ഒരു നല്ല ശ്രോതാവായിരിക്കുക
പാഠം 5
ഒരു നല്ല ശ്രോതാവായിരിക്കുക
1-5. ശ്രദ്ധിക്കുകയെന്നതിന്റെ അർഥമെന്താണ്, അതു സഭാമീററിംഗുകളിൽ വിശേഷാൽ മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
1 യഹോവയുടെ ഒരു ശുശ്രൂഷകനെന്ന നിലയിലുളള നിങ്ങളുടെ പുരോഗതി ഒരു ഗണ്യമായ അളവിൽ നിങ്ങൾ എങ്ങനെ ശ്രദ്ധിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിലുടനീളം, ശ്രദ്ധിക്കൽ പഠനത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. നിങ്ങൾ ചിന്താപൂർവകമായ അവധാനത്തോടെ കേൾക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുകയാണു ചെയ്യുന്നത്. എന്നാൽ നിങ്ങളുടെ ശ്രദ്ധ പറയുന്ന കാര്യത്തിൽ കേന്ദ്രീകരിക്കുന്നില്ലെങ്കിൽ, വാക്കുകൾ ബധിരകാതുകളിലാണ് വീഴുന്നത്. നിങ്ങളെ ഭാഗികമായി മാത്രം ശ്രദ്ധിച്ചിട്ടുളള ആളുകളോടു നിങ്ങൾ സംസാരിച്ചിട്ടുണ്ടെന്നുളളതിനു സംശയമില്ല. അവർ നിങ്ങളോട് എത്ര കൂടെക്കൂടെ യോജിച്ചാലും അവർക്കു യഥാർഥത്തിൽ ആശയങ്ങൾ മനസ്സിലാകുന്നില്ലെന്നും തന്നിമിത്തം നിങ്ങൾ പറഞ്ഞതിൽനിന്നു യഥാർഥ പ്രയോജനം കിട്ടുന്നില്ലെന്നും നിങ്ങൾ അറിഞ്ഞു. അതുകൊണ്ട് എല്ലാ സമയങ്ങളിലും, വിശേഷിച്ചു ദിവ്യവിദ്യാഭ്യാസത്തിന്റെ ഒരു പാഠപദ്ധതിയിൽ സംബന്ധിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുന്നവരായിരിക്കാൻ നാം എത്ര ജാഗ്രതയുളളവരായിരിക്കണം! സദൃശവാക്യങ്ങൾ 1:5 പ്രസ്താവിക്കുന്നതുപോലെ: “ജ്ഞാനി കേട്ടിട്ടു [ശ്രദ്ധിക്കുകയും, NW] വിദ്യാഭിവൃദ്ധി പ്രാപി”ക്കും.
2 സഭാമീററിംഗുകൾ യഹോവയുടെ സ്ഥാപനത്തിലൂടെ നമുക്കു പ്രദാനംചെയ്യുന്ന വിദ്യാഭ്യാസപരിപാടിയുടെ ഭാഗമാണ്. ഏകാഗ്രമായി ശ്രദ്ധിക്കുന്നതിനാൽ നാം യഹോവയോടും നമ്മുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുളള അവിടുത്തെ കരുതലിനോടും ആദരവു കാണിക്കുന്നു. എന്നാൽ നമ്മുടെ ഘടനയും നാം ചില സമയങ്ങളിൽ നമ്മുടെ ശ്രദ്ധ പതറിപ്പോകാൻ അനുവദിക്കുന്നതിനു പ്രവണതകാട്ടിയേക്കാമെന്നതും ദൈവത്തിന് അറിയാം. തന്നിമിത്തം താൻ പ്രദാനംചെയ്യുന്ന സമൃദ്ധമായ ആത്മീയാഹാരത്തിൽനിന്നു ഭക്ഷിക്കാനുളള തന്റെ ക്ഷണത്തിൽ അവിടുന്ന് ഇങ്ങനെ ദൃഢമായി പറയുന്നു: “എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നൻമ അനുഭവിപ്പിൻ, . . . നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ.” (യെശ. 55:2, 3) നാം നിത്യജീവൻ പ്രാപിക്കുകയും ആ സമ്മാനം നേടാൻ മററുളളവരെ സഹായിക്കുകയും ചെയ്യണമെങ്കിൽ, നാം ദൈവത്തിന്റെ ചിന്തകൾ സൂക്ഷ്മമായി ശ്രദ്ധിക്കുകയും ഗ്രഹിക്കുകയും ചെയ്യേണ്ടതുണ്ട്.—എബ്രാ. 1:1, 2; 2:1.
