സിംഹങ്ങളുടെ വായിൽനിന്നു വിടുവിക്കപ്പെടുന്നു!
അധ്യായം എട്ട്
സിംഹങ്ങളുടെ വായിൽനിന്നു വിടുവിക്കപ്പെടുന്നു!
1, 2. (എ) മേദ്യനായ ദാര്യാവേശ് വിസ്തൃതമാക്കപ്പെട്ട തന്റെ സാമ്രാജ്യത്തെ ഏകോപിപ്പിച്ചത് എങ്ങനെ? (ബി) പ്രധാന ദേശാധിപതിമാരുടെ ചുമതലകളും അധികാരവും വിവരിക്കുക.
ബാബിലോൻ വീണു കഴിഞ്ഞിരുന്നു! ലോകശക്തി എന്ന നിലയിൽ ഏതാണ്ട് ഒരു നൂറ്റാണ്ടു ദീർഘിച്ച അതിന്റെ പ്രൗഢി ഏതാനും മണിക്കൂർകൊണ്ടു തൂത്തെറിയപ്പെട്ടു. ഒരു നവയുഗം ആരംഭിക്കുകയായി—മേദ്യരുടെയും പേർഷ്യക്കാരുടെയും. ഇപ്പോൾ, ബേൽശസ്സരിന്റെ സിംഹാസനത്തിലെ പിൻഗാമി എന്ന നിലയിൽ മേദ്യനായ ദാര്യാവേശ് വിസ്തൃതമാക്കപ്പെട്ട തന്റെ സാമ്രാജ്യത്തെ ഏകോപിപ്പിച്ചു നിർത്തുക എന്ന വെല്ലുവിളിയെ അഭിമുഖീകരിച്ചു.
2 ദാര്യാവേശ് സ്വീകരിച്ച ആദ്യ നടപടികളിൽ ഒന്ന്, 120 പ്രധാന ദേശാധിപതിമാരെ നിയമിക്കുക എന്നതായിരുന്നു. ഈ സ്ഥാനത്തു സേവിച്ചിരുന്നവർ ചിലപ്പോൾ രാജാവിന്റെ ബന്ധുക്കളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നതായി കരുതപ്പെടുന്നു. എന്തായാലും, ഓരോ പ്രധാന ദേശാധിപതിയും ഒരു പ്രമുഖ സംസ്ഥാനമോ സാമ്രാജ്യത്തിന്റെ ഒരു ചെറിയ ഉപ ഭാഗമോ ഭരിച്ചു. (ദാനീയേൽ 6:1) നികുതി പിരിക്കുന്നതും രാജകൊട്ടാരത്തിലേക്കു കപ്പം നൽകുന്നതും അദ്ദേഹത്തിന്റെ ചുമതലകളിൽ പെടുമായിരുന്നു. രാജാവിന്റെ ഒരു സന്ദർശക പ്രതിനിധി ഇടയ്ക്കിടെ പ്രധാന ദേശാധിപതിയുടെ പ്രവർത്തനം പരിശോധിക്കുമായിരുന്നു എങ്കിലും അയാൾക്കു ഗണ്യമായ അധികാരം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനപ്പേരിന്റെ അർഥം “രാജ്യ പാലകൻ” എന്നായിരുന്നു. പ്രധാന ദേശാധിപതി തന്റെ പ്രവിശ്യയുടെമേൽ ഒരു പരിധിവരെ സ്വയംഭരണാവകാശം ഉള്ള ഒരു സാമന്ത രാജാവായി പരിഗണിക്കപ്പെട്ടിരുന്നു.
3, 4. ദാര്യാവേശ് ദാനീയേലിനോടു പ്രത്യേക താത്പര്യം കാട്ടിയത് എന്തുകൊണ്ട്, രാജാവ് അവനെ ഏതു സ്ഥാനത്തു നിയമിച്ചു?
3 ഈ പുതിയ ക്രമീകരണത്തിൽ ദാനീയേലിന്റെ സ്ഥാനം എന്ത് ആയിരിക്കുമായിരുന്നു? ഇപ്പോൾ തന്റെ തൊണ്ണൂറുകളിൽ എത്തിയ ഈ വൃദ്ധ യഹൂദ പ്രവാചകനു മേദ്യനായ ദാര്യാവേശ് ഉദ്യോഗവിരാമം നൽകുമായിരുന്നോ? ഒരിക്കലുമില്ല! ദാനീയേൽ ബാബിലോണിന്റെ വീഴ്ച കൃത്യമായി മുൻകൂട്ടി പറഞ്ഞിരുന്നെന്നും അതിന് അമാനുഷിക ഗ്രാഹ്യം ആവശ്യമായിരുന്നെന്നും നിസ്സംശയമായും ദാര്യാവേശിന് അറിയാമായിരുന്നു. അതിനു പുറമേ, ബാബിലോണിയൻ പ്രവാസികളുടെ വിഭിന്ന കൂട്ടങ്ങളുമായി ഇടപെടുന്ന കാര്യത്തിൽ ദാനീയേലിനു പതിറ്റാണ്ടുകളിലെ അനുഭവ പരിചയവും ഉണ്ടായിരുന്നു. താൻ പുതുതായി കീഴടക്കിയ പ്രജകളുമായി സമാധാന ബന്ധം നിലനിർത്താൻ ദാര്യാവേശ് ഉദ്ദേശിച്ചിരുന്നു. അതുകൊണ്ട്, ദാനീയേലിനെ പോലെ ജ്ഞാനവും അനുഭവ പരിചയവുമുള്ള ഒരാൾ തന്റെ ഉപദേശകനായി ഉണ്ടായിരിക്കാൻ അവൻ തീർച്ചയായും ആഗ്രഹിക്കുമായിരുന്നു. എന്നാൽ എന്ത് അധികാരത്തോടെ?
