വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഹാവൃക്ഷത്തിന്റെ മർമം ചുരുളഴിയുന്നു

മഹാവൃക്ഷത്തിന്റെ മർമം ചുരുളഴിയുന്നു

അധ്യായം ആറ്‌

മഹാവൃ​ക്ഷ​ത്തി​ന്റെ മർമം ചുരു​ള​ഴി​യു​ന്നു

1. നെബൂ​ഖ​ദ്‌നേസർ രാജാ​വിന്‌ എന്തു സംഭവി​ച്ചു, അത്‌ ഏതു ചോദ്യ​ങ്ങൾ ഉയർത്തു​ന്നു?

 യഹോവ നെബൂ​ഖ​ദ്‌നേസർ രാജാ​വി​നെ ഒരു ലോക​ഭ​ര​ണാ​ധി​പൻ ആകാൻ അനുവ​ദി​ച്ചു. ബാബി​ലോ​ണി​ന്റെ രാജാവ്‌ എന്ന നിലയിൽ അവനു വളരെ​യേറെ സമ്പത്തും അത്യന്തം സമൃദ്ധ​മായ ഭക്ഷണ​മേ​ശ​യും പ്രൗഢ​മായ കൊട്ടാ​ര​വും അതേ, ഭൗതി​ക​മാ​യി അവൻ ആഗ്രഹി​ച്ച​തെ​ല്ലാം ഉണ്ടായി​രു​ന്നു. എന്നാൽ പൊടു​ന്നനെ അവൻ താഴ്‌ത്ത​പ്പെട്ടു. മാനസിക സമനില തെറ്റിയ നെബൂ​ഖ​ദ്‌നേസർ ഒരു മൃഗ​ത്തെ​പ്പോ​ലെ പെരു​മാ​റി! രാജ​മേ​ശ​യിൽനി​ന്നും വസതി​യിൽനി​ന്നും പുറന്ത​ള്ള​പ്പെട്ട അവൻ വയലു​ക​ളിൽ ജീവിച്ചു കാള​യെ​പ്പോ​ലെ പുല്ലു തിന്നു. ഈ ദുരന്ത​ത്തി​ലേക്കു നയിച്ചത്‌ എന്തായി​രു​ന്നു? അതു നമുക്കു താത്‌പ​ര്യ​മു​ള്ളത്‌ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?—ഇയ്യോബ്‌ 12:17-19; സഭാ​പ്ര​സം​ഗി 6:1, 2 എന്നിവ താരത​മ്യം ചെയ്യുക.

രാജാവ്‌ അത്യു​ന്ന​തനെ മഹത്ത്വീ​ക​രി​ക്കു​ന്നു

2, 3. തന്റെ പ്രജകൾ എന്ത്‌ അറിയാൻ ബാബി​ലോ​ണി​യൻ രാജാവ്‌ ആഗ്രഹി​ച്ചു, പരമോ​ന്നത ദൈവത്തെ അവൻ എങ്ങനെ വീക്ഷിച്ചു?

2 ആ സമ്പൂർണ മാനസിക തകർച്ച​യിൽനി​ന്നു സുഖം പ്രാപിച്ച നെബൂ​ഖ​ദ്‌നേസർ അധികം താമസി​യാ​തെ, സംഭവി​ച്ച​തി​നെ കുറി​ച്ചുള്ള ശ്രദ്ധേ​യ​മായ ഒരു റിപ്പോർട്ട്‌ തന്റെ രാജ്യത്ത്‌ ഉടനീളം അയച്ചു. ആ സംഭവ​ങ്ങ​ളു​ടെ കൃത്യ​മായ രേഖ കാത്തു​സൂ​ക്ഷി​ക്കാൻ യഹോവ ദാനീ​യേൽ പ്രവാ​ച​കനെ നിശ്വ​സ്‌ത​നാ​ക്കി. അത്‌ ഈ വാക്കു​ക​ളോ​ടെ തുടങ്ങു​ന്നു: “നെബൂ​ഖ​ദ്‌നേ​സർരാ​ജാ​വു സർവ്വഭൂ​മി​യി​ലും പാർക്കുന്ന സകലവം​ശ​ങ്ങൾക്കും ജാതി​കൾക്കും ഭാഷക്കാർക്കും എഴുതു​ന്നതു: നിങ്ങൾക്കു ശുഭം വർദ്ധി​ച്ചു​വ​രട്ടെ. അത്യു​ന്ന​ത​നായ ദൈവം എങ്കൽ പ്രവർത്തിച്ച അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും പ്രസി​ദ്ധ​മാ​ക്കു​ന്നതു നന്നെന്നു എനിക്കു തോന്നി​യി​രി​ക്കു​ന്നു. അവന്റെ അടയാ​ളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്‌ഠ​മാ​യവ! അവന്റെ രാജത്വം എന്നേക്കു​മുള്ള രാജത്വ​വും അവന്റെ ആധിപ​ത്യം തലമു​റ​ത​ല​മു​റ​യാ​യു​ള്ള​തും ആകുന്നു.”—ദാനീ​യേൽ 4:1-3.

3 നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ പ്രജകൾ ‘സർവ്വഭൂ​മി​യി​ലും പാർത്തി​രു​ന്നു’—അവന്റെ സാമ്രാ​ജ്യ​ത്തിൽ ബൈബിൾ രേഖയി​ലുള്ള ലോക​ത്തി​ന്റെ അധിക​ഭാ​ഗ​വും ഉൾപ്പെ​ട്ടി​രു​ന്നു. ദാനീ​യേ​ലി​ന്റെ ദൈവത്തെ കുറിച്ചു രാജാവ്‌ പറഞ്ഞു: ‘അവന്റെ രാജത്വം എന്നേക്കു​മുള്ള രാജത്വം ആകുന്നു.’ ആ വാക്കുകൾ ബാബി​ലോ​ണി​യൻ സാമ്രാ​ജ്യ​ത്തിൽ ഉടനീളം യഹോ​വയെ എത്ര മഹത്ത്വ​പ്പെ​ടു​ത്തി! കൂടാതെ, അനിശ്ചി​ത​കാ​ല​ത്തോ​ളം, “എന്നേക്കും” നിലനിൽക്കു​ന്നതു ദൈവ​രാ​ജ്യം മാത്ര​മാ​ണെന്ന്‌ നെബൂ​ഖ​ദ്‌നേ​സ​രി​നു കാണി​ച്ചു​കൊ​ടു​ത്തത്‌ ഇതു രണ്ടാം​തവണ ആയിരു​ന്നു.—ദാനീ​യേൽ 2:44.

4. നെബൂ​ഖ​ദ്‌നേ​സ​രി​നോ​ടുള്ള ബന്ധത്തിൽ യഹോ​വ​യു​ടെ ‘അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും’ ആരംഭി​ച്ചത്‌ എങ്ങനെ?

4 “അത്യു​ന്ന​ത​നായ ദൈവം” എന്ത്‌ ‘അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങളു’മാണ്‌ പ്രവർത്തി​ച്ചത്‌? രാജാ​വി​ന്റെ സ്വന്തം അനുഭ​വ​ങ്ങ​ളോ​ടെ അത്‌ ആരംഭി​ച്ചു. അത്‌ ഇപ്രകാ​രം വിവരി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു: “നെബൂ​ഖ​ദ്‌നേസർ എന്ന ഞാൻ എന്റെ അരമന​യിൽ സ്വൈ​ര​മാ​യും എന്റെ രാജധാ​നി​യിൽ സുഖമാ​യും വസിച്ചി​രി​ക്കു​മ്പോൾ ഒരു സ്വപ്‌നം കണ്ടു, അതുനി​മി​ത്തം ഭയപ്പെട്ടു, കിടക്ക​യിൽവെച്ചു എനിക്കു​ണ്ടായ നിരൂ​പ​ണ​ങ്ങ​ളാ​ലും ദർശന​ങ്ങ​ളാ​ലും വ്യാകു​ല​പ്പെട്ടു.” (ദാനീ​യേൽ 4:4, 5) അസഹ്യ​പ്പെ​ടു​ത്തുന്ന ആ സ്വപ്‌ന​ത്തി​ന്റെ കാര്യ​ത്തിൽ ബാബി​ലോ​ണി​യൻ രാജാവ്‌ എന്തു ചെയ്‌തു?

5. നെബൂ​ഖ​ദ്‌നേസർ ദാനീ​യേ​ലി​നെ വീക്ഷി​ച്ചത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

5 നെബൂ​ഖ​ദ്‌നേസർ ബാബി​ലോ​ണി​ലെ വിദ്വാ​ന്മാ​രെ വിളി​ച്ചു​വ​രു​ത്തി സ്വപ്‌നം അറിയി​ച്ചു. എന്നാൽ അവർ എത്ര പരാജി​ത​രാ​യി! അതു വ്യാഖ്യാ​നി​ക്കാൻ അവർ തീർത്തും അപ്രാ​പ്‌തർ ആയിരു​ന്നു. രേഖ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഒടുവിൽ എന്റെ ദേവന്റെ നാമ​ധേ​യ​പ്ര​കാ​രം ബേൽത്ത്‌ശസ്സർ എന്നു പേരു​ള്ള​വ​നും വിശു​ദ്ധ​ദേ​വ​ന്മാ​രു​ടെ ആത്മാവു​ള്ള​വ​നു​മായ ദാനീ​യേൽ എന്റെ മുമ്പിൽ വന്നു; അവനോ​ടു ഞാൻ സ്വപ്‌നം വിവരി”ച്ചു. (ദാനീ​യേൽ 4:6-8) രാജസ​ദ​സ്സിൽ ദാനീ​യേ​ലി​ന്റെ പേര്‌ ബേൽത്ത്‌ശസ്സർ എന്നായി​രു​ന്നു. ‘എന്റെ ദേവൻ’ എന്നു രാജാവ്‌ വിളിച്ച വ്യാജ ദേവൻ ഒരുപക്ഷേ ബേലോ നെബോ​യോ മർദൂ​ക്കോ ആയിരു​ന്നി​രി​ക്കാം. ഒരു ബഹു​ദൈവ വിശ്വാ​സി ആയിരുന്ന നെബൂ​ഖ​ദ്‌നേസർ ദാനീ​യേ​ലി​നെ “വിശു​ദ്ധ​ദേ​വ​ന്മാ​രു​ടെ ആത്മാവു​ള്ളവ”നായി വീക്ഷിച്ചു. ബാബി​ലോ​ണി​ലെ എല്ലാ വിദ്വാ​ന്മാ​രു​ടെ​യും തലവനെന്ന നിലയി​ലുള്ള ദാനീ​യേ​ലി​ന്റെ സ്ഥാനം നിമി​ത്ത​മാ​ണു രാജാവ്‌ അവനെ ‘മന്ത്രവാ​ദി​ശ്രേ​ഷ്‌ഠൻ’ എന്നു പരാമർശി​ച്ചത്‌. (ദാനീ​യേൽ 2:48; 4:9; ദാനീ​യേൽ 1:20 താരത​മ്യം ചെയ്യുക.) വിശ്വ​സ്‌ത​നായ ദാനീ​യേൽ മന്ത്രവാ​ദം നടത്താ​നാ​യി ഒരിക്ക​ലും യഹോ​വ​യു​ടെ ആരാധന ഉപേക്ഷി​ച്ചി​ല്ലെന്നു തീർച്ച​യാണ്‌.—ലേവ്യ​പു​സ്‌തകം 19:26; ആവർത്ത​ന​പു​സ്‌തകം 18:10-12.