3 ശ്രദ്ധാപൂർവം കേൾക്കുന്നത് ഉചിതമായ താഴ്മയെയും പ്രകടമാക്കുന്നു, താഴ്മയുളളവരായിരിക്കാൻ നമുക്കെല്ലാം നല്ല കാരണമുണ്ട്. നമുക്കെല്ലാം മറെറാരാളിൽനിന്നു പഠിക്കാൻ കഴിയും. നമുക്കാർക്കും സകലവും അറിയാൻപാടില്ല. പ്രസംഗിക്കുന്ന ആളിന് ഒഴുക്കോ പ്രാപ്തനായ പ്രസംഗകന്റെ മറേറതെങ്കിലും ഗുണമോ ഇല്ലെങ്കിൽപോലും അദ്ദേഹം പറയുന്നതിലുളള നമ്മുടെ ശ്രദ്ധയാലും പ്രതികരണത്താലും സഹായവും പ്രോത്സാഹനവും കൊടുക്കാൻ യഥാർഥ താഴ്മ നമ്മെ നയിക്കേണ്ടതാണ്. നമുക്കു മുമ്പു തോന്നിയിട്ടില്ലാത്ത ഏതെങ്കിലും വീക്ഷണകോണത്തെ അല്ലെങ്കിൽ അർഥവ്യാപ്തിയെ അദ്ദേഹം സ്പർശിച്ചേക്കുമോ എന്ന് ആരറിയുന്നു? ആത്മീയമായി പറഞ്ഞാൽ യഹോവക്കു ശിശുക്കളുടെ വായിൽനിന്നു പ്രകാശനം പ്രദാനംചെയ്യാൻ കഴിയും.—മത്താ. 11:25.
4 സൂക്ഷ്മശ്രദ്ധ കൊടുക്കുന്നതു സഭാമീററിംഗുകളോടുളള ബന്ധത്തിലും മർമപ്രധാനമാണ്, എന്തെന്നാൽ നാം പഠിക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ബാധകമാക്കേണ്ടതാണ്. “സൂക്ഷ്മപരിജ്ഞാനം” നേടുന്നതിലൂടെയാണു നാം പുതിയ വ്യക്തിത്വം ധരിക്കാൻ പ്രാപ്തരാകുന്നത്. (കൊലോ. 3:9, 10, NW) എന്നാൽ നാം അവധാനപൂർവം ശ്രദ്ധിക്കുന്നില്ലെങ്കിൽ, നാം വിശദാംശങ്ങൾക്കു ശ്രദ്ധകൊടുക്കുന്നതിൽ പരാജയപ്പെടുന്നുവെങ്കിൽ, നമ്മുടെ ജീവിതത്തിൽ ഏതു മാററങ്ങൾ ആവശ്യമാണെന്നു നാം പൂർണമായി ഗ്രഹിക്കാതിരുന്നേക്കാം, തന്നിമിത്തം നമ്മുടെ ആത്മീയവളർച്ചക്കു തടസ്സം നേരിട്ടേക്കാം. വാചാപുനരവലോകനത്തിന് അല്ലെങ്കിൽ എഴുത്തുപുനരവലോകനത്തിനു ശരിയായ ഉത്തരങ്ങൾ നൽകുന്നതും പ്രധാനമാണ്. എന്നാൽ വയൽശുശ്രൂഷയിൽ, നാം വെച്ചുപുലർത്തുന്ന മഹത്തായ പ്രത്യാശയുടെ കാരണം ചോദിക്കുന്ന ഏവർക്കും ശരിയായ ഉത്തരം കൊടുക്കാൻ നാം പ്രാപ്തരാകുന്നത് എത്രയധികം പ്രധാനമാണ്!