4 ദാര്യാവേശ് യഹൂദ പ്രവാസിയായ ദാനീയേലിനെ ഒരു പ്രധാന ദേശാധിപതിയായി നിയമിച്ചാൽത്തന്നെ അത് അമ്പരപ്പിക്കുന്ന ഒരു സംഗതി ആയിരിക്കുമായിരുന്നു. എന്നാൽ ദാനീയേലിനെ പ്രധാന ദേശാധിപതിമാർക്കു മേൽവിചാരണ നടത്തുന്ന മൂന്ന് അധ്യക്ഷന്മാരിൽ ഒരുവനായി നിയമിക്കാനുള്ള തന്റെ തീരുമാനം ദാര്യാവേശ് പ്രഖ്യാപിച്ചപ്പോൾ അത് ഇളക്കിവിട്ട ബഹളം ഒന്നു സങ്കൽപ്പിച്ചു നോക്കൂ! അതു മാത്രമല്ല, താൻ സഹ അധ്യക്ഷന്മാരെക്കാൾ ശ്രേഷ്ഠനാണെന്നു തെളിയിച്ചുകൊണ്ട് ദാനീയേൽ “വിശിഷ്ടനായ് വിളങ്ങി.” തീർച്ചയായും, ഒരു ‘ഉൽകൃഷ്ട മനസ്സ്’ അവനിൽ കാണപ്പെട്ടു. അവനു പ്രധാനമന്ത്രി പദം നൽകാൻ പോലും ദാര്യാവേശിന് ഉദ്ദേശ്യം ഉണ്ടായിരുന്നു.—ദാനീയേൽ 6:2, 3.
5. ദാനീയേലിന്റെ നിയമനത്തോടു മറ്റ് അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും എങ്ങനെ പ്രതികരിച്ചിരിക്കണം, എന്തുകൊണ്ട്?
5 മറ്റ് അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും കോപംകൊണ്ടു ജ്വലിക്കുക ആയിരുന്നിരിക്കണം. എന്തിന്, ഒരു മേദ്യനോ പേർഷ്യക്കാരനോ രാജകുടുംബാംഗമോ അല്ലാഞ്ഞ ദാനീയേൽ തങ്ങളുടെമേൽ അധികാരമുള്ള ഒരു സ്ഥാനത്ത് ആയിരിക്കുക എന്ന ആശയം അവർ എങ്ങനെ സഹിക്കാനാണ്! സ്വന്തം നാട്ടുകാരെയും കുടുംബക്കാരെയും പോലും മാറ്റിനിർത്തിക്കൊണ്ട് ഒരു പരദേശിയെ അത്തരം ഒരു പ്രമുഖ സ്ഥാനത്തേക്ക് ഉയർത്താൻ ദാര്യാവേശിന് എങ്ങനെ കഴിയുമായിരുന്നു? ആ നീക്കം അനീതിയാണെന്നു തോന്നിയിരിക്കണം. അതിനു പുറമേ, പ്രധാന ദേശാധിപതിമാർ ദാനീയേലിന്റെ സത്യസന്ധതയെ തങ്ങളുടെ നിയമരഹിത ധനാർജനത്തിനും അഴിമതിക്കുമുള്ള ഒരു വിലങ്ങുതടിയായും കണ്ടിരിക്കണം. എന്നാൽ, പ്രസ്തുത പ്രശ്നവുമായി ദാര്യാവേശിനെ സമീപിക്കാനുള്ള ധൈര്യം അധ്യക്ഷന്മാർക്കും പ്രധാന ദേശാധിപതിമാർക്കും ഉണ്ടായിരുന്നില്ല. കാരണം, ദാര്യാവേശ് ദാനീയേലിനെ അങ്ങേയറ്റം ആദരിച്ചിരുന്നു.
6. അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും ദാനീയേലിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് എങ്ങനെ, ആ ശ്രമം നിഷ്ഫലമെന്നു തെളിഞ്ഞത് എന്തുകൊണ്ട്?
6 അതുകൊണ്ട് അസൂയാലുക്കളായ ഈ രാഷ്ട്രീയക്കാർ ഗൂഢാലോചന നടത്തി. “രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാൻ” അവർ ശ്രമിച്ചു. അവൻ തന്റെ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്ത വിധത്തിൽ എന്തെങ്കിലും തെറ്റ് ഉണ്ടായിരിക്കുമായിരുന്നോ? അവൻ സത്യസന്ധത ഇല്ലാത്തവൻ ആയിരുന്നോ? ദാനീയേൽ തന്റെ കർത്തവ്യങ്ങൾ നിർവഹിച്ച വിധത്തിൽ എന്തെങ്കിലും കൃത്യവിലോപമോ അഴിമതിയോ കണ്ടെത്താൻ അധ്യക്ഷന്മാർക്കും പ്രധാന ദേശാധിപതിമാർക്കും കഴിഞ്ഞില്ല. “നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറെറാരു കാരണവും കണ്ടെത്തുകയില്ല” എന്ന് അവർ ന്യായവാദം ചെയ്തു. അങ്ങനെയാണ് ആ വക്രബുദ്ധികൾ ഒരു ഗൂഢപദ്ധതി ആവിഷ്കരിച്ചത്. അതു ദാനീയേലിനെ എക്കാലത്തേക്കുമായി ഇല്ലായ്മ ചെയ്യുമെന്ന് അവർ കരുതി.—ദാനീയേൽ 6:4, 5.
ഒരു കൊലപാതക ഗൂഢാലോചന പ്രവർത്തനത്തിൽ
7. അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും രാജാവിന്റെ മുമ്പാകെ എന്തു നിർദേശം വെച്ചു, എപ്രകാരം?
7 അധ്യക്ഷന്മാരുടെയും പ്രധാന ദേശാധിപതിമാരുടെയും ഒരു സംഘം ദാര്യാവേശിന്റെ അടുക്കൽ “സംഘംചേർന്നു ചെന്നു.” [NW] ഇവിടെ ഉപയോഗിച്ചിരിക്കുന്ന അരമായ പദപ്രയോഗത്തിന് ഇടിമുഴക്കം പോലുള്ള ഒരു ബഹളം എന്ന അർഥമാണുള്ളത്. ദാര്യാവേശിന്റെ മുമ്പാകെ അവതരിപ്പിക്കാൻ അടിയന്തിര പ്രാധാന്യമുള്ള എന്തോ സംഗതി ഉണ്ടെന്ന ധാരണ അവർ ഉളവാക്കിയെന്നു വ്യക്തമാണ്. തങ്ങളുടെ നിർദേശം ബോധ്യത്തോടെയും അടിയന്തിര നടപടി ആവശ്യമുള്ള ഒന്ന് എന്ന നിലയിലും അവതരിപ്പിച്ചാൽ അവൻ അതിനെ ചോദ്യം ചെയ്യാനുള്ള സാധ്യത കുറവാണെന്ന് അവർ ന്യായവാദം ചെയ്തിരിക്കാം. അതുകൊണ്ട് നേരിട്ടു വിഷയത്തിലേക്കു കടന്നുകൊണ്ട് അവർ പറഞ്ഞു: “രാജാവേ, മുപ്പതുദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ a ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡിതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു.”—ദാനീയേൽ 6:6, 7.
