നയമുളളവർ, അതേസമയം ദൃഢതയുളളവർ
പാഠം 14
നയമുളളവർ, അതേസമയം ദൃഢതയുളളവർ
1. നാം നയം നട്ടുവളർത്തേണ്ടത് എന്തുകൊണ്ട്?
1 യേശു തന്റെ ശിഷ്യൻമാരെ പ്രസംഗിക്കാൻ അയച്ചപ്പോൾ, അവർ പറയുന്നതിലും ചെയ്യുന്നതിലും വിവേചന ഉപയോഗിക്കണമെന്ന് അവിടുന്നു വ്യക്തമാക്കി. താൻ അവരോടുകൂടെ ഉണ്ടായിരിക്കുമെന്ന് അവിടുന്നു വാഗ്ദത്തം ചെയ്തെങ്കിലും അനാവശ്യമായ പ്രയാസങ്ങൾ വരുത്തിക്കൂട്ടുന്ന ഒരു വിധത്തിൽ അവർ പ്രവർത്തിക്കരുതായിരുന്നു. (മത്താ. 10:16) തങ്ങളുടെ ഇടയിൽപോലും ക്രിസ്ത്യാനികൾ ചിന്താശൂന്യമായി അന്യോന്യം ഉപദ്രവിക്കാതിരിക്കാൻ തങ്ങളുടെ സംസാരത്തിലും പ്രവൃത്തികളിലും വിവേചന ഉപയോഗിച്ചേതീരൂ. (സദൃ. 12:8, 18) അതുകൊണ്ടു നയം നട്ടുവളർത്തേണ്ട ആവശ്യമുണ്ട്.
2. നയം എന്നതിന്റെ അർഥമെന്താണ്?
2 “മററുളളവരോട് ഇടപെടുമ്പോൾ എന്തു പറയുന്നത് അല്ലെങ്കിൽ ചെയ്യുന്നത് ഉചിതമാണെന്നുളള തിരിച്ചറിവ്” എന്നും “ഇടർച്ചവരുത്താതെ മററുളളവരോട് ഇടപെടാനുളള പ്രാപ്തി” എന്നും നയം നിർവചിക്കപ്പെടുന്നു. നയമുളളവരായിരിക്കുകയെന്നാൽ മററുളളവർക്കു വ്രണിതവികാരങ്ങൾ ഉണ്ടാകാതിരിക്കാൻ സംസാരത്തിലും പ്രവൃത്തിയിലും കൃപയുളളവരായിരിക്കുക എന്നാണർഥം. നാം കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്ന വിധത്താൽ ഇടർച്ചക്കിടയാക്കാൻ നാം ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, പറയുകയോ ചെയ്യുകയോ ചെയ്യുന്ന കാര്യങ്ങളാൽ നാം മററുളളവർക്ക് ഒരിക്കലും ഇടർച്ചവരുത്തുകയില്ല എന്ന് ഇതിനർഥമില്ല, കാരണം ബൈബിളിന്റെ സന്ദേശംതന്നെ ചിലർക്ക് ഇടർച്ചയാണ്. (റോമ. 9:33; 2 കൊരി. 2:15, 16) അതുകൊണ്ട്, നാം ശീലത്തിൽ നയമുളളവരാണെങ്കിലും നാം ദൈവത്തിന്റെ സത്യത്തിനുവേണ്ടി ദൃഢതയുളളവർകൂടെയാണ്.