5 മററുളളവർ പറയുന്നതിനു സൂക്ഷ്മശ്രദ്ധ കൊടുക്കുന്ന ശീലം നിങ്ങൾ നട്ടുവളർത്തുമ്പോൾ, കേൾക്കുന്ന കാര്യങ്ങൾ ഓർക്കുന്നതിനുളള നിങ്ങളുടെ പ്രാപ്തി നിങ്ങൾ മെച്ചപ്പെടുത്തും.
6-8. ഒരു പ്രസംഗം നടക്കുമ്പോൾ നിങ്ങളുടെ മനസ്സിനെ അലഞ്ഞുതിരിയുന്നതിൽനിന്നു തടയാൻ എങ്ങനെ കഴിയും?
6 ശ്രദ്ധിക്കുന്ന വിധം. യോഗങ്ങളിൽ നമ്മെ പതറിക്കാൻ മററു കാര്യങ്ങളെ അനുവദിക്കുന്നത് എളുപ്പമാണ്. അന്നു സംഭവിച്ച കാര്യങ്ങളിൽ നാം ശ്രദ്ധ വ്യാപരിപ്പിച്ചേക്കാം അല്ലെങ്കിൽ നാളെ ചെയ്യേണ്ട എന്തിലെങ്കിലും ശ്രദ്ധാലുക്കളായേക്കാം. എന്നാൽ പറയുന്നത് ഒരുവൻ ഏകാഗ്രമായി ശ്രദ്ധിക്കുന്നില്ലെങ്കിൽ ഹാജരാകുന്നതിന്റെ ഉദ്ദേശ്യമെന്ത്? അതുകൊണ്ട് ഓരോരുത്തരും തനിക്കുതന്നെ ശിക്ഷണം കൊടുക്കേണ്ടതുണ്ട്, തന്റെ ചിന്താധാരയ്ക്കു കർശനമായി കടിഞ്ഞാണിടേണ്ടതുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ചർച്ചക്കു പൂർണശ്രദ്ധ കൊടുക്കുന്നതിനും മനസ്സ് അലഞ്ഞുതിരിയാൻ അനുവദിക്കാതിരിക്കുന്നതിനും ഒരുവനു ദൃഢനിശ്ചയമുണ്ടായിരിക്കണം. അത് ഒരുവൻ ചർച്ചചെയ്യുന്ന വിഷയത്തിന് അന്യമായ സകല ചിന്തകളുടെമേലും മാനസികമായ ഒരു മറ വലിച്ചിടുന്നതുപോലെയായിരിക്കണം. അതാണു ശ്രദ്ധാകേന്ദ്രീകരണം.
7 അലഞ്ഞുതിരിയുന്ന മനസ്സിൽനിന്നോ ദിവാസ്വപ്നം കാണുന്ന ശീലത്തിൽനിന്നോ നിങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനുളള ഒരു നല്ല മാർഗം പ്രസംഗകൻ ഉപയോഗിക്കുന്ന ആശയങ്ങളും തിരുവെഴുത്തുകളും സംബന്ധിച്ചു കുറിപ്പുകൾ ഉണ്ടാക്കുകയാണ്. കുറിപ്പുകൾ ചുരുക്കുക, കാരണം വളരെയധികം കുറിപ്പുകൾ നിങ്ങളുടെ ശ്രദ്ധയെ പതറിക്കും, അതേസമയം ചുരുക്കം ചിലതു നിങ്ങളുടെ ശ്രദ്ധാകേന്ദ്രീകരണത്തെ സഹായിക്കും. ഈ കുറിപ്പുകൾ പിന്നീടൊരു സമയത്തു നിങ്ങൾക്കു മൂല്യവത്തായിരിക്കാം. എന്നാൽ നിങ്ങൾ ഒരിക്കലും അവ വീണ്ടും ഉപയോഗിക്കുന്നില്ലെങ്കിൽപോലും അവ, പറയുന്ന കാര്യത്തിൽ നിങ്ങളുടെ ശ്രദ്ധ പതിപ്പിക്കാൻ സഹായിക്കുകതന്നെ ചെയ്യുന്നു. ചർച്ചചെയ്യുന്ന വിഷയത്തിൽ നിങ്ങൾ ആഴമായി ആമഗ്നനാകുന്നു, പ്രസംഗകന്റെ മുഖ്യ വാദങ്ങളെ കൃത്യമായി തിട്ടപ്പെടുത്താനും കഴിയുന്നു.
