വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിൽനിന്നുള്ള സന്ദേശവാഹകനാൽ ശക്തീകരിക്കപ്പെടുന്നു

ദൈവത്തിൽനിന്നുള്ള സന്ദേശവാഹകനാൽ ശക്തീകരിക്കപ്പെടുന്നു

അധ്യായം പന്ത്രണ്ട്‌

ദൈവ​ത്തിൽനി​ന്നുള്ള സന്ദേശ​വാ​ഹ​ക​നാൽ ശക്തീക​രി​ക്ക​പ്പെ​ടു​ന്നു

1. ദാനീ​യേ​ലിന്‌ യഹോ​വ​യു​ടെ ഉദ്ദേശ്യ സാക്ഷാ​ത്‌കാ​ര​ത്തിൽ ഉണ്ടായി​രുന്ന ആഴമായ താത്‌പ​ര്യ​ത്തി​നു സമൃദ്ധ​മായ പ്രതി​ഫലം ലഭിച്ചത്‌ എങ്ങനെ?

 യഹോ​വ​യു​ടെ ഉദ്ദേശ്യ സാക്ഷാ​ത്‌കാ​ര​ത്തി​ലുള്ള ദാനീ​യേ​ലി​ന്റെ ആഴമായ താത്‌പ​ര്യ​ത്തി​നു സമൃദ്ധ​മായ പ്രതി​ഫലം ലഭിച്ചു. മിശി​ഹാ​യു​ടെ പ്രത്യ​ക്ഷ​ത​യു​ടെ സമയം സംബന്ധിച്ച, 70 ആഴ്‌ച​കളെ കുറി​ച്ചുള്ള പ്രചോ​ദ​ക​മായ ഒരു പ്രവചനം അവനു നൽക​പ്പെട്ടു. തന്റെ ജനത്തിന്റെ വിശ്വസ്‌ത ശേഷിപ്പ്‌ സ്വദേ​ശ​ത്തേക്കു മടങ്ങി​പ്പോ​കു​ന്നതു കാണാ​നും ദാനീ​യേ​ലിന്‌ അവസരം ലഭിച്ചു. അതു സംഭവി​ച്ചത്‌ “പാർസി​രാ​ജാ​വായ കോ​രെ​ശി​ന്റെ ഒന്നാം ആണ്ടി”ന്റെ അവസാ​ന​ത്തോട്‌ അടുത്ത്‌, പൊ.യു.മു. 537-ൽ ആയിരു​ന്നു.—എസ്രാ 1:1-4.

2, 3. ദാനീ​യേൽ യഹൂദ ശേഷി​പ്പി​നോ​ടൊ​പ്പം യഹൂദാ ദേശ​ത്തേക്കു മടങ്ങി​യി​രി​ക്കാൻ സാധ്യ​ത​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

2 യഹൂദാ ദേശ​ത്തേക്കു മടങ്ങി​പ്പോ​യ​വ​രു​ടെ കൂട്ടത്തിൽ ദാനീ​യേൽ ഉണ്ടായി​രു​ന്നില്ല. ഈ വാർധ​ക്യ​ത്തിൽ അവനു യാത്ര ബുദ്ധി​മു​ട്ടാ​യി​രു​ന്നി​രി​ക്കാം. എന്തായി​രു​ന്നാ​ലും, ദൈവം അപ്പോ​ഴും അവനു വേണ്ടി ബാബി​ലോ​ണിൽ കൂടു​ത​ലായ ചില സേവന പദവികൾ കരുതി​യി​ട്ടു​ണ്ടാ​യി​രു​ന്നു. രണ്ടു വർഷം കടന്നു​പോ​യി. അപ്പോൾ, വിവരണം നമ്മോടു പറയുന്നു: “പേർഷ്യൻ രാജാ​വായ കോ​രെ​ശി​ന്റെ മൂന്നാം ആണ്ടിൽ ബേൽത്ത്‌ശസ്സർ എന്നു പേരുള്ള ദാനീ​യേ​ലിന്‌ ഒരു കാര്യം വെളി​പ്പെട്ടു, ആ കാര്യം സത്യവും വലിയ സൈനിക സേവനം ഉൾപ്പെ​ടു​ന്ന​തും ആയിരു​ന്നു. അവൻ ആ കാര്യം മനസ്സി​ലാ​ക്കി, ദർശിച്ച കാര്യ​ത്തിൽ അവനു ഗ്രാഹ്യ​മു​ണ്ടാ​യി​രു​ന്നു.”—ദാനീ​യേൽ 10:1, NW.

3 ‘കോ​രെ​ശി​ന്റെ മൂന്നാം ആണ്ട്‌’ പൊ.യു.മു. 536/535 ആയിരു​ന്നു. രാജസ​ന്ത​തി​യി​ലും കുലീ​ന​ന്മാ​രി​ലും പെട്ട യഹൂദ യുവാ​ക്ക​ളോ​ടൊ​പ്പം ദാനീ​യേ​ലി​നെ ബാബി​ലോ​ണി​ലേക്കു പിടി​ച്ചു​കൊ​ണ്ടു വന്നിട്ട്‌ 80-ലേറെ വർഷം കഴിഞ്ഞി​രു​ന്നു. (ദാനീ​യേൽ 1:3) ബാബി​ലോ​ണിൽ എത്തിയ​പ്പോൾ ദാനീ​യേൽ തന്റെ കൗമാ​ര​ത്തി​ന്റെ ആരംഭ​ത്തിൽ ആയിരു​ന്നെ​ങ്കിൽ, ഇപ്പോൾ അവന്‌ ഏകദേശം 100 വയസ്സ്‌ ഉണ്ടായി​രു​ന്നി​രി​ക്കണം. വിശ്വസ്‌ത സേവന​ത്തി​ന്റെ എത്ര മഹത്തായ രേഖയാണ്‌ അവന്റേത്‌!

4. വളരെ പ്രായം ചെന്നി​ട്ടും ദാനീ​യേൽ യഹോ​വ​യു​ടെ സേവന​ത്തിൽ ഏതു സുപ്ര​ധാന പങ്ക്‌ വഹിക്കു​മാ​യി​രു​ന്നു?

4 ദാനീ​യേ​ലി​നു വളരെ പ്രായം ചെന്നി​രു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ സേവന​ത്തി​ലെ അവന്റെ പങ്ക്‌ അവസാ​നി​ച്ചി​രു​ന്നില്ല. ദൂരവ്യാ​പക പ്രാധാ​ന്യ​മുള്ള ഒരു പ്രാവ​ച​നിക സന്ദേശം ദൈവം അവനി​ലൂ​ടെ പ്രഖ്യാ​പി​ക്കാൻ ഇരിക്കു​ക​യാ​യി​രു​ന്നു. നമ്മുടെ കാലം​വ​രെ​യും അതിനു ശേഷവും ബാധക​മാ​കേ​ണ്ടി​യി​രുന്ന ഒരു പ്രവച​ന​മാ​യി​രു​ന്നു അത്‌. ദാനീ​യേ​ലി​നെ ഈ കൂടു​ത​ലായ വേലയ്‌ക്കു സജ്ജനാ​ക്കാൻ, മുന്നി​ലുള്ള സേവന​ത്തി​നാ​യി അവനെ ശക്തനാ​ക്കാൻ, സഹായി​ക്കു​ന്നത്‌ ഉചിത​മെന്ന്‌ യഹോവ കണ്ടു.