8. (എ) നിർദേശിക്കപ്പെട്ട നിയമം ദാര്യാവേശിന് ആകർഷകമായി തോന്നുമായിരുന്നത് എന്തുകൊണ്ട്? (ബി) അധ്യക്ഷന്മാരുടെയും പ്രധാന ദേശാധിപതിമാരുടെയും യഥാർഥ ലക്ഷ്യം എന്തായിരുന്നു?
8 മെസൊപ്പൊത്താമ്യയിലെ രാജാക്കന്മാരെ ദിവ്യരായി വീക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുക സാധാരണമായിരുന്നെന്ന് ചരിത്ര രേഖകൾ സ്ഥിരീകരിക്കുന്നു. അതുകൊണ്ട് ദാര്യാവേശ് നിസ്സംശയമായും പ്രസ്തുത നിർദേശത്തിലെ മുഖസ്തുതിയിൽ മയങ്ങിപ്പോയി. അവൻ അതിൽ ഒരു പ്രായോഗിക നേട്ടം കൂടെ കണ്ടിരിക്കാം. ബാബിലോണിൽ വസിച്ചിരുന്നവർക്കു ദാര്യാവേശ് ഒരു പരദേശിയും നവാഗതനും ആയിരുന്നെന്ന് ഓർക്കുക. ഈ പുതിയ നിയമം അവനെ രാജാവായി സ്ഥിരീകരിക്കാൻ ഉപകരിക്കുകയും പുതിയ ഭരണത്തോടുള്ള വിശ്വസ്തതയും പിന്തുണയും പ്രഖ്യാപിക്കാൻ ബാബിലോണിൽ വസിച്ചിരുന്ന ജനസഞ്ചയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും ആ നിയമം നിർദേശിച്ചത് രാജാവിന്റെ ക്ഷേമത്തിൽ താത്പര്യം ഉണ്ടായിരുന്നതുകൊണ്ടല്ല, മറിച്ച്, ദാനീയേലിനെ കുരുക്കുകയായിരുന്നു അവരുടെ യഥാർഥ ലക്ഷ്യം. കാരണം, തന്റെ മാളിക മുറിയുടെ തുറന്ന ജനാലയ്ക്കു മുന്നിൽവെച്ചു ദിവസവും മൂന്നു പ്രാവശ്യം ദൈവത്തോടു പ്രാർഥിക്കുന്നത് അവന്റെ പതിവാണെന്ന് അവർക്ക് അറിയാമായിരുന്നു.
9. പുതിയ നിയമം യഹൂദരല്ലാഞ്ഞ മിക്കവർക്കും യാതൊരു പ്രശ്നവും ഉളവാക്കുമായിരുന്നില്ലാഞ്ഞത് എന്തുകൊണ്ട്?
9 പ്രാർഥനയിന്മേലുള്ള ഈ നിയന്ത്രണം ബാബിലോണിലെ എല്ലാ മത സമൂഹങ്ങൾക്കും പ്രശ്നം സൃഷ്ടിക്കുമായിരുന്നോ? നിർബന്ധമില്ലായിരുന്നു, വിലക്ക് ഒരു മാസത്തേക്കു മാത്രം ആയിരുന്നതിനാൽ പ്രത്യേകിച്ചും. കൂടുതലായി, ഒരു കാലഘട്ടത്തേക്കു തങ്ങളുടെ ആരാധന ഒരു മനുഷ്യനിലേക്കു തിരിച്ചുവിടുന്നതിനെ യഹൂദരല്ലാതെ മറ്റാരുംതന്നെ ഒരു വിട്ടുവീഴ്ചയായി വീക്ഷിക്കുമായിരുന്നില്ല. ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ജനതകളിലെ മിക്ക വിഗ്രഹാരാധകർക്കും രാജാവിനെ ആരാധിക്കുന്നതിൽ അസാധാരണമായി യാതൊന്നും തോന്നിയില്ല. അതുകൊണ്ട് ഒരു ദേവന് അർഹതപ്പെട്ട ആരാധന തങ്ങളെ ജയിച്ചടക്കിയ മേദ്യനായ ദാര്യാവേശിനു നൽകാൻ ആവശ്യപ്പെട്ടപ്പോൾ ബാബിലോണിയർ അതു സത്വരം അനുസരിച്ചു. യഹൂദർ മാത്രമായിരുന്നു അത്തരമൊരു ആവശ്യത്തിൽ അസഹ്യപ്പെട്ടത്.”
10. തങ്ങളുടെ രാജാവ് നിർമിച്ച നിയമത്തെ മേദ്യരും പേർഷ്യക്കാരും എങ്ങനെയാണു വീക്ഷിച്ചിരുന്നത്?
10 എന്തായാലും, “മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാററം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണ”മെന്ന് സന്ദർശകർ ദാര്യാവേശിനെ ഉദ്ബോധിപ്പിച്ചു. (ദാനീയേൽ 6:8) പുരാതന പൂർവദേശത്ത്, രാജഹിതം മിക്കപ്പോഴും എതിരില്ലാത്തതായി കരുതപ്പെട്ടിരുന്നു. രാജാവ് അപ്രമാദിത്വം ഉള്ളവനാണെന്ന ആശയം നിലനിന്നു പോകാൻ അത് ഇടയാക്കി. എന്തിന്, നിരപരാധികളുടെ മരണത്തിന് ഇടയാക്കുമായിരുന്ന ഒരു നിയമം പോലും മാറ്റാൻ പാടില്ലായിരുന്നു!
11. ദാര്യാവേശിന്റെ ശാസനം ദാനീയേലിനെ എങ്ങനെ ബാധിക്കുമായിരുന്നു?
11 ദാനീയേലിനെ കുറിച്ചു ചിന്തിക്കാതെ ദാര്യാവേശ് ഉത്തരവ് ഒപ്പുവെച്ചു. (ദാനീയേൽ 6:9) അതുവഴി അവൻ തന്റെ ഏറ്റവും ശ്രേഷ്ഠനായ ഉദ്യോഗസ്ഥന്റെ മരണ വാറണ്ടിൽ അറിയാതെ ഒപ്പുവെക്കുക ആയിരുന്നു. അതേ, ദാനീയേൽ ഈ ശാസനത്താൽ ബാധിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു.