8 സാധാരണസംഭാഷണത്തിൽ ചർച്ചചെയ്യുന്ന വിഷയംസംബന്ധിച്ചു മറുകക്ഷി ബുദ്ധിപൂർവകമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുവെങ്കിൽ അയാൾ ശ്രദ്ധിക്കുന്നുണ്ടെന്നുളളതിന്റെ ഒരു നല്ല സൂചനയാണത്. അങ്ങനെതന്നെ, തയ്യാർചെയ്തു നടത്തുന്ന ഒരു പ്രസംഗം ശ്രദ്ധിക്കുമ്പോൾ നിങ്ങൾ നിർമാണാത്മകമായ ചോദ്യങ്ങൾ ഉന്നയിക്കുകയും അനന്തരം പ്രസംഗകൻ അവയ്ക്ക് ഉത്തരം പറയുമോയെന്നു നിരീക്ഷിക്കുകയും ചെയ്യുന്നതു നിങ്ങളുടെ മനസ്സു വിഷയത്തിൽ ഉണ്ടെന്നുളളതിന്റെ ഒരു നല്ല തെളിവാണ്. മററുളളവയുടെ കൂട്ടത്തിൽ, അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു നിങ്ങളോടുതന്നെ ചോദിക്കുക.
9. ഒരു പ്രസംഗം ശ്രദ്ധിക്കുമ്പോൾ താരതമ്യേന വേഗത്തിലുളള ചിന്താനിരക്ക് പ്രയോജനകരമായി എങ്ങനെ ഉപയോഗിക്കാൻ കഴിയും?
9 ഒരു സാധാരണ മനുഷ്യൻ പ്രസംഗകനു സംസാരിക്കാൻ കഴിയുന്നതിനെക്കാൾ വളരെ വേഗത്തിൽ ചിന്തിക്കുന്നു, ബാഹ്യചിന്തകൾ മനസ്സിൽ കടക്കാൻ സമയം അനുവദിച്ചുകൊണ്ടുതന്നെ. ശരാശരി ചിന്താനിരക്കു മിനിററിൽ 400 വാക്കുകളാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു, എന്നാൽ സംസാരത്തിന്റെ ശരാശരി നിരക്കു മിനിററിൽ ഏതാണ്ട് 125 വാക്കുകളാണ്. എന്നിരുന്നാലും, അവതരിപ്പിക്കപ്പെടുന്ന വിവരങ്ങളെക്കുറിച്ചു ചിന്തിക്കുകയും അതു സംഗ്രഹിക്കുകയും അതു പുനരവലോകനം ചെയ്യുകയും അങ്ങനെ അതു മനസ്സിൽ ദൃഢമായി പതിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ ഈ ചിന്താവേഗത്തെ നമുക്കു പ്രയോജനകരമായി വിനിയോഗിക്കാൻ കഴിയും.
10, 11. ശ്രദ്ധിക്കുന്നതിൽ ശരിയായ ആന്തരം ഒരു സഹായമായിരിക്കാൻ കഴിയുന്നത് എങ്ങനെ?
10 ഒരു പ്രസംഗകനു സമർപ്പിക്കാനുളള പ്രധാന പോയിൻറുകൾ മനസ്സിലാക്കാനുളള മറെറാരു സഹായം ശരിയായ ആന്തരത്തോടെ ശ്രദ്ധിക്കുകയാണ്. പ്രസംഗകന്റെ വിവരങ്ങളെയും അവതരണരീതിയെയും വിമർശിക്കുകയെന്ന കാഴ്ചപ്പാടിൽ ശ്രദ്ധിക്കുകയെന്നതു നമ്മുടെ ലക്ഷ്യമല്ല. ശുശ്രൂഷാസ്കൂളിൽ നിയമിത മേൽവിചാരകനാണു ഗുണദോഷം കൊടുക്കാനുളള ഉത്തരവാദിത്വമുളളത്. അതുകൊണ്ടു പ്രസംഗകനു സമർപ്പിക്കാനുളള ഉപയോഗപ്രദമായ ഏതു വിവരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മിൽ ശേഷിച്ചവരെ അതു സ്വതന്ത്രരാക്കുന്നു.
