നിങ്ങളുടെ ഉത്തരങ്ങൾ മെച്ചപ്പെടുത്തൽ
പാഠം 18
നിങ്ങളുടെ ഉത്തരങ്ങൾ മെച്ചപ്പെടുത്തൽ
1, 2. നമ്മളെല്ലാം നല്ല ഉത്തരങ്ങൾ പറയുന്നതിൽ ബദ്ധശ്രദ്ധരായിരിക്കേണ്ടത് എന്തുകൊണ്ട്?
1 ക്രിസ്ത്യാനികളെല്ലാം നല്ല ഉത്തരങ്ങൾ പറയാനുളള പ്രാപ്തി നട്ടുവളർത്തണം. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊ. 4:6) നമ്മുടെ ഉത്തരങ്ങൾ മെച്ചപ്പെടുത്താൻ നാം കഠിനശ്രമം ചെയ്യുന്നതു സ്വാഭാവികമാണ്. നാം നന്നായി ഉത്തരം പറയുമ്പോൾ അതു നമുക്കു യഥാർഥ ഉല്ലാസം കൈവരുത്തുന്നു: “താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യനു സന്തോഷം വരും; തക്ക സമയത്തു പറയുന്ന വാക്കു എത്ര മനോഹരം!”—സദൃ. 15:23.
2 നിങ്ങളുടെ ഉത്തരങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം നിങ്ങൾക്കു വ്യക്തിപരമായി തോന്നുന്നുണ്ടോ? സഭായോഗങ്ങളിലെ നിങ്ങളുടെ പങ്കുപററലിൽ നിങ്ങൾ പൂർണമായും സംതൃപ്തനാണോ? അതോ യഥാർഥത്തിൽ നിങ്ങൾക്കു വളരെയധികം ഉല്ലാസം കൈവരുത്തുന്ന എന്തെങ്കിലും അഭിവൃദ്ധി വരുത്താനുണ്ടോ? നിങ്ങളുടെ വയൽശുശ്രൂഷയിൽ, നിങ്ങൾ ഒരു സാഹചര്യത്തെ വ്യത്യസ്തമായി കൈകാര്യം ചെയ്തിരുന്നെങ്കിലെന്ന് ആശിക്കുന്ന സമയങ്ങളുണ്ടോ? ഇതു നമ്മേസംബന്ധിച്ചെല്ലാം സത്യമാണ്, തന്നിമിത്തം നമ്മുടെ ഉത്തരങ്ങളെ നമുക്ക് എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് ഒരുമിച്ചു പരിചിന്തിക്കുന്നതു പ്രയോജനകരമാണ്.
3, 4. ഒരു യോഗസമയത്ത് ഒരൊററ ചോദ്യത്തിനു വിവിധ അഭിപ്രായങ്ങൾ പറയാവുന്നതെങ്ങനെ?
3 സഭാമീററിംഗുകൾ. യഹോവയുടെ സാക്ഷികളുടെ മിക്ക സഭകളിലും വീക്ഷാഗോപുര അധ്യയനത്തിലോ സഭാപുസ്തകാധ്യയനത്തിലോ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ വാചാപുനരവലോകനത്തിലോ ചിലർ ചോദ്യങ്ങൾക്കുളള ഉത്തരങ്ങളുമായി എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നതായി ശ്രദ്ധിക്കപ്പെടുന്നു. ഇതു യാദൃച്ഛികസംഭവമല്ല. അവർ യഹോവയുടെ ജനത്തോടൊത്തുളള വർഷങ്ങളിലെ പഠനത്തെയും സഹവാസത്തെയും പ്രയോജനപ്പെടുത്തുകയായിരിക്കാം; എന്നാൽ മിക്ക സന്ദർഭങ്ങളിലും ഇപ്പോഴത്തെ തയ്യാറാകലും ഒരു വലിയ ഘടകമാണ്. വിവരങ്ങൾ മുന്നമേ പഠിക്കാൻ ലക്ഷ്യംവെക്കുന്നതിനാൽ പുതുതായി സഹവസിക്കുന്നവർക്കുപോലും നല്ല ഉത്തരങ്ങൾ പറയാൻ കഴിയും.—സദൃ. 15:28.