3. ആത്മാവിന്റെ ഫലം നയത്തിന്റെ അടിസ്ഥാനമായിരിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
3 നാം ദൈവാത്മാവിന്റെ ഫലം പ്രകടമാക്കുന്നുവെങ്കിൽ, നമ്മുടെ ദൈനംദിനജീവിതത്തിൽ നയമുളളവരായിരിക്കുക പ്രയാസമല്ല. ആ ഫലമാണു നയത്തിന്റെ അടിത്തറ അഥവാ അടിസ്ഥാനം. (ഗലാ. 5:22, 23) ദൃഷ്ടാന്തത്തിന്, സ്നേഹത്താൽ പ്രേരിതനാകുന്ന ഒരാൾ മററുളളവരെ അലോസരപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, എന്നാൽ അവരെ സഹായിക്കുന്നതിന് അയാൾക്ക് ആത്മാർഥമായ ആഗ്രഹമുണ്ട്. ദയ പ്രകടമാക്കുന്ന ആൾ താൻ കാര്യങ്ങൾ ചെയ്യുന്ന വിധത്തിൽ ശാന്തനായിരിക്കും. ആത്മനിയന്ത്രണം നട്ടുവളർത്തിയിരിക്കുകയും പീഡാകരമായ സാഹചര്യങ്ങളിൽ ശാന്തനായി സ്ഥിതിചെയ്യുകയും ചെയ്യുന്ന ആൾ തന്റെ വീക്ഷണം മറെറാരാളെക്കൊണ്ടു സ്വീകരിപ്പിക്കാൻ അത്യന്തം സാധ്യതയുണ്ട്. മറിച്ച്, ആവേശം കൊളളുന്നവനോ ക്ഷിപ്രകോപിയോ വെട്ടിത്തുറന്നു കാര്യങ്ങൾ പറയാനും അങ്ങനെ താൻ ആരോടു സംസാരിക്കുന്നുവോ അവരുടെ ശത്രുത ഉണർത്താനുമിടയുണ്ട്. (സദൃ. 15:18) നമ്മുടെ സംസാരവും പ്രവർത്തനങ്ങളും ന്യായബോധമുളളവരെ അകററുന്നതല്ല, ആകർഷിക്കുന്നതായിരിക്കണം.
4-8. (എ) നമുക്കു നമ്മുടെ വീടുതോറുമുളള ശുശ്രൂഷയിൽ എങ്ങനെ നയം പ്രകടമാക്കാൻ കഴിയും? (ബി) നയത്തിനു വിട്ടുവീഴ്ച ആവശ്യമാണോ? അതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
4 വയൽശുശ്രൂഷയിൽ നയം പ്രയോഗിക്കൽ. വീടുതോറുമുളള ശുശ്രൂഷയിൽ വീട്ടുകാരന് ഉത്കണ്ഠയുളള കാര്യങ്ങളിൽ നിങ്ങളുടെ സംഭാഷണം ആരംഭിക്കുകയും ദൈവരാജ്യം എങ്ങനെ പരിഹാരം വരുത്തുമെന്നു കാണിക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾക്കു നയം പ്രകടമാക്കാൻ കഴിയും. അയാളുടെ നീതിസ്നേഹത്തെയും ന്യായബോധത്തെയും മെച്ചപ്പെട്ട കാര്യങ്ങൾക്കായുളള ആഗ്രഹത്തെയും ഉണർത്തുക. അയാളുടെ മതവീക്ഷണങ്ങളെ കളിയാക്കുന്നത് അല്ലെങ്കിൽ കുററം വിധിക്കുന്നത് അയാളുടെ മനസ്സ് അടയ്ക്കുകയേ ഉളളു. അതുകൊണ്ടു വിവാദം ഇളക്കിവിടുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനു പകരം ആളുകൾ പൊതുവേ ശരിയെന്നു അംഗീകരിക്കുന്ന കാര്യങ്ങൾ ആകർഷകമായി സംസാരിക്കുക. കൂടുതൽ വിവാദാത്മകമായ കാര്യങ്ങളിലേക്കു നീങ്ങേണ്ടത് ആവശ്യമാണെങ്കിൽ, ആദ്യം വീട്ടുകാരനുമായി യോജിപ്പുളള എന്തെങ്കിലും പോയിൻറു കണ്ടുപിടിക്കുകയും ആ യോജിപ്പിനെ ഊന്നിപ്പറയുകയും ചെയ്യുക. രാജ്യവും അതിന്റെ അനുഗ്രഹങ്ങളുമാകുന്ന പ്രത്യാശാജനകമായ സത്യങ്ങൾ നിങ്ങൾക്കു വീട്ടുകാരന്റെ മനസ്സിൽ പതിപ്പിക്കാൻ കഴിയുമെങ്കിൽ വ്യക്തി ദൈവത്തിന്റെ അനർഹദയയെ വിലമതിക്കാനിടയാകുമ്പോൾ മററു കാര്യങ്ങൾ തക്ക സമയത്തു തിരുത്തപ്പെടും.