ഒരു മഹാവൃ​ക്ഷം

6, 7. നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌നം നിങ്ങൾ എങ്ങനെ വിവരി​ക്കും?

6 ബാബി​ലോ​ണി​യൻ രാജാ​വി​ന്റെ ഭീതി​ദ​മായ സ്വപ്‌ന​ത്തി​ന്റെ ഉള്ളടക്കം എന്തായി​രു​ന്നു? നെബൂ​ഖ​ദ്‌നേസർ പറഞ്ഞു: “കിടക്ക​യിൽവെച്ചു എനിക്കു ഉണ്ടായ ദർശന​മാ​വി​തു: ഭൂമി​യു​ടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അതു ഏററവും ഉയരമു​ള്ള​താ​യി​രു​ന്നു. ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശ​ത്തോ​ളം ഉയരമു​ള്ള​തും സർവ്വഭൂ​മി​യു​ടെ​യും അററ​ത്തോ​ളം കാണാ​കു​ന്ന​തും ആയിരു​ന്നു. അതിന്റെ ഇല ഭംഗി​യു​ള്ള​തും ഫലം അനവധി​യും ആയിരു​ന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായി​രു​ന്നു; കാട്ടു​മൃ​ഗങ്ങൾ അതിന്റെ കീഴെ തണലി​ളെ​ച്ചു​വന്നു; ആകാശ​ത്തി​ലെ പക്ഷികൾ അതിന്റെ കൊമ്പു​ക​ളിൽ വസിച്ചു; സകലജ​ഡ​വും അതു​കൊ​ണ്ടു ഉപജീ​വനം കഴിച്ചു​പോ​ന്നു” (ദാനീ​യേൽ 4:10-12) ലെബാ​നോ​നി​ലെ കൂറ്റൻ ദേവദാ​രു വൃക്ഷങ്ങ​ളിൽ നെബൂ​ഖ​ദ്‌നേ​സ​രി​നു വലിയ കമ്പം ആയിരു​ന്ന​തി​നാൽ അവൻ അവ കാണാൻ പോകു​ക​യും കുറെ വൃക്ഷങ്ങൾ ഉരുപ്പ​ടി​ക​ളാ​ക്കി ബാബി​ലോ​ണി​ലേക്കു കൊണ്ടു​വ​രി​ക​യും ചെയ്‌തെന്നു പറയ​പ്പെ​ടു​ന്നു. എന്നാൽ തന്റെ സ്വപ്‌ന​ത്തിൽ കണ്ടതു​പോ​ലുള്ള ഒരു വൃക്ഷം അവൻ ഒരിക്ക​ലും കണ്ടിരു​ന്നില്ല. “ഭൂമി​യു​ടെ നടുവിൽ” ഒരു സുപ്ര​ധാന സ്ഥാനത്തു നിന്ന ആ വൃക്ഷം ഭൂമി​യിൽ എങ്ങും ദൃശ്യ​വും സകല ജഡത്തി​നും ആഹാരം പ്രദാനം ചെയ്യാൻ തക്കവിധം അത്ര ഫലസമൃ​ദ്ധ​വും ആയിരു​ന്നു.

7 സ്വപ്‌ന​ത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെ​ട്ടി​രു​ന്നു. എന്തെന്നാൽ നെബൂ​ഖ​ദ്‌നേസർ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “കിടക്ക​യിൽവെച്ചു എനിക്കു ഉണ്ടായ ദർശന​ത്തിൽ ഒരു ദൂതൻ [“ഒരു കാവൽക്കാ​രൻ,” NW], ഒരു പരിശു​ദ്ധൻ തന്നേ, സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു. അവൻ ഉച്ചത്തിൽ വിളി​ച്ചു​പ​റ​ഞ്ഞതു: വൃക്ഷം വെട്ടി​യി​ട്ടു, അതിന്റെ കൊമ്പു മുറിച്ചു, ഇല കുടഞ്ഞു, കായി ചിതറി​ച്ചു​ക​ള​വിൻ; അതിന്റെ കീഴിൽനി​ന്നു മൃഗങ്ങ​ളും കൊമ്പു​ക​ളിൽനി​ന്നു പക്ഷിക​ളും പൊയ്‌ക്കൊ​ള്ളട്ടെ. അതിന്റെ തായ്‌വേ​രോ [“കുറ്റി​യോ,” NW] വയലിലെ ഇളമ്പു​ല്ലിൽ ഇരിമ്പും താമ്ര​വും​കൊ​ണ്ടുള്ള ബന്ധന​ത്തോ​ടെ ഭൂമി​യിൽ വെച്ചേ​ക്കു​വിൻ; അവൻ [“അത്‌,” NW] ആകാശ​ത്തി​ലെ മഞ്ഞു​കൊ​ണ്ടു നനയട്ടെ; അവന്നു [“അതിന്‌,” NW] മൃഗങ്ങ​ളോ​ടു​കൂ​ടെ നിലത്തെ പുല്ലു ഉപജീ​വനം ആയിരി​ക്കട്ടെ.”—ദാനീ​യേൽ 4:13-15.

8. “കാവൽക്കാ​രൻ” ആരായി​രു​ന്നു?

8 നല്ലവരും ദുഷ്ടരു​മായ ആത്മസൃ​ഷ്ടി​കളെ കുറിച്ചു ബാബി​ലോ​ണി​യർക്കു തങ്ങളു​ടേ​തായ മത വിശ്വാ​സങ്ങൾ ഉണ്ടായി​രു​ന്നു. എന്നാൽ സ്വർഗ​ത്തിൽ നിന്നുള്ള ഈ “കാവൽക്കാ​രൻ” അഥവാ കാവൽഭടൻ ആരായി​രു​ന്നു? “ഒരു പരിശു​ദ്ധൻ” എന്നു വിളി​ക്ക​പ്പെട്ട അവൻ ദൈവത്തെ പ്രതി​നി​ധീ​ക​രി​ക്കുന്ന നീതി​മാ​നായ ഒരു ദൂതൻ ആയിരു​ന്നു. (സങ്കീർത്തനം 103:20, 21 താരത​മ്യം ചെയ്യുക.) നെബൂ​ഖ​ദ്‌നേ​സ​രി​നെ അലട്ടിയ ചോദ്യ​ങ്ങൾ ഒന്നു വിഭാവന ചെയ്യൂ! ഈ വൃക്ഷം എന്തിനു വെട്ടി​യി​ട​പ്പെ​ടണം? അതിന്റെ കുറ്റി വളരാ​ത​വണ്ണം ഇരിമ്പും താമ്ര​വും​കൊ​ണ്ടു ബന്ധിക്കു​ന്ന​തി​ന്റെ നേട്ടം എന്ത്‌? വെറു​മൊ​രു കുറ്റി എന്ത്‌ ഉദ്ദേശ്യ​ത്തി​നാണ്‌ ഉപകരി​ക്കുക?

9. അടിസ്ഥാ​ന​പ​ര​മാ​യി കാവൽക്കാ​രൻ എന്താണു പറഞ്ഞത്‌, അത്‌ ഏതു ചോദ്യ​ങ്ങൾ ഉയർത്തു​ന്നു?

9 കാവൽക്കാ​രന്റെ തുടർന്നുള്ള വാക്കുകൾ കേട്ട​പ്പോൾ നെബൂ​ഖ​ദ്‌നേ​സ​രി​നു തികഞ്ഞ നിഗൂഢത അനുഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടാ​കണം: “അവന്റെ മാനു​ഷ​സ്വ​ഭാ​വം മാറി മൃഗസ്വ​ഭാ​വ​മാ​യി​ത്തീ​രട്ടെ [അതിന്റെ മാനുഷ ഹൃദയം മാറ്റി അതിന്‌ ഒരു മൃഗത്തി​ന്റെ ഹൃദയം നൽക​പ്പെ​ടട്ടെ,” NW] അങ്ങനെ അവന്നു [“അതിനു,” NW] ഏഴു കാലം​ക​ഴി​യട്ടെ. അത്യു​ന്ന​ത​നാ​യവൻ മനുഷ്യ​രു​ടെ രാജത്വ​ത്തി​ന്മേൽ വാഴു​ക​യും അതിനെ തനിക്കു ബോധി​ച്ച​വന്നു കൊടു​ക്ക​യും മനുഷ്യ​രിൽ അധമനാ​യ​വനെ അതിന്മേൽ വാഴി​ക്ക​യും ചെയ്യുന്നു എന്നു ജീവ​നോ​ടി​രി​ക്കു​ന്നവർ അറി​യേ​ണ്ട​തി​ന്നു ഈ വിധി ദൂതന്മാ​രു​ടെ നിർണ്ണ​യ​വും കാര്യം വിശു​ദ്ധ​ന്മാ​രു​ടെ കല്‌പ​ന​യും ആകുന്നു.” (ദാനീ​യേൽ 4:16, 17) ഒരു വൃക്ഷത്തി​ന്റെ കുറ്റി​യിൽ സ്‌പന്ദി​ക്കുന്ന മാനുഷ ഹൃദയം ഇല്ല. അപ്പോൾപ്പി​ന്നെ, ഒരു മൃഗത്തി​ന്റെ ഹൃദയം ഒരു വൃക്ഷത്തി​ന്റെ കുറ്റിക്കു നൽകാൻ കഴിയു​ന്നത്‌ എങ്ങനെ? ‘ഏഴു കാലങ്ങൾ’ എന്താണ്‌? “മനുഷ്യ​രു​ടെ രാജത്വ​ത്തി​ന്മേ”ലുള്ള ഭരണാ​ധി​പ​ത്യ​വു​മാ​യി ഇവയെ​ല്ലാം എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌? ഇതൊക്കെ അറിയാൻ നെബൂ​ഖ​ദ്‌നേസർ തീർച്ച​യാ​യും ആഗ്രഹി​ച്ചു.