ഉത്‌ക​ണ്‌ഠ​യ്‌ക്കുള്ള ഒരു കാരണം

5. ഏതു റിപ്പോർട്ടു​കൾ ദാനീ​യേ​ലിന്‌ ഉത്‌കണ്‌ഠ ഉളവാ​ക്കി​യി​രി​ക്കാം?

5 യഹൂദ ശേഷി​പ്പി​നോ​ടൊ​പ്പം ദാനീ​യേൽ യഹൂദാ ദേശ​ത്തേക്കു മടങ്ങി​യി​ല്ലെ​ങ്കി​ലും, തന്റെ പ്രിയ​പ്പെട്ട സ്വദേ​ശത്ത്‌ എന്തു സംഭവി​ക്കു​ന്നു എന്നതിൽ അവന്‌ ആഴമായ താത്‌പ​ര്യം ഉണ്ടായി​രു​ന്നു. തനിക്കു ലഭിച്ച റിപ്പോർട്ടു​ക​ളിൽനിന്ന്‌, കാര്യങ്ങൾ സുഗമ​മാ​യി നീങ്ങു​ന്നി​ല്ലെന്നു ദാനീ​യേൽ മനസ്സി​ലാ​ക്കി. യെരൂ​ശ​ലേ​മിൽ യാഗപീ​ഠം പുനഃ​സ്ഥാ​പി​ക്കു​ക​യും ആലയത്തിന്‌ അടിസ്ഥാ​നം ഇടുക​യും ചെയ്‌തി​രു​ന്നു. (എസ്രാ, അധ്യായം 3) എന്നാൽ അയൽ ജനതകൾ പുനർനിർമാണ പദ്ധതിയെ എതിർക്കു​ക​യും മടങ്ങി​യെ​ത്തിയ യഹൂദ​ന്മാർക്ക്‌ എതിരെ ദുഷ്ട പദ്ധതികൾ ആവിഷ്‌ക​രി​ക്കു​ക​യും ആയിരു​ന്നു. (എസ്രാ 4:1-5) അതു​കൊണ്ട്‌ ദാനീ​യേ​ലിന്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടാൻ പല കാരണങ്ങൾ ഉണ്ടായി​രു​ന്നു.

6. യെരൂ​ശ​ലേ​മി​ലെ അവസ്ഥകൾ ദാനീ​യേ​ലി​നെ ശല്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നത്‌ എന്തു​കൊണ്ട്‌?

6 യിരെ​മ്യാ​വി​ന്റെ പ്രവചനം ദാനീ​യേ​ലി​നു പരിചി​തം ആയിരു​ന്നു. (ദാനീ​യേൽ 9:2) യെരൂ​ശ​ലേ​മി​ലെ ആലയത്തി​ന്റെ പുനർനിർമാ​ണ​വും സത്യാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​വും തന്റെ ജനത്തെ കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​വു​മാ​യി അടുത്തു ബന്ധപ്പെ​ട്ടി​രു​ന്നു​വെ​ന്നും വാഗ്‌ദത്ത മിശി​ഹാ​യു​ടെ പ്രത്യ​ക്ഷ​പ്പെ​ട​ലി​നു മുമ്പ്‌ ഇതൊ​ക്കെ​യും സംഭവി​ക്കു​മെ​ന്നും അവന്‌ അറിയാ​മാ​യി​രു​ന്നു. യഹോ​വ​യിൽനിന്ന്‌ “എഴുപത്‌ ആഴ്‌ചക”ളെ കുറി​ച്ചുള്ള പ്രവചനം ലഭിച്ചത്‌ ദാനീ​യേ​ലി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം വാസ്‌ത​വ​ത്തിൽ വലി​യൊ​രു പദവി ആയിരു​ന്നു. യെരൂ​ശ​ലേ​മി​നെ പുനഃ​സ്ഥാ​പി​ക്കാ​നും പുനർനിർമി​ക്കാ​നു​മുള്ള കൽപ്പന പുറപ്പെട്ട ശേഷം 69 ‘ആഴ്‌ചകൾ’ കഴിയു​മ്പോൾ മിശിഹാ വരു​മെന്ന്‌ അതിൽനിന്ന്‌ അവൻ മനസ്സി​ലാ​ക്കി. (ദാനീ​യേൽ 9:24-27, NW) എന്നാൽ, യെരൂ​ശ​ലേ​മി​ന്റെ ശൂന്യാ​വ​സ്ഥ​യും ആലയ നിർമാ​ണ​ത്തി​ലെ കാലതാ​മ​സ​വും പരിഗ​ണി​ക്കു​മ്പോൾ, ദാനീ​യേൽ നിരു​ത്സാ​ഹി​ത​നും കുണ്‌ഠി​ത​നും വിഷാ​ദ​മ​ഗ്ന​നും ആയിത്തീർന്നി​രി​ക്കാ​വു​ന്നത്‌ എന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കുക എളുപ്പ​മാണ്‌.

7. മൂന്ന്‌ ആഴ്‌ച​ത്തേക്കു ദാനീ​യേൽ എന്തു ചെയ്‌തു?

7 വിവരണം ഇപ്രകാ​രം പറയുന്നു: “ആ കാലത്തു ദാനീ​യേൽ എന്ന ഞാൻ മൂന്നു ആഴ്‌ച​വട്ടം മുഴു​വ​നും ദുഃഖി​ച്ചു​കൊ​ണ്ടി​രു​ന്നു. മൂന്നു ആഴ്‌ച​വട്ടം മുഴു​വ​നും കഴിയു​വോ​ളം ഞാൻ സ്വാദു​ഭോ​ജനം ഭക്ഷിക്ക​യോ മാംസ​വും വീഞ്ഞും ആസ്വദി​ക്ക​യോ ചെയ്‌തി​ട്ടില്ല; എണ്ണ തേച്ചി​ട്ടു​മില്ല.” (ദാനീ​യേൽ 10:2, 3) “മൂന്നു ആഴ്‌ച​വട്ടം മുഴു​വ​നും” അഥവാ 21 ദിവസം നീണ്ട ആ വിലാ​പ​വും ഉപവാ​സ​വും അസാധാ​ര​ണ​മാം വിധം ദീർഘ​മാ​യി​രു​ന്നു. അത്‌ അവസാ​നി​ച്ചത്‌ “ഒന്നാം മാസം ഇരുപ​ത്തു​നാ​ലാം തിയ്യതി” ആയിരു​ന്നെന്നു വ്യക്തമാണ്‌. (ദാനീ​യേൽ 10:4) അതു​കൊണ്ട്‌, ഒന്നാം മാസമായ നീസാൻ 14-ന്‌ ആചരി​ച്ചി​രുന്ന പെസഹാ​യും തുടർന്നുള്ള പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ സപ്‌ത​ദിന ആഘോ​ഷ​വും ദാനീ​യേ​ലി​ന്റെ ഉപവാസ കാലത്ത്‌ ആയിരു​ന്നു.