5 നയമുളള ആൾ താൻ ആരുമായി സംസാരിക്കുന്നുവോ അയാൾ സംഭാഷണത്തിൽ ഉൾപ്പെടാനും അയാളുടെ വീക്ഷണങ്ങൾ വെളിപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നതിനു സകല ശ്രമവും ചെയ്യുന്നു. പൗലോസ്, താൻ ആരോടു സാക്ഷീകരിച്ചോ അവരുടെ വീക്ഷണകോണത്തിൽ ചിന്തിക്കാൻ ശ്രമിക്കുകയും അങ്ങനെ സുവാർത്തക്ക് അനുകൂലമായി ശക്തമായ വാദങ്ങൾ ഉന്നയിക്കാൻ മെച്ചമായി പ്രാപ്തനാകുകയും ചെയ്തു. (1 കൊരി. 9:20-22) നാം അതുതന്നെ ചെയ്യേണ്ടതുണ്ട്. മററാളുകളുടെ സാഹചര്യങ്ങളോട്, അവർ ആരായിരിക്കുന്നുവോ അതായിരിക്കുന്നതിന്റെയും അവർ വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നതുപോലെ വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെയും കാരണത്തോടു പുലർത്തുന്ന ഒരു സഹതാപപൂർവകമായ വീക്ഷണം, നയപൂർവം സഹാനുഭാവത്തോടെ അവരോട് ഇടപെടാൻ ഒരുവനെ സഹായിക്കും. ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളോ വ്യത്യസ്ത അനുഭവങ്ങളോ ഒരു വ്യത്യസ്ത പ്രമാണത്തിലുളള ആശ്രയമോ ആയിരിക്കാം അവരുടെ ചിന്താരീതിയുടെ കാരണം. മറേറ കക്ഷിയുടെ ചിന്തസംബന്ധിച്ചു കുറെ സൂചന കിട്ടിക്കഴിഞ്ഞാൽ നിങ്ങൾക്ക് ആ വ്യക്തി ചിന്തിക്കുന്ന വിധവും അങ്ങനെ ചിന്തിക്കുന്നതിനുളള അയാളുടെ കാരണങ്ങളും അറിയാത്തതുനിമിത്തം ഉണ്ടാകാവുന്ന അനാവശ്യമായ ഇടർച്ചക്ക് ഇടയാക്കാതെ ഒരു ക്രിയാത്മകമായ വിധത്തിൽ സുവാർത്തയുടെ അവതരണത്തിലേക്കു കടക്കാൻ കഴിയും.