രാജാ​വിന്‌ ഒരു ദുർവാർത്ത

10. (എ) തിരു​വെ​ഴു​ത്തു​കൾ അനുസ​രിച്ച്‌, വൃക്ഷങ്ങൾക്ക്‌ എന്തി​നെ​യൊ​ക്കെ പ്രതി​നി​ധീ​ക​രി​ക്കാൻ കഴിയും? (ബി) മഹാവൃ​ക്ഷം എന്തി​നെ​യാ​ണു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌?

10 സ്വപ്‌നം കേട്ട​പ്പോൾ ദാനീ​യേൽ ഒരു നിമിഷം അമ്പരന്നു​പോ​യി, തുടർന്നു ഭയാകു​ല​നാ​യി. സ്വപ്‌നം വ്യാഖ്യാ​നി​ക്കാൻ നെബൂ​ഖ​ദ്‌നേസർ ഉത്സാഹി​പ്പി​ച്ച​പ്പോൾ പ്രവാ​ചകൻ പറഞ്ഞു: “യജമാ​നനേ, സ്വപ്‌നം തിരു​മ​ന​സ്സി​ലെ ശത്രു​ക്കൾക്കും അതിന്റെ അർത്ഥം തിരു​മ​ന​സ്സി​ലെ വൈരി​കൾക്കും ഭവിക്കട്ടെ. വളർന്നു ബലപ്പെട്ട[തായി] . . . കണ്ട വൃക്ഷം, രാജാവേ, വർദ്ധിച്ചു ബലവാ​നാ​യി തീർന്നി​രി​ക്കുന്ന തിരു​മേനി തന്നേ; തിരു​മ​ന​സ്സി​ലെ മഹത്വം വർദ്ധിച്ചു ആകാശം​വ​രെ​യും ആധിപ​ത്യം ഭൂമി​യു​ടെ അറുതി​വ​രെ​യും എത്തിയി​രി​ക്കു​ന്നു.” (ദാനീ​യേൽ 4:18-22) തിരു​വെ​ഴു​ത്തു​ക​ളിൽ വൃക്ഷങ്ങൾക്കു വ്യക്തി​ക​ളെ​യും ഭരണാ​ധി​പ​ന്മാ​രെ​യും രാജ്യ​ങ്ങ​ളെ​യും പ്രതി​നി​ധീ​ക​രി​ക്കാൻ കഴിയും. (സങ്കീർത്തനം 1:3; യിരെ​മ്യാ​വു 17:7, 8; യെഹെ​സ്‌കേൽ 31-ാം അധ്യായം) തന്റെ സ്വപ്‌ന​ത്തി​ലെ കൂറ്റൻ വൃക്ഷ​ത്തെ​പ്പോ​ലെ, നെബൂ​ഖ​ദ്‌നേസർ ഒരു ലോക​ശ​ക്തി​യു​ടെ അധിപതി എന്ന നിലയിൽ “വർദ്ധിച്ചു ബലവാ​നാ​യി തീർന്നി”രുന്നു. എന്നാൽ, ആ മഹാവൃ​ക്ഷം പ്രതി​നി​ധാ​നം ചെയ്യു​ന്നതു മുഴു മനുഷ്യ​വർഗ രാജ്യ​വും ഉൾപ്പെ​ടുന്ന ‘ഭൂമി​യു​ടെ അറുതി​വ​രെ​യുള്ള ഭരണാ​ധി​പത്യ’ത്തെയാണ്‌. അതു​കൊണ്ട്‌ ആ വൃക്ഷം യഹോ​വ​യു​ടെ അഖിലാണ്ഡ പരമാ​ധി​കാ​രത്തെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു—വിശേ​ഷി​ച്ചും ഭൂമി​യോ​ടുള്ള ബന്ധത്തിൽ.—ദാനീ​യേൽ 4:17.

11. രാജാവ്‌ അപമാ​ന​ക​ര​മായ ഒരു മാറ്റത്തി​നു വിധേ​യ​നാ​കു​മെന്ന്‌ അവന്റെ സ്വപ്‌നം പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

11 അപമാ​ന​ക​ര​മായ ഒരു മാറ്റം നെബൂ​ഖ​ദ്‌നേ​സ​രി​നു സംഭവി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ആ സംഭവ വികാ​സ​ത്തി​ലേക്കു വിരൽ ചൂണ്ടി​ക്കൊണ്ട്‌ ദാനീ​യേൽ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഒരു ദൂതൻ, ഒരു പരിശു​ദ്ധൻ തന്നേ സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങി​വന്നു: വൃക്ഷത്തെ വെട്ടി​യി​ട്ടു നശിപ്പി​ച്ചു​ക​ള​വിൻ; എങ്കിലും അതിന്റെ തായ്‌വേർ [“കുറ്റി,” NW] വയലിലെ ഇളമ്പു​ല്ലിൽ ഇരിമ്പും താമ്ര​വും​കൊ​ണ്ടുള്ള ബന്ധന​ത്തോ​ടു​കൂ​ടെ ഭൂമി​യിൽ വെച്ചേ​ക്കു​വിൻ; അവൻ [“അത്‌,” NW] ആകാശ​ത്തി​ലെ മഞ്ഞു​കൊ​ണ്ടു നനയട്ടെ; അവന്നു [“അതിന്‌,” NW] ഏഴുകാ​ലം കഴിയു​ന്ന​തു​വരെ അവന്റെ [“അതിന്റെ,” NW] ഉപജീ​വനം കാട്ടു​മൃ​ഗ​ങ്ങ​ളോ​ടു​കൂ​ടെ ആയിരി​ക്കട്ടെ എന്നിങ്ങനെ പറയു​ന്നതു രാജാവു കണ്ടുവ​ല്ലോ. രാജാവേ, അതിന്റെ അർത്ഥം ഇതാകു​ന്നു; എന്റെ യജമാ​ന​നായ രാജാ​വി​ന്റെ​മേൽ വരുന്ന അത്യു​ന്ന​ത​നാ​യ​വന്റെ വിധി ഇതു തന്നേ.” (ദാനീ​യേൽ 4:23, 24) ശക്തനായ രാജാ​വി​നെ ആ സന്ദേശം അറിയി​ക്കാൻ തീർച്ച​യാ​യും ധൈര്യം ആവശ്യ​മാ​യി​രു​ന്നു!

12. നെബൂ​ഖ​ദ്‌നേ​സ​രിന്‌ എന്തു സംഭവി​ക്കാൻ പോകു​ക​യാ​യി​രു​ന്നു?

12 നെബൂ​ഖ​ദ്‌നേ​സ​രിന്‌ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു? ദാനീ​യേൽ പിൻവ​രുന്ന പ്രകാരം കൂട്ടി​ച്ചേർത്ത​പ്പോ​ഴത്തെ രാജാ​വി​ന്റെ പ്രതി​ക​രണം ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കൂ: “തിരു​മേ​നി​യെ മനുഷ്യ​രു​ടെ ഇടയിൽനി​ന്നു നീക്കി​ക്ക​ള​യും; തിരു​മ​ന​സ്സി​ലെ വാസം കാട്ടു​മൃ​ഗ​ങ്ങ​ളോ​ടു​കൂ​ടെ​യാ​കും; തിരു​മേ​നി​യെ കാള​യെ​പ്പോ​ലെ പുല്ലു തീററും; തിരു​മേനി ആകാശ​ത്തി​ലെ മഞ്ഞു​കൊ​ണ്ടു നനയും; മനുഷ്യ​രു​ടെ രാജത്വ​ത്തി​ന്മേൽ അത്യു​ന്ന​ത​നാ​യവൻ വാഴു​ക​യും അതിനെ തനിക്കു ബോധി​ച്ച​വന്നു കൊടു​ക്ക​യും ചെയ്യു​ന്നു​വെന്നു തിരു​മ​ന​സ്സു​കൊ​ണ്ടു അറിയു​ന്ന​തു​വരെ ഏഴു കാലം കഴിയും.” (ദാനീ​യേൽ 4:25) നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ രാജസ​ദ​സ്സി​ലെ ഉദ്യോ​ഗ​സ്ഥ​ന്മാർതന്നെ അവനെ “നീക്കി​ക്ക​ളയു”മായി​രു​ന്നു. എന്നാൽ, അനുക​മ്പ​യുള്ള കാലി​വ​ളർത്ത​ലു​കാ​രോ ഇടയന്മാ​രോ അവനെ പരിര​ക്ഷി​ക്കു​മാ​യി​രു​ന്നോ? ഇല്ല, കാരണം നെബൂ​ഖ​ദ്‌നേസർ “മൃഗങ്ങ​ളോ​ടു​കൂ​ടെ” ജീവിച്ച്‌ നിലത്തെ പുല്ലു തിന്നു​മെന്നു ദൈവം കൽപ്പി​ച്ചി​രു​ന്നു.

13. ലോക​ഭ​ര​ണാ​ധി​പൻ എന്ന നിലയി​ലുള്ള നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്ഥാനത്തിന്‌ എന്തു സംഭവി​ക്കു​മെ​ന്നാണ്‌ വൃക്ഷത്തെ കുറി​ച്ചുള്ള സ്വപ്‌നം പ്രകട​മാ​ക്കി​യത്‌?