8. ഏത്‌ മുൻ അവസര​ത്തിൽ ദാനീ​യേൽ യഹോ​വ​യു​ടെ മാർഗ​നിർദേശം ഉത്സാഹ​പൂർവം തേടി​യി​രു​ന്നു, പരിണ​ത​ഫലം എന്തായി​രു​ന്നു?

8 മുമ്പ്‌ ഒരവസ​ര​ത്തി​ലും ദാനീ​യേ​ലി​നു സമാന​മായ ഒരു അനുഭവം ഉണ്ടായി​രു​ന്നു. അന്ന്‌, യെരൂ​ശ​ലേ​മി​ന്റെ 70 വർഷ ശൂന്യാ​വ​സ്ഥയെ കുറി​ച്ചുള്ള യഹോ​വ​യു​ടെ പ്രവച​ന​ത്തി​ന്റെ നിവൃത്തി സംബന്ധിച്ച്‌ അവൻ ആശയക്കു​ഴ​പ്പ​ത്തിൽ ആയിരു​ന്നു. അപ്പോൾ ദാനീ​യേൽ എന്തു ചെയ്‌തു? അവൻ ഇപ്രകാ​രം പറഞ്ഞു: “ഞാൻ ഉപവസി​ച്ചും രട്ടുടു​ത്തും വെണ്ണീ​രിൽ ഇരുന്നും​കൊ​ണ്ടു പ്രാർത്ഥ​ന​യോ​ടും യാചന​ക​ളോ​ടും​കൂ​ടെ അപേക്ഷി​ക്കേ​ണ്ട​തി​ന്നു ദൈവ​മായ കർത്താ​വി​ങ്ക​ലേക്കു മുഖം തിരിച്ചു.” ദാനീ​യേ​ലി​നു വളരെ​യേറെ പ്രോ​ത്സാ​ഹ​ന​മേ​കിയ ഒരു സന്ദേശ​വു​മാ​യി ഗബ്രീ​യേൽ ദൂതനെ അവന്റെ അടു​ത്തേക്ക്‌ അയച്ചു​കൊണ്ട്‌ യഹോവ അവന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരമ​രു​ളി. (ദാനീ​യേൽ 9:3, 21, 22) എന്നാൽ ദാനീ​യേ​ലി​നു വളരെ ആവശ്യ​മാ​യി​രുന്ന പ്രോ​ത്സാ​ഹനം പ്രദാനം ചെയ്‌തു​കൊണ്ട്‌ യഹോവ ഈ അവസര​ത്തി​ലും സമാന​മായ ഒരു വിധത്തിൽ പ്രവർത്തി​ക്കു​മാ​യി​രു​ന്നോ?

ഭയാദ​ര​ജ​ന​ക​മായ ഒരു ദർശനം

9, 10. (എ) ദർശനം ലഭിച്ച​പ്പോൾ ദാനീ​യേൽ എവിടെ ആയിരു​ന്നു? (ബി) ദാനീ​യേൽ ദർശന​ത്തിൽ കണ്ടത്‌ വിവരി​ക്കുക.

9 ദാനീ​യേൽ നിരാ​ശനല്ല. അടുത്ത​താ​യി എന്തു സംഭവി​ക്കു​ന്നു​വെന്ന്‌ അവൻ നമ്മോടു പറയുന്നു: “ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീ​രത്തു ഇരിക്ക​യിൽ തലപൊ​ക്കി നോക്കി​യ​പ്പോൾ, ശണവസ്‌ത്രം ധരിച്ചും അരെക്കു ഊഫാ​സ്‌ത​ങ്കം​കൊ​ണ്ടുള്ള കച്ച കെട്ടി​യും ഇരിക്കുന്ന ഒരു പുരു​ഷനെ കണ്ടു.” (ദാനീ​യേൽ 10:4, 5) ഏദെൻ തോട്ട​ത്തിൽനിന്ന്‌ ഉത്ഭവിച്ച നാലു നദിക​ളിൽ ഒന്നായി​രു​ന്നു ഹിദ്ദേക്കൽ. (ഉല്‌പത്തി 2:10-14) പുരാതന പേർഷ്യൻ ഭാഷയിൽ ഹിദ്ദേക്കൽ ടൈഗ്രാ എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. അതിൽനി​ന്നാണ്‌ ടൈ​ഗ്രീസ്‌ എന്ന ഗ്രീക്കു പേര്‌ വന്നത്‌. ഇതിനും യൂഫ്ര​ട്ടീ​സി​നും ഇടയ്‌ക്കുള്ള പ്രദേശം “നദികൾക്ക്‌ ഇടയി​ലുള്ള സ്ഥലം” എന്ന്‌ അർഥമുള്ള മെസൊ​പ്പൊ​ത്താ​മ്യ എന്നു വിളി​ക്ക​പ്പെട്ടു. ഈ ദർശനം ലഭിച്ച​പ്പോൾ ദാനീ​യേൽ ബാബി​ലോൺ നഗരത്തിൽ അല്ലായി​രു​ന്നി​രി​ക്കാ​മെ​ങ്കി​ലും, ബാബി​ലോ​ണിയ ദേശത്തു​തന്നെ ആയിരു​ന്നെന്ന്‌ ഇതു വ്യക്തമാ​ക്കു​ന്നു.

10 എന്തൊരു ദർശന​മാ​ണു ദാനീ​യേ​ലി​നു ലഭിച്ചത്‌! തന്റെ കണ്ണുകൾ ഉയർത്തി​യ​പ്പോൾ അവൻ കണ്ടത്‌ ഒരു സാധാരണ മനുഷ്യ​നെ അല്ലായി​രു​ന്നെന്നു വ്യക്തം. ദാനീ​യേൽ ഈ ഉജ്ജ്വല വിവരണം നൽകി: “അവന്റെ ദേഹം ഗോ​മേ​ദ​കം​പോ​ലെ​യും മുഖം മിന്നൽപ്ര​കാ​ശം​പോ​ലെ​യും കണ്ണു തീപ്പന്തം​പോ​ലെ​യും ഭുജങ്ങ​ളും കാലു​ക​ളും മിനു​ക്കിയ താമ്ര​ത്തി​ന്റെ വർണ്ണം​പോ​ലെ​യും അവന്റെ വാക്കു​ക​ളു​ടെ ശബ്ദം ഒരു പുരു​ഷാ​ര​ത്തി​ന്റെ ആരവം​പോ​ലെ​യും ആയിരു​ന്നു.”—ദാനീ​യേൽ 10:6.

11. ദർശന​ത്തിന്‌ ദാനീ​യേ​ലി​ന്റെ​യും അവനോ​ടൊ​പ്പം ഉണ്ടായി​രു​ന്ന​വ​രു​ടെ​യും മേൽ എന്തു ഫലം ഉണ്ടായി​രു​ന്നു?

