിത്യ​നി​ന്ദെ​യും’ അനുഭ​വി​ച്ചു. (എബ്രായർ 6:4-6) എന്നാൽ, ആത്മീയ​മാ​യി പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെട്ട തങ്ങളുടെ അവസ്ഥ നല്ലവണ്ണം പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊണ്ട്‌ വിശ്വ​സ്‌ത​രായ അഭിഷി​ക്തർ മിശി​ഹൈക രാജാ​വി​നെ അചഞ്ചല​മാ​യി പിന്താങ്ങി. പ്രവചനം പ്രസ്‌താ​വി​ക്കു​ന്നതു പോലെ, അവരുടെ വിശ്വ​സ്‌തത ആത്യന്തി​ക​മാ​യി അവരെ “നിത്യ​ജീവ”നിലേക്കു നയിക്കു​ന്നു. ഇന്ന്‌, എതിർപ്പിൻ മധ്യേ​യുള്ള അവരുടെ ആത്മീയ ഉന്മേഷം അവരെ തിരി​ച്ച​റി​യാൻ നമ്മെ സഹായി​ക്കു​ന്നു.

അവർ ‘നക്ഷത്ര​ങ്ങ​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ന്നു’

11. ഇന്ന്‌ “ഉൾക്കാ​ഴ്‌ച​യു​ള്ളവർ” ആരാണ്‌, അവർ നക്ഷത്ര​ങ്ങ​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ന്നത്‌ ഏത്‌ അർഥത്തിൽ?

11 ദാനീ​യേൽ 12-ാം അധ്യാ​യ​ത്തി​ലെ അടുത്ത രണ്ടു വാക്യങ്ങൾ “അത്യു​ന്ന​ത​നാ​യ​വന്റെ വിശു​ദ്ധന്മാ”രെ തിരി​ച്ച​റി​യാൻ നമ്മെ കൂടുതൽ സഹായി​ക്കു​ന്നു. മൂന്നാം വാക്യ​ത്തിൽ ദൂതൻ ദാനീ​യേ​ലി​നോ​ടു പറയുന്നു: “എന്നാൽ ബുദ്ധി​മാ​ന്മാർ [“ഉൾക്കാ​ഴ്‌ച​യു​ള്ളവർ,” NW] ആകാശ​മ​ണ്ഡ​ല​ത്തി​ന്റെ പ്രഭ​പോ​ലെ​യും പലരെ​യും നീതി​യി​ലേക്കു തിരി​ക്കു​ന്നവർ നക്ഷത്ര​ങ്ങ​ളെ​പ്പോ​ലെ​യും എന്നും എന്നേക്കും പ്രകാ​ശി​ക്കും.” ആരാണ്‌ ഇന്ന്‌ “ഉൾക്കാ​ഴ്‌ച​യു​ള്ളവർ”? “അത്യു​ന്ന​ത​നാ​യ​വന്റെ വിശു​ദ്ധന്മാ”രിലേ​ക്കു​ത​ന്നെ​യാണ്‌ തെളിവു വീണ്ടും വിരൽ ചൂണ്ടു​ന്നത്‌. മഹാ​പ്ര​ഭു​വായ മീഖാ​യേൽ 1914 മുതൽ രാജാവ്‌ എന്ന നിലയിൽ നിൽക്കാൻ തുടങ്ങി​യെന്നു തിരി​ച്ച​റി​യാ​നുള്ള ഉൾക്കാഴ്‌ച വിശ്വസ്‌ത അഭിഷിക്ത ശേഷി​പ്പിന്‌ അല്ലാതെ മറ്റാർക്കാണ്‌ ഉണ്ടായി​രു​ന്നി​ട്ടു​ള്ളത്‌? ഇതു​പോ​ലുള്ള സത്യങ്ങൾ പ്രസം​ഗി​ച്ചു​കൊ​ണ്ടും അതു​പോ​ലെ​തന്നെ ക്രിസ്‌തീയ നടത്ത തുടർന്നു​കൊ​ണ്ടും അവർ ആത്മീയ അന്ധകാരം ബാധിച്ച ഈ ലോക​ത്തിൽ “ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാശി”ച്ചിരി​ക്കു​ന്നു. (ഫിലി​പ്പി​യർ 2:15; യോഹ​ന്നാൻ 8:12) അവരെ കുറിച്ച്‌ യേശു ഇങ്ങനെ പ്രവചി​ച്ചു: “അന്നു നീതി​മാൻമാർ തങ്ങളുടെ പിതാ​വി​ന്റെ രാജ്യ​ത്തിൽ സൂര്യ​നെ​പ്പോ​ലെ പ്രകാ​ശി​ക്കും.”—മത്തായി 13:43.

12. (എ) അന്ത്യകാ​ലത്ത്‌ “പലരെ​യും നീതി​യി​ലേക്കു തിരി​ക്കുന്ന”തിൽ അഭിഷി​ക്തർ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) ക്രിസ്‌തു​വി​ന്റെ ആയിര​വർഷ വാഴ്‌ച​യിൽ അഭിഷി​ക്തർ അനേകരെ നീതി​യി​ലേക്കു കൊണ്ടു​വ​രി​ക​യും ആകാശ​ത്തി​ലെ ‘നക്ഷത്ര​ങ്ങ​ളെ​പ്പോ​ലെ പ്രകാ​ശി​ക്കുക’യും ചെയ്യു​ന്നത്‌ എങ്ങനെ?

12 അന്ത്യകാ​ലത്ത്‌ ഈ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഏതു വേലയിൽ വ്യാപൃ​തർ ആയിരി​ക്കു​മെന്നു പോലും ദാനീ​യേൽ 12:3 നമ്മോടു പറയുന്നു. അവർ “പലരെ​യും നീതി​യി​ലേക്കു തിരി​ക്കുന്ന”തായി​രി​ക്കും. അഭിഷിക്ത ശേഷിപ്പ്‌ ക്രിസ്‌തു​വി​ന്റെ 1,44,000 കൂട്ടവ​കാ​ശി​ക​ളിൽ ശേഷി​ക്കു​ന്ന​വരെ കൂട്ടി​ച്ചേർക്കാൻ തുടങ്ങി. (റോമർ 8:16, 17; വെളി​പ്പാ​ടു 7:3, 4) തെളിവ്‌ അനുസ​രിച്ച്‌, 1930-കളുടെ മധ്യത്തിൽ ആ വേല പൂർത്തി​യാ​യ​പ്പോൾ അവർ “വേറെ ആടുക”ളുടെ “മഹാപു​രു​ഷാര”ത്തെ കൂട്ടി​ച്ചേർക്കാൻ തുടങ്ങി. (വെളി​പ്പാ​ടു 7:9; യോഹ​ന്നാൻ 10:16) ഇവരും യേശു​ക്രി​സ്‌തു​വി​ന്റെ മറുവില യാഗത്തിൽ വിശ്വാ​സം അർപ്പി​ക്കു​ന്നു. അതു​കൊണ്ട്‌ അവർക്ക്‌ യഹോ​വ​യു​ടെ മുമ്പാകെ ശുദ്ധമായ ഒരു നിലയുണ്ട്‌. ഇന്നു ദശലക്ഷങ്ങൾ ആയിത്തീർന്നി​രി​ക്കുന്ന അവർ ഈ ദുഷ്ട ലോക​ത്തി​ന്റെ ആസന്നമായ നാശത്തെ അതിജീ​വി​ക്കാ​നുള്ള പ്രത്യാ​ശയെ പ്രിയ​ങ്ക​ര​മാ​യി കരുതു​ന്നു. ആദാമിൽനിന്ന്‌ അവകാ​ശ​പ്പെ​ടു​ത്തിയ പാപത്തി​ന്റെ അവസാന കണിക​യും തുടച്ചു​നീ​ക്കാൻ വിശ്വാ​സം പ്രകട​മാ​ക്കുന്ന സകല​രെ​യും സഹായി​ച്ചു​കൊണ്ട്‌ യേശു​വി​ന്റെ ആയിര​വർഷ വാഴ്‌ച​യിൽ അവനും സഹരാ​ജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രു​മായ 1,44,000 പേരും ചേർന്ന്‌ ഭൂമി​യി​ലെ അനുസ​ര​ണ​മുള്ള മനുഷ്യ​വർഗ​ത്തി​നു മറുവി​ല​യു​ടെ മുഴു പ്രയോ​ജ​ന​ങ്ങ​ളും ലഭ്യമാ​ക്കും. (2 പത്രൊസ്‌ 3:13; വെളി​പ്പാ​ടു 7:13, 14; 20:5, 6) “പലരെ​യും നീതി​യി​ലേക്കു തിരി”ച്ചുകൊണ്ട്‌ അഭിഷി​ക്തർ അന്ന്‌ പരിപൂർണ​മായ അർഥത്തിൽ ആകാശ​ത്തി​ലെ ‘നക്ഷത്ര​ങ്ങ​ളെ​പ്പോ​ലെ പ്രകാ​ശി​ക്കും.’ ക്രിസ്‌തു​വി​ന്റെ​യും അവന്റെ സഹഭര​ണാ​ധി​പ​ന്മാ​രു​ടെ​യും മഹനീ​യ​മായ സ്വർഗീയ ഗവൺമെ​ന്റിൻ കീഴിൽ ഭൂമി​യിൽ ജീവി​ക്കു​ന്ന​തി​ന്റെ പ്രത്യാ​ശയെ നിങ്ങൾ വിലമ​തി​ക്കു​ന്നു​വോ? ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ “വിശു​ദ്ധൻമാ”രോടു ചേരു​ന്നത്‌ എന്തൊരു പദവി​യാണ്‌!—മത്തായി 24:14.