പ്രതികൂല ന്യായവിധി നടത്താൻ ദാര്യാവേശ് നിർബന്ധിതനായി
12. (എ) പുതിയ നിയമത്തെ കുറിച്ച് അറിഞ്ഞ ഉടനെ ദാനീയേൽ എന്തു ചെയ്തു? (ബി) ദാനീയേലിനെ നിരീക്ഷിച്ചുകൊണ്ടിരുന്നത് ആർ, എന്തുകൊണ്ട്?
12 പ്രാർഥനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമത്തെ കുറിച്ചു ദാനീയേലിനു പെട്ടെന്നുതന്നെ അറിവുകിട്ടി. ഉടൻതന്നെ അവൻ വീട്ടിൽ ചെന്ന് തന്റെ മാളിക മുറിയിലേക്കു പോയി. അതിന്റെ ജനാലകൾ യെരൂശലേമിനു നേരെ തുറന്നിരുന്നു. b അവിടെ അവൻ, “താൻ മുമ്പെ ചെയ്തുവന്നതുപോലെ,” ദൈവത്തോടു പ്രാർഥിക്കാൻ തുടങ്ങി. താൻ തനിച്ചേ ഉള്ളൂവെന്നു ദാനീയേൽ വിചാരിച്ചിരിക്കാം. എന്നാൽ, ഗൂഢാലോചകർ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു തന്നെ അവർ “സംഘംചേർന്നു വന്നു” (NW), നിസ്സംശയമായും ദാര്യാവേശിനെ സമീപിച്ച അതേ ആവേശത്തോടെ തന്നെ. ദാനീയേൽ “തന്റെ ദൈവത്തിൻ സന്നിധിയിൽ പ്രാർത്ഥിച്ചു അപേക്ഷിക്കുന്നതു” അവർ ഇപ്പോൾ സ്വന്ത കണ്ണാലെ കാണുകയായിരുന്നു. (ദാനീയേൽ 6:10, 11) ദാനീയേലിനെ രാജാവിന്റെ മുമ്പാകെ കുറ്റപ്പെടുത്താൻ വേണ്ട എല്ലാ തെളിവും അധ്യക്ഷന്മാരുടെയും പ്രധാന ദേശാധിപതിമാരുടെയും പക്കൽ ഉണ്ടായിരുന്നു.
13. ദാനീയേലിന്റെ ശത്രുക്കൾ രാജാവിനോട് എന്തു റിപ്പോർട്ടു ചെയ്തു?
13 ദാനീയേലിന്റെ ശത്രുക്കൾ ദാര്യാവേശിനോടു കൗശലപൂർവം ഇങ്ങനെ ചോദിച്ചു: “രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ”? ദാര്യാവേശ് പ്രതിവചിച്ചു: “മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നേ.” ഇപ്പോൾ ഗൂഢാലോചകർ വേഗം കാര്യത്തിലേക്കു കടന്നു. “രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു.”—ദാനീയേൽ 6:12, 13.
14. അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും ദാനീയേലിനെ “യെഹൂദാപ്രവാസികളിൽ” ഒരുത്തൻ എന്നു പരാമർശിച്ചത് എന്തുകൊണ്ടായിരിക്കാം?
14 അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും ദാനീയേലിനെ “യെഹൂദാപ്രവാസികളിൽ” ഒരുത്തൻ എന്നു പരാമർശിച്ചതു ശ്രദ്ധാർഹമാണ്. തെളിവനുസരിച്ച്, ദാര്യാവേശ് ഉന്നത സ്ഥാനത്തേക്ക് ഉയർത്തിയ ഈ ദാനീയേൽ വാസ്തവത്തിൽ വെറുമൊരു യഹൂദ അടിമയാണെന്ന് ഊന്നിപ്പറയാൻ അവർ ആഗ്രഹിച്ചു. ആ നിലയ്ക്ക്, രാജാവ് അവനെ കുറിച്ച് എന്തുതന്നെ വിചാരിച്ചാലും, തീർച്ചയായും അവൻ നിയമം അനുസരിക്കേണ്ടത് ആയിരുന്നെന്ന് അവർ വിശ്വസിച്ചു!
15. (എ) അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും കൊണ്ടുവന്ന വാർത്തയോടു ദാര്യാവേശ് എങ്ങനെ പ്രതികരിച്ചു? (ബി) അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും ദാനീയേലിനോടുള്ള വെറുപ്പു തുടർന്നും പ്രകടമാക്കിയത് എങ്ങനെ?
15 സമർഥമായ രഹസ്യാന്വേഷണത്തിനു രാജാവ് തങ്ങൾക്കു സമ്മാനം നൽകുമെന്ന് അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും പ്രതീക്ഷിച്ചിരിക്കാം. അങ്ങനെയെങ്കിൽ, അവർ ഉടൻതന്നെ അമ്പരന്നു പോകുമായിരുന്നു. അവർ കൊണ്ടുവന്ന വാർത്ത ദാര്യാവേശിനെ ആകെ അസ്വസ്ഥനാക്കി. ദാനീയേലിന് എതിരെ കോപം ജ്വലിക്കുകയോ അവനെ ഉടനടി സിംഹങ്ങളുടെ ഗുഹയിൽ ഇടുകയോ ചെയ്യുന്നതിനു പകരം അവനെ രക്ഷിക്കാനാണു ദാര്യാവേശ് ആ ദിവസം മുഴുവൻ ശ്രമിച്ചത്. എന്നാൽ അവന്റെ ശ്രമങ്ങൾ നിഷ്ഫലമായി. അധികം താമസിയാതെ, ഗൂഢാലോചകർ തിരിച്ചുവന്ന് ദാനീയേലിന്റെ രക്തത്തിനായി നിർലജ്ജം മുറവിളി കൂട്ടി.—ദാനീയേൽ 6:14, 15.
16. (എ) ദാര്യാവേശ് ദാനീയേലിന്റെ ദൈവത്തെ ആദരിച്ചത് എന്തുകൊണ്ട്? (ബി) ദാനീയേലിന്റെ കാര്യത്തിൽ ദാര്യാവേശിന് എന്തു പ്രതീക്ഷ ഉണ്ടായിരുന്നു?