6 മറേറയാളുടെ വീക്ഷണത്തിന്റെ പരിഗണന ശരിസംബന്ധിച്ചുളള ഒരു വിട്ടുവീഴ്ചയെ അർഥമാക്കുന്നില്ല. നയം വസ്തുതകളുടെ വളച്ചൊടിക്കലല്ല. എല്ലാ സമയങ്ങളിലും ശരിയായതിനോടുളള ദൃഢമായ പററിനിൽപ്പ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഒരു വ്യക്തി നയം പ്രകടമാക്കുന്നതിനു പകരം താൻ സത്യംസംബന്ധിച്ചു വിട്ടുവീഴ്ച ചെയ്യുകയാണെന്നു കണ്ടെത്തിയേക്കാം. താൻ നീതിസ്നേഹത്തിനു പകരം മാനുഷഭയത്താൽ പ്രേരിതനാകുന്നതായി അയാൾ കണ്ടെത്തിയേക്കാം. എന്നിരുന്നാലും, നയത്തിൽ സത്യംസംബന്ധിച്ച വിട്ടുവീഴ്ച ഉൾപ്പെടുന്നില്ലെന്നിരിക്കെ അതിൽ സമയനിർണയം, അതായത്, ചില വിവരങ്ങൾ വെളിപ്പെടുത്താനുളള തക്ക സമയം നിർണയിക്കുന്നത് ഉൾപ്പെടുന്നു. ചിലപ്പോൾ, പറഞ്ഞ എന്തെങ്കിലും കേവലം അവഗണിക്കുന്നതു നയമാണ്. ചില കാര്യങ്ങൾ പിൽക്കാലത്തേക്ക്, ഒരു വ്യക്തി അതിനുവേണ്ടി തയ്യാറാകുന്നതുവരെ, മാററിവെക്കുന്നത് ഏററവും നന്നായിരുന്നേക്കാം. യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞപ്രകാരം: “ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.” (യോഹ. 16:12) അതുകൊണ്ടു നാം ആരോടു സംസാരിക്കുന്നുവോ അയാളോടു യോജിക്കാതിരുന്നേക്കാമെങ്കിലും, നാം തെററായ ഏത് ആശയവും സത്വരം ചൂണ്ടിക്കാണിക്കേണ്ടതില്ല. നാം അതു ചെയ്താൽ അത് അയാളുടെ മനസ്സ് അടയ്ക്കാനും കൂടുതലായ ചർച്ചയെ തടയാനും മാത്രമായിരിക്കാം ഉപകരിക്കുന്നത്.
7 സംഭാഷണമധ്യേ ഒരു വീട്ടുകാരൻ ബൈബിളിൽനിന്നു താൻ തെററാണെന്നു പറയുന്ന അനേകം കാര്യങ്ങൾ ഉന്നയിക്കുമ്പോൾ ചുരുങ്ങിയ സമയംകൊണ്ട് എല്ലാ തടസ്സവാദങ്ങളെയും നയപൂർവം ഖണ്ഡിക്കുക പ്രയാസമാണ്. അവയിൽ മിക്കതും അവഗണിക്കുന്നതും പരിചിന്തിക്കുന്ന പ്രത്യേക കാര്യത്തോടു ബന്ധമുളളതുമാത്രം ചർച്ചചെയ്യുന്നതുമാണ് മിക്കപ്പോഴും ഏററവും നല്ലത്. അല്ലെങ്കിൽ വീട്ടുകാരൻ ലൗകിക തർക്കങ്ങളിലേക്കു നിങ്ങളെ വലിച്ചിഴക്കാൻ ശ്രമിച്ചേക്കാം. അങ്ങനെയുളള ലൗകികപ്രശ്നങ്ങൾക്കു ബൈബിളിന്റെ ഉത്തരം കൊടുത്തുകൊണ്ടു നയപൂർവം ഉൾപ്പെടൽ ഒഴിവാക്കുക. ഈ വിധത്തിൽ നിങ്ങൾ യേശുവിന്റെ ദൃഷ്ടാന്തം അനുകരിക്കുന്നതായിരിക്കും.—മത്താ. 22:15-22.