അവർ ‘പരി​ശോ​ധി​ക്കു​ന്നു’

13. ദാനീ​യേൽ പുസ്‌തകം അടച്ചു മുദ്ര​യിട്ട്‌ രഹസ്യ​മാ​ക്കി വെച്ചത്‌ ഏത്‌ അർഥത്തിൽ?

13 ദാനീ​യേൽ 10:20-ൽ ആരംഭിച്ച, ദാനീ​യേ​ലി​നോ​ടുള്ള ദൂതന്റെ പ്രഖ്യാ​പനം പിൻവ​രുന്ന ഹൃദ​യോ​ഷ്‌മ​ള​മായ വാക്കു​ക​ളോ​ടെ ഇപ്പോൾ സമാപി​ക്കു​ന്നു: “നീയോ ദാനീ​യേലേ, അന്ത്യകാ​ലം​വരെ ഈ വചനങ്ങളെ അടെച്ചു പുസ്‌ത​ക​ത്തി​ന്നു മുദ്ര​യി​ടുക; പലരും അതിനെ പരി​ശോ​ധി​ക്ക​യും ജ്ഞാനം വർദ്ധി​ക്കു​ക​യും ചെയ്യും.” (ദാനീ​യേൽ 12:4) നിശ്വ​സ്‌ത​ത​യിൽ ദാനീ​യേൽ എഴുതിയ മിക്ക കാര്യ​ങ്ങ​ളും രഹസ്യ​മാ​ക്ക​പ്പെ​ടു​ക​യും മനുഷ്യ​നു ഗ്രഹി​ക്കാൻ കഴിയാ​ത​വണ്ണം അടച്ചു മുദ്ര​യി​ട​പ്പെ​ടു​ക​യും ചെയ്‌തു. എന്തിന്‌, ദാനീ​യേൽ പോലും പിന്നീട്‌ ഇങ്ങനെ എഴുതി: “ഞാൻ കേട്ടു എങ്കിലും ഗ്രഹി​ച്ചില്ല.” (ദാനീ​യേൽ 12:8) ഈ അർഥത്തിൽ ദാനീ​യേൽ പുസ്‌തകം നൂറ്റാ​ണ്ടു​ക​ളോ​ളം അടച്ചു മുദ്ര​യി​ട​പ്പെ​ട്ടി​രു​ന്നു. എന്നാൽ ഇന്നോ?

14. (എ) “അന്ത്യകാ​ലത്ത്‌” ആർ, എവിടെ “പരി​ശോ​ധി”ച്ചു നോക്കി​യി​രി​ക്കു​ന്നു? (ബി) ഈ ‘പരി​ശോ​ധന’യെ യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു എന്നതിന്‌ എന്തു തെളി​വുണ്ട്‌?

14 ദാനീ​യേൽ പുസ്‌ത​ക​ത്തിൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന “അന്ത്യകാ​ലത്ത്‌” ജീവി​ക്കാ​നുള്ള പദവി നമുക്കുണ്ട്‌. പ്രവചി​ക്ക​പ്പെ​ട്ട​തു​പോ​ലെ, വിശ്വ​സ്‌ത​രായ അനേകർ ദൈവ​വ​ച​ന​ത്തി​ന്റെ പേജുകൾ “പരി​ശോ​ധി”ച്ചു നോക്കി​യി​രി​ക്കു​ന്നു. ഫലമോ? യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ യഥാർഥ ജ്ഞാനം സമൃദ്ധ​മാ​യി തീർന്നി​രി​ക്കു​ന്നു. യഹോ​വ​യു​ടെ വിശ്വസ്‌ത അഭിഷിക്ത സാക്ഷികൾ ഉൾക്കാ​ഴ്‌ച​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. 1914-ൽ മനുഷ്യ​പു​ത്രൻ രാജാ​വാ​യെന്നു മനസ്സി​ലാ​ക്കാ​നും ദാനീ​യേൽ പ്രവച​ന​ത്തി​ലെ മൃഗങ്ങളെ തിരി​ച്ച​റി​യാ​നും “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛബിം​ബത്തെ” കുറിച്ചു മുന്നറി​യി​പ്പു നൽകാ​നും അത്‌ അവരെ പ്രാപ്‌തർ ആക്കിയി​രി​ക്കു​ന്നു—ഇവ ഏതാനും ചില ദൃഷ്ടാ​ന്തങ്ങൾ മാത്രം. (ദാനീ​യേൽ 11:31) അപ്പോൾ, “അത്യു​ന്ന​ത​നാ​യ​വന്റെ വിശു​ദ്ധൻമാ”രുടെ മറ്റൊരു തിരി​ച്ച​റി​യി​ക്കൽ അടയാ​ള​മാണ്‌ ഈ പരിജ്ഞാന സമൃദ്ധി. എന്നാൽ ദാനീ​യേ​ലി​നു കൂടുതൽ തെളി​വു​കൾ ലഭിച്ചു.

അവർ ‘തകർക്ക​പ്പെ​ടു​ന്നു’

15. ഒരു ദൂതൻ ഇപ്പോൾ ഏതു ചോദ്യം ഉന്നയിച്ചു, ഈ ചോദ്യം ആരെക്കു​റി​ച്ചു നമ്മെ ഓർമി​പ്പി​ച്ചേ​ക്കാം?

15 ടൈ​ഗ്രീസ്‌ എന്നും അറിയ​പ്പെ​ടുന്ന ഹിദ്ദേക്കൽ എന്ന “മഹാ നദീ”തീരത്തു​വെ​ച്ചാണ്‌ ദാനീ​യേ​ലിന്‌ ഈ ദൂതസ​ന്ദേ​ശങ്ങൾ ലഭിച്ചത്‌ എന്ന്‌ ഓർമി​ക്കുക. (ദാനീ​യേൽ 10:4) അവൻ ഇപ്പോൾ മൂന്നു ദൂതസൃ​ഷ്ടി​കളെ അവിടെ കാണുന്നു. അവൻ പറയുന്നു: “അനന്തരം ദാനീ​യേ​ലെന്ന ഞാൻ നോക്കി​യ​പ്പോൾ, മററു​ര​ണ്ടാൾ ഒരുത്തൻ നദീതീ​രത്തു ഇക്കരെ​യും മററവൻ നദീതി​രത്തു അക്കരെ​യും നില്‌ക്കു​ന്നതു കണ്ടു. എന്നാൽ ഒരുവൻ ശണവസ്‌ത്രം ധരിച്ചു നദിയി​ലെ വെള്ളത്തി​ന്മീ​തെ നില്‌ക്കുന്ന പുരു​ഷ​നോ​ടു: ഈ അതിശ​യ​കാ​ര്യ​ങ്ങ​ളു​ടെ അവസാനം എപ്പോൾ വരും എന്നു ചോദി​ച്ചു.” (ദാനീ​യേൽ 12:5, 6) ദൂതൻ ഉന്നയിച്ച ഈ ചോദ്യം “അത്യു​ന്ന​ത​നാ​യ​വന്റെ വിശു​ദ്ധൻമാ”രെ കുറിച്ച്‌ നമ്മെ വീണ്ടും ഓർമി​പ്പി​ച്ചേ​ക്കാം. 1914-ൽ, “അന്ത്യകാല”ത്തിന്റെ തുടക്ക​ത്തിൽ, ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ നിവൃ​ത്തി​യേ​റാൻ എത്ര കാലം എടുക്കും എന്ന ചോദ്യ​ത്തിൽ അവർ അതിയായ താത്‌പ​ര്യം ഉള്ളവരാ​യി​രു​ന്നു. ഈ പ്രവച​ന​ത്തി​ന്റെ കേന്ദ്ര​ബി​ന്ദു അവരാ​ണെന്ന്‌ പ്രസ്‌തുത ചോദ്യ​ത്തി​നുള്ള ഉത്തരം വ്യക്തമാ​ക്കു​ന്നു.