11 ദർശനം തേജോ​മയം ആയിരു​ന്നെ​ങ്കി​ലും, ‘തന്നോ​ടു​കൂ​ടെ ഉണ്ടായി​രുന്ന ആളുകൾ ദർശനം കണ്ടില്ല’ എന്നു ദാനീ​യേൽ പറഞ്ഞു. വിശദീ​ക​രി​ച്ചി​ട്ടി​ല്ലാത്ത ഏതോ കാരണ​ത്താൽ “ഒരു മഹാ​ഭ്രമം അവർക്കു പിടി​ച്ചി​ട്ടു അവർ ഓടി​യൊ​ളി​ച്ചു.” അങ്ങനെ ആ നദീതീ​രത്ത്‌ ദാനീ​യേൽ തനിച്ചാ​യി. “ഈ മഹാദർശനം” അത്യന്തം ആകുലീ​ക​രി​ക്കു​ന്നത്‌ ആയിരു​ന്നു. എന്തെന്നാൽ അവൻ ഇങ്ങനെ സമ്മതി​ക്കു​ന്നു: “എന്നിൽ ഒട്ടും ബലം ശേഷി​ച്ചി​രു​ന്നില്ല; എന്റെ മുഖ​ശോഭ ക്ഷയിച്ചു​പോ​യി; എനിക്കു ഒട്ടും ബലം ഇല്ലാ​തെ​യും ആയി.”—ദാനീ​യേൽ 10:7, 8.

12, 13. സന്ദേശ​വാ​ഹ​കന്റെ (എ) വസ്‌ത്ര​വും (ബി) ആകാര​വും അവനെ കുറിച്ച്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

12 ദാനീ​യേ​ലി​നെ അത്യന്തം ഭയപ്പെ​ടു​ത്തിയ ശ്രദ്ധേ​യ​നായ ഈ സന്ദേശ​വാ​ഹ​കനെ നമുക്കു സൂക്ഷ്‌മ​മാ​യി ഒന്നു നിരീ​ക്ഷി​ക്കാം. “ശണവസ്‌ത്രം ധരിച്ചും അരെക്കു ഊഫാ​സ്‌ത​ങ്കം​കൊ​ണ്ടുള്ള കച്ച കെട്ടിയു”മാണ്‌ അവൻ പ്രത്യ​ക്ഷ​പ്പെ​ട്ടത്‌. പുരാതന ഇസ്രാ​യേ​ലിൽ, മഹാപു​രോ​ഹി​തന്റെ അരക്കച്ച, ഏഫോദ്‌, പതക്കം, മറ്റു പുരോ​ഹി​ത​ന്മാ​രു​ടെ പുറം കുപ്പായം എന്നിവ പിരിച്ച നല്ല പഞ്ഞിനൂൽകൊ​ണ്ടു നിർമിച്ച്‌ പൊന്നു​കൊണ്ട്‌ അലങ്കരി​ച്ച​താ​യി​രു​ന്നു. (പുറപ്പാ​ടു 28:4-8; 39:27-29) അതു​കൊണ്ട്‌, ഈ സന്ദേശ​വാ​ഹ​കന്റെ വസ്‌ത്രം അവൻ വഹിക്കുന്ന സ്ഥാനത്തി​ന്റെ പരിശു​ദ്ധി​യെ​യും മാന്യ​ത​യെ​യും സൂചി​പ്പി​ക്കു​ന്നു.

13 സന്ദേശ​വാ​ഹ​കന്റെ ആകാര​വും ദാനീ​യേ​ലിൽ ഭയാദ​രവ്‌ ഉണർത്തി—അവന്റെ രത്‌ന​സ​മാന ശരീരം ഉത്സർജി​ക്കുന്ന ദീപ്‌തി, ഒളിമി​ന്നുന്ന മുഖത്തി​ന്റെ അന്ധതപി​ടി​പ്പി​ക്കുന്ന ശോഭ, ജ്വലി​ക്കുന്ന കണ്ണുക​ളു​ടെ തുളച്ചു​ക​യ​റുന്ന ശക്തി, ബലിഷ്‌ഠ​മായ കരങ്ങളു​ടെ​യും പാദങ്ങ​ളു​ടെ​യും തേജസ്സ്‌ എന്നിവ തന്നെ. അവന്റെ ആജ്ഞാസ്വ​രം പോലും ഭയം ജനിപ്പി​ക്കു​ന്നത്‌ ആയിരു​ന്നു. ഇവയെ​ല്ലാം അവൻ അമാനു​ഷൻ ആയിരു​ന്നെന്നു വ്യക്തമാ​യി സൂചി​പ്പി​ക്കു​ന്നു. “ശണവസ്‌ത്രം ധരിച്ച” ഈ പുരുഷൻ, ഉന്നതസ്ഥാ​നീ​യ​നായ, യഹോ​വ​യു​ടെ വിശുദ്ധ സന്നിധാ​ന​ത്തിൽ സേവി​ച്ചി​രുന്ന—അവിടെ നിന്നാണ്‌ അവൻ സന്ദേശ​വു​മാ​യി പുറ​പ്പെ​ട്ടത്‌—ഒരു ദൂതൻ ആയിരു​ന്നെന്നു തീർച്ച. a

“ഏററവും പ്രിയ​പു​രു​ഷ​നായ” ഒരുവൻ ശക്തീക​രി​ക്ക​പ്പെ​ട്ടു

14. ദൂത സന്ദേശം സ്വീക​രി​ക്കു​ന്ന​തി​നു ദാനീ​യേ​ലിന്‌ എന്തു സഹായം ആവശ്യ​മാ​യി​രു​ന്നു?

14 ദാനീ​യേ​ലി​നു​വേണ്ടി യഹോ​വ​യു​ടെ ദൂതന്റെ പക്കൽ ഉണ്ടായി​രുന്ന സന്ദേശം സുപ്ര​ധാ​ന​വും സങ്കീർണ​വും ആയിരു​ന്നു. അതു സ്വീക​രി​ക്കു​ന്ന​തി​നു മുമ്പ്‌, തന്റെ ശാരീ​രിക-മാനസിക വൈഷ​മ്യ​ത്തിൽനി​ന്നു മുക്തനാ​കാൻ ദാനീ​യേ​ലി​നു സഹായം ആവശ്യ​മാ​യി​രു​ന്നു. പ്രത്യ​ക്ഷ​ത്തിൽ അതു തിരി​ച്ച​റി​ഞ്ഞു​കൊ​ണ്ടു ദൂതൻ ദാനീ​യേ​ലി​നു വ്യക്തി​പ​ര​മായ സഹായ​വും പ്രോ​ത്സാ​ഹ​ന​വും നൽകി. സംഭവി​ച്ച​തി​നെ കുറി​ച്ചുള്ള ദാനീ​യേ​ലി​ന്റെ സ്വന്തം വിവരണം നമുക്കു പരിചി​ന്തി​ക്കാം.

15. ദാനീ​യേ​ലി​നെ സഹായി​ക്കാ​നാ​യി ദൂതൻ എന്തു ചെയ്‌തു?