8 കുപിതനായ ഒരു വീട്ടുകാരനെ കണ്ടുമുട്ടുമ്പോൾ നയമുളളവനും അതേസമയം ദൃഢതയുളളവനുമായിരിക്കുക. കേവലം അയാളെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനു സത്യംസംബന്ധിച്ചു വിട്ടുവീഴ്ച ചെയ്യരുത്. പകരം അയാൾ അങ്ങനെ വിചാരിക്കുന്നതെന്തുകൊണ്ടെന്നു ഗ്രഹിക്കാൻ ശ്രമിക്കുക, ഒരുപക്ഷേ അയാൾക്ക് ആ വീക്ഷണഗതി ഉളളതെന്തുകൊണ്ടെന്ന് അയാളോടു ചോദിക്കുകപോലും ചെയ്യുക. അദ്ദേഹം അഭിപ്രായം പറയുന്നുവെങ്കിൽ, നിങ്ങളുടെ വിചാരത്തിന്റെ കാരണം അയാളെ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നു നിങ്ങൾക്കു പറയാവുന്നതാണ്. എന്നാൽ നിങ്ങൾക്കു സംഭാഷണം എത്ര ദീർഘിപ്പിക്കാൻ കഴിഞ്ഞാലും ഏററവും നല്ല ഫലം ലഭിക്കുന്നതു നയത്തിനായിരിക്കും. സദൃശവാക്യങ്ങൾ 15:1-ലെ ബുദ്ധ്യുപദേശം ഓർക്കുക: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു. കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.” എന്നിരുന്നാലും, ചിലയാളുകൾ ന്യായബോധമില്ലാത്തവരാണെന്നു പ്രകടമാക്കുന്നുവെങ്കിൽ, കേവലം സ്ഥലം വിടുന്നതാണ് ഏററവും നല്ലത്.—മത്താ. 7:6.
9, 10. നമ്മുടെ ക്രിസ്തീയസഹോദരൻമാരോട് ഇടപെടുമ്പോൾ നയം ആവശ്യമാണോ?
9 ക്രിസ്തീയസഹോദരൻമാരോടു നയമുളളവർ. യഹോവയെ അറിയാത്തവരോട് ഇടപെടുന്നതിൽ നാം നയം നട്ടുവളർത്തണമെന്നുമാത്രമല്ല, നമ്മുടെ ആത്മീയ സഹോദരൻമാരോട് ഇടപെടുമ്പോഴും നമുക്ക് അത് ആവശ്യമാണ്. ചിലപ്പോൾ വയൽശുശ്രൂഷയിൽ വളരെ നയമുളളവരായ സഹോദരീസഹോദരൻമാർ തങ്ങളുടെ സഹോദരബന്ധങ്ങളിൽ നയമുളളവരായിരിക്കേണ്ടതിന്റെ ആവശ്യകത മറന്നേക്കാം. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആത്മാവു കെട്ടുപണിചെയ്യുന്നതിനും നല്ല അനുദിനബന്ധങ്ങൾ ഉണ്ടായിരിക്കുന്നതിനും യഹോവയുടെ സ്ഥാപനത്തിൽ സംസാരത്തിലും പ്രവൃത്തികളിലുമുളള ശാന്തത മർമപ്രധാനമാണ്. “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമചെയ്യുക” എന്ന് പൗലോസ് പറഞ്ഞു.—ഗലാ. 6:10.
10 നാം നമ്മുടെ സഹോദരൻമാരിൽ, വിശേഷിച്ച് അവരുടെ ആത്മീയ താത്പര്യങ്ങളിൽ, തത്പരരാണ്. കാരണം നമ്മളെല്ലാം യഹോവയുടെ സ്ഥാപനത്തിലാണ്. (ഫിലി. 2:2, 4) എന്നിരുന്നാലും, തന്റെ സഹോദരൻമാരിൽ താത്പര്യമെടുക്കുമ്പോൾത്തന്നെ താൻ ഒരുപക്ഷേ ചോദിക്കേണ്ട കാര്യമില്ലാത്ത ബുദ്ധിമുട്ടിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടരുതെന്നു നയമുളള ആൾ മനസ്സിലാക്കുന്നു. നയം “പരകാര്യത്തിൽ ഇടപെടുന്നവനാ”യിരിക്കുന്നത് ഒഴിവാക്കാൻ നമ്മെ സഹായിക്കും.—1 പത്രൊ. 4:15.
11. സഭയിലെ മൂപ്പൻമാരുടെ ഭാഗത്തെ നയത്തിന്റെ ആവശ്യത്തെ തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത് എങ്ങനെ?