16. ദൂതൻ ഏതു പ്രവചനം ഉച്ചരി​ക്കു​ന്നു, അതിന്റെ നിവൃത്തി സുനി​ശ്ചി​ത​മാ​ണെന്നു ദൂതൻ ഊന്നി​പ്പ​റ​യു​ന്നത്‌ എങ്ങനെ?

16 ദാനീ​യേ​ലി​ന്റെ വിവരണം തുടരു​ന്നു: “ശണവസ്‌ത്രം ധരിച്ചു നദിയി​ലെ വെള്ളത്തി​ന്മീ​തെ നില്‌ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗ​ത്തേ​ക്കു​യർത്തി: എന്നേക്കും ജീവി​ച്ചി​രി​ക്കു​ന്ന​വ​നാണ, ഇനി കാലവും കാലങ്ങ​ളും കാലാർദ്ധ​വും ചെല്ലും; അവർ വിശു​ദ്ധ​ജ​ന​ത്തി​ന്റെ ബലത്തെ തകർത്തു​കളഞ്ഞ ശേഷം ഈ കാര്യങ്ങൾ ഒക്കെയും നിവൃ​ത്തി​യാ​കും എന്നിങ്ങനെ സത്യം ചെയ്യു​ന്നതു ഞാൻ കേട്ടു.” (ദാനീ​യേൽ 12:7) ഇതു ശാന്തഗം​ഭീ​ര​മായ ഒരു സംഗതി​യാണ്‌. സത്യം ചെയ്‌തു​കൊണ്ട്‌ ദൂതൻ ഇരു കൈക​ളും ഉയർത്തു​ന്നു. അതു​കൊണ്ട്‌ ഈ ആംഗ്യം വീതി​യേ​റിയ നദിയു​ടെ ഇരുക​ര​ക​ളി​ലു​മുള്ള രണ്ടു ദൂതന്മാർക്കും ദൃശ്യ​മാണ്‌. അങ്ങനെ ആ ദൂതൻ ഈ പ്രവച​ന​ത്തി​ന്റെ പൂർണ​മാ​യും സുനി​ശ്ചി​ത​മായ നിവൃ​ത്തിക്ക്‌ ഊന്നൽ നൽകുന്നു. എന്നാൽ എപ്പോ​ഴാണ്‌ ഈ നിയമിത കാലങ്ങൾ? ഉത്തരം കണ്ടെത്താൻ നിങ്ങൾ വിചാ​രി​ച്ചേ​ക്കാ​വു​ന്നത്ര ബുദ്ധി​മു​ട്ടില്ല.

17. (എ) ദാനീ​യേൽ 7:25-ലും ദാനീ​യേൽ 12:7-ലും വെളി​പ്പാ​ടു 11:3, 7, 9-ലും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവച​നങ്ങൾ തമ്മിൽ എന്തെല്ലാം സമാന്ത​രങ്ങൾ കാണാ​വു​ന്ന​താണ്‌? (ബി) മൂന്നര കാലം എത്ര ദീർഘ​മാണ്‌?

17 ഈ പ്രവച​ന​ത്തി​നു മറ്റു രണ്ടു പ്രവച​ന​ങ്ങ​ളോട്‌ അതിശ​യ​ക​ര​മായ സാമ്യ​മുണ്ട്‌. ഒന്ന്‌, ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ 9-ാം അധ്യാ​യ​ത്തിൽ ചർച്ച ചെയ്‌തി​രി​ക്കുന്ന ദാനീ​യേൽ 7:25-ൽ കാണുന്ന പ്രവച​ന​മാണ്‌; മറ്റേത്‌, വെളി​പ്പാ​ടു 11:3, 7, 9-ലെയും. സമാന്ത​ര​ങ്ങ​ളിൽ ചിലത്‌ പരിഗ​ണി​ക്കുക. അവ രണ്ടും അന്ത്യനാ​ളു​ക​ളിൽ നിവൃ​ത്തി​യേ​റു​ന്ന​വ​യാണ്‌. ഇരു പ്രവച​ന​ങ്ങ​ളും ദൈവ​ത്തി​ന്റെ വിശുദ്ധ ദാസന്മാ​രെ സംബന്ധി​ച്ചു​ള്ള​താണ്‌. അവർ പീഡി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​യും കുറച്ചു​കാ​ല​ത്തേക്ക്‌ അവർക്കു തങ്ങളുടെ പരസ്യ പ്രസം​ഗ​വേല തുടരാൻ കഴിയാ​തെ വരിക​പോ​ലും ചെയ്യു​ന്ന​താ​യും അവ പ്രകട​മാ​ക്കു​ന്നു. തങ്ങളെ പീഡി​പ്പി​ക്കു​ന്ന​വരെ പരാജ​യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ദൈവ​ദാ​സ​ന്മാർ പുനരു​ജ്ജീ​വി​ക്കു​ക​യും തങ്ങളുടെ വേല പുനരാ​രം​ഭി​ക്കു​ക​യും ചെയ്യു​ന്ന​താ​യി ഇരു പ്രവച​ന​ങ്ങ​ളും പ്രകട​മാ​ക്കു​ന്നു. വിശു​ദ്ധ​ന്മാ​രു​ടെ ഈ ദുരിത കാലത്തി​ന്റെ ദൈർഘ്യ​വും അവ പ്രസ്‌താ​വി​ക്കു​ന്നു. ദാനീ​യേ​ലി​ലെ രണ്ടു പ്രവച​ന​ങ്ങ​ളും (7:25-ലെയും 12:7-ലെയും) ‘ഒരു കാലം, കാലങ്ങൾ, അരക്കാലം’ എന്നിവയെ പരാമർശി​ക്കു​ന്നു. ഇതു മൂന്നര കാലങ്ങളെ അർഥമാ​ക്കു​ന്നു​വെന്ന്‌ ബൈബിൾ പണ്ഡിത​ന്മാർ പൊതു​വെ മനസ്സി​ലാ​ക്കു​ന്നു. അതേ കാലഘ​ട്ടത്തെ വെളി​പ്പാട്‌ 42 മാസം അഥവാ 1,260 ദിവസം എന്നു പരാമർശി​ക്കു​ന്നു. (വെളി​പ്പാ​ടു 11:2, 3) ദാനീ​യേ​ലി​ലെ മൂന്നര കാലം 360 ദിവസ​മുള്ള മൂന്നര വർഷത്തെ പരാമർശി​ക്കു​ന്നു​വെന്ന്‌ ഇതു വ്യക്തമാ​ക്കു​ന്നു. എന്നാൽ എന്നാണ്‌ ഈ 1,260 ദിവസം ആരംഭി​ച്ചത്‌?

18. (എ) ദാനീ​യേൽ 12:7 അനുസ​രിച്ച്‌, 1,260 ദിവസ​ത്തി​ന്റെ അവസാ​നത്തെ അടയാ​ള​പ്പെ​ടു​ത്തു​ന്നത്‌ എന്ത്‌? (ബി) “വിശു​ദ്ധ​ജ​ന​ത്തി​ന്റെ ബലത്തെ” ഒടുവിൽ തകർത്തു തരിപ്പ​ണ​മാ​ക്കി​യത്‌ എപ്പോൾ, എങ്ങനെ? (സി) 1,260 ദിവസം ആരംഭി​ച്ചത്‌ എന്ന്‌, ആ കാലഘ​ട്ട​ത്തിൽ അഭിഷി​ക്തർ “രട്ടു ഉടുത്തു” പ്രവചി​ച്ചത്‌ എപ്രകാ​രം?