15 “അവന്റെ വാക്കു​ക​ളു​ടെ ശബ്ദം കേട്ട​പ്പോൾ ഞാൻ ബോധം​കെട്ടു [“ഗാഢ നിദ്ര​യി​ലാ​യി,” NW] നിലത്തു കവിണ്ണു​വീ​ണു.” ഭയവും ആകുല​ത​യും നിമിത്തം ദാനീ​യേൽ ഏറെക്കു​റെ അബോ​ധാ​വ​സ്ഥ​യിൽ ആയിത്തീർന്നി​രി​ക്കാം. അവനെ സഹായി​ക്കാൻ ദൂതൻ എന്തു ചെയ്‌തു? ദാനീ​യേൽ പറഞ്ഞു: “എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാ​ലും ഉള്ളങ്കയ്യും ഊന്നി വിറയ​ലോ​ടെ നില്‌ക്കു​മാ​റാ​ക്കി.” അതിനു പുറമേ, ദൂതൻ പിൻവ​രുന്ന വാക്കു​ക​ളാൽ ദാനീ​യേ​ലി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “ഏററവും പ്രിയ​പു​രു​ഷ​നായ ദാനീ​യേലേ, ഞാൻ നിന്നോ​ടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിർന്നു​നില്‌ക്ക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” ആ സഹായ ഹസ്‌ത​വും ആശ്വാസ വാക്കു​ക​ളും ദാനീ​യേ​ലി​നെ പുനരു​ജ്ജീ​വി​പ്പി​ച്ചു. “വിറയ​ലോ​ടെ” ആണെങ്കി​ലും അവൻ “നിവിർന്നു​നി​ന്നു.”—ദാനീ​യേൽ 10:9-11.

16. (എ) യഹോവ തന്റെ ദാസന്മാ​രു​ടെ പ്രാർഥ​ന​ക​ളോ​ടു സത്വരം പ്രതി​ക​രി​ക്കു​ന്നു​വെന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം? (ബി) ദാനീ​യേ​ലി​ന്റെ സഹായ​ത്തിന്‌ എത്താൻ ദൂതൻ വൈകി​യത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? (ചതുരം ഉൾപ്പെ​ടു​ത്തുക.) (സി) ദൂതന്റെ പക്കൽ ദാനീ​യേ​ലി​നു​വേണ്ടി എന്തു സന്ദേശ​മാണ്‌ ഉണ്ടായി​രു​ന്നത്‌?

16 താൻ വന്നതു ദാനീ​യേ​ലി​നെ ശക്തീക​രി​ക്കാൻ വേണ്ടി​ത്തന്നെ ആണെന്ന്‌ ദൂതൻ ചൂണ്ടി​ക്കാ​ട്ടി. അവൻ പറഞ്ഞു: “ദാനീ​യേലേ, ഭയപ്പെ​ടേണ്ടാ; നീ തിരി​ച്ച​റി​യേ​ണ്ട​തി​ന്നും നിന്റെ ദൈവ​ത്തി​ന്റെ മുമ്പാകെ നിന്നെ​ത്തന്നേ താഴ്‌ത്തേ​ണ്ട​തി​ന്നും [നീ] മനസ്സു​വെച്ച ആദ്യദി​വ​സം​മു​തൽ നിന്റെ വാക്കു കേട്ടി​രി​ക്കു​ന്നു; നിന്റെ വാക്കു​ഹേ​തു​വാ​യി തന്നേ ഞാൻ വന്നിരി​ക്കു​ന്നു.” തുടർന്ന്‌, വരാൻ വൈകി​യ​തി​ന്റെ കാരണം ദൂതൻ വിശദീ​ക​രി​ച്ചു. അവൻ പറഞ്ഞു: “പാർസി​രാ​ജ്യ​ത്തി​ന്റെ പ്രഭു ഇരുപ​ത്തൊ​ന്നു​ദി​വസം എന്നോടു എതിർത്തു​നി​ന്നു; എങ്കിലും പ്രധാ​ന​പ്ര​ഭു​ക്ക​ന്മാ​രിൽ ഒരുത്ത​നായ മീഖാ​യേൽ എന്നെ സഹായി​പ്പാൻ വന്നു: അവനെ ഞാൻ പാർസി​രാ​ജാ​ക്ക​ന്മാ​രോ​ടു​കൂ​ടെ അവിടെ വിട്ടേച്ചു.” ഏറ്റവും അടിയ​ന്തി​ര​മായ ഈ സന്ദേശ​വു​മാ​യി ദാനീ​യേ​ലി​നെ സമീപി​ക്കുക എന്ന തന്റെ ദൗത്യം പൂർത്തി​യാ​ക്കാൻ മീഖാ​യേ​ലി​ന്റെ സഹായ​ത്താൽ ദൂതനു കഴിഞ്ഞു. അവൻ പറഞ്ഞു: “നിന്റെ ജനത്തിന്നു ഭാവി​കാ​ലത്തു [“നാളു​ക​ളു​ടെ അന്തിമ ഭാഗത്ത്‌,” NW] സംഭവി​പ്പാ​നു​ള്ളതു നിന്നെ ഗ്രഹി​പ്പി​ക്കേ​ണ്ട​തി​ന്നു ഇപ്പോൾ വന്നിരി​ക്കു​ന്നു; ദർശനം ഇനിയും ബഹുകാ​ല​ത്തേ​ക്കു​ള്ള​താ​കു​ന്നു.”—ദാനീ​യേൽ 10:12-14.

17, 18. ദാനീ​യേൽ രണ്ടാം പ്രാവ​ശ്യം സഹായി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ, അത്‌ എന്തു ചെയ്യാൻ അവനെ പ്രാപ്‌ത​നാ​ക്കി?

17 കൗതു​ക​ക​ര​മായ അത്തര​മൊ​രു സന്ദേശം ലഭിക്കാൻ പോകു​ന്ന​തി​ന്റെ പേരിൽ ഉത്സാഹ​ഭ​രി​തൻ ആകേണ്ട​തി​നു പകരം കേട്ട കാര്യങ്ങൾ ദാനീ​യേ​ലി​നെ പ്രതി​കൂ​ല​മാ​യി ബാധി​ച്ചെന്നു തോന്നു​ന്നു. വിവരണം പ്രസ്‌താ​വി​ക്കു​ന്നു: “അവൻ ഈ വാക്കു​കളെ എന്നോടു സംസാ​രി​ക്കു​മ്പോൾ ഞാൻ മുഖം കുനിച്ചു ഊമനാ​യ്‌തീർന്നു.” എന്നാൽ സ്‌നേ​ഹ​പൂർവ​ക​മായ സഹായം രണ്ടാമ​തും നൽകാൻ ദൂത സന്ദേശ​വാ​ഹകൻ ഒരുക്ക​മാ​യി​രു​ന്നു. ദാനീ​യേൽ പറഞ്ഞു: “അപ്പോൾ മനുഷ്യ​രോ​ടു സദൃശ​നായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്‌തു​റന്നു സംസാ​രി​ച്ചു.” bദാനീ​യേൽ 10:15, 16എ.