16 ഇക്കാര്യത്തിൽ തനിക്കു മറ്റൊരു മാർഗവും ഇല്ലെന്നു ദാര്യാവേശിനു തോന്നി. നിയമം റദ്ദാക്കാനോ ദാനീയേലിന്റെ “ലംഘന”ത്തിനു മാപ്പു കൊടുക്കാനോ കഴിയുമായിരുന്നില്ല. “നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും” എന്നു മാത്രമാണു ദാര്യാവേശിനു ദാനീയേലിനോടു പറയാൻ കഴിഞ്ഞത്. ദാര്യാവേശ് ദാനീയേലിന്റെ ദൈവത്തെ ആദരിച്ചിരുന്നെന്നു തോന്നുന്നു. ബാബിലോണിന്റെ വീഴ്ച മുൻകൂട്ടി പറയാൻ ദാനീയേലിനെ പ്രാപ്തനാക്കിയത് യഹോവ ആയിരുന്നു. മറ്റ് അധ്യക്ഷന്മാരിൽ നിന്ന് അവനെ വേർതിരിച്ചു നിർത്തിയ ഒരു ‘ഉൽകൃഷ്ട മനസ്സും’ ദൈവം ദാനീയേലിനു കൊടുത്തിരുന്നു. പതിറ്റാണ്ടുകൾക്കു മുമ്പ് അതേ ദൈവം മൂന്ന് എബ്രായ യുവാക്കളെ എരിയുന്ന തീച്ചൂളയിൽനിന്നു വിടുവിച്ചതിനെ കുറിച്ചും ദാര്യാവേശിന് അറിവ് ഉണ്ടായിരുന്നിരിക്കണം. താൻ ഒപ്പിട്ട നിയമം റദ്ദാക്കാൻ തനിക്കു കഴിയാത്ത സ്ഥിതിക്ക്, ഇപ്പോൾ സാധ്യതയനുസരിച്ച് യഹോവ ദാനീയേലിനെ വിടുവിക്കുമെന്നു രാജാവു പ്രത്യാശിച്ചു. അങ്ങനെ, ദാനീയേൽ സിംഹങ്ങളുടെ ഗുഹയിൽ എറിയപ്പെട്ടു. c അടുത്തതായി, “ഒരു കല്ലുകൊണ്ടുവന്നു ഗുഹയുടെ വാതില്ക്കൽ വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന്നു മാററം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു.”—ദാനീയേൽ 6:16, 17.
സംഭവങ്ങളുടെ ഒരു നാടകീയ ഗതിമാറ്റം
17, 18. (എ) ദാനീയേലിന്റെ അവസ്ഥയിൽ ദാര്യാവേശ് വളരെ ദുഃഖിതൻ ആയിരുന്നെന്ന് എന്തു പ്രകടമാക്കുന്നു? (ബി) അടുത്ത പ്രഭാതത്തിൽ രാജാവ് സിംഹഗുഹയുടെ അടുത്തു മടങ്ങി എത്തിയപ്പോൾ എന്തു സംഭവിച്ചു?
17 ദുഃഖിതനായ ദാര്യാവേശ് തന്റെ കൊട്ടാരത്തിലേക്കു മടങ്ങി. അന്നു സംഗീതജ്ഞരെ അവന്റെ മുമ്പാകെ കൊണ്ടുവന്നില്ല, കാരണം വിനോദിക്കാനുള്ള ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല അവൻ. പകരം, ഉപവസിച്ചുകൊണ്ട് അവൻ രാത്രി മുഴുവൻ ഉണർന്നിരുന്നു. “ഉറക്കം അവനെ വിട്ടുപോയി.” പ്രഭാതമായപ്പോൾ ദാര്യാവേശ് തിടുക്കത്തിൽ സിംഹഗുഹയുടെ അടുത്തെത്തി. ദുഃഖസ്വരത്തിൽ അവൻ വിളിച്ചു പറഞ്ഞു: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ”? (ദാനീയേൽ 6:18-20) അവനെ അമ്പരപ്പിച്ചുകൊണ്ട്, അവനു തികഞ്ഞ ആശ്വാസം പകർന്നുകൊണ്ട്, അതാ ഒരു മറുപടി!
18 “രാജാവു ദീർഘായുസ്സായിരിക്കട്ടെ.” രാജാവിനോടു താൻ നീരസം വെച്ചുപുലർത്തുന്നില്ലെന്ന് ആദരപൂർവമായ ഈ അഭിവാദനത്താൽ ദാനീയേൽ പ്രകടമാക്കി. ദാര്യാവേശ് അല്ല മറിച്ച് അസൂയാലുക്കളായ അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരുമാണു തന്റെ പീഡനത്തിന്റെ യഥാർഥ കാരണക്കാരെന്ന് അവൻ തിരിച്ചറിഞ്ഞു. (മത്തായി 5:44; പ്രവൃത്തികൾ 7:60 എന്നിവ താരതമ്യം ചെയ്യുക.) ദാനീയേൽ തുടർന്നു: “സിംഹങ്ങൾ എനിക്കു കേടു വരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുററമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല.”—ദാനീയേൽ 6:21, 22.
19. അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും ദാര്യാവേശിനെ വഞ്ചിച്ച് ഒരു കരുവാക്കിയത് എങ്ങനെ?
19 ആ വാക്കുകൾ ദാര്യാവേശിന്റെ മനസ്സാക്ഷിയെ എത്രമാത്രം വേദനിപ്പിച്ചിരിക്കണം! സിംഹങ്ങളുടെ ഗുഹയിൽ എറിയപ്പെടാൻ തക്കവണ്ണം ദാനീയേൽ യാതൊന്നും ചെയ്തിട്ടില്ലെന്ന് അവന് എല്ലായ്പോഴും അറിയാമായിരുന്നു. അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും ദാനീയേലിനെ വകവരുത്താനായി ഗൂഢാലോചന നടത്തുകയും തങ്ങളുടെ സ്വാർഥ ലക്ഷ്യങ്ങൾ നേടുന്നതിൽ തന്നെ കരുവാക്കുകയും ചെയ്തതാണെന്നു ദാര്യാവേശിനു നല്ല ബോധ്യം ഉണ്ടായിരുന്നു. ഉത്തരവു പുറപ്പെടുവിക്കാൻ “രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും” ശുപാർശ ചെയ്തെന്ന് ഊന്നിപ്പറയുക വഴി, അക്കാര്യത്തിൽ ദാനീയേലിനോടും ആലോചന ചോദിച്ചെന്ന് അവർ സൂചിപ്പിച്ചു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) ആ വക്രബുദ്ധികളെ ദാര്യാവേശ് പിന്നീടു കൈകാര്യം ചെയ്യുമായിരുന്നു. എന്നാൽ ആദ്യമായി, ദാനീയേലിനെ സിംഹങ്ങളുടെ ഗുഹയിൽനിന്നു കയറ്റുവാൻ അവൻ കൽപ്പിച്ചു. അത്ഭുതമെന്നേ പറയേണ്ടു, ദാനീയേലിന് ഒരു പോറൽ പോലും ഏറ്റിരുന്നില്ല!—ദാനീയേൽ 6:23.