18 1,260 ദിവസം എന്ന്‌ അവസാ​നി​ക്കു​മാ​യി​രു​ന്നു എന്ന്‌ പ്രവചനം വളരെ വ്യക്തമാ​യി പറയുന്നു—“വിശു​ദ്ധ​ജ​ന​ത്തി​ന്റെ ബലത്തെ തകർത്തു​കള”യുമ്പോൾ. 1918-ന്റെ മധ്യത്തിൽ, വ്യാജ കുറ്റങ്ങൾ ചുമത്തി വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യു​ടെ പ്രസി​ഡ​ന്റാ​യി​രുന്ന ജെ. എഫ്‌. റഥർഫോർഡ്‌ ഉൾപ്പെ​ടെ​യുള്ള പ്രമുഖ അംഗങ്ങളെ ദീർഘ​കാല തടവു ശിക്ഷയ്‌ക്കു വിധിച്ച്‌ ജയിലിൽ അടച്ചു. അങ്ങനെ തങ്ങളുടെ വേല ‘തകർക്ക​പ്പെ​ടുന്ന’ത്‌, ശക്തി തകർത്തു തരിപ്പ​ണ​മാ​ക്ക​പ്പെ​ടു​ന്നത്‌, ദൈവ​ത്തി​ന്റെ വിശു​ദ്ധ​ന്മാർ കാണു​ക​തന്നെ ചെയ്‌തു. 1918-ന്റെ മധ്യത്തിൽ നിന്ന്‌ മൂന്നര വർഷം പിന്നോട്ട്‌ എണ്ണു​മ്പോൾ നാം 1914-ന്റെ അവസാ​ന​ത്തിൽ എത്തുന്നു. ആ കാലത്ത്‌ അഭിഷി​ക്ത​രു​ടെ ചെറിയ കൂട്ടം കടുത്ത പീഡനത്തെ നേരി​ടാൻ തങ്ങളെ​ത്തന്നെ ബലിഷ്‌ഠ​രാ​ക്കു​ക​യാ​യി​രു​ന്നു. ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു, അവരുടെ വേല​യോ​ടുള്ള എതിർപ്പു വർധി​ക്കു​ക​യാ​യി​രു​ന്നു. തന്റെ അനുഗാ​മി​ക​ളോ​ടുള്ള ക്രിസ്‌തു​വി​ന്റെ പിൻവ​രുന്ന ചോദ്യം 1915-ലേക്കുള്ള തങ്ങളുടെ വാർഷിക വാക്യ​മാ​യി അവർ തിര​ഞ്ഞെ​ടു​ക്കു​ക​പോ​ലും ചെയ്‌തു: “എന്റെ പാനപാ​ത്രം കുടി​പ്പാൻ നിങ്ങൾക്കു കഴിയു​മോ?” (മത്തായി 20:22, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം) വെളി​പ്പാ​ടു 11:3-ൽ പ്രവചി​ക്ക​പ്പെ​ട്ട​തു​പോ​ലെ, തുടർന്നു​വന്ന 1,260 ദിവസ​ക്കാ​ലം അഭിഷി​ക്തർക്ക്‌ ദുഃഖ​ക​ര​മായ സമയമാ​യി​രു​ന്നു. അത്‌ അവർ രട്ട്‌ ഉടുത്ത്‌ പ്രവചി​ക്കു​ന്നതു പോലെ ആയിരു​ന്നു. പീഡനം അതിക​ഠി​ന​മാ​യി. അവരിൽ ചിലർ തടവി​ലാ​ക്ക​പ്പെട്ടു, ചിലർ ജനക്കൂ​ട്ട​ത്തി​ന്റെ ആക്രമ​ണ​ത്തിന്‌ ഇരകളാ​യി, മറ്റു ചിലർ ദണ്ഡിപ്പി​ക്ക​പ്പെട്ടു. 1916-ൽ, സൊ​സൈ​റ്റി​യു​ടെ ആദ്യത്തെ പ്രസി​ഡ​ന്റാ​യി​രുന്ന സി. റ്റി. റസ്സൽ മരിച്ചത്‌ അനേകരെ അധൈ​ര്യ​പ്പെ​ടു​ത്തി. എന്നാൽ, ഒരു പ്രസംഗ സംഘടന എന്ന നിലയിൽ ഈ വിശു​ദ്ധ​ന്മാ​രെ വകവരു​ത്തി​യ​തോ​ടെ സമാപിച്ച ഭീതി​ദ​മായ ഈ കാലഘ​ട്ടത്തെ തുടർന്ന്‌ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു?

19. അഭിഷി​ക്തർ ദീർഘ​കാ​ല​ത്തേക്കു നിശ്ശബ്ദർ ആക്കപ്പെ​ടു​മാ​യി​രു​ന്നി​ല്ലെന്നു വെളി​പ്പാ​ടു 11-ാം അധ്യാ​യ​ത്തി​ലെ പ്രവചനം നമുക്ക്‌ ഉറപ്പു നൽകു​ന്നത്‌ എങ്ങനെ?

19 വെളി​പ്പാ​ടു 11:3, 9, 11-ൽ കാണ​പ്പെ​ടുന്ന സമാന്തര പ്രവചനം അനുസ​രിച്ച്‌, “രണ്ടു സാക്ഷികൾ” കൊല്ല​പ്പെട്ട ശേഷം പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ഒരു ചുരു​ങ്ങിയ കാലം, അതായതു മൂന്നര ദിവസം മാത്രമേ അവർ മരിച്ച​വ​രാ​യി തുടർന്നു​ള്ളൂ. സമാന​മാ​യി, വിശു​ദ്ധ​ന്മാർ നിശ്ശബ്ദ​രാ​യി തുടരു​മാ​യി​രു​ന്നില്ല, മറിച്ച്‌ അവർക്കു മുന്നിൽ ധാരാളം വേല ഉണ്ടായി​രു​ന്നെന്നു ദാനീ​യേൽ 12-ാം അധ്യാ​യ​ത്തി​ലെ പ്രവചനം കാണി​ക്കു​ന്നു.

അവർ ‘ശുദ്ധീ​ക​രി​ച്ചു നിർമ്മ​ലീ​ക​രി​ച്ചു ശോധ​ന​ക​ഴി​ക്ക​പ്പെ​ടു​ന്നു’

20. ദാനീ​യേൽ 12:10 അനുസ​രിച്ച്‌, തിക്താ​നു​ഭ​വ​ങ്ങൾക്കു ശേഷം അഭിഷി​ക്തർക്ക്‌ എന്ത്‌ അനു​ഗ്രഹം കൈവ​രു​മാ​യി​രു​ന്നു?

20 നേരത്തേ പ്രസ്‌താ​വി​ച്ചതു പോലെ, ദാനീ​യേൽ ഈ കാര്യങ്ങൾ എഴുതി​വെ​ച്ചെ​ങ്കി​ലും അവന്‌ അതു മനസ്സി​ലാ​ക്കാൻ കഴിഞ്ഞില്ല. എങ്കിലും പീഡക​രു​ടെ കൈയാൽ വിശു​ദ്ധ​ന്മാർ വാസ്‌ത​വ​ത്തിൽ പൂർണ​മാ​യും നശിപ്പി​ക്ക​പ്പെ​ടു​മോ എന്ന്‌ അവൻ ചിന്തി​ച്ചി​രി​ക്കണം, കാരണം “ഈ കാര്യ​ങ്ങ​ളു​ടെ അവസാനം എന്തായി​രി​ക്കും” എന്ന്‌ അവൻ ചോദി​ച്ചു. ദൂതൻ ഇങ്ങനെ ഉത്തരം പറഞ്ഞു: “ദാനീ​യേലേ, പൊയ്‌ക്കൊൾക; ഈ വചനങ്ങൾ അന്ത്യകാ​ല​ത്തേക്കു അടെച്ചും മുദ്ര​യി​ട്ടും ഇരിക്കു​ന്നു. പലരും തങ്ങളെ ശുദ്ധീ​ക​രി​ച്ചു നിർമ്മ​ലീ​ക​രി​ച്ചു ശോധ​ന​ക​ഴി​ക്കും; ദുഷ്ടന്മാ​രോ, ദുഷ്ടത​പ്ര​വർത്തി​ക്കും; ദുഷ്ടന്മാ​രിൽ ആരും അതു തിരി​ച്ച​റി​ക​യില്ല; ബുദ്ധി​മാ​ന്മാ​രോ [“ഉൾക്കാ​ഴ്‌ച​യു​ള്ള​വ​രോ,” NW] ഗ്രഹി​ക്കും.” (ദാനീ​യേൽ 12:8-10) വിശു​ദ്ധ​ന്മാർക്ക്‌ ഒരു ഉറച്ച പ്രത്യാശ ഉണ്ടായി​രു​ന്നു! നശിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നു പകരം അവർ നിർമ​ലീ​ക​രി​ക്ക​പ്പെട്ട്‌ യഹോ​വ​യാം ദൈവ​ത്തി​ന്റെ മുമ്പാ​കെ​യുള്ള ഒരു ശുദ്ധമായ നിലയാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. (മലാഖി 3:1-3) ആത്മീയ കാര്യ​ങ്ങ​ളി​ലുള്ള ഉൾക്കാഴ്‌ച ദൈവ ദൃഷ്ടി​യിൽ ശുദ്ധരാ​യി​രി​ക്കാൻ അവരെ സഹായി​ക്കു​മാ​യി​രു​ന്നു. നേരെ മറിച്ച്‌, ദുഷ്ടന്മാർ ആത്മീയ കാര്യങ്ങൾ ഗ്രഹി​ക്കാൻ വിസമ്മ​തി​ക്കു​മാ​യി​രു​ന്നു. എന്നാൽ ഇതെല്ലാം എപ്പോൾ സംഭവി​ക്കു​മാ​യി​രു​ന്നു?

21. (എ) ദാനീ​യേൽ 12:11-ൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന കാലഘട്ടം ഏത്‌ സ്ഥിതി​വി​ശേ​ഷങ്ങൾ സംജാ​ത​മാ​യി​ക്ക​ഴി​യു​മ്പോൾ തുടങ്ങു​മാ​യി​രു​ന്നു? (ബി) “നിരന്തര സവി​ശേഷത” എന്തായി​രു​ന്നു, അതു നീക്കം ചെയ്യ​പ്പെ​ട്ടത്‌ എപ്പോൾ? (298-ാം പേജിലെ ചതുരം കാണുക.)