18 ദൂതൻ അധരങ്ങളെ തൊട്ട​പ്പോൾ ദാനീ​യേൽ ശക്തീക​രി​ക്ക​പ്പെട്ടു. (യെശയ്യാ​വു 6:7 താരത​മ്യം ചെയ്യുക.) സംസാര പ്രാപ്‌തി വീണ്ടു​കി​ട്ടി​യ​തോ​ടെ, ദാനീ​യേ​ലി​നു താൻ അനുഭ​വി​ച്ചു​കൊ​ണ്ടി​രുന്ന ബുദ്ധി​മുട്ട്‌ ദൂത സന്ദേശ​വാ​ഹ​ക​നോ​ടു വിശദീ​ക​രി​ക്കാൻ സാധിച്ചു. അവൻ പറഞ്ഞു: “യജമാ​നനേ, ഈ ദർശനം​നി​മി​ത്തം എനിക്കു അതി​വേദന പിടി​പെട്ടു ശക്തിയി​ല്ലാ​താ​യി​രി​ക്കു​ന്നു. അടിയന്നു യജമാ​ന​നോ​ടു സംസാ​രി​പ്പാൻ എങ്ങനെ​ക​ഴി​യും? എനിക്കു പെട്ടെന്നു ശക്തിയി​ല്ലാ​താ​യി, ശ്വാസം ശേഷി​ച്ചി​രി​പ്പില്ല.”—ദാനീ​യേൽ 10:16ബി, 17.

19. ദാനീ​യേൽ മൂന്നാം പ്രാവ​ശ്യ​വും സഹായി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ, ഫലം എന്തായി​രു​ന്നു?

19 ദാനീ​യേൽ പരാതി പറയു​ക​യോ ഒഴിവു​ക​ഴി​വു കണ്ടെത്തു​ക​യോ ആയിരു​ന്നില്ല. മറിച്ച്‌ അവൻ തന്റെ വിഷമാ​വസ്ഥ പറഞ്ഞു​വെന്നേ ഉള്ളൂ. ദൂതൻ അവന്റെ പ്രസ്‌താ​വന സ്വീക​രി​ക്കു​ക​യും ചെയ്‌തു. അങ്ങനെ മൂന്നാം പ്രാവ​ശ്യ​വും ദൂത സന്ദേശ​വാ​ഹകൻ ദാനീ​യേ​ലി​നു സഹായ​മേകി. “അപ്പോൾ മനുഷ്യ​സാ​ദൃ​ശ്യ​ത്തി​ലു​ള്ളവൻ പിന്നെ​യും വന്നു എന്നെ തൊട്ടു ബലപ്പെ​ടു​ത്തി” എന്നു പ്രവാ​ചകൻ പറഞ്ഞു. ഉണർവേ​കുന്ന ആ സ്‌പർശ​നത്തെ തുടർന്ന്‌ സന്ദേശ​വാ​ഹകൻ പിൻവ​രുന്ന ആശ്വാസ വാക്കുകൾ പറഞ്ഞു: “ഏററവും പ്രിയ​പു​രു​ഷാ, ഭയപ്പെ​ടേണ്ടാ; നിനക്കു സമാധാ​നം! ബലപ്പെ​ട്ടി​രിക്ക, ബലപ്പെ​ട്ടി​രിക്ക.” കൃത്യ​മാ​യും ദാനീ​യേ​ലി​നു വേണ്ടി​യി​രു​ന്നത്‌ ആ സ്‌നേ​ഹ​പൂർവ​ക​മായ സ്‌പർശ​ന​വും പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന വാക്കു​ക​ളും ആയിരു​ന്നു​വെന്നു തോന്നു​ന്നു. ഫലമോ? ദാനീ​യേൽ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “അവൻ എന്നോടു സംസാ​രി​ച്ച​പ്പോൾ ഞാൻ ബലപ്പെട്ടു: യജമാ​നനേ, സംസാ​രി​ക്കേ​ണമേ; നീ എന്നെ ബലപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​വ​ല്ലോ എന്നു പറഞ്ഞു.” വെല്ലു​വി​ളി നിറഞ്ഞ മറ്റൊരു നിയമ​ന​ത്തി​നു ദാനീ​യേൽ ഇപ്പോൾ ഒരുങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു.—ദാനീ​യേൽ 10:18, 19.

20. തന്റെ നിയമനം നിർവ​ഹി​ക്കാൻ ദൂത സന്ദേശ​വാ​ഹ​കനു ശ്രമം ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

20 ദാനീ​യേ​ലി​നെ ശക്തീക​രി​ക്കു​ക​യും അവന്റെ മാനസിക-ശാരീ​രിക പ്രാപ്‌തി​കൾ പുനരാർജി​ക്കാൻ അവനെ സഹായി​ക്കു​ക​യും ചെയ്‌ത ശേഷം ദൂതൻ വീണ്ടും തന്റെ ദൗത്യോ​ദ്ദേ​ശ്യം പ്രസ്‌താ​വി​ച്ചു. അവൻ പറഞ്ഞു: “അതിന്നു അവൻ എന്നോടു പറഞ്ഞതു: ഞാൻ നിന്റെ അടുക്കൽ വന്നിരി​ക്കു​ന്നതു എന്തി​നെന്നു നീ അറിയു​ന്നു​വോ? ഞാൻ ഇപ്പോൾ പാർസി​പ്ര​ഭു​വി​നോ​ടു യുദ്ധം​ചെ​യ്‌വാൻ മടങ്ങി​പ്പോ​കും; ഞാൻ പുറപ്പെട്ട ശേഷമോ, യവന​പ്രഭു വരും. എന്നാൽ സത്യ​ഗ്ര​ന്ഥ​ത്തിൽ എഴുതി​യി​രി​ക്കു​ന്നതു ഞാൻ നിന്നെ അറിയി​ക്കാം: നിങ്ങളു​ടെ പ്രഭു​വായ മീഖാ​യേൽ അല്ലാതെ ഈ കാര്യ​ങ്ങ​ളിൽ എന്നോ​ടു​കൂ​ടെ ഉറെച്ചു​നി​ല്‌ക്കു​ന്നവൻ ആരും ഇല്ല.”—ദാനീ​യേൽ 10:20, 21.

21, 22. (എ) യഹോവ തന്റെ ദാസന്മാ​രു​മാ​യി ഇടപെ​ടുന്ന വിധത്തെ കുറിച്ച്‌ ദാനീ​യേ​ലി​ന്റെ അനുഭ​വ​ത്തിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാ​വു​ന്ന​താണ്‌? (ബി) ദാനീ​യേൽ ഇപ്പോൾ എന്തിനാ​യി ശക്തീക​രി​ക്ക​പ്പെ​ട്ടി​രു​ന്നു?