4 ഒരു ചോദ്യത്തിന് ആദ്യം ഉത്തരം പറയുന്നതു നിങ്ങളാണെങ്കിൽ, അതിനു നേരിട്ടുളള ഉത്തരം കൊടുത്തുകൊണ്ടു വ്യക്തമായ ധാരണ പ്രകടമാക്കുന്നതു സാധാരണയായി നല്ലതാണ്. എന്നാൽ ആരെങ്കിലും ചോദ്യത്തിന് ഉത്തരം പറഞ്ഞുകഴിഞ്ഞെങ്കിൽ ചർച്ച അവിടെ അവസാനിക്കണമെന്നു വിചാരിക്കരുത്. നിങ്ങൾക്ക് അതേ ചോദ്യം സംബന്ധിച്ചുളള കൂടുതലായ അഭിപ്രായങ്ങൾക്കു ഈ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യാവുന്നതാണ്: ഉത്തരം വിശദീകരിക്കുക, ഖണ്ഡികയിലെ തിരുവെഴുത്തുകൾ ഉത്തരത്തെ എങ്ങനെ തെളിയിക്കുന്നുവെന്നു കാണിക്കുക, അല്ലെങ്കിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നമ്മുടെ സ്വന്തം ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടുക. വിവരങ്ങൾ ലോകാവസ്ഥകളെയോ വ്യാജമതാചാരങ്ങളെയോ കുറിച്ചുളളതാണെങ്കിൽ, ഖണ്ഡിക പറയുന്നതിന്റെ സത്യതയെ പ്രദീപ്തമാക്കുന്ന ഒരു അനുഭവത്തെയോ ഒരു പ്രാദേശികസാഹചര്യത്തെയോ കുറിച്ചു നിങ്ങൾക്ക് അഭിപ്രായം പറയാവുന്നതാണ്. ഇതു ചർച്ചയെ സമ്പന്നമാക്കുന്നു.
5. ചുരുക്കിയും ഒരുവന്റെ സ്വന്തവാക്കുകളിലും ഉത്തരം പറയുന്നതു നല്ലതായിരിക്കുന്നത് എന്തുകൊണ്ട്?
5 ഉത്തരങ്ങൾ ഹ്രസ്വവും കുറിക്കുകൊളളുന്നതുമായിരിക്കുമ്പോൾ അവയ്ക്കു സാധാരണയായി കൂടുതൽ ഘനമുണ്ടായിരിക്കും, ശ്രദ്ധിക്കുന്നവരിൽ കൂടുതൽ ആഴത്തിൽ പതിയുകയും ചെയ്യുന്നു. മിക്കപ്പോഴും അത്തരം ഉത്തരങ്ങൾ ജ്ഞാനപൂർവകമാണ്. ആരെങ്കിലും മുഴുഖണ്ഡികയിലെയും ആശയങ്ങളിലൂടെ കാടുകയറുന്നുവെങ്കിൽ യാതൊന്നും മുന്തിനിൽക്കുന്നില്ല, ശ്രോതാക്കൾ സാധാരണയായി ചോദ്യത്തിന്റെ ഖണ്ഡിതമായ ഉത്തരം സംബന്ധിച്ചു വളരെയധികം ജ്ഞാനികളായിത്തീരുന്നില്ല. കൂടാതെ, അഭിപ്രായം പറയുന്നയാളിന്റെ സ്വന്തം വാക്കുകളിലുളള ഉത്തരങ്ങളാണു സാധാരണയായി ഏററവും സഹായകം. ഈ രീതിയിലുളള അഭിപ്രായംപറയൽ വിവരങ്ങൾ സ്വന്തമാക്കാൻ ഉത്തരംപറയുന്നയാളെ സഹായിക്കുന്നു, ഉപയോഗിക്കപ്പെടുന്ന വാചകരീതി മിക്കപ്പോഴും മററുളളവർക്കു മുമ്പു പിടികിട്ടാതിരുന്ന ആശയങ്ങൾ ഗ്രഹിക്കുന്നതിന് അവരെ സഹായിക്കുന്നു. ശുശ്രൂഷാസ്കൂളിലെ നിങ്ങളുടെ പ്രസംഗങ്ങൾ ഈ പ്രാപ്തി വളർത്തിയെടുക്കുന്നതിനു നിങ്ങളെ സഹായിക്കുന്നു.
6. ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ ഒരുങ്ങിയിരിക്കുന്നതുസംബന്ധിച്ചു നമുക്ക് എങ്ങനെ മെച്ചപ്പെടാൻ കഴിയും?