21 ദാനീ​യേ​ലി​നോട്‌ ഇങ്ങനെ പറയ​പ്പെട്ടു: “നിരന്ത​ര​ഹോ​മ​യാ​ഗം നിർത്ത​ലാ​ക്കു​ക​യും ശൂന്യ​മാ​ക്കുന്ന മ്ലേച്ഛബിം​ബത്തെ പ്രതി​ഷ്‌ഠി​ക്ക​യും ചെയ്യുന്ന കാലം​മു​തൽ ആയിര​ത്തി​രു​നൂ​റ​റി​ത്തൊ​ണ്ണൂ​റു ദിവസം ചെല്ലും.” അതു​കൊണ്ട്‌ ചില സ്ഥിതി​വി​ശേ​ഷങ്ങൾ സംജാ​ത​മാ​കു​മ്പോൾ ഈ കാലഘട്ടം തുടങ്ങു​മാ​യി​രു​ന്നു. “നിരന്ത​ര​ഹോ​മ​യാ​ഗം” a—അഥവാ “നിരന്തര സവി​ശേഷത” [NW]—നീക്കം ചെയ്യ​പ്പെ​ട​ണ​മാ​യി​രു​ന്നു. (ദാനീ​യേൽ 12:11, NW അടിക്കു​റിപ്പ്‌) ഏതു യാഗ​ത്തെ​യാണ്‌ ദൂതൻ അർഥമാ​ക്കി​യത്‌? ഏതെങ്കി​ലും ഭൗമിക ആലയത്തിൽ അർപ്പി​ക്ക​പ്പെ​ടുന്ന മൃഗയാ​ഗ​ങ്ങളെ അല്ല. എന്തിന്‌, ഒരിക്കൽ യെരൂ​ശ​ലേ​മിൽ സ്ഥിതി​ചെ​യ്‌തി​രുന്ന ആലയം പോലും “വാസ്‌ത​വ​മാ​യ​തി​ന്റെ”—പൊ.യു. 29-ൽ ക്രിസ്‌തു മഹാപു​രോ​ഹി​തൻ ആയപ്പോൾ പ്രവർത്തനം ആരംഭിച്ച യഹോ​വ​യു​ടെ വലിയ ആത്മീയ ആലയത്തി​ന്റെ—വെറു​മൊ​രു “പ്രതി​ബിം​ബ​മാ​യി”രുന്നു! സത്യാ​രാ​ധ​ന​യ്‌ക്കുള്ള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന ഈ ആത്മീയ ആലയത്തിൽ തുടർച്ച​യായ പാപപ​രി​ഹാര ബലിയു​ടെ യാതൊ​രു ആവശ്യ​വു​മില്ല, കാരണം “ക്രിസ്‌തു. . . അനേക​രു​ടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ [“എന്നേക്കു​മാ​യി ഒരിക്കൽ,” NW] അർപ്പി​ക്ക​പ്പെട്ടു.” (എബ്രായർ 9:24-28) എങ്കിലും, എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും ഈ ആലയത്തിൽ യാഗം അർപ്പി​ക്കു​ക​തന്നെ ചെയ്യുന്നു. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി: “[ക്രിസ്‌തു] മുഖാ​ന്തരം നാം ദൈവ​ത്തി​ന്നു അവന്റെ നാമത്തെ ഏററു പറയുന്ന അധരഫലം എന്ന സ്‌തോ​ത്ര​യാ​ഗം ഇടവി​ടാ​തെ അർപ്പി​ക്കുക.” (എബ്രായർ 13:15) അതു​കൊണ്ട്‌ പ്രവച​ന​ത്തി​ലെ ഈ ആദ്യ സ്ഥിതി​വി​ശേഷം, അതായത്‌ “നിരന്തര സവി​ശേഷത”യുടെ നീക്കം ചെയ്യൽ, 1918-ന്റെ മധ്യത്തിൽ പ്രസംഗ വേല ഏതാണ്ട്‌ പൂർണ​മാ​യും നിർത്ത​ലാ​ക്ക​പ്പെ​ട്ട​പ്പോൾ സംജാ​ത​മാ​യി.

22. (എ) ശൂന്യ​മാ​ക്കുന്ന “മ്ലേച്ഛബിം​ബം” എന്താണ്‌, അതു സ്ഥാപി​ത​മാ​യത്‌ എന്ന്‌? (ബി) ദാനീ​യേൽ 12:11-ൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന കാലഘട്ടം തുടങ്ങി​യത്‌ എന്ന്‌, അവസാ​നി​ച്ചത്‌ എന്ന്‌?

22 എന്നാൽ രണ്ടാമത്തെ സ്ഥിതി​വി​ശേ​ഷ​ത്തി​ന്റെ അതായത്‌ “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛബിം​ബത്തെ പ്രതി​ഷ്‌ഠി​ക്കു”ന്നതിന്റെ അഥവാ സ്ഥാപി​ക്കു​ന്ന​തി​ന്റെ കാര്യ​മോ? ദാനീ​യേൽ 11:31-നെ കുറി​ച്ചുള്ള നമ്മുടെ ചർച്ചയിൽ കണ്ടതു​പോ​ലെ, ഈ മ്ലേച്ഛബിം​ബം ആദ്യം സർവരാ​ജ്യ​സ​ഖ്യം ആയിരു​ന്നു. പിന്നീട്‌ അത്‌ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളാ​യി പുനഃ​പ്ര​വേശം ചെയ്‌തു. ഭൂമി​യി​ലെ സമാധാ​ന​ത്തി​നുള്ള ഏക പ്രത്യാശ എന്ന നിലയിൽ അവ വാഴ്‌ത്ത​പ്പെട്ടു എന്നതി​നാൽ അവ രണ്ടും മ്ലേച്ഛമാണ്‌. അങ്ങനെ അനേക​രു​ടെ ഹൃദയ​ത്തിൽ, ഈ സ്ഥാപനങ്ങൾ വാസ്‌ത​വ​ത്തിൽ ദൈവ​രാ​ജ്യ​ത്തി​ന്റെ സ്ഥാനം കൈയ​ട​ക്കി​യി​രി​ക്കു​ന്നു! സഖ്യത്തെ സംബന്ധി​ച്ചുള്ള നിർദേശം ഔപചാ​രി​ക​മാ​യി മുന്നോ​ട്ടു വെച്ചത്‌ 1919 ജനുവ​രി​യിൽ ആയിരു​ന്നു. അതു​കൊണ്ട്‌ ആ സമയത്ത്‌ ദാനീ​യേൽ 12:11-ലെ രണ്ട്‌ സ്ഥിതി​വി​ശേ​ഷ​ങ്ങ​ളും സംജാ​ത​മാ​യി. അതു​കൊണ്ട്‌ ആ 1,290 ദിവസം 1919-ന്റെ ആരംഭ​ത്തിൽ തുടങ്ങി 1922-ലെ ശരത്‌കാ​ലം (ഉത്തരാർധ ഗോള​ത്തിൽ) വരെ നീണ്ടു​നി​ന്നു.

23. ദാനീ​യേൽ 12-ാം അധ്യാ​യ​ത്തിൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന 1,290 ദിവസ​ക്കാ​ലത്ത്‌ ദൈവ​ത്തി​ന്റെ വിശു​ദ്ധ​ന്മാർ ശുദ്ധീ​ക​രി​ക്ക​പ്പെട്ട നിലയി​ലേക്കു പുരോ​ഗ​മി​ച്ചത്‌ എങ്ങനെ?