21 യഹോവ എത്ര സ്‌നേ​ഹ​വാ​നും പരിഗണന ഉള്ളവനു​മാണ്‌! തന്റെ ദാസന്മാ​രു​ടെ പ്രാപ്‌തി​കൾക്കും പരിമി​തി​കൾക്കും അനുസൃ​ത​മാ​യി​ട്ടാണ്‌ അവൻ എല്ലായ്‌പോ​ഴും അവരോട്‌ ഇടപെ​ടു​ന്നത്‌. ഒരു വശത്ത്‌, അവർക്കു ചെയ്യാ​നാ​കും എന്ന്‌ തനിക്ക്‌ അറിയാ​വുന്ന നിയമ​ന​ങ്ങ​ളാണ്‌ അവൻ അവർക്കു കൊടു​ക്കു​ന്നത്‌, തങ്ങൾക്ക്‌ അതിനു പ്രാപ്‌തി ഇല്ലെന്ന്‌ അവർക്കു തോന്നി​യാൽ പോലും. മറുവ​ശത്ത്‌, അവരെ ശ്രദ്ധി​ക്കാ​നും നിയമ​നങ്ങൾ നിർവ​ഹി​ക്കാൻ വേണ്ട സഹായം അവർക്കു നൽകാ​നും അവൻ സന്നദ്ധനാണ്‌. സഹാരാ​ധ​കരെ സ്‌നേ​ഹ​പൂർവം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു​കൊ​ണ്ടു നമുക്കു നമ്മുടെ സ്വർഗീയ പിതാ​വായ യഹോ​വയെ എല്ലായ്‌പോ​ഴും അനുക​രി​ക്കാം.—എബ്രായർ 10:24.

22 ദൂതന്റെ ആശ്വാ​സ​ജ​ന​ക​മായ സന്ദേശം ദാനീ​യേ​ലി​നു വലി​യൊ​രു പ്രോ​ത്സാ​ഹനം ആയിരു​ന്നു. പ്രായം ഏറെയാ​യെ​ങ്കി​ലും, നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​യി ശ്രദ്ധേ​യ​മായ മറ്റൊരു പ്രവചനം സ്വീക​രി​ക്കാ​നും രേഖ​പ്പെ​ടു​ത്താ​നും അവൻ ഇപ്പോൾ ശക്തീക​രി​ക്ക​പ്പെ​ടു​ക​യും ഒരുക്ക​പ്പെ​ടു​ക​യും ചെയ്‌തു.

[അടിക്കു​റി​പ്പു​കൾ]

a ഈ ദൂതന്റെ പേരു പറയ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും, ദാനീ​യേൽ അപ്പോൾത്തന്നെ കണ്ടുക​ഴി​ഞ്ഞി​രുന്ന ഒരു ദർശന​ത്തി​ന്റെ കാര്യ​ത്തിൽ അവനെ സഹായി​ക്കാൻ ഗബ്രീ​യേ​ലി​നു നിർദേശം കൊടു​ക്കു​ന്ന​താ​യി കേട്ട ശബ്ദത്തിന്റെ ഉടമ തന്നെയാണ്‌ ഈ ദൂതൻ എന്നു തോന്നു​ന്നു. (ദാനീ​യേൽ 8:2, 15, 16-നെ 12:7, 8-മായി താരത​മ്യം ചെയ്യുക.) കൂടാതെ, “പ്രധാ​ന​പ്ര​ഭു​ക്ക​ന്മാ​രിൽ ഒരുത്ത​നായ” മീഖാ​യേൽ ഈ ദൂതനെ സഹായി​ക്കാൻ വന്നെന്ന്‌ ദാനീ​യേൽ 10:13 പ്രകട​മാ​ക്കു​ന്നു. അതു​കൊണ്ട്‌ പേരു പറയ​പ്പെ​ടാത്ത ഈ ദൂതൻ ഗബ്രീ​യേ​ലും മീഖാ​യേ​ലു​മാ​യി അടുത്തു പ്രവർത്തി​ക്കു​ന്ന​തി​ന്റെ പദവി ആസ്വദി​ച്ചി​ട്ടു​ള്ളവൻ ആയിരി​ക്കണം.

b ദാനീയേലിന്റെ അധരങ്ങൾ തൊട്ട്‌ അവനെ പുനരു​ജ്ജീ​വി​പ്പി​ച്ചത്‌, അവനോ​ടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൂതൻ തന്നെ ആയിരു​ന്നി​രി​ക്കാം. എന്നിരു​ന്നാ​ലും ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദപ്ര​യോ​ഗം പരിഗ​ണി​ക്കു​മ്പോൾ, തൊട്ടതു മറ്റൊരു ദൂതൻ, ഒരുപക്ഷേ ഗബ്രീ​യേൽ, ആയിരു​ന്നി​രി​ക്കാ​നും ഇടയുണ്ട്‌. എന്തായി​രു​ന്നാ​ലും, ദാനീ​യേൽ ഒരു ദൂത സന്ദേശ​വാ​ഹ​ക​നാൽ ശക്തീക​രി​ക്ക​പ്പെട്ടു.

നിങ്ങൾ എന്തു ഗ്രഹിച്ചു?

• പൊ.യു.മു. 536/535-ൽ ദാനീ​യേ​ലി​ന്റെ സഹായ​ത്തിന്‌ എത്താൻ യഹോ​വ​യു​ടെ ദൂതൻ വൈകി​യത്‌ എന്തു​കൊണ്ട്‌?

• ദൈവ​ത്തി​ന്റെ ദൂത സന്ദേശ​വാ​ഹ​കന്റെ വസ്‌ത്ര​വും ആകാര​വും അവനെ കുറിച്ച്‌ എന്തു സൂചി​പ്പി​ച്ചു?

• ദാനീ​യേ​ലിന്‌ എന്തു സഹായം ആവശ്യ​മാ​യി​രു​ന്നു, ദൂതൻ അത്‌ മൂന്നു പ്രാവ​ശ്യം നൽകി​യത്‌ എങ്ങനെ?

• ദാനീ​യേ​ലി​നു വേണ്ടി ദൂതന്റെ പക്കൽ എന്തു സന്ദേശ​മാണ്‌ ഉണ്ടായി​രു​ന്നത്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[204, 205 പേജു​ക​ളി​ലെ ചതുരം]

ദൂത സംരക്ഷ​ക​രോ ഭൂത ഭരണാ​ധി​പ​ന്മാ​രോ?

ദൂതന്മാ​രെ കുറിച്ചു ദാനീ​യേൽ പുസ്‌തകം പറയുന്ന കാര്യ​ങ്ങ​ളിൽനി​ന്നു നമുക്കു ധാരാളം സംഗതി​കൾ പഠിക്കാൻ കഴിയും. യഹോ​വ​യു​ടെ വചനം നിവർത്തി​ക്കു​ന്ന​തിൽ അവർ വഹിക്കുന്ന പങ്കി​നെ​യും തങ്ങളുടെ നിയമനം നിറ​വേ​റ്റാൻ അവർ ചെയ്യുന്ന ശ്രമങ്ങ​ളെ​യും കുറിച്ച്‌ അതു നമ്മോടു പറയുന്നു.