6 ഉത്തരങ്ങൾ പറയാൻ ഒരുക്കമുളളവർ ആയിരിക്കുന്നതിലും നിങ്ങൾക്കു മെച്ചപ്പെടാൻ കഴിയുമോ? ഇതിൽ മുൻകൂട്ടിയുളള തയ്യാറാകൽ ഉൾപ്പെടുന്നു. എന്നാൽ ഖണ്ഡിക വായിച്ചുകൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ മററുളളവർ അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ തയ്യാറാകൽ നടത്തരുത്, കാരണം നിങ്ങൾക്കു യോഗത്തിന്റെ പ്രയോജനത്തിലധികവും നഷ്ടമാകും. നിങ്ങളുടെ ഉത്തരങ്ങൾ മുന്നമേ അടയാളപ്പെടുത്തുന്നത് ഒരു ശീലമാക്കുക. നിങ്ങൾ നീണ്ട വാചകങ്ങൾക്കോ വാക്യങ്ങൾക്കോ പകരം ചുരുക്കംചില മുഖ്യവാക്കുകളുടെ അടിയിൽമാത്രമാണു വരച്ചിരിക്കുന്നതെങ്കിൽ, അപ്പോൾ ആ മുഖ്യവാക്കുകളിലേക്കുളള ഒരു എത്തിനോട്ടം നിങ്ങളുടെ മനസ്സിലേക്ക് ആ ആശയം തിരികെവരുത്തും, നിങ്ങൾ ഉത്തരം പറയുന്നതിനു തയ്യാറുമായിരിക്കും. ഒരു ഖണ്ഡികയുടെ ചോദ്യം “എ” “ബി” ഭാഗങ്ങളായി പിരിച്ചിരിക്കുകയാണെങ്കിൽ, വിവരങ്ങളുടെ ഏതു ഭാഗം “എ”യ്ക്ക് ആണെന്നും ഏതു ഭാഗം “ബി”യ്ക്ക് ആണെന്നും മാർജിനിൽ കൊടുക്കുന്ന ഒരു സൂചന അധ്യയനനേതാവിന്റെ മുമ്പിൽകടന്ന് അഭിപ്രായങ്ങൾ പറയുന്നത് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. വിവരങ്ങൾക്കു തയ്യാറാക്കിയ ചോദ്യങ്ങൾ ഇല്ലെങ്കിൽപോലും സദസ്യപങ്കുപററൽ ഉളളപ്പോൾ മുഖ്യാശയങ്ങൾ എന്നു നിങ്ങൾക്കു തോന്നുന്നത് അടയാളപ്പെടുത്തുന്നത് അപ്പോഴും സഹായകമാണ്. ഇതു സ്വതഃപ്രേരിതമായി അഭിപ്രായംപറയുക സാധ്യമാക്കും, അങ്ങനെ സജീവമായ ഒരു ചർച്ചക്കു സംഭാവനചെയ്യും. യോഗത്തിൽ ഒരു പ്രാവശ്യം ഉത്തരം പറഞ്ഞശേഷം ശേഷിച്ച ഉത്തരംപറച്ചിൽ മററുളളവർക്കായി വിടാൻ കഴിയുമെന്നു നിഗമനംചെയ്തുകൊണ്ടു നിങ്ങൾ പിൻമാറിനിൽക്കരുത്. യഥേഷ്ടം അഭിപ്രായം പറയാൻ സന്നദ്ധനായിരിക്കുക.
7. യോഗങ്ങളിൽ അഭിപ്രായം പറയാനുളള ഉത്തരവാദിത്വം നമുക്കെല്ലാം തോന്നേണ്ടത് എന്തുകൊണ്ട്?