23 ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും നിർമ​ലീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്ന കാര്യ​ത്തിൽ വിശു​ദ്ധ​ന്മാർ ആ കാലത്തു പുരോ​ഗതി വരുത്തി​യോ? തീർച്ച​യാ​യും! 1919 മാർച്ചിൽ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ പ്രസി​ഡ​ന്റും അദ്ദേഹ​ത്തി​ന്റെ അടുത്ത സഹകാ​രി​ക​ളും ജയിൽ മോചി​ത​രാ​യി. പിന്നീട്‌, തങ്ങൾക്ക്‌ എതിരെ ഉണ്ടായി​രുന്ന വ്യാജ ആരോ​പ​ണങ്ങൾ സംബന്ധിച്ച്‌ അവർ കുറ്റ വിമു​ക്ത​രാ​ക്ക​പ്പെട്ടു. തങ്ങളുടെ വേല പൂർത്തി​യാ​യി​ട്ടി​ല്ലെന്നു ബോധ്യ​മു​ണ്ടാ​യി​രുന്ന അവർ 1919 സെപ്‌റ്റം​ബ​റിൽ ഒരു കൺ​വെൻ​ഷൻ നടത്താൻ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു​കൊണ്ട്‌ ഉടൻതന്നെ പ്രവർത്തന നിരത​രാ​യി. വീക്ഷാ​ഗോ​പു​ര​ത്തിന്‌ ഒരു കൂട്ടു മാസിക ആദ്യമാ​യി പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​തും അതേ വർഷം​തന്നെ ആയിരു​ന്നു. ആരംഭ​ത്തിൽ സുവർണ യുഗം (ഇപ്പോൾ ഉണരുക!) എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന ഈ മാസിക ഈ ലോക​ത്തി​ലെ അഴിമ​തി​യെ നിർഭയം തുറന്നു​കാ​ട്ടു​ക​യും ശുദ്ധരാ​യി നില​കൊ​ള്ളാൻ ദൈവ​ജ​നത്തെ സഹായി​ക്കു​ക​യും ചെയ്യുന്ന കാര്യ​ത്തിൽ വീക്ഷാ​ഗോ​പു​രത്തെ എല്ലായ്‌പോ​ഴും പിന്തു​ണ​ച്ചി​രി​ക്കു​ന്നു. മുൻകൂ​ട്ടി പറയപ്പെട്ട 1,290 ദിവസ​ത്തി​ന്റെ അവസാ​ന​ത്തോ​ടെ വിശു​ദ്ധ​ന്മാർ ശുദ്ധീ​ക​രി​ക്ക​പ്പെ​ട്ട​തും പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട​തു​മായ ഒരു നില കൈവ​രി​ക്കു​ന്ന​തിൽ ഏറെ പുരോ​ഗതി പ്രാപി​ച്ചി​രു​ന്നു. ആ കാലഘട്ടം അവസാ​നിച്ച 1922 സെപ്‌റ്റം​ബ​റിൽത്തന്നെ യു.എസ്‌.എ. ഒഹാ​യോ​യി​ലെ സീഡാർ പോയി​ന്റിൽ അവർ ചരി​ത്ര​പ്ര​ധാ​ന​മായ ഒരു കൺ​വെൻ​ഷൻ നടത്തി. അതു പ്രസംഗ വേലയ്‌ക്ക്‌ ഒരു ശക്തമായ പ്രചോ​ദ​ന​മേകി. എന്നാൽ, തുടർന്നും കൂടുതൽ പുരോ​ഗതി വരു​ത്തേ​ണ്ടത്‌ ഉണ്ടായി​രു​ന്നു. അതു ശ്രദ്ധേ​യ​മായ അടുത്ത കാലഘ​ട്ട​ത്തിൽ സംഭവി​ക്കാ​നു​ള്ളത്‌ ആയിരു​ന്നു.

വിശു​ദ്ധ​ന്മാർക്കു സന്തുഷ്ടി

24, 25. (എ) ദാനീ​യേൽ 12:12-ൽ ഏതു കാലഘട്ടം മുൻകൂ​ട്ടി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു, തെളി​വ​നു​സ​രിച്ച്‌ അത്‌ എന്നു തുടങ്ങി, എന്ന്‌ അവസാ​നി​ച്ചു? (ബി) 1,335 ദിവസ​ത്തി​ന്റെ ആരംഭ​ത്തി​ങ്കൽ അഭിഷിക്ത ശേഷി​പ്പി​ന്റെ ആത്മീയ അവസ്ഥ എന്തായി​രു​ന്നു?

24 യഹോ​വ​യു​ടെ ദൂതൻ വിശു​ദ്ധ​ന്മാ​രെ കുറി​ച്ചുള്ള തന്റെ പ്രവചനം പിൻവ​രുന്ന വാക്കു​ക​ളോ​ടെ ഉപസം​ഹ​രി​ക്കു​ന്നു: “ആയിരത്തി മുന്നൂ​റ​റി​മു​പ്പ​ത്തഞ്ചു ദിവസ​ത്തോ​ളം കാത്തു ജീവി​ച്ചി​രി​ക്കു​ന്നവൻ ഭാഗ്യ​വാൻ [“പ്രതീ​ക്ഷ​യോ​ടി​രി​ക്കു​ന്നവൻ സന്തുഷ്ടൻ,” NW]” (ദാനീ​യേൽ 12:12) ഈ കാലഘട്ടം ആരംഭി​ക്കു​ന്ന​തോ അവസാ​നി​ക്കു​ന്ന​തോ എന്നാ​ണെ​ന്നു​ള്ള​തി​നെ കുറിച്ചു ദൂതൻ യാതൊ​രു സൂചന​യും നൽകു​ന്നില്ല. എന്നാൽ ഈ കാലഘട്ടം അതിനു മുമ്പത്തെ കാലഘ​ട്ട​ത്തി​നു തൊട്ടു​പി​ന്നാ​ലെ തുടങ്ങി​യെന്നു ചരിത്രം സൂചി​പ്പി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ, അത്‌ 1922-ലെ ശരത്‌കാ​ലം മുതൽ 1926-ലെ വസന്തകാ​ല​ത്തി​ന്റെ (ഉത്തരാർധ ഗോള​ത്തിൽ) അവസാനം വരെ നീണ്ടു നിൽക്കു​മാ​യി​രു​ന്നു. ആ കാലഘ​ട്ട​ത്തി​ന്റെ സമാപ​ന​ത്തോ​ടെ വിശു​ദ്ധ​ന്മാർ സന്തുഷ്ടി​യു​ടേ​തായ ഒരു അവസ്ഥയി​ലേക്കു വന്നോ? ഉവ്വ്‌, പ്രധാ​ന​പ്പെട്ട ആത്മീയ വിധങ്ങ​ളിൽ.

25 1922-ലെ കൺ​വെൻ​ഷനു (302-ാം പേജിൽ കാണി​ച്ചി​രി​ക്കു​ന്നു.) ശേഷം പോലും ദൈവ​ത്തി​ന്റെ വിശു​ദ്ധ​ന്മാ​രിൽ ചിലർ ഗതകാ​ല​ത്തേക്കു വാഞ്‌ഛ​യോ​ടെ നോക്കു​ക​യാ​യി​രു​ന്നു. ബൈബി​ളും സി. റ്റി. റസ്സൽ എഴുതിയ വേദാ​ധ്യ​യന പത്രി​ക​യു​ടെ വാല്യ​ങ്ങ​ളും ആയിരു​ന്നു അപ്പോ​ഴും അവരുടെ യോഗ​ങ്ങ​ളി​ലെ അടിസ്ഥാന പഠന ഗ്രന്ഥങ്ങൾ. 1925-ൽ പുനരു​ത്ഥാ​നം ആരംഭി​ക്കു​ക​യും ഭൂമി​യിൽ പറുദീസ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ക​യും ചെയ്യു​മെന്ന്‌ അന്നു പരക്കെ ഒരു ധാരണ ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ അനേകർ ഒരു നിശ്ചിത തീയതി മനസ്സിൽ കണ്ടു​കൊ​ണ്ടാണ്‌ സേവി​ച്ചി​രു​ന്നത്‌. പൊതു​ജ​ന​ങ്ങ​ളോ​ടു പ്രസം​ഗി​ക്കുന്ന വേലയിൽ പങ്കുപ​റ്റാൻ ചിലർ ധിക്കാ​ര​പൂർവം വിസമ്മ​തി​ച്ചു. അതു സന്തോ​ഷ​ക​ര​മായ ഒരു സാഹച​ര്യം ആയിരു​ന്നില്ല.

26. 1,335 ദിവസം പുരോ​ഗ​മി​ക്കവെ, അഭിഷി​ക്ത​രു​ടെ ആത്മീയ അവസ്ഥയ്‌ക്കു മാറ്റം ഭവിച്ചത്‌ എപ്രകാ​രം?

