എല്ലാ ദിവസവും നല്ല സംസാരം ഉപയോഗിക്കൽ
പാഠം 11
എല്ലാ ദിവസവും നല്ല സംസാരം ഉപയോഗിക്കൽ
1. നമ്മുടെ സംസാരത്തെ യഹോവക്കു പ്രസാദകരമാക്കുന്നതെന്ത്?
1 “യഹോവേ, എന്റെ വായിലെ വാക്കുകളും . . . നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.” (സങ്കീ. 19:14) ഇതു നമ്മുടെ കാര്യത്തിൽ സത്യമായിരിക്കുന്നതിന്, നാം ശരിയായ കാര്യങ്ങളെക്കുറിച്ച് ഒരു ദൈവദാസനു യോജിക്കുന്ന രീതിയിൽ സംസാരിക്കേണ്ടതുണ്ട്. രാജ്യഹാളിലോ വയൽശുശ്രൂഷയിലോ ആയിരിക്കുമ്പോൾ മാത്രമല്ല, എല്ലാ ദിവസവും നാം വിശ്വസ്തദൈവദാസരാണെന്നു നമ്മുടെ സംസാരം തെളിയിക്കാൻ നാം ആഗ്രഹിക്കുന്നു. അപ്പോൾ നാം നമ്മുടെ ഭവനങ്ങളിലും ജോലിസ്ഥലത്തും സ്കൂളിലും ഉപയോഗിക്കുന്ന ഭാഷ നമ്മുടെ ശുശ്രൂഷക്ക് അനുകൂലഫലം കൈവരുത്തും.—2 കൊരി. 6:3.
2, 3. നമ്മുടെ സംസാരരീതിയും വാക്കുകളുടെ തിരഞ്ഞെടുപ്പും പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
2 നമ്മുടെ സംസാരരീതി പ്രധാനമാണ്. ഇതിൽ നമ്മുടെ മുഖഭാവവും സ്വരവും പോലും ഉൾപ്പെടുന്നു. യഹോവയുടെ ദാസരെന്ന നിലയിലുളള നമ്മുടെ സന്തുഷ്ടി നമ്മുടെ മുഖത്തു പ്രകടമായിരിക്കണം. ഒരു സൗഹൃദരീതിയും ഊഷ്മളമായ പുഞ്ചിരിയും ആളുകളെ ആകർഷിക്കുന്നു. നാം സംസാരിക്കുന്ന ബൈബിൾസത്യങ്ങൾ ഗൗരവമുളളവയാണെന്നിരിക്കെ, അവ ഹൃദയോദ്ദീപകവുമാണ്. അതുകൊണ്ട് ഉത്സാഹഭരിതരായിരിക്കുക! “നിർജീവമായ” സംസാരം നമ്മുടെ പ്രത്യാശാസന്ദേശത്തിനു ചേരുന്നതല്ല.
3 നിങ്ങൾ നല്ല സംസാരം പരിചിതമാക്കുമ്പോൾ വാക്കുകൾക്കും ശൈലികൾക്കും “വ്യക്തിത്വം” ഉണ്ടെന്നു നിങ്ങൾ തിരിച്ചറിയും. അവ കയ്പുളളതോ മധുരമുളളതോ മൃദുലമോ കടുത്തതോ സൗഹാർദപരമോ ശത്രുതാപരമോ കെട്ടുപണിചെയ്യുന്നതോ ധൈര്യം കെടുത്തുന്നതോ ആയിരിക്കാൻ കഴിയും. അപ്പോൾ ശരിയായ പദമോ ശൈലിയോ തിരഞ്ഞെടുക്കുന്നതു മർമപ്രധാനമാണ്. സത്യവചനങ്ങൾ, രാജ്യത്തിന്റെ സുവാർത്ത, ഉൾപ്പെട്ടിരിക്കുമ്പോൾ ഇതു വിശേഷാൽ അങ്ങനെതന്നെയാണ്.
4. നമുക്കു നമ്മുടെ പദസമ്പത്ത് എങ്ങനെ വിപുലപ്പെടുത്താം?