7 മററുളളവർക്കു മെച്ചമായി അഭിപ്രായം പറയാൻ കഴിയുമെന്നു വിചാരിക്കുന്നതിനാൽ ചിലർക്ക് ഉത്തരങ്ങൾ പറയുന്നതിനു പേടിയായിരിക്കാം. എന്നാൽ പങ്കെടുക്കുന്നതിനുളള നമ്മുടെ വ്യക്തിഗതമായ ഉത്തരവാദിത്വം തിരിച്ചറിയാൻ ബൈബിൾ നമ്മെ ശക്തമായി ഉപദേശിക്കുന്നു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “പ്രത്യാശയുടെ സ്വീകാരം [പരസ്യപ്രഖ്യാപനം, NW] നാം മുറുകെ പിടിച്ചുകൊൾക; . . . ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക.” (എബ്രാ. 10:23-25) ഉത്തരങ്ങൾ പറയുന്നതിനാൽ നാം മററുളളവരെ സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കുന്നവർ ആയിത്തീരുന്നു, അവരുടെ ഹൃദയങ്ങളെ ഊഷ്മളമാക്കിക്കൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും തന്നെ. കൂടാതെ നമുക്കും പ്രയോജനങ്ങൾ കിട്ടുന്നു, കാരണം നാം കൊടുക്കലിന്റെ സന്തോഷം അനുഭവിക്കുകയും അങ്ങനെ വ്യക്തിപരമായ പ്രോത്സാഹനം നേടുകയും ചെയ്യുന്നു.
8-12. വയൽശുശ്രൂഷയിൽ തടസ്സവാദങ്ങൾ കൈകാര്യംചെയ്യുന്നതു സംബന്ധിച്ചു ചില നിർദേശങ്ങൾ നൽകുക.
8 വയൽശുശ്രൂഷയിൽ തടസ്സവാദങ്ങൾക്ക് ഉത്തരം പറയൽ. വ്യക്തിപരമായി പഠിക്കുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുന്നതിൽ നിങ്ങൾക്കു ക്രമമുണ്ടെങ്കിൽ വീടുതോറുമുളള ശുശ്രൂഷയിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പ്രയാസമില്ലെന്നു നിങ്ങൾ കണ്ടെത്തും. എന്നാൽ ചോദിക്കുന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നിങ്ങൾക്ക് അറിയാൻപാടില്ലെങ്കിൽ, വീട്ടുകാരനോട് അതു പറയാൻ മടിക്കരുത്. അനന്തരം വിവരങ്ങൾ ശേഖരിച്ചു മടങ്ങിവരാമെന്നു വാഗ്ദാനംചെയ്യുക. വ്യക്തിക്ക് ആത്മാർഥതയുണ്ടെങ്കിൽ നിങ്ങൾ അതു ചെയ്യുന്നതിൽ അയാൾ സന്തുഷ്ടനായിരിക്കും.
9 അങ്ങനെയുളള ചോദ്യങ്ങൾക്കുപുറമേ, നിങ്ങൾ ചിലപ്പോൾ തടസ്സവാദങ്ങളെ അഭിമുഖീകരിച്ചേക്കാം. നിങ്ങൾ അവ എങ്ങനെ കൈകാര്യം ചെയ്യും? നിങ്ങൾ തടസ്സവാദങ്ങൾക്ക് ഉത്തരം പറയുന്നതിനുമുമ്പ്, ആ വ്യക്തിയുടെ ചിന്തയെക്കുറിച്ചു ചിലത് അറിയുന്നതു സഹായകമാണ്. അയാളുടെ തടസ്സവാദത്തിന് ഇടയാക്കുന്നത് എന്തെന്നു നിങ്ങൾക്കു ചോദിക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, നിങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ലെന്ന് ഒരു വ്യക്തി കേട്ടിരിക്കുന്നതായി തടസ്സം പറഞ്ഞേക്കാം, എന്നാൽ യഥാർഥത്തിൽ ത്രിത്വോപദേശം മുഖാന്തരം അയാൾ കേവലം കുഴഞ്ഞുപോയിരിക്കുകയാണ്. അനേകം തടസ്സവാദങ്ങൾ അങ്ങനെയുളള തെററിദ്ധാരണകളുടെ ഫലമാണ്. ഒരു ചർച്ചയിലേക്കു കടക്കുന്നതിനുമുമ്പു മുഖ്യപദങ്ങളുടെ അർഥം സംബന്ധിച്ചു പരസ്പരധാരണയിൽ എത്തിച്ചേരുന്നതു പ്രധാനമാണ്. യഥാർഥത്തിൽ, ഇതു തടസ്സവാദത്തിന് ഉത്തരം കൊടുക്കുകയും ഈ പോയിൻറിന്റെ കൂടുതലായ ചർച്ച അനാവശ്യമാക്കിത്തീർക്കുകയും ചെയ്തേക്കാം.