11 വീണ്ടും, സ്കൂൾ മേൽവിചാരകൻ വിദ്യാർഥിപ്രസംഗകർക്കു ഗുണദോഷം കൊടുക്കുമ്പോൾ, കൊടുക്കപ്പെട്ട ഗുണദോഷത്തോടു താൻ യോജിക്കുന്നുണ്ടോ ഇല്ലയോ എന്നു മറെറാരു വിദ്യാർഥി തീരുമാനിക്കുന്നതു മിക്കപ്പോഴും നിർമാണാത്മകമല്ല. എന്നാൽ അതേ ഗുണദോഷം തനിക്കു ബാധകമാണോയെന്നും തനിക്ക് അതിൽനിന്നു വ്യക്തിപരമായി എന്തു പ്രയോജനം നേടാൻ കഴിയുമെന്നും തന്നോടുതന്നെ ചോദിക്കുന്നതു തീർച്ചയായും അയാൾക്കു ഗുണകരമായിരിക്കും. അങ്ങനെ നല്ല ശ്രോതാവായിരിക്കുന്നതിനാൽ തന്റെ പുരോഗതി പ്രസംഗിക്കുന്നതിനു താൻ നിയോഗിക്കപ്പെടുന്ന അവസരങ്ങളിൽ പരിമിതപ്പെടുത്തുന്നതിനു പകരം ചെയ്യപ്പെടുന്ന ഓരോ പ്രസംഗത്താലും പുരോഗമിക്കാൻ അയാൾ സഹായിക്കപ്പെടുന്നു.
12. ഏതു വിധത്തിൽ കുട്ടികൾക്കു നല്ല ശ്രോതാക്കളായിരിക്കാൻ പഠിക്കുന്നതിനു കഴിയും?
12 യുവജനങ്ങളും കൊച്ചുകുട്ടികളും കൂടെ ശ്രദ്ധിക്കുന്ന ശ്രോതാക്കളായിരിക്കാൻ പഠിപ്പിക്കപ്പെടണം. അവർ തങ്ങളുടെ മാതാപിതാക്കളുടെ നിരീക്ഷണദൃഷ്ടിയിലായിരിക്കുന്ന ഒരു സ്ഥലത്ത് ഇരിക്കുന്നുവെങ്കിൽ അതു സഹായകമാണ്. അവർക്കു വായിക്കാൻ കഴിയുമെങ്കിൽ, ഉപയോഗിക്കപ്പെടുന്ന പ്രസിദ്ധീകരണത്തിന്റെ സ്വന്തം പ്രതി ഉണ്ടായിരിക്കുന്നത് അവർക്കു പ്രോത്സാഹനമാണ്. പൊതുവേ പറഞ്ഞാൽ, പരിപാടിയിലേതല്ലാത്ത വിവരങ്ങളിൽ ശ്രദ്ധ വ്യാപരിപ്പിക്കാൻ അവരെ അനുവദിക്കുന്നതു മൗഢ്യമാണ്. ശ്രദ്ധിക്കുന്നതിനുളള ഒരു പ്രചോദനമായി, അവർ വീട്ടിലെത്തുമ്പോൾ പഠിച്ച ചില കാര്യങ്ങൾ ആവർത്തിക്കാൻ അവരോട് ആവശ്യപ്പെടുമെന്ന് അവരെ ധരിപ്പിക്കാൻ കഴിയും. യോഗത്തിൽ പറഞ്ഞ എന്തെങ്കിലും അവർ തീർച്ചയായും ഓർക്കുന്നുവെങ്കിൽ അല്ലെങ്കിൽ അതിന്റെ കുറിപ്പുണ്ടാക്കുന്നുവെങ്കിൽ അവരെ ഊഷ്മളമായി അഭിനന്ദിക്കണം.—ആവ. 31:12.
13, 14. ഭക്ഷ്യശീലങ്ങൾക്കു നമ്മുടെ ശ്രദ്ധിക്കലിനെ എങ്ങനെ ബാധിക്കാൻ കഴിയും?