20. ദാനീയേലിന്റെ ദ്രോഹബുദ്ധികളായ എതിരാളികൾക്ക് എന്തു സംഭവിച്ചു?
20 ഇപ്പോൾ ദാനീയേൽ സുരക്ഷിതനായിരുന്ന സ്ഥിതിക്ക് ദാര്യാവേശിനു മറ്റു ചില കൃത്യങ്ങൾ നിർവഹിക്കാൻ ഉണ്ടായിരുന്നു. “പിന്നെ രാജാവിന്റെ കല്പനയാൽ, അവർ ദാനീയേലിനെ കുററം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുമ്മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു.” d—ദാനീയേൽ 6:24.
21. ദുഷ്പ്രവൃത്തിക്കാരുടെ കുടുംബാംഗങ്ങളുമായി ഇടപെടുന്നതിൽ മോശൈക ന്യായപ്രമാണവും ചില പുരാതന സംസ്കാരങ്ങളിലെ നിയമങ്ങളും തമ്മിൽ എന്തു വ്യത്യാസം ഉണ്ടായിരുന്നു?
21 ഗൂഢാലോചകരെ മാത്രമല്ല അവരുടെ ഭാര്യമാരെയും കുട്ടികളെയും കൂടെ വധിച്ചത് അങ്ങേയറ്റം ക്രൂരമായിരുന്നെന്നു തോന്നാം. നേരെ മറിച്ച്, പ്രവാചകനായ മോശയിലൂടെ ദൈവം നൽകിയ ന്യായപ്രമാണം ഇങ്ങനെ പ്രഖ്യാപിച്ചു: “മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം.” (ആവർത്തനപുസ്തകം 24:16) എന്നിരുന്നാലും, ചില പുരാതന സംസ്കാരങ്ങളിൽ, ഗുരുതരമായ കുറ്റകൃത്യത്തിന്റെ സംഗതിയിൽ, കുറ്റക്കാരനോട് ഒപ്പം അയാളുടെ കുടുംബാംഗങ്ങളും വധിക്കപ്പെടുന്നതു സാധാരണമായിരുന്നു. ഇത് ഒരുപക്ഷേ കുടുംബാംഗങ്ങൾ പിന്നീടു പ്രതികാരം ചെയ്യുന്നതു തടയാൻ ആയിരുന്നിരിക്കാം. എന്നാൽ, അധ്യക്ഷന്മാരുടെയും പ്രധാന ദേശാധിപതിമാരുടെയും കുടുംബങ്ങൾക്ക് എതിരെയുള്ള ഈ നടപടിയുടെ പിന്നിൽ ദാനീയേൽ ഉണ്ടായിരുന്നില്ലെന്നു തീർച്ചയാണ്. ആ ദുഷ്ടന്മാർ തങ്ങളുടെ കുടുംബത്തിന്മേൽ വരുത്തിവെച്ച ദുരിതത്തിൽ അവൻ സാധ്യതയനുസരിച്ച് വ്യസനിച്ചിരിക്കണം.
22. ദാര്യാവേശ് ഏതു പുതിയ പ്രഖ്യാപനം പുറപ്പെടുവിച്ചു?
22 കുടിലന്മാരായ ആ അധ്യക്ഷന്മാരുടെയും പ്രധാന ദേശാധിപതിമാരുടെയും കഥ കഴിഞ്ഞിരുന്നു. അപ്പോൾ ദാര്യാവേശ് പിൻവരുന്ന പ്രകാരം ഒരു പ്രഖ്യാപനം പുറപ്പെടുവിച്ചു: “എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചുപോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു. അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു.”—ദാനീയേൽ 6:25-27.
ദൈവത്തെ ഇടവിടാതെ സേവിക്കുക
23. തന്റെ ലൗകിക തൊഴിൽ സംബന്ധിച്ചു ദാനീയേൽ എന്തു ദൃഷ്ടാന്തം വെച്ചു, നമുക്ക് എങ്ങനെ അവനെപ്പോലെ ആയിരിക്കാൻ കഴിയും?
23 ദൈവത്തിന്റെ ഇന്നത്തെ എല്ലാ ദാസന്മാർക്കും ദാനീയേൽ ഒരു ഉത്തമ ദൃഷ്ടാന്തം വെച്ചു. അവന്റെ നടത്ത എല്ലായ്പോഴും കുറ്റമറ്റതായിരുന്നു. തന്റെ ലൗകിക തൊഴിലിൽ ദാനീയേൽ “വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെററും കുററവും അവനിൽ കണ്ടെത്തിയില്ല.” (ദാനീയേൽ 6:4) അതേപോലെ, ഒരു ക്രിസ്ത്യാനി തന്റെ തൊഴിലിൽ ഉത്സാഹമുള്ളവൻ ആയിരിക്കണം. ഭൗതിക ധനത്തിനു പിന്നാലെ പരക്കം പായുന്ന തത്ത്വദീക്ഷയില്ലാത്ത ഒരു കച്ചവട മനസ്ഥിതിക്കാരനോ ജോലിയിൽ സ്വന്തം ഉന്നതിക്കായി മറ്റുള്ളവരുടെ ക്ഷേമത്തെ അവഗണിക്കുന്നവനോ ആയിരിക്കുക എന്നല്ല അതിന്റെ അർഥം. (1 തിമൊഥെയൊസ് ) തന്റെ ലൗകിക കടപ്പാടുകൾ “യഹോവയ്ക്ക് എന്നപോലെ” സത്യസന്ധമായും മുഴുദേഹിയോടെയും നിർവഹിക്കാൻ തിരുവെഴുത്തുകൾ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നു.— 6:10കൊലൊസ്സ്യർ 3:22, 23, NW; തീത്തൊസ് 2:7, 8; എബ്രായർ 13:18.
24. ആരാധനയിൽ വിട്ടുവീഴ്ച ചെയ്യാത്തവനാണു താനെന്നു ദാനീയേൽ പ്രകടമാക്കിയത് എങ്ങനെ?
