അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ
പാഠം 34
അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ
1, 2. ദൃഷ്ടാന്തങ്ങൾ ഒരു പ്രസംഗത്തിനുവേണ്ടി എന്തു ചെയ്യുന്നുവെന്നു ചുരുക്കമായി പ്രകടമാക്കുക.
1 ഒരു പ്രസംഗകൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുമ്പോൾ അയാൾ യഥാർഥത്തിൽ തന്റെ സദസ്സിന്റെ മനസ്സിൽ അർഥവത്തായ ചിത്രങ്ങൾ പതിപ്പിക്കുന്നു. ദൃഷ്ടാന്തങ്ങൾ താത്പര്യത്തെ ഉത്തേജിപ്പിക്കുകയും മൂല്യവത്തായ ആശയങ്ങളെ പ്രദീപ്തമാക്കുകയും ചെയ്യുന്നു. അവ ഒരുവന്റെ ചിന്താപ്രക്രിയയെ ഇളക്കുകയും പുതിയ ആശയങ്ങൾ ഗ്രഹിക്കുക കൂടുതൽ എളുപ്പമാക്കിത്തീർക്കുകയും ചെയ്യുന്നു. നന്നായി തിരഞ്ഞെടുത്ത ദൃഷ്ടാന്തങ്ങൾ ബൗദ്ധികമായ ആകർഷണത്തെ വൈകാരികമായ സ്വാധീനത്തോടു സംയോജിപ്പിക്കുന്നു. ഫലം വസ്തുതകളുടെ ലളിതമായ പ്രസ്താവനകൾക്കു മിക്കപ്പോഴും അസാധ്യമായ ഒരു ശക്തിയോടെ സന്ദേശം ധരിപ്പിക്കപ്പെടുന്നു എന്നതാണ്. ദൃഷ്ടാന്തങ്ങൾ അനുയോജ്യമാണെങ്കിലേ ഇതു സത്യമായിരിക്കുന്നുളളു. അവ നിങ്ങളുടെ വിവരങ്ങൾക്ക് അനുയോജ്യമായിരിക്കണം.
2 ചിലപ്പോഴൊക്കെ, മുൻവിധിയെ അല്ലെങ്കിൽ പക്ഷപാതത്തെ തരണംചെയ്യുന്നതിന് ഒരു ദൃഷ്ടാന്തം ഉപയോഗിക്കാൻ കഴിയും. അതിനു വിവാദാത്മകമായ ഒരു ഉപദേശം അവതരിപ്പിക്കുന്നതിനുമുമ്പു തടസ്സവാദങ്ങളെ തുടച്ചുനീക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, നിങ്ങൾക്ക് ഇങ്ങനെ പറയാം: “ഒരു പിതാവും ശിക്ഷയായി തന്റെ കുട്ടിയുടെ കൈ ചുട്ടുപൊളളുന്ന അടുപ്പിൻമേൽ വെക്കുകയില്ല.” “നരകോ”പദേശത്തെ അവതരിപ്പിക്കുന്ന അത്തരമൊരു ദൃഷ്ടാന്തം പെട്ടെന്നുതന്നെ “നരക”ത്തെസംബന്ധിച്ച വ്യാജ മതവിശ്വാസത്തെ അറെക്കത്തക്കതാക്കും, തന്നിമിത്തം കൂടുതൽ അനായാസം അതു ത്യജിക്കപ്പെടുന്നു.
3-6. ഏത് ഉറവുകളിൽനിന്നു ദൃഷ്ടാന്തങ്ങൾ എടുക്കാം?
3 ദൃഷ്ടാന്തങ്ങൾ പല രൂപങ്ങളിലായിരിക്കാവുന്നതാണ്. അവയ്ക്കു സാദൃശ്യങ്ങളോ താരതമ്യങ്ങളോ ഉപമകളോ രൂപകങ്ങളോ വ്യക്തിപരമായ അനുഭവങ്ങളോ മാതൃകകളോ ആയിരിക്കാവുന്നതാണ്. അവ പല ഉറവുകളിൽനിന്നു തിരഞ്ഞെടുക്കാൻ കഴിയും. അവയ്ക്കു ചേതനവും അചേതനവുമായ സൃഷ്ടിവസ്തുക്കളെ കൈകാര്യംചെയ്യാൻ കഴിയും. അവയ്ക്കു സദസ്സിന്റെ തൊഴിലുകളിലോ മനുഷ്യലക്ഷണങ്ങളിലോ സ്വഭാവവിശേഷങ്ങളിലോ ഗൃഹസാമാനങ്ങളിലോ അല്ലെങ്കിൽ ഭവനങ്ങൾ, കപ്പലുകൾ മുതലായി മനുഷ്യരുടെ നിർമാണങ്ങളിലോ അധിഷ്ഠിതമായിരിക്കാൻ കഴിയും. എന്നിരുന്നാലും ഏതു ദൃഷ്ടാന്തം ഉപയോഗിച്ചാലും, അതു പ്രസംഗകന്റെ ഒരു ഇഷ്ട ദൃഷ്ടാന്തമായതുകൊണ്ടു മാത്രമല്ല, പിന്നെയോ അവസരവും വിവരങ്ങളും നിമിത്തമായിരിക്കണം അതു തിരഞ്ഞെടുക്കുന്നത്.