13 വൃക്ഷം വെട്ടി​യി​ട​പ്പെ​ട്ടതു പോ​ലെ​തന്നെ നെബൂ​ഖ​ദ്‌നേസർ ലോക​ഭ​ര​ണാ​ധി​പ​ത്യ​ത്തിൽ നിന്നു മറിച്ചി​ട​പ്പെ​ടു​മാ​യി​രു​ന്നു—എന്നാൽ ഒരു കാലഘ​ട്ട​ത്തേക്കു മാത്രം. ദാനീ​യേൽ വിശദീ​ക​രി​ച്ചു: “വൃക്ഷത്തി​ന്റെ തായ്‌വേർ [“കുറ്റി,” NW] വെച്ചേ​ക്കു​വാൻ അവർ കല്‌പി​ച്ച​തോ: വാഴു​ന്നതു സ്വർഗ്ഗ​മാ​കു​ന്നു എന്നു തിരു​മ​ന​സ്സു​കൊ​ണ്ടു ഗ്രഹി​ച്ച​ശേഷം രാജത്വം തിരു​മേ​നി​ക്കു സ്ഥിരമാ​കും എന്നത്രേ.” (ദാനീ​യേൽ 4:26) നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തി​ലെ വെട്ടി​യി​ട​പ്പെട്ട വൃക്ഷത്തി​ന്റെ കുറ്റി വളരാ​തെ​വണ്ണം ബന്ധിക്ക​പ്പെ​ട്ടെ​ങ്കി​ലും അതിനെ നിലനിൽക്കാൻ അനുവ​ദി​ച്ചു. സമാന​മാ​യി, തഴച്ചു​വ​ള​രാ​ത​വണ്ണം “ഏഴു കാല”ത്തേക്കു ബന്ധിക്ക​പ്പെ​ട്ടെ​ങ്കി​ലും ബാബി​ലോ​ണി​ലെ രാജാ​വി​ന്റെ “കുറ്റി” നിലനിൽക്കു​മാ​യി​രു​ന്നു. ലോക​ഭ​ര​ണാ​ധി​പൻ എന്ന നിലയി​ലുള്ള അവന്റെ സ്ഥാനം ബന്ധിക്ക​പ്പെട്ട വൃക്ഷക്കു​റ്റി പോലെ ആയിരി​ക്കു​മാ​യി​രു​ന്നു. ഏഴു കാലങ്ങൾ കടന്നു​പോ​കു​ന്ന​തു​വരെ അതു സുരക്ഷി​ത​മാ​യി സൂക്ഷി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. എന്നാൽ ആ കാലഘ​ട്ട​ത്തിൽ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ പിൻഗാ​മി എന്നനി​ല​യിൽ ബാബി​ലോ​ണി​ന്റെ അദ്വി​തീയ ഭരണാ​ധി​പ​നാ​യി ആരും രംഗത്തു വരി​ല്ലെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തു​മാ​യി​രു​ന്നു, അവന്റെ പുത്ര​നായ എവീൽ മെരോ​ദക്‌ ഒരു പകരം ഭരണാ​ധി​പ​നാ​യി വർത്തി​ച്ചി​രി​ക്കാ​മെ​ങ്കി​ലും.

14. എന്തു ചെയ്യാ​നാണ്‌ ദാനീ​യേൽ നെബൂ​ഖ​ദ്‌നേ​സ​രി​നെ ഉദ്‌ബോ​ധി​പ്പി​ച്ചത്‌?

14 നെബൂ​ഖ​ദ്‌നേ​സ​രി​നെ കുറിച്ചു പ്രവചി​ക്ക​പ്പെട്ട വസ്‌തു​ത​യു​ടെ വീക്ഷണ​ത്തിൽ ദാനീ​യേൽ അവനെ ധീരമാ​യി ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “ആകയാൽ രാജാവേ, എന്റെ ആലോചന തിരു​മ​ന​സ്സി​ലേക്കു പ്രസാ​ദ​മാ​യി​രി​ക്കട്ടെ; നീതി​യാൽ പാപങ്ങ​ളെ​യും ദരി​ദ്ര​ന്മാർക്കു കൃപകാ​ട്ടു​ന്ന​തി​നാൽ അകൃത്യ​ങ്ങ​ളെ​യും പരിഹ​രി​ച്ചു​കൊൾക; അതിനാൽ പക്ഷേ തിരു​മ​ന​സ്സി​ലെ സുഖകാ​ലം ദീർഘ​മാ​യി നില്‌ക്കും.” (ദാനീ​യേൽ 4:27) അടിച്ച​മർത്ത​ലും അഹങ്കാ​ര​വും നിറഞ്ഞ തന്റെ പാപപൂർണ​മായ ഗതി നെബൂ​ഖ​ദ്‌നേസർ ഉപേക്ഷി​ച്ചി​രു​ന്നെ​ങ്കിൽ, ഒരുപക്ഷേ അതു കാര്യങ്ങൾ അവന്‌ അനുകൂ​ലം ആക്കുമാ​യി​രു​ന്നു. ഏതാണ്ട്‌ രണ്ടു നൂറ്റാണ്ടു മുമ്പ്‌, അസീറി​യ​യു​ടെ തലസ്ഥാ​ന​മായ നീനെ​വേ​യി​ലെ ജനങ്ങളെ നശിപ്പി​ക്കാൻ യഹോവ തീരു​മാ​നി​ക്കു​ക​യും എന്നാൽ അവിടത്തെ രാജാ​വും പ്രജക​ളും അനുത​പി​ച്ചതു നിമിത്തം അവൻ അവരെ നശിപ്പി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌ത​താ​ണ​ല്ലോ. (യോനാ 3:4, 10; ലൂക്കൊസ്‌ 11:32) എന്നാൽ അഹങ്കാ​രി​യായ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ കാര്യ​മോ? അവൻ തന്റെ വഴികൾക്കു മാറ്റം വരുത്തു​മാ​യി​രു​ന്നോ?

സ്വപ്‌ന​ത്തി​ന്റെ ആദ്യ നിവൃത്തി

15. (എ) നെബൂ​ഖ​ദ്‌നേസർ തുടർന്നും എന്തു മനോ​ഭാ​വം പ്രകട​മാ​ക്കി? (ബി) നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ പ്രവർത്ത​ന​ങ്ങളെ കുറിച്ച്‌ ആലേഖ​നങ്ങൾ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

15 നെബൂ​ഖ​ദ്‌നേസർ അഹങ്കാ​രി​യാ​യി തുടർന്നു. വൃക്ഷത്തെ കുറി​ച്ചുള്ള സ്വപ്‌നം കണ്ട്‌ 12 മാസത്തി​നു ശേഷം, കൊട്ടാര മട്ടുപ്പാ​വി​ലൂ​ടെ ഉലാത്തവെ അവൻ ഇങ്ങനെ വീമ്പി​ളക്കി: “ഇതു ഞാൻ എന്റെ ധന മാഹാ​ത്മ്യ​ത്താൽ എന്റെ പ്രതാപ മഹത്വ​ത്തി​ന്നാ​യി​ട്ടു രാജധാ​നി​യാ​യി പണിത മഹതി​യാം ബാബേൽ അല്ലയോ”? (ദാനീ​യേൽ 4:28-30) ബാബി​ലോൺ (ബാബേൽ) സ്ഥാപി​ച്ചത്‌ നി​മ്രോദ്‌ ആയിരു​ന്നു. എന്നാൽ നെബൂ​ഖ​ദ്‌നേസർ അതിനു പ്രൗഢി വരുത്തി. (ഉല്‌പത്തി 10:8-10) തന്റെ ഒരു ക്യൂനി​ഫോം ലിഖി​ത​ത്തിൽ അവൻ ഇങ്ങനെ വീമ്പി​ള​ക്കു​ന്നു: “നെബോ​പോ​ള​സ്സ​റി​ന്റെ പുത്ര​നായ, എസാഗി​ല​യു​ടെ​യും എസിഡ​യു​ടെ​യും പുനരു​ദ്ധാ​ര​ക​നായ, ബാബി​ലോൺ രാജാ​വായ നെബൂ​ഖ​ദ്‌റേസർ ആകുന്നു ഞാൻ. . . . എസാഗി​ല​യു​ടെ​യും ബാബി​ലോ​ണി​ന്റെ​യും കോട്ട​കളെ ഞാൻ ബലപ്പെ​ടു​ത്തി, എന്റെ ഭരണത്തെ കുറി​ച്ചുള്ള ഖ്യാതി​യെ ഞാൻ ശാശ്വ​ത​മാ​യി സ്ഥാപിച്ചു.” (ജോർജ്‌ എ. ബാർട്ട​നാ​ലുള്ള 1949-ലെ, പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും ബൈബി​ളും, [ഇംഗ്ലീഷ്‌] പേജുകൾ 478-9) അവൻ പുതു​ക്കു​ക​യോ പുനർനിർമി​ക്കു​ക​യോ ചെയ്‌ത ഏകദേശം 20 ക്ഷേത്ര​ങ്ങളെ കുറിച്ച്‌ മറ്റൊരു ആലേഖനം പരാമർശി​ക്കു​ന്നു. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ പറയുന്നു: “നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ഭരണത്തിൻ കീഴിൽ ബാബി​ലോൺ പുരാതന ലോകത്തെ ഏറ്റവും പ്രൗ​ഢോ​ജ്വ​ല​മായ നഗരങ്ങ​ളി​ലൊന്ന്‌ ആയിത്തീർന്നു. തന്റെ സൈനിക പ്രവർത്ത​ന​ങ്ങളെ കുറിച്ചു സ്വന്തം രേഖക​ളിൽ അവൻ അപൂർവ​മാ​യേ പരാമർശി​ച്ചി​ട്ടു​ള്ളൂ. എന്നാൽ തന്റെ നിർമാണ പദ്ധതി​കളെ കുറി​ച്ചും ബാബി​ലോ​ണി​യൻ ദേവന്മാർക്കു നൽകിയ ശ്രദ്ധയെ കുറി​ച്ചും അവൻ എഴുതി. സാധ്യ​ത​യ​നു​സ​രിച്ച്‌ നെബൂ​ഖ​ദ്‌നേ​സ​രാണ്‌ പുരാതന ലോക​ത്തി​ലെ ഏഴ്‌ അത്ഭുത​ങ്ങ​ളിൽ ഒന്നായ ബാബി​ലോ​ണി​ലെ തൂങ്ങുന്ന ഉദ്യാ​നങ്ങൾ നിർമി​ച്ചത്‌.”