4 നിങ്ങളുടെ പദസമ്പത്തു വിപുലമാക്കൽ. ഏതു നിഘണ്ടുവിലേക്കുമുളള ഒരു എത്തിനോട്ടം പ്രകടമാക്കുന്നതുപോലെ, യഹോവയെ സ്തുതിക്കുന്നതിന് ഉപയോഗിക്കാവുന്ന പദങ്ങൾക്കു കുറവില്ല. എന്നാൽ ചോദ്യം ഇതാണ്, ലഭ്യമായ പദശേഖരം നിങ്ങൾ എത്ര നന്നായി ഉപയോഗിക്കുന്നു? വായിക്കുമ്പോൾ നിങ്ങൾക്കു പൂർണമായി മനസ്സിലാകാത്ത വാക്കുകൾ നിഘണ്ടുവിൽ നോക്കുന്നുണ്ടോ, അല്ലെങ്കിൽ ലേഖനം വായിച്ചുകഴിയുമ്പോൾ നിഘണ്ടു നോക്കുന്നതിന് അടയാളപ്പെടുത്തുന്നുണ്ടോ? ഇതു നിങ്ങളുടെ പദസമ്പത്തു വർധിപ്പിക്കുന്നതിനു നിങ്ങളെ സഹായിക്കും. നിങ്ങൾക്കറിയാവുന്നതും എന്നാൽ അനുദിനസംസാരത്തിൽ ഉപയോഗിക്കാത്തതുമായ അനേകം വാക്കുകൾ ഉണ്ടെന്നും നിങ്ങൾ കണ്ടെത്തും. ഉചിതമായിരിക്കുമ്പോൾ അവ ഉപയോഗിക്കുന്നതിന് ഒരു ബോധപൂർവകമായ ശ്രമം നടത്തുക. നന്നായി സംസാരിക്കാനുളള പ്രാപ്തി നട്ടുവളർത്തിക്കൊണ്ടിരിക്കുന്നത് ഒരു ക്രിസ്തീയ ശുശ്രൂഷകൻ അല്ലെങ്കിൽ വിദ്യാർഥി എന്ന നിലയിൽ നിങ്ങളുടെ താത്പര്യത്തിന് അനുഗുണമാണ്.
5, 6. വാക്കുകൾ ഉചിതമായി ഉപയോഗിക്കാൻ പഠിക്കുന്നതിന് എന്തു നമ്മെ സഹായിക്കും?
5 ഉചിതമായ പദം ഉപയോഗിക്കാൻ പഠിക്കുക. രണ്ടു പദങ്ങൾക്കു വ്യത്യസ്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന്, സമാനമെങ്കിലും അല്പം വ്യത്യസ്തമായ അർഥങ്ങൾ ഉണ്ടായിരിക്കാം. നിങ്ങൾ ഇതു കുറിക്കൊളളുന്നുവെങ്കിൽ, നിങ്ങളുടെ ശ്രോതാക്കളെ മുഷിപ്പിക്കുന്നത് ഒഴിവാക്കുകയും നിങ്ങളുടെ സംസാരത്തിന്റെ വ്യക്തതയെ മെച്ചപ്പെടുത്തുകയും ചെയ്യും. ഒരു നല്ല നിഘണ്ടു നോക്കുന്നതു സഹായകമാണ്. ചില നിഘണ്ടുക്കൾ ഓരോ പദത്തിനും കീഴിൽ അതിന്റെ പര്യായപദങ്ങളും (സർവസമമല്ലെങ്കിലും സമാനമായ അർഥമുളള പദങ്ങൾ) വിപരീതപദങ്ങളും (ഏറെക്കുറെ വിപരീതാർഥമുളള പദങ്ങൾ) കൊടുക്കുന്നു. അങ്ങനെ ഒരേ ആശയത്തിനു വിഭിന്ന പദങ്ങൾ മാത്രമല്ല, വ്യത്യസ്ത അർഥഭേദങ്ങളും നിങ്ങൾ കാണുന്നു. ഉചിതമായ സാഹചര്യങ്ങൾക്ക് ഉചിതമായ പദം തേടുമ്പോൾ ഇതു വളരെ സഹായകമാണ്. ഉചിതമായ പദത്തിന്റെ ഉപയോഗം അനാവശ്യമായി നീട്ടിക്കെട്ടി പറയുന്നതിൽനിന്നു നിങ്ങളെ തടയുകയും കാര്യത്തിലേക്കു വരാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. പദബാഹുല്യം ആശയങ്ങളെ മുക്കിക്കളയാൻ പ്രവണത കാട്ടുന്നു. അതുകൊണ്ട് ഏതാനും വാക്കുകളിൽ ആശയപ്രകടനം നടത്താൻ ശീലിക്കുക. നിങ്ങൾ അതു നന്നായി ചെയ്യുമ്പോൾ ഭംഗിയും അർഥവും കൂട്ടുന്ന വർണനാത്മകപദങ്ങൾകൊണ്ടു നിങ്ങളുടെ ആശയപ്രകാശനത്തെ വൈവിധ്യമാർന്നതാക്കാൻ തുടങ്ങുക.