13 യോഗസമയത്തിനു തൊട്ടുമുമ്പ് ഒരു കട്ടിയായ ഭക്ഷണംകഴിക്കുന്നത് ഒഴിവാക്കുന്നതിൽ നാം ശ്രദ്ധാലുക്കളാണെങ്കിൽ ശ്രദ്ധാകേന്ദ്രീകരണം കൂടുതൽ എളുപ്പമാണ്, അല്ലെങ്കിൽ അത് ഉറക്കം വരുത്തും. കാരണം ശരീരത്തിന്റെ കഴിവുകൾ ദഹനത്തിൽ ശ്രദ്ധിക്കുന്നതിന് ആയാസപ്പെടുന്നു, ഒരുവന്റെ ചിന്താപ്രക്രിയയെ പ്രവർത്തിപ്പിക്കുന്നതിനു കുറച്ചുമാത്രം അവശേഷിപ്പിച്ചുകൊണ്ടുതന്നെ. അങ്ങനെ മാനസികഗ്രഹണം മന്ദഗതിയിലാകുമ്പോൾ പ്രതികരണമോ ആഴമായ വിലമതിപ്പോ കൂടാതെ, പറയുന്നതു കേവലം ഉദാസീനമായി കേൾക്കുന്നതിന്റെ അല്ലെങ്കിൽ പൂർണമായും ഉറങ്ങിപ്പോകുന്നതിന്റെ അപകടമുണ്ട്.
14 ഒരുപക്ഷേ അതിലും പ്രധാനം, നൽകപ്പെടുന്ന പ്രബോധനത്തിനുവേണ്ടി ക്രമമായി സന്നിഹിതനാകാൻ നിങ്ങളുടെ കാര്യാദികൾ പട്ടികപ്പെടുത്തുന്നതാണ്. അനേകം സ്കൂളുകളിൽ വിദ്യാർഥികൾ ക്ലാസ്സുകളിൽ കയറാതിരിക്കുകയും പിന്നീടു വിവരങ്ങൾ സ്വയം പുനരവലോകനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾ കേൾക്കാത്ത പ്രബോധനത്തിൽനിന്നു നിങ്ങൾക്ക് അശേഷം പ്രയോജനം കിട്ടുകയില്ല. യോഗങ്ങൾക്കു ഹാജരാകുന്നതിൽനിന്നു നിങ്ങളെ തടയാൻ കുടുംബത്തെയോ സുഹൃത്തുക്കളെയോ അനുവദിക്കരുത്. ദൈവവചനത്തിൽനിന്ന് അവതരിപ്പിക്കപ്പെടുന്ന സത്യങ്ങൾ ജീവപാലകമായ ക്രമത്തോടെ കേൾക്കുന്നതിനു നിങ്ങൾ ഹാജരാകുന്നുവെന്ന് ഉറപ്പുവരുത്തുക.
15, 16. യോഗങ്ങളിലെ നമ്മുടെ ശ്രദ്ധിക്കൽപ്രാപ്തിയെ നമുക്ക് എങ്ങനെ പരിശോധിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യാൻ കഴിയുമെന്നു വിശദീകരിക്കുക.
15 നിങ്ങളുടെ ശ്രദ്ധിക്കൽ പ്രാപ്തിയെ പരിശോധിക്കൽ. നാം ഓരോ വാരത്തിലും അഞ്ചുമണിക്കൂർ സഭാമീററിംഗുകളിൽ ചെലവഴിക്കുന്നു. ആ സമയത്തിന്റെ അധികഭാഗത്തും ശ്രദ്ധിച്ചുകൊണ്ടു പഠിക്കുന്നതിനുളള അവസരം നമുക്കുണ്ട്. നിങ്ങൾ വ്യക്തിപരമായി ആ സമയത്തെ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടോ? ഓരോ വാരത്തിലും പരസ്യപ്രസംഗകൻ പരിചിന്തിക്കുന്ന നല്ല വിവരങ്ങളിൽ എന്തുമാത്രം നിങ്ങൾ ഓർമിക്കുന്നു? ശുശ്രൂഷാസ്കൂളിലും സേവനയോഗത്തിലും സംബന്ധിച്ചശേഷം ഓരോ പ്രസംഗത്തിന്റെയും മുഖ്യ ആശയം സ്വന്തവാക്കുകളിൽ പ്രസ്താവിക്കാൻ നിങ്ങൾക്കു കഴിയുമോ? അതോ ചില സമയങ്ങളിൽ, പരിപാടി നടത്തിയത് ആരായിരുന്നുവെന്നുപോലും നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നില്ലെന്നു നിങ്ങൾ കണ്ടെത്തുന്നുവോ? ഒരുപക്ഷേ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു കുറിപ്പുകൾ എഴുതിക്കൊണ്ടുപോലും വർധിച്ച ശ്രമം ചെലുത്തുന്നതിനാൽ നിങ്ങൾക്കു കൂടുതൽ പൂർണമായി പ്രയോജനമനുഭവിക്കാൻ കഴിയുമോ? അതു പരീക്ഷിക്കുക. അനന്തരം ചർച്ചയിലെ മുഖ്യാശയങ്ങൾ യോഗങ്ങൾക്കുശേഷം മററുളളവരുമായി പുനരവലോകനം ചെയ്യുക.