16. നെബൂ​ഖ​ദ്‌നേസർ ഉടൻതന്നെ താഴ്‌ത്ത​പ്പെ​ടാൻ പോകു​ക​യാ​യി​രു​ന്നത്‌ എങ്ങനെ?

16 വീമ്പി​ള​ക്കി​യെ​ങ്കി​ലും അഹങ്കാ​രി​യായ നെബൂ​ഖ​ദ്‌നേസർ ഉടൻതന്നെ താഴ്‌ത്ത​പ്പെ​ടാൻ പോകു​ക​യാ​യി​രു​ന്നു. നിശ്വസ്‌ത വിവരണം പറയുന്നു: “ഈ വാക്കു രാജാ​വി​ന്റെ വായിൽ ഇരിക്കു​മ്പോൾ തന്നേ, സ്വർഗ്ഗ​ത്തിൽനി​ന്നു ഒരു ശബ്ദം ഉണ്ടായ​തെ​ന്തെ​ന്നാൽ: നെബൂ​ഖ​ദ്‌നേ​സർരാ​ജാ​വേ, നിന്നോ​ടു ഇതു കല്‌പി​ക്കു​ന്നു: രാജത്വം നിന്നെ വിട്ടു നീങ്ങി​യി​രി​ക്കു​ന്നു. നിന്നെ മനുഷ്യ​രു​ടെ ഇടയിൽനി​ന്നു നീക്കി​ക്ക​ള​യും; നിന്റെ പാർപ്പു കാട്ടിലെ മൃഗങ്ങ​ളോ​ടു​കൂ​ടെ ആയിരി​ക്കും; നിന്നെ കാള​യെ​പ്പോ​ലെ പുല്ലു തീററും; അത്യു​ന്ന​ത​നാ​യവൻ മനുഷ്യ​രു​ടെ രാജത്വ​ത്തി​ന്മേൽ വാഴു​ക​യും അതിനെ തനിക്കു ബോധി​ച്ച​വന്നു കൊടു​ക്ക​യും ചെയ്യുന്നു എന്നു നീ അറിയു​ന്ന​തു​വരെ നിനക്കു ഏഴു കാലം കഴിയും.”—ദാനീ​യേൽ 4:31, 32.

17. അഹങ്കാ​രി​യായ നെബൂ​ഖ​ദ്‌നേ​സ​രിന്‌ എന്തു സംഭവി​ച്ചു, പെട്ടെ​ന്നു​തന്നെ അവൻ ഏതു സാഹച​ര്യ​ങ്ങ​ളിൽ ആയിത്തീർന്നു?

17 നെബൂ​ഖ​ദ്‌നേ​സ​രിന്‌ ഉടൻതന്നെ സ്ഥിരബു​ദ്ധി നഷ്ടപ്പെട്ടു. മനുഷ്യ​രു​ടെ ഇടയിൽനിന്ന്‌ ഓടി​ക്ക​പ്പെട്ട അവൻ “കാള​യെ​പ്പോ​ലെ” പുല്ലു തിന്നു. വയലിലെ മൃഗങ്ങ​ളോട്‌ ഒപ്പമാ​യി​രുന്ന അവൻ കുളി​ര​ണി​യി​ക്കുന്ന ഇളങ്കാറ്റ്‌ ആസ്വദി​ച്ചു​കൊ​ണ്ടു പറുദീ​സാ തുല്യ​മായ ഒരു പുൽപ്പു​റത്തു ദിവസേന അലസമാ​യി ഇരിക്കുക അല്ലായി​രു​ന്നെന്നു തീർച്ച​യാണ്‌. ബാബി​ലോ​ണി​ന്റെ അവശി​ഷ്ടങ്ങൾ സ്ഥിതി​ചെ​യ്യുന്ന ഇന്നത്തെ ഇറാക്കിൽ വേനൽക്കാ​ലത്ത്‌ ഊഷ്‌മാവ്‌ 50 ഡിഗ്രി സെൽഷ്യസ്‌ വരെ ഉയരുന്നു. ശൈത്യ കാലത്താ​ണെ​ങ്കിൽ വെള്ളം മഞ്ഞുക​ട്ട​യാ​കു​ന്ന​തി​ലും കൂടിയ തണുപ്പ്‌. പരിച​രണം ലഭിക്കാ​തെ, പ്രകൃതി ഘടകങ്ങ​ളു​ടെ പ്രവർത്ത​ന​ത്തി​നു വിധേ​യ​നായ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ നീണ്ടു ജടപി​ടിച്ച രോമം കഴുക​ന്മാ​രു​ടെ തൂവൽപോ​ലെ കാണ​പ്പെട്ടു. കൈകാൽ വിരലു​ക​ളി​ലെ വെട്ടാത്ത നഖങ്ങൾ പക്ഷിക​ളു​ടെ നഖങ്ങൾ പോ​ലെ​യാ​യി. (ദാനീ​യേൽ 4:33) അഹങ്കാ​രി​യായ ആ ലോക​ഭ​ര​ണാ​ധി​പന്‌ എന്തൊരു അപമാനം!

18. ഏഴു കാലങ്ങ​ളു​ടെ സമയത്തു ബാബി​ലോ​ണി​ന്റെ സിംഹാ​സ​ന​ത്തോ​ടുള്ള ബന്ധത്തിൽ എന്തു സംഭവി​ച്ചു?

18 നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തിൽ, മഹാവൃ​ക്ഷം വെട്ടി​യി​ട​പ്പെ​ടു​ക​യും മേൽപ്പോ​ട്ടുള്ള വളർച്ച ഏഴു കാല​ത്തേക്കു തടയാ​നാ​യി അതിന്റെ കുറ്റി ബന്ധിക്ക​പ്പെ​ടു​ക​യും ചെയ്‌തു. സമാന​മാ​യി, യഹോവ നെബൂ​ഖ​ദ്‌നേ​സ​രി​നു ബുദ്ധി​ഭ്രമം വരുത്തി​യ​പ്പോൾ “അവൻ രാജാ​സ​ന​ത്തിൽനി​ന്നു നീങ്ങി​പ്പോ​യി.” (ദാനീ​യേൽ 5:20) ഫലത്തിൽ, അതു രാജാ​വി​ന്റെ മാനുഷ ഹൃദയത്തെ കാളയു​ടേതു പോലെ ആക്കിത്തീർത്തു. എന്നാൽ, ഏഴു കാലങ്ങൾ അവസാ​നി​ക്കു​ന്ന​തു​വരെ യഹോവ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സിംഹാ​സനം അവനായി നീക്കി​വെച്ചു. എവീൽ മെരോ​ദക്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ ഗവൺമെ​ന്റി​ന്റെ താത്‌കാ​ലിക തലവനാ​യി വർത്തി​ച്ച​പ്പോൾ, ദാനീ​യേൽ “ബാബേൽ സംസ്ഥാ​ന​ത്തി​ന്നൊ​ക്കെ​യും അധിപ​തി​യും ബാബേ​ലി​ലെ സകലവി​ദ്വാ​ന്മാർക്കും പ്രധാ​ന​വി​ചാ​ര​ക​നും” ആയി സേവിച്ചു. അവന്റെ മൂന്ന്‌ എബ്രായ കൂട്ടാ​ളി​കൾ ആ സംസ്ഥാ​ന​ത്തി​ന്റെ കാര്യാ​ദി​കൾ നോക്കി​ന​ട​ത്തു​ന്ന​തിൽ തുടർന്നും പങ്കുപറ്റി. (ദാനീ​യേൽ 1:11-19; 2:48, 49; 3:30) “അത്യു​ന്ന​ത​നാ​യവൻ മനുഷ്യ​രു​ടെ രാജത്വ​ത്തി​ന്മേൽ വാഴു​ക​യും അതിനെ തനിക്കു ബോധി​ച്ച​വന്നു കൊടു​ക്ക​യും ചെയ്യുന്നു” എന്ന തിരി​ച്ച​റി​വു നേടിയ സുബോ​ധ​മുള്ള രാജാ​വാ​യി നെബൂ​ഖ​ദ്‌നേസർ സിംഹാ​സ​ന​ത്തിൽ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടാൻ ആ നാലു പ്രവാ​സി​കൾ പ്രതീ​ക്ഷ​യോ​ടെ കാത്തി​രു​ന്നു.

നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ പുനഃ​സ്ഥി​തീ​ക​രണം

19. യഹോവ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സുബോ​ധം പുനഃ​സ്ഥാ​പി​ച്ചു കഴിഞ്ഞ​പ്പോൾ ബാബി​ലോ​ണി​യൻ രാജാവ്‌ എന്തു തിരി​ച്ച​റി​ഞ്ഞു?