6 നിങ്ങൾ നിങ്ങളുടെ പദസമ്പത്തു വിപുലമാക്കുമ്പോൾ, പുതിയ വാക്കുകളുടെ അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കാതെ പ്രത്യേക സ്വഭാവവിശേഷതകളുളള വാക്കുകൾ പരിചിന്തിക്കുക: വീര്യം പ്രകടമാക്കുന്ന ക്രിയകളും ഭംഗി പകരുന്ന നാമവിശേഷണങ്ങളും വിരസത ഒഴിവാക്കാൻ സഹായിക്കുന്ന സംക്രമണപദങ്ങളും ഊഷ്മളത പ്രകടമാക്കുന്നതും ദയാസ്വരത്തിലുളളതുമായ പദങ്ങളും തന്നെ. സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുമ്പോൾ തിരഞ്ഞെടുക്കാൻ കഴിയുന്ന വൈവിധ്യമാർന്ന ഒട്ടേറെ പദങ്ങളും ശൈലികളും നിങ്ങൾക്കു കുറിക്കൊളളാൻ കഴിയും.
7, 8. വിപുലമായ ഒരു പദസമ്പത്തിനോടുളള ബന്ധത്തിൽ ഏത് അപകടങ്ങളെക്കുറിച്ചു നാം അറിഞ്ഞിരിക്കണം?
7 തീർച്ചയായും വിപുലമായ ഒരു പദസമ്പത്തിന്റെ ഉദ്ദേശ്യം കഴിവു പ്രദർശിപ്പിക്കുക എന്നതല്ല. നമ്മുടെ ലക്ഷ്യം നമ്മുടെ കേൾവിക്കാരിൽ വ്യക്തിപരമായ ഒരു മതിപ്പുളവാക്കുക എന്നതല്ല, വിവരങ്ങൾ ധരിപ്പിക്കുക എന്നതാണ്. നമ്മുടെ വീക്ഷണം അപ്പോസ്തലനായ പൗലോസ് പ്രകടമാക്കിയതിനോടു യോജിപ്പിലായിരിക്കണം: “സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മററുളളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു.” (1 കൊരി. 14:9, 19) ഒരുവന്റെ സംസാരം മനസ്സിലാക്കുന്നതിനു വളരെ പ്രയാസമാണെങ്കിൽ അത് അന്യഭാഷയിൽ സംസാരിക്കുന്നതുപോലെതന്നെ ആയിരിക്കാം. അതുപോലെതന്നെ, വിശദാംശങ്ങൾക്കു വിലകല്പിക്കുകയില്ലാത്തവരുടെ കാര്യത്തിൽ അനാവശ്യമായി സാങ്കേതികമാകുന്നത് ഒഴിവാക്കുന്നതു ജ്ഞാനമാണ്. സാധാരണ സംഭാഷണത്തിൽപോലും സങ്കീർണമായ സംസാരംകൊണ്ടും നീണ്ട പദങ്ങൾകൊണ്ടും നമ്മുടെ ശ്രോതാക്കളിൽ മതിപ്പുളവാക്കാൻ നാം ശ്രമിക്കരുത്. നമുക്കു പറയാനുളളതു നമ്മുടെ ശ്രോതാക്കൾ ഗ്രഹിക്കുന്നതു കൂടുതൽ പ്രധാനമാണ്. സദൃശവാക്യങ്ങൾ 15:2 അനുസരിച്ച്, “ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു” എന്ന് ഓർക്കുക. എളുപ്പം മനസ്സിലാകുന്ന നല്ല വാക്കുകളുടെ തിരഞ്ഞെടുപ്പ്, നമ്മുടെ സംസാരം അവ്യക്തവും അരസികവുമായിരിക്കാതെ നവോൻമേഷപ്രദവും ഉത്തേജകവുമായിരിക്കാൻ സഹായിക്കുന്നു.—കൊലൊ. 4:6.