4 മുന്നറിയിപ്പിന്റെ ഒരു വാക്ക്. കണക്കിലധികം ദൃഷ്ടാന്തങ്ങൾകൊണ്ടു പ്രസംഗത്തിന് അമിതസ്വാദു വരുത്തരുത്. അവ ഉപയോഗിക്കുക, എന്നാൽ അമിതമായി ഉപയോഗിക്കരുത്.
5 ദൃഷ്ടാന്തങ്ങളുടെ ഉചിതമായ ഉപയോഗം ഒരു കലയാണ്. അതിനു വൈദഗ്ധ്യവും പരിചയവും ആവശ്യമാണ്. എന്നാൽ അവയുടെ ഫലപ്രദത്വത്തെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാകുകയില്ല. ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാൻ പഠിക്കുന്നതിനു നിങ്ങൾ ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ പഠിക്കണം. നിങ്ങൾ വായിക്കുമ്പോൾ ഉപയോഗിച്ചിരിക്കുന്ന ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ കാര്യങ്ങളെ നോക്കിക്കാണുമ്പോൾ ക്രിസ്തീയ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും അടിസ്ഥാനത്തിൽ അവയെക്കുറിച്ചു ചിന്തിക്കുക. ഉദാഹരണത്തിന്, ഒരു ചട്ടിയിലെ ചെടി വാടിക്കരിഞ്ഞതായി കാണുന്നുവെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ചിന്തിക്കാവുന്നതാണ്. “സൗഹൃദം ഒരു ചെടി പോലെയാണ്. തഴച്ചുവളരുന്നതിന് അതിനു വെളളമൊഴിച്ചുകൊടുക്കണം.” ഇന്നു ചിലയാളുകൾ ബഹിരാകാശയാത്രയുടെ അടിസ്ഥാനത്തിൽ മാത്രമേ ചന്ദ്രനെ നോക്കിക്കാണുന്നുളളു. ക്രിസ്ത്യാനി അതിനെ ദൈവത്തിന്റെ കൈവേലയായി, അവിടുത്തെ സൃഷ്ടിയിലെ ഒരു ഉപഗ്രഹമായി, നമ്മുടെ അനുദിനജീവിതത്തെ ബാധിക്കുന്നതും വേലിയേററങ്ങളും ഇറക്കങ്ങളും ഉണ്ടാകാൻ ഇടയാക്കുന്നതുമായി എന്നേക്കും നിലനിൽക്കുന്ന ഒരു വസ്തുവായി വീക്ഷിക്കുന്നു.
6 ഒരു പ്രസംഗം തയ്യാറാകുമ്പോൾ, ലളിതമായ ദൃഷ്ടാന്തങ്ങൾ മനസ്സിലേക്ക് അനായാസം വരുന്നില്ലെങ്കിൽ വാച്ച് ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിൽ ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുക. അവിടെ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്നു കാണുക. പ്രസംഗത്തിലെ മുഖ്യപദങ്ങളെയും അവ നിങ്ങളുടെ മനസ്സിൽ ഉളവാക്കുന്ന ചിത്രങ്ങളെയും കുറിച്ചു ചിന്തിക്കുക. ഇവയിൽ കെട്ടുപണി ചെയ്യുക. എന്നാൽ യോജിക്കാത്ത ഒരു ദൃഷ്ടാന്തം, ഒരു ദൃഷ്ടാന്തവുമില്ലാതിരിക്കുന്നതിനെക്കാൾ മോശമാണെന്നോർക്കുക. പ്രസംഗ ഗുണദോഷഫാറത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന “ദൃഷ്ടാന്തങ്ങൾ വിവരങ്ങൾക്കനുയോജ്യം” എന്നതു പരിചിന്തിക്കുമ്പോൾ ഓർത്തിരിക്കേണ്ട ഈ സംഗതിയുടെ പല വശങ്ങളുണ്ട്.