16 വാരംതോറുമുളള നമ്മുടെ യോഗങ്ങളിൽ പലതിലും ചോദ്യങ്ങൾ ചോദിക്കുകയും സദസ്യരെ അഭിപ്രായം പറയാൻ ക്ഷണിക്കുകയും ചെയ്യുന്നു. ആ അഭിപ്രായങ്ങൾ മിക്കപ്പോഴും മണിക്കൂറുകളോളം നടത്തിയ വ്യക്തിപരമായ പഠനത്തെയും വർഷങ്ങളിലെ അനുഭവജ്ഞാനത്തെയും പ്രതിഫലിപ്പിക്കുന്നു. മററുളളവർ അഭിപ്രായങ്ങൾ പറയുമ്പോൾ നിങ്ങൾ യഥാർഥത്തിൽ അവർ പറയുന്നതു ശ്രദ്ധിക്കുന്നുണ്ടോ? അവർ പൂർത്തിയാക്കിക്കഴിയുമ്പോൾ അവർ പറഞ്ഞതിന്റെ സാരം നിങ്ങളുടെ സ്വന്തവാചകത്തിൽ ആവർത്തിക്കാൻ കഴിയത്തക്കവണ്ണം നിങ്ങൾ അവധാനപൂർവം ശ്രദ്ധിക്കുന്നുവോ? അതുതന്നെ ചെയ്യാൻ ശ്രമിക്കുക, നിങ്ങൾ എത്രയധികംകൂടെ യഥാർഥത്തിൽ കേൾക്കുന്നുവെന്നതിൽ നിങ്ങൾ സന്തോഷിക്കും.
17. ഖണ്ഡികകൾ വായിക്കുമ്പോൾ നമ്മുടെ ശ്രദ്ധയെ പിടിച്ചുനിർത്തുന്നതിന് എന്തു സഹായിക്കും?
17 ഈ യോഗങ്ങളിൽ വളരെയധികം വായനയും നടത്തപ്പെടുന്നു. വീക്ഷാഗോപുര അധ്യയനത്തിലും പുസ്തകാധ്യയനത്തിലും അധ്യയനഭാഗത്തെ ഖണ്ഡികകൾ വായിക്കപ്പെടുന്നു. വായിക്കുന്നതു നിങ്ങൾ യഥാർഥത്തിൽ ശ്രദ്ധിക്കുന്നുണ്ടോ, അതോ വായനാസമയത്തു നിങ്ങൾ നിങ്ങളുടെ മനസ്സ് അലഞ്ഞുതിരിയാൻ അനുവദിക്കുന്നുവോ? വാഗ്രൂപേണയുളള അഭിപ്രായങ്ങളിൽ ഉൾപ്പെടുത്താൻ സമയമനുവദിക്കാത്ത ധാരാളം വിശദാംശങ്ങൾ ഖണ്ഡികകളിലുണ്ട്. അനന്തരം അഭിപ്രായം പറയുന്നവരാലുളള മുഖ്യാശയങ്ങളുടെ ആവർത്തനം വിവരങ്ങൾ മനസ്സിൽ വ്യക്തമായി പതിപ്പിക്കാൻ സഹായിക്കുന്നു. യോഗങ്ങളിൽ വായിക്കുന്നതെല്ലാം നാം യഥാർഥമായി ശ്രദ്ധിക്കുന്നുവെങ്കിൽ നമുക്ക് എത്രയധികം പഠിക്കാൻ കഴിയും! നിങ്ങൾ നിങ്ങളുടെ ദൃഷ്ടികൾ അച്ചടിച്ച വിവരങ്ങളിൽ കേന്ദ്രീകരിക്കുകയും അതുപോലെതന്നെ ശ്രദ്ധിക്കുകയും ചെയ്യുന്നുവെങ്കിൽ അങ്ങനെ ചെയ്യാൻ അതു നിങ്ങളെ സഹായിക്കും.