10 തടസ്സവാദങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ, ആ സംഗതി നിങ്ങളെ എതിരാളികളാക്കിത്തീർക്കുന്ന എന്തെങ്കിലുമാക്കുന്നതിനുപകരം സാധ്യമായടത്ത്, പരസ്പരതാത്പര്യമുളള ഒന്നാക്കിത്തീർക്കുന്നതും നല്ലതാണ്. അതുകൊണ്ട് ഒരു തടസ്സവാദത്തെ അഹിതകരമോ അരോചകമോ ആയി കരുതുന്നതിനുപകരം അതിനെ വീട്ടുകാരനു യഥാർഥത്തിൽ താത്പര്യമുളള ഒരു പോയിൻറ് എന്ന നിലയിൽ കാണുക. ഇതു മനസ്സിൽപിടിച്ചുകൊണ്ട്, അയാൾ ഈ സംഗതി ഉന്നയിച്ചതിൽ നിങ്ങൾക്കു സന്തോഷമുണ്ടെന്ന് അയാളോടു പറയാവുന്നതാണ്. തുടർന്നുളള സംഭാഷണത്തിന്റെ താക്കോലായി അതിനെ പരിഗണിക്കുക, ബൈബിൾസത്യങ്ങൾ സ്വീകരിക്കാൻ വ്യക്തിയുടെ മനസ്സിനെ തുറന്നേക്കാവുന്ന ഒന്നായിത്തന്നെ. നിങ്ങൾക്കു തടസ്സവാദങ്ങളെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങൾ നിങ്ങളുടെ പ്രസംഗങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ട് ഇതു ശുശ്രൂഷാസ്കൂളിൽ പരിശീലിക്കാൻ പാടില്ലേ?
11 നിങ്ങൾ ഒരു താത്പര്യക്കാരനോടു സംസാരിക്കുന്ന ചില സമയങ്ങളിൽ, നിങ്ങളുടെ ചർച്ചയെ അലങ്കോലപ്പെടുത്തുന്നതിനു വേറെ ആരെങ്കിലും തടസ്സവാദങ്ങൾ ഉന്നയിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, തെളിവുനൽകുന്നതിന്റെ ഭാരം തടസ്സവാദം ഉന്നയിച്ച ആളുടെമേൽ നിങ്ങൾക്കു തിരികെ വെക്കാവുന്നതാണ്. യേശുക്രിസ്തു തന്റെ പ്രസംഗത്തെ പ്രതിബന്ധപ്പെടുത്താൻ ശ്രമിച്ച എതിരാളികളെ മിണ്ടാതാക്കാൻ എതിർചോദ്യങ്ങൾ ചോദിച്ചു. (മത്താ. 22:41-46) അതുകൊണ്ട് ഏതെങ്കിലും കാര്യംസംബന്ധിച്ച് ഒരു തറപ്പിച്ച പ്രസ്താവന ചെയ്യുന്ന ആളിൻമേലാണു തെളിവു നൽകാനുളള ഭാരം ഉചിതമായി സ്ഥിതിചെയ്യുന്നതെന്ന് ഓർത്തിരിക്കുന്നതു നല്ലതാണ്. ദൃഷ്ടാന്തത്തിന്, ഒരു വീട്ടുകാരൻ ത്രിത്വവിശ്വാസം ക്രിസ്ത്യാനികൾക്ക് ആവശ്യമാണെന്നു സൂചിപ്പിക്കുന്ന ഒരു സ്വരത്തിൽ “നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കുന്നില്ലല്ലോ” എന്നു നിങ്ങളോടു പറയുന്നുവെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ബൈബിൾ പഠിപ്പിക്കുന്നതെല്ലാം ഞാൻ വിശ്വസിക്കുന്നു. ഞാൻ ആ ഉപദേശം വിശ്വസിക്കേണ്ടത് എന്തുകൊണ്ടെന്ന് ദയവായി നിങ്ങൾക്കു ബൈബിളിൽനിന്ന് എനിക്കു കാണിച്ചുതരാമോ?” അപ്പോൾ സത്യമാണെന്നു മറുകക്ഷി അവകാശപ്പെടുന്നതിനെ പിന്താങ്ങാൻ തെളിവു നൽകാനുളള ഭാരം ആ കക്ഷിക്കാണ്.