26 എന്നാൽ, 1,335 ദിവസം പുരോ​ഗ​മി​ക്കവെ, ഇവയ്‌ക്കെ​ല്ലാം മാറ്റം സംഭവി​ക്കാൻ തുടങ്ങി. എല്ലാവർക്കും വയൽ ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കാൻ പതിവായ ക്രമീ​ക​ര​ണങ്ങൾ ചെയ്‌ത​തോ​ടെ പ്രസം​ഗ​പ്ര​വർത്തം മുൻപ​ന്തി​യി​ലേക്കു വന്നു. വീക്ഷാ​ഗോ​പുര പഠനത്തി​നാ​യി ഓരോ വാരവും യോഗങ്ങൾ പട്ടിക​പ്പെ​ടു​ത്തി. 1914-19 കാലഘ​ട്ട​ത്തിൽ എന്താണു സംഭവി​ച്ചത്‌ എന്നതിനെ കുറിച്ചു ദൈവ​ജ​ന​ത്തിന്‌ പൂർണ​മായ ഗ്രാഹ്യം പ്രധാനം ചെയ്‌തു​കൊണ്ട്‌ 1925 മാർച്ച്‌ 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) “ജനതയു​ടെ ജനനം” എന്ന ചരി​ത്ര​പ്ര​ധാ​ന​മായ ഒരു ലേഖനം പ്രസി​ദ്ധീ​ക​രി​ച്ചു. 1925-നു ശേഷം വിശു​ദ്ധ​ന്മാർ ദൈവത്തെ സേവി​ച്ചത്‌ ഒരിക്ക​ലും അടുത്തുള്ള, സ്‌പഷ്ട​മായ ഒരു കാലപ​രി​ധി മുന്നിൽ കണ്ടു​കൊ​ണ്ടാ​യി​രു​ന്നില്ല. മറിച്ച്‌, യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​രണം ആയിരു​ന്നു സർവ​പ്ര​ധാന സംഗതി. 1926 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌) “ആർ യഹോ​വയെ ബഹുമാ​നി​ക്കും?” എന്ന ലേഖനം ഈ മർമ​പ്ര​ധാന സത്യം മുമ്പ്‌ എന്നത്തേ​തി​ലും ഉപരി​യാ​യി ഊന്നി​പ്പ​റഞ്ഞു. 1926 മേയിലെ കൺ​വെൻ​ഷ​നിൽ വിടുതൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രകാ​ശനം ചെയ്‌തു. (302-ാം പേജ്‌ കാണുക.) വേദാ​ധ്യ​യന പത്രി​ക​യ്‌ക്കു പകരമാ​യുള്ള പുതിയ പുസ്‌ത​ക​ങ്ങ​ളു​ടെ പരമ്പര​യിൽ ഒരെണ്ണ​മാ​യി​രു​ന്നു അത്‌. വിശു​ദ്ധ​ന്മാർ മേലാൽ ഗതകാ​ല​ത്തേക്കു നോക്കി​യില്ല. ഉറപ്പോ​ടെ അവർ ഭാവി​യി​ലേ​ക്കും മുന്നി​ലുള്ള വേലയി​ലേ​ക്കും നോക്കുക ആയിരു​ന്നു. അതു​കൊണ്ട്‌ പ്രവചി​ക്ക​പ്പെ​ട്ട​തു​പോ​ലെ, ആ 1,335 ദിവസം വിശു​ദ്ധ​ന്മാർ സന്തോ​ഷ​ക​ര​മായ ഒരു അവസ്ഥയിൽ ആയിരി​ക്കെ പര്യവ​സാ​നി​ച്ചു.

27. ദാനീ​യേൽ 12-ാം അധ്യാ​യ​ത്തി​ന്റെ ഒരു അവലോ​കനം യഹോ​വ​യു​ടെ അഭിഷി​ക്തരെ അസന്നി​ഗ്‌ദ്ധ​മാ​യി തിരി​ച്ച​റി​യാൻ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

27 തീർച്ച​യാ​യും എല്ലാവ​രും ഈ പ്രക്ഷുബ്ധ കാലഘ​ട്ട​ത്തിൽ സഹിച്ചു​നി​ന്നില്ല. അതു​കൊ​ണ്ടാണ്‌ “പ്രതീ​ക്ഷ​യോ​ടി​രി”ക്കേണ്ടതി​ന്റെ പ്രാധാ​ന്യം ദൂതൻ ഊന്നി​പ്പ​റ​ഞ്ഞത്‌. സഹിച്ചു​നിൽക്കു​ക​യും പ്രതീ​ക്ഷ​യോ​ടി​രി​ക്കു​ക​യും ചെയ്‌തവർ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്ക​പ്പെട്ടു. ദാനീ​യേൽ 12-ാം അധ്യാ​യ​ത്തി​ന്റെ ഒരു അവലോ​കനം അതു വ്യക്തമാ​ക്കു​ന്നു. മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ, അഭിഷി​ക്തർ ഒരു ആത്മീയ അർഥത്തിൽ പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെട്ടു അഥവാ പുനരു​ത്ഥാ​നം പ്രാപി​ച്ചു. ദൈവ​വ​ച​ന​ത്തിൽ ‘പരി​ശോ​ധന’ നടത്താൻ പ്രാപ്‌ത​രാ​ക്ക​പ്പെട്ട അവർക്ക്‌ അതിൽ ശ്രദ്ധേ​യ​മായ ഉൾക്കാഴ്‌ച ലഭിക്കു​ക​യും യുഗപു​രാ​തന രഹസ്യങ്ങൾ വെളി​പ്പെ​ടു​ത്താൻ തക്കവണ്ണം പരിശു​ദ്ധാ​ത്മാവ്‌ അവരെ വഴിന​ട​ത്തു​ക​യും ചെയ്‌തു. യഹോവ അവരെ ശുദ്ധീ​ക​രി​ച്ചു. അവർ ആത്മീയ​മാ​യി നക്ഷത്ര​ങ്ങ​ളെ​പ്പോ​ലെ തിളങ്ങാൻ അവൻ ഇടയാക്കി. തത്‌ഫ​ല​മാ​യി അവർ അനേകരെ യഹോ​വ​യാം ദൈവ​വു​മാ​യുള്ള ഒരു നീതി​നി​ഷ്‌ഠ​മായ നിലയി​ലേക്കു കൊണ്ടു​വന്നു.

28, 29. “അന്ത്യകാ​ലം” അതിന്റെ സമാപ​ന​ത്തോട്‌ അടുക്കവെ നമ്മുടെ ദൃഢനി​ശ്ചയം എന്തായി​രി​ക്കണം?

28 “അത്യു​ന്ന​ത​നാ​യ​വന്റെ വിശു​ദ്ധന്മാ”രെ തിരി​ച്ച​റി​യാൻ ഈ പ്രാവ​ച​നിക അടയാ​ളങ്ങൾ എല്ലാം ഉള്ള സ്ഥിതിക്ക്‌ അവരെ തിരി​ച്ച​റിഞ്ഞ്‌ അവരോ​ടൊ​പ്പം സഹവസി​ക്കാ​തി​രി​ക്കു​ന്ന​തിന്‌ എന്ത്‌ ഒഴിവു​ക​ഴി​വാ​ണു​ള്ളത്‌? എണ്ണത്തിൽ കുറഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന അഭിഷിക്ത ഗണത്തോ​ടു ചേർന്ന്‌ യഹോ​വയെ സേവി​ക്കുന്ന മഹാപു​രു​ഷാ​രത്തെ അത്ഭുത​ക​ര​മായ അനു​ഗ്ര​ഹങ്ങൾ കാത്തി​രി​ക്കു​ന്നു. നാമെ​ല്ലാം ദൈവിക വാഗ്‌ദാ​ന​ങ്ങ​ളു​ടെ നിവൃ​ത്തി​ക്കാ​യി പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കണം. (ഹബക്കൂക്‌ 2:3) നമ്മുടെ നാളിൽ, പതിറ്റാ​ണ്ടു​ക​ളാ​യി മഹാ​പ്ര​ഭു​വായ മീഖാ​യേൽ ദൈവ​ജ​ന​ത്തി​നു വേണ്ടി നില​കൊ​ള്ളു​ക​യാണ്‌. ഈ വ്യവസ്ഥി​തി​യു​ടെ ദിവ്യ നിയമിത വധനിർവാ​ഹകൻ എന്ന നിലയിൽ അവൻ പെട്ടെ​ന്നു​തന്നെ നടപടി സ്വീക​രി​ക്കും. അപ്പോൾ നമ്മുടെ അവസ്ഥ എന്തായി​രി​ക്കും?

29 ആ ചോദ്യ​ത്തി​നുള്ള ഉത്തരം, നാം ഇപ്പോൾ ദൃഢവി​ശ്വ​സ്‌ത​ത​യു​ടേ​തായ ഒരു ജീവിതം തിര​ഞ്ഞെ​ടു​ക്കു​ന്നു​വോ എന്നതിനെ ആശ്രയി​ച്ചി​രി​ക്കും. “അന്ത്യകാ​ലം” അതിന്റെ സമാപ​ന​ത്തോട്‌ അടുക്കവെ, അപ്രകാ​രം ചെയ്യാ​നുള്ള നമ്മുടെ നിശ്ചയത്തെ ബലിഷ്‌ഠ​മാ​ക്കു​ന്ന​തി​നു നമുക്കു ദാനീ​യേൽ പുസ്‌ത​ക​ത്തി​ലെ അവസാന വാക്യം പരിചി​ന്തി​ക്കാം. അതിനെ കുറിച്ചു നാം അടുത്ത അധ്യാ​യ​ത്തിൽ ചർച്ച ചെയ്യു​മ്പോൾ, ദാനീ​യേൽ തന്റെ ദൈവ​ത്തി​ന്റെ മുമ്പാകെ എങ്ങനെ നില​കൊ​ണ്ടെ​ന്നും ഭാവി​യിൽ എങ്ങനെ നില​കൊ​ള്ളു​മെ​ന്നും മനസ്സി​ലാ​ക്കാൻ നാം സഹായി​ക്ക​പ്പെ​ടും.