19 ഏഴു കാലങ്ങ​ളു​ടെ ഒടുവിൽ യഹോവ നെബൂ​ഖ​ദ്‌നേ​സ​രി​നു സുബുദ്ധി തിരിച്ചു നൽകി. അപ്പോൾ അത്യുന്നത ദൈവത്തെ അംഗീ​ക​രി​ച്ചു​കൊ​ണ്ടു രാജാവ്‌ പറഞ്ഞു: “ആ കാലം കഴിഞ്ഞി​ട്ടു നെബൂ​ഖ​ദ്‌നേസർ എന്ന ഞാൻ സ്വർഗ്ഗ​ത്തേക്കു കണ്ണുയർത്തി എന്റെ ബുദ്ധി​യും എനിക്കു മടങ്ങി​വന്നു; ഞാൻ അത്യു​ന്ന​ത​നാ​യ​വനെ വാഴ്‌ത്തി, എന്നേക്കും ജീവി​ച്ചി​രി​ക്കു​ന്ന​വനെ സ്‌മരി​ച്ചു ബഹുമാ​നി​ക്ക​യും ചെയ്‌തു; അവന്റെ ആധിപ​ത്യം എന്നേക്കു​മുള്ള ആധിപ​ത്യ​വും അവന്റെ രാജത്വം തലമു​റ​ത​ല​മു​റ​യാ​യു​ള്ള​തും അല്ലോ. അവൻ സർവ്വഭൂ​വാ​സി​ക​ളെ​യും നാസ്‌തി​യാ​യി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യ​ത്തോ​ടും ഭൂവാ​സി​ക​ളോ​ടും ഇഷ്ടം​പോ​ലെ പ്രവർത്തി​ക്കു​ന്നു; അവന്റെ കൈത​ടു​പ്പാ​നോ നീ എന്തു ചെയ്യുന്നു എന്നു അവനോ​ടു ചോദി​പ്പാ​നോ ആർക്കും കഴിക​യില്ല.” (ദാനീ​യേൽ 4:34, 35) അതേ, മനുഷ്യ​വർഗ​ത്തി​ന്റെ രാജ്യ​ത്തി​ലെ പരമാ​ധി​കാര ഭരണാ​ധി​പൻ തീർച്ച​യാ​യും അത്യു​ന്ന​ത​നാ​യവൻ ആണെന്നു നെബൂ​ഖ​ദ്‌നേസർ തിരി​ച്ച​റി​യു​ക​തന്നെ ചെയ്‌തു.

20, 21. (എ) സ്വപ്‌ന​ത്തി​ലെ വൃക്ഷത്തി​ന്റെ കുറ്റി​യി​ലെ ലോഹ ബന്ധനങ്ങൾ നീക്കി​യ​തും നെബൂ​ഖ​ദ്‌നേ​സ​രി​നു സംഭവി​ച്ച​തും തമ്മിൽ എന്തു സമാന്ത​ര​മുണ്ട്‌? (ബി) നെബൂ​ഖ​ദ്‌നേസർ എന്തു സമ്മതിച്ചു പറഞ്ഞു, അത്‌ അവനെ യഹോ​വ​യു​ടെ ഒരു ആരാധകൻ ആക്കിയോ?

20 നെബൂ​ഖ​ദ്‌നേസർ സിംഹാ​സ​ന​ത്തിൽ മടങ്ങി എത്തിയ​പ്പോൾ, അതു സ്വപ്‌ന​ത്തിൽ കണ്ട വൃക്ഷത്തി​ന്റെ കുറ്റി​യി​ലെ ലോഹ ബന്ധനങ്ങൾ നീക്കം ചെയ്‌ത​തു​പോ​ലെ ആയിരു​ന്നു. തന്റെ പുനഃ​സ്ഥി​തീ​ക​ര​ണത്തെ കുറിച്ച്‌ അവൻ പറഞ്ഞു: “ആ നേരത്തു തന്നേ എന്റെ ബുദ്ധി മടങ്ങി​വന്നു; എന്റെ രാജത്വ​ത്തി​ന്റെ മഹത്വ​ത്തി​ന്നാ​യി എന്റെ മഹിമ​യും മുഖ​പ്ര​കാ​ശ​വും മടങ്ങി​വന്നു; എന്റെ മന്ത്രി​മാ​രും മഹത്തു​ക്ക​ളും എന്നെ അന്വേ​ഷി​ച്ചു [“ഉത്സാഹ​പൂർവം അന്വേ​ഷി​ച്ചു,” NW]; ഞാൻ എന്റെ രാജത്വ​ത്തിൽ യഥാസ്ഥാ​ന​പ്പെട്ടു, ശ്രേഷ്‌ഠ​മ​ഹ​ത്വം എനിക്കു അധിക​മാ​യി സിദ്ധിച്ചു.” (ദാനീ​യേൽ 4:36) കൊട്ടാര ഉദ്യോ​ഗ​സ്ഥ​ന്മാ​രിൽ ആരെങ്കി​ലും ബുദ്ധി​ഭ്രമം പിടി​പെട്ട രാജാ​വി​നെ അവമതി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കിൽ, അവർ ഇപ്പോൾ തികഞ്ഞ ആദര​വോ​ടെ അവനെ “ഉത്സാഹ​പൂർവം അന്വേഷി”ക്കുക ആയിരു​ന്നു.

21 അത്യു​ന്ന​ത​നായ ദൈവം എത്ര വലിയ ‘അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങളു’മാണു പ്രവർത്തി​ച്ചത്‌! പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ബാബി​ലോ​ണി​യൻ രാജാവ്‌ പിൻവ​രുന്ന പ്രകാരം പറഞ്ഞതു നമ്മെ അതിശ​യി​പ്പി​ക്ക​രുത്‌: “ഇപ്പോൾ നെബൂ​ഖ​ദ്‌നേസർ എന്ന ഞാൻ സ്വർഗ്ഗ​സ്ഥ​നായ രാജാ​വി​നെ സ്‌തു​തി​ച്ചു പുകഴ്‌ത്തി ബഹുമാ​നി​ക്കു​ന്നു; അവന്റെ പ്രവൃ​ത്തി​കൾ ഒക്കെയും സത്യവും അവന്റെ വഴികൾ ന്യായ​വും ആകുന്നു; നിഗളി​ച്ചു​ന​ട​ക്കു​ന്ന​വരെ താഴ്‌ത്തു​വാ​നും അവൻ പ്രാപ്‌തൻ തന്നേ.” (ദാനീ​യേൽ 4:2, 37) എന്നാൽ അങ്ങനെ സമ്മതി​ച്ചു​പ​റ​ഞ്ഞത്‌ നെബൂ​ഖ​ദ്‌നേ​സ​രി​നെ യഹോ​വ​യു​ടെ ഒരു വിജാ​തീയ ആരാധകൻ ആക്കിയില്ല.

മതേത​ര​മായ തെളി​വു​കൾ ഉണ്ടോ?

22. നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ബുദ്ധി​ഭ്രമം ഏതു വൈക​ല്യം ആയിരു​ന്നെന്ന്‌ ചിലർ നിഗമനം ചെയ്‌തി​രി​ക്കു​ന്നു, എന്നാൽ അവന്റെ ബുദ്ധി​ഭ്ര​മ​ത്തി​ന്റെ കാരണത്തെ കുറിച്ച്‌ നാം എന്തു മനസ്സി​ലാ​ക്കണം?

22 നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ബുദ്ധി​ഭ്രമം ലൈക്കാ​ന്ത്രോ​പ്പി ആണെന്നു ചിലർ നിഗമനം ചെയ്‌തി​രി​ക്കു​ന്നു. ഒരു വൈദ്യ​ശാ​സ്‌ത്ര നിഘണ്ടു പറയുന്നു: “ലൈക്കാ​ന്ത്രോ​പ്പി . . . [ലൈ​കോസ്‌] ലുപസ്‌, ചെന്നായ്‌; [ആന്ത്രോ​പോസ്‌], ഹോമോ, മനുഷ്യൻ എന്നീ [വാക്കു​ക​ളിൽ] നിന്നാണ്‌. താൻതന്നെ ഒരു മൃഗം ആയിത്തീർന്നു എന്ന്‌ ഒരുവൻ വിശ്വ​സി​ക്കു​ക​യും ആ മൃഗത്തി​ന്റെ ശബ്ദമോ അലർച്ച​യോ അല്ലെങ്കിൽ ചേഷ്ടക​ളോ പെരു​മാ​റ്റ​ങ്ങ​ളോ അനുക​രി​ക്കു​ക​യും ചെയ്യുന്ന രോഗ​ത്തി​നു നൽകപ്പെട്ട പേരാ​ണിത്‌. സാധാ​ര​ണ​ഗ​തി​യിൽ, തങ്ങൾ ഒരു ചെന്നാ​യോ പട്ടിയോ പൂച്ചയോ, നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ കാര്യ​ത്തിൽ എന്നപോ​ലെ ചില​പ്പോൾ ഒരു കാളയോ ആയി മാറി​യി​രി​ക്കു​ന്നു​വെന്ന്‌ ഇത്തരം രോഗി​കൾ കരുതു​ന്നു.” (ഡിക്ഷണയർ ഡെ സയൻസസ്‌ മെഡിക്കൽ, പർ ഉൺ സോഷ്യറ്റ്‌ ഡെ മെഡി​സിൻസ്‌ എ ഡെ ഷിറൂ​ഷി​യൻസ്‌, പാരീസ്‌, 1818, വാല്യം 29, പേജ്‌ 246) ലൈക്കാ​ന്ത്രോ​പ്പി​യു​ടെ ലക്ഷണങ്ങൾ ബുദ്ധി​ഭ്രമം ബാധിച്ച നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ അവസ്ഥയ്‌ക്കു സമാന​മാണ്‌. എന്നാൽ, അവന്റെ മാനസിക രോഗം ദിവ്യ​കൽപ്പി​തം ആയിരു​ന്ന​തി​നാൽ അത്‌ ഇന്ന്‌ അറിയ​പ്പെ​ടുന്ന ഇന്ന വൈക​ല്യം ആയിരു​ന്നെന്നു വ്യക്തമാ​യി പറയാൻ സാധ്യമല്ല.

23. നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ബുദ്ധി​ഭ്ര​മ​ത്തിന്‌ മതേത​ര​മായ എന്തു തെളി​വുണ്ട്‌?