12 തിരുവെഴുത്തുകൾ സ്വീകരിക്കുന്നതായി അവകാശപ്പെടുന്ന ഏതൊരുവനുമുളള ഏററവും ആധികാരികമായ ഉത്തരം ദൈവത്തിന്റെ സ്വന്തം വചനത്തിൽനിന്നു നേരിട്ട് എടുക്കുന്നതാണ്. അതു നാം വ്യക്തിപരമായി പറഞ്ഞേക്കാവുന്ന എന്തിനെക്കാളും വളരെയധികം ബോധ്യം വരുത്തുന്നതാണ്. തീർച്ചയായും ഉത്തരങ്ങൾ കൊടുക്കുമ്പോൾ, നിങ്ങളുടെ ചോദ്യകാരന്റെ മനോഭാവം ഗണ്യമാക്കാതെ എല്ലായ്പോഴും ശാന്തരായി നിലകൊളളുകയും മര്യാദ പ്രകടമാക്കുകയും ചെയ്യുക. ഇത് ഒരു ദൈവശുശ്രൂഷകനു യോഗ്യമാണ്.
13, 14. ഭവനബൈബിളധ്യയനങ്ങളിൽ, അധ്യേതാവിൽനിന്നുളള ചോദ്യങ്ങൾ എങ്ങനെ കൈകാര്യംചെയ്യാം?
13 ബൈബിളധ്യയനങ്ങളിൽ. ബൈബിളധ്യയനങ്ങളിൽ സാധാരണയായി കാര്യങ്ങൾസംബന്ധിച്ചു ന്യായവാദംചെയ്യാൻ സഹായകമായ സൗഹാർദപരവും വിശ്രമകരവുമായ ഒരു അന്തരീക്ഷമുണ്ട്. അതുകൊണ്ട്, നിങ്ങൾ ഒരു അധ്യേതാവിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞശേഷം അയാൾക്കു തൃപ്തിയായോ എന്നു ചോദിക്കുന്നത് ഒരു നല്ല നടപടിയാണ്. ചില പോയിൻറുകൾ ഇപ്പോഴും അയാളുടെ മനസ്സിൽ അവ്യക്തമായിരിക്കാം. ഒരു പ്രത്യേക ഉത്തരം സംബന്ധിച്ചു നിങ്ങൾക്കു തിട്ടമില്ലെങ്കിൽ അയാൾക്കുവേണ്ടി അത് ആരായാമെന്നു വാഗ്ദാനംചെയ്യുക. കൂടുതലായ സഹായം ആവശ്യമാണെങ്കിൽ, കൂടുതൽ പരിചയസമ്പന്നനായ ഒരു പ്രസാധകനോടു നിങ്ങൾക്ക് അന്വേഷിക്കാവുന്നതാണ്. ബൈബിൾസന്ദേശത്തിൽ ആഴമേറിയ ഉൾക്കാഴ്ച നേടാൻ നിങ്ങൾ ആരെയെങ്കിലും സഹായിക്കുമ്പോൾ, സുവിശേഷകനായ ഫിലിപ്പോസ് എത്യോപ്യൻഷണ്ഡന്റെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തുകൊണ്ട് അയാളെ സഹായിച്ചതുപോലെ നിങ്ങൾ അയാൾക്കു ജീവന്റെ വഴിയിൽ തുടക്കമിട്ടുകൊടുക്കുകയായിരിക്കാം.—പ്രവൃ. 8:26-39.
14 കാലക്രമത്തിൽ ഒരു ബൈബിളധ്യയനത്തിൽ ഉന്നയിക്കപ്പെടുന്ന സകല ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കാതെ നിങ്ങളുടെ ശേഷിച്ച അധ്യയനവിവരങ്ങളിൽ പരിചിന്തിക്കപ്പെടുന്ന ചിലത് അവശേഷിപ്പിക്കുന്നതു മെച്ചമായിരിക്കാം. കൂടാതെ, അധ്യേതാവിന്റെ സ്വന്തം പുരോഗതിയെ മുൻനിർത്തി അയാൾക്കുതന്നെ ഗവേഷണംചെയ്ത് എങ്ങനെ ഉത്തരങ്ങൾ കണ്ടുപിടിക്കാമെന്ന് കാണിച്ചുകൊടുക്കുന്നതു നല്ലതാണ്. സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളുടെ സൂചികകളോ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നതിലെ ഉചിതമായ ഒരു അധ്യായമോ പോലെയുളള ബൈബിളധ്യയന സഹായികളിലേക്കു നിങ്ങൾക്ക് അയാളെ നയിക്കാവുന്നതാണ്. അനന്തരം അയാൾ എന്തു വിവരം കണ്ടെത്തിയെന്നും അതുസംബന്ധിച്ച് അയാളുടെ ഗ്രാഹ്യമെന്തെന്നും പിന്നീട് അയാളോടു ചോദിക്കുക. അയാളുടെ ചോദ്യങ്ങൾക്കു കേവലം ഉത്തരംകൊടുക്കുന്നതല്ല, അയാളുടെ ആത്മീയവളർച്ച മനസ്സിൽ കരുതുക.