11 സഭയിലെ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന മൂപ്പൻമാർക്കു നയം വിശേഷാൽ മൂല്യവത്താണ്. അപ്പോസ്തലനായ പൗലോസ് ക്രിസ്തീയ സഭയിലെ വഴിപിഴച്ചവരോട് ഇടപെടേണ്ടത് എങ്ങനെയെന്നുളള നിർദേശങ്ങൾ തിമോഥെയോസിനു കൊടുത്തപ്പോൾ ശാന്തതയും ദയയുമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു: “കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും . . . ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു. . . . പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു . . . ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.” (2 തിമൊ. 2:24-26) അതുപോലെതന്നെ അറിയാതെ ഒരു തെററായ നടപടി സ്വീകരിച്ചിരിക്കുന്ന ഒരു സഹോദരനെ സമീപിക്കുമ്പോൾ “സൌമ്യതയുടെ ആത്മാവ്” ഉപയോഗിക്കാൻ അപ്പോസ്തലനായ പൗലോസ് ബുദ്ധ്യുപദേശിച്ചു. (ഗലാ. 6:1) അങ്ങനെയുളളവരെ ബുദ്ധ്യുപദേശിക്കുമ്പോൾ മൂപ്പൻമാർ നയമുളളവരായിരിക്കേണ്ടതുണ്ട്, എന്നാൽ അതേസമയം നീതിയുടെ തത്ത്വങ്ങൾക്കുവേണ്ടി ദൃഢതയുളളവരായിരിക്കണം.
12, 13. നമ്മുടെ ഭവനങ്ങളിൽ നയം മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
12 മററുളളവരോട് ഇടപെടുന്നതിലുളള നമ്മുടെ നയം കുടുംബവൃത്തത്തിലുളളവരെയും ഉൾപ്പെടുത്തണം. കുടുംബത്തിലുളളവരെ നമുക്കു നന്നായി അറിയാവുന്നതുകൊണ്ട് അവരോടു പരുഷരോ ദയയില്ലാത്തവരോ ആയിരിക്കാൻ കാരണമില്ല. നയപൂർവകമായ ഇടപെടലിന് അവരും അർഹതയുളളവരാണ്. അവർ പരുഷമോ പരിഹാസ്യമോ പരുക്കനോ ആയ സംസാരത്താൽ അകററപ്പെടും. മററു കുടുംബാംഗങ്ങൾ യഹോവയുടെ ദാസരല്ലെങ്കിൽ, അവരോടു സംസാരിക്കുമ്പോൾ നമുക്കു നയം ഒഴിവാക്കാമെന്ന് അതിനർഥമുണ്ടോ? യാതൊരു പ്രകാരത്തിലുമില്ല, എന്തെന്നാൽ അവിശ്വാസികളുമായി ഇടപെടുമ്പോഴത്തെ നയം, അവർ എന്നെങ്കിലും സത്യാരാധന സ്വീകരിക്കുന്നതിൽ കലാശിച്ചേക്കാം.—1 പത്രൊ. 3:1, 2.
13 നാം ഇടപെടുന്നതു പൊതുജനങ്ങളോടോ നമ്മുടെ ആത്മീയസഹോദരീസഹോദരൻമാരോടോ നമ്മുടെ സ്വന്തം കുടുംബങ്ങളോടോ ആയാലും ദിവ്യാധിപത്യനയത്തിന്റെ ഉപയോഗം വളരെയധികം സദ്ഫലം ഉളവാക്കുന്നു. അതിനു കേൾവിക്കാരനിൽ പ്രസാദമധുരമായ ഒരു ഫലമുണ്ട്, സദൃശവാക്യങ്ങൾ 16:24 പ്രകടമാക്കുന്നതുപോലെ: “ഇമ്പമുളള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ.” തീർച്ചയായും അപ്പോൾ നിങ്ങൾ കണ്ടുമുട്ടുന്ന ഓരോരുത്തർക്കും പ്രയോജനംചെയ്യാനുളള ഒരു ശക്തമായ ആഗ്രഹത്താൽ പ്രേരിതരായി നയം നട്ടുവളർത്തുക.
[അധ്യയന ചോദ്യങ്ങൾ]