18-20. ഉത്സുകരായ ശ്രദ്ധാലുക്കൾക്ക് എങ്ങനെ പ്രതിഫലം ലഭിക്കുന്നു?
18 ഉത്സുകരായ ശ്രോതാക്കൾക്കു പ്രതിഫലം കിട്ടുന്നു. പഠിക്കാൻ വളരെയധികം ഉണ്ടെന്നും സാധ്യമാകുന്നടത്തോളം സ്വീകരിക്കാൻ തങ്ങൾ ആകാംക്ഷയുളളവരാണെന്നും ഉത്സുകരായ ശ്രോതാക്കൾ തിരിച്ചറിയുന്നു. അവർ സദൃശവാക്യങ്ങൾ 2:3, 4-ലെ ബുദ്ധ്യുപദേശം ശ്രദ്ധിക്കുന്നു: ‘ബോധത്തിന്നായി വിളിക്കുക. . . വിവേകത്തിന്നായി ശബ്ദം ഉയർത്തുക . . . അതിനെ വെളളിയെപ്പോലെ അന്വേഷിക്കുക.’ അവർ അന്വേഷണം നടത്തുമ്പോൾ യഹോവ അവരെ അനുഗ്രഹിക്കുന്നു, എന്തുകൊണ്ടെന്നാൽ “എങ്കിൽ നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. . . അങ്ങനെ നീ നീതിയും ന്യായവും നേരും സകലസൻമാർഗ്ഗവും ഗ്രഹിക്കും.”—സദൃ. 2:5, 9.
19 നല്ല ശ്രോതാക്കളായിരിക്കുന്നതിനു നാം നമുക്കുതന്നെ ശിക്ഷണം കൊടുക്കണമെന്നുളളതു സത്യമാണ്. എന്നാൽ അത് എത്ര പ്രതിഫലദായകമാണ്! നമ്മുടെ ആത്മീയവളർച്ച അനായാസം പ്രകടമായിത്തീരുന്നു. നമ്മുടെ ജീവിതത്തിൽ പ്രയോജനകരമായ മാററങ്ങൾ വരുത്തപ്പെടുന്നു. പ്ലാററ്ഫാറത്തിൽനിന്നും വയൽശുശ്രൂഷയിലും സുവാർത്ത അറിയിക്കുന്നതിനുളള നമ്മുടെ പ്രാപ്തി മെച്ചപ്പെടുന്നു.
20 വ്യക്തിപരമായ പഠനത്തിനുളള നമ്മുടെ സമയം വളരെ പരിമിതമായിരിക്കാമെന്നിരിക്കെ, സഭാമീററിംഗുകളിൽ വളരെയധികം ശ്രദ്ധിക്കുന്നതിനുളള അവസരം നമുക്കെല്ലാമുണ്ട്. അപ്പോൾ നമ്മുടെ ശ്രദ്ധിക്കലിന്റെ ഗുണം എത്ര പ്രധാനമാണ്! നാം കേൾക്കുന്ന കാര്യങ്ങളിൽ നമ്മുടെ യഹോവാസേവനവും നിത്യജീവനും ഉൾപ്പെട്ടിരിക്കുന്നതുകൊണ്ടു “നിങ്ങൾ എങ്ങനെ കേൾക്കുന്നു [ശ്രദ്ധിക്കുന്നു, NW] എന്നു സൂക്ഷിച്ചുകൊൾവിൻ” എന്ന യേശുവിന്റെ ബുദ്ധ്യുപദേശം എത്ര ഉചിതമാണ്!—ലൂക്കൊ. 8:18.
[അധ്യയന ചോദ്യങ്ങൾ]