ദാനീ​യേ​ലി​നോ​ടു സംസാ​രി​ക്കാൻ വേണ്ടി​യുള്ള തന്റെ യാത്ര​യിൽ “പാർസി​രാ​ജ്യ​ത്തി​ന്റെ പ്രഭു” തനിക്കു തടസ്സം സൃഷ്ടി​ച്ചെന്നു ദൈവ​ദൂ​തൻ പറഞ്ഞു. 21 ദിവസം അവനു​മാ​യി പോരാ​ടിയ ശേഷം, “പ്രധാ​ന​പ്ര​ഭു​ക്ക​ന്മാ​രിൽ ഒരുത്ത​നായ മീഖായേ”ലിന്റെ സഹായ​ത്താൽ മാത്രമേ ദൂത സന്ദേശ​വാ​ഹ​കനു മുന്നോ​ട്ടു പോകാൻ കഴിഞ്ഞു​ള്ളൂ. തനിക്കു വീണ്ടും ആ ശത്രു​വി​നോ​ടും ഒരുപക്ഷേ, “യവന​പ്രഭു”വിനോ​ടും ഏറ്റുമു​ട്ടേ​ണ്ട​തു​ണ്ടെ​ന്നും ദൂതൻ പറഞ്ഞു. (ദാനീ​യേൽ 10:13, 20) അത്‌ എളുപ്പ​മുള്ള ഒരു കൃത്യം ആയിരു​ന്നില്ല, ഒരു ദൂതനു​പോ​ലും! എന്നാൽ ഈ പാർസി-യവന പ്രഭു​ക്ക​ന്മാർ ആരായി​രു​ന്നു?

ആദ്യം മീഖാ​യേ​ലി​നെ “പ്രധാ​ന​പ്ര​ഭു​ക്ക​ന്മാ​രിൽ ഒരുത്ത”ൻ എന്നും “നിങ്ങളു​ടെ പ്രഭു” എന്നും വിളി​ച്ച​താ​യി നാം കാണുന്നു. പിന്നീട്‌, “നിന്റെ [ദാനീ​യേ​ലി​ന്റെ] സ്വജാ​തി​ക്കാർക്കു തുണനി​ല്‌ക്കുന്ന മഹാ​പ്രഭു” എന്ന്‌ അവൻ പരാമർശി​ക്ക​പ്പെട്ടു. (ദാനീ​യേൽ 10:21; 12:1) മരുഭൂ​മി​യി​ലൂ​ടെ ഇസ്രാ​യേ​ല്യ​രെ നയിക്കാൻ യഹോവ നിയമിച്ച ദൂതൻ മീഖാ​യേൽ ആയിരു​ന്നെന്ന്‌ ഇതു ചൂണ്ടി​ക്കാ​ട്ടു​ന്നു.—പുറപ്പാ​ടു 23:20-23; 32:34; 33:2.

“പ്രധാ​ന​ദൂ​ത​നായ മീഖാ​യേൽ മോ​ശെ​യു​ടെ ശരീര​ത്തെ​ക്കു​റി​ച്ചു പിശാ​ചി​നോ​ടു തർക്കിച്ചു വാദി”ച്ചു എന്ന ശിഷ്യ​നായ യൂദാ​യു​ടെ പ്രസ്‌താ​വന ഈ നിഗമ​നത്തെ പിന്താ​ങ്ങു​ന്നു. (യൂദാ 9) മീഖാ​യേ​ലി​ന്റെ സ്ഥാനവും ശക്തിയും അധികാ​ര​വും അവനെ ‘മുഖ്യ​ദൂ​തൻ’ അഥവാ ‘പ്രധാ​ന​ദൂ​തൻ’ ആക്കി. ഏറ്റവും ഉചിത​മാ​യി, ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വിന്‌ അല്ലാതെ മറ്റാർക്കും ഈ ഉന്നതസ്ഥാ​നം ബാധക​മാ​കില്ല. തന്റെ ഭൗമിക ജീവി​ത​ത്തി​നു മുമ്പും പിമ്പു​മുള്ള കാലത്താണ്‌ അത്‌ അവനു ബാധക​മാ​കു​ന്നത്‌.—1 തെസ്സ​ലൊ​നീ​ക്യർ 4:16; വെളി​പ്പാ​ടു 12:7-9.

പേർഷ്യ​യും ഗ്രീസും പോലുള്ള രാഷ്‌ട്ര​ങ്ങളെ അവരുടെ കാര്യാ​ദി​ക​ളിൽ വഴിന​യി​ക്കാൻ യഹോവ അവയുടെ മേൽ ദൂതന്മാ​രെ നിയമി​ച്ചെന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നു​ണ്ടോ? ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു പരസ്യ​മാ​യി ഇങ്ങനെ പറഞ്ഞു: “ലോക​ത്തി​ന്റെ ഭരണാ​ധി​പന്‌ . . . എന്റെ മേൽ യാതൊ​രു സ്വാധീ​ന​വു​മില്ല.” യേശു ഇങ്ങനെ​യും പറഞ്ഞു: “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല . . . എന്റെ രാജ്യം ഈ ഉറവിൽനി​ന്നു​ള്ളതല്ല.” (യോഹ​ന്നാൻ 14:30; 18:36, NW) “സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു” എന്ന്‌ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ പ്രഖ്യാ​പി​ച്ചു. (1 യോഹ​ന്നാൻ 5:19) വ്യക്തമാ​യും, ലോക​രാ​ഷ്‌ട്രങ്ങൾ ഒരിക്ക​ലും ദൈവ​ത്തി​ന്റെ​യോ ക്രിസ്‌തു​വി​ന്റെ​യോ മാർഗ​നിർദേ​ശ​ത്തി​നോ ഭരണത്തി​നോ കീഴിൽ ആയിരു​ന്നി​ട്ടില്ല, ഇപ്പോ​ഴും അങ്ങനെ തന്നെ. അസ്‌തി​ത്വ​ത്തിൽ ആയിരി​ക്കാ​നും ഭൂമി​യി​ലെ ഭരണ കാര്യങ്ങൾ നിയ​ന്ത്രി​ക്കാ​നും “ശ്രേഷ്‌ഠാ​ധി​കാ​രങ്ങ”ളെ യഹോവ അനുവ​ദി​ക്കു​ന്നു​വെ​ങ്കി​ലും അവൻ തന്റെ ദൂതന്മാ​രെ അവയുടെ മേൽ നിയമി​ക്കു​ന്നില്ല. (റോമർ 13:1-7) അവയുടെ മേലുള്ള ‘പ്രഭു​ക്കന്മാ’രെ അഥവാ ‘ഭരണാ​ധി​പന്മാ’രെ ആ സ്ഥാനത്തു നിയമി​ക്കാൻ കഴിയു​ന്നത്‌ “ലോക​ത്തി​ന്റെ ഭരണാ​ധിപ”നായ പിശാ​ചായ സാത്താനു മാത്ര​മാണ്‌. അവർ ദൂത സംരക്ഷ​കരല്ല, മറിച്ച്‌ ഭൂത ഭരണാ​ധി​പ​ന്മാർ ആയിരി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌, ദൃശ്യ ഭരണാ​ധി​പ​ന്മാ​രു​ടെ പിന്നിൽ അദൃശ്യ ഭൂത ശക്തികൾ അഥവാ “പ്രഭു​ക്കന്മാ”രുണ്ട്‌. ദേശീയ പോരാ​ട്ട​ങ്ങ​ളാ​കട്ടെ കേവലം മനുഷ്യർ തമ്മിലു​ള്ളതല്ല.

[199-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[207-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]