[അടിക്കു​റി​പ്പു​കൾ]

a ഗ്രീക്കു സെപ്‌റ്റു​വ​ജി​ന്റിൽ കേവലം “യാഗം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

നിങ്ങൾ എന്തു ഗ്രഹിച്ചു?

മീഖാ​യേൽ “നില്‌ക്കു”ന്നത്‌ ഏതു കാലഘ​ട്ട​ത്തി​ലാണ്‌, അവൻ എന്ന്‌, എങ്ങനെ “എഴു​ന്നേ​ല്‌ക്കും”?

ദാനീ​യേൽ 12:2 ഏതു തരം പുനരു​ത്ഥാ​ന​ത്തെ​യാ​ണു പരാമർശി​ക്കു​ന്നത്‌?

പിൻവ​രു​ന്ന​വ​യു​ടെ ആരംഭ​ത്തെ​യും അവസാ​ന​ത്തെ​യും സൂചി​പ്പി​ക്കുന്ന തീയതി​കൾ ഏവ:

ദാനീയേൽ 12:7-ൽ പരാമർശി​ച്ചി​രി​ക്കുന്ന മൂന്നര കാലം?

ദാനീയേൽ 12:11-ൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന 1,290 ദിവസം?

ദാനീയേൽ 12:12-ൽ പ്രവചി​ച്ചി​രി​ക്കുന്ന 1,335 ദിവസം?

ദാനീ​യേൽ 12-ാം അധ്യാ​യ​ത്തി​നു ശ്രദ്ധ കൊടു​ക്കു​ന്നതു യഹോ​വ​യു​ടെ സത്യാ​രാ​ധ​കരെ തിരി​ച്ച​റി​യാൻ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]

[298-ാം പേജിലെ ചതുരം]

നിരന്തര സവി​ശേഷത നീക്കം ചെയ്യൽ

ദാനീ​യേൽ പുസ്‌ത​ക​ത്തിൽ “നിരന്തര സവി​ശേഷത” (NW) എന്ന പ്രയോ​ഗം അഞ്ചു തവണ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. യഹോ​വ​യാം ദൈവ​ത്തി​ന്റെ ദാസന്മാർ അവനു നിരന്തരം അർപ്പി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സ്‌തു​തി​യാ​ഗത്തെ—“അധരഫല”ത്തെ—അതു പരാമർശി​ക്കു​ന്നു. (എബ്രായർ 13:15) ദാനീ​യേൽ 8:11-ലും 11:31-ലും 12:11-ലും അതിന്റെ നീക്കം ചെയ്യൽ പ്രവചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

രണ്ടു ലോക​മ​ഹാ​യു​ദ്ധ​ങ്ങ​ളു​ടെ കാലത്തും യഹോ​വ​യു​ടെ ജനം “വടക്കെ​ദേ​ശ​ത്തി​ലെ രാജാ”വിന്റെ​യും “തെക്കെ​ദേ​ശ​ത്തി​ലെ രാജാ”വിന്റെ​യും രാജ്യ​ങ്ങ​ളിൽ കഠിന​മാ​യി പീഡി​പ്പി​ക്ക​പ്പെട്ടു. (ദാനീ​യേൽ 11:14, 15) 1918-ന്റെ മധ്യത്തിൽ, ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ അവസാ​ന​ത്തോട്‌ അടുത്ത്‌ പ്രസംഗ വേല മിക്കവാ​റും നിർത്ത​ലാ​ക്ക​പ്പെ​ട്ട​പ്പോൾ “നിരന്തര സവി​ശേഷത” നീക്കം​ചെ​യ്യ​പ്പെട്ടു. (ദാനീ​യേൽ 12:7) സമാന​മാ​യി, രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി 2,300 ദിവസ​ത്തേക്ക്‌ “നിരന്തര സവി​ശേഷത” “എടുത്തു മാറ്റി.” (ദാനീ​യേൽ 8:11-14, NW; ഈ പുസ്‌ത​ക​ത്തി​ന്റെ 10-ാം അധ്യായം കാണുക.) തിരു​വെ​ഴു​ത്തിൽ വ്യക്തമാ​ക്കി​യി​ട്ടി​ല്ലാത്ത ഒരു കാലഘ​ട്ട​ത്തേക്ക്‌ നാസി “സൈന്യങ്ങ”ളും അതു നീക്കം ചെയ്യു​ക​യു​ണ്ടാ​യി.—ദാനീ​യേൽ 11:31, NW; ഈ പുസ്‌ത​ക​ത്തി​ന്റെ 15-ാം അധ്യായം കാണുക.

[301-ാം പേജിലെ ചാർട്ട്‌/ചിത്രങ്ങൾ]

ദാനീയേൽ പുസ്‌ത​ക​ത്തി​ലെ പ്രാവ​ച​നിക കാലഘ​ട്ട​ങ്ങൾ

ഏഴു കാലം (2,520 വർഷം): പൊ.യു.മു. 607 ഒക്‌ടോ​ബർ മുതൽ

ദാനീയേൽ 4:16, 25 പൊ.യു. 1914 ഒക്‌ടോ​ബർ വരെ

(മിശി​ഹൈക രാജ്യം സ്ഥാപി​ത​മാ​യി.

ഈ പുസ്‌ത​ക​ത്തി​ന്റെ 6-ാം

അധ്യായം കാണുക.)

മൂന്നര കാലം 1914 ഡിസംബർ മുതൽ 1918 ജൂൺ വരെ

(1,260 ദിവസം): (അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ പീഡി​പ്പി​ക്ക​പ്പെട്ടു.

ദാനീയേൽ 7:25; 12:7 ഈ പുസ്‌ത​ക​ത്തി​ന്റെ 9-ാം അധ്യായം കാണുക.)

2,300 സന്ധ്യയും 1938 ജൂൺ 1 അല്ലെങ്കിൽ 15 മുതൽ

ഉഷസ്സും: 1944 ഒക്‌ടോ​ബർ 8 അല്ലെങ്കിൽ 22 വരെ

ദാനീയേൽ 8:14 (“മഹാപു​രു​ഷാ​രം” പ്രത്യ​ക്ഷ​പ്പെ​ടു​ന്നു, പെരു​കു​ന്നു.

ഈ പുസ്‌ത​ക​ത്തി​ന്റെ 10-ാം അധ്യായം കാണുക.)

70 ആഴ്‌ചകൾ (490 വർഷം): പൊ.യു.മു. 455 മുതൽ പൊ.യു. 36 വരെ

ദാനീയേൽ 9:24-27 (മിശി​ഹാ​യു​ടെ വരവും

ഭൗമികശുശ്രൂഷയും. ഈ പുസ്‌തകത്തിന്റെ

11-ാം അധ്യായം കാണുക.)

1,290 ദിവസം: 1919 ജനുവരി മുതൽ

ദാനീയേൽ 12:11 1922 സെപ്‌റ്റം​ബർ വരെ

(അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഉണർന്ന്‌

ആത്മീയമായി പുരോ​ഗതി പ്രാപി​ക്കു​ന്നു.)

1,335 ദിവസം: 1922 സെപ്‌റ്റം​ബർ മുതൽ 1926 മേയ്‌ വരെ

ദാനീയേൽ 12:12 (അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഒരു സന്തുഷ്ട സ്ഥിതി പ്രാപി​ക്കു​ന്നു.)

[287-ാം പേജിലെ ചിത്രങ്ങൾ]

യഹോ​വ​യു​ടെ പ്രമുഖ ദാസന്മാ​രെ യു.എസ്‌.എ. ജോർജി​യ​യി​ലെ അറ്റ്‌ലാ​ന്റ​യി​ലുള്ള ഫെഡറൽ ജയിലി​ലേക്ക്‌ അന്യാ​യ​മാ​യി അയച്ചു. ഇടത്തു​നിന്ന്‌ വലത്തേക്ക്‌: (ഇരിക്കു​ന്നത്‌) എ. എച്ച്‌. മാക്‌മി​ല്ലൻ, ജെ. എഫ്‌. റഥർഫോർഡ്‌, ഡബ്ലിയു. ഇ. വാൻ അംബർഗ്‌; (നിൽക്കു​ന്നത്‌) ജി. എച്ച്‌. ഫിഷർ, ആർ. ജെ. മാർട്ടിൻ, ജി. ഡെസിക്ക, എഫ്‌. എച്ച്‌. റോബി​സൺ, സി. ജെ. വുഡ്‌വർത്ത്‌

[299-ാം പേജിലെ ചിത്രങ്ങൾ]

യു.എസ്‌.എ. ഒഹാ​യോ​യി​ലെ സീഡാർ പോയി​ന്റിൽ വെച്ച്‌ 1919-ലും (മുകളിൽ) 1922-ലും (താഴെ) ചരി​ത്ര​പ്ര​ധാ​ന​മായ കൺ​വെൻ​ഷ​നു​കൾ നടന്നു

[302-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]