15-18. അധികാരികൾക്കുവേണ്ടി ചോദ്യങ്ങൾക്ക് ഉത്തരംകൊടുക്കാൻ ക്ഷണിക്കപ്പെടുമ്പോൾ ഏതു മനോഭാവമാണു നമുക്ക് ഉണ്ടായിരിക്കേണ്ടത്?
15 അധികാരികളുടെ മുമ്പാകെ വിളിച്ചുവരുത്തപ്പെടുമ്പോൾ. പീഡനത്തിന്റെ കാര്യം ചർച്ചചെയ്തപ്പോൾ, അപ്പോസ്തലനായ പത്രോസ് ഇങ്ങനെ പറഞ്ഞു: “ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുളള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രൊ. 3:14, 15) നിയമകോടതികളുടെ മുമ്പാകെയോ നാം എന്തു വിശ്വസിക്കുന്നുവെന്നും നാം ആ വിധത്തിൽ വിശ്വസിക്കുന്നത് എന്തുകൊണ്ടെന്നും നമ്മോടു ചോദിക്കാൻ അധികാരമുളള നിയമത്തിന്റെ പ്രതിനിധികളുടെ മുമ്പാകെയോ ഒരു പ്രതിവാദം നടത്താൻ നാം ക്ഷണിക്കപ്പെട്ടേക്കാവുന്ന അവസരങ്ങളുണ്ട്. “ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ” എന്ന് അപ്പോസ്തലൻ ബുദ്ധ്യുപദേശിക്കുന്നു. നിങ്ങളുടെ ഹൃദയത്തിൽ, ആഴത്തിൽ നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന് ഏററവും ഉയർന്ന ബഹുമാനം, അശുദ്ധമാക്കപ്പെടാൻ പാടില്ലാത്ത ഒരു പവിത്രസ്ഥാനം, കൊടുക്കുന്നുവെന്ന് ഉറപ്പുണ്ടായിരിക്കുക. അപ്പോൾ ഉത്കണ്ഠക്കു കാരണമുണ്ടായിരിക്കയില്ല. സർവഭൂമിയുടെയുംമേൽ രാജാവായി ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നവനെ നാം പ്രസാദിപ്പിക്കുന്നുവെങ്കിൽ ഉയർന്ന സ്ഥാനങ്ങളിലുളള മനുഷ്യർ എങ്ങനെ പ്രതികരിച്ചേക്കാമെന്നുളളതിൽ അസ്വസ്ഥരാകാൻ കാരണമില്ല.
16 എന്നിരുന്നാലും, റോമർ 13:1-7-ൽ വിവരിച്ചിരിക്കുന്ന ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ, അധികാരസ്ഥരോട് ആദരവുളളവരായിരിക്കുക. നിങ്ങളുടെ ചോദ്യകാരൻ നിങ്ങളുടെമേൽ തെററായ ആന്തരങ്ങൾ ആരോപിക്കുകയോ യഹോവയുടെ സാക്ഷികളോട് എതിർപ്പുളളവനായി സ്വയം പ്രകടമാക്കുകയോ ചെയ്യുമ്പോൾപോലും പരുഷമായ ഒരു മറുപടികൊണ്ടു പകരം വീട്ടരുത്. (റോമ. 12:17, 21; 1 പത്രൊ. 2:21-23) ഒരു സാക്ഷ്യം കൊടുക്കാനാണു നിങ്ങൾ അവിടെ എത്തിയിരിക്കുന്നതെന്ന് ഓർമിക്കുക. ഈ അധികാരികളിലൊരാൾ ചെവികൊടുത്തേക്കുമോ? അതു കുറഞ്ഞപക്ഷം പ്രസംഗവേലയോടുളള കൂടുതൽ അനുകൂലമായ ഒരു മനോഭാവത്തിൽ കലാശിക്കുമോ? നിങ്ങളുടെ നടത്തയും നിങ്ങളുടെ സംസാരവും സത്യത്തിന്റെ വഴിയുടെ ഒരു നല്ല പ്രദർശനം ആയിരിക്കട്ടെ.—മത്താ. 10:18-20.