24 ആരാധനയിൽ വിട്ടുവീഴ്ച ചെയ്യുന്നവൻ ആയിരുന്നില്ല ദാനീയേൽ. അവന്റെ പ്രാർഥനാ രീതി എല്ലാവർക്കും അറിയാമായിരുന്നു. മാത്രമല്ല, ദാനീയേൽ തന്റെ ആരാധനയെ ഗൗരവമായി എടുത്തിരുന്നെന്ന് അധ്യക്ഷന്മാർക്കും പ്രധാന ദേശാധിപതിമാർക്കും നന്നായി അറിയാമായിരുന്നു. നിയമം വിലക്കിയാൽ പോലും അവൻ ആ പതിവ് തുടരുമെന്ന് അവർക്കു പൂർണ ബോധ്യം ഉണ്ടായിരുന്നു. ഇന്നത്തെ ക്രിസ്ത്യാനികൾക്ക് എത്ര നല്ല ഒരു ദൃഷ്ടാന്തം! ദൈവാരാധന ഒന്നാം സ്ഥാനത്തു വെക്കുന്നതിന്റെ ഖ്യാതി അവർക്കുമുണ്ട്. (മത്തായി 6:33) നിരീക്ഷകർക്ക് ഇത് എളുപ്പം ദൃശ്യമായിരിക്കണം. കാരണം യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.”—മത്തായി 5:16.
25, 26. (എ) ദാനീയേലിന്റെ പ്രവർത്തന ഗതിയെക്കുറിച്ചു ചിലർ എന്തു നിഗമനം ചെയ്തേക്കാം? (ബി) തന്റെ പതിവു രീതിയിൽനിന്നുള്ള മാറ്റത്തെ ദാനീയേൽ വിട്ടുവീഴ്ചയ്ക്കു തുല്യമായി വീക്ഷിച്ചത് എന്തുകൊണ്ട്?
25 30 ദിവസത്തേക്ക് യഹോവയോടു രഹസ്യമായി പ്രാർഥിച്ചുകൊണ്ട് ദാനീയേലിനു പീഡനം ഒഴിവാക്കാമായിരുന്നെന്നു ചിലർ പറഞ്ഞേക്കാം. ദൈവം പ്രാർഥന കേൾക്കണമെങ്കിൽ പ്രത്യേക നിലയോ പശ്ചാത്തലമോ ആവശ്യമില്ലല്ലോ. ഹൃദയത്തിൽ ധ്യാനിക്കുന്നതു പോലും അവനു ഗ്രഹിക്കാനാകും. (സങ്കീർത്തനം 19:14) എങ്കിലും, തന്റെ പതിവു രീതിയിൽനിന്നുള്ള ഏതൊരു മാറ്റത്തെയും ദാനീയേൽ വിട്ടുവീഴ്ചയ്ക്കു തുല്യമായി വീക്ഷിച്ചു. എന്തുകൊണ്ട്?
26 ദാനീയേലിന്റെ പ്രാർഥനാരീതി പരക്കെ അറിയപ്പെട്ടിരുന്നതിനാൽ, അവൻ അതു പെട്ടെന്നു നിർത്തിക്കളയുന്നത് എന്തു സന്ദേശം നൽകുമായിരുന്നു? ദാനീയേൽ മനുഷ്യരെ ഭയപ്പെട്ടെന്നും രാജാവിന്റെ കൽപ്പന യഹോവയുടെ നിയമത്തെ അസാധുവാക്കിയെന്നും നിരീക്ഷകർ നിഗമനം ചെയ്യുമായിരുന്നു. (സങ്കീർത്തനം 118:6) എന്നാൽ യഹോവയ്ക്കു തന്റെ അനന്യഭക്തി ലഭിച്ചെന്ന് ദാനീയേൽ തന്റെ പ്രവൃത്തികളിലൂടെ പ്രകടമാക്കി. (ആവർത്തനപുസ്തകം 6:14, 15; യെശയ്യാവു 42:8) തീർച്ചയായും, അപ്രകാരം ചെയ്യുകവഴി ദാനീയേൽ രാജാവിന്റെ നിയമം അനാദരപൂർവം പുച്ഛിച്ചു തള്ളുകയായിരുന്നില്ല. എന്നാൽ, വിട്ടുവീഴ്ച ചെയ്തുകൊണ്ട് അവൻ പേടിച്ച് ഒതുങ്ങിക്കൂടിയതുമില്ല. രാജാവു ശാസനം പുറപ്പെടുവിക്കുന്നതിനു “മുമ്പെ [താൻ] ചെയ്തുവന്നതുപോലെ” തന്നെ അവൻ തന്റെ മാളിക മുറിയിൽ പ്രാർഥന തുടർന്നുവെന്നു മാത്രം.
27. (എ) ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പെടുന്നതിലും (ബി) മനുഷ്യരെക്കാൾ അധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കുന്നതിലും (സി) സകല മനുഷ്യരുമായി സമാധാനത്തോടെ ജീവിക്കാൻ ശ്രമിക്കുന്നതിലും ദാനീയേലിനെപ്പോലെ ആയിരിക്കാൻ ഇന്നത്തെ ദൈവദാസന്മാർക്ക് എങ്ങനെ സാധിക്കും?
27 ദൈവത്തിന്റെ ഇന്നത്തെ ദാസന്മാർക്ക് ദാനീയേലിന്റെ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കാൻ കഴിയും. തങ്ങൾ വസിക്കുന്ന രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുകൊണ്ട് അവർ “ശ്രേഷ്ഠാധികാരങ്ങൾക്കു കീഴട”ങ്ങിയിരിക്കുന്നു. (റോമർ 13:1) എന്നാൽ മനുഷ്യരുടെ നിയമം ദൈവത്തിന്റെ നിയമത്തിനു വിരുദ്ധമാകുമ്പോൾ യഹോവയുടെ ജനം യേശുവിന്റെ അപ്പൊസ്തലന്മാരുടെ നിലപാടു സ്വീകരിക്കുന്നു. അവർ സധൈര്യം ഇങ്ങനെ പ്രസ്താവിച്ചു: “ഞങ്ങൾ മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്.” (പ്രവൃത്തികൾ 5:29, NW) അപ്രകാരം ചെയ്യുകവഴി ക്രിസ്ത്യാനികൾ വിപ്ലവത്തെയോ കലാപത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്, “പൂർണമായ ദൈവിക ഭക്തിയോടെ ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം നയിക്കുന്നതിൽ തുടരേണ്ടതിന്” സകല മനുഷ്യരുമായി സമാധാനത്തിൽ കഴിയുക എന്നതാണ് അവരുടെ ലക്ഷ്യം.—1 തിമൊഥെയൊസ് 2:1, 2, NW; റോമർ 12:18.