7-9. ലളിതമായ ദൃഷ്ടാന്തങ്ങൾ വളരെ ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
7 ലളിതം. ഒരു ലളിതമായ ദൃഷ്ടാന്തം ഓർത്തിരിക്കാൻ ഏറെ എളുപ്പമാണ്. അതു വാദഗതിയിൽ ഗണ്യമായ പങ്കുവഹിക്കുന്നു, അത് സങ്കീർണ സ്വഭാവത്താൽ വാദഗതിയുടെ വിലയിടിക്കുന്നില്ല. യേശുവിന്റെ ദൃഷ്ടാന്തങ്ങൾ മിക്കപ്പോഴും ഏതാനും ചില വാക്കുകളെക്കാൾ കൂടുതൽ ആയിരുന്നില്ല. (ദൃഷ്ടാന്തത്തിന്, മത്തായി 13:31-33; 24:32, 33 കാണുക.) ലളിതമായിരിക്കുന്നതിന്, സാങ്കേതികസംജ്ഞകൾ മനസ്സിലാകുന്നതായിരിക്കണം. ഒരു ദൃഷ്ടാന്തത്തിനു വളരെയധികം വിശദീകരണം ആവശ്യമാണെങ്കിൽ അത് അമിതമായ ഭാണ്ഡമാണ്, അതു തളളിക്കളയുകയോ ലളിതമാക്കുകയോ ചെയ്യുക.
8 യേശു വലിയ കാര്യങ്ങൾ വിശദീകരിക്കാൻ ചെറിയ കാര്യങ്ങളും പ്രയാസമുളള കാര്യങ്ങൾ വിശദീകരിക്കാൻ പ്രയാസംകുറഞ്ഞ കാര്യങ്ങളും ഉപയോഗിച്ചു. ഒരു ദൃഷ്ടാന്തം ഒരു സമയത്തു കണക്കിലധികം ഘടകങ്ങൾ അവതരിപ്പിക്കാതെ അനായാസം മനസ്സിൽ ചിത്രീകരിക്കാവുന്നതായിരിക്കണം. അതു കുറിക്കുകൊളളുന്നതും ഈടുററതുമായിരിക്കണം. അത്തരം ദൃഷ്ടാന്തങ്ങൾ എളുപ്പത്തിൽ തെററായി പ്രയോഗിക്കപ്പെടുന്നില്ല.
9 ഒരു ദൃഷ്ടാന്തം അതു വിശദീകരിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന വിവരങ്ങളോടു പൂർണമായും സമാന്തരമാണെങ്കിൽ ഏററവും നല്ലതാണ്. ദൃഷ്ടാന്തത്തിന്റെ ഏതെങ്കിലും വശം അനുയോജ്യമല്ലെങ്കിൽ അത് ഉപയോഗിക്കാതിരിക്കുകയായിരിക്കും മെച്ചം. ആരെങ്കിലും യോജിക്കാത്ത വശങ്ങളെക്കുറിച്ചു ചിന്തിക്കുകയും അതിന്റെ ഫലം നഷ്ടപ്പെടുകയും ചെയ്യും.
10, 11. ദൃഷ്ടാന്തങ്ങളുടെ പ്രയുക്തത വ്യക്തമാക്കേണ്ടതെന്തുകൊണ്ടെന്നു പ്രകടമാക്കുക.
10 പ്രയുക്തത വ്യക്തമാക്കുന്നു. ഒരു ദൃഷ്ടാന്തത്തിന്റെ പ്രയുക്തത കാണിക്കുന്നില്ലെങ്കിൽ, ചിലർക്കു പോയിൻറു മനസ്സിലായേക്കാം, എന്നാൽ അനേകർക്കു മനസ്സിലാകുകയില്ല. പ്രസംഗകനു ദൃഷ്ടാന്തം വ്യക്തമായി മനസ്സിലുണ്ടായിരിക്കണം, അതിന്റെ ഉദ്ദേശ്യം അറിയുകയും വേണം. ദൃഷ്ടാന്തത്തിന്റെ മൂല്യം എവിടെ സ്ഥിതിചെയ്യുന്നുവെന്ന് അയാൾ ലളിതമായി പ്രസ്താവിക്കണം. (മത്തായി 12:10-12 കാണുക.)