8 വാക്കുകൾ ശരിയായി പറയാൻ പഠിക്കുന്നതും മൂല്യവത്താണ്. അവ ശരിയായി ഉച്ചരിക്കുക. നിങ്ങൾക്ക് ഒരു നിഘണ്ടു പരിശോധിക്കാവുന്നതാണ്, ചില വാക്കുകൾ മററുളളവർ ഉച്ചരിക്കുന്നത് എങ്ങനെയാണെന്നു നിരീക്ഷിക്കാവുന്നതുമാണ്. ഇത് ഉച്ചാരണത്തിലുളള അശ്രദ്ധ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. അനുദിന സംസാരത്തിൽ ഒഴിവാക്കേണ്ട മററ് അപകടങ്ങൾ വാക്കുകളുടെ അസ്പഷ്ടമായ ഉച്ചാരണവും വാക്കുകളുടെ അവസാനഭാഗങ്ങൾ വിഴുങ്ങുന്നതുമാണ്. നിങ്ങളുടെ പല്ലിനിടയിലൂടെ സംസാരിക്കരുത്. നല്ല സംസാരരീതി ഉപയോഗിക്കുക. വ്യക്തമായി ഉച്ചരിക്കാൻ നിങ്ങളുടെ വായ് പൊളിക്കുക.
9-12. നാം ഏതു തരം സംസാരം ഒഴിവാക്കണം, എന്തുകൊണ്ട്?
9 ഒഴിവാക്കേണ്ട ഭാഷ. നമ്മുടെ അനുദിന ജീവിതത്തിൽ ഏതുതരം ഭാഷ ഒഴിവാക്കണമെന്നതുസംബന്ധിച്ചു ദൈവവചനം നമ്മെ വഴികാട്ടുന്നു. ദൃഷ്ടാന്തത്തിന്, അപ്പോസ്തലനായ പൗലോസ് “കളിവാക്കു” പോലെ “ചേർച്ചയല്ലാത്തവ” ഒഴിവാക്കാൻ നമ്മെ ബുദ്ധ്യുപദേശിക്കുന്നു. (എഫെ. 5:3, 4) അശ്ലീലവും അസഭ്യവുമായ വാക്കുകളും ശൈലികളും നാം ഒഴിവാക്കണം. പൗലോസ് ഇങ്ങനെയും എഴുതി: “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു.” (എഫെ. 4:29) അതുകൊണ്ടു ക്രിസ്ത്യാനികൾ ചീത്തവാക്കുകളും പരുഷമായ സംസാരവും ഒഴിവാക്കിയേ തീരൂ. അങ്ങനെയുളള ഭാഷ തങ്ങൾ പറയുന്നതിനു ദൃഢത കൊടുക്കുന്നുവെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ ശക്തമായ അനേകം നല്ല വാക്കുകളുണ്ട്. അങ്ങനെയുളള ആളുകളോടു സംസാരിക്കുമ്പോൾ നാം അവരുടെ പരുഷമായ സംസാരത്തെ അനുകരിക്കേണ്ട ആവശ്യമില്ല. ലളിതമായ ഭാഷ സഹായകമായിരിക്കാവുന്നതാണ്, എന്നാൽ അതു ശുദ്ധവും ശരിയുമായിരിക്കണം.
10 വ്യാകരണപ്രയോഗത്തിനു വിരുദ്ധമായ ചില പദങ്ങളും സംസാരരീതിയുംകൂടെ ഒഴിവാക്കണം. അത്തരം സംസാരം മിക്കപ്പോഴും ലൗകികവിനോദകർ ഉപയോഗിക്കുന്നതോ ആധുനികഗാനങ്ങളിൽ പ്രചാരത്തിൽ വരുത്തുന്നവയോ ആണ്. ആളുകൾ അവ അനുകരിക്കാൻ പ്രവണത കാട്ടുന്നു. എന്നാൽ ക്രിസ്ത്യാനികൾ അങ്ങനെയുളള സംസാരമാതൃകകൾ സ്വീകരിക്കുന്നതു നല്ലതല്ല. അങ്ങനെ ചെയ്യുന്നതു നമ്മെ ലോകത്തോടും അതിന്റെ ജീവിതരീതിയോടും മമതാബന്ധമുളളവരായി തിരിച്ചറിയിക്കും. കുററകരമോ അധാർമികമോ ആയ ജീവിതരീതിയുളള മയക്കുമരുന്നു കച്ചവടക്കാർക്കും മററു ചിലർക്കും മിക്കപ്പോഴും സ്വന്തം പദസംഹിത ഉണ്ട്, ആകസ്മിക ശ്രോതാവിന് അനായാസം വ്യക്തമാകാത്ത രീതിയിൽ വാക്കുകൾ ഉപയോഗിക്കുന്നതുതന്നെ. എന്നാൽ നമ്മുടെ സംസാരനിലവാരം അത്തരം ലൗകികസ്വാധീനങ്ങളാൽ ബാധിക്കപ്പെടരുത്.—റോമ. 12:2.
11 അനാദരപൂർവകമായ ഭാഷ ഒഴിവാക്കാൻ ക്രിസ്ത്യാനികൾ ശ്രദ്ധയുളളവരായിരിക്കണം. ചില ആളുകൾ കേവലം സംസാരത്തിനു ദൃഢത കൂട്ടാൻ അല്ലെങ്കിൽ ഒരു ചീത്തവാക്കിനു പകരം “ദൈവം,” “കർത്താവ്” എന്നും “യേശു,” “ക്രിസ്തു” എന്നുമുളള പദങ്ങൾ ഉപയോഗിക്കുന്നു. “ദൈവം” “യേശു” എന്നീ പദങ്ങളിൽനിന്ന് ഉത്ഭൂതമായിട്ടുളള മററ് അനാദരപൂർവകമായ പദങ്ങൾ കേവലം പ്രിയോക്തികളാണ്, തന്നിമിത്തം വ്യാക്ഷേപകങ്ങളെന്ന നിലയിൽ ആക്ഷേപാർഹവുമാണ്.—പുറ. 20:7; മത്താ. 5:34-37.
12 ആളുകൾ പറയുന്നതും ചെയ്യുന്നതും ചിലപ്പോൾ നമ്മെ അലോസരപ്പെടുത്തിയേക്കാം. എങ്കിൽപോലും, ഒരു ക്രിസ്ത്യാനി കോപത്തോടെയോ അസഭ്യവാക്കുകളോടെയോ മറുപടി പറയുന്നത് അനുചിതമായിരിക്കും. അപ്പോസ്തലൻ ഇങ്ങനെ പറയുന്നു: “നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.” (കൊലൊ. 3:8) അതുകൊണ്ടു മററുളളവരുടെ സംസാരം നിങ്ങളെ അലോസരപ്പെടുത്തിയാലും നിങ്ങളുടെ ആവേശത്തെ നിയന്ത്രിക്കുന്നതാണ് ജ്ഞാനമാർഗം.—സദൃ. 14:29; യാക്കോ. 3:11.
13-16. നമ്മുടെ വ്യാകരണവും സംസാരശീലങ്ങളും മെച്ചപ്പെടുത്താൻ നമ്മെ എന്തു സഹായിക്കും?
13 ഉചിതമായ വ്യാകരണം. തങ്ങളുടെ വ്യാകരണം ഏററവും നല്ലതല്ലെന്നു ചിലർ തിരിച്ചറിഞ്ഞേക്കാം. ഒരുപക്ഷേ അവർ മറെറാരു രാജ്യത്തു വളർന്നു, അല്ലെങ്കിൽ തങ്ങൾ ചെറുപ്പമായിരുന്നപ്പോൾ അധികം സ്കൂൾവിദ്യാഭ്യാസത്തിന് അവസരമുണ്ടായിരുന്നില്ല. അവർ നിരുത്സാഹപ്പെടരുത്; പകരം, സുവാർത്തക്കുവേണ്ടി അവർ മെച്ചപ്പെടുന്നതിന് ആത്മാർഥമായ ശ്രമം ചെലുത്തണം. സ്വീകരിക്കാവുന്ന പ്രയോജനകരമായ പടികളുണ്ട്. ഉദാഹരണത്തിന്, കുടുംബവായന അങ്ങനെയുളള തിരുത്തലുകൾ വരുത്തുന്നതിനുളള അവസരങ്ങൾ പ്രദാനംചെയ്യുന്നു. വ്യാകരണം സംബന്ധിച്ചു നമ്മൾക്കറിയാവുന്നതിലധികവും മററുളളവരുടെ സംസാരം കേട്ടാണു നാം പഠിക്കുന്നത്. അതുകൊണ്ട്, പക്വതയുളള, നല്ല വിദ്യാഭ്യാസമുളള സഹോദരൻമാർ സംസാരിക്കുന്നത് അവധാനപൂർവം ശ്രദ്ധിക്കുക. ബൈബിളും സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളും നിങ്ങൾ വായിക്കുമ്പോൾ വാക്യഘടനയെക്കുറിച്ചും വിവിധ സാഹചര്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ രൂപത്തെക്കുറിച്ചും ബോധമുളളവരായിരിക്കുക. ഈ നല്ല മാതൃകകൾക്കനുയോജ്യമായി നിങ്ങളുടെ സ്വന്തം സംസാരത്തെ രൂപപ്പെടുത്തുക.
14 ചെറുപ്പക്കാർ സ്കൂളിൽ പഠിക്കുമ്പോൾ നല്ല വ്യാകരണവും ഭാഷാശൈലിയും പഠിക്കാനുളള അവസരത്തെ പ്രയോജനപ്പെടുത്തണം. ഏതെങ്കിലും വ്യാകരണ നിയമത്തിന്റെ കാരണം നിങ്ങൾക്കു തിട്ടമില്ലാത്തടത്തോളം കാലം നിങ്ങളുടെ അധ്യാപകനിൽനിന്നു കൂടുതലായ വിവരങ്ങൾ തേടുക. നിങ്ങൾ സ്ഥിരപരിശ്രമം ചെയ്യുന്നതിനു നല്ല കാരണമുണ്ട്, എന്തെന്നാൽ നിങ്ങൾ തീർച്ചയായും സുവാർത്തയുടെ ഫലപ്രദനായ ഒരു ശുശ്രൂഷകനായിരിക്കാൻ ആഗ്രഹിക്കുന്നു.
15 എല്ലാ ദിവസവും നല്ല സംസാരം ഉപയോഗിക്കാൻ കഠിനശ്രമം ചെയ്യുക. തന്റെ അനുദിനസംഭാഷണങ്ങളിൽ വൃത്തികെട്ട സംസാരശീലങ്ങളിൽ മുഴുകുന്നയാൾക്കു പ്രത്യേക അവസരങ്ങളിൽ നന്നായി സംസാരിക്കാൻ പ്രാപ്തനാകുന്നതിനു പ്രതീക്ഷിക്കാൻ കഴിയുകയില്ല. അതിനു പരിശീലനം ആവശ്യമാണ്. എന്നാൽ നിങ്ങൾ സാധാരണ ജീവിതസാഹചര്യങ്ങളിൽ ഗുണമേൻമയുളള സംസാരം ഉപയോഗിക്കുന്നുവെങ്കിൽ, അപ്പോൾ പ്ലാററ്ഫാറത്തിലായിരിക്കുമ്പോഴോ ദൈവത്തിന്റെ സത്യത്തെക്കുറിച്ചു മററുളളവരോടു സാക്ഷീകരിക്കുമ്പോഴോ അത് അനായാസമായും സ്വാഭാവികമായും വരും.
16 എല്ലാ ദിവസവും നല്ല സംസാരം ശീലിക്കുന്നതു നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും ഇമ്പകരമായ വാക്കുകൾകൊണ്ടു നിറയ്ക്കാൻ സഹായിക്കുന്നു, അവയാൽ നമുക്കു യഹോവയുടെ രാജ്യം മുഖേനയുളള തന്റെ മഹത്തായ ഉദ്ദേശ്യത്തോടുളള വിലമതിപ്പു പ്രകടമാക്കാൻ കഴിയും. അപ്പോൾ നമുക്ക് ലൂക്കൊസ് 6:45-ലെ യേശുക്രിസ്തുവിന്റെ വാക്കുകളുടെ സത്യത അനുഭവപ്പെടും: “നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു.”
[അധ്യയന ചോദ്യങ്ങൾ]