28. ദാനീയേൽ യഹോവയെ “ഇടവിടാതെ” സേവിച്ചത് എങ്ങനെ?
28 ദാനീയേൽ ദൈവത്തെ “ഇടവിടാതെ” സേവിച്ചെന്ന് ദാര്യാവേശ് രണ്ടു തവണ പറഞ്ഞു. (ദാനീയേൽ 6:16, 20) “ഇടവിടാതെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അരമായ മൂലപദത്തിന്റെ അർഥം “വൃത്താകൃതിയിൽ സഞ്ചരിക്കുക” എന്നാണ്. ഇത് തുടർച്ചയായ ഒരു പരിവൃത്തി അഥവാ ശാശ്വതമായ ഒന്ന് എന്ന ആശയത്തെ സൂചിപ്പിക്കുന്നു. ദാനീയേലിന്റെ നിർമലത അത്തരത്തിലുള്ള ഒന്നായിരുന്നു. അതിനു പ്രവചിക്കാവുന്ന ഒരു ഗതി ഉണ്ടായിരുന്നു. അതായത് പരിശോധനകൾ നേരിട്ടപ്പോൾ—അവ ചെറുതോ വലുതോ ആയിരുന്നുകൊള്ളട്ടെ—ദാനീയേൽ എന്തു ചെയ്യുമായിരുന്നു എന്നതു സംബന്ധിച്ചു യാതൊരു സംശയവും ഉണ്ടായിരുന്നില്ല. പതിറ്റാണ്ടുകളായി താൻ പിന്തുടർന്നു പോന്നിരുന്ന ഗതിയിൽ, അതായത് യഹോവയോടുള്ള വിശ്വസ്തതയുടെയും സത്യസന്ധതയുടെയുമായ ഗതിയിൽ, അവൻ തുടരുമായിരുന്നു.
29. യഹോവയുടെ ഇന്നത്തെ ദാസന്മാർക്കു ദാനീയേലിന്റെ വിശ്വസ്ത ഗതിയിൽനിന്ന് എങ്ങനെ പ്രയോജനം അനുഭവിക്കാൻ സാധിക്കും?
29 ദൈവത്തിന്റെ ഇന്നത്തെ ദാസന്മാർ ദാനീയേലിന്റെ ഗതി പിൻപറ്റാൻ ആഗ്രഹിക്കുന്നു. തീർച്ചയായും പുരാതനകാലത്തെ ദൈവഭയമുള്ള വ്യക്തികളുടെ ദൃഷ്ടാന്തം ശ്രദ്ധാപൂർവം പരിചിന്തിക്കാൻ പൗലൊസ് അപ്പൊസ്തലൻ എല്ലാ ക്രിസ്ത്യാനികളെയും ഉദ്ബോധിപ്പിച്ചു. വിശ്വാസത്താൽ അവർ “നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു.” ഇതിൽ അവസാനത്തേതു വ്യക്തമായും ദാനീയേലിനെ കുറിച്ചുള്ള ഒരു പരാമർശമാണ്. യഹോവയുടെ ദാസന്മാർ എന്നനിലയിൽ ഇന്നു നമുക്കു ദാനീയേലിന്റെ വിശ്വാസവും സേവനത്തിൽ അവൻ കാണിച്ച സ്ഥിരതയും പ്രകടമാക്കിക്കൊണ്ട് “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടാം.”—എബ്രായർ 11:32, 33; 12:1, NW.
[അടിക്കുറിപ്പുകൾ]
a പൗരസ്ത്യ ഭരണാധിപന്മാർക്കു മിക്കപ്പോഴും വന്യമൃഗശാലകൾ ഉണ്ടായിരുന്നെന്നു കാണിക്കുന്ന പുരാതന ആലേഖനങ്ങൾ ബാബിലോണിൽ “സിംഹങ്ങളുടെ ഗുഹ” ഉണ്ടായിരുന്നു എന്നതിനെ പിന്താങ്ങുന്നു.
b ശല്യം കൂടാതെ ഒരുവന് ഏകാന്തമായി സമയം ചെലവഴിക്കാനുള്ള ഒരു സ്വകാര്യ മുറി ആയിരുന്നു മാളിക മുറി.
c മുകൾ ഭാഗം തുറന്നിരിക്കുന്ന ഒരു ഭൂഗർഭ അറ ആയിരുന്നിരിക്കാം സിംഹങ്ങളുടെ ഗുഹ. മൃഗങ്ങളെ ഉള്ളിൽ കയറ്റാനായി ഉയർത്താൻ കഴിയുന്ന വാതിലുകളോ അഴികളോ അതിന് ഉണ്ടായിരുന്നിരിക്കാം.
d ‘കുറ്റം ചുമത്തി’ എന്ന പദം “ഏഷണി പറഞ്ഞു” എന്നും പരിഭാഷപ്പെടുത്താൻ കഴിയുന്ന ഒരു അരമായ പ്രയോഗത്തിന്റെ പരിഭാഷയാണ്. ദാനീയേലിന്റെ ശത്രുക്കളുടെ ദ്രോഹപൂർവകമായ ഉദ്ദേശ്യത്തെ ഇതു പ്രദീപ്തമാക്കുന്നു.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• ദാനീയേലിനെ ഉന്നതസ്ഥാനത്തു നിയമിക്കാൻ മേദ്യനായ ദാര്യാവേശ് തീരുമാനിച്ചത് എന്തുകൊണ്ട്?
• അധ്യക്ഷന്മാരും പ്രധാന ദേശാധിപതിമാരും ആസൂത്രണം ചെയ്ത കുടില പദ്ധതി എന്ത്? യഹോവ ദാനീയേലിനെ രക്ഷിച്ചത് എങ്ങനെ?
• വിശ്വസ്തത സംബന്ധിച്ച ദാനീയേലിന്റെ ദൃഷ്ടാന്തത്തിനു ശ്രദ്ധ കൊടുത്തതിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
[അധ്യയന ചോദ്യങ്ങൾ]
[114-ാം പേജ് നിറയെയുള്ള ചിത്രം]
[121-ാം പേജ് നിറയെയുള്ള ചിത്രം]
[127-ാം പേജിലെ ചിത്രം]
ദാനീയേൽ യഹോവയെ “ഇടവിടാതെ” സേവിച്ചു. നിങ്ങളോ?