11 ഒരു ദൃഷ്ടാന്തം നിരവധി വിധങ്ങളിൽ ബാധകമാക്കാൻ കഴിയും. ദൃഷ്ടാന്തത്തിനുമുമ്പോ അതിനുശേഷമോ കേവലം പ്രസ്താവിക്കുന്ന ഒരു തത്ത്വം സ്ഥാപിക്കുന്നതിന് അത് ഉപയോഗിക്കാൻ കഴിയും. ദൃഷ്ടാന്തത്താൽ തെളിയിക്കപ്പെടുന്ന വാദത്തിന്റെ പരിണതഫലങ്ങൾ സ്ഥിരപ്പെടുത്തിക്കൊണ്ട് അതു ബാധകമാക്കാൻ കഴിയും. അല്ലെങ്കിൽ ദൃഷ്ടാന്തത്തിലെ പോയിൻറുകൾക്കു വാദഗതിയോടുളള സാദൃശ്യങ്ങളിലേക്കു ശ്രദ്ധ ആകർഷിച്ചുകൊണ്ടുമാത്രം അതു ബാധകമാക്കാൻ കഴിയും.
12-14. ചേരുന്ന ഒരു ദൃഷ്ടാന്തം ഏതെന്നു നിർണയിക്കുന്നതിന് എന്തു സഹായിക്കും?
12 പ്രധാനപ്പെട്ട പോയിൻറുകൾ ദൃഢീകരിക്കുന്നു. നിങ്ങൾ ഒരു ദൃഷ്ടാന്തത്തെക്കുറിച്ചു ചിന്തിക്കാനിടയായതുകൊണ്ടുമാത്രം അത് ഉപയോഗിക്കരുത്. മുഖ്യ പോയിൻറുകൾ എന്താണെന്ന് അറിയാൻ പ്രസംഗം അപഗ്രഥിക്കുകയും അനന്തരം അവ വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുന്നതിനു സഹായിക്കാൻ ദൃഷ്ടാന്തങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുക. ചെറിയ പോയിൻറുകൾക്കു ശക്തമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ സദസ്യർ മുഖ്യ പോയിൻറുകൾക്കു പകരം ചെറിയ പോയിൻറുകൾ ഓർത്തിരുന്നേക്കാം. (മത്തായി 18:21-35; 7:24-27 കാണുക.)
13 ദൃഷ്ടാന്തം വാദഗതിയെ മറയ്ക്കരുത്. സദസ്സ് ഓർത്തിരിക്കുന്നത് അതായിരുന്നേക്കാം, എന്നാൽ ദൃഷ്ടാന്തം മനസ്സിലേക്കു വരുമ്പോൾ, അതു പ്രദീപ്തമാക്കാൻ ഉദ്ദേശിച്ചിരുന്ന പോയിൻറും മനസ്സിലേക്കു തിരികെ വരണം. അതു വരുന്നില്ലെങ്കിൽ, ദൃഷ്ടാന്തം കണക്കിലധികം പ്രമുഖമായിത്തീർന്നിരിക്കുന്നു.
14 ഒരു പ്രസംഗം തയ്യാറാകുകയും ദൃഷ്ടാന്തങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുമ്പോൾ ഊന്നിപ്പറയേണ്ട പോയിൻറുകളോടുളള താരതമ്യത്തിൽ ദൃഷ്ടാന്തത്തിന്റെ മൂല്യം തൂക്കിനോക്കുക. അത് ഈ പോയിൻറുകളെ പ്രബലിതമാക്കുന്നുവോ? അത് അവ മുന്തിനിൽക്കാനിടയാക്കുന്നുവോ? അതു പോയിൻറുകൾ മനസ്സിലാക്കാനും ഓർക്കാനും എളുപ്പമാക്കുന്നുവോ? ഇല്ലെങ്കിൽ, അത് അനുയോജ്യമായ ഒരു ദൃഷ്ടാന്തമല്ല.
**********
15, 16. ദൃഷ്ടാന്തങ്ങൾ സദസ്സിന് അനുയോജ്യമായിരിക്കേണ്ടതെന്തുകൊണ്ടെന്നു വിശദീകരിക്കുക.