17 വളരെ കുറച്ചു പറയുന്നതു ജ്ഞാനമായിരിക്കുന്ന സമയങ്ങളുമുണ്ടായിരിക്കാം. അപ്പോസ്തലനായ പൗലോസ് വിചാരണചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോൾ ചെയ്തതുപോലെ തെളിവുനൽകാനുളള ഭാരം എതിരാളികളുടെമേൽ വെക്കാൻ നിങ്ങൾ കേവലം ആഗ്രഹിച്ചേക്കാം. (പ്രവൃ. 24:10-13) അല്ലെങ്കിൽ മൗനമായിരിക്കാൻപോലും നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്. ദുഷ്ടമനുഷ്യർക്കു തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരംകിട്ടുന്നതിൽ ആത്മാർഥമായ ആഗ്രഹമില്ലാതിരിക്കെ, നിങ്ങളെ കബളിപ്പിക്കാനോ കളിപ്പിക്കാനോ അവർ ശ്രമിക്കുന്നുവെങ്കിൽ ഏററവും നല്ല മാർഗം ഇതായിരിക്കാം. (ലൂക്കൊ. 23:8, 9) അല്ലെങ്കിൽ, നിങ്ങളിലൂടെ നിങ്ങളുടെ സഹസാക്ഷികൾക്കു ദോഷംചെയ്യാൻ അവർ ശ്രമിക്കുന്നതുകൊണ്ടു മൗനമായിരിക്കുന്നതു ജ്ഞാനമാണെന്നു നിങ്ങൾ വിചാരിച്ചേക്കാം. സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പറഞ്ഞു: “ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കും.” (സങ്കീ. 39:1, 2) വിശേഷിച്ച്, സത്യക്രിസ്ത്യാനിത്വത്തോട് ഉഗ്രമായ എതിർപ്പുളള ദേശങ്ങളിൽ ‘മിണ്ടാതിരിപ്പാനുളള സമയവും’ ‘സംസാരിപ്പാനുളള സമയവും’ തമ്മിൽ വേർതിരിച്ചറിയാൻ പ്രാപ്തരായിരിക്കേണ്ട ആവശ്യമുണ്ട്.—സഭാ. 3:7.
18 ചോദ്യങ്ങൾക്ക് ഉത്തരം പറയാനുളള യഹോവയുടെ ദാസൻമാരുടെ പ്രാപ്തിയെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ഒരു ബ്രിട്ടീഷ് പത്രം ഇങ്ങനെ പറഞ്ഞു: “സാക്ഷി ചെയ്യുന്ന സകലത്തിനും പിന്നിൽ തീർച്ചയായും ഒരു തിരുവെഴുത്തു കാരണം സ്ഥിതിചെയ്യുന്നു. തീർച്ചയായും അവരുടെ ഒരു അടിസ്ഥാന ഉപദേശം ബൈബിൾ മുഴുവനായും അക്ഷരീയമായും സമ്പൂർണമായും സത്യമാണെന്നുളള അംഗീകരണമാണ്. അവരുടെ രണ്ടാമത്തെ ശക്തി ഇതിൽ സ്ഥിതിചെയ്യുന്നതായി തോന്നുന്നു; അവർക്കു സകല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ കഴിയും.” ആളുകളുടെ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാനുളള നമ്മുടെ പ്രാപ്തി സാധ്യമാക്കുന്നതു ദൈവത്തിന്റെ വചനവും അതിലുളള നമ്മുടെ ആശ്രയവുമാണ്. സകല ബഹുമതിയും മാനവും അവിടുത്തേക്കുളളതാണ്. എന്നാൽ നമ്മുടെ ഉത്തരങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ നാം യഹോവക്കു വർധിച്ച മഹത്ത്വം കൈവരുത്തുകയും നമ്മുടെ സ്വന്തം സന്തോഷം വർധിപ്പിക്കുകയും ദൈവവുമായുളള സമാധാനത്തിന്റെ പാതയിലേക്കു മററുളളവരെ നടത്തുകയും ചെയ്യുന്നു.
[അധ്യയന ചോദ്യങ്ങൾ]