23 പണ്ഡിത​നായ ജോൺ ഇ. ഗോൾഡി​ങ്ങെ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ബുദ്ധി​ഭ്ര​മ​ത്തോ​ടും പുനഃ​സ്ഥി​തീ​ക​ര​ണ​ത്തോ​ടും ബന്ധപ്പെട്ട അനേകം സമാന്തര വിവര​ണങ്ങൾ നൽകുന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, അദ്ദേഹം പ്രസ്‌താ​വി​ക്കു​ന്നു: “ഒരു അപൂർണ ക്യൂനി​ഫോം പാഠം നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ചില മാനസിക വൈക​ല്യ​ങ്ങ​ളെ​യും ഒരുപക്ഷേ അവൻ ബാബി​ലോ​ണി​നെ അവഗണിച്ച്‌ അവിടം വിട്ടു​പോ​യ​തി​നെ​യും പരാമർശി​ക്കു​ന്നു.” “ബാബി​ലോ​ണി​യൻ ഇയ്യോബ്‌” എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു രേഖ ഗോൾഡി​ങ്ങെ ഉദ്ധരി​ക്കു​ന്നു. അത്‌, “ദൈവ​ശിക്ഷ, രോഗം, അപമാനം, ഭീതി​ദ​മായ ഒരു സ്വപ്‌ന​ത്തി​ന്റെ വ്യാഖ്യാ​നം ആരായൽ, ഒരു വൃക്ഷം വെട്ടി​യി​ട​പ്പെ​ടു​ന്നതു പോലുള്ള മറിച്ചി​ട​പ്പെടൽ, പുറന്ത​ള്ള​പ്പെടൽ, പുല്ലു​തീ​റ്റി, സുബോ​ധം നഷ്ടപ്പെടൽ, കാള​യെ​പ്പോ​ലെ ആകൽ, മർദൂ​ക്കി​നാ​ലുള്ള ഭരണം, നഖങ്ങൾ ചീത്തയാ​കൽ, രോമ വളർച്ച, ബന്ധിക്ക​പ്പെടൽ എന്നിവ​യെ​യും തുടർന്നുള്ള പുനഃ​സ്ഥി​തീ​ക​ര​ണത്തെ പ്രതി അവൻ ദേവനെ സ്‌തു​തി​ക്കു​ന്ന​തി​നെ​യും സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു” എന്ന്‌ അദ്ദേഹം പറയുന്നു.

നമ്മെ ബാധി​ക്കുന്ന ഏഴു കാലങ്ങൾ

24. (എ) സ്വപ്‌ന​ത്തി​ലെ മഹാവൃ​ക്ഷം എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു? (ബി) ഏഴു കാല​ത്തേക്കു തടയ​പ്പെ​ട്ടത്‌ എന്താണ്‌, അത്‌ എങ്ങനെ സംഭവി​ച്ചു?

24 മഹാവൃ​ക്ഷ​ത്താൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട നെബൂ​ഖ​ദ്‌നേസർ ലോക ഭരണാ​ധി​പ​ത്യ​ത്തെ പ്രതീ​ക​പ്പെ​ടു​ത്തി. എന്നാൽ ആ വൃക്ഷം ബാബി​ലോ​ണി​യൻ രാജാ​വി​ന്റേ​തി​നെ​ക്കാൾ വളരെ മഹത്തര​മായ ഭരണാ​ധി​പ​ത്യ​ത്തെ​യും പരമാ​ധി​കാ​ര​ത്തെ​യു​മാ​ണു പ്രതി​നി​ധാ​നം ചെയ്യു​ന്ന​തെന്ന്‌ ഓർമി​ക്കുക. അത്‌ “സ്വർഗ്ഗ​സ്ഥ​നായ രാജാ”വായ യഹോ​വ​യു​ടെ അഖിലാണ്ഡ പരമാ​ധി​കാ​രത്തെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു, വിശേ​ഷി​ച്ചും ഭൂമി​യോ​ടുള്ള ബന്ധത്തിൽ. ബാബി​ലോ​ണി​യർ യെരൂ​ശ​ലേ​മി​നെ നശിപ്പി​ക്കു​ന്ന​തി​നു മുമ്പ്‌, ദാവീ​ദും അനന്തരാ​വ​കാ​ശി​ക​ളും ആ നഗരത്തെ കേന്ദ്രീ​ക​രിച്ച്‌ “യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ” ഇരുന്നു ഭരണം നടത്തി​യി​രു​ന്നു. ആ രാജ്യം ഭൂമി​യോ​ടുള്ള ബന്ധത്തി​ലുള്ള ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ പ്രതി​നി​ധാ​നം ചെയ്‌തു. (1 ദിനവൃ​ത്താ​ന്തം 29:23) യെരൂ​ശ​ലേ​മി​നെ നശിപ്പി​ക്കാൻ നെബൂ​ഖ​ദ്‌നേ​സരെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ പൊ.യു.മു. 607-ൽ ദൈവം​തന്നെ ആ പരമാ​ധി​കാ​രത്തെ വെട്ടി​യിട്ട്‌ ബന്ധിച്ചി​രു​ന്നു. ഭൂമി​യോ​ടുള്ള ബന്ധത്തിൽ, ദാവീ​ദി​ന്റെ വംശാ​വ​ലി​യി​ലെ ഒരു രാജ്യ​ത്തി​ലൂ​ടെ ദിവ്യ​പ​ര​മാ​ധി​കാ​രം പ്രയോ​ഗി​ക്കു​ന്നത്‌ ഏഴു കാല​ത്തേക്കു തടയ​പ്പെട്ടു. ഈ ഏഴു കാലങ്ങൾ എത്ര ദീർഘ​മാ​യി​രു​ന്നു? അത്‌ എന്നു തുടങ്ങി, അതിന്റെ അവസാനം കുറി​ച്ചത്‌ എന്ത്‌?

25, 26. (എ) നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ കാര്യ​ത്തിൽ “ഏഴു കാലങ്ങ”ളുടെ ദൈർഘ്യം എത്രയാ​യി​രു​ന്നു, നിങ്ങൾ അങ്ങനെ ഉത്തരം പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) പ്രധാന നിവൃ​ത്തി​യിൽ “ഏഴു കാലങ്ങൾ” എപ്പോൾ, എങ്ങനെ ആരംഭി​ച്ചു?

25 നെബൂ​ഖ​ദ്‌നേ​സ​രിന്‌ ബുദ്ധി​ഭ്രമം ബാധി​ച്ചി​രുന്ന സമയത്ത്‌ “അവന്റെ രോമം കഴുകന്റെ തൂവൽപോ​ലെ​യും അവന്റെ നഖം പക്ഷിയു​ടെ നഖം​പോ​ലെ​യും” വളർന്നു. (ദാനീ​യേൽ 4:33) അതിന്‌ ഏഴു ദിവസ​ങ്ങ​ളോ ഏഴ്‌ ആഴ്‌ച​ക​ളോ പോരാ​യി​രു​ന്നു. നിരവധി ഭാഷാ​ന്ത​രങ്ങൾ “ഏഴു കാലങ്ങൾ” എന്നു പറയുന്നു. “നിയമിത (ക്ലിപ്‌ത) കാലങ്ങൾ,” “സമയ ഘട്ടങ്ങൾ” എന്നിവ​യാണ്‌ മറ്റു പ്രയോ​ഗങ്ങൾ. (ദാനീ​യേൽ 4:16, 23, 25, 32) പഴയ ഗ്രീക്കു ഭാഷാ​ന്ത​ര​ത്തി​ന്റെ (സെപ്‌റ്റു​വ​ജി​ന്റി​ന്റെ) അൽപ്പസ്വൽപ്പം വ്യത്യാ​സ​മുള്ള ഒരു പതിപ്പ്‌ “ഏഴു വർഷങ്ങൾ” എന്നു പറയുന്നു. ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദ ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ “ഏഴു കാലങ്ങൾ” “ഏഴു വർഷങ്ങൾ” ആയി പരിഗ​ണി​ച്ചു. (യഹൂദ​ന്മാ​രു​ടെ പ്രാചീ​ന​കാ​ലങ്ങൾ, [ഇംഗ്ലീഷ്‌] വാല്യം 10, അധ്യായം 10, ഖണ്ഡിക 6) ചില എബ്രായ പണ്ഡിത​ന്മാ​രും ഈ “കാലങ്ങ”ളെ “വർഷങ്ങൾ” ആയി കണക്കാ​ക്കി​യി​ട്ടുണ്ട്‌. ഒരു അമേരി​ക്കൻ ഭാഷാ​ന്തരം, ടുഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ, ജയിംസ്‌ മോഫ​റ്റി​നാ​ലുള്ള പരിഭാഷ എന്നിവ​യിൽ “ഏഴു വർഷങ്ങൾ” എന്നാണ്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

26 നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ കാര്യ​ത്തിൽ “ഏഴു കാലങ്ങൾ” വ്യക്തമാ​യും ഏഴു വർഷങ്ങൾ ആയിരു​ന്നു. പ്രവച​ന​ത്തിൽ, ഒരു വർഷം ശരാശരി 360 ദിവസ​ങ്ങ​ളാണ്‌, അഥവാ 30 ദിവസ​ങ്ങ​ളുള്ള 12 മാസങ്ങ​ളാണ്‌. (വെളി​പ്പാ​ടു 12:6, 14 താരത​മ്യം ചെയ്യുക.) അതു​കൊണ്ട്‌, രാജാ​വി​ന്റെ “ഏഴു കാലങ്ങൾ” അഥവാ വർഷങ്ങൾ, 360-നെ 7 കൊണ്ടു ഗുണി​ച്ചാൽ കിട്ടുന്ന അത്രയും ദിവസങ്ങൾ, അതായത്‌ 2,520 ദിവസങ്ങൾ ആയിരു​ന്നു. എന്നാൽ അവന്റെ സ്വപ്‌ന​ത്തി​ന്റെ മുഖ്യ നിവൃ​ത്തി​യു​ടെ കാര്യ​ത്തി​ലോ? പ്രാവ​ച​നിക “ഏഴു കാലങ്ങൾ”ക്ക്‌ 2,520 ദിവസ​ങ്ങ​ളെ​ക്കാൾ വളരെ​യേറെ ദൈർഘ്യം ഉണ്ടായി​രു​ന്നു. യേശു​ക്രി​സ്‌തു​വി​ന്റെ വാക്കുകൾ അതു സൂചി​പ്പി​ക്കു​ന്നു: “ജനതക​ളു​ടെ നിയമിത കാലങ്ങൾ പൂർത്തി​യാ​കു​വോ​ളം യെരൂ​ശ​ലേം ജനതക​ളാൽ ചവിട്ട​പ്പെ​ടും.” (ലൂക്കൊസ്‌ 21:24, NW) പൊ.യു.മു. 607-ൽ യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ക​യും യഹൂദ​യി​ലെ പ്രതീ​കാ​ത്മക ദൈവ​രാ​ജ്യം പ്രവർത്ത​ന​ര​ഹി​തം ആകുക​യും ചെയ്‌ത​തോ​ടെ ആ ‘ചവിട്ടൽ’ ആരംഭി​ച്ചു. അത്‌ എന്ന്‌ അവസാ​നി​ക്കു​മാ​യി​രു​ന്നു? “ഒക്കെയും യഥാസ്ഥാ​ന​ത്താ​കുന്ന കാല”ത്ത്‌. അന്ന്‌, പ്രതീ​കാ​ത്മക യെരൂ​ശ​ലേം ആയ ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഭൂമി​യോ​ടുള്ള ബന്ധത്തിൽ ദിവ്യ പരമാ​ധി​കാ​രം വീണ്ടും പ്രകട​മാ​കും.—പ്രവൃ​ത്തി​കൾ 3:21.