15 ദൃഷ്ടാന്തങ്ങൾ വിവരങ്ങൾക്കനുയോജ്യമായിരിക്കണമെന്നു മാത്രമല്ല, അവ നിങ്ങളുടെ സദസ്സിന് അനുരൂപമാക്കുകയും വേണം. ഇതു ഗുണദോഷ ഫാറത്തിൽ “ദൃഷ്ടാന്തങ്ങൾ സദസ്യർക്കനുയോജ്യം” എന്നു വേറിട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു. ബത്ത്-ശേബയുമായുളള ദാവീദിന്റെ പാപത്തിൽ അദ്ദേഹത്തെ തിരുത്താൻ നാഥാനെ വിളിച്ചപ്പോൾ അദ്ദേഹം ഒരു സാധുമനുഷ്യന്റെയും അയാളുടെ ഏക ആട്ടിൻകുട്ടിയുടെയും ദൃഷ്ടാന്തം തിരഞ്ഞെടുത്തു. (2 ശമൂ. 12:1-6) ഈ ദൃഷ്ടാന്തം നയപൂർവകമായിരുന്നുവെന്നുമാത്രമല്ല, അതു ദാവീദിന് അനുയോജ്യവുമായിരുന്നു, കാരണം അദ്ദേഹം ഒരു ഇടയനായിരുന്നു. അദ്ദേഹത്തിനു പെട്ടെന്നു പോയിൻറ് പിടികിട്ടി.
16 സദസ്സിലെ മിക്കവരും പ്രായമുളളവരാണെങ്കിൽ ചെറുപ്പക്കാർക്കുമാത്രം ആകർഷകമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കരുത്. എന്നാൽ കോളെജ് വിദ്യാർഥികളുടെ ഒരു സംഘത്തിന് അത്തരം ദൃഷ്ടാന്തങ്ങൾ തികച്ചും ഉചിതമായിരിക്കാം. ചിലപ്പോൾ പ്രായമുളളവരും ചെറുപ്പക്കാരും പുരുഷൻമാരും സ്ത്രീകളുമടങ്ങിയ ഒരു സദസ്സിനുവേണ്ടി രണ്ടു വിപരീതവീക്ഷണങ്ങളിൽ ദൃഷ്ടാന്തങ്ങളെ സമീപിക്കാൻ കഴിയും.
17-19. ദൃഷ്ടാന്തങ്ങൾ നിങ്ങളുടെ സദസ്സിന് ആകർഷകമാകുന്നതിന് അവ എവിടെനിന്ന് എടുക്കേണ്ടതാണ്?
17 പരിചിതമായ സാഹചര്യങ്ങളിൽനിന്ന് അടർത്തിയെടുക്കുന്നു. ദൃഷ്ടാന്തങ്ങൾ ഉളവാക്കുന്നതിനു നിങ്ങൾ സമീപത്തുളള വസ്തുക്കളെ ഉപയോഗിക്കുന്നുവെങ്കിൽ അവ നിങ്ങളുടെ സദസ്സിനു പരിചിതമായിരിക്കും. യേശു ഇതു ചെയ്തു. കിണററിങ്കലെ സ്ത്രീയോടായി അവിടുന്നു തന്റെ ജീവദായകഗുണങ്ങളെ വെളളത്തോട് ഉപമിച്ചു. അവിടുന്നു ജീവിതത്തിലെ അപൂർവ കാര്യങ്ങളെയല്ല, നിസ്സാര സംഗതികളെ ആശ്രയിച്ചു. അവിടുത്തെ ദൃഷ്ടാന്തങ്ങൾ തന്റെ സദസ്സിലുളളവരുടെ മനസ്സിൽ അനായാസം ഒരു ചിത്രം നൽകി, അല്ലെങ്കിൽ അവ തങ്ങളുടെ സ്വന്തം ജീവിതത്തിലെ വ്യക്തിപരമായ ഏതെങ്കിലും അനുഭവത്തെ പെട്ടെന്ന് അവരെ അനുസ്മരിപ്പിച്ചു. അവിടുന്നു പഠിപ്പിക്കാൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു.
18 ഇന്നും അതുപോലെയാണ്. വീട്ടമ്മമാർക്കു ബിസിനസ്ലോകത്തെക്കുറിച്ച് അറിയാമായിരിക്കും, എന്നാൽ അവരുടെ അനുദിനജീവിതത്തിലെ കാര്യങ്ങൾകൊണ്ട്, അവരുടെ മക്കൾ, അവരുടെ ഗാർഹികകടമകൾ, വീട്ടിൽ ഉപയോഗിക്കുന്ന സാമഗ്രികൾ എന്നിങ്ങനെയുളള ദൃഷ്ടാന്തങ്ങളാൽ നിങ്ങളുടെ പ്രസ്താവനകളെ വിശദമാക്കുന്നുവെങ്കിൽ അതാണു മെച്ചം.
19 തീർച്ചയായും തദ്ദേശീയമായ എന്തിനെയെങ്കിലും, ഒരുപക്ഷേ ആ പ്രത്യേക പ്രദേശത്തിനു മാത്രമുളള എന്തിനെയെങ്കിലും, അടിസ്ഥാനപ്പെടുത്തിയുളള ദൃഷ്ടാന്തങ്ങളും ഫലകരമാണ്. പ്രാദേശികവാർത്തകളിലെ ഇനങ്ങൾപോലെ ജനസമുദായത്തിൽ സുപ്രസിദ്ധമായ ഒടുവിലത്തെ സംഭവങ്ങളും ഹിതകരമെങ്കിൽ ഉചിതമാണ്.
20-22. ദൃഷ്ടാന്തങ്ങളുടെ ഉപയോഗത്തിൽ ഒഴിവാക്കേണ്ട ചില കെണികൾ പറയുക.
20 ഹിതകരം. ഉപയോഗിക്കപ്പെടുന്ന ഏതു ദൃഷ്ടാന്തവും ഒരു ബൈബിൾചർച്ചക്കു ചേരുന്നതായിരിക്കണം. പ്രസ്പഷ്ടമായി ദൃഷ്ടാന്തങ്ങൾ ധാർമികതയുടെ കാര്യത്തിൽ സംശയമുളവാക്കുന്നത് ആയിരിക്കരുത്. തെററായി വ്യാഖ്യാനിക്കപ്പെടുമെങ്കിൽ ദ്വയാർഥമുളള പ്രസ്താവനകൾ ഒഴിവാക്കുക. സംശയമുണ്ടെങ്കിൽ വിട്ടേക്കുക എന്നതാണ് അനുവർത്തിക്കാവുന്ന ഒരു നല്ല നയം.
21 ദൃഷ്ടാന്തങ്ങൾ നിങ്ങളുടെ സദസ്സിലെ ഒരുത്തരെയും അനാവശ്യമായി മുഷിപ്പിക്കരുത്, വിശേഷാൽ പുതുതായി സഹവസിക്കുന്നവരെ. ഈ കാരണത്താൽ, നിങ്ങളുടെ ചർച്ചയിൽ യഥാർഥത്തിൽ പ്രശ്നമായിരിക്കാത്ത ഉപദേശപരമോ വിവാദാത്മകമോ ആയ കാര്യങ്ങൾ ഉന്നയിക്കുന്നതു നന്നായിരിക്കയില്ല. ഉദാഹരണത്തിന്, നിങ്ങൾ രക്തപ്പകർച്ചയോ പതാകാവന്ദനമോ പോലുളള ഒരു ദൃഷ്ടാന്തം ഉപയോഗിക്കുകയില്ല, പ്രസംഗത്തിന്റെ മുഖ്യ പോയിൻറ് അങ്ങനെയുളളവയല്ലെങ്കിൽ. ആരെങ്കിലും പിൻവാങ്ങിയേക്കാം, അല്ലെങ്കിൽ ഇടറിയേക്കാം. നിങ്ങളുടെ പ്രസംഗത്തിലെ ഒരു പോയിൻറ് അങ്ങനെയുളള കാര്യങ്ങൾ ചർച്ചചെയ്യുകയെന്നതാണെങ്കിൽ അതു വ്യത്യസ്തമാണ്. അപ്പോൾ അവയെസംബന്ധിച്ചു ന്യായവാദം ചെയ്യാനും നിങ്ങളുടെ സദസ്സിനെ ബോധ്യപ്പെടുത്താനും നിങ്ങൾക്ക് ഒരു അവസരമുണ്ട്. എന്നാൽ നിങ്ങൾ ചർച്ചചെയ്യുന്ന മൂല്യവത്തായ സത്യങ്ങൾക്കെതിരെ നിങ്ങളുടെ സദസ്സിനു മുൻവിധിയുളവാകാൻ അനുവദിച്ചുകൊണ്ടു നിങ്ങളുടെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തരുത്.
22 അതുകൊണ്ട്, നിങ്ങളുടെ ദൃഷ്ടാന്തങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വിവേചന ഉപയോഗിക്കുക. അവ അനുയോജ്യമാണെന്നു തിട്ടപ്പെടുത്തുക. അവ നിങ്ങളുടെ വിവരങ്ങൾക്കും സദസ്സിനും ചേരുന്നതാണെങ്കിൽ അവ അങ്ങനെയായിരിക്കും.
[അധ്യയന ചോദ്യങ്ങൾ]