27. പൊ.യു.മു. 607-ൽ ആരംഭിച്ച “ഏഴു കാലങ്ങൾ” 2,520 അക്ഷരീയ ദിവസങ്ങൾ കഴിഞ്ഞ​പ്പോൾ അവസാ​നി​ച്ചി​ല്ലെന്നു നിങ്ങൾ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

27 പൊ.യു.മു. 607-ലെ യെരൂ​ശ​ലേ​മി​ന്റെ നാശം മുതൽ 2,520 അക്ഷരീയ ദിവസങ്ങൾ എണ്ണിയാൽ, തിരു​വെ​ഴു​ത്തു​പ​ര​മാ​യി യാതൊ​രു പ്രാധാ​ന്യ​വും ഇല്ലാത്ത പൊ.യു.മു. 600-ൽ മാത്രമേ നാം എത്തുക​യു​ള്ളൂ. വിടു​വി​ക്ക​പ്പെട്ട യഹൂദ​ന്മാർ യഹൂദ​യിൽ എത്തി​ച്ചേർന്ന പൊ.യു.മു. 537-ൽ പോലും യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഭൂമി​യിൽ പ്രത്യ​ക്ഷ​മാ​യില്ല. കാരണം, ദാവീ​ദി​ന്റെ സിംഹാ​സ​നാ​വ​കാ​ശി ആയിരുന്ന സെരു​ബ്ബാ​ബേൽ ഒരു രാജാവ്‌ ആക്കപ്പെ​ട്ടില്ല, മറിച്ച്‌ പേർഷ്യൻ പ്രവി​ശ്യ​യായ യഹൂദ​യു​ടെ ഗവർണർ മാത്ര​മാ​യി​രു​ന്നു അവൻ.

28. (എ) 2,520 ദിവസ​ങ്ങ​ളു​ടെ പ്രാവ​ച​നിക “ഏഴു കാലങ്ങൾ”ക്ക്‌ ഏതു ചട്ടം ബാധക​മാ​ക്ക​പ്പെ​ടണം? (ബി) പ്രാവ​ച​നിക “ഏഴു കാലങ്ങൾ”ക്ക്‌ എത്ര ദൈർഘ്യം ഉണ്ടായി​രു​ന്നു, അതിന്റെ ആരംഭ​വും അവസാ​ന​വും കുറിച്ച തീയതി​കൾ ഏവ?

28 “ഏഴു കാലങ്ങൾ” പ്രാവ​ച​നി​കം ആയതി​നാൽ, 2,520 ദിവസ​ങ്ങൾക്കു നാം പിൻവ​രുന്ന തിരു​വെ​ഴു​ത്തു ചട്ടം ബാധക​മാ​ക്കണം: “ഒരു സംവത്സ​ര​ത്തി​ന്നു ഒരു ദിവസം.” യെരൂ​ശ​ലേ​മിന്‌ എതി​രെ​യുള്ള ബാബി​ലോ​ണി​യൻ ഉപരോ​ധത്തെ കുറി​ച്ചുള്ള ഒരു പ്രവച​ന​ത്തിൽ ആണ്‌ ഈ ചട്ടം പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നത്‌. (യെഹെ​സ്‌കേൽ 4:6, 7; സംഖ്യാ​പു​സ്‌തകം 14:34 താരത​മ്യം ചെയ്യുക.) അതു​കൊണ്ട്‌, വിജാ​തീയ ശക്തികൾക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ ഇടപെടൽ ഇല്ലാതെ ഭൂമി​യിൽ ആധിപ​ത്യം നടത്താൻ കഴിയുന്ന “ഏഴു കാലങ്ങൾ” 2,520 വർഷം ദീർഘി​ക്കു​മാ​യി​രു​ന്നു. പൊ.യു.മു. 607-ലെ ഏഴാം ചാന്ദ്ര​മാ​സ​ത്തിൽ (തിസ്രി 15) യഹൂദ​യും യെരൂ​ശ​ലേ​മും നശിപ്പി​ക്ക​പ്പെ​ട്ട​തോ​ടെ​യാണ്‌ അതു തുടങ്ങി​യത്‌. (2 രാജാ​ക്കൻമാർ 25:8, 9, 25, 26) അന്നു മുതൽ പൊ.യു.മു. 1 വരെ 606 വർഷങ്ങ​ളുണ്ട്‌. തുടർന്ന്‌, ശേഷി​ക്കുന്ന 1,914 വർഷങ്ങ​ളും അതി​നോ​ടു കൂട്ടു​മ്പോൾ പൊ.യു. 1914-ൽ എത്തുന്നു. അങ്ങനെ, ആ “ഏഴു കാലങ്ങൾ” അതായത്‌, 2,520 വർഷങ്ങൾ 1914 തിസ്രി 15-ഓടെ അഥവാ ഒക്‌ടോ​ബർ 4/5-ഓടെ അവസാ​നി​ച്ചു.

29. “മനുഷ്യ​രിൽ അധമനാ​യവ”ൻ ആരാണ്‌, അവനെ സിംഹാ​സ​നസ്ഥൻ ആക്കാൻ യഹോവ എന്തു ചെയ്‌തു?

29 ആ വർഷം “ജനതക​ളു​ടെ നിയമിത കാലങ്ങൾ” പൂർത്തി​യാ​യി. ദൈവം ഭരണാ​ധി​പ​ത്യം “മനുഷ്യ​രിൽ അധമനാ​യവ”ന്‌ [“മനുഷ്യ​വർഗ​ത്തിൽ ഏറ്റവും എളിയ​വന്‌,” NW]—യേശു​ക്രി​സ്‌തു​വിന്‌—നൽകി. അവന്റെ ശത്രുക്കൾ അവനെ തീർത്തും അധമനാ​യി പരിഗ​ണിച്ച്‌ ഒരു ദണ്ഡനസ്‌തം​ഭ​ത്തിൽ തറച്ചു കൊല്ലുക പോലും ചെയ്‌തി​രു​ന്നു. (ദാനീ​യേൽ 4:17) മിശി​ഹൈക രാജാ​വി​നെ സിംഹാ​സ​ന​സ്ഥ​നാ​ക്കാൻ യഹോവ സ്വന്തം പരമാ​ധി​കാ​രം ആകുന്ന “കുറ്റി”ക്കു ചുറ്റു​മു​ണ്ടാ​യി​രുന്ന ഇരുമ്പും താമ്ര​വും​കൊ​ണ്ടുള്ള പ്രതീ​കാ​ത്മക ബന്ധനങ്ങൾ അഴിച്ചു​മാ​റ്റി. അങ്ങനെ ദാവീ​ദി​ന്റെ ഏറ്റവും വലിയ അവകാ​ശി​യായ യേശു​ക്രി​സ്‌തു​വി​ന്റെ കരങ്ങളി​ലെ സ്വർഗീയ രാജ്യം മുഖേന, ഭൂമി​യോ​ടു ബന്ധപ്പെട്ട ദിവ്യ​പ​ര​മാ​ധി​കാ​ര​ത്തി​ന്റെ ഒരു പ്രകടനം എന്ന നിലയിൽ ഒരു രാജകീയ “മുള” അതിൽനി​ന്നു വളർന്നു വരാൻ പരമോ​ന്നത ദൈവം അനുവ​ദി​ച്ചു. (യെശയ്യാ​വു 11:1, 2; ഇയ്യോബ്‌ 14:7-9; യെഹെ​സ്‌കേൽ 21:27) കാര്യാ​ദി​ക​ളു​ടെ ഈ അനുഗൃ​ഹീത വഴിത്തി​രി​വി​നും മഹാവൃ​ക്ഷത്തെ കുറി​ച്ചുള്ള മർമത്തി​ന്റെ ചുരുൾ അഴിച്ച​തി​നും യഹോ​വ​യോ​ടു നാം എത്ര നന്ദി ഉള്ളവരാണ്‌!

നിങ്ങൾ എന്തു ഗ്രഹിച്ചു?

• നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തി​ലെ മഹാവൃ​ക്ഷം എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തി?

• തന്റെ സ്വപ്‌ന​ത്തി​ലെ വൃക്ഷത്തി​ന്റെ ആദ്യ നിവൃ​ത്തി​യിൽ നെബൂ​ഖ​ദ്‌നേ​സ​രിന്‌ എന്തു ഭവിച്ചു?

• തന്റെ സ്വപ്‌നം നിവൃ​ത്തി​യേറി കഴിഞ്ഞ​പ്പോൾ നെബൂ​ഖ​ദ്‌നേസർ എന്തു സമ്മതിച്ചു പറഞ്ഞു?

• പ്രാവ​ച​നിക വൃക്ഷത്തെ കുറി​ച്ചുള്ള സ്വപ്‌ന​ത്തി​ന്റെ പ്രധാന നിവൃ​ത്തി​യിൽ, “ഏഴു കാലങ്ങൾ”ക്ക്‌ എത്ര ദൈർഘ്യം ഉണ്ടായി​രു​ന്നു, അവ എന്ന്‌ ആരംഭി​ക്കു​ക​യും എന്ന്‌ അവസാ​നി​ക്കു​ക​യും ചെയ്‌തു?

[അധ്യയന ചോദ്യ​ങ്ങൾ]

[